Posts

Showing posts from 2025

(1189) സന്യാസിയുടെ മാമ്പഴം!

  സിൽബാരിപുരം ദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ അയൽ രാജ്യത്തെ പൗരനാണെന്നാണ് ആളുകൾ പറയുന്നത്. മിക്കവാറും ഏതെങ്കിലും മരത്തണലിൽ ആകും വിശ്രമവും ഉറക്കവും. ഒരു ദിവസം, ചന്തയിലേക്ക് കുതിരവണ്ടിയിൽ പോകുകയായിരുന്നു ആ നാട്ടിലെ പ്രഭു. അയാൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അമിത ലാഭത്തിൽ കച്ചവടം ചെയ്യുന്നവനാണ്. അയാൾ നോക്കിയപ്പോൾ സന്യാസി ചില തൈകൾക്ക് വെള്ളം ഒഴിക്കുന്നതു കണ്ടു. ഈ സന്യാസി എന്താണു ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി പ്രഭു കുതിരവണ്ടിയിൽ നിന്നും ഇറങ്ങി. അദ്ദേഹം ചോദിച്ചു - "ഇത് വഴിയോരമാണ്. നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാണ്?" സന്യാസി പറഞ്ഞു -"ഇത് നല്ല രുചിയുള്ള ഇനം മാമ്പഴത്തിൻ്റെയും ചക്കപ്പഴത്തിൻ്റെയും കുരു കുഴിച്ചിട്ട് ഞാൻ വളർത്തിയ തൈയാണ്. അതു വാടിപ്പോകാതെ അടുത്തുള്ള കുളത്തിലെ വെള്ളം കൊണ്ടു വന്ന് ഒഴിക്കുകയാണ് " ഉടൻ, പ്രഭു പരിഹാസത്തോടെ ചോദിച്ചു - "താങ്കൾ എന്തൊരു മണ്ടനാണ്? ഈ മാവും പ്ലാവും ഫലം തരുന്നതിനു മുൻപ് വയസ്സായ ഇയാൾ മരിക്കില്ലേ? എന്നെ നോക്കൂ. ഞാൻ ലാഭം കിട്ടാത്ത ഒന്നിലും സമയം കളയില്ല" സന്യാസി പറഞ്ഞു -"ഈ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്കു ല...

(1188) റോബർട്ട് ബ്രൂസ്!

  യൂറോപ്യൻ രാജ്യത്ത് (സ്കോട്ലൻ്റ്) ഭരിച്ചിരുന്ന മിടുക്കനായ രാജാവായിരുന്നു റോബർട്ട് ബ്രൂസ്. ഒരിക്കൽ, അയൽ രാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. സ്വന്തം പട തോറ്റോടി. ബ്രൂസ് തലനാരിഴയ്ക്ക് രക്ഷപെട്ടു. അയാൾ അതിവേഗം ഓടി ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. ആകെ നിരാശനായി മൂകനായി ഗുഹയിൽ ഇരുന്നപ്പോൾ ഒരു കാഴ്ച കണ്ടു - ഒരു ചിലന്തി, ഗുഹയുടെ കവാടത്തിൽ ഒരറ്റത്തു നിന്നും വല കെട്ടാനായി മറ്റേ അറ്റത്തേക്കു ചാടുന്നു! ഒന്നാമത്തെ ചാട്ടത്തിൽ ചാടി പിടിക്കാൻ എത്തിയില്ല. രണ്ടാമതും പറ്റിയില്ല. എന്നാൽ, ചിലന്തി വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. മൂന്ന്... നാല്... അഞ്ച്...ആറ്...അത്രയും തവണ പരാജയപ്പെട്ടു! പക്ഷേ, എഴാമത്തെ ചാട്ടത്തിൽ അത് ലക്ഷ്യം കണ്ടു! ഈ കാഴ്ച കണ്ടു കൊണ്ടിരുന്ന ബ്രൂസിനെ ഏറെ ചിന്തിപ്പിച്ച വിഷയമായി ഇത്. അയാൾ പിറുപിറുത്തു - "കേവലം, ഒരു ചിലന്തി ആദ്യത്തെ ആറു പ്രാവശ്യത്തെ പാഴായ പരിശ്രമം കണ്ടിട്ടും തോറ്റു പിന്മാറിയില്ല. ഒരു മനുഷ്യനായ എനിക്ക് എന്തുകൊണ്ട് വീണ്ടും പരിശ്രമിച്ചു കൂടാ?" അയാൾ ഗുഹയിൽ നിന്നും ഇറങ്ങി. രഹസ്യമായി തോറ്റോടിയ ഭടന്മാരെ കണ്ടുപിടിച്ച് സംഘം ചേർന്ന് ...

(1187) കാഴ്ചശക്തിയെ കാത്തുസൂക്ഷിക്കുന്ന 25 മാർഗ്ഗങ്ങൾ!

  നിത്യജീവിതത്തിലെ പലതരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണിനെ നല്ല ആരോഗ്യത്തിൽ നിലനിർത്താൻ പറ്റും. 1. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശക്തമായ കാറ്റ് അടിച്ചാൽ കണ്ണിൽ പോറലുകൾ വീഴാം. അലർജി വരാം. 2. AC തണുപ്പ് മുഖത്തേക്ക് അടിക്കുന്ന രീതി ഒഴിവാക്കണം. 3. മുടി ഹീറ്റ് ചെയ്യുന്നത് ഒഴിവാക്കുക. 4. ഹെയർ ഡൈ, ഷാംപൂ, മുഖത്തുള്ള സൗന്ദര്യവർദ്ധക സാധനങ്ങൾ കുറയ്ക്കണം / ഒഴിവാക്കുക. കണ്ണിൽ സോപ് പോകാതെ ശ്രദ്ധിക്കണം. 5. കിടന്നുകൊണ്ട് വായിക്കരുത്. താഴേക്ക് കുനിഞ്ഞ് വായിക്കരുത്. കണ്ണിന് മർദ്ദം കൊടുക്കരുത്. ബലൂൺ പോലെ യാതൊന്നും ശക്തിയായി ഊതി വീർപ്പിക്കരുത്. 6. കണ്ണിൽ കരട് പോയാൽ തിരുമ്മരുത്. വെള്ളത്തിൽ കഴുകുക. 7. ഫോണിലും ഡിജിറ്റൽ സ്ക്രീനിലും Blue light ഒഴിവാക്കുന്ന eye comfort ON/ blue light filter ON ചെയ്യുക. 8. Screen brightness തീരെ കുറച്ചും വളരെ കൂട്ടിയും വായിക്കരുത്. മുറിയിലെ വെളിച്ചം അനുസരിച്ച് അത് ക്രമീകരിക്കുക. 9. Radiation ഉള്ള സാധാരണ ബൾബ്, CFL ഒഴിവാക്കി LED ബൾബ് ഉപയോഗിക്കുക. 10. ലേസർ ലൈറ്റ് ഒഴിവാക്കണം. 11. വിഡിയോ, ഫോട്ടോ എന്നിവ നല്ലതാക്കാൻ അമിത പ്രകാശം മുഖത്തേക്ക് വരുത്തരുത്. 12. ന്യായമായ വെളിച്ചത്തിൽ ജ...

(1186) ചങ്ങാതിയുടെ ചതി!

  സിൽബാരിപുരം രാജ്യത്തെ ഒരു ഗ്രാമത്തിലായിരുന്നു ചങ്ങാതികളായ വീരമണിയും ദാമുവും താമസിച്ചിരുന്നത്. ഒരിക്കൽ, രാജ്യത്തെ ഏറ്റവും നല്ല ജ്യോതിഷാലയത്തിൽ പഠനത്തിനായി അവർ ചേർന്നു. രണ്ടു വർഷമായി ആശ്രമത്തിൽ താമസിച്ച് പഠിച്ച ശേഷം അവർ ഗുരുവിനോട് യാത്ര പറഞ്ഞ് കാട്ടിലൂടെയുള്ള എളുപ്പ വഴിയിൽ നാട്ടിലേക്ക് നടക്കാൻ തുടങ്ങി. "നമുക്ക് കൊട്ടാരത്തിലെ ജ്യോതിഷികളായി എങ്ങനെയും കയറിപ്പറ്റണം" വീരമണി അങ്ങനെ പറഞ്ഞപ്പോൾ ദാമു അതിനെ അനുകൂലിച്ചു. എന്നാൽ, അതേ സമയം ദാമു ചിന്തിച്ചത് മറ്റൊരു വിധത്തിലായിരുന്നു. അവൻ പിറുപിറുത്തു - "കൊട്ടാരത്തിൽ രണ്ട് ജ്യോതിഷ പണ്ഡിതൻ്റെ ആവശ്യമില്ല. ഒരാളെ മാത്രമേ നിയമിക്കൂ. എങ്ങനെയും എനിക്ക് ആ ജോലി കിട്ടിയേ തീരൂ!" അവർ നടന്നു പോകുന്നതിനിടയിൽ, നായാട്ടിനായി കാട്ടിലൂടെ പോകുന്ന രാജാവ് എതിരെ വന്നു. കുതിരപ്പുറത്തു നിന്നും രാജാവ് ഇറങ്ങി അവർ ആരാണെന്ന് തിരക്കി. ഉടൻ, രാജാവ് പറഞ്ഞു -"നിങ്ങൾ ജ്യോതിഷം നന്നായി പഠിച്ചോ എന്ന് എനിക്കറിയണം. ദാമു എൻ്റെ ഭാവി പ്രവചിക്കുക. പിന്നെ, വീരമണിയും" വീരമണിയെ രാജാവ് മാറ്റിനിർത്തി. തുടർന്ന്, ദാമു തൻ്റെ കവിടി നിരത്തി നോക്കിയപ്പോൾ ഞെട്ടി! രാജാവ് അല്പാ...

(1185) കാഴ്ച ശക്തിയെ സഹായിക്കുന്ന ആഹാരങ്ങൾ!

  കണ്ണിൻ്റെ കാഴ്ചയെ ആരോഗ്യത്തിൽ നിർത്തുന്ന വിറ്റമിനുകൾ - A , B6 , B9 , B12 , C , E, എന്നിവയാണ്. കൂടാതെ, Antioxidant, Omega 3 fatty acid, Zinc എന്നിങ്ങനെ പലതരം കാര്യങ്ങൾ കണ്ണിനെ സഹായിക്കുന്നുണ്ട്. Vitamin A - വെളിച്ചം കുറവുള്ള സമയത്ത് കണ്ണിൻ്റെ കാഴ്ചയെ സഹായിക്കുന്നു. ഇതിൻ്റെ കുറവ് Night blindness (അന്തിക്കുരുട്) എന്ന രോഗം വരുത്തുന്നു. അതായത്, സന്ധ്യ മയങ്ങിയാൽ പിന്നെ കാഴ്ച തീരെ കുറവായിരിക്കും. ജീവകം - എ ( Vitamin A) അടങ്ങിയ ആഹാരങ്ങൾ നോക്കാം.  ക്യാരറ്റ് -ബീറ്റാ കരോട്ടിൻ അടങ്ങിയതാണ്. അത് വിറ്റമിൻ A ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നു. ചീര - പച്ചച്ചീരയാണ് ചുവന്ന ചീരയേക്കാൾ കൂടുതൽ വിറ്റമിൻ A അടങ്ങിയത്. അതിലുള്ള ല്യൂട്ടിൻ, സിയോസാന്തിൻ എന്നിവ കണ്ണിലെ റെറ്റിനയെ UV radiation ൽ നിന്നും സംരക്ഷിക്കും. ബ്രോക്കോളിയും ചീര പോലെ സഹായിക്കും. Capsicum (Bell pepper) - ചുവന്ന ക്യാപ്സിക്കമാണ് പച്ച /മഞ്ഞയേക്കാൾ കൂടുതൽ വിറ്റമിൻ A ഉള്ളത്. മധുരക്കിഴങ്ങ് - ബീറ്റാ കരോട്ടിൻ സഹായിക്കുന്നു. മാമ്പഴം, പപ്പായ എന്നിവയിലും വിറ്റമിൻ A ഉണ്ട്. Vitamin B - ഇതിൽ B6, B9, B12 വകഭേദങ്ങളാണ് കണ്ണിന് കൂടുതൽ ഗുണമാകുന്നത്. കണ്ണ...

(1184) അഹങ്കാരിയായ ആന!

  പണ്ടുകാലത്തെ, സിൽബാരിപുരം കാട്ടിലെ ഒരു കഥയാവട്ടെ അടുത്തത്. ഒരിക്കൽ, കാട്ടിലെ ഒറ്റയാനായ കാട്ടാന കരുത്തോടെ അഹങ്കാരത്തോടെ നടക്കുന്ന സമയം. എതിരെ ആരും വരുന്നതു പോലും ഇഷ്ടമല്ലാത്ത പ്രകൃതമായിരുന്നു ആ കാട്ടാനയ്ക്ക്. ഒരു ദിവസം, അവൻ നടക്കവേ, എതിർ വശത്തായി ഒരു മുയൽ പുല്ലു തിന്നു നടക്കുന്നതു കണ്ടു. അവൻ തുമ്പിക്കൈ കൊണ്ട് ഒരു തട്ടു കൊടുത്തു. മുയൽ തെറിച്ച് ഒരു പള്ളയിലേക്ക് തെറിച്ചു വീണു! മുയൽ ആനയെ ശപിച്ചു - "ഞാൻ ദുർബലനായതുകൊണ്ടാണ് നീ ഈ ധിക്കാരം കാണിച്ചത് " പറഞ്ഞു തീർന്നതും മുയൽ ഓടി മാളത്തിൽ കയറി. ആന തുടർന്ന് മുന്നോട്ടു പോയപ്പോൾ താഴ്ന്നു കിടന്ന ഒരു മരച്ചില്ലയിലെ കിളിക്കൂട് കണ്ടു. ഉടൻ, തുമ്പിക്കൈ നീട്ടി ആ ചില്ല ഒടിച്ചെറിഞ്ഞു! മുട്ടകൾ പൊട്ടിയപ്പോൾ കിളികൾ പറഞ്ഞു -"നിനക്ക് ഞങ്ങൾ യാതൊരു ഉപദ്രവങ്ങളും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ഈ ചതി ചെയ്തത്?" ആന യാതൊന്നും പറയാതെ അവിടെ നിന്നും പോയി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു വലിയ ചിതൽപുറ്റ് കണ്ടപ്പോൾ ആന കാൽ കൊണ്ട് ഒറ്റ ചവിട്ടിൽ അത് തെറിപ്പിച്ചു! അവറ്റകൾ ചിതറിയോടി! അവൻ വെള്ളം കുടിക്കാനായി ആറ്റു തീരത്തേക്കു നടന്നു. ആവോളം വെള്ളം കുടിച്ചിട്ട...

(1183) ശങ്കുണ്ണിയുടെ വില!

പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് മഹാനായ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം വഴിയിലൂടെ നടന്നു പോകവേ, ഒരു മരച്ചുവട്ടിൽ കിടക്കുന്ന യുവാവിനെ (ശങ്കുണ്ണി) കണ്ടു. സന്യാസി അയാളുടെ വിഷമം എന്താണെന്ന് തിരക്കി. അന്നേരം, യുവാവ്  പറഞ്ഞു -"എൻ്റെ നാട്ടുകാർ എന്നെ നിരന്തരമായി ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അവർ എന്നെ മണ്ടനെന്നും പൊട്ടനെന്നും വിളിക്കുന്നതു കേട്ട് ഞാൻ മനം മടുത്ത് പുറപ്പെട്ടു പോന്നതാണ്. യാതൊരു വിലയുമില്ലാത്ത ഈ ജന്മം ഞാൻ മടുത്തു" ഉടൻ, സന്യാസി അവനോടു ചോദിച്ചു - "എൻ്റെ കണ്ണിന് കാഴ്ച കുറവാണ്. അതുകൊണ്ട് നിൻ്റെ രണ്ടു കണ്ണും എനിക്കു തന്നാൽ ഞാൻ ആയിരം സ്വർണ്ണ നാണയം തരാം" ഉടൻ, യുവാവ് ഞെട്ടലോടെ പറഞ്ഞു -"എനിക്ക് ഒരു ലക്ഷം സ്വർണ്ണ നാണയം തന്നാലും ഞാൻ കണ്ണുകൾ തരില്ല" അന്നേരം, സന്യാസി പറഞ്ഞു -"നിൻ്റെ രണ്ട് കണ്ണുകൾക്ക് ഒരു ലക്ഷം സ്വർണ്ണ നാണയത്തേക്കാൾ വിലയുണ്ടെങ്കിൽ, നിൻ്റെ ചെവിക്കും തലച്ചോറിനും കൈകൾക്കും കാലുകൾക്കും എല്ലാം കൂടി എത്ര മാത്രം വിലയുണ്ടാകും?" അന്നേരം, യുവാവ് കിടന്ന കിടപ്പിൽ നിന്നും ഞെട്ടിയെണീറ്റ് സ്വന്തം നാട്ടിലേക്ക് ഉറച്ച കാൽച്ചുവടുകൾ വച്ച് മടങ...

(1182) കൂട്ടിൻ്റെ പ്രശ്നം!

  ഒരിക്കൽ, സിൽബാരിപുരം ദേശത്തിലെ മരംവെട്ടുകാരൻ ദാമുവിന് നല്ലയിനം മരം നോക്കി ഉൾകാട്ടിലേക്കു പോകേണ്ടി വന്നു. അവിടെ അനേകം മൃഗങ്ങൾ ഉണ്ടായിരുന്നു. ഉൾകാട്ടിലെ ഒരു ചെന്നായയുടെ ചങ്ങാതികളാണ് എറിയൻപരുന്തും കാട്ടുപൂച്ചയും. ഒരിക്കൽ, ചെന്നായ്ക്ക് കടുവയുടെ ആക്രമണമേറ്റു. എന്നാൽ, ചെന്നായ ഏറെ ദൂരം ഓടി രക്ഷപ്പെടാനായി നോക്കിയതിനാൽ മറ്റുള്ള രണ്ടു കൂട്ടുകാരും ഇതറിഞ്ഞില്ല. ദാമു ചെന്നായുടെ അരികിലൂടെ നടന്നു പോയപ്പോൾ ചെന്നായുടെ കരച്ചിൽ കേട്ടു. ദാമുവിന് മനസ്സലിവു തോന്നി വെള്ളവും ആഹാരവും കൊടുത്തു. ആ നന്ദിയിൽ ദാമുവിൻ്റെ പിറകേ ചെന്നായും കൂടെ പോന്നു. ഏതാനും  ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെന്നായ പഴയ ആരോഗ്യസ്ഥിതി കൈവരിച്ചു. എന്നാൽ, അതേ സമയം, എറിയൻപരുന്തും കാട്ടുപൂച്ചയും ചെന്നായെ കാട്ടിലൂടെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടയിൽ ചെന്നായ നാട്ടിൽ താമസം തുടങ്ങിയെന്ന് ഏതോ പക്ഷി വന്ന് എറിയനെ അറിയിച്ചു. തുടർന്ന്, രാത്രിയിൽ എറിയനും കാട്ടുപൂച്ചയും ദാമുവിൻ്റെ വീടിൻ്റെ പിറകിൽ വന്നു. അന്നേരം, അവർക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അപ്പോൾ, കാട്ടുപൂച്ച പറഞ്ഞു -"നീ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തോളൂ. ഞാൻ കോഴിയെ തിന്നുകൊള്ളാം"...

(1181) കുറുക്കനും മുതലയും!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു തടാകത്തിൽ ധാരാളം മീനുകളും മുതലകളും തവളകളും എന്നിങ്ങനെ അനേകം ജീവികൾ ഒരുമിച്ച് താമസിച്ചു വന്നിരുന്ന കാലം. അവിടെ, ഒരു മുതലയുടെ പുറത്ത് ചാടിക്കളിക്കുന്നത് ചങ്ങാതിയായ തവളയുടെ സ്ഥിരം പരിപാടിയാണ്. ഒരു ദിവസം, മുതല തവളയോടു പറഞ്ഞു -"എനിക്ക് കുറുക്കൻ്റെ ഇറച്ചി തിന്നാൻ വല്ലാതെ കൊതി തോന്നുന്നു. നീ എങ്ങനെയെങ്കിലും ഒരെണ്ണത്തിനെ ഈ വെള്ളത്തിൽ ഇറക്കണം. ബാക്കി കാര്യം ഞാനേറ്റു" തവള പറഞ്ഞു - "കുറുക്കന്മാർ മഹാ സൂത്രശാലികളാണ്. എന്തായാലും ഞാൻ ശ്രമിച്ചു നോക്കാം" തവള ചാടി കാട്ടിലേക്കു പോയി. കുറുക്കനുമായി സൗഹൃദം സ്ഥാപിച്ചു. തവള അവനെ തടാകത്തിലേക്കു വരാൻ പ്രോൽസാഹിപ്പിച്ചു - "അവിടെ തടാകത്തിൽ രുചിയേറിയ മീനുകളെ ഞാൻ നിനക്ക് പിടിക്കാൻ പാകത്തിന് വിളിച്ചു കൊണ്ടുവരാം" അങ്ങനെ, അവർ രണ്ടു പേരും തടാകക്കരയിലെത്തി. കുറുക്കൻ വെള്ളത്തിൽ ഇറങ്ങിയ നേരത്ത്, പാറ പോലെ എന്തോ ഒന്ന് വെള്ളത്തിൽ പൊങ്ങി കിടക്കുന്നതു കണ്ടു. കുറുക്കൻ പതിയെ പിറകിലേക്കു വലിഞ്ഞു. "അതൊരു മുതലയാണല്ലോ. ഞാൻ ഈ വെള്ളത്തിൽ ഇറങ്ങുന്നില്ല" ഉടൻ, തവള പറഞ്ഞു -"ആ മുതല കഴിഞ്ഞ ദിവസം ചത്തു പൊന്തിയ...

(1180) കാട്ടാടിൻ്റെ വിധി!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടായി കിടന്നിരുന്ന കാലത്തെ കഥയാണിത്. എന്നാൽ, അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ പലരും ഇവിടെ എത്തിയിരുന്നു. പതിവു പോലെ അന്നും നദിക്കരയിൽ ഒരു വേട്ടക്കാരൻ എത്തി. കാരണം, കടുത്ത വേനൽക്കാലം ആയതിനാൽ കാട്ടുമൃഗങ്ങൾ വെള്ളം കുടിക്കാൻ അവിടെ വരും. അന്നേരം, വല എറിഞ്ഞോ വെടിവച്ചോ അവറ്റകളെ പിടിക്കാനാകും. അതിനിടയിൽ, വെള്ളം കുടിക്കാനായി ഒരു കാട്ടാട് നദിക്കരയിലെത്തി. അന്നേരം, വേട്ടക്കാരൻ അതിനെ കണ്ടു. അയാൾ ഉയരം കൂടിയ ഒരു മരത്തിൻ്റെ മറവിൽ ചാരി നിന്ന് തോക്കു ചൂണ്ടി ഉന്നം പിടിച്ചു. പക്ഷേ, ആട് വെള്ളം കുടിക്കാൻ കുനിയുന്നതിനു മുൻപ് ചുറ്റുപാടും നോക്കിയപ്പോൾ വേട്ടക്കാരനെ കണ്ടു.  എന്നാൽ, ആട് വെള്ളത്തിലേക്കു ചാടാൻ നോക്കിയപ്പോൾ ഒരു മുതല അതിനെ കൊതിയോടെ നോക്കി കിടക്കുകയാണ്! എങ്കിൽ, പിറകിലേക്ക് ഓടാം എന്നു വിചാരിച്ച് ആട് നോക്കിയപ്പോൾ ഞെട്ടി! ഒരു കടുവ പിറകിൽ നിന്ന് ചാടാൻ തക്കം പാർത്ത് നിൽക്കുന്നു! ആട് നോക്കിയപ്പോൾ കാടിനുള്ളിലേക്ക് മറ്റൊരു വഴി കണ്ടു. പക്ഷേ, ആ വഴിയിൽ അകലെ കാട്ടു തീ പിടിച്ചത് കണ്ടപ്പോൾ ഇനി രക്ഷപെടാൻ നോക്കിയിട്ട് യാതൊരു കാര്യവുമില്ല എന്ന് ആട് മനസ്സിലാക്കി. ആ...

(1179) രാജ്യത്തിൻ്റെ പകുതി!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ പകുതിയോളം മരുഭൂമിയായിരുന്നു. ഒരിക്കൽ, അവിടത്തെ വിക്രമൻരാജാവിന് കോസലപുരം രാജ്യത്തിലേക്ക് യാത്ര പോകേണ്ടതായി വന്നു. കോസല രാജാവിനെ കാണുന്നതിനാൽ വില പിടിച്ച വജ്ര കിരീടവും പട്ടുവസ്ത്രങ്ങളും സ്വർണമാലകളും അയാൾ അണിഞ്ഞിരുന്നു. അതേ സമയം, വേഗത്തിൽ പോയി തിരിച്ചു വരേണ്ടതായ കൊട്ടാരത്തിലെ ആവശ്യവും രാജാവിനു വന്നു. അതിനാൽ, രാജാവ് ദൂരക്കുറവുള്ള മരുഭൂമിയിലൂടെയുള്ള വഴി തെരഞ്ഞെടുത്തു. പക്ഷേ, അതൊരു വേനൽക്കാലമായിരുന്നു. മണൽപ്പരപ്പിലെ ചൂട് രാജാവ് വിചാരിച്ചതിലും കൂടുതലായിരുന്നു. പാതി ദൂരം കുതിരപ്പുറത്ത് പോയപ്പോൾത്തന്നെ പരവേശം മൂലം കയ്യിലെ വെള്ളമെല്ലാം വേഗം കുടിച്ചു തീർത്തു. എന്നിട്ടും ഉടൻ തന്നെ വീണ്ടും അയാളുടെ തൊണ്ട വരണ്ടു. മാത്രമല്ല, കുതിരയും ക്ഷീണിച്ചിരുന്നു. രാജാവ് വിഷമിച്ച് മുന്നോട്ട് മെല്ലെ പോകവേ, അകലെ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു വൃക്ഷം കണ്ടു. അവിടെ എത്തിയപ്പോൾ ഒരു വൃദ്ധൻ തുണിസഞ്ചിയും വടിയുമായി ഇരിക്കുന്നതു കണ്ടു. രാജാവിനെ കണ്ട മാത്രയിൽ വൃദ്ധൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതുകണ്ട്, രാജാവ് കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ ഈ രാജ്യത്തെ രാജാവ് ആണെന്ന് നിനക്കറിയാമോ?" വ...

(1178) ബുദ്ധി വേണ്ടതായ സമയം!

  പണ്ട്, സിൽബാരിപുരം രാജ്യമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. അതൊരു വേനൽക്കാലമായിരുന്നു. ഒരു ദിവസം ചെന്നായ വിശന്നു വലഞ്ഞ് കാട്ടിൽ നിന്നും നാട്ടിലിറങ്ങി. പറമ്പിലൂടെ തീറ്റി തിന്നു നടക്കുകയായിരുന്ന പൂവൻകോഴിയെ കണ്ടപ്പോൾ ആദ്യമേ ചാടി വീഴാൻ ചെന്നായ നോക്കിയെങ്കിലും കോഴി അടുത്ത മരത്തിലേക്ക് പറന്നു പൊങ്ങുമെന്ന് അവനു മനസ്സിലായി. ചെന്നായ മറ്റൊരു സൂത്രം പ്രയോഗിച്ചു. മാന്യമായി കുറച്ചു മാറി നിന്ന് കോഴിയോടു ചോദിച്ചു- "നീയാണ് ഈ നാട്ടിലെ ആളുകളെ രാവിലെ മനോഹരമായ ശബ്ദത്തിൽ കൂവി എഴുന്നേൽപ്പിക്കുന്നതെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ആ ശബ്ദം കേൾക്കാൻ എനിക്കു കൊതിയായി" ആ പുകഴ്ത്തലിൽ കോഴിക്ക് വലിയ ഗർവ്വ് തോന്നി. ഉടൻ, കോഴി പറഞ്ഞു -"ദാ, താൻ കണ്ടോളൂ!" എന്നു പറഞ്ഞു കൊണ്ട് കണ്ണടച്ച് - "കൊക്കരക്കോ.. കോ.." എന്നു നീട്ടി കൂവി. എന്നാൽ, കോഴി കണ്ണടച്ചു കൂവി നിന്ന സമയത്ത് ചെന്നായ പാഞ്ഞു വന്ന് കോഴിയുടെ ചിറകിൽ കടിച്ച് നടന്നു. ആ പൂവൻകോഴി ഒട്ടും ബഹളം വച്ചില്ല. അസാമാന്യ ധീരനെന്ന് നടിച്ചു. ചെന്നായുടെ ശക്തിയല്ല, ബുദ്ധിയാണ് തന്നെ കീഴടക്കിയത്. അതുപോലെ തൻ്റെ ബുദ്ധിയും ഉപയോഗിച്ചാലേ രക്ഷപ്പെടാനാകൂ...

(1177) വിരട്ടുന്ന വിദ്യ!

  സിൽബാരിപുരം രാജ്യത്തിൻ്റെ കിഴക്കു പ്രദേശം മുഴുവനും കാടായിരുന്നു. വളരെ വിസ്തൃതമായ ആ കാട്ടിൽ പലതരം മൃഗങ്ങളാൽ സമ്പന്നമായ കാലമായിരുന്നു അത്. ഒരിക്കൽ, നാട്ടിലെ നായ്ക്കൾ തമ്മിൽ ഉഗ്രമായ പോരാട്ടം നടന്നു. അതുവരെ നേതാവായിരുന്ന വലിയ നായ തോറ്റപ്പോൾ ആ പ്രദേശം വിട്ട് ഓടി എത്തിയത് ഈ കാട്ടിലായിരുന്നു. പക്ഷേ, കാട്ടിൽ ഇര തേടാനുള്ള പ്രാവീണ്യം അതിനില്ലായിരുന്നു. പിന്നെ, പഴകിയ മാംസ അവശിഷ്ടങ്ങൾ നോക്കി നടന്നപ്പോൾ ചത്ത കടുവയുടെ എല്ലിൻ കഷണങ്ങൾ കിട്ടി. അതിൽ കടിച്ചു വലിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കടുവ പതുങ്ങി വന്നത് നായ കണ്ടു! താൻ കുടുങ്ങിയെന്ന് ഉറപ്പായ സ്ഥിതിയിൽ നായ ബുദ്ധി പ്രയോഗിച്ചു - "ഹോ! ഈ കടുവയുടെ എല്ലുകൾ തീരാറായി. നാളെ അടുത്ത കടുവയെ കണ്ടെത്തി കൊല്ലേണ്ടി വരും!" ഇതുകേട്ട്, കടുവ മരത്തിൻ്റെ മറവിലേക്ക് ഒളിച്ചു. കടുവ പിറുപിറുത്തു - "കാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ മൃഗം ഭയങ്കരനാണ്. കടുവയുടെ എല്ലുകൾ മാത്രം തിന്നുന്ന ഭീകരൻ!" കടുവ പേടിച്ച് തിരികെ പോയതു കണ്ട് മരത്തിൽ ഇരുന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അണ്ണാൻ ഉച്ചത്തിൽ ചിരിച്ചു. അണ്ണാൻ മരത്തിലൂടെ ചാടി കടുവയുടെ പിറകേ പോകുന്നതു ശ്രദ്ധിച്ച് നായയ്ക്ക...

(1176) ഒരു കരാറിൻ്റെ കഥ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കൊടുംകാടായിരുന്നു. കാട്ടിലെ പരമ്പരാഗത ശത്രുക്കളായി കീരികളും പാമ്പുകളും തുടരുന്ന കാലം. ഒരിക്കൽ, ശക്തനായ ഒരു കീരിയും ഉഗ്രവിഷമുള്ള പാമ്പും നേർക്കു നേർ വന്നു. എന്നാൽ, പതിവിനു വിപരീതമായി അവർ രണ്ടു പേരും ചിന്തിച്ചു - "ഈ പോരാട്ടത്തിൽ സ്വന്തം ജീവൻ പോകാൻ സാധ്യതയുണ്ട്. അതിനാൽ ആക്രമണം ഒഴിവാക്കുന്നതാണ് ബുദ്ധി" അങ്ങനെ അവർ ഒരു സമാധാന സന്ധി ഉണ്ടാക്കി. പാമ്പ് പറഞ്ഞു -"നിനക്ക് എന്തെങ്കിലും ആപത്ത് വന്നാൽ ഞാൻ നിന്നെ രക്ഷിക്കും. എനിക്ക് ആപത്തുണ്ടായാൽ നീ രക്ഷിക്കണം" ആ കരാർ കീരിക്കും സമ്മതമായി. അങ്ങനെ കുറെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം - ഒരു വേട്ടക്കാരൻ മൃഗശാല നടത്തുന്നവർക്ക് പിടിച്ചു കൊടുക്കാനായി വലിയ പാമ്പിനെ തപ്പി നടക്കുകയായിരുന്നു. പലയിടത്തും അയാൾ വല വിരിച്ചു മുന്നോട്ടു പോയി. അന്നേരം, ആ വലിയ പാമ്പ് അതിൽ കുടുങ്ങി. പക്ഷേ, വേട്ടക്കാരൻ മറ്റു വലകൾ നോക്കാനായി മുന്നോട്ടു പോയിരുന്നു. പാമ്പ് രക്ഷപ്പെടാനായി വലകൾക്കിടയിൽ കിടന്ന് ചീറ്റി. ആ സമയത്ത്, കീരിയും അതിൻ്റെ കുഞ്ഞും അവിടെ ഓടിയെത്തി. പക്ഷേ, കീരി വലകൾ കടിച്ചു മുറിക്കുന്നത് വളരെ സാവധാനമായിരുന്നു. കീരിക്കുഞ്ഞ...

(1175) പണത്തിൻ്റെ സന്തോഷം!

  ഒരിക്കൽ, അകലെയുള്ള ഒരു സ്ഥലത്തേക്ക് ഹോജ നടന്നു പോകുകയായിരുന്നു. കുറെ ദൂരം ചെന്നു കഴിഞ്ഞപ്പോൾ പാതയോരത്തുള്ള ഒരു മരത്തണലിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. അയാളുടെ മുഖത്ത് ഏതോ കാരണത്താൽ ദുഃഖം തോന്നിയതിനാൽ ഹോജ കാരണം തിരക്കി. അയാൾ പറഞ്ഞു -"ഞാനൊരു ധനികനാണ്. പക്ഷേ, ഈ തുണിസഞ്ചിയിലെ  പണമൊന്നും എനിക്ക് സന്തോഷം തരുന്നില്ല. അതിനാൽ ഞാൻ സമാധാനവും സന്തോഷവും തേടി അയൽനാട്ടിലേക്കു പോകുകയാണ്" ഉടൻ, ഹോജയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ഹോജ ആ സഞ്ചി തട്ടിപ്പറിച്ചു കൊണ്ട് വേഗത്തിൽ ഓടി. അയാൾ പിറകെയും. കുറെ ദൂരം കഴിഞ്ഞപ്പോൾ ഹോജ വഴിയിൽ സഞ്ചി ഉപേക്ഷിച്ച് മരത്തിൻ്റെ മറവിൽ ഒളിച്ചു. കുറെ പിറകിലായി ഓടി അവശനായി വന്ന ധനികൻ വഴിയിൽ കിടന്ന സഞ്ചി എടുത്ത് സന്തോഷത്തോടെ നെഞ്ചോടു ചേർത്ത് പറഞ്ഞു -"ഹോ! യാത്ര പോകാനുള്ള പണം എനിക്കു തിരിച്ചു കിട്ടിയല്ലോ!" ഉടൻ, മരത്തിൻ്റെ മറവിൽ നിന്നും അയാളുടെ അടുക്കലേക്കു വന്ന് ഹോജ പറഞ്ഞു - "ഏതു കാര്യത്തിനും പണം വേണം. അത് കൈവിട്ടു പോയ കുറച്ചു നിമിഷങ്ങൾ പണത്തിൻ്റെ വിലയും അത് കിട്ടിയപ്പോൾ സന്തോഷവും എന്താണെന്ന് താങ്കൾക്ക് അനുഭവിക്കാനും മനസ്സിലാക്കാനും പറ്റിയില്ലേ?" അയാൾ ഹോജയോ...

(1174) ഹോജയുടെ രഹസ്യങ്ങൾ!

 ഹോജ കൊട്ടാരത്തിലെ രാജാവിൻ്റെ സുഹൃത്തായി നടന്നിരുന്ന കാലം. കൊട്ടാരത്തിൻ്റെ രഹസ്യങ്ങൾ പലതും ഹോജയ്ക്ക് അറിയാമെന്ന് ആളുകൾ പരക്കെ വിശ്വസിച്ചിരുന്നു. ഒരു ദിവസം - നാട്ടിലെ ഒരാൾ ഹോജയെ കണ്ടപ്പോൾ ചോദിച്ചു: "ഹോജയ്ക്ക് കൊട്ടാരത്തിലെ രഹസ്യങ്ങൾ അറിയാമോ?" ഹോജ പറഞ്ഞു -"ശരിയാണ്. എനിക്കു പല രഹസ്യങ്ങളും അറിയാം" ഉടൻ, നാട്ടുവാസിക്ക് ആവേശം ഇരച്ചുകയറി - "എങ്കിൽ രണ്ടു രഹസ്യം എന്നോടു പറയാമോ?" ഹോജാ അയാളോട് മറ്റൊരു ചോദ്യം ചോദിച്ചു - "അതിന്, തനിക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയാമോ?" അയാൾ പറഞ്ഞു -"ഞാൻ രഹസ്യം സൂക്ഷിക്കാൻ വളരെ മിടുക്കനാണ്. ചത്താലും ഞാൻ ആരോടും പറയില്ല" ഹോജ ചിരിച്ചു - "ഞാനും അങ്ങനെയുള്ള ഒരാളാണ്. ചത്താലും ആരോടും പറയില്ല. അതിനാൽ, എനിക്ക് താങ്കളോടു പറയാൻ നിവൃത്തിയില്ല" വാസ്തവത്തിൽ, പരദൂഷണങ്ങളും ഏഷണികളും പറഞ്ഞു നടക്കുന്ന ദുശ്ശീലമുള്ള അയാൾ അരമനരഹസ്യങ്ങൾ കിട്ടാത്ത നിരാശയിൽ തിരിഞ്ഞു നടന്നു. Written by Binoy Thomas, Malayalam eBooks- 1174- Hoja stories - 103, PDF- https://drive.google.com/file/d/1ABjeDwNRvZcMzH3FIRLT6M5j_7SFDl5g/view?usp=drivesdk

(1173) ഹോജയുടെ കൈക്കൂലി!

  ഒരിക്കൽ, ഹോജ മുല്ല ഒരു ധനികനുമായി വഴക്കുണ്ടാക്കി. അതിനിടയിൽ, ഹോജ അയാളെ ചീത്ത വിളിക്കുകയും ചെയ്തു. ഉടൻ, ധനികൻ ന്യായാധിപൻ്റെ അടുക്കലെത്തി പരാതി ബോധിപ്പിച്ചു. അതിനെ തുടർന്ന് ഭടന്മാർ വന്ന് ഹോജയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോയി. ന്യായാധിപൻ വലിയൊരു കൈക്കൂലിക്കാരനെന്ന് ഹോജയ്ക്ക് അറിയാമായിരുന്നു. അതിനാൽ, വരുന്ന വഴിയിൽ നിന്നും രണ്ട് ഉരുളൻ കല്ലുകൾ ഓരോ കീശയിലും ഇട്ടു. ന്യായാധിപൻ ഹോജയെ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ കോപിച്ചു. അതേസമയം, ഹോജ തൻ്റെ കീശയിലെ കല്ലുകൾ പുറമെ കാണാതെ നേരെ വയ്ക്കുന്നതായി ഭാവിച്ചു. ഉടൻ, ന്യായാധിപൻ പിറുപിറുത്തു - "ഇവൻ്റെ രണ്ടു കീശയിലും നാണയങ്ങളുണ്ടന്ന് എന്നെ സൂചിപ്പിച്ചതാണ്" അദ്ദേഹം ശബ്ദമുയർത്തി ധനികനെ ശകാരിച്ചു - "ഹോജ വളരെ നല്ല മനുഷ്യനാണ്. അയാൾ ചീത്ത വാക്കുകൾ പറയുന്ന ആളല്ല. അതിനാൽ നിങ്ങൾക്കു പോകാം" ധനികൻ നിരാശയോടെ നടന്നു നീങ്ങിയപ്പോൾ ന്യായാധിപൻ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "താങ്കൾ ചീത്ത വിളിച്ചെന്ന് എനിക്കറിയാം. തീർച്ചയായും ശിക്ഷ അർഹിക്കുന്ന കാര്യമാണ്. ഞാൻ ഇളവു ചെയ്തതിൻ്റെ പ്രതിഫലമായി തൻ്റെ കീശയിൽ ഉള്ളത് എനിക്കു തരിക" ഉടൻ, ഹോജ രണ്ട് ഉരുളൻ കല്...

(1172) സന്യാസിയും ഉണ്ണിക്കുട്ടനും!

  സിൽബാരിപുരം ദേശത്തുള്ള പ്രശസ്തമായ അമ്പലത്തിൻ്റെ അടുത്താണ് ഉണ്ണിക്കുട്ടൻ്റെ വീട്. ആ പ്രദേശമാകെ ഗ്രാമത്തിൻ്റെ ഭംഗി നിറഞ്ഞു നിന്നിരുന്നു. അവൻ്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ അമ്പലത്തിലേക്ക് ധാരാളം ആളുകൾ എത്താറുണ്ട്. പ്രധാനമായും ഓരോ മാസത്തിൻ്റെയും ആദ്യ ദിവസത്തിൽ ആളുകൾ ദൂരെ ദിക്കിൽ നിന്നു പോലും എത്തുന്നത് പതിവാണ്. ഒരു ദിവസം, പ്രായമേറിയ സന്യാസി അതുവഴി പോയപ്പോൾ ഉണ്ണിക്കുട്ടൻ പാതയോരത്തുള്ള ഒരു മരച്ചുവട്ടിൽ നിൽക്കുകയാണ്. ഇലയുടെ അടിയിലെ വെളുത്ത പ്യൂപ്പകൾ ശലഭങ്ങളായി പറന്നു പോകുന്നുണ്ടായിരുന്നു. സന്യാസി അവനെ കണ്ടപ്പോൾ അവൻ എന്തു ചെയ്യുകയാണെന്ന് ശ്രദ്ധിച്ചു. കയ്യിലെ ചെറിയ കമ്പുകൊണ്ട് ഇലയുടെ അടിയിലുള്ള പൊതിഞ്ഞ് ഇരിക്കുന്ന പ്യൂപ്പയുടെ ആവരണത്തെ പൊട്ടിക്കുകയായിരുന്നു. പക്ഷേ, പൊട്ടിച്ചവ ശലഭമായി പറന്നു പൊങ്ങിയില്ല. അതെല്ലാം ചത്തുവീണു. ഉണ്ണിക്കുട്ടൻ അമ്പരന്നു നിന്നപ്പോൾ സന്യാസി അവനെ വിളിച്ചു - "മോനെ, ശലഭമായി പറന്നു പൊങ്ങാൻ അവർക്കു തനിയെ അറിയാം. എന്നാൽ, നീ സഹായിച്ചതിനാൽ അവറ്റകളുടെ ജീവൻ നഷ്ടമായി. കാരണം, പൂർണ്ണ വളർച്ച എത്താതെ കുറച്ചു നേരത്തേ ആയിപ്പോയി" ചിന്തിക്കുക - പ്രകൃതിയുടെ കൃത്യനിഷ്ഠയും ചിട്ട...

(1171) കളഞ്ഞു പോയ ഉറക്കം!

  ചിലപ്പോൾ വിചിത്രമായി ചിന്തിക്കുന്ന ഹോജയുടെ സ്വഭാവം വെളിപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങൾ വായിക്കാം. ഹോജമുല്ല ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന സമയം. ചിലർ അയാളുടെ അടുത്തേയ്ക്ക് ഓടി വന്നു പറഞ്ഞു -"മുല്ലാക്കയുടെ കഴുതയെ ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു" ഹോജ ഉടൻ മുട്ടുകുത്തി വഴിയിൽ പ്രാർഥിച്ചു - "ദൈവമേ, ഭാഗ്യമായി!" ഈ വിചിത്രമായ പ്രാർഥന കേട്ട് മറ്റുള്ളവർ കാരണം തിരക്കി. ഹോജ പറഞ്ഞു- "കള്ളന്മാർ കഴുതയെ കൊണ്ടുപോയ നേരത്ത് ഞാൻ അതിൻ്റെ പുറത്ത് ഉണ്ടായിരുന്നെങ്കിൽ എന്നെയും ഇപ്പോൾ കാണാതെ പോകുമായിരുന്നു!" ............. ഒരിക്കൽ, ഹോജ വഴിയിലൂടെ എന്തോ സാധനം തെരഞ്ഞു നടന്നപ്പോൾ ആളുകൾ ചോദിച്ചു - "മുല്ലാക്കയുടെ എന്തു കാര്യമാണ് ഈ വഴിയിൽ നഷ്ടപ്പെട്ടത്?" ഹോജ പറഞ്ഞു -"കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ, ഞാൻ എൻ്റെ കളഞ്ഞു പോയ ഉറക്കം അന്വേഷിക്കുകയാണ്!" ഈ മറുപടി കേട്ട് ആളുകൾ പരിഹസിച്ചു ചിരിച്ചു. Written by Binoy Thomas, Malayalam eBooks- 1171-Hoja stories - 101, PDF- https://drive.google.com/file/d/1Ni5pWkw0uZyh4DyzK3nLgO4516PCYMDM/view?usp=drivesdk

(1170) ഹോജയുടെ താക്കോൽ!

  ഹോജയുടെ മണ്ടത്തരം വെളിപ്പെടുത്തുന്ന ഒരു കഥ. ഒരു ദിവസം, ഹോജ വഴിയിലൂടെ ഏതോ സാധനം കളഞ്ഞു പോയതിനാൽ തപ്പി നടക്കുകയാണ്. അതു കണ്ട്, വഴിയിലൂടെ പോയവർ ഹോജയോടു ചോദിച്ചു- "എന്താണു താങ്കൾക്കു നഷ്ടപ്പെട്ടത്?" ഹോജ പറഞ്ഞു - "എൻ്റെ അലമാരയുടെ താക്കോലാണ് " ഉടൻ, ആളുകൾ പറഞ്ഞു -"ഹൊ! അതു വലിയ കഷ്ടമായി പോയല്ലോ. ഞങ്ങൾ സഹായിക്കാം" പെട്ടെന്ന്, അവരും കൂടി വഴിയിലൂടെ താക്കോൽ നോക്കി നടന്നു. ഒടുവിൽ ആളുകൾ മടുത്തു.  അവർ ചോദിച്ചു - "എവിടെ വച്ചാണ് താക്കോൽ നഷ്ടപ്പെട്ടത് എന്ന് ഓർക്കാൻ പറ്റുന്നുണ്ടോ?" ഹോജ പറഞ്ഞു -"എൻ്റെ വീട്ടിൽ വച്ചാണ് താക്കോൽ പോയത് " ഉടൻ, ആളുകൾ ദേഷ്യപ്പെട്ടു -"താൻ ഞങ്ങളുടെ സമയം വെറുതെ കളഞ്ഞു. വീട്ടിൽ പോയത് വഴിയിലാണോ തപ്പുന്നത്?" അപ്പോൾ, ഹോജ പറഞ്ഞു -"വീടിനുള്ളിൽ വെളിച്ചം തീരെയില്ല. അവിടെ എങ്ങനെ കണ്ടു പിടിക്കാനാണ്? അതുകൊണ്ടാണ് ഇത്രയും വെട്ടമുള്ള വഴിയിൽ തപ്പാമെന്നു വിചാരിച്ചത്" ആളുകൾ ഹോജയുടെ മണ്ടത്തരം കേട്ട് ആർത്തു ചിരിച്ച് അവിടെ നിന്നും പോയി. Written by Binoy Thomas, Malayalam eBooks- 1170 - Hoja Stories - 100, PDF- https://drive.google....

(1169) ഇരിക്കുന്ന കൊമ്പ്!

  ഹോജ മുല്ല ഒരിക്കൽ, വിറകിൻ്റെ ആവശ്യം വന്നപ്പോൾ പാതയോരത്തുള്ള മരത്തിൽ കയറി ഒരു കമ്പ് വെട്ടാൻ തുടങ്ങി. അതു കണ്ട്, ഒരു വഴിപോക്കൻ പറഞ്ഞു -"എടോ, താൻ ഇപ്പോൾ വെട്ടുന്നത് ഇരിക്കുന്ന കമ്പാണ്! താൻ താഴെ വീഴും!" ഹോജയ്ക്ക് അത് ഇഷ്ടപ്പെടാതെ ദേഷ്യമായി - "ഞാൻ വീഴുമെന്ന് പറയാൻ താൻ ദൈവമാണോ?" ആ അപരിചിതൻ പിന്നീട് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. ഏതാനും നിമിഷങ്ങൾക്കകം ഹോജ വെട്ടിയിരുന്ന കമ്പും അതിൻമേൽ ഇരുന്ന ഹോജയും താഴെ വീണു! ഉടൻ, ഹോജ ഏന്തിവലിഞ്ഞ് മുൻപ് മുന്നറിയിപ്പ് കൊടുത്ത ആളിൻ്റെ പിറകെ ഓടി ഒപ്പമെത്തി - "ഹോ! താങ്കളുടെ പ്രവചനശക്തി അപാരമാണ്. ഞാൻ എന്നാണു മരിക്കുക എന്നു കൂടി പറയണം" വഴിയാത്രക്കാരൻ പറഞ്ഞു: "അത് എനിക്ക് അറിയില്ല" പക്ഷേ, ഹോജ നിരന്തര ശല്യമായി അയാളുടെ പിറകേ നടന്നപ്പോൾ അയാൾ പറഞ്ഞു -"താൻ ഇപ്പോൾത്തന്നെ മരിക്കും!" അത് കേട്ട നിമിഷം ഹോജ ബോധം കെട്ട് താഴെ വീണു! പേടിച്ചു പോയ യാത്രക്കാരൻ ഉച്ചത്തിൽ ബഹളം വച്ച് ആളെ കൂട്ടി. ഹോജയ്ക്ക് മരണപ്പെട്ടു എന്നു തോന്നിയ ആളുകൾ അയാളെ ചുമന്നുകൊണ്ട് ശ്മശാനത്തിലേക്കു പോയി. അതിനിടയിൽ അങ്ങോട്ടുള്ള വഴി കൃത്യമായി അറിയാൻ മേലായിരുന...

(1168) ഹോജയുടെ ഭാഗ്യം!

  ഒരു ദിവസം, ഹോജമുല്ല രാവിലെ എണീറ്റപ്പോൾ ചിന്തിച്ചു - ഇന്ന് രാജാവിനെ കാണാൻ പോകണം. പക്ഷേ, എന്തെങ്കിലും ചെറിയ സമ്മാനമോ കാഴ്ചവസ്തുവോ ഇല്ലാതെ എങ്ങനെ പോകും? ഹോജ തൻ്റെ വീട്ടിൽ എല്ലായിടത്തും നോക്കിയിട്ടും യാതൊന്നും കിട്ടിയില്ല. പിന്നെ, മുറ്റത്തേക്ക് ഇറങ്ങി. അന്നേരം, പറമ്പിലെ വലിയ മത്തങ്ങ കണ്ണിൽ പെട്ടു. ഉടൻ, അയാൾ അതുമായി കൊട്ടാരത്തിലേക്ക് യാത്രയായി. പക്ഷേ, വഴിയിൽ വച്ച് സുഹൃത്ത് ചോദിച്ചു - "ഹോജ ഇതുമായി എങ്ങോട്ടാണ്?" കൊട്ടാരത്തിലേക്ക് എന്നു മനസ്സിലായപ്പോൾ സുഹൃത്ത് പറഞ്ഞു -"ഇത്രയും വലിയ മത്തങ്ങയുമായി രാജാവിനെ കാണുന്നത് നാണക്കേടാണ്. ഇതിലും എത്രയോ ഭേദമാണ് ഒരു ചെറുനാരങ്ങയുമായി പോകുന്നത്?" സുഹൃത്ത് തമാശയ്ക്കു പറഞ്ഞിട്ട് നടന്നു പോയി. പക്ഷേ, ഹോജ അതു ഗൗരവമായിട്ട് എടുത്ത് തിരികെ വീട്ടിലെത്തി മത്തങ്ങ അവിടെ വച്ചു. എന്നിട്ട് ഒരു ചെറുനാരങ്ങയുമായി കൊട്ടാരത്തിലെത്തി. ആ ദിവസം, രാവിലെ ഏതോ കാര്യത്തിന് രാജാവ് കോപാകുലനായി നടക്കുന്ന സമയത്താണ് ഹോജാ രാജാവിൻ്റെ കയ്യിലേക്ക് നാരങ്ങാ കൊടുത്തത്. അദ്ദേഹം, ദേഷ്യത്തോടെ ഹോജയുടെ തലയിലേക്ക് നാരങ്ങാ എറിഞ്ഞു! ഉടൻ, ഹോജ സന്തോഷത്തോടെ തിരിഞ്ഞോടി സുഹൃത്തിൻ്റെ അടുക്ക...

(1167) ഒരു പേരിൽ എന്തിരിക്കുന്നു?

  മനുഷ്യർ മറ്റുള്ളവരെ പരിഹസിക്കാനായി മൃഗങ്ങളെയും പക്ഷികളെയും ചെടികളെയുമൊക്കെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ അവയെല്ലാം ഏറെ പ്രയോജനമുള്ളവയാണ്. 1. ശവംനാറിപ്പൂവ്, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നിങ്ങനെ വിളിക്കുന്ന ചെടി (Vinca Rosea) ക്യാൻസർ ചികിൽസയിൽ മരുന്നായി ഉപയോഗിക്കുന്നു. എപ്പോഴും പൂക്കൾ ഉള്ളതിനാലും കുറച്ചു മാത്രം ഉയരത്തിൽ വളരുന്നതിനാലും ഇത് ചുടുകാട്ടിലും ശവക്കോട്ടയിലും വളർത്താറുണ്ട്.  2. ഉറുമ്പിനെ പോലെ നിസ്സാരൻ എന്നുള്ള പ്രയോഗവും തെറ്റാണ്. ഉറുമ്പിന് തൻ്റെ ശരീര ഭാരത്തിൻ്റെ 20 മുതൽ 50 ഇരട്ടി ഭാരം വരെ ചുമക്കാനാകും. വിത്ത് വിതരണം, മണ്ണിലെ വായൂ സഞ്ചാരം, കീടങ്ങളെ നശിപ്പിക്കൽ മാത്രമല്ല, പ്രകൃതിയിലെ അധ്വാനശീലരുമാണ് ഉറുമ്പുകൾ. 3. വെറും പുല്ലാണ് എന്നുള്ള പ്രയോഗവും ശരിയല്ല. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മുള പുൽവർഗ്ഗത്തിലാണ്. കാലിത്തീറ്റയാണ്. മണ്ണൊലിപ്പും തടയുന്നു. കൊടുങ്കാറ്റിൽ വൻമരങ്ങൾ വീഴുമ്പോൾ പുല്ലുകൾക്കു നാശം വരുന്നില്ല. 4. നായ്ക്കളെ മനുഷ്യർ സംസാരത്തിൽ കളിയാക്കി പറയാറുണ്ട്. നായ്ക്കളുടെ സ്നേഹവും സമർപ്പണവും മനുഷ്യരേക്കാളും ഉണ്ട്. മണം പിടിക്കാനുള്ള ശേഷിയും അപാരമാണ്. 5. കഴുതയെപ്...

(1166) ഹോജയുടെ നാണയം!

  ഹോജയുടെ ദാനധർമ്മത്തിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ആളുകളുടെ നോട്ടത്തിൽ അർഹിക്കുന്നവർക്ക് ചിലപ്പോൾ കൊടുക്കില്ല. അർഹത ഇല്ലെന്ന് സാധാരണക്കാർക്കു തോന്നുന്നവർക്കു പണം കൊടുത്തെന്നും വരും! ഒരു ദിവസം - അപരിചിതനായ ആൾ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "അങ്ങ് എന്നോട് അലിവു കാട്ടണം. 10 വെള്ളിനാണയം കടമായി തന്നാൽ വലിയ ഉപകാരമായിരുന്നു" ഉടൻ, ഹോജ ചോദിച്ചു - "താങ്കൾ മദ്യപിക്കുമോ?" "ഉവ്വ്" അയാൾ സമ്മതിച്ചു. ഹോജ വീണ്ടും ചോദിച്ചു -"താൻ പുകവലിക്കുമോ?" "ഉം" "ധൂർത്തടിക്കാറുണ്ടോ?" "അതും എനിക്കുണ്ട് " "മുച്ചീട്ടു കളിക്കാറുണ്ടോ?" "അതും എനിക്കുണ്ട്, യജമാനനേ" അന്നേരം, ഹോജ 10 നാണയം അവനു കൊടുത്തു വിട്ടു! ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ ഹോജയെ സമീപിച്ച് 10 നാണയം കടം ചോദിച്ചു. ഹോജ ആദ്യത്തെ ആളിനോടു ചോദിച്ച അതേ ചോദ്യങ്ങൾ രണ്ടാമനോടും ആവർത്തിച്ചു. പക്ഷേ, അതിനു കിട്ടിയ മറുപടിയെല്ലാം നേരേ വിപരീതമായിരുന്നു. അപ്പോൾ ഹോജ പറഞ്ഞു -"നിനക്ക് ഞാൻ ഒരു നാണയം പോലും തരില്ലാ" ഉടൻ, രണ്ടാമൻ നീരസപ്പെട്ടു - "കു...

(1165) ധനികൻ്റെ തോണിയാത്ര!

  ഒരിക്കൽ, ഹോജമുല്ല കുറെ അകലെയുള്ള ഒരു നാട്ടിലേക്കു പോകുകയായിരുന്നു. ആഴമേറിയ നദിയിലൂടെ ഒരു തോണിയിലാണ് യാത്ര. കൂടെ കുറെ ആളുകളുമുണ്ട്. അവരിൽ ഒരു ധനികനായ മനുഷ്യനുമുണ്ടായിരുന്നു. അയാൾ ആദ്യമായി ജലയാത്ര നടത്തുന്ന ആളായതിനാൽ വല്ലാത്ത പേടിയുണ്ടായിരുന്നു. ഹോജ നോക്കിയപ്പോൾ ധനികൻ വെപ്രാളപ്പെടുന്നതു കണ്ടു. ഹോജ പിറുപിറുത്തു - "ഹും! ഈ പണക്കാരനു പേടി തോന്നാൻ കാരണം, സമ്പത്ത് ഉപേക്ഷിച്ചു പോകാനുള്ള മരണഭീതിയാണ്" ധനികൻ്റെ ശല്യം വല്ലാതായപ്പോൾ ഹോജ അയാളെ വെള്ളത്തിലേക്ക് ഉന്തിയിട്ടു! എന്നിട്ട്, വൈകാതെ തന്നെ അയാളുടെ കുപ്പായത്തിൽ വലിച്ച് വള്ളത്തിൽ തിരിച്ചു കയറ്റി. ഹോജ ചോദിച്ചു - "തൻ്റെ വെള്ളത്തെ പേടിക്കുന്ന രീതി ഇപ്പോൾ എങ്ങനെയുണ്ട്?" അയാൾ വിറച്ചു കൊണ്ടു പറഞ്ഞു -"ഇപ്പോൾ പേടി കുറവുണ്ട്!" ഉടൻ, ഹോജ തൻ്റെ പതിവു വേദാന്തം തുടങ്ങി - "ആകെ നനഞ്ഞവന് വെള്ളത്തെ പേടിക്കേണ്ട, അവന് കുളിരു തോന്നില്ല. വിശന്ന് വലഞ്ഞവനേ ആഹാരത്തിൻ്റെ രുചിയറിയൂ. വെയിലത്ത് വാടിത്തളർന്നവനേ തണൽമരത്തിൻ്റെ സുഖമറിയൂ" Written by Binoy Thomas, Malayalam eBooks-1165 - Hoja stories - 96, PDF - https://drive.google.com/fi...

(1164) പരദേശികളുടെ മോഷണം!

  കുറെ കാലം, ഹോജ ഒരു ഗ്രാമത്തിലെ ന്യായാധിപനായി ജോലി ചെയ്തിരുന്നു. ആ കാലത്ത് അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ മിക്കവയും ഏറെ വിചിത്രങ്ങളായിരുന്നു. അത്തരം ഒരു കഥയിലേക്ക്... ഒരു ദിവസം, ആ ഗ്രാമത്തിലെ ഒരാൾ ഓടിക്കിതച്ച് ഹോജയുടെ വീടിനു മുന്നിലെത്തി നിലവിളിച്ചു - "പ്രഭോ, പാതിരാത്രിയിൽ രണ്ടു കള്ളന്മാർ എന്നെ പിടിച്ചു കെട്ടി തല്ലി അവശനാക്കി. എന്നിട്ട് എൻ്റെ വീട്ടിലെ പണവും ആഭരണവും പാത്രങ്ങളും എല്ലാം അവർ കൊണ്ടുപോയി. കുറച്ചു മുൻപ് അയൽപക്കത്തുള്ളവർ അറിഞ്ഞപ്പോഴാണ് എനിക്ക് അവിടെ നിന്നും അനങ്ങാൻ പറ്റിയത്. അങ്ങ് എന്നെ സഹായിക്കണം. കള്ളന്മാരെ പിടിച്ച് എനിക്ക് നഷ്ടമായത് വീണ്ടെടുക്കണം" ഉടൻ, ഹോജ മറ്റൊരു ചോദ്യമാണ് അയാളോടു ചോദിച്ചത് - "മറ്റു സാധനങ്ങളുടെ കൂട്ടത്തിൽ താങ്കളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചോ?" അയാൾ പറഞ്ഞു -"ഇല്ല, പ്രഭോ!" ഹോജ തുടർന്നു - " അങ്ങനെയെങ്കിൽ, ആ കള്ളന്മാർ ഈ ഗ്രാമത്തിലുള്ളവരല്ല. ഇവിടെയുള്ള കള്ളന്മാർ മോഷണം പാതിവഴിയിൽ നിർത്തി പോകില്ല. മുഴുവൻ സാധനങ്ങളും കൊണ്ടുപോകും" അയാൾ ചോദിച്ചു - "യജമാനനേ, ഇനി ഞാൻ എന്തു ചെയ്യും?" ഹോജ പറഞ്ഞു -"അടുത്ത ഗ്രാമത്തിലെ ന്യായ...

(1163) ആടിൻ്റെ തല!

  ഹോജയുടെ നാട്ടിൽ ഒരു പിശുക്കനായ മനുഷ്യൻ താമസിച്ചിരുന്നു. അയാൾ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്താണ് ഈ ധനമത്രയും ഉണ്ടാക്കിയത്. അതിനാൽ, ഹോജയ്ക്ക് പണം കടമായി ഒരിക്കലും അയാളുടെ കയ്യിൽ നിന്നും കിട്ടിയില്ല. അങ്ങനെ പിശുക്കനെ ഹോജ ഒരു ശത്രുവായിട്ടാണ് കണ്ടിരുന്നത്. ഒരു ദിവസം ആ ധനികൻ്റെ ആട് ഒരു കലത്തിൽ തലയിട്ടു. അതിൻ്റെ തല പുറത്തെടുക്കാൻ പറ്റാതെ വെപ്രാളപ്പെട്ട് നടക്കുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"മുതലാളീ, ആ കലം തല്ലിപ്പൊട്ടിച്ചാൽ ആടിൻ്റെ തല പുറത്തെടുക്കാമല്ലോ" അയാൾ പറഞ്ഞു - "ചന്തയിൽ നിന്നും ഞാൻ പണം കൊടുത്തു വാങ്ങിയ കലം പൊട്ടിക്കാതെ എങ്ങനെയെങ്കിലും ആടിൻ്റെ തല വെളിയിൽ എടുക്കണം" അന്നേരം, ആളുകൾ പറഞ്ഞു - "മുതലാളീ, എന്തെങ്കിലും സൂത്രവിദ്യയിലൂടെ ഇതു പരിഹരിക്കാൻ ഹോജയ്ക്കു കഴിയും" അങ്ങനെ, ഹോജ അവിടെയെത്തി. അരയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ആടിൻ്റെ കഴുത്തു വെട്ടി! എന്നിട്ട് ആ കലം കലിപ്പോടെ എറിഞ്ഞ് ഉടച്ചു! അപ്പോൾ അടിൻ്റെ തലമാത്രം എടുത്ത് ഹോജ ആ പിശുക്കനു കൊടുത്തു. തൻ്റെ കലവും ആടും പോയ വിഷമത്തിൽ പിശുക്കൻ തളർന്നു വീണു! Written by Binoy Thomas, Malayalam eBooks-1163 - Hoja stories -...

(1162) കുരങ്ങൻ്റെ തേൻ കൊതി!

  സിൽബാരിപുരംദേശം കൊടും കാടായി കിടന്നിരുന്ന കാലം. പൊതുവെ, നല്ല കാലാവസ്ഥയുള്ള പ്രദേശമായിരുന്നു അത്. എന്നാൽ, ഒരു വേനൽക്കാലം അതികഠിനമായി കാടിനെ വരൾച്ചയിലാക്കി. കാട്ടിലെ ഉറവകൾ എല്ലാം വറ്റിയിരിക്കുന്നു. മൃഗങ്ങൾ വെള്ളം കിട്ടാനായി തലങ്ങും വിലങ്ങും പാഞ്ഞു. അങ്ങനെ, ആ പ്രത്യേക സാഹചര്യത്തിൽ കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി സങ്കടത്തിലായി. അക്കൂട്ടത്തിലെ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു -"ഈ കാട്ടിൽ ഇനിയും നിന്നാൽ ചിലപ്പോൾ മുളങ്കൂട്ടങ്ങൾ തമ്മിൽ ഉരസി കാട്ടുതീ പിടിക്കാൻ സാധ്യതയുണ്ട്. നമുക്ക് എത്രയും വേഗം കോസലപുരം കാട്ടിലേക്കു പോയേ മതിയാകൂ" അന്നേരം, ആന പറഞ്ഞു -"കാര്യം ശരി തന്നെ. പക്ഷേ, നമ്മൾ അങ്ങോട്ടു ചെല്ലുമ്പോൾ അവിടെയുള്ള മൃഗങ്ങളുമായി ഘോരയുദ്ധം ഉണ്ടാകില്ലേ?" കുറുക്കൻ തുടർന്നു - "നമ്മൾ അധികാരം സ്ഥാപിക്കാൻ വന്നതല്ല എന്നുള്ള കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം. എങ്കിലും പോരാട്ടം നടന്നേക്കാം. പക്ഷേ, ഇവിടെ കാട്ടുതീയിൽ പെട്ട് വെന്തു മരിക്കുന്നതിലും ഭേദമാണ് പോരാടിയുള്ള വീരമരണം സംഭവിക്കുന്നത്" അവർ ഒരുമിച്ച് അയൽ കാട്ടിലേക്ക് വിശപ്പും ദാഹവും മറന്ന് യാത്രയായി. അതിനിടയിൽ ഉയരമേറിയ മ...

(1161) വളർത്തുദോഷം!

പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടും നാടും ഇടകലർന്നു കിടന്നിരുന്ന കാലം. രാവുണ്ണി എന്നൊരു ധീരനായ ചെറുപ്പക്കാരൻ അവിടെ കുടുംബമായി താമസിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.  കാട്ടിൽ  പോയി വിറകു ശേഖരിച്ച് കെട്ടുവിറക് ചന്തയിൽ വിൽക്കുകയാണ് അയാളുടെ ജോലി. ഒരു ദിവസം, അയാൾ തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ കാട്ടുപള്ളയിൽ ഒരു ഞരക്കം കേട്ടു. ഒരു ചെന്നായ്ക്കുട്ടി ആയിരുന്നു അത്. രാവുണ്ണി അതുമായി വീട്ടിലെത്തി. വീട്ടുകാർക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ലായിരുന്നു. എന്നാൽ, അയൽപക്കത്തുള്ള വൃദ്ധൻ പറഞ്ഞു -"എടാ, രാവുണ്ണി, നീ അതിനെ കാട്ടിൽ കൊണ്ടു പോയി കളയൂ. ഇതിന് മൂന്ന് വയസ്സാകുമ്പോൾ പിന്നെ തീറ്റി കൊടുക്കുന്ന ഒരാളിനോടു മാത്രമേ സ്നേഹം കാണിക്കൂ. പിന്നീട്, ചെന്നായ്ക്കളുടെ ക്രൂരത തെളിഞ്ഞു വരും. എൻ്റെ ചെറുപ്പത്തിൽ ഇങ്ങനെ സംഭവിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട്" രാവുണ്ണി പറഞ്ഞു -"അമ്മാവാ, പിള്ളേർക്ക് കളിക്കാൻ ഞാൻ കൊണ്ടുവന്നതാണ്. അടുത്ത കൊല്ലം കാട്ടിൽ കയറ്റി വിട്ടേക്കാം" പക്ഷേ, വർഷങ്ങൾ മൂന്നു കഴിഞ്ഞിട്ടും അയാൾ അതിനെ മെരുക്കി വളർത്തി. കാരണം, ചെന്നായ ആ വീട്ടിലെ കുട്ടികളുടെ കളിക്കൂട്ടായി ഇതിനോടകം...

(1160) അടിമയുടെ അടിമ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു.  ഇഷ്ടമല്ലാത്ത ചെറിയ കാര്യങ്ങൾക്കു പോലും ഉഗ്രകോപം വരുന്ന രീതി രാജാവിന് ഉണ്ടായിരുന്നു.  ദേഷ്യം വന്നാൽ വാളെടുത്ത് വീശുന്നത് പതിവാണ്.  ഒരിക്കൽ, രാജാവ് കുതിരപ്പുറത്ത് ദൂരെ ദേശത്തേക്ക് യാത്ര പോകേണ്ട ആവശ്യമുണ്ടായി. അങ്ങനെ, രാജാവ് കുറെ ദൂരം പിന്നിട്ടപ്പോൾ വല്ലാത്ത വിശപ്പും ദാഹവും തോന്നി. അടുത്ത് എവിടെയെങ്കിലും ഭക്ഷണശാല ഉണ്ടോയെന്ന് ആരോടെങ്കിലും ചോദിക്കാൻ തീരുമാനിച്ചു. എന്നാൽ, രാജാവ് യാത്ര ചെയ്ത വഴിയിൽ ആരെയും കണ്ടില്ല. ഒടുവിൽ, വഴിയരികിലെ മരത്തണലിൽ പരദേശിയായ സന്യാസി ഉറങ്ങുന്നതു കണ്ടു. രാജാവ് ചോദിച്ചു - "ഇവിടെ അടുത്ത് എവിടെങ്കിലും ഭക്ഷണശാലയുണ്ടോ?" അതുകേട്ട് കണ്ണു തുറന്ന സന്യാസി ചോദിച്ചു - "നിങ്ങൾ ആരാണ്?" പെട്ടെന്ന്, രാജാവിന് ദേഷ്യം ഇരച്ചുകയറി - "ഞാൻ രാജാവാണ്. നീ എൻ്റെ രാജ്യത്തിലെ അടിമയും" അതുകേട്ട്, സന്യാസി പുഞ്ചിരിച്ചു. അതുകണ്ട്, രാജാവ് വാൾ വീശി വിറച്ചു! അന്നേരം, സന്യാസി പറഞ്ഞു -"ഇപ്പോഴാണ് താങ്കൾ ആരാണെന്ന് എനിക്കു ശരിക്കും മനസ്സിലായത് " രാജാവ് ഗർജ്ജിച്ചു - "എന്തു മനസ്സിലായി?" സന്യാ...

(1159) പിരിമുറുക്കം കുറയ്ക്കുന്ന വാരിക?

  ബിജേഷ് ജോലി കഴിഞ്ഞ് വീടിന് അടുത്തുള്ള നാൽക്കവലയിൽ ബസ് ഇറങ്ങുമ്പോൾ വീട്ടുസാമാനങ്ങൾ മേടിക്കാനായി കയറുന്ന ഒരു പലചരക്ക് കടയുണ്ട്. അവിടെ സ്ഥിരമായി വരുന്ന കരുണൻചേട്ടൻ്റെ കയ്യിൽ മിക്കവാറും ചുരുട്ടിപ്പിടിച്ച ഒരു വാരിക കാണും. ഇക്കാലത്ത് വാരികയുടെ പ്രചാരം കുറവെങ്കിലും വീക്ക്ലികൾ കടയിൽ വരുന്ന ദിവസം തന്നെ ആ ചേട്ടൻ വാങ്ങി ചുരുട്ടി കക്ഷത്തിൽ വയ്ക്കും. സാധാരണയായി എന്തെങ്കിലും കുശലം ബിജേഷ് അയാളുമായി പറയാറുണ്ട്. ഒരിക്കൽ, ബിജേഷ് ചോദിച്ചു - "ഈ ടീവിയുടെയും ഫോണിൻ്റെയും കാലത്ത് ചേട്ടൻ, വീക്കിലി സ്ഥിരമായി വായിക്കുമോ?'' അയാൾ പറഞ്ഞു -"എനിക്ക് ടിവി കണ്ടാൽ ഉള്ള ടെൻഷൻ കൂടുകയേ ചെയ്യൂ. വൈഫ് സീരിയലു മുഴുവൻ കാണും. പക്ഷേ, ഞാൻ ആ വശത്തേക്കു പോകാറില്ല. പക്ഷേ, പണ്ടു മുതൽക്കേ മാസികയും വാരികയുമൊക്കെ വലിയ ഇഷ്ടമാ " അന്നേരം, ബിജേഷ് ന്യായമായ ഒരു സംശയം ഉന്നയിച്ചു - "ഒരു വീക്കിലി കുറെ മണിക്കൂറിനുള്ളിൽ തീരുമല്ലോ. ബാക്കി ദിവസം എന്തു ചെയ്യും?" കരുണൻ ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു -"അതൊക്കെ ഞാൻ കൈകാര്യം ചെയ്യും. വായിച്ച വീക്കിലി രണ്ടു ദിവസം കഴിയുമ്പോൾ പിന്നെയും വായിക്കും" അതുകേട്ട്, ബിജേഷ് മാത...

(1158) ഫോറസ്റ്റ് ബാത്തിങ്!

  ഇന്ന്, ലോകത്തിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മനസ്സുഖം കുറഞ്ഞ ജീവിതവുമായി മുന്നോട്ടു പോകുന്ന കാര്യം. റഷ്യയിലെ ബയോകെമിസ്റ്റ് Boris P. Tokin 1930 ൽ മരങ്ങളും കുറ്റിച്ചെടികളും Phytoncides എന്നൊരു Antibiotic പുറത്തു വിടുന്നുണ്ടെന്ന്  ഗവേഷണങ്ങൾ വഴി തെളിയിച്ചു. ഇതൊരു organic volatile compound ആയതിനാൽ മരങ്ങൾക്കും ചെടികൾക്കും ദോഷം ചെയ്യാൻ വരുന്ന bacteria, fungus, insects എന്നിവയെ അകറ്റി നിർത്താനാണ് ഇത് ഉൽപാദിപ്പിക്കുന്നത്. നാം ഒരു പ്രദേശത്തിലൂടെ നടക്കുമ്പോൾ മരങ്ങളുടെ മണം മൂക്കിൽ കിട്ടുന്നുവെങ്കിൽ അതിനർഥം ഫൈറ്റോൺസൈഡ് ഉണ്ടെന്നാണ്. മനുഷ്യരിൽ എന്താണ് ഇതിൻ്റെ പ്രയോജനം? ഇത് ശ്വസിക്കുമ്പോൾ പിരിമുറുക്കം കൂട്ടുന്ന Stress hormones - Cortisol , adrenalin എന്നിവയുടെ ഉൽപാദനം തടയുന്നു/ കുറയ്ക്കുന്നു. തൽഫലമായി നമുക്ക് മനസ്സുഖം കിട്ടുന്നു. Immune system ശക്തിപ്പെടുന്നു. Natural Killer cells (NK cells) കൂടുന്നു. അതേ സമയം, ഈ കാര്യം ഏറ്റവും പ്രയോജനപ്പെടുത്തിയ രാജ്യം ജപ്പാനാണ്.  Shin-rin-yoku എന്ന forest bathing വഴിയാണ് മനുഷ്യനു ഗുണം കിട്ടുന്നത്. കൃത്രിമമായി വനം സൃഷ്ടിച്ച് അതിലൂടെ...

(1157) പിഴയിട്ട ശാപം!

  ഹോജയുടെ കയ്യിൽ പണം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഒരിക്കൽ, അയാൾ ഏതോ കാര്യം ആലോചിച്ചു കൊണ്ട് വഴിയിലൂടെ നടന്നു പോകുകയാണ്ട്. അന്നേരം, കാൽപാദം ഒരു കല്ലിൽ തട്ടി. ഹോജയുടെ വിരലിൽ രക്തം പൊടിഞ്ഞു. അയാൾ ദേഷ്യത്തോടെ കല്ലിനെ ശപിച്ച് ദേഷ്യം തീർത്തു. "നീ ഒരായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ" എന്നാൽ, പെട്ടെന്ന് പിറകിൽ നിന്നും ഒരാൾ അലറി വിളിച്ചു - "നീ എന്തിനാണ് എന്നെ ശപിച്ചത്?" ഹോജ ക്ഷമയോടെ പറഞ്ഞു -"ഞാൻ ശപിച്ചത് കല്ലിനെയാണ് " പക്ഷേ, ആ അപരിചിതന് അതു സ്വീകാര്യമായില്ല. അയാൾ ന്യായാധിപൻ്റെ പക്കൽ പരാതിയുമായി സമീപിച്ചു. അതിൻപ്രകാരം ഹോജയെ വിചാരണ ചെയ്യാൻ അവിടേക്ക് വിളിപ്പിച്ചു. സാധാരണയായി ഒരു കല്ലിനെ അത്തരത്തിൽ ആരും ശപിച്ചതു കേട്ടിട്ടില്ലാത്തതിനാൽ ന്യായാധിപന് ഹോജാ തെറ്റുകാരനായി തോന്നി. കോടതി ഹോജയ്ക്ക് 10 വെള്ളിനാണയം പിഴ വിധിച്ചു. എന്നാൽ, ഹോജയ്ക്ക് ദേഷ്യം ഇരച്ചുകയറി. അയാൾ 20 നാണയം ആ മനുഷ്യൻ്റെ കയ്യിലേക്ക് കൊടുത്ത് പറഞ്ഞു -"നീ രണ്ടായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ!" ശാപത്തിൻ്റെ പിഴ ഇരട്ടിച്ചു കൊടുത്ത് ഹോജ തൻ്റെ ശാപവും ഇരട്ടിയാക്കി സ്ഥലം വിട്ടു! Written by Binoy Thomas, Malay...

(1156) ഹോജയുടെ അപൂർവ്വ വസ്തു!

  ഹോജയ്ക്ക് എന്തൊക്കെയോ അപൂർവ്വമായ അറിവുകളും കഴിവുകളും ഉണ്ടെന്ന് ആ നാട്ടുകാർ വിശ്വസിച്ചിരുന്നു. ഒരിക്കൽ, ആ ദേശത്തിലൂടെ നാല് തത്വചിന്തകന്മാരായ ബുദ്ധിജീവികൾ കടന്നു പോകുകയായിരുന്നു. ബൗദ്ധികമായ ചോദ്യോത്തരങ്ങളും ദർശനങ്ങളും വാക്പോരുകളും തർക്കശാസ്ത്രങ്ങളുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു. അതുവഴി പോയപ്പോൾ  അവരോട് ഹോജയെ കാണുന്നത് നല്ലതായിരിക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. അങ്ങനെ, ഹോജയുടെ വീട്ടിൽ നാലുപേരും എത്തി ഹോജയോടു പറഞ്ഞു -"ഞങ്ങൾ സത്യാന്വേഷികളാണ്. അങ്ങയിൽ നിന്നും പരമസത്യങ്ങൾ ഞങ്ങൾക്ക് അറിയണമെന്നുണ്ട് '' ഉടൻ, ഹോജ പറഞ്ഞു -"എനിക്കു സമ്മതമാണ്. പക്ഷേ, നിങ്ങൾ ഓരോ ആളും 50 വെള്ളി നാണയം വീതം എൻ്റെ ഉത്തരത്തിനായി തരണം" അവർ ഞെട്ടലോടെ പറഞ്ഞു -"ഞങ്ങളുടെ ചോദ്യത്തിന് 50 നാണയം വളരെ വലിയ കൂലിയാണ്. എന്താണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്?" ഉടൻ ഹോജ പറഞ്ഞു -"അപൂർവ്വമായ അറിവിന് കനത്ത വിലയാണ്. ഉദാഹരണത്തിന് രാജാവിൻ്റെ കിരീടത്തിലെ വജ്രക്കല്ല് അപൂർവ്വമായതിനാൽ അതിൻ്റെ വില ആയിരം സ്വർണ്ണ നാണയമല്ലേ?" അവർ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു. Written by Binoy Thomas, Mala...

(1155) ഹോജയും നാടുവാഴിയും

  ഹോജ മുല്ല താമസിച്ചിരുന്ന പ്രദേശത്തെ നാടുവാഴിയും ഹോജയും തമ്മിൽ നല്ല സൗഹൃദമായിരുന്നു. ഹോജയുടെ പ്രവൃത്തികളും നർമ്മഭാവനയുമെല്ലാം നാടുവാഴിക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം അവരുടെ സംസാരത്തിനിടയിൽ സ്വർഗ്ഗവും നരകവും എന്ന വിഷയം കടന്നുവന്നു. അന്നേരം, നാടുവാഴി ഹോജയോടു ചോദിച്ചു - "എടോ, എനിക്ക് സ്വർഗ്ഗത്തിലെത്താൻ താൻ ഒരു വഴി പറഞ്ഞു തരാമോ?" ഉടൻ, ഹോജ പറഞ്ഞു -"മുഴുവൻ സമയവും അങ്ങ് കിടന്നുറങ്ങിയാൽ സ്വർഗ്ഗത്തിലെത്താം" ഇതു കേട്ട് നാടുവാഴി അത്ഭുതപ്പെട്ടു. "എടോ, താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്?" ഹോജാ തുടർന്നു - "പ്രഭോ, ദിവസം മുഴുവൻ ദുഷ്കർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രമേ അങ്ങേയ്ക്ക് സ്വർഗ്ഗത്തിലെത്താൻ സാധിക്കൂ. അങ്ങയുടെ കാര്യത്തിൽ അതിനുള്ള എളുപ്പവഴി മുറിക്കു വെളിയിൽ വരാതെ ഉറങ്ങുകയാണ് " ഹോജ പറഞ്ഞതിൻ്റെ പൊരുൾ നാടുവാഴിക്കു പിടികിട്ടി. കാരണം, അയാൾ പകൽ മുഴുവനും പണിക്കാർക്ക് ആവശ്യമായ കൂലി കൊടുക്കാതെ അടിമപ്പണി കൊടുക്കുന്നു. നാട്ടുകാർക്ക് അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നു. ഇത്തരം രീതികൾ ദുഷ്കർമ്മത്തിൽ വരുന്നു! Written by Binoy Thomas, Malayalam eBooks-1155- H...

(1154) ഹോജയുടെ ചങ്ങാതികൾ!

  ഒരു കാലത്ത്, ഹോജയ്ക്ക് ധാരാളം പണം കൈവശമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ചുറ്റിനും സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കാരണം, ഹോജയ്ക്ക് പണം ചെലവാക്കുന്നതിൽ ഒരു മടിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം കണ്ട് ഒരു പ്രായമേറിയ അയൽവാസി ഹോജയെ കണ്ടപ്പോൾ ചോദിച്ചു - "ഹോജാ, താങ്കൾക്ക് അനേകം ചങ്ങാതിമാർ ഉണ്ടല്ലോ. എങ്കിലും ഇപ്പോൾ എത്രയെണ്ണം ഉണ്ടാകും?" ഹോജ യാതൊരു മടിയും കൂടാതെ പറഞ്ഞു - "ഇപ്പോൾ എത്ര കൂട്ടുകാർ ഉണ്ടെന്ന് എനിക്കറിയില്ല. എന്നാൽ, ഞാൻ ദരിദ്രനാകുന്ന ദിവസം കൃത്യമായി എത്ര ചങ്ങാതികൾ ഉണ്ടെന്ന് ഉറപ്പായും താങ്കളോട് പറയാം" ആപത്തു കാലത്താണ് ആരൊക്കെ കൂടെ ഉണ്ടാകും എന്ന സത്യം മനസ്സിലാക്കാൻ പറ്റുന്നത് എന്ന ആശയം അയൽവാസിക്ക് ഈ വിധം ലളിതമായി പറഞ്ഞു കൊടുക്കാൻ ഹോജയ്ക്കു കഴിഞ്ഞു. Written by Binoy Thomas, Malayalam eBooks-1154 - Hoja stories - 90, PDF- https://drive.google.com/file/d/1XfVjfUi3zZpGxBjq_WS-Xu0X9AFp7uKq/view?usp=drivesdk

(1153) ഹോജയുടെ മകൻ!

  ഹോജാകഥകളിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ കടന്നു വരുന്നത് ഭാര്യ ആമിനയുടെ കാര്യം മാത്രമാണ്. മകൻ്റെ പരാമർശം വളരെ ചുരുക്കം കഥകളിൽ മാത്രമേ ഉള്ളൂ. ഹോജയുടെ മകൻ രംഗത്തു വരുന്ന ഒരു കഥ വായിക്കൂ. ഒരു ദിവസം, ഹോജയുടെ മകൻ അടുത്ത വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കൊണ്ടുവരാൻ മൺകുടവും എടുത്തു കൊണ്ടു പോകുകയാണ്. അന്നേരം ഹോജാ പറഞ്ഞു -"എടാ, നീ ഇവിടെ വരൂ!" അവൻ ഹോജയുടെ അടുക്കലെത്തിയപ്പോൾ അയാൾ അവൻ്റെ കാൽ തുടയിൽ കൈവച്ച് വീശിയടിച്ചു! അവൻ കരഞ്ഞു കൊണ്ട് വെള്ളമെടുക്കാനായി ഓടിപ്പോയി. ഇതത്രയും കണ്ടുകൊണ്ട് ഹോജയുടെ സുഹൃത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.  അയാൾ ഹോജയോട് പരിഭവപ്പെട്ടു - "നിങ്ങൾ എന്തൊരു മനുഷ്യനാണ്? ആ കുട്ടി കുടം താഴെയിട്ടില്ലല്ലോ? പിന്നെ എന്തിനാണ് ഇങ്ങനെ യാതൊരു ആവശ്യവും ഇല്ലാതെ തല്ലിയത്?" ഉടൻ, ഹോജ പറഞ്ഞു -"തല്ലിൻ്റെ ആവശ്യം ഇപ്പോഴാണ്. അല്ലാതെ, കുടം താഴെയിട്ടിട്ട് അവനെ തല്ലിയിട്ട് എന്തു പ്രയോജനം? പൊട്ടിയ കുടം വീണ്ടും ഒന്നിക്കുമോ? ഈ അടി കിട്ടിയതിനാൽ നല്ലവണ്ണം ശ്രദ്ധിച്ച് കുടത്തിൽ വെള്ളവുമായി തിരികെ വരട്ടെ" Written by Binoy Thomas, Malayalam eBooks-1153-Hoja stories - 89, PDF- https:...

(1152) ഹോജയുടെ മന്തൻ പള്ളി!

  ഒരു കാലത്ത്, ഹോജയ്ക്ക് ഏതോ ഒരു അത്യാവശ്യ കാര്യസാധ്യം വേണ്ടി വന്നു. ആ സമയത്തൊക്കെ അയാൾക്ക് ദൈവ വിശ്വാസം കൂടുതലായിരിക്കും. അങ്ങനെ അയാൾ കുറച്ച് അകലെയുള്ള വലിയ പള്ളിയിൽ പോകാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും മുടങ്ങാതെ കാര്യം സാധിച്ചു കിട്ടാനായി പ്രാർഥിക്കും. എന്നാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴും യാതൊന്നും നടന്നില്ല. അയാൾ നിരാശനായി. അത് ഹോജാ തൻ്റെ സുഹൃത്തിനോടു പറഞ്ഞു. അന്നേരം, സുഹൃത്ത് പറഞ്ഞു -"ഹോജാ, എനിക്ക് വിശ്വാസമുള്ള ഒരു ചെറിയ പള്ളിയുണ്ട്. അവിടെ പോയി പ്രാർഥിച്ചാൽ കാര്യം നടക്കും" അതിൻപ്രകാരം ഹോജാ അവിടെ ചെന്നു പ്രാർഥിച്ചപ്പോൾ അതിശയമായി. കാര്യം സാധിച്ചു! ഹോജാ ഉടൻ വലിയ പള്ളിയിലേക്കു വേഗത്തിൽ നടന്നു. അവിടെ ചെന്ന് അതിനുള്ളിൽ കയറിയിട്ട് നീരസപ്പെട്ടു - "വലിയ പള്ളിയാണെന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാൻ ഒരു ചെറിയ പള്ളിയിൽ പോയി കാര്യം നടന്നുകിട്ടി. വലിപ്പം മാത്രമേയുള്ളൂ. ഇതൊരു മന്തൻപള്ളിയാണ്'' ഹോജ പിന്നെ ഒരിക്കലും അവിടെ പ്രാർഥിക്കാനായി വന്നിട്ടില്ല. Written by Binoy Thomas, Malayalam eBooks-1152 -Hoja stories -88, PDF- https://drive.google.com/file/d/1whNhCF282CsayRgEYimfRJo1BC...

(1151) ഹോജയുടെ നിലനില്പ്!

  ഏതു സാഹചര്യത്തിലും ഹോജയുടെ നർമ്മഭാവന ഏറെ പ്രശസ്തമാണ്. ചെറിയ ഒരു ദൃഷ്ടാന്ത കഥ വായിക്കൂ. ഹോജ പതിവായി ആരാധനാലയത്തിൽ പോകാറുണ്ട്. പക്ഷേ, അവിടെ ഒരു പ്രശ്നവും ആളുകൾ നേരിടുന്നുണ്ടായിരുന്നു. അതായത്, ചെരിപ്പുകൾ ഊരി നടയിൽ ഇട്ടതിനു ശേഷം ആളുകൾ പ്രാർഥിക്കാൻ ഉള്ളിലേക്ക് പ്രവേശിക്കുന്നു. കുറെ സമയം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ സ്വന്തം ചെരിപ്പ് കിടന്നിടത്ത് ഒരു പൊടി പോലും കാണില്ല! ഈ കാര്യം ഹോജയെയും വല്ലാതെ അലട്ടിയിരുന്നു. അതിനാൽ പഴയ ചെരിപ്പുകൾ കഴിവതും അയാൾ അവിടെ വരാൻ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരിക്കൽ ഹോജ പുതിയ ചെരിപ്പ് വാങ്ങി പ്രാർഥനയ്ക്കു വന്നു. ആ ചെരിപ്പ് മോഷണം പോകാനുള്ള സാധ്യത ഓർത്തപ്പോൾ അയാൾ രണ്ടും കല്പിച്ച് ചെരിപ്പിട്ട് ആദ്യമായി ആരാധനാലയത്തിൽ കയറി! പ്രാർഥന കഴിഞ്ഞ് ഹോജ ഇറങ്ങിയപ്പോൾ ഒരാൾ പറഞ്ഞു -"എടോ! ചെരിപ്പിട്ടുള്ള പ്രാർഥനയ്ക്ക് യാതൊരു നിലനില്പുമില്ലാ" ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാവാം. പക്ഷേ, ഞാൻ ചെരിപ്പില്ലാതെ അകത്തു കയറിയാൽ പുറത്തെ ചെരിപ്പിന് യാതൊരു നിലനില്പുമില്ല" അയാൾ അതുകേട്ട് കണ്ണുമിഴിച്ചു! Written by Binoy Thomas, Malayalam eBooks-1151 - Hoja - 87, PDF- https://drive.google.co...

(1150) ഹോജയുടെ സൂപ്പ്!

  ചില അവസരങ്ങളിൽ ഹോജയുടെ കയ്യിൽ നിന്നും പലരും വിവിധ സാധനങ്ങൾ കബളിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട്. ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഒരു കോഴിയെ ഹോജയ്ക്കു കൊടുത്തു. അതേ സമയം, കോഴിയെ ദാനം ചെയ്ത കാര്യം ആ സുഹൃത്ത് പലരോടും പൊങ്ങച്ചമായി വിളമ്പിയിരുന്നു. അതു കേട്ടപ്പോൾ ചിലർ വിചാരിച്ചു - ഹോജയുടെ പാചകം കൊട്ടാരത്തിൽ വരെ പ്രശസ്തമാണ്, അതിനാൽ ഇന്ന് ഹോജയുടെ വീട് സന്ദർശിച്ചാൽ രുചിയേറിയ കോഴിവിഭവം എന്തെങ്കിലും തരപ്പെടും! ഹോജ കോഴിയെ കൊന്ന് സ്വാദേറിയ കോഴിസൂപ്പ് ഉണ്ടാക്കി. അന്നേരം, വാതിലിൽ ഒരു മുട്ടു കേട്ടു. വാതിൽ തുറന്നപ്പോൾ ഒരാൾ വീടിനകത്തേക്കു കയറി പറഞ്ഞു - "ഇന്ന് ഹോജയ്ക്കു കോഴിയെ സമ്മാനിച്ച ആളിൻ്റെ സഹോദരനാണു ഞാൻ" വന്നതിൻ്റെ ഉദ്ദേശ്യം മനസ്സിലായ ഹോജാ അടുക്കളയിൽ നിന്നും ഒരു കോപ്പയിൽ സൂപ്പ് വിളമ്പി അയാൾക്കു കൊടുത്തു. അവൻ തിരികെ പോയപ്പോൾ സൂപ്പ് കിട്ടിയ കാര്യം ബന്ധുവിനോടു പറഞ്ഞു. അയാൾ പാഞ്ഞ് ഹോജയുടെ വീട്ടിലെത്തി പറഞ്ഞു - "ഇന്ന് കോഴിയെ തന്ന ആളിൻ്റെ ബന്ധുവാണ് ഞാൻ " ഹോജ വിഷമത്തോടെ കോപ്പയുടെ പകുതി സൂപ്പും പകുതി ചൂടുവെള്ളവും നിറച്ച് സൂപ്പ് വിളമ്പി. അവൻ അതു ശാപ്പിട്ടു കഴിഞ്ഞ് വേഗം പോയി അവൻ്റെ ബന്ധുവിനോടു പറ...

(1149) ഫക്കീറിൻ്റെ ചികിൽസ!

  ഒരു കാലത്ത്, ഹോജയ്ക്ക് ഓർമ്മക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ നിസ്സാരമെന്ന് കരുതി തള്ളിയെങ്കിലും പിന്നീട് ചികിൽസ തേടണമെന്ന് തോന്നി. അങ്ങനെ പ്രശസ്ത ചികിൽസകനായ ഒരു ഫക്കീറിൻ്റെ അടുത്ത് ഹോജ ചികിൽസ തേടി. പക്ഷേ, ഫക്കീറിൻ്റെ നിർദ്ദേശ പ്രകാരം അയാളുടെ വീട്ടിൽ താമസിച്ച് ചികിൽസ തേടണമായിരുന്നു. അങ്ങനെ, ആ വീട്ടിൽ നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഫക്കീർ ഹോജയോടു ചോദിച്ചു - "ഹോജ, തനിക്ക് ഇപ്പോൾ രോഗം കുറവുണ്ടോ?" ഹോജ പറഞ്ഞു -"ഉവ്വ്, എനിക്ക് രോഗം കുറവുണ്ട് " ഫക്കീറിന് ഏറെ സന്തോഷം തോന്നി. അദ്ദേഹം ചോദിച്ചു -"എങ്ങനെയാണ് രോഗം കുറഞ്ഞതായി തോന്നിയത്?" ഹോജ പറഞ്ഞു -"ഇപ്പോൾ ഞാൻ എന്തൊക്കയോ മറന്നു പോകുന്നു എന്നുള്ള കാര്യം ഓർമ്മ വരുന്നുണ്ട് " ഇതുകേട്ട്, ഫക്കീർ ഞെട്ടി! ഹോജയെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്തു. Written by Binoy Thomas, Malayalam eBooks-1149- Hoja stories - 85, PDF- https://drive.google.com/file/d/1VGnWf2uxsNHkaU8MuDKgsmoS5WfbkW97/view?usp=drivesdk

(1148) സുഹൃത്തിൻ്റെ പരിഹാസം!

  ഹോജമുല്ലയുടെ ജീവിതത്തിൽ അനേകം പേരുടെ പരിഹാസം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. അതേ പോലെ, അദ്ദേഹവും അനേകം ആളുകളെ കളിയാക്കിയിട്ടുണ്ട്. ഇതിനിടയിൽ സുഹൃത്തുകളിൽ ചിലർക്ക് ഹോജയോട് അസൂയ ഉണ്ടായിരുന്നു. മുഖ്യമായും, ഹോജ കൊട്ടാരത്തിലെത്തി രാജാവുമായി ചങ്ങാത്തം ഉണ്ടായിരുന്നതാണ് ഇതിനു കാരണം. ഒരു ദിവസം, ഒരു നാൽക്കവലയിലൂടെ ഹോജ നടന്നു പോയ സമയം. ആൾത്തിരക്കുള്ള കവലയാണത്. ഒരുവൻ ഹോജയെ വിളിച്ച് ഉച്ചത്തിൽ കൂവി - "ഹോജ, കൊട്ടാരത്തിൽ ഒരു വലിയ വിരുന്ന് നടക്കുന്നുണ്ട്" ആ വിരുന്നിൽ രാജാവ് ഹോജയെ ക്ഷണിച്ചില്ല എന്ന് മറ്റാളുകളെ കേൾപ്പിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം. അതു മനസ്സിലാക്കിയ ഹോജ പെട്ടെന്ന് പറഞ്ഞു -"അതിന് എനിക്കെന്താ?" ഹോജ നിസ്സാരമായി അതു തള്ളിയെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും പരിഹസിക്കാനായി തുടർന്നു - "ഹോജയെ പ്രത്യേകം ക്ഷണിക്കാൻ രാജാവ് ദൂതനെ പറഞ്ഞു വിടുന്നുണ്ട്" അതിനും ചുട്ട മറുപടി ഹോജ കൊടുത്തു - "അതിന് തനിക്കെന്താ?" ചുരുങ്ങിയ രണ്ടു വാക്കുകളിൽ എതിരാളിയെ മലർത്തിയടിച്ച ഹോജയെ ആളുകൾ ആശ്ചര്യത്തോടെ നോക്കി. പിന്നീട്, മറ്റൊന്നും പറയാതെ, എതിരാളി ലജ്ജയോടെ അവിടം വിട്ടു. Written by Bino...