(1168) ഹോജയുടെ ഭാഗ്യം!
ഒരു ദിവസം, ഹോജമുല്ല രാവിലെ എണീറ്റപ്പോൾ ചിന്തിച്ചു - ഇന്ന് രാജാവിനെ കാണാൻ പോകണം. പക്ഷേ, എന്തെങ്കിലും ചെറിയ സമ്മാനമോ കാഴ്ചവസ്തുവോ ഇല്ലാതെ എങ്ങനെ പോകും?
ഹോജ തൻ്റെ വീട്ടിൽ എല്ലായിടത്തും നോക്കിയിട്ടും യാതൊന്നും കിട്ടിയില്ല. പിന്നെ, മുറ്റത്തേക്ക് ഇറങ്ങി. അന്നേരം, പറമ്പിലെ വലിയ മത്തങ്ങ കണ്ണിൽ പെട്ടു.
ഉടൻ, അയാൾ അതുമായി കൊട്ടാരത്തിലേക്ക് യാത്രയായി. പക്ഷേ, വഴിയിൽ വച്ച് സുഹൃത്ത് ചോദിച്ചു - "ഹോജ ഇതുമായി എങ്ങോട്ടാണ്?"
കൊട്ടാരത്തിലേക്ക് എന്നു മനസ്സിലായപ്പോൾ സുഹൃത്ത് പറഞ്ഞു -"ഇത്രയും വലിയ മത്തങ്ങയുമായി രാജാവിനെ കാണുന്നത് നാണക്കേടാണ്. ഇതിലും എത്രയോ ഭേദമാണ് ഒരു ചെറുനാരങ്ങയുമായി പോകുന്നത്?"
സുഹൃത്ത് തമാശയ്ക്കു പറഞ്ഞിട്ട് നടന്നു പോയി. പക്ഷേ, ഹോജ അതു ഗൗരവമായിട്ട് എടുത്ത് തിരികെ വീട്ടിലെത്തി മത്തങ്ങ അവിടെ വച്ചു. എന്നിട്ട് ഒരു ചെറുനാരങ്ങയുമായി കൊട്ടാരത്തിലെത്തി.
ആ ദിവസം, രാവിലെ ഏതോ കാര്യത്തിന് രാജാവ് കോപാകുലനായി നടക്കുന്ന സമയത്താണ് ഹോജാ രാജാവിൻ്റെ കയ്യിലേക്ക് നാരങ്ങാ കൊടുത്തത്.
അദ്ദേഹം, ദേഷ്യത്തോടെ ഹോജയുടെ തലയിലേക്ക് നാരങ്ങാ എറിഞ്ഞു! ഉടൻ, ഹോജ സന്തോഷത്തോടെ തിരിഞ്ഞോടി സുഹൃത്തിൻ്റെ അടുക്കലെത്തി പറഞ്ഞു -
"പ്രിയ സുഹൃത്തേ, താങ്കൾ എൻ്റെ ജീവൻ രക്ഷിച്ചു. വളരെ നന്ദി!"
Written by Binoy Thomas, Malayalam eBooks-1168 - Hoja stories - 98, PDF-https://drive.google.com/file/d/1-lJTuKfRHQAJ4IeH1mZnQ9BYmhRKEbHh/view?usp=drivesdk
Comments