(1036) മനസ്സു വായന!
ഒരു ദിവസം, ഹോജ മുല്ല ചന്തയിലേക്ക് നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു മുക്കവലയിലെത്തി. അന്നേരം, അപരിചിതനായ ആൾ എതിരെ വരുന്നുണ്ടായിരുന്നു. അയാൾ ഹോജയോടു ചോദിച്ചു - "മുല്ലാക്കാ, അക്സെഹിർ പട്ടണത്തിലേക്ക് ഇതിൽ എതുവഴിയിലൂടെ ഞാൻ പോകണം?" എന്നാൽ, ഇതിനു മറുപടി പറയാതെ ഹോജ അമ്പരന്നു! കാരണം, തൻ്റെ പേര് ഹോജ മുല്ലയെന്ന് ഇയാൾക്ക് അറിയാമല്ലോ. അല്ലെങ്കിൽ മുല്ലാക്കയെന്ന് വിളിക്കാൻ സാധ്യതയില്ല. ഉടൻ, ഹോജ അയാളോടു ചോദിച്ചു - "താങ്കളെ എനിക്ക് മുൻപരിചയമില്ല. ഇയാൾ ഈ ദേശക്കാരനുമല്ല. എന്നിട്ടും ഞാൻ മുല്ലാക്കയെന്ന് അറിഞ്ഞത് എങ്ങനെ?" അപ്പോൾ, അപരിചിതൻ ഒരു നിമിഷം ആലോചിച്ചു. താൻ വെറുതെ വിളിച്ചതെന്ന് പറയേണ്ടതില്ല. അല്പം പൊങ്ങച്ചം തട്ടിയേക്കാം. "ഞാൻ മുല്ലാക്കയെ ആദ്യമാണു കാണുന്നത്. എന്നാൽ, എനിക്കു മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള വിദ്യ കൈവശമുണ്ട്!" "ഹോ!" ഹോജ അതുകേട്ട് അത്ഭുതം കൂറി. അന്നേരം, അപരിചിതൻ വീണ്ടും ചോദിച്ചു - "പട്ടണത്തിലേക്ക് ഏതു വഴിയിലൂടെ പോകണം?" ഉടൻ, ഹോജ ചുട്ട മറുപടി കൊടുത്തു - "അതിനുള്ള മറുപടി ഞാൻ മനസ്സിൽ പറഞ്ഞു കഴിഞ്ഞു. താങ്കൾ മനസ്സു വായിച്ച് അറിഞ്ഞ ...