18/04/21

ഞണ്ടും കടലമ്മയും

സിൽബാരിപുരംദേശത്തിന്റെ കിഴക്കുദിക്കു മുഴുവനും മനോഹരമായ കടൽത്തീരമായിരുന്നു.

അവിടെ എല്ലാ ദിവസവും വൈകുന്നേരം ഒരു യോഗിവര്യൻ സൂര്യാസ്തമയ സമയത്ത് ധ്യാനിക്കാൻ വരുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി മിക്കപ്പോഴും നീലക്കടലിൽ ആയിരിക്കും. അവിടെ ചില മുക്കുവക്കുട്ടികൾ പഞ്ചാരമണൽപ്പരപ്പിൽ ഓടിക്കളിക്കുന്നുണ്ടാവും. എന്നാൽ, ആ ബഹളമൊന്നും യോഗിയെ തെല്ലും ബാധിക്കാറില്ലായിരുന്നു.

ഒരു ദിനം - അദ്ദേഹം കടൽക്കാറ്റിന്റെ തണുപ്പിൽ സന്തോഷത്തോടെ ഇരിക്കവേ, ഒരു ഞണ്ട് അതിന്റെ കൂട്ടുകാരൻഞണ്ടിന്റെ കാൽപാടുകൾ നോക്കി പിറകേ പോകുന്നതു കണ്ടു.

പെട്ടെന്ന് - ശക്തമായ ഒരു തിര വന്ന് രണ്ടു ഞണ്ടുകളെയും അടിച്ചു തെറിപ്പിച്ച് കടലിലേക്കു തിരികെ കൂട്ടിക്കൊണ്ടുപോയി. പിന്നെ, ഒരു മണിക്കൂർ കഴിഞ്ഞ് ഒരു ഞണ്ടിനെ കടൽത്തിര തീരത്തേക്ക് വീണ്ടും എറിഞ്ഞു. അവൻ ദേഷ്യത്തോടെ മണലിൽ കൂടി നടന്ന് യോഗിയുടെ അരികിലെത്തി. യോഗിയെ ഞണ്ട് ഇറുക്കാൻ ഭാവിച്ചപ്പോൾ അദ്ദേഹം പറഞ്ഞു -

"ഞാൻ നിനക്ക് ദ്രോഹമൊന്നും ചെയ്തില്ലല്ലോ. പിന്നെ, എന്തിനാണ് എന്നെ കുത്തിനോവിക്കുന്നത്?"

"ഹേ... സന്യാസീ... തനിക്ക് കണ്ണു കണ്ടു കൂടെ? ഞാനും കൂട്ടുകാരനും കൂടി ആർക്കും യാതൊരു ഉപദ്രവവും കൂടാതെ മണ്ണിൽ ഓടിക്കളിച്ചുകൊണ്ടിരുന്നപ്പോൾ കടലമ്മയുടെ ശക്തിയുള്ള തിര ഞങ്ങളെ തിരികെ കടലിലേക്കു വലിച്ചെടുത്തു. ആരും കാരണം നോക്കിയല്ല ഉപദ്രവിക്കുന്നത്!"

യോഗിവര്യൻ പുഞ്ചിരിക്കുന്നതു കണ്ടപ്പോൾ ഞണ്ട് ഇറുക്കാനായി കൊമ്പുകൾ ഉയർത്തി. യോഗിവര്യൻ പറഞ്ഞു -

"ഇവിടെ നിനക്കു തെറ്റിപ്പോയിരിക്കുന്നു. നിങ്ങൾ രണ്ടു പേരും കളിച്ചു കൊണ്ടിരുന്നപ്പോൾ സംഭവിച്ച യഥാർഥ കാര്യം നീ കേൾക്കണം. ആ സമയത്ത് ഇവിടെ ഒരു മനുഷ്യൻ ഞണ്ടിനെ പിടിക്കാനുള്ള കൂടയുമായി നിങ്ങളുടെ തൊട്ടു പിറകിലുണ്ടായിരുന്നു. തക്ക സമയത്ത്, കടലമ്മ അതു കണ്ട് ശക്തിയേറിയ തിരയെ വിട്ട് നിങ്ങളെ രക്ഷിച്ചു. അയാൾ ഇപ്പോൾ നിരാശയോടെ വീട്ടിലേക്കു മടങ്ങിയപ്പോഴാണ് കടലമ്മ തീരത്തേക്ക് നിന്നെ വിട്ടത്!"

ഞണ്ട് പൊടുന്നനെ തന്റെ തെറ്റു തിരുത്തി. കടലമ്മയോടും യോഗിവര്യനോടും ക്ഷമാപണം നടത്തി. അടുത്ത തിരയടിച്ചപ്പോൾ രണ്ടാമത്തെ ഞണ്ടും തീരത്തു കയറി. പിന്നീട്, അവർ മണലിലൂടെ ഒളിച്ചുകളിക്കാൻ തുടങ്ങി.

ആശയം-

ഈ പ്രകൃതിയില്‍, ആരുമറിയാതെ ആരൊക്കയോ ആരെയോ സഹായിച്ചുകൊണ്ടിരിക്കുന്നു. ചിലതൊക്കെ ഒരു മനുഷ്യായുസ്സ് മുഴുവനെടുത്താലും മനസ്സിലാക്കാന്‍ സാധിക്കില്ല. നന്മയുടെ പാഠങ്ങള്‍ പ്രകൃതിയില്‍ നോക്കി മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

17/04/21

കലാകാരന്റെ കൗശലം

സിൽബാരിപുരംരാജ്യവും കോസലപുരംരാജ്യവും ശത്രുതയിൽ കഴിഞ്ഞിരുന്ന കാലം. സൈന്യബലത്തിൽ ഇരു രാജ്യങ്ങളും ഏകദേശം തുല്യമായിരുന്നു. വീരകേശു രാജാവ് യുദ്ധത്തിനായി ഒരുങ്ങിയെങ്കിലും ഒരു രാത്രിയിൽ മിന്നലാക്രമണത്തിലൂടെ അദ്ദേഹത്തെ കോസലരാജാവ് ആക്രമിച്ചു. പിന്നീട്, പൊരിഞ്ഞ പോരാട്ടം നടന്നു. ഒടുവിൽ വീരകേശു അയാളെ വധിച്ചു. അപ്പോൾ, അയാളുടെ കൂട്ടാളികൾ പിന്തിരിഞ്ഞോടി.

എങ്കിലും, യുദ്ധത്തിനിടയിൽ വീരകേശുവിന്റെ വലതുകണ്ണിനു മുറിവുപറ്റി കാഴ്ച പോയി. അതു പിന്നീട് നീക്കം ചെയ്തു. ഇടതുകാൽ മുട്ടിനു താഴെ അറ്റുപോയി. ആറു മാസത്തെ വിദഗ്ധ ചികിൽസകൾക്കു ശേഷം രാജാവ് സുഖം പ്രാപിച്ചു.

പിന്നീട് യുദ്ധങ്ങളൊന്നും ഉണ്ടായില്ല.

ഒരു ദിവസം, രാജാവിന് ഒരു മോഹമുദിച്ചു- തന്റെ എണ്ണഛായാചിത്രം ഈ ഭിത്തിയിൽ അലങ്കരിക്കണം. ഇനി വരുംതലമുറ എന്നെ ഒരിക്കലും മറക്കാതിരിക്കാൻ ഇതൊരു നല്ലൊരു കാര്യമായിരിക്കും. പക്ഷേ, ഒരു പ്രശ്നം അപ്പോൾ രാജാവിനെ അലട്ടി. ഒരു കണ്ണും പാതി കാലും ഇല്ലാത്ത രാജാവിന്റെ ചിത്രം എങ്ങനെ മനോഹരമാകും?

വൈകല്യങ്ങളോടെ ജനിച്ചു ജീവിച്ചു മരിച്ച രാജാവായിട്ടല്ലേ ഈ ലോകം എന്റെ ചിത്രം കാണുന്നവർക്കു തോന്നുകയുള്ളൂ?

വാസ്തവത്തിൽ രാജാവിന് അംഗഭംഗം വന്നത് നാല്പത്തഞ്ചു വയസ്സുള്ളപ്പോഴായിരുന്നു. ഒടുവിൽ, രാജാവ് കല്പന പുറപ്പെടുവിച്ചു -

"കൊട്ടാരഭിത്തിയിൽ വയ്ക്കാനുള്ള എന്റെ ചിത്രം നന്നായി വരയ്ക്കുന്നവർക്ക് ആയിരം സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കുന്നതാണ്''

വലിയ സമ്മാനത്തിൽ മനസ്സുടക്കി പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ കൊട്ടാരത്തിന്റെ ഡർബാർഹാളിൽ എത്തിച്ചേർന്നു.

ഓരോ ആളും രഹസ്യമായി തങ്ങളുടെ ശൈലി മനസ്സിലാക്കാതിരിക്കാൻ വേണ്ടി ഇരുപതു മുറികളിലിരുന്ന് വരയ്ക്കാൻ തുടങ്ങി. ഒരാഴ്ചയായിരുന്നു അവർക്ക് അനുവദിച്ചിരുന്ന സമയം. ഏഴു ദിനങ്ങൾ പെട്ടെന്ന് കടന്നു പോയി.

ഇരുപതു മുറിയിലും ചിത്രം കാണാൻ അദ്ദേഹം കയറിയിറങ്ങി.

ചില ചിത്രകാരന്മാർ സത്യസന്ധമായി വരച്ചു. ഒരു കണ്ണും അരക്കാലും നഷ്ടപ്പെട്ട രാജാവ് സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം. കാരണം, ചിത്രത്തിൽ കൃത്രിമം കാട്ടി മനോഹരമാക്കിയാൽ എന്തെങ്കിലും രാജകോപം വരാതെ ഒഴിവാക്കാനായിരുന്നു അത്.

മറ്റു ചിലർ, ഒരു വശം ചരിഞ്ഞു നിൽക്കുന്ന പടം വരച്ചു. 

മറ്റൊരു കൂട്ടർ, ഒരു വശം ചരിഞ്ഞ് ഇരിക്കുന്ന രാജാവിനെ വരച്ചു.

രണ്ടു പേർ വരച്ചത് പട്ടുതുണി കൊണ്ട് പുതച്ച രാജാവിനെയായിരുന്നു. അതു കണ്ട് രാജാവ് പൊട്ടിച്ചിരിച്ചു, കാരണം, അവയെല്ലാം പൂർണ്ണതയില്ലാത്തതായി രാജാവിനു തോന്നി. അവസാനത്തെ മുറിയിൽ കയറിയ രാജാവ് തന്റെ ചിത്രം കണ്ട് അമ്പരന്നു!

കുതിരപ്പുറത്ത് കയറിയിരുന്ന് വലതുകണ്ണടച്ച് ഉന്നം നോക്കി അമ്പെയ്യുന്ന രാജാവ്! കുതിരയുടെ മറുവശത്തെ രാജാവിന്റെ മുറിഞ്ഞ ഇടതുകാൽ സ്വാഭാവികമായി കാണാനും വയ്യ!

ഈ ചിത്രത്തിൽ സംപ്രീതനായ രാജാവിന്റെ ആയിരം സ്വർണനാണയം ആ കലാകാരൻ കരസ്ഥമാക്കി.

ആശയം-

മറ്റാര്‍ക്കും ദോഷമില്ലാത്ത കൗശലങ്ങള്‍ പ്രയോഗിക്കുന്നത് തന്റെ കര്‍മത്തിലെ വിരുതാണ്. അതില്‍ തെറ്റില്ല. ഇക്കാലത്ത്, അസാമാന്യ കൗശലവും മെയ് വഴക്കവുമില്ലാതെ ജീവിതം സുഗമമാകുമോ? കര്‍മരംഗം മെച്ചപ്പെടുത്തുന്ന നല്ല കൗശലങ്ങള്‍ പ്രയോഗിക്കുക. 

16/04/21

ഭഗവാന്റെ സാമീപ്യം

സിൽബാരിപുരംരാജ്യത്ത് പ്രശസ്തമായ ഒരു ഗുരുകുലമുണ്ടായിരുന്നു. വീരമണി  എന്നു പേരായ ഗുരുജി ഓരോ വർഷവും പത്തു കുട്ടികളെ വീതം അവിടെ താമസിച്ചു പഠിക്കാൻ തെരഞ്ഞെടുക്കും. അഞ്ചു വർഷത്തെ പഠനശേഷം ഓരോ സംഘവും തിരികെ വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.

ഓരോ വർഷത്തെയും ഏറ്റവും മിടുക്കനായ ശിഷ്യന് സമ്മാനമായി നൽകാൻ നൂറു സ്വർണനാണയങ്ങൾ കൊട്ടാരംവകയായി ഏർപ്പെടുത്തിയത് കുട്ടികൾക്കൊരു പ്രോൽസാഹനമായി മാറി.

അങ്ങനെ, ഒരു വിദ്യാരംഭ ദിനം അടുത്തുവന്നു. അന്ന്, പുതിയ കുട്ടികളെ എഴുത്തിനിരുത്തുകയും പഠനം പൂർത്തിയായവർ മടങ്ങുകയും ചെയ്യും.

ഇത്തവണ, പത്തുപേരിൽ സമ്മാനത്തിന് ഒരുപോലെ യോഗ്യരായ നാലു പേരുണ്ടായിരുന്നു. വീരമണിഗുരുജി അവരെ വിളിച്ച് ഇപ്രകാരം പറഞ്ഞു -

"നിങ്ങൾ നാലുപേരും സാൽബാരിവനത്തിൽ പോകണം. അതിനുള്ളിൽ നാലു ദിക്കിലേക്കും ഓരോ ആളും പോയി നിങ്ങൾ ഓരോരുത്തർക്കും ഏറ്റവും ഇഷ്ടമുള്ള പഴം ഇവിടെ എനിക്ക് കൊണ്ടുവന്നു തരണം"

അടുത്ത പ്രഭാതത്തിൽ കയ്യിലൊരു തുണി സഞ്ചിയുമായി അവർ യാത്ര തിരിച്ചു. ഉച്ചയായപ്പോൾ കാട്ടിലെത്തി. പിന്നീട്, നാലു ദിക്കിലേക്കു തിരിഞ്ഞു.

ഒന്നാമന് ഏറ്റവും ഇഷ്ടമുള്ളത് കാട്ടു മുന്തിരിയായിരുന്നു. അവൻ തന്റെ സഞ്ചി നിറയെ മുന്തിരിക്കുല നിറച്ച് തിരികെ നടന്നു.

രണ്ടാമന് ഇഷ്ടമുള്ളത് കാട്ടിലെ അപൂർവ ഇനം മാങ്ങാപ്പഴമായിരുന്നു. അത് സഞ്ചിയിൽ കുത്തിനിറച്ചു.

മൂന്നാമന്റെ ഇഷ്ടപ്പെട്ട ഫലം ചക്കപ്പഴമായിരുന്നു. അതിന്റെ ചുളകൾ സഞ്ചിയിൽ പറിച്ചിട്ടു.

നാലാമന് കൊതിയുണ്ടായിരുന്നത് വലിയ കാട്ടു മൾബറിപ്പഴങ്ങളാണ്. അവൻ അത് സഞ്ചിയിൽ ശേഖരിച്ചു.

തിരികെ കാടിനു വെളിയിൽ വന്നപ്പോൾ അവർക്കു പരസ്പരം കണ്ടുമുട്ടാനായില്ല. തങ്ങൾക്ക് ഏറ്റവും കൊതിയുള്ള പഴങ്ങളുടെ സഞ്ചിയുമായി നടക്കവേ, രണ്ടു ശിഷ്യന്മാർക്ക് കൊതിയടക്കാൻ സാധിച്ചില്ല. അവർ യാത്രക്കിടയിൽ ഓരോന്ന് തിന്നുകൊണ്ടിരുന്നു. ആ സമയത്ത്, അവർ രണ്ടു പേരുടെയും മനസ്സിൽ ഒരേ തരം ചിന്തയുദിച്ചു -

"എത്രയെണ്ണം വേണമേന്നോ, സഞ്ചി നിറയെ വേണമെന്നോ ഗുരുജി പറഞ്ഞിട്ടില്ലല്ലോ. ഇതിൽ നിറയെ പഴങ്ങൾ ഉണ്ടായിരുന്നെന്ന് ഗുരുജി എങ്ങനെ അറിയാനാണ് ?"

അന്ന്, വൈകുന്നേരമായപ്പോൾ നാലുപേരും പഴസഞ്ചി ഗുരുജിയെ ഏൽപ്പിച്ചു. രണ്ടുപേർക്ക് കൊതിയടക്കാൻ പറ്റിയില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി.

എന്നാൽ, രണ്ടു പേർ സമനില പാലിച്ചതിനാൽ അദ്ദേഹം പിന്നെയും ഒരു കാര്യം രണ്ടു പേരോടുമായി ആവശ്യപ്പെട്ടു -

"നിങ്ങൾ കൊണ്ടുവന്ന പഴങ്ങൾ ഒന്നുപോലും എനിക്കു വേണ്ട, പക്ഷേ, ഓരോ ആളും ആരും കാണാത്ത സ്ഥലത്തു പോയി തിന്നോളൂ...."

ഒന്നാമൻ, ആശ്രമത്തിലെ അടച്ചിട്ട മുറിയിൽ കയറിയതുപോലെ തിരിച്ചിറങ്ങി കാട്ടിലേക്കു നടന്നു. രണ്ടാമൻ ആശ്രമത്തിന്റെ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കയറി വാതിലടച്ചു. മാങ്ങാപ്പഴങ്ങൾ മുഴുവനും പെട്ടെന്നു തിന്നു തീർത്തിട്ട് ഗുരുജിയെ സമീപിച്ചു. അന്നേരം അദ്ദേഹം ആദ്യത്തെ ശിഷ്യനെ അന്വേഷിക്കുകയാണു ചെയ്തത്.

"അവൻ എവിടെയെങ്കിലും ഒളിച്ചിരുന്ന് മുന്തിരിപ്പഴങ്ങൾ കഴിക്കാൻ പോയതായിരിക്കും. എന്തായാലും കാത്തിരിക്കാം"

വൈകുന്നേരമായപ്പോൾ കുനിഞ്ഞ ശിരസ്സുമായി ഗുരുജിയുടെ മുന്നിലെത്തി ഒന്നാമൻ പറഞ്ഞു -

"ഗുരുജീ.... ക്ഷമിക്കണം. ആരും കാണാതെ മുന്തിരിപ്പഴം തിന്നാൻ ഞാൻ കാട്ടിൽ വരെ ചെന്നെങ്കിലും എനിക്ക് ഒന്നു പോലും തിന്നാൻ പറ്റിയില്ല. കാരണം, അവിടെയും ഭഗവാൻ കാണുന്നതായി തോന്നി"

താൻ ആഗ്രഹിച്ച ഉത്തരം കേട്ട് ഗുരുജിക്ക് സന്തോഷമായി. ആശ്രമം വിടാൻനേരം നൂറു സ്വർണനാണയങ്ങൾ ആ ശിഷ്യനു ലഭിക്കുകയും ചെയ്തു.

ആശയം -

ദൈവത്തിന്റെ ശിഷ്യരായ മനുഷ്യരും ചിലപ്പോൾ ഇങ്ങനെയല്ലേ? ആരും കാണുന്നില്ലെന്നു തോന്നിയാൽ അന്യായവും അനീതിയും അധാർമ്മികവുമായ കാര്യങ്ങൾ ചെയ്യാൻ ഒട്ടും മടി കാണിക്കില്ല! 

അതായത്, മനുഷ്യര്‍ തങ്ങളുടെ തുണിസഞ്ചിയില്‍ ദുശ്ശീലങ്ങളും തിന്മകളും ചതികളും പ്രലോഭനങ്ങളുമെല്ലാം രുചിയേറിയ മധുരപ്പഴങ്ങള്‍പോലെ സദാസമയവും കൊണ്ടുനടക്കുകയാണ്, തരം കിട്ടിയാല്‍ വിഴുങ്ങാന്‍! 

എന്നാല്‍, ദൈവം, സ്വന്തം ചെയ്തികൾ എപ്പോഴും കാണുന്നുണ്ടെന്ന് കരുതിയാൽ? അപ്പോള്‍, ദൈവഭയം മനസ്സിനെ ഭരിച്ചു തുടങ്ങും. കൊതി തോന്നിയാലും വിഴുങ്ങാനാവില്ല!

15/04/21

ദാനത്തിനു പ്രശസ്തി വേണമോ?

ശ്രീബുദ്ധന്റെ കാലത്ത് ബാസവഭട്ടാചാര്യ എന്നൊരു ധനികൻ ജീവിച്ചിരുന്നു. വളരെയേറെ സമ്പത്തിന് ഉടമയായിരുന്നു അയാൾ. എന്നാലോ? പണ സമ്പാദനത്തിന്റെ മാർഗങ്ങൾ വളരെ ദുഷിച്ചതായിരുന്നു. വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുക, തിരിച്ചടവ് മുടങ്ങുമ്പോൾ പണയ വസ്തു കൈവശപ്പെടുത്തുക, ആളുകളെ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ അസാന്മാർഗികമായി സ്വർണവും വജ്രശേഖരവും വസ്തുവകകളും കുന്നുകൂടി. എന്നാൽ, ഇതിനൊപ്പം മനസ്സമാധാനവും പോയിത്തുടങ്ങി.

അങ്ങനെയിരിക്കെ, ബാസവന് ഒരു ബുദ്ധിയുദിച്ചു - തന്റെ പാപങ്ങൾ പോയി ഐശ്വര്യവും മനസ്സുഖവും കൈവരാൻ ശ്രീബുദ്ധനെ ഈ മാളികയിലേക്ക് കൊണ്ടു വന്നാൽ മതിയല്ലോ. ആ അനുഗ്രഹം കിട്ടിയാൽ താൻ രക്ഷപ്പെടും.

അയാൾ ശ്രീബുദ്ധന്റ മുൻപാകെ ഈ ആവശ്യം ഉന്നയിച്ചു. ഇതു കേട്ട് ശ്രീബുദ്ധനൊപ്പം ഉണ്ടായിരുന്നവർ നെറ്റി ചുളിച്ചു മുറുമുറുത്തു-

"ഈ വഞ്ചകന്റെ ക്ഷണം ശ്രീബുദ്ധൻ സ്വീകരിക്കുമോ? സ്വീകരിച്ചാൽത്തന്നെ അവന്റെ മാളികയിൽ പോകുന്നതു ന്യായമോ?"

പക്ഷേ, ശ്രീബുദ്ധൻ മാളികയിലേക്ക് വരാമെന്ന് സമ്മതിച്ചു. അതിനൊപ്പം ഒരു വ്യവസ്ഥയും മുന്നോട്ടു വച്ചു -

"ഈ വരുന്ന വൈശാഖ മാസത്തിലെ ആദ്യ ദിനത്തിൽ ഞാൻ താങ്കളുടെ ഭവനം സന്ദർശിക്കും. അന്ന്, ആയിരം സാധുക്കൾക്ക് അന്നദാനവും വസ്ത്ര ദാനവും ചെയ്യണം"

പണച്ചെലവുള്ള ഏർപ്പാടാണെങ്കിലും ബാസവൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.

ആ സുദിനം വന്നെത്തി. ആയിരം പേർക്ക് ദാനം നൽകി ശ്രീബുദ്ധനെ കാത്തിരുന്ന് നേരം വൈകി. ശ്രീബുദ്ധൻ രാത്രി വൈകി അവിടെയെത്തി.

സദ്യയിൽ പങ്കെടുക്കാത്തതിലുള്ള വിഷമം അയാള്‍, ശ്രീബുദ്ധനെ അറിയിച്ചു.

അപ്പോൾ ശ്രീബുദ്ധൻ പ്രതിവചിച്ചു -

"താങ്കൾ ആയിരം സാധുക്കൾക്ക് സദ്യയും വസ്ത്രവും നൽകിയത് ആയിരം ബുദ്ധന്മാർക്കു കൊടുത്തതിനു സമമാണ്. എനിക്കു സന്തോഷമായി. കുമിഞ്ഞു കൂടിയ ഈ സമ്പത്തു കൊണ്ട് സാധുക്കളെ സേവിക്കുമ്പോൾ അത് ഈശ്വരപൂജ തന്നെയാണ്. അതുകൊണ്ട്, താങ്കൾ ഒട്ടും വിഷമിക്കേണ്ടതില്ല"

ആശയം -

ദാനധര്‍മ്മങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് അന്നദാനം തന്നെ. കാരണം, ഒരാള്‍ക്കു വയറു നിറഞ്ഞാല്‍- "ഹാവൂ...മതി, തൃപ്തിയായി" എന്നു പറഞ്ഞ്‌ ഏമ്പക്കവും വിട്ടു സ്ഥലം വിടും. 'ഒരു ചാണ്‍ വയറിനു വേണ്ടിയാണു മനുഷ്യന്‍ ജീവിക്കുന്നത്' എന്ന പഴമൊഴി എത്ര  അന്വര്‍ത്ഥം?  അതേസമയം, പണമോ അധികാരമോ പദവിയോ വസ്തുവോ മറ്റുള്ള സാധനങ്ങളോ കൊടുത്ത് മനുഷ്യനെ തൃപ്തിപ്പെടുത്താമെന്നു വ്യാമോഹിക്കരുത്!

ദാനധർമ്മങ്ങൾ ആളുകളെ അറിയിച്ച് പ്രശസ്തി വേണമോ അതോ സ്വകാര്യമായി മതിയോ എന്നു ചിലർക്ക് സംശയം തോന്നിയേക്കാം.

വിശുദ്ധ ബൈബിളിൽ യേശുക്രിസ്തു ജനക്കൂട്ടത്തെ പഠിപ്പിച്ചത് ശ്രദ്ധിക്കുക- 

"ധര്‍മദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് (ദൈവം) നിനക്കു പ്രതിഫലം നല്‍കും"

അതായത്, സത്കര്‍മ്മങ്ങള്‍ ചെയ്തയാൾ പെരുമ്പറ കൊട്ടിയാൽ സമൂഹത്തിന്റെ ആദരവ്, കീർത്തി, പൊങ്ങച്ചം, മുഖസ്തുതി, പ്രശംസ എന്നിങ്ങനെ മനുഷ്യപ്രതിഫലമായി ലഭിക്കും. അപ്പോൾപ്പിന്നെ, ദൈവത്തിൽനിന്ന് കൂടുതലായി പ്രതീക്ഷിക്കരുത്!

മഹാനായിരുന്ന മള്ളിയൂർ ശങ്കരൻനമ്പൂതിരിയുടെ ആശയം മറ്റൊന്നായിരുന്നു - സത്കര്‍മ്മങ്ങള്‍ എല്ലാ ദിക്കിലും അറിയിക്കണമെന്ന്. 

അതായത്, പ്രശസ്തിക്കുവേണ്ടി ഒരാൾ സൽകർമ്മം ചെയ്താലും പ്രയോജനം സാധുക്കൾക്കു കിട്ടുമല്ലോ. അപ്പോൾ, പ്രചോദനമായി മറ്റുള്ള ധനികരും ആ വഴിയേ ചിന്തിച്ചാൽ കൂടുതൽ സാധുജനങ്ങൾക്ക് കൈത്താങ്ങാവുന്നത് നല്ല കാര്യമല്ലേ?

മൂന്നാമത്, പ്രശസ്തിയുടെ പ്രതിഫലങ്ങളില്‍നിന്നും കഴിവതും ഒഴിഞ്ഞുമാറി ധര്‍മ്മദാന മാതൃക മാത്രം പ്രചരിപ്പിക്കുക, സമൂഹത്തിന് അങ്ങനെയുള്ള കടമ ഓര്‍മ്മയിലേക്കു വരട്ടെ.   

ഈ മൂന്ന്‍ അഭിപ്രായങ്ങളും ശരിയാണ്. ഓരോ വ്യക്തിക്കും ഇതില്‍ ഇഷ്ടമുള്ളതു സ്വീകരിക്കാം.

ഇങ്ങനെയൊക്കെ, നാം ഏതുതരത്തില്‍ ചിന്തിച്ചാലും മനുഷ്യനന്മ വെളിപ്പെടുന്ന ധര്‍മ്മദാനങ്ങള്‍ മനുഷ്യരാശിക്ക് ഗുണകരമാവുന്നു.

14/04/21

കള്ളം പറയുന്നവർ സംശയാലുക്കൾ!

ബിനീഷ് തന്റെ പുതിയ ജോലിക്കാര്യം തറവാട്ടിൽ അറിയിച്ചു. അവരാകട്ടെ, ഒരു കുറ്റവാളിയെ നോക്കുന്ന തരത്തിൽ സംശയത്തിന്റെ മുനയൊളിപ്പിച്ച ചോദ്യങ്ങളുടെ ശരവർഷം നടത്തി.

അന്നേരം ബിനീഷ് ചിന്തിച്ചു -

താൻ കള്ളം പറഞ്ഞ് ഇവരെ പറ്റിക്കാറില്ലല്ലോ? പൊങ്ങച്ചം പറയാറുമില്ല. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലുള്ള സുഖിക്കാത്ത സംസാരം?

കുറച്ചു മാസങ്ങൾ കഴിഞ്ഞ് ലൈബ്രറിയിലെ ഒരു മാസികയിൽ വന്ന മനശ്ശാസ്ത്ര ലേഖനം ബിനീഷിന്റെ കണ്ണിലുടക്കി. അത് ഇപ്രകാരമായിരുന്നു-

നാം എന്തെങ്കിലും സ്വയംനേട്ടമുള്ള കാര്യം ഒരു വ്യക്തിയോടു പറയുമ്പോൾ തിരികെ അനേകം സംശയങ്ങൾ ഉന്നയിച്ചാൽ ചില കാര്യങ്ങൾ ആ വ്യക്തിയുടെ മനസ്സിൽ കാണും.

ഒന്ന് - മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടി /അസൂയ/ ഇടുങ്ങിയ ചിന്താഗതി.

രണ്ട് - കേട്ടതു സത്യമാണോ എന്നറിയാനുള്ള സിബിഐ ചോദ്യങ്ങൾ പുറത്തു വിടുന്ന അശുഭം അല്ലെങ്കിൽ നെഗറ്റീവ് എനർജി. ചെറു കാര്യങ്ങൾക്കു വരെ കള്ളവും പൊങ്ങച്ചവും പറയുന്ന സ്വഭാവക്കാർ മറ്റുള്ളവർ പറയുന്നതും അങ്ങനെയെന്ന് സംശയിക്കും!

മൂന്ന് - മറ്റുള്ളവരോടു പറഞ്ഞു നടക്കാനുള്ള വിവരം ശേഖരിക്കൽ. നാം പറയുന്ന കാര്യങ്ങളിലെ നല്ല അംശങ്ങളെ ഒതുക്കുകയും ചീത്ത കാര്യങ്ങളെ വലുതാക്കിയെടുക്കുകയും ചെയ്യും.

ഇതിനു സമാനമായ ഒരു കൊച്ചു കഥ പറയാം -

രമേശൻ ഓഫിസിൽ നിന്ന് കൃത്യം നാലരയ്‌ക്ക് ഇറങ്ങി നേരേ നടക്കുന്നത് തൊട്ടടുത്ത ചായക്കടയിലേക്കാണ്. അയാൾ സ്ഥിരമായി ഒരു സ്ട്രോങ് ചായ കുടിക്കും. അതിനൊപ്പം കുട്ടികൾക്കുള്ള എണ്ണപ്പലഹാരങ്ങളും വാങ്ങും.

വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മോങ്കുട്ടനും മീനുവും തമ്മിൽ വഴക്കിടും. അതു കൊണ്ട് രണ്ടു പേർക്കും വെവ്വേറെ പൊതി വേണം.

അന്ന് രമേശൻ വീട്ടിലെത്തിയപ്പോഴേക്കും കുട്ടികൾ രണ്ടും ഓടി വന്ന് പൊതികൾ വാങ്ങി. അതു തുറന്നപ്പോൾ മോങ്കുട്ടന്റെ മുഖം വാടി.

"മീനൂട്ടി, എനിക്കിന്ന് ഉഴുന്നുവടയാ. നിനക്കോ?"

"ഹൊ! ഉണ്ണിയപ്പം. ഇന്നലെയും ഇതു തന്നെയായിരുന്നു"

"എടീ, ഉഴുന്നുവട നീയെടുത്തോ. എനിക്ക് ഉണ്ണിയപ്പം വലിയ ഇഷ്ടാ"

അവർ പലഹാരപ്പൊതികൾ വച്ചു മാറി. ഇതിനിടയിൽ എണ്ണ ഒപ്പിയെടുക്കുന്ന തുണിയെടുക്കാൻ മീനു അടുക്കളയിലേക്കു വന്നു. അവൾ അവിടെയിരുന്ന് തിന്നു. മോങ്കുട്ടൻ ഡൈനിങ് ടേബിളിലും.

അന്നു രാത്രി മോങ്കുട്ടന് ഉറക്കം വന്നില്ല. അവൻ പലതും ആലോചിച്ചു കൂട്ടി. മീനൂട്ടി അവളുടെ പൊതിയിലെ ഉണ്ണിയപ്പം മുഴുവനും എനിക്കു തന്നുവോ? അവൾ കിച്ചനിലേക്കു പോയത് ഒന്നോ രണ്ടോ ഒളിപ്പിക്കാനല്ലേ?

അവൻ അങ്ങനെ ആലോചിക്കാൻ ഒരു കാരണവുമുണ്ട്. പൊതികൾ വച്ചുമാറുമ്പോൾ ഒരെണ്ണമെങ്കിലും മേങ്കുട്ടൻ നിക്കറിന്റെ പോക്കറ്റിലിടും. അതേ കൗശലം അവളും പ്രയോഗിച്ചോ എന്നായിരുന്നു അവന്റെ വെപ്രാളം!

ആശയം -

കൂടുതൽ കള്ളം പറയുന്നവർക്ക് മറ്റുള്ളവർ കള്ളമല്ലേ പറയുന്നത് എന്നു തോന്നിയേക്കാം.

സ്വയം സംശയാലുക്കൾ മറ്റുള്ളവരെ സംശയ രോഗിയെന്നു വിളിക്കുന്നു.

മറ്റുള്ളവരെ ചതിച്ചു നടക്കുന്നവർക്ക് എപ്പോഴും പേടി, മറ്റാരെങ്കിലും തന്നെ ചതിക്കുമോയെന്ന്!

മനസ്സിൽ എപ്പോഴും അശ്ലീലം വിചാരിച്ചു നടക്കുന്നവർ സംസാരിക്കുമ്പോൾ ഏതെങ്കിലും പീഢന കാര്യങ്ങളെ വിമർശിക്കുന്നതു കേൾക്കാം.

13/04/21

അസംതൃപ്തിയുടെ മനസ്സ്

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും വന്നയുടന്‍ കഴിക്കാനിരുന്നു. പതിവുപോലെ ഉപ്പുമാവിലേക്ക് ശര്‍ക്കര ചീവിയിടാന്‍ നാണിയമ്മ വന്നപ്പോള്‍ അവന് അതു വേണ്ട,  ഏത്തപ്പഴം മതിയെന്ന്. നാണിയമ്മ അകത്തേ അടുക്കളയിലേക്കു പോയവഴി  ഉപ്പുമാവു കോഴിക്ക് എറിഞ്ഞു കൊടുത്തു.  പിന്നെ, ഏത്തപ്പഴം നോക്കിയപ്പോള്‍ അതില്‍ എലി കരണ്ടിരിക്കുന്നു.

“അയ്യോടാ, കുട്ടാ, പഴം എലി കടിച്ചല്ലോ. ഇനി മോന് എന്താ വേണ്ടത്?”

“എന്നാല്‍, ഉപ്പുമാവു തന്നേയ്ക്ക്"

അപ്പോള്‍ നാണിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു-

“ഹി...ഹി...ഉണ്ണിക്കുട്ടനു കടിച്ചതുമില്ല, പിടിച്ചതുമില്ല..."

അന്നു കിടക്കാന്‍ നേരം, അവന്‍ ചോദിച്ചു-

“കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നു പറഞ്ഞാല്‍?”

നാണിയമ്മ ഒരു കഥ പറഞ്ഞു തുടങ്ങി-

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കൊടുംകാടായിരുന്നു. അതിന്റെ രാജാവ് ശിങ്കൻസിംഹമായിരുന്നു. അവന്റെ അലർച്ച കേട്ടാൽ കാടാകെ നടുങ്ങി വിറയ്ക്കും!

ഒരു ദിവസം- രാവിലെ ശിങ്കൻ എണീറ്റപ്പോൾത്തന്നെ വല്ലാത്ത വിശപ്പു തോന്നി. അവൻ മടയിൽ നിന്ന് പുറത്തേക്കിറങ്ങി, തൊട്ടു മുന്നിൽ ഒരു കരിങ്കോഴി മണ്ണിരകളെ കൊത്തിവലിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. തീറ്റിയിൽ മാത്രമായിരുന്നു അതിന്റെ ശ്രദ്ധ. സിംഹത്താൻ പതിയെ ചെന്ന് അതിനെ കടിച്ചുപിടിച്ചു.

എന്നാൽ, പെട്ടെന്നാണ് സിംഹത്തിന്റെ ദൃഷ്ടിയിൽ ഒരു കാട്ടുപന്നി പെട്ടത്. അതിന്റെ രുചിയോർത്തപ്പോൾ വായിലിരുന്ന കരിങ്കോഴിയെ വിട്ട് പന്നിയുടെ പിറകേ കുതിച്ചു- എന്നാൽ, കാട്ടുപന്നിയാകട്ടെ, പ്രാണരക്ഷാർഥം പാറയുടെ ചെറിയ വിടവിലൂടെ രക്ഷപ്പെട്ടു.

ശിങ്കൻ തന്റെ കൂർത്ത നഖം കൊണ്ട് പാറമേൽ വരഞ്ഞു നിരാശനായി.

എന്നാൽ, അടുത്ത നിമിഷം, ഒരു ശബ്ദം കേട്ട് ശിങ്കൻ തിരിഞ്ഞു നോക്കി. ഒരു മാൻപേടയായിരുന്നു അത്. സിംഹം അതുകണ്ട് അങ്ങോട്ടു കുതിച്ചു. കുറെ ദൂരം ഓടി സിംഹം അതിനെ പിടിക്കുമെന്നായപ്പോൾ മാൻ ഉയർന്നു ചാടി വളളിപ്പടർപ്പു കടന്നു പോയി. എന്നാൽ, സിംഹമാകട്ടെ, വളളിയിൽ കുരുങ്ങി മലർന്നടിച്ചു വീണു!

ഒരു വിധത്തിൽ വള്ളികൾ കടിച്ചു മുറിച്ച് അവശനായി ദേഷ്യത്തോടെ മുന്നോട്ടു നടന്നു.

അപ്പോൾ, ഒരു കൊഴുത്തുമെഴുത്ത കാട്ടുപോത്ത് പുല്ലു തിന്നുകൊണ്ട് നിൽക്കുന്നതു സിംഹം കണ്ടു. അവന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. മെല്ലെ മെല്ലെ പതുങ്ങി ഓരോ ചുവടും വച്ച് പോത്തിന്റെ മേൽ ചാടി വീണു.

ശിങ്കന്റെ പിടിത്തം പോത്തിന്റെ കഴുത്തിലായിരുന്നു.

"മ്രാ.....മ്രാ....."

പോത്തിന്റെ അലർച്ച കേട്ട് ഒരു പറ്റം കാട്ടുപോത്തുകൾ കുതിച്ചെത്തി. അവർ അവിടെയൊരു സുരക്ഷാവലയം തീർത്തു. ഒരു മല്ലൻകാട്ടുപോത്ത് സിംഹത്തെ കൊമ്പിൽ തൂക്കി പന്തുപോലെ മുകളിലേക്ക് എറിഞ്ഞു!

നിലത്തു വീണ സിംഹം, ദേഹം മുഴുവൻ നുറുങ്ങുന്ന വേദനയുമായി വേച്ചു വേച്ച് തിരികെ സ്വന്തം മടയിലേക്കു നടന്നു. അപ്പോഴാണ് താൻ ആദ്യം പിടിച്ച കരിങ്കോഴിയുടെ കാര്യം ശിങ്കന്റെ ഓർമ്മയിലെത്തിയത്.

അവൻ പറഞ്ഞു -

"കരിങ്കോഴിയെങ്കിൽ കരിങ്കോഴി - നല്ല ഔഷധഗുണമുള്ള കറുത്ത മാംസമാണ്. എന്റെ ക്ഷീണമൊക്കെ മാറും"

അവൻ മടയുടെ മുന്നിലെത്തി കോഴിയെ പിടിച്ച സ്ഥലത്ത് അതിന്റെ ഒരു തൂവലുപോലുമില്ല കണ്ടു പിടിക്കാൻ! ഞാൻ പിടിച്ച എന്റെ ഇരയെ തൊടാൻ ആരാടാ ധൈര്യം കാട്ടിയത്?

ദേഷ്യം കൊണ്ട് ശിങ്കൻസിംഹം അലറി -

"ഗർർർ...."

അതിനു മറുപടിയായി ഒരു മരത്തിന്റെ മുകളിലിരുന്ന് ആ പൂവൻകരിങ്കോഴി നീട്ടിക്കൂവി -

"കൊക്കരക്കോ...ക്കോ..."

ശിങ്കൻസിംഹം മുകളിലേക്ക് നോക്കിയപ്പോൾ അമ്പരന്നു!

"ഛെ! ലവൻ തന്നെയല്ലേ, ഇവൻ? കടിച്ചതുമില്ല, പിടിച്ചതുമില്ല, ഭാഗ്യത്തിന് വേറാരും കണ്ടില്ല"

ശിങ്കൻസിംഹം മടയിൽ കയറിയ പാടേ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

ആശയം -

വന്യമൃഗങ്ങൾ മാത്രമല്ല, മനുഷ്യരും പ്രദർശിപ്പിക്കുന്ന സ്വഭാവമാണ് അസംതൃപ്തമായ മനസ്സ്. മനോബലമില്ലാത്തവർ ഇങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കും. ഏതാണ്ട് കുരങ്ങിന്റെ ചപലത പോലെ. കയ്യില്‍ കിട്ടിയ ചെറിയ സൗഭാഗ്യങ്ങളെ വലിയതിനെ പിന്തുടര്‍ന്ന്‍ വിട്ടുകളയും. എന്നാല്‍, അതുകിട്ടാതെ നിരാശയോടെ തിരികെ വരുമ്പോള്‍ സമയവും കടന്നുപോയി പഴയതും അപ്രത്യക്ഷമാകുന്നു.

12/04/21

ചെരുപ്പുകുത്തിയുടെ ധ്യാനം

ഒരിക്കൽ, ശ്രീബുദ്ധൻ പ്രഭാഷണം കഴിഞ്ഞ് മറ്റൊരിടത്തേക്കു പോകുകയായിരുന്നു. എപ്പോഴും ഒരു സംഘം അനുയായികൾ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. അവർ പ്രധാന പാതയിലൂടെ നടന്നു പോകുമ്പോൾ വലിയൊരു ഘോഷയാത്ര അതുവഴി വന്നു. ആ ദേശത്തെ രാജാവിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു അത്. ചെണ്ടകൊട്ടും മേളവും എല്ലാം ഉൾപ്പെടെ സർവത്ര ബഹളമയം.

അപ്പോൾ, ശ്രീബുദ്ധൻ ശ്രദ്ധിച്ചത് മറ്റൊരാളെയായിരുന്നു - ഒരു ചെരുപ്പുകുത്തി. അവിടെ ആ ബഹളമെല്ലാം പോയപ്പോൾ അയാൾ അതിലൊന്നും ശ്രദ്ധിക്കാതെ തന്റെ കർമ്മം ചെയ്തു കൊണ്ടിരിക്കുന്നു!

ഉടൻ, ശ്രീബുദ്ധൻ തന്റെ അനുയായികളോടു പറഞ്ഞു -

"നിങ്ങൾ ആ ചെരുപ്പുകുത്തിയെ നോക്കുക. അയാളാണ് ശരിയായ ഗുരു!"

അവർ അമ്പരപ്പോടെ ചോദിച്ചു -

" അയാളോ? ഒരു ചെരുപ്പുകുത്തി എങ്ങനെയാണ് ഗുരുവായിരിക്കുന്നത്? അങ്ങ് , പറഞ്ഞത് ഞങ്ങൾക്കു മനസ്സിലായില്ല ''

ശ്രീബുദ്ധൻ പ്രതിവചിച്ചു -

"ഒരു ഗുരുവിനു വേണ്ട യഥാർഥ ഗുണം അയാളിലുണ്ട്. ചുറ്റുപാടും രാജാവിന്റെ ഘോഷയാത്രയുടെ ബഹളമാണെങ്കിലും ചെരിപ്പിന്റെ വള്ളി തുന്നുന്നതിൽ മാത്രം ഏകാഗ്രതയോടെയും തീഷ്ണതയോടെയും കൂടി തന്റെ കർമ്മത്തിൽ മാത്രം വ്യാപൃതനായിരിക്കുന്ന അയാളാണ് ഗുരുവാകേണ്ടത്!"

ആശയം -

ദുശ്ശീലങ്ങളുടെയും പ്രലോഭനങ്ങളുടെയും പൊങ്ങച്ചത്തിന്റെയും സമൂഹ മാധ്യമങ്ങളുടെയും ബഹളമയമായ ഈ ലോകത്ത് മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്ന ഏതൊരാളും ഒരു ഗുരു തന്നെയാണ്. കാരണം, അയാൾ പെരുമ്പറ മുഴക്കാതെ തന്നെ സമൂഹത്തിന് നല്ല മാതൃകയും സന്ദേശവും കൊടുക്കുന്നു.

ആരോടും മിണ്ടാതെ ഏകാന്തതയിൽ ഇരുന്നാലും മനസ്സ് ശാന്തവും ഏകാഗ്രവും ആകണമെന്നില്ല. മറുവശത്ത്, ബഹളത്തിന്റെയും തിരക്കിന്റെയും നടുവിലിരിക്കുന്ന ആൾക്ക് ഏകാഗ്രതയില്ലെന്നും കരുതരുത്.

11/04/21

സൗഹൃദം ഒരു ആപേക്ഷിക സിദ്ധാന്തം

ഒരു ദിവസം ബിജുക്കുട്ടനെ തേടി അകന്ന ബന്ധത്തിലുള്ള അങ്കിളും ആന്റിയും വന്നു. അങ്കിൾ വലിയ വെപ്രാളത്തോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു -

"എന്റെ ബിജുക്കുട്ടാ, നീയെന്നെയൊന്ന് സഹായിക്കണം. എന്റെ മകൾക്ക് IELTS എല്ലാത്തിനും 7 സ്കോർ കിട്ടി. ഓസ്ട്രേലിയയ്ക്കു സ്റ്റുഡന്റ് വിസയിൽ പോകാനാണു പ്ലാൻ. അവിടത്തെ യൂണിവേഴ്സിറ്റിയിൽ ആദ്യ വർഷത്തെ മുഴുവൻ ഫീസും അടച്ചാൽ മാത്രമേ വിസ പാസ്സാകൂ. ഞങ്ങൾ പകുതി നാലര ലക്ഷം അടച്ചിട്ടുണ്ട്. ഇനിയൊരു നാലര കൂടി വേണം. ഇല്ലെങ്കിൽ ആകെ കുഴപ്പത്തിലാകും"

ഇതു കേട്ട് ബിജുക്കുട്ടന്റെ കണ്ണു തള്ളി!

"അല്ലാ... നിങ്ങളെന്താ ഒരു പ്ലാനിങ്ങുമില്ലാതെ ഇതിലേക്ക് എടുത്തു ചാടിയത്?"

"മോനേ, ഒരാള് ഇന്നലെ വരെ തരാമെന്നു പറഞ്ഞിരുന്നതാ. ഇന്നു രാവിലെ നടക്കില്ലെന്നു പറഞ്ഞ് ഉഴപ്പി"

"എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ, ഞാൻ ഉള്ള സത്യം പറയാലോ, എന്നേക്കൊണ്ട് പറ്റുന്ന കാര്യമല്ല. കയ്യിൽ വച്ചിട്ട് തരാത്തതല്ല"

അന്നേരം, ആന്റി കരച്ചിലിന്റെ വക്കോളമെത്തി. അങ്കിൾ മറ്റൊരു നിർദ്ദേശം വച്ചു-

"മോൻ ഒരു കാര്യം ചെയ്യ്. ചോദിച്ചാൽ കിട്ടാവുന്ന വിദേശത്തുള്ള ഒരാൾ എന്റെ മനസ്സിലുണ്ട്. ഞാൻ ചോദിച്ചാൽ കിട്ടില്ല, വിസ കിട്ടിയാൽ അത് ബാങ്കുകാരെ കാണിക്കുമ്പോൾ അവർ ഫീസിന്റെ ഒൻപതു ലക്ഷവും ആദ്യ ഗഡുവായി ലോൺ തരും. പരമാവധി മൂന്നു മാസം സമയത്തിനുള്ളിൽ തിരികെ തരാമെന്ന് പറയ്"

അവർ രണ്ടു പേരുടെയും നിർബന്ധത്തിനു വഴങ്ങി ബിജുക്കുട്ടൻ പറഞ്ഞു -

"ഞാൻ അവരോട് ഒന്നു ചോദിച്ചു നോക്കാം. വലിയ പ്രതീക്ഷ വേണ്ട. കാരണം, അവിടെ വീടു പണി കഴിഞ്ഞിരിക്കുന്ന സമയമാ"

അവർ രണ്ടു പേരും പോയിക്കഴിഞ്ഞപ്പോൾ ബിജുക്കുട്ടൻ സ്കൈപ്പിൽ ആ കുടുംബത്തെ വിളിച്ചു. 

അവർ പറഞ്ഞു -

"ബിജുക്കുട്ടന് ഉറപ്പുണ്ടെങ്കിൽ ഞങ്ങൾ തരാം. പക്ഷേ, കൃത്യം മൂന്നു മാസത്തിനുള്ളിൽ രൂപ തിരികെ അക്കൗണ്ടിൽ കയറണം"

ചുരുക്കിപ്പറഞ്ഞാൽ, വെറും മൂന്നുദിവസത്തിനുള്ളിൽ പണം ആവശ്യക്കാർക്കു കിട്ടി. പിന്നെയുള്ള മൂന്നു മാസക്കാലം ബിജുക്കുട്ടനും കുടുംബവും കുറച്ചൊക്കെ ടെൻഷനടിച്ചു കൊണ്ടിരുന്നു. 

കൃത്യം മൂന്നു മാസം കഴിയുന്ന ആഴ്ചയിൽ അവൻ ആന്റിയെ വിളിച്ചു. ഉടൻ, ആന്റി പറയുന്നു -

"ഞങ്ങൾ ഉദ്ദേശിച്ച തുക ബാങ്കുകാര് തരില്ലെന്നാ പറഞ്ഞത്. ആദ്യം പകുതിയേ തരൂളളൂ. അത് ടിക്കറ്റെടുക്കാനും സാധനങ്ങൾ മേടിക്കാനും മാത്രമേ തികയൂ. അടുത്ത ഗഡുവിന് പിന്നെ കുറച്ചു കൂടി വെയിറ്റ് ചെയ്യണമെന്നു തോന്നുന്നു''

ബിജുക്കുട്ടൻ പഴം വിഴുങ്ങിയ മാതിരി വിഷമിച്ചു. എന്തിനും പരിഹാരമുണ്ടല്ലോ. ലോൺ കൊടുക്കുന്ന ബാങ്കിലെ ഒരു സ്റ്റാഫിനെ ബിജുവിനു പരിചയമുണ്ടായിരുന്നു. തിരക്കിയപ്പോൾ സംഗതി അറിഞ്ഞു -

"അവരുടെ 9 ലക്ഷം ലോൺ സാങ്ഷനായല്ലോ. കഴിഞ്ഞ ആഴ്ച എമൗണ്ട് ട്രാൻസ്ഫറായി"

ബിജുക്കുട്ടനും കുടുംബവും ഒന്നടങ്കം വിയർത്തു. രൂപ പറഞ്ഞ സമയത്ത് കൊടുത്തില്ലെങ്കിൽ?

അപ്പോഴാണ് ബിജുക്കുട്ടൻ ഒരു പുസ്തകത്തിൽ വായിച്ച വാക്യം ഉരുവിട്ടത് - "യോഗ: കർമ്മസു കൗശലം "

എന്തെങ്കിലും ട്രിക്ക് പ്രയോഗിച്ച് അവരുടെ കയ്യിൽ നിന്ന് പണം തിരികെ മേടിക്കണം. ബിജുവും ഭാര്യയും ഒരു സൂത്രം പ്രയോഗിച്ചു -

"ആന്റീ... നമ്മൾ പറഞ്ഞ സമയത്ത് അവരുടെ നാലരലക്ഷം തിരികെ കൊടുത്താൽ ഒരു ഗുണമുണ്ട്. ഒരു വിശ്വാസം ആയാൽ, പിന്നെയായാലും ഇളയ കൊച്ചിനൊക്കെ ഇതുപോലെ ഒരാവശ്യം വന്നാൽ നമുക്ക് കടം ചോദിക്കാമല്ലോ, അവര് ധൈര്യമായിട്ട് എത്ര വേണമെങ്കിലും തരികയും ചെയ്യും"

ആ പഴത്തൊലിയിൽ ചവിട്ടി അങ്കിളും ആന്റിയും വീണു. അടുത്ത ദിവസം ഉച്ചയായപ്പോൾ പണം തിരികെ കൈമാറി.

അവരുടെ മകൾ വിദേശത്തു പോയതും സഹായിച്ചതുമൊക്കെ അറിഞ്ഞപ്പോൾ മറ്റൊരു ബന്ധു ബിജുക്കുട്ടനെ ഫോണിൽ വിളിച്ചു - ചെന്നൈയിൽ പഠിക്കുന്ന മകന് ജോലിയിൽ കയറാൻ ഡെപ്പോസിറ്റ് കൊടുക്കാൻ രണ്ടു ലക്ഷം!

ഒന്നു ടെൻഷനടിച്ചതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ. അതിനാൽ, ഒന്നും നടക്കില്ലെന്ന് ബിജുക്കുട്ടൻ തീർത്തു പറഞ്ഞു.

ഇപ്പോൾ, ആദ്യത്തെ വീട്ടുകാർക്ക് ബിജുക്കുട്ടനും കുടുംബവും വലിയ മിത്രമാണ്! മകൾ വിദേശത്ത് സുഖമായി പഠിക്കുന്നു. പാർട്ട് ടൈം ജോലി വഴി മാസം അരലക്ഷം രൂപയോളം വരുമാനമുണ്ട്.

എന്നാലോ? രണ്ടാമത്തെ വീട്ടുകാർ ബിജുക്കുട്ടന്റെ ജോലിയെ പരിഹസിച്ചു പറഞ്ഞതിങ്ങനെ-

"പത്താം ക്ലാസ്സു പോലും പാസാകാത്തവര് പോകുന്ന പണിക്കാണ് അവൻ ഇപ്പോൾ പോകുന്നത്. ഇവൻ കോളേജിലൊക്കെ വലിയ പഠിത്തക്കാരനായിരുന്നല്ലോ"

ആശയം -

ശത്രുവും മിത്രവുമൊക്കെ ആപേക്ഷികമാണ്. ഒരാൾ നമ്മെ സഹായിച്ചില്ലെന്നു കരുതി അയാൾ വേറെ ആരെയും സഹായിക്കുന്നില്ലെന്നു കരുതിയാൽ തെറ്റി.

അതേസമയം, നമുക്കു സഹായം കിട്ടിയെന്നു കരുതി മറ്റെല്ലാവർക്കും അയാൾ ചെയ്യുന്നുവെന്നും ചിന്തിക്കരുത്. ചില നന്മകളിൽ നിന്ന് ഓടിയൊളിക്കുന്നവര്‍ മറ്റു നന്മകളിൽ ചെന്നു തലയിടുന്നുണ്ടാകാം.

ശത്രുവും മിത്രവും സുഗുണനും നിർഗുണനും അരസികനും തുരുമ്പനും ധൂർത്തനുമൊക്കെ പല സാഹചര്യങ്ങളിൽ മാറിമറിയുന്ന ആപേക്ഷിക പ്രതിഭാസമാകുന്നു. ആയതിനാൽ, നാം മറ്റുള്ളവർക്കു നിശ്ചയിക്കുന്ന വിലനിലവാരസൂചികയിലെ മാർക്കുകൾ പലപ്പോഴും തെറ്റിപ്പോകാം!

10/04/21

ശമ്പളമില്ലാത്ത ജോലി

സിൽബാരിപുരംരാജ്യം ഉഗ്രപ്രതാപൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം.

രാജ്യത്ത് കലാകാരന്മാർക്ക് വളരെയേറെ പ്രോൽസാഹനം കിട്ടിയിരുന്ന സുവർണ കാലമായിരുന്നു അത്.

കൊട്ടാരത്തിലെ പ്രധാന ശില്പിയായിരുന്നു ഉണ്ണിത്താൻ. കൊട്ടാരവാസികൾക്കായി അനേകം വീടുകൾ ഉണ്ണിത്താൻ പണി തീർത്തിട്ടുണ്ട്. അതിനെല്ലാം നല്ല പ്രതിഫലം രാജാവ്, ഉണ്ണിത്താന് കൊടുത്തിരുന്നു. ഒടുവിൽ, അറുപതു വയസ്സായപ്പോൾ ഉണ്ണിത്താൻ ജോലിയിൽനിന്നും വിരമിക്കാൻ രാജകല്പനയായി.

നല്ല സമ്പാദ്യവുമായി തന്റെ സ്വന്തം നാടായ കോസലപുരത്തേക്ക് പോയി അവിടത്തെ തറവാട്ടു വീട്ടിലേക്ക് മടങ്ങിയെത്തി വിശ്രമജീവിതം കഴിക്കാമെന്നും അയാൾ കണക്കു കൂട്ടി.

രാജാവിനോട് യാത്രാനുമതി ചോദിക്കാൻ ചെന്നപ്പോൾ രാജാവ് പറഞ്ഞു-

"താങ്കൾ പോകാൻ വരട്ടെ. അസംഖ്യം വീടുകൾ പണിത് നല്ല പ്രതിഫലവുമായി സന്തോഷത്തോടെ മടങ്ങുകയാണല്ലോ. എന്നാൽ, ഇതിനെല്ലാം പകരമായി കൊട്ടാരത്തിനടുത്ത് ഒരു വീടുകൂടി എനിക്കു പണിതു തരണം. പണി സാധനങ്ങളെല്ലാം സൗജന്യമായി ലഭിക്കും. ഇതിനു പക്ഷേ, പ്രതിഫലമുണ്ടാവില്ല"

"അടിയനു സന്തോഷമേയുള്ളൂ തിരുമനസ്സേ. ഞാൻ നാളെത്തന്നെ പണി തുടങ്ങുകയായി"

ശില്പിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ ചില വിപരീത ചിന്തകൾ ശില്പം പോലെ അയാള്‍ തേച്ചുമിനുക്കി -

ശമ്പളമില്ലാത്ത പണിക്ക് എന്തിന് കൂടുതൽ മെനക്കെടണം? ഈ വീട് നല്ലതായാലും ചീത്തയായാലും തനിക്കെന്തു ചേതം? എന്താണെങ്കിലും കോസലപുരത്ത് നല്ല വീട് പണിയാമല്ലോ.

ശില്പി ഉണ്ണിത്താൻ വീടു തീരെ ദുർബലമായി പണിതു. സാധന സാമഗ്രികളുടെ ഗുണമേന്മ നോക്കാൻ അതിന്റെ ഉറവിടങ്ങളിൽ പോയി നിന്നില്ല. നിർമാണ വേളയിൽ വല്ലപ്പോഴും മാത്രം പോയി. എളുപ്പ രീതിയിൽ പെട്ടെന്ന് പണി കഴിച്ചു.

പണി തീർത്ത് വീടിന്റെ താക്കോൽ രാജാവിനെ ഏൽപ്പിച്ചപ്പോൾ രാജാവ് പറഞ്ഞു-

"കൊട്ടാര ശില്പിക്കുള്ള ബഹുമതിയായി ഈ വീട് ഞാൻ താങ്കൾക്കു വേണ്ടി പണിയിച്ചതാണ്. ഈ താക്കോൽ സ്വീകരിക്കുക. തന്റെ ശിഷ്ട ജീവിതകാലം ഈ വീട്ടിലായിരിക്കും "

ശില്പി അതു കേട്ട് ഞെട്ടി!

അയാൾ തിരികെ നടന്ന് പുതിയ വീട്ടിൽ കയറി പിറുപിറുത്തു -

"എന്റെ ഭഗവാനേ, ഈ വീട് എനിക്കാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വലിയ വീട് പണിയാമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പണിത ഏറ്റവും മോശം വീടാണല്ലോ ഇത്!"

ആശയം -

സ്വന്തം കർമ്മത്തിൽ വെള്ളം ചേർക്കുന്ന രീതി മലയാളികൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നു, ഒരു പൊതു നീതിയോ ആദർശമോ വ്യവസ്ഥയോ മനസ്സിൽ സൂക്ഷിക്കാതെ ഒരേ സമയം, രണ്ടു വള്ളത്തിൽ കാലു ചവിട്ടുന്ന അവസ്ഥ. അതായത്, സ്വീകരിക്കുന്ന ഗുണഫലങ്ങള്‍ക്കു തുടർച്ചയില്ലെങ്കിൽ നന്ദികേടിന്റെ വള്ളത്തിലേക്ക് കയറി സ്ഥലം വിടും!

09/04/21

അന്ധൻ്റെ കാഴ്‌ച

പണ്ടു പണ്ട്, വീരവർമ്മൻരാജാവ് സിൽബാരിപുരംരാജ്യം ഭരിച്ചിരുന്ന കാലം. യാതൊരു മുന്നറിവുമില്ലാതെ കോസലപുരംരാജാവ് മിന്നലാക്രമണം നടത്തി.

ഉഗ്രപതി എന്ന രാജാവിന്റെ സൈന്യത്തിനു മുന്നിൽ വീരവർമ്മനു പിടിച്ചു നിൽക്കാനായില്ല. ദേഹമാസകലം മുറിവേറ്റ് മരിക്കുമെന്ന് ഉറപ്പായപ്പോൾ രാജകീയ വേഷങ്ങളെല്ലാം വലിച്ചെറിഞ്ഞു കൊട്ടാരത്തിന്റെ കുടുസ്സുമുറിയിലെത്തി രഹസ്യ തുരങ്കത്തിലെത്തി അകത്തു കയറി. പിന്നെയാരും പിറകേ കയറാതിരിക്കാൻ വലിയ ഓടാമ്പൽ കവാടത്തിനു കുറുകെ വലിച്ചിട്ടു. 

ഏതു കാലത്തും വെളിച്ചം കിട്ടാനായി അനേകം മിന്നാമിനുങ്ങുകളെ തുരങ്കത്തിൽ രാജാവ് പണ്ടേ, കയറ്റിയിട്ടുണ്ടായിരുന്നു. ഇതിനോടകം അതു പെറ്റുപെരുകിയിരുന്നു. ആ വെളിച്ചത്തിൽ രാജാവ് ഏന്തി വലിഞ്ഞ് തുരങ്കം അവസാനിക്കുന്ന കാട്ടിലെത്തി. അവിടെ കാട്ടിലെ ഗുഹയ്ക്കുള്ളിലായിരുന്നു തുരങ്കത്തിന്റെ അവസാന കവാടം. അതാകട്ടെ, അകത്തുനിന്നു മാത്രം തുറക്കാവുന്ന വിധത്തിലായിരുന്നു. കാരണം, കാട്ടിൽ നിന്ന് കൊട്ടാരത്തിലേക്ക് തുരങ്കത്തിലൂടെ ആരും വരാൻ പാടില്ലല്ലോ.

രാജാവ് തുരങ്കത്തിന്റെ കവാടത്തിലെത്തി. മൂടി തുറക്കുന്നതിനിടയിൽ കവാടത്തിനിടയിലൂടെ കല്ലും മണ്ണുമെല്ലാം രാജാവിന്റെ മുഖത്തേക്കു പതിച്ചു!

അയാൾ നിലവിളിച്ചു കൊണ്ട് വാതിൽ തള്ളി നീക്കി.

കണ്ണുകൾ തുറക്കാൻ പോലും പറ്റാത്ത വിധം മുഖമാകെ പരിക്കുകളുണ്ടായിരുന്നു.

പൊടുന്നനെ, ഗുഹയിലുണ്ടായിരുന്ന അജ്ഞാതൻ രാജാവിനെ കൈപിടിച്ചു കയറ്റി. എന്നിട്ട്, മുഖത്തു പിടിച്ചിട്ടു വേഗം ഗുഹയിലൂടെ ഊറി വന്നിരുന്ന വെള്ളം കൈക്കുമ്പിളിൽ പിടിച്ച് പരുക്കേറ്റ മുഖം കഴുകി. ശേഷം, അയാളുടെ ഉടുമുണ്ട് വലിച്ചു കീറി നെറ്റിയും കണ്ണും കെട്ടി-

"താങ്കൾ വല്ലാതെ ക്ഷീണിതനാണ്. കൺപോളയും പുരികവും മുറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുറച്ചു ദിവസം ഇവിടെ കിടന്നു വിശ്രമിക്കേണ്ടി വരും"

അന്നേരം, രാജാവ് പറഞ്ഞു -

"ഞാൻ പത്തുകൊല്ലം മുൻപ് ഈ ഗുഹയിൽ കയറി നിന്നിട്ടുണ്ട്. ഇവിടുന്നു താഴേക്കു നോക്കിയാൽ വളരെ മനോഹരമായി കാടിന്റെ സൗന്ദര്യം കാണാനാകും. ഇപ്പോഴും അങ്ങനെ തന്നെയല്ലേ?"

അപരിചിതൻ തുടർന്നു -

" ഇപ്പോൾ ഇവിടം അന്നത്തേക്കാൾ മനോഹരമായിരിക്കുന്നു. സൂര്യൻ പടിഞ്ഞാറ് കടലിൽ താഴാൻ തുടങ്ങിയിരിക്കുന്നു. പല തരം കിളികൾ കൂട്ടിൽ ചേക്കാറാൻ ഒച്ചയിട്ട് പറക്കുന്നതു കാണാം. എന്നാലും മലമുഴക്കിവേഴാമ്പലിന്റെ ശബ്ദം വേറിട്ടു നില്‍ക്കുന്നുണ്ട്. മലമുകളില്‍, അങ്ങു ദൂരെ എവിടെയോ തുടങ്ങുന്ന വെളുത്ത് പതഞ്ഞൊഴുകുന്ന ഒഴുക്ക് താഴെയൊരു വെള്ളച്ചാട്ടമായി മാറിയിരിക്കുന്നു. അവിടെ ചാറ്റൽ മഴയാകട്ടെ കാണാൻ നല്ല രസമുണ്ട്. എവിടെ നോക്കിയാലും കണ്ണിനു കുളിർമയേകുന്ന മരപ്പച്ച ഇടതൂർന്ന് നിൽക്കുന്നുണ്ട്. മാത്രമോ? ഏതു വേനല്‍ക്കാലത്തും ഇവിടെ നല്ല തണുപ്പാണ്. ചിലയിടങ്ങളില്‍ സൂര്യപ്രകാശം ഒരിക്കലും വീഴില്ലാത്ത വിധം വന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു.  രുചിയേറിയ പഴങ്ങള്‍ അനവധിയാണ്. അതില്‍ ആദ്യം ഏതു തിന്നണം എന്നൊക്കെ ആര്‍ക്കും ആശയക്കുഴപ്പമാകും. ചില കുരങ്ങന്മാർ അതൊക്കെ തിന്നു മരത്തിലൂടെ ചാടിക്കളിക്കുന്നതും വിശേഷപ്പെട്ട കാഴ്ചകളാണ്.....”

രാജാവ് ഒരു പ്രകൃതിസ്നേഹിയായതിനാൽ അപരിചിതന് കാനനഭംഗി വിവരിക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് വെള്ളത്തിൽ ചാലിച്ച് പാറയിടുക്കിൽ ഊറിയിരുന്ന ഔഷധ ഗുണമുള്ള കന്മദം രാജാവിന് കഴിക്കാൻ കൊടുത്തു. അങ്ങനെ, രാജാവിനെ സന്തോഷിപ്പിക്കാനായി അയാൾ കാടിന്റെ ഭംഗിയും രസകരമായ കഥകളും പറഞ്ഞു കൊണ്ടിരുന്നു. അതൊക്കെ, കിടപ്പിലായ രാജാവിനു വലിയ ആശ്വാസമായി. അങ്ങനെ രണ്ടു ദിനങ്ങൾ കൂടി പിന്നിട്ടു.

മൂന്നാം ദിനം, വൈകുന്നേരം മുഖത്തെ കെട്ടഴിക്കാമെന്നു പറഞ്ഞ്  ഉച്ചയായപ്പോൾ അപരിചിതൻ യാത്രയായി. തന്നെ രക്ഷിച്ചയാളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും മുഖത്തെ കെട്ടഴിക്കാൻ വൈകുന്നേരം വരെ രാജാവ് കാത്തു. വൈകുന്നേരമായപ്പോൾ കെട്ടഴിച്ച് ഗുഹയുടെ മുന്നിലെത്തി മനോഹരമായ കാട് കാണാൻ രാജാവ് കണ്ണു തുറന്നു.

രാജാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!

മരപ്പച്ചയ്ക്കു പകരം, ഒരു പുൽനാമ്പു പോലുമില്ലാത്ത മരുഭൂമി!

രാജാവ് ഗുഹയുടെ മുകളിൽ നിന്ന് വലിയ ശബ്ദത്തിൽ കൂവി. അപ്പോൾ, എവിടെ നിന്നോ തിരിച്ചും കൂവൽ കേട്ടു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കാട്ടുവാസി അവിടെയെത്തി. അവനോടു രാജാവ് പറഞ്ഞു -

" ഞാൻ സിൽബാരിപുരത്തെ ഒരു പടയാളിയാണ്. യുദ്ധത്തിൽ മുറിവേറ്റതിനാൽ എന്നെ ഇനി പാണ്ഡവപുരത്തേക്ക് പോകാൻ സഹായിക്കണം"

അയാൾ സമ്മതിച്ചു. അവർ നടക്കുന്നതിനിടയിൽ രാജാവ് ചോദിച്ചു -

"പണ്ട്, ഇവിടെ മനോഹരമായ മഴക്കാടായിരുന്നുവല്ലോ. ഇവിടെ എന്തു സംഭവിച്ചു?"

" കഴിഞ്ഞ വർഷം , ഇവിടമാകെ കാട്ടുതീ പടർന്നപ്പോൾ ഭയങ്കര നാശനഷ്ടമാണു സംഭവിച്ചത്. ഇനിയും നൂറുകണക്കിനു വർഷം കഴിഞ്ഞാലേ പഴയ സ്ഥിതിയിലേക്കു വരികയുള്ളൂ''

രാജാവ് തുടര്‍ന്നു ചോദിച്ചു-

"ഈ ഗുഹയിൽ എന്നെ ഒരാൾ സഹായിച്ചിരുന്നു. അയാൾ എവിടേക്കോ ഉച്ചയായപ്പോൾ പോയി. നിന്റെ കൂട്ടരാണോ അയാൾ?"

"അതെ.... അയാൾ ഒരു സാധു... ഗുഹയിലെ കന്മദം ശേഖരിച്ചു വൈദ്യനു കൊടുക്കുന്ന അയാളൊരു അന്ധനാണ്! പാണ്ഡവപുരം ക്ഷേത്രത്തിലേക്കു പോയിക്കാണും. ഇന്നു വൈകുന്നേരം അവിടെ ഉൽസവമാണ്"

രാജാവിനെ ആ വാക്കുകൾ അത്ഭുതപ്പെടുത്തി -

ആ അന്ധൻ ഒരിക്കലും കണ്ടിട്ടില്ലാത്ത കാടിനേക്കുറിച്ചും ഇവിടത്തെ കഥകളേക്കുറിച്ചും എന്തുമാത്രം നന്നായിട്ടാണു പറഞ്ഞു തന്നത്. തന്‍റെ  വേദന മറന്ന് സന്തോഷിക്കാൻ വേണ്ടിയായിരുന്നു അത്! ഒന്നുമില്ലായ്മയില്‍ വെറുതെ സൃഷ്ടിച്ചെടുത്ത നന്മയും കരുതലും!  

ആശയം -

കേവലം, അന്ധന് ഇങ്ങനെയുള്ള ഉപകാരം ചെയ്യാമെങ്കിൽ പണവും അധികാരവും വിദ്യാഭ്യാസവും നേർക്കാഴ്ചയുമുള്ള മനുഷ്യർക്ക് എന്തുമാത്രം സാധ്യതകൾ ഉണ്ടായിരിക്കണം?

എന്നാലോ? 

രണ്ട്‌ കാലുള്ളവന്‍ ദുര്‍ന്നടപ്പു നടക്കുന്നു!

രണ്ട്‌ കണ്ണുള്ളവന്‍ അശ്ലീല കാഴ്ചകള്‍ തേടുന്നു!

രണ്ട്‌ കയ്യുള്ളവന്‍ കയ്യൂക്ക് പ്രയോഗിക്കുന്നു!

രണ്ട്‌ ചെവിയുള്ളവന്‍ കള്ളവും പരദൂഷണവും കേള്‍ക്കുന്നു!

ഒരു നാവുള്ളവന്‍ പത്തു നാക്കിന്റെ ദുഷിച്ച സംസാരം നടത്തുന്നു! 

ഹൃദയത്തിലെ സ്നേഹം വറ്റി അത്യാര്‍ത്തിയായിരിക്കുന്നു! 

അങ്ങനെ, എല്ലാം ഉള്ളവന് അഭിമാനത്തിനു പകരം- അഹങ്കാരം!

08/04/21

വരട്ടുന്യായം

സിൽബാരിപുരം രാജ്യത്തെ ഏറ്റവും വലിയ കായലായിരുന്നു സിൽബാരിക്കായൽ. അത്, മൽസ്യസമ്പത്തുകൊണ്ട് പ്രശസ്തവുമായിരുന്നു.

ഒരിക്കൽ, അഞ്ചു വലിയ മീനുകൾ ഒരു കൂട്ടമായി വെള്ളത്തിൽ കളിച്ചു നടക്കുന്നത് മുക്കുവനായിരുന്ന ശങ്കുവിന്റെ ശ്രദ്ധയിൽപെട്ടു.

ഒന്നാമത്തെ മീൻ വെള്ളത്തിൽ ഉയർന്നു വന്നപ്പോൾ മുക്കുവന്റെ വല കണ്ടയുടനെ താണു വന്നിട്ട് മറ്റുള്ളവരോടു പറഞ്ഞു -

"ഞാൻ എന്റെ അമ്മയെ ഒന്നു കണ്ടിട്ട് ഇപ്പോൾ വരാം. നിങ്ങളിവിടെ കളിച്ചോളൂ"

അവൻ ഊളിയിട്ടു പോയ നിമിഷം തന്നെ മുക്കുവൻ വലയെറിഞ്ഞു കഴിഞ്ഞിരുന്നു. നാലു മീനുകളും വലയിലായി.

വല കോരിയപ്പോൾ മീനുകൾ രക്ഷപ്പെടാനുള്ള ചാട്ടം തുടങ്ങി. 

എന്നാൽ, രണ്ടാമൻമാത്രം ചത്തതുപോലെ അനങ്ങാതെ കിടന്നു. മുക്കുവന്‍ കായൽക്കരയിൽ വച്ച് വല നിവർത്തു. രണ്ടാമനെ നോക്കി അയാൾ പറഞ്ഞു -

"മാളികവീട്ടിലേക്ക് ചത്ത മീനെയും കൊണ്ട് ചെന്നാൽ കുഴപ്പമാണ്"

കാരണം, പ്രഭുവിന്റെ മാളികവീട്ടിലേക്കാണ് മുക്കുവൻ പ്രധാനമായും മീൻ പിടിക്കുന്നത്. നല്ല വിലയും കിട്ടും. ഉടൻ തന്നെ, ആ മീനെ അയാള്‍ കായലിലേക്കു വലിച്ചെറിഞ്ഞു!

അങ്ങനെ, രണ്ടാമൻ ജീവനുംകൊണ്ട് ആഴങ്ങളിലേക്ക് ഊളിയിട്ടു.

മുക്കുവൻ മറ്റുള്ള മൂന്നു മീനുകൾ മീൻകൂടയിലാക്കി തലയിൽ വച്ചു നടന്നു പോയി. ഇതിനിടയിൽ രണ്ടു മീനുകൾ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ചാട്ടവും തുള്ളലും നിർത്തി നിരാശരായി. എന്നാൽ, മൂന്നാമൻ അപ്പോഴും കുട്ടയിൽ കിടന്ന് ചാടി ബഹളം വച്ചു കൊണ്ടിരുന്നു.

അന്നേരം, പാതയോരത്തെ മരക്കൊമ്പിൽ വിശന്നുവലഞ്ഞ് വലിയ ഒരിനം പക്ഷി ഇര നോക്കി ഇരിപ്പുണ്ടായിരുന്നു. അതിന്റെ ശ്രദ്ധയിൽ മൂന്നാമന്റെ ചാട്ടം പതിഞ്ഞു. ഈ പക്ഷിയുടെ പ്രത്യേകത എന്തെന്നാൽ, അതു ലക്ഷ്യമിട്ട ഇരയെ മാത്രമേ പിടിക്കുകയുള്ളൂ. അതിനിടയിൽ വേറെ എത്ര നല്ല തീറ്റിയോ മറ്റുള്ള ഇരകളോ വന്നാലും നോക്കുക പോലും ചെയ്യില്ല.

ഒട്ടും വൈകാതെ, മൂക്കുവന്റെ കുട്ടയിൽ പക്ഷി ശക്തിയായി ഇടിച്ചിറങ്ങി!

മീൻ കുട്ട തെറിച്ചു വീണു. കിട്ടിയ നിമിഷത്തിൽ മൂന്നാമൻ കുതിച്ചു പൊങ്ങിച്ചാടി. പക്ഷി അവനെ കൊത്തിയെടുത്ത് തടാകത്തിന്റെ മുകളിലൂടെ പറന്നു. അല്പനേരം, അനങ്ങാതെ പക്ഷിയുടെ കൊക്കിലിരുന്നിട്ട് മീൻ സർവ്വ ശക്തിയുമെടുത്ത് ഒന്നു പിടച്ചു. ഭാഗ്യത്തിന്, കൊക്കിൽ നിന്നും പിടി വിട്ട് കായലിൽ വന്നു വീണ് മൂന്നാമനും രക്ഷപ്പെട്ടു.

കുട്ട മറിഞ്ഞ സമയത്ത്, നാലാമനും അഞ്ചാമനും തളർന്നു കിടന്നതിനാൽ, അവറ്റകൾ കൂടയിൽത്തന്നെ കിടന്നു. മുക്കുവൻ മീൻ കൂട അടച്ച് ദേഷ്യത്തോടെ മാളിക വീട്ടിൽ ചെന്നു കയറി.

ഇതിനിടയിൽ നാലാമൻ ചിന്തിച്ചു - മൂന്നാമൻ തുടർച്ചയായി ചാടിക്കൊണ്ടിരുന്നതു കൊണ്ടാണ് അവൻ കൂട നിലത്തു വീണ് തുറന്നപ്പോൾ തന്നെ എങ്ങോ ചാടി രക്ഷപ്പെട്ടത്! ആ സമയത്ത്, താൻ നിരാശപ്പെട്ട് കൂടയിൽ മയങ്ങുകയായിരുന്നല്ലോ.

നാലാമനും അഞ്ചാമനും മാളിക വീട്ടിലെ അടുക്കളയിലെത്തി. അപ്പോൾ നാലാമന് വൈകിയുദിച്ച വിവേകത്താൽ, അവൻ ശക്തമായി കൂടയിൽ പിടയ്ക്കാൻ തുടങ്ങി.

ആ സമയത്ത്, പ്രഭുവിന്റെ മകൾ അടുക്കളയിൽ വന്നു ചിണുങ്ങി. ആ കുട്ടി നാലാമത്തെ മീനിന്റെ ചാട്ടം കണ്ടു പറഞ്ഞു-

"അമ്മേ, ഈ മീനെ എനിക്കു വല്യ ഇഷ്ടായി. ഇതിനെ കൊല്ലേണ്ട, നമ്മുടെ കുളത്തിൽ വളരട്ടെ. എനിക്ക് അതു നീന്തി നടക്കുന്നതു കാണാനാണ്"

കുട്ടി എന്തു പറഞ്ഞാലും സാധിച്ചു കൊടുത്തിരുന്ന പ്രഭ്വി മുക്കുവനോടു പറഞ്ഞു -

"എടാ, ശങ്കൂ, ആ പെടയ്ക്കുന്ന മീനെ കുളത്തിൽ വിട്ടേക്ക്. കൊച്ചിനെ കാണിച്ചു കൊടുക്ക് "

അങ്ങനെ നാലാമത്തെ മീനും കുളത്തിൽ നീന്തിത്തുടിച്ചു. ഒടുവിൽ, അഞ്ചാമത്തെ മീൻ മയക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ മറ്റുള്ളവരെയൊന്നും കാണുന്നില്ല.

അവൻ സ്വയം പറഞ്ഞു -

"മറ്റു മൂന്നു കൂട്ടുകാരും നേരത്തേ കറിച്ചട്ടിയിലേക്കു പോയിക്കാണണം. അതൊന്നും കാണാതെ ഞാൻ ഉറങ്ങിയത് എത്ര നന്നായി. ഇതു മീനായി പിറന്ന ഞങ്ങളുടെ വിധിയാണ്! ദൈവഹിതമാണ്, അനുഭവിയ്ക്കതന്നെ!"

ആശയം -

ദൈവം, ഓരോ കാലത്തും പല മുന്നറിവുകളും സ്വരക്ഷയ്ക്കുള്ള കച്ചിത്തുരുമ്പു പോലെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നുണ്ട്. അതൊക്കെ യഥാസമയം ഉണർന്നിരുന്ന് നിരീക്ഷിക്കുക. സ്വയം കണ്ണടച്ച് ഇരുട്ടാക്കി മയങ്ങി നിഷ്ക്രിയമായി ജീവിതം കഴിച്ചിട്ട്- വെറുതെ വിധി....ദൈവഹിതം....തലേവര....പാരമ്പര്യം.... എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസം പുലർത്താതിരിക്കുക.

07/04/21

സഹവാസം ശ്രദ്ധിക്കുക!

സിൽബാരിപുരംദേശത്ത് ആഴമേറിയ ഒരു കുളം ഉണ്ടായിരുന്നു. അതിനുള്ളിൽ പലതരം മീനുകളും തവളകളും മറ്റുള്ള ജലജീവികളുമൊക്കെയുണ്ട്.

എങ്കിലും, കുളത്തിലെ പ്രധാന ആകർഷണം ഏതാനും സ്വർണമീനുകളായിരുന്നു. അവ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുമ്പോൾ സ്വർണാഭരണങ്ങൾ ആണെന്നേ തോന്നുകയുള്ളൂ.

അവിടെ, ഒരു ചെറിയ തവളക്കുട്ടനും സ്വർണമീനും തമ്മിൽ വലിയ കൂട്ടായി. അവർ വെള്ളത്തിൽ നീന്തിക്കളിച്ചു നടക്കുക പതിവാണ്.

ഒരു ദിവസം, ആമയാശാൻ അതു വഴി വന്നു. നൂറു വയസിനുമേൽ പ്രായമുള്ള അത്, കുളത്തിലെ വെള്ളം കുടിക്കുന്ന വേളയിൽ, മീനും തവളയും ഒരുമിച്ചു നീന്തുന്നതു കണ്ടു.

ആമ പറഞ്ഞു -

"എടാ, തവളക്കുട്ടാ, നിന്റെ തരപ്പടിക്കാരുടെ കൂടെ പോയി കളിക്കാൻ നോക്ക്. അവന്റെ തിളക്കം നിനക്കു നല്ലതിനല്ല "

അപ്പോൾ, തവളക്കുട്ടൻ പിറുപിറുത്തു -

"നമ്മളേപ്പോലെ ഓടിച്ചാടി കുത്തിമറിഞ്ഞു നടക്കാൻ പറ്റാത്ത ആമയാശാന് മുഴുത്ത കണ്ണുകടിയാണ്"

കുറച്ചു നേരം കഴിഞ്ഞപ്പോൾ വലിയൊരു നീർക്കാക്ക അതുവഴി പറന്നു പോയി. ദൂരദേശത്തേക്ക് പോകുകയായിരുന്നുവെങ്കിലും വെള്ളത്തിലെ സ്വർണനിറം കണ്ടപ്പോൾ തിരികെ പറന്നുവന്ന് അത് കണ്ണു മിഴിച്ചു. മിന്നൽ വേഗത്തിൽ താഴേക്കു വന്ന് സ്വർണ മീനെ കൊത്തിയെടുത്തു -

"പ്ളും"

എന്നാൽ, മീനൊപ്പം ചേർന്നു നീന്തിയ തവളക്കുട്ടനും പക്ഷിയുടെ ചുണ്ടിലകപ്പെട്ടു!

ആ നിമിഷത്തിൽത്തന്നെ കൂട്ടുകാർ രണ്ടും ഒന്നിച്ച് നീർക്കാക്കയുടെ വയറിനുള്ളിൽ ഒടുങ്ങി.

ആശയം -

ചില മനുഷ്യരുടെ രീതിയും ഏതാണ്ട് ഇതുപോലെയാണ്. ആരെങ്കിലും തിളങ്ങി നിൽക്കുന്നതു കണ്ടാൽ അവരുടെ പിറകേ പോകും. അന്ധമായ ആരാധനയിലൂടെ സ്വന്തം ആശയങ്ങളും ദർശനങ്ങളും അവർക്കു മുന്നിൽ അടിയറ വയ്ക്കും.

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പഴമൊഴിയും ഇത്തരുണത്തിൽ ഓർമിക്കാം.

പല തട്ടിലുള്ള ദൃശ്യങ്ങൾ കണ്ണിനു മുന്നിൽ കാണാമെങ്കിലും വേണ്ടതു കുളിർമയേകുന്ന കാഴ്ചകളാവണം!

എല്ലാത്തരം അലർച്ചകളും മുരൾച്ചകളും കേൾക്കാമെങ്കിലും ജീവിതത്തിന്റെ ശുദ്ധ സംഗീതത്തിനായി കാതോർക്കണം!

മൂക്കിലേക്ക് എല്ലാ മണങ്ങളും ഇരച്ചു കയറിയാലും സുഗന്ധം ശ്വസിക്കണം!

എല്ലാം തിന്നാമെങ്കിലും കലർപ്പില്ലാത്ത ഭക്ഷണത്തിനു മുന്നിലേ വായ തുറക്കാവൂ!

എങ്ങോട്ടു നടക്കണമെന്നു മനസ്സു പറഞ്ഞാലും കാലുകള്‍ അതനുസരിക്കുമെങ്കിലും ദുര്‍ന്നടപ്പിന്റെ ചെളിയില്‍ ചവിട്ടരുത്!

ചുരുക്കിപ്പറഞ്ഞാൽ, ആവശ്യമില്ലാത്തതിന്റെ മുന്നിൽ മനസ്സിന്റെ ഷട്ടർ അടയ്ക്കുക!

06/04/21

അറിവ് പൂട്ടി സൂക്ഷിക്കാനുള്ളതല്ല!

ഉണ്ണിക്കുട്ടന്‍ നാലാംതരത്തില്‍ പഠിക്കുന്ന സമയം. അവന്‍ ക്ലാസ്സിലെ ഒന്നാമനായതിനാല്‍ മറ്റു കുട്ടികള്‍ സംശയം ചോദിക്കാന്‍ വരുമെങ്കിലും പറഞ്ഞുകൊടുക്കാന്‍ ഉത്സാഹമില്ലായിരുന്നു. അതു പിടികിട്ടിയ നാണിയമ്മ അതിനുപറ്റിയ ഒരു കഥ ഉറങ്ങാന്‍ നേരം പറഞ്ഞുതുടങ്ങി-

   സിൽബാരിപുരംരാജ്യത്ത് പ്രശസ്തനായ ഒരു ഗുരുജി താമസിച്ചിരുന്നു. വീരമണി എന്നു പേരായ അദ്ദേഹത്തിന്റെ സേവനങ്ങളിൽ സംപ്രീതനായി അന്നാട്ടിലെ രാജാവ് ആശ്രമത്തിനായി ഒരുപാടു സ്ഥലം വിട്ടുകൊടുത്തു. അതിൽ, കൃഷിയിടങ്ങളും കാടുപിടിച്ച സ്ഥലങ്ങളും ചതുപ്പുനിലങ്ങളുമൊക്കെയുണ്ട്.

അക്കാലത്ത്, അയല്‍രാജ്യമായ കോസലപുരത്ത് സേതു എന്ന വൻകിട വ്യാപാരിയെ ചില സുഹൃത്തുക്കൾ ചതിച്ചു. വൈകാതെ, കച്ചവടമെല്ലാം പൊളിഞ്ഞ് അയാൾ കടം കയറി നിൽക്കക്കള്ളിയില്ലാതായി.

കോസലപുരത്തെ തടവറയിൽ ഒടുങ്ങുന്ന ജീവിതത്തെ പേടിച്ച് ഒരു രാത്രിയിൽ സേതു സിൽബാരിപുരത്തേക്ക് ഒളിച്ചോടി. കാരണം, ഇവിടേക്കു പോന്നാൽ അതിർത്തി കടന്ന് ആരെയും പിടിച്ചു കൊണ്ടുപോകാൻ ക്ഷിപ്രകോപിയായ രാജാവിന്റെ നിയമങ്ങൾ അനുവദിച്ചിരുന്നില്ല.

വലിയ മാളികയിൽ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിച്ചുവന്നിരുന്ന സേതുവിന് വഴിയാത്രയിലെ ദുർഘട സാഹചര്യങ്ങൾ താങ്ങാനായില്ല. അയാൾ അവശനായി പാതയോരത്തെ ആൽത്തറയിൽ കിടക്കുമ്പോൾ ആരോ പറഞ്ഞു  -

"ഇയാളുടെ നിരാശയൊക്കെ മാറ്റാനുള്ള ദിവ്യശക്തി വീരമണിഗുരുജിക്കുണ്ട്"

അയാൾ അതു ശ്രവിച്ച്, ഗുരുജിയുടെ ആശ്രമം ലക്ഷ്യമാക്കി നടന്നു. അടുത്ത ദിനം, വൈകുന്നേരത്തോടെ സേതു ആശ്രമത്തിലെത്തിച്ചേർന്നു.

അയാൾ ഗുരുജിയോടു യാചിച്ചു -

"അങ്ങ് എന്നെ സഹായിക്കണം. ഞാനിനി എന്തു ചെയ്യുമെന്ന് ഒരു രൂപവുമില്ല"

ഗുരുജി നീരസത്തോടെ പറഞ്ഞു -

"എന്റെ പ്രാർഥനയ്ക്കുള്ള സമയമായി. താൻ നാളെ രാവിലെ വരിക"

"ഗുരുജീ ... എന്നെ കൈവിടല്ലേ. രാവിലെ വരെ എനിക്കു പിടിച്ചു നിൽക്കാനാവില്ല. എന്റെ സമനില തെറ്റി ബോധം മറയുന്ന പോലെ!"

ഗുരുജി പറഞ്ഞു -

"അപ്പോൾ...ശരി...നാളെ രാവിലെ വന്നോളൂ"

അദ്ദേഹം ശക്തിയായി ആശ്രമവാതിലടച്ചു.

അടുത്ത ദിനം, രാവിലെ ഗുരുജിയും ഏതാനും ശിഷ്യരും കൂടി അമ്പലത്തിൽ പോകുകയായിരുന്നു. ആ വഴിയുടെ ഒരു വശം നിറയെ ചതുപ്പുനിലമായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരാൾ ചതുപ്പിൽ പുതഞ്ഞു കിടക്കുന്നതു കണ്ടു!

ഒരു ശിഷ്യൻ അതു ഗുരുജിയുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം നോക്കിയപ്പോൾ ഞെട്ടിത്തരിച്ചു!

തലേ ദിവസം തന്റെ മുന്നിൽ യാചിച്ച ആ മനുഷ്യൻ! 

എന്നാലോ? അയാൾക്കു മുന്നിൽ താൻ വാതിലടച്ചു!

ഗുരുജി ഒരു നിമിഷം കൊണ്ട് വിവേക ബുദ്ധി വീണ്ടെടുത്തു -

"ഇയാൾ ഈ ദേശവാസിയല്ലെന്നു തോന്നുന്നു. ചിലപ്പോൾ പകർച്ചവ്യാധി പിടിച്ചു മരിച്ചതാകാം. വരൂ... നമുക്കു വേഗം പോകാം, അമ്പലത്തിന്റെ നടയടയ്ക്കും"

പതിവുപോലെ, അന്നും ഗുരുജിയും ശിഷ്യരും അമ്പലത്തിൽ ഭഗവാനോട് തീവ്രമായി പ്രാർഥിച്ചു മടങ്ങി!

ആശയം -

സർവശക്തനായ ദൈവമാണ് പരമമായ അറിവ്. അറിവു തേടാനും നേടാനും ഭഗവാന്റെ കൃപ വേണം. അതായത്, അതെല്ലാം ഒരു നിമിത്തമാണ്. എന്നാൽ, നേടിയ അറിവ് സ്വന്തം തലയിൽ വച്ചുപൂട്ടാനുള്ളതല്ല. കാരണം, മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് ഭഗവാന് തോന്നിയതു കൊണ്ടാണല്ലോ ഒരാൾ അറിവിന്റെ നിയോഗമായി മാറുന്നത്.

മറ്റൊരാൾക്ക്  അത്യാവശ്യ സമയത്തു കൊടുക്കേണ്ട അറിവ് നിഷേധിക്കാൻ ഒരു പണ്ഡിതനും അവകാശമില്ല. അതിന് സമയവും മുഹൂർത്തവും രാശിയും നോക്കേണ്ടതില്ല. എന്തെന്നാല്‍, ചില തല്‍സമയ ജ്ഞാനത്തിനു സന്ദര്‍ഭത്തെ അനുസരിച്ച് ജീവനോളംതന്നെ വിലയുണ്ട്!

05/04/21

ചിരിയുടെ ഗവേഷണം

ജപ്പാൻകാരുടെ ചില ഗവേഷണ ഫലങ്ങളിലേക്ക്....

1. അസിഡിറ്റി ഉണ്ടാക്കുന്നത് ഭക്ഷണത്തിന്റെ പ്രശ്നത്തേക്കാൾ കൂടുതൽ പിരിമുറുക്കം മൂലമാണ്.

2. അമിത രക്തസമർദം ഉണ്ടാകുന്നത് ഉപ്പുള്ള ഭക്ഷണത്തേക്കാൾ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകേടുകൊണ്ടാണ്.

3. കൊളസ്റ്റിറോൾ രക്തത്തിൽ കൂടാനുള്ള കാരണം കൊഴുപ്പുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നതിനേക്കാൾ എകാന്തമായ അമിത മടിയുള്ള ജീവിത ശൈലിയാണ്.

4. ആസ്ത്മയുണ്ടാകാൻ ശ്വാസകോശത്തിലേക്കുള്ള പ്രാണവായു കുറയുന്നതിനേക്കാൾ കാരണമാകുന്നത് ദുഃഖ വികാരങ്ങൾ മൂലമുള്ള ശ്വാസകോശത്തിന്റെ അസ്ഥിരതയാണ്.

5. പ്രമേഹത്തിലേക്കു നയിക്കുന്ന ഒരു കാരണം, സ്വാർഥമായും ധിക്കാരമായും വഴക്കമില്ലാത്തതുമായ ജീവിത ശൈലിയാണ്. അത് പാൻക്രിയാസിന്റെ പ്രവർത്തനത്തെ തളർത്തും.

6. കിഡ്നി സ്റ്റോൺ ഉണ്ടാകാൻ വെറുപ്പും വിദ്വേഷവും വഴിവയ്ക്കുന്നു. അപ്പോൾ കാൽസ്യം ഓക്സലേറ്റുകളും മറ്റും അടിഞ്ഞുകൂടി കല്ലാകുന്നു.

ഇങ്ങനെ പലതരം രോഗങ്ങൾക്കു കാരണമാകാൻ വിഷാദം, പിരിമുറുക്കം, ഒറ്റപ്പെടൽ, മടി, ഉത്കണ്ഠ, കോപം എന്നിവയെല്ലാം എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ പ്രവർത്തിക്കുന്നത്?

ന്യൂക്ലിയർ ഫാക്ടർ കാപ്പാ -ബി ( NF-kB) എന്ന പ്രോട്ടീൻകോംപ്ലക്സ്‌ അപ്പോൾ ശരീരത്തിൽ ഉണ്ടാകുന്നു. അത് സൈറ്റോകീൻ (cytokine) എന്ന തന്മാത്രയെ ഉത്തേജിപ്പിക്കുന്നു. അത് കോശങ്ങളെ ദ്രവിപ്പിക്കുന്നു അല്ലെങ്കിൽ പ്രവർത്തനതാളം തെറ്റിക്കുന്നു. അത്തരം കോശങ്ങൾ കൂടുതലുള്ള അവയവങ്ങൾ ക്രമക്കേടു കാണിക്കാനും തുടങ്ങുമ്പോൾ അതിനെ നാം 'രോഗം' എന്നു വിളിക്കും!

ഇതിനെല്ലാം പരിഹാരമാണ് ചിരി എന്ന ഒറ്റമൂലി. ദിവസവും ചിരിക്കാൻ എന്തെങ്കിലും വക കണ്ടെത്തുക. 

നിത്യസംഭാഷണങ്ങളില്‍ ചിരിയുടെ മേമ്പൊടി ചേര്‍ക്കാം. 

ടി.വിയില്‍ നര്‍മം ഉള്ളത് കാണാം.  

സിനിമയും കോമഡി ഉള്ളതാകണം. 

ചിരിക്കു മുന്നില്‍ മുന്‍വിധിയും ഉപാധിയും വേണ്ട. സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിങ്ങനെ ഏതെങ്കിലും ഉറവിടമാകട്ടെ. ഏതു പൊട്ടത്തരമെങ്കിലുമാകട്ടെ. 

നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെ ചിലര്‍ ചിരിച്ചുതള്ളി ശരീരം രക്ഷിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രതികരിച്ചുകൊണ്ട് കോശങ്ങളുടെ നാശത്തിനു വഴി തെളിക്കും. ഒരു സ്ഥലത്തു നാം പോകുമ്പോള്‍ ചില വിഷവിത്തുകള്‍ അവിടെ വരുമെന്നു മുന്‍കൂട്ടി കാണണം. മനസ്സിനെ വളരെ മുന്‍പുതന്നെ പ്രോഗ്രാം ചെയ്യണം. ഒന്നുകില്‍ അവിടെ നിന്നും മുങ്ങുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാം. അല്ലെങ്കില്‍ പ്രതികരണങ്ങളെ താമസിപ്പിക്കുകയോ മൗനം പാലിക്കുകയോ ആവാം.

ഇവിടെ സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പ് പ്രധാനമാകുന്നു. നിലവാരമില്ലാത്തവ പ്രശ്നങ്ങളിലേക്ക് പോയി നമ്മുടെ സന്തോഷം നശിപ്പിക്കും.   

04/04/21

പുഛിസ്റ്റുകൾ

സിൽബാരിപുരംദേശത്ത് പുഴക്കരയിലായി വലിയൊരു ആൽമരം നിന്നിരുന്നു. അതിന്റെ പിറകിലായി മാങ്ങ തിങ്ങിനിറഞ്ഞ മാവും, മറ്റു ചില ചെറു മരങ്ങളുമൊക്കെയുണ്ട്. ആൽമരം ശക്തനായതിനാൽ അതിന്റെ അഹങ്കാരവും പൊങ്ങച്ചവുമൊക്കെ അവൻ കാട്ടിയിരുന്നു.

പലതരം കിളികൾ ചോദിച്ചു -

"ആൽമരമേ.....ഞങ്ങൾ നിന്റെ ചില്ലയിൽ കൂടുവച്ചോട്ടെ?”

അപ്പോൾ ആൽമരം കണ്ണുരുട്ടി പറയും-

"എനിക്ക് അതൊന്നും ഇഷ്ടമല്ല. പിറകിൽ നിൽക്കുന്ന മാവിനോട് ചോദിക്ക്"

അവർ മാവിനോടു ചോദിക്കുമ്പോൾത്തന്നെ അവരെ സ്വാഗതം ചെയ്യും.

പിന്നെ, എലികളും പാമ്പുകളും വേരുകൾക്കിടയിൽ മാളമുണ്ടാക്കാൻ അനുവാദം ചോദിച്ചപ്പോഴും ആൽമരം അതു നിരസിച്ചു -

"എനിക്കു മാത്രമല്ല വേരുകൾ ഉള്ളത്. മാവിനപ്പുറം അനേകം ചെറുമരങ്ങൾ നില്പുണ്ട്. അങ്ങോട്ടു പോകൂ..."

ഇവിടെയും, മാവിന്റെ ചുവട്ടിൽ അവറ്റകൾ അഭയം തേടും. അടുത്തതായി വൻതേനീച്ചകൾ മരത്തിന്റെ വലിയ ശിഖരത്തിൽ പറ്റിച്ചേരാൻ ശ്രമിച്ചപ്പോൾ അത് പറഞ്ഞു -

"എനിക്കു നിന്റെ തേൻ ആവശ്യമില്ല. മാവിലേക്കു ചേക്കേറുക"

തേനീച്ചക്കൂട്ടം മാവിൽ താമസമാക്കി. എട്ടുകാലികളും ശലഭങ്ങളും ഇലയുടെ മറവിൽ ഇരിക്കാൻ അനുവാദം ചോദിച്ചപ്പോൾ ആൽമരം അവരെ വിരട്ടി. അന്നേരം, മാവിലകൾ അവർക്ക് അഭയമേകി. ഉറുമ്പുകളെപ്പോലും ആൽമരത്തിലൂടെ നടക്കാൻ അത് വിസമ്മതിച്ചു. ചില കാട്ടുവള്ളികൾ ആൽമരത്തിൽ കയറാൻ ശ്രമിച്ചപ്പോഴും ആൽമരം ഉടക്കി.

അതേസമയം, ആൽമരം കേൾക്കാതെ മാവും അതിലെ ജീവികളും പിറകിലുണ്ടായിരുന്ന ചെറു മരങ്ങളും പിറുപിറുത്തു -

"നികൃഷ്ടൻ....ദുഷ്ടൻ....കണ്ണിൽച്ചോരയില്ലാത്തവൻ....ധിക്കാരി..."

ഒരു ദിവസം, മന്ത്രികുമാരനും കൂട്ടുകാരും പുഴയില്‍ നീന്താനെത്തി. അതിനിടയില്‍, ആൽമരത്തിന്റെ താഴത്തെ ശിഖരത്തിൽനിന്നും ഞാന്നു കിടന്നിരുന്ന ആൽമരവള്ളിയിൽ പിടിച്ചു തൂങ്ങി കുട്ടികൾ കളിക്കാൻ ശ്രമിച്ചു. പക്ഷേ, ദുര്‍ബലമായ ഒരു വള്ളിയില്‍ എല്ലാവരും ഒന്നിച്ച് ഊഞ്ഞാലാടിയപ്പോള്‍ അത് പൊട്ടി  നിലത്തുവീണു! ഭാഗ്യത്തിന്, ആര്‍ക്കും കാര്യമായ പരിക്കു പറ്റിയില്ല. എന്നാല്‍, ആ സംഭവം ആല്‍മരത്തിനു ദൗര്‍ഭാഗ്യമായി ഭവിച്ചു.   

ഈ വിവരം കൊട്ടാരത്തിലെത്തി. മന്ത്രി കലിപൂണ്ടു. ഉടൻ രാജകല്പനയുണ്ടായി -

"ആൽമരം ചുവടെ വെട്ടിനീക്കുക!"

ഉടൻതന്നെ, നാലു മരംവെട്ടുകാർ മഴുവും തോളത്തു വച്ച് അവിടെത്തി. ആൽമരത്തിനു ചുറ്റുമുള്ള വേരു തെളിച്ചുതുടങ്ങി. ഇതു കണ്ടപ്പോൾ, മാവിനും മറ്റുള്ളവർക്കും കാര്യം മനസ്സിലായി. എല്ലാവർക്കും സന്തോഷമായി. ഇനി ആൽമരത്തിന്റെ കരുത്തിനെ ആരു പേടിക്കണം?

മാവ് പറഞ്ഞു -

"ദേ...നോക്കൂ...ദുഷ്ടനായ ആൽമരത്തിന്റെ കഥ കഴിഞ്ഞു "

എലികൾ: "ആ ധിക്കാരിയുടെ വേരു പിഴുതു പോകുന്നത് എനിക്ക് കാണണം"

ശലഭങ്ങൾ: "അവന്റെ ഇലകൾ കൊഴിയുന്നതു കണ്ടാൽ ഞങ്ങൾക്കു തൃപ്തിയായി "

തേനീച്ചകൾ: "അവന്റെ ശിഖരങ്ങൾ എല്ലാം വീഴട്ടെ"

പക്ഷികൾ: "ചെറു ചില്ലകൾപോലും അവശേഷിക്കാതെ വെട്ടണം"

ഇതെല്ലാം കേട്ട് ആൽമരം നടുങ്ങി! പേടിയോടെ പറഞ്ഞു-

"എന്ത്? ഇത്രയും പകയൊക്കെ നിങ്ങളുടെ മനസ്സിലുണ്ടായിരുന്നോ? ഞാൻ സഹായിച്ചില്ലെന്നതു ശരിയാണ്. പക്ഷേ, നിങ്ങളെ ഉപദ്രവിച്ചില്ലല്ലോ"

അതുകേട്ട് അവരെല്ലാം ആർത്തു ചിരിച്ചു. അന്നേരം, ആൽമരത്തിന്റെ ഇലകളെല്ലാം ദു:ഖത്തോടെ കൂമ്പി.

ആ സമയത്ത്, ഒരു സന്യാസി കയ്യിൽ തുണിസഞ്ചിയുമായി മാവിൻചുവട്ടിലൂടെ നടപ്പുണ്ടായിരുന്നു. നിലത്തു കിടക്കുന്ന കേടില്ലാത്ത മാങ്ങകള്‍ പെറുക്കിയെടുത്തു സഞ്ചിയിലിട്ടു. അതീന്ദ്രീയ ജ്ഞാനമുള്ള സന്യാസി ഇവിടെ പറഞ്ഞതെല്ലാം കേട്ടു.

അദ്ദേഹം തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു -

"നിങ്ങൾ എന്തു നന്ദികേടാണ് പറയുന്നത്? ആൽമരം ചെയ്ത സഹായം ഒരിക്കലും മറക്കാൻ പാടില്ല "

മാവ് ദേഷ്യപ്പെട്ടു -

"ഹേയ്... സന്യാസീ... എന്റെ മാങ്ങാ പെറുക്കിയെടുത്തിട്ട് എന്നെ കുറ്റം പറയുന്ന താങ്കളാണ് നന്ദികേടു കാട്ടുന്നത്? ഞങ്ങളുടെ അറിവിൽ ആൽമരം എന്തെങ്കിലും ഗുണം ചെയ്തതായി അറിവില്ല"

സന്യാസി വിശദമാക്കി -

"രണ്ടു വർഷം മുൻപുണ്ടായ കൊടുങ്കാറ്റിനോട് പൊരുതിയത് ഈ ആൽമരം മാത്രമായിരുന്നു. നീ മാത്രമല്ല, പിറകിലുള്ള മറ്റുള്ള മരങ്ങളെല്ലാം ഇപ്പോൾ ഇങ്ങനെ നിൽക്കുന്നതിന്റെ കാരണം മറ്റൊന്നല്ല! നേരിട്ട് കൊടുങ്കാറ്റിനെ ചെറുക്കാനുള്ള ശക്തി ഈ ദേശത്ത് ആലിനു മാത്രമേയുള്ളൂ. മാത്രമല്ല, ദൈവസാന്നിദ്ധ്യമുള്ള വൃക്ഷമാണ് ആൽമരം"

പൊടുന്നനെ, എല്ലാവരും നിശബ്ദരായി. കുറച്ചു കഴിഞ്ഞ്

മാവ് പറഞ്ഞു -

"ഞങ്ങളുടെ അറിവില്ലായ്മകൊണ്ട് ദുഷ്ട വിചാരങ്ങൾ വന്നുപോയതാണ്. സന്യാസി പൊറുത്താലും. ഈ സുഹൃത്തിനെ ഇനി എങ്ങനെയാണു രക്ഷിക്കാൻ കഴിയുക?"

അനന്തരം, സന്യാസി തേനീച്ചക്കൂട്ടത്തെ നോക്കി. അവറ്റകൾക്കു കാര്യം മനസ്സിലായി.

ഉടൻ, മരം വെട്ടുകാർ അലറി -

"എടാ, തേനീച്ചക്കൂട്ടം ഇളകിയെടാ. ഇനി രക്ഷയില്ല, ഓടിക്കോ..."

മരം വെട്ടുകാർ കൊട്ടാരത്തിലെത്തി രാജാവിനെ കണ്ട് സങ്കടമുണർത്തിച്ചു -

"മഹാരാജൻ, ഞങ്ങളോടു ക്ഷമിച്ചാലും. ഒരു സന്യാസി അവിടെ വന്നപ്പോൾ അടുത്ത മരത്തിലെ തേനീച്ചയിളകി. അതുകൊണ്ട്, ഞങ്ങൾ ഓടി രക്ഷപ്പെട്ടു. നാളെ ഞങ്ങൾ മരം വെട്ടിക്കോളാമേ..."

രാജാവിന് എന്തോ സംശയം തോന്നി-

"ഹും.. വേണ്ട, ഇനി അങ്ങോട്ടു പോകേണ്ട. സന്യാസിമാർ ധ്യാനത്തിന് ആൽച്ചുവട്ടിൽ ഇരിക്കാറുണ്ട്. മരം വെട്ടുന്നത് ഇഷ്ടപ്പെടാതെ ചിലപ്പോൾ തേനീച്ചയെ അയാളുടെ ആജ്ഞാശക്തികൊണ്ട് ഇളക്കിവിട്ടതാകും"

പിന്നെയും വർഷങ്ങൾ കൊഴിഞ്ഞു വീണു. ഇപ്പോൾ ആൽമരത്തിലും മാവിലും അനേകം ജീവജാലങ്ങൾ സന്തോഷത്തോടെ സഹവസിക്കുകയാണ്‌.

ആശയം -

ചില മനുഷ്യർ ആയുഷ്കാലം നന്മകൾ ചെയ്താലും മറ്റുള്ളവരിൽ നിന്നും  പുച്ഛവും നന്ദികേടും മാത്രമായിരിക്കും കിട്ടുക. തിരസ്കരണവും നിരാസങ്ങളും ചിലരുടെ തലവരയാണ്. നന്മകൾ പുണ്യകർമമായി കാണുന്നവരെ ആരും തിരിച്ചറിയാറില്ല! ഇക്കാലത്ത്, നിസ്സാരകാര്യങ്ങള്‍ ചെയ്തിട്ടു സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ നന്നായി വിളമ്പാൻ അറിയുന്നവർക്ക് നല്ല പുരോഗതിയാണ്!

03/04/21

തൊഴിൽ സ്നേഹം അമിതമാകരുത്!

സിൽബാരിപുരംകൊട്ടാരത്തിലെ മിടുക്കനായ സ്വർണ്ണപ്പണിക്കാരനായിരുന്നു കേശു. ലഭ്യതയും വിലക്കുറവും രൂപകല്പനയിലെ വൈദഗ്ദ്ധ്യവുമൊക്കെ സ്വര്‍ണ്ണത്തെ   ഏറെ പ്രിയങ്കരമാക്കി. ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുമ്പോൾ മിക്കവാറും എല്ലാ സ്ത്രീകളും പുതിയ വ്യത്യസ്തമാർന്ന ആഭരണങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു.

അതേസമയം, കേശുവിന്റെ ഭാര്യ രുക്കുവിനും മക്കൾക്കും പുതിയ ആഭരണമൊന്നും ഉണ്ടായിരുന്നില്ല. പഴയ ചുരുക്കം ചില സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം.  കേശുവിനോടു ചോദിച്ചാൽ ചുരുങ്ങിയ ചെലവിൽ പലപ്പോഴായി ആഭരണങ്ങൾ വാങ്ങാമെങ്കിലും അവളുടെ ന്യായം ഇതായിരുന്നു -

"അങ്ങേര് കണ്ടറിഞ്ഞ് ഭാര്യക്കും പിള്ളേർക്കും ഉണ്ടാക്കി കൊടുക്കട്ടെ"

രാവിലെ കുട്ടികൾ പായയിൽനിന്നും എണീക്കുന്നതിനു മുൻപുതന്നെ കേശു കൊട്ടാരത്തിലേക്കു പുറപ്പെട്ടിരിക്കും. തിരികെ രാത്രിയിൽ വരുമ്പോൾ അവർ ഉറക്കം പിടിച്ചിരിക്കും. ആഴ്ചയിൽ ഒരു ദിവസം കേശുവിന് അവധി കിട്ടുമ്പോൾ

കുട്ടികൾ പരിഭവം പറയും-

"അച്ഛനെ ഒന്നു കാണാൻ പോലും കിട്ടുന്നില്ല. ഞങ്ങളുടെ കൂടെ കളിക്കാനും ചിരിക്കാനും വരത്തില്ലല്ലോ "

"എന്റെ മക്കളേ... അച്ഛന് ഇഷ്ടല്ലാത്തതു കൊണ്ടല്ല. കൊട്ടാരത്തിലെ ജോലിയാണ്. ഒട്ടും വിശ്രമിക്കാൻ പറ്റില്ല. ഒരാഴ്ചയിൽ ഒരു ദിവസം കിട്ടിയാലോ വല്ലാത്ത ക്ഷീണം. ഞാനൊന്നു കിടക്കട്ടെ"

ക്രമേണ രുക്കുവിനും കുട്ടികൾക്കും അയാളോട് സ്നേഹം കുറഞ്ഞു വന്നു. എന്നാല്‍, കൊട്ടാര തൊഴില്‍ശാലയില്‍ ആളുകള്‍ പുകഴ്ത്തിപ്പാടിക്കൊണ്ടിരുന്നു. മറ്റുള്ളവരുടെ പണികള്‍കൂടി സൂത്രത്തില്‍ കേശുവിന്റെ തലയിലേക്ക് വച്ചുകൊടുത്തു!  അങ്ങനെ, കേശു എല്ലാവരുടെയും കണ്ണിലുണ്ണിയായി. ഇതേപ്പറ്റി എന്തെങ്കിലും രുക്കു പറഞ്ഞാൽ അന്നേരം, കേശു തന്റെ ജോലി ഭാരത്തിന്റെയും പണിയുടെ ഗൗരവത്തേപ്പറ്റിയും വാചാലനാകും.

അങ്ങനെ, വർഷങ്ങൾ ഏറെ കടന്നു പോയി. വേണ്ടതായ വിശ്രമമില്ലാതെ തുടർച്ചയായി ജോലിയിൽ മാത്രം ശ്രദ്ധിച്ച് കേശുവിന്റെ ആരോഗ്യം നശിച്ചു തുടങ്ങി.  പണിയിലെ കൃത്യത കുറഞ്ഞു വന്നപ്പോൾ അതുവരെ മുഖസ്തുതി പാടിയവര്‍ തിരിഞ്ഞു-

"അയാളുടെ കാലം കഴിഞ്ഞു. ഇനി വീട്ടിലിരിക്കുന്നതായിരിക്കും ഭേദം"

പിരിച്ചുവിടുമെന്ന് സൂചന കിട്ടി. ചിങ്ങമാസം ഒന്നാം തീയതി ജോലിയുടെ അവസാന ദിനമായിരിക്കുമെന്ന് ഉത്തരവും കിട്ടി.

ജോലിയിലെ അവസാന ദിനം -

കേശു തന്റെ കഠിനാധ്വാനത്തേപ്പറ്റിയും പ്രതിഫലത്തേപ്പറ്റിയും വീടു പണിതതുമൊക്കെ ഓർത്തുകൊണ്ട് പൊന്നുരുക്കിയെടുത്തുകൊണ്ടിരുന്നു.

അപ്പോഴാണ് അയാൾ ഒരു കാര്യം ഓർത്തത്!

രുക്കുവിനും മക്കൾക്കും താൻ പണിത ആഭരണങ്ങൾ ഒന്നും തന്നെയില്ല. എല്ലാം പഴയതു മാത്രം. പെട്ടെന്ന്, അതിമനോഹരമായ മാലയും വളയും രുക്കുവിനു വേണ്ടി ഉണ്ടാക്കി. കുട്ടികള്‍ക്ക് പൊന്നരഞ്ഞാണവും പാദസരങ്ങളും. പോരാൻനേരം, അതിന്റെ വില രാജാവ് ഇളവു ചെയ്യുകയും ചെയ്തു.

മാത്രമല്ല, രാജാവ്‌ ഒരു പണക്കിഴിയും കേശുവിനു സമ്മാനിച്ചു. അതീവ സന്തോഷത്തോടെ വീട്ടിലേക്കു നടക്കവേ, തനിക്ക് ഇനി കുട്ടികളുമായി കളിക്കാനും ഭാര്യയുമായി സംസാരിക്കാനും യഥേഷ്ടം സമയം കിട്ടുമല്ലോ എന്നോർത്ത് ആശ്വാസമായി. അങ്ങനെ രാത്രിയില്‍ വീട്ടിലേക്കുള്ള വഴിയിലൂടെ കുറെ ദൂരം നടന്നപ്പോൾ കേശുവിനു തലകറക്കമുണ്ടായി. നിലത്തു വീണയുടൻ ജീവൻ വെടിഞ്ഞു. ആ നിമിഷം തന്നെ, സഞ്ചിയിലെ കിഴിയും ആഭരണങ്ങളും  ആരോ തട്ടിയെടുക്കുകയും ചെയ്തു!

അങ്ങനെ, വിലയേറിയ ആഭരണങ്ങൾ കേശു ഉണ്ടാക്കിയതുപോലും രുക്കുവും കുട്ടികളും ഒരിക്കലും അറിഞ്ഞില്ല!

ആശയം -

'പണിയേ ശരണം' എന്നു മാത്രം വിചാരിച്ചു നടക്കുന്ന (workaholic) ആളുകള്‍ നമുക്കു ചുറ്റും അനേകമാണ്. അവരുടെ കഴിവുകളെ പരമാവധി ചോര്‍ത്തിയെടുക്കാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ വെറുതെയങ്ങ്‌ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു ചൂഷണം ചെയ്തുകൊണ്ടിരിക്കും. സ്വന്തം കുടുംബത്തെ    സ്നേഹിക്കാനുള്ള സമയത്ത് അത് കൊടുക്കുകതന്നെ വേണം. സ്വീകരിക്കേണ്ട സമയത്ത് അവഗണിക്കാതെ ഏറ്റുവാങ്ങുകയും വേണം. സ്നേഹത്തിനും കരുതലിനും പരിഗണനയ്ക്കും സൗമ്യ സംസാരങ്ങള്‍ക്കും സമയം, കാലം, സന്ദർഭം എന്നിവയൊക്കെ അനുകൂലമാകാൻ കാത്തിരുന്നാൽ ചിലപ്പോൾ നിഷ്പ്രയോജനങ്ങളാകും. അതിനാൽ, പാത്രമറിഞ്ഞ് വിളമ്പുക. സ്വീകരിക്കുക. ആസ്വദിക്കുക. എങ്കിൽ മാത്രമേ, കുടുംബ ജീവിതത്തിന് സ്വർണ്ണത്തിളക്കം കിട്ടുകയുള്ളൂ.

02/04/21

പുതിയ സൗഹൃദം

ഒരു കാലത്ത്, സിൽബാരിപുരവും കോസലപുരവും മനുഷ്യവാസം തീരെ കുറവുള്ള കൊടുംകാടായിരുന്നു.

ഒരിക്കൽ, കോസലപുരംകാട്ടിൽ കറുമ്പൻകാട്ടാന കൂട്ടുകാരുമൊന്നിച്ച് തിന്നു മദിച്ച് കൂത്താടി നടക്കുകയായിരുന്നു. പക്ഷേ, ഇടയ്ക്ക് അവനു വഴിതെറ്റി. ആനത്താരകൾ കണ്ടുപിടിക്കാൻ പിന്നെ കഴിഞ്ഞില്ല. കറുമ്പൻ ഒരുപാടു ദൂരം അലഞ്ഞു തിരിഞ്ഞ് സിൽബാരിപുരംകാട്ടിലെത്തി. പലയിടത്തും തേടിയിട്ടും ആനകളെയൊന്നും കണ്ടില്ല.

മുൻപ്, കൂട്ടമായി നടന്നു ശീലമുള്ള കറുമ്പന് കൂട്ടില്ലാതെ പറ്റില്ലെന്നായി.

അപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു. കറുമ്പൻ ചോദിച്ചു -

"ഹേയ്... കുറുക്കാ എന്നെ നിന്റെ ചങ്ങാതിയാക്കാമോ? ഞാനിവിടെ പുതിയതായി വന്നതാണ് "

കുറുക്കൻ പരിഹസിച്ചു -

"ഞങ്ങൾ ആനകളേക്കാൾ ബുദ്ധിശാലികളും മഹാസൂത്രക്കാരുമാണ്. നിന്റെ കൂട്ട് എനിക്കു വേണ്ട"

കറുമ്പൻ മുന്നോട്ടു നടന്നപ്പോൾ ഒരു കുരങ്ങൻ മരത്തിലൂടെ തൂങ്ങിയാടുന്നതു കണ്ടു. കറുമ്പൻ ചോദ്യം ആവർത്തിച്ചു. 

കുരങ്ങൻ പല്ലിളിച്ചു ഗോഷ്ഠി കാട്ടി ചോദിച്ചു -

"എന്റെ കൂടെ മരത്തിൽ ചാടി നടക്കാൻ നിനക്കു പറ്റുമോ?"

പിന്നെ, കറുമ്പന്‍ മുന്നോട്ടു പോയി ഒരു കാക്കയോടു ചോദിച്ചു. അതു പറഞ്ഞു -

"നിനക്ക് ഈ പൊണ്ണത്തടി മാത്രമേ ഉള്ളോ? ബുദ്ധിയില്ലേ? ഈ കാടു മുഴുവൻ പറന്നു നടക്കുന്ന എനിക്ക് നിന്റെ കൂട്ടു ശരിയാകില്ല"

അതോടെ കറുമ്പൻ നിരാശനായി. അവൻ കുറച്ചു പനയോല തിന്നിട്ട് മരച്ചുവട്ടിൽ കിടന്നുറങ്ങി.

വലിയൊരു ബഹളം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്. പല തരം മൃഗങ്ങൾ കരഞ്ഞുകൊണ്ട് നാലുപാടും ചിതറിയോടുന്നു!

കറുമ്പൻ എണീറ്റ് കണ്ണു മിഴിച്ചു. മരത്തിലൂടെ വെപ്രാളം പിടിച്ച് ചാടി വന്ന കുരങ്ങനോട് പ്രശ്നമെന്താണെന്ന് ചോദിച്ചു.

അത് പറഞ്ഞു -

"ഈ കാട്ടിൽ ഇതുവരെയും സിംഹമില്ലായിരുന്നു. വേറേ ഏതോ ദിക്കിലെ കാട്ടിൽ നിന്നും വഴക്കുണ്ടാക്കി തെറ്റിപ്പിരിഞ്ഞ് ഒരു ദുഷ്ടനായ സിംഹം ഇര തേടിയിറങ്ങിയിരിക്കുന്നു. അതിന്റെ ബഹളമാണിത്!"

ഉടൻ, അകലെ നിന്ന് മാൻ കൂട്ടങ്ങളുടെ പിറകേ സിംഹം പാഞ്ഞു വരുന്നത് കറുമ്പന്റെ കണ്ണിൽപ്പെട്ടു. അവൻ മരത്തിനു മറവിൽ പതുങ്ങി നിന്നു.

സിംഹം അടുത്തെത്തിയതും -

കറുമ്പനാന സർവ്വശക്തിയുമെടുത്ത് ആഞ്ഞു തൊഴിച്ചു!

സിംഹം പന്തുകണക്കെ തെറിച്ച് അടുത്തുള്ള ആഴമേറിയ ചതുപ്പിലേക്കു വീണു. സിംഹം അലറിയെങ്കിലും ചെളിയിൽ പുതഞ്ഞ് ആഴങ്ങളിലേക്ക് താണുപോയി.

ഉടൻ, കുറുക്കൻ വിജയത്തിന്റെ ഓരിയിട്ടു. കാക്കകൾ സന്തോഷത്തിന്റെ ശബ്ദം പുറപ്പെടുവിച്ചു. കുരങ്ങന്മാർ വള്ളിയിൽ ഊഞ്ഞാലാടി. പിന്നെ, കാട്ടിലെ മൃഗങ്ങളെല്ലാം ഒത്തുകൂടി കറുമ്പനു ചുറ്റും നിരന്നു. അവർ പറഞ്ഞു -

"ഇന്നു മുതൽ കറുമ്പൻകൊമ്പനാന ഞങ്ങളുടെ ചങ്ങാതി മാത്രമല്ല, ഈ കാടിന്റെ രാജാവായി ഞങ്ങൾ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു!"

കറുമ്പന് സന്തോഷമായി. മൃഗങ്ങളെല്ലാം വിജയഭേരി മുഴക്കിക്കൊണ്ടിരുന്നു.

ആശയം -

ചങ്ങാത്തം വരാനും പോകാനും ഏറേ നേരമൊന്നും വേണ്ട. എത്ര കാലം പഴകിയ സൗഹൃദവും പൊള്ളയാണെന്നു തെളിയാൻ നിമിഷങ്ങൾ മതിയാകും.

എന്നാലോ? പ്രത്യേകിച്ച് യാതൊരു അടുപ്പവുമില്ലാത്ത താൽക്കാലിക സൗഹൃദം കനത്ത ഉപകാരങ്ങൾ ചെയ്തന്നും വരാം. ചുരുക്കത്തിൽ, ചങ്ങാത്തത്തിന്റെ കാര്യത്തിൽ യാതൊരു ഗ്യാരണ്ടിയുമില്ല.

01/04/21

മുഖ്യമന്ത്രി കെ. കാമരാജ്

കെ. കാമരാജ് (1903-1975) തമിഴ്നാട്ടിലെ വിരുദുനഗറില്‍ ജനനം. ഇന്ത്യ കണ്ട മികച്ചൊരു കോണ്‍ഗ്രസ്‌ നേതാവായിരുന്നു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

കൊച്ചുരാമരാജിന് ആറു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിന്നെ, പ്രതികൂല സാഹചര്യത്താല്‍ പന്ത്രണ്ടു വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തി. ദാരിദ്ര്യം മൂലം, അമ്മയെ തനിച്ചാക്കി പണിക്കായി കേരളത്തിലേക്ക് പോന്നു. അപ്പോള്‍, പതിനെട്ട് വയസ്സ് പ്രായം.  തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ ചാക്ക് ചുമക്കുന്ന പണികള്‍ക്കിടയില്‍ വായിക്കാന്‍ കിട്ടിയ ഒരു പത്രവാര്‍ത്തയാണ് അവന്‍റെ ജീവിത ഗതി മാറ്റി മറിച്ചത്!

-വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി വരുന്നുവത്രെ!     

ഗാന്ധിജിയെ കാണാന്‍ മുതലാളിയോടു അവധി ചോദിച്ചെങ്കിലും ബ്രിട്ടിഷ് അനുഭാവിയായിരുന്ന അയാള്‍ അവനെ കഴുത്തിനു പിടിച്ചു തള്ളി. അവന്‍ അതിലൊന്നും നിരാശപ്പെടാതെ ബോട്ട് ജെട്ടിയിലേക്കു നടന്നു. ആലപ്പുഴ വരെ ചരക്കു വഞ്ചിയില്‍ സൗജന്യമായി യാത്ര ചെയ്ത്‌, പിന്നീടുള്ള ദൂരം, വൈക്കത്തിനു നടന്നുപോയി. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവന്‍ വല്ലാതെ തളര്‍ന്നിരുന്നു. അന്നു തന്നെ ഗാന്ധിജി അവിടെ വരികയും ചെയ്തു. അതിനിടയില്‍, തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സത്യമൂര്‍ത്തിയുടെ പിറകേ കൂടിയപ്പോള്‍ ദയ തോന്നി അകലെനിന്നു വന്നവര്‍ക്കായി ഭക്ഷണം വിളമ്പി. കാമരാജിന് വയറുനിറയെ ഭക്ഷണം കിട്ടി.

സത്യമൂര്‍ത്തി ഗാന്ധിജിയോടു പറഞ്ഞു-

“ഈ കുട്ടി അങ്ങയെ കാണാന്‍ തിരുവനന്തപുരത്തു നിന്നും വന്നതാണ്‌"

അപ്പോള്‍, ഗാന്ധിജി അവനു നേരെ പുഞ്ചിരി തൂകി. കാമരാജിന് വലിയ സന്തോഷമായി.

പിന്നീട്, സത്യമൂര്‍ത്തി അവനെ സ്വന്തം വീട്ടിലെ സഹായിയാക്കി. രാഷ്ട്രീയം നന്നായി പഠിച്ചു. കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനായി. ഒടുവില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അടുത്ത അനുയായി മാറി.   1954-63 കാലത്ത് മദ്രാസ്‌ മുഖ്യമന്ത്രിയായി മാറി.    

ഒരിക്കൽ മുഖ്യമന്ത്രി കാമരാജ്, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ മധുരയിൽ ഒരു റാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു.

വഴിമധ്യേ കാറിൽവച്ചു നെഹ്റു ചോദിച്ചു-

"വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആണോ...? എങ്കില്‍ എനിക്ക് താങ്കളുടെ അമ്മയെ കാണാമല്ലോ"

കാമരാജ് പറഞ്ഞു-

“വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ, അമ്മ അവിടെ കാണില്ല”

കുറച്ചു ദൂരം കാര്‍ സഞ്ചരിച്ച ശേഷം കാമരാജ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിശാലമായ ഒരു പാടമായിരുന്നു അത്. അവിടെ കുറെ സ്ത്രീകള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. 

കാമരാജ് ഉച്ചത്തില്‍ വിളിച്ചുകൂവി-

"അമ്മേ..."

അപ്പോള്‍, പ്രായമായ സ്ത്രീ നിവര്‍ന്നു നിന്നു ചോദിച്ചു-

"എന്താ മോനെ വിശേഷിച്ച്..?”

ഉടന്‍, കാമരാജ് അമ്മയെ വിളിച്ചുവരുത്തി നെഹ്‌റുവിനെ പരിചയപ്പെടുത്തി-

"ഇതാണെന്റെ അമ്മ!”

തിരിഞ്ഞ്‌, കാമരാജ് അമ്മയോട് പറഞ്ഞു-

“അമ്മേ...ഇതാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു!”

  നെഹ്‌റു അമ്പരപ്പോടെ കൈകള്‍ കൂപ്പി.

ഇങ്ങനെ, ലളിതമായ വീടും ജീവിതസാഹചര്യങ്ങളും കാമരാജിനെ വ്യത്യസ്തനാക്കി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ 'കാമരാജ് പദ്ധതി' ഏറെ പ്രശസ്തമാണ്. ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി എന്നിവരെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കര്‍' എന്നറിയപ്പെട്ടു. ആദര്‍ശ രാഷ്ട്രീയത്തിന് 'കാമരാജ് മോഡല്‍' എന്നും പറയാറുണ്ട്. 

ഇന്ത്യയില്‍ ആദ്യമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി എല്ലാ കുട്ടികള്‍ക്കും ഏര്‍പ്പെടുത്തി.   ഓരോ ഗ്രാമത്തിലും സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു. ഹൈസ്കൂള്‍ വരെ സൗജന്യ വിദ്യാഭ്യാസം കുട്ടികള്‍ക്ക് അനുവദിച്ചു. മാത്രമല്ല, തമിഴ്നാട്ടിലെ വൈദ്യുതീകരണം അദ്ദേഹത്തിനു കീഴില്‍ ഏറെ പുരോഗതി പ്രാപിച്ചു. വിവിധ  ഡാമുകള്‍ അദ്ദേഹത്തിന്റെ കാലത്ത് നിലവില്‍ വന്നു. അദ്ദേഹത്തിന്, 1976-ല്‍ മരണാനന്തരം ഭാരതരത്നം നല്‍കി ആദരിച്ചു.