Featured Post

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

എളിമയെന്നാൽ ഒന്നുമില്ലായ്മയല്ല!

" ഗർർർ..."

ശിങ്കൻസിംഹത്തിന്റെ അലർച്ചയിൽ കാടാകെ നടുങ്ങി വിറച്ചു.

വീരൻകൊമ്പനാന വഴിമാറി നടന്നു. വരയൻപുലി മരത്തിൽ നിന്ന് ഇറങ്ങിയില്ല.

മുരടൻകടുവ മടയിൽ ഒളിച്ചിരുന്നു. കിളികൾ പേടിച്ച് തലങ്ങും വിലങ്ങും പറന്നു പോയി.

പതിവുപോലെ ശിങ്കൻസിംഹം രാവിലെ ഇരതേടാൻ ഇറങ്ങിയിരിക്കുന്നു!

ഇന്ന് ആരെയാണു പിടിക്കുക?

വനജീവികൾ അങ്കലാപ്പിലായി.

ചെറിയ കാട്ടുചെടികളും പൂക്കളും നിറയെ ഉണ്ടായിരുന്ന പ്രദേശത്തിലൂടെ അതെല്ലാം ചവിട്ടിമെതിച്ച് സിംഹരാജൻ നടന്നു നീങ്ങിയപ്പോൾ -

"രാജാവേ, ഞങ്ങൾ തേൻ കുടിക്കുന്ന പൂക്കളെ ദയവായി നശിപ്പിക്കല്ലേ. ഈ കാട്ടിൽ ഇവിടെ മാത്രമേ ഇത്തരം പൂക്കൾ വളരുന്നുള്ളൂ"

പൊന്നൻതേനീച്ചയായിരുന്നു അത്. അതു കേട്ട് ശിങ്കൻസിംഹം അലറി -

"ഗർർർ..... ഞാൻ രാജാവായിരിക്കുന്ന കാട്ടിൽ എന്റെ നേരേ സംസാരിക്കാൻ ആരാടാ വളർന്നിരിക്കുന്നത്?"

കാരണം, തേനീച്ച സിംഹത്തിന്റെ കണ്ണിൽപ്പെട്ടില്ല.

"രാജാവേ, ഞാൻ ഈ മഞ്ഞപ്പൂവിന്മേൽ ഇരിക്കുന്ന പൊന്നൻതേനീച്ചയാണ്"

സിംഹം അലറിച്ചിരിച്ചു -

"എടാ, കീടമേ, എന്നോടു സംസാരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു?"

സിംഹം ആ പൂവ് ചവിട്ടിമെതിച്ചു. മഞ്ഞപ്പൂവ് ഉണ്ടായിരുന്ന ചെടികളെല്ലാം അവൻ നശിപ്പിച്ചു. അപ്പോൾ വായുവിൽ പറന്നു നിന്ന് പൊന്നൻ അലറി -

"നിന്നോടു ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞു. നീ രാജാവോ കൂജാവോ ആരായാലും എനിക്കത് അറിയേണ്ട കാര്യമില്ല. ജീവൻ വേണമെങ്കിൽ ഇവിടം വിട്ടു വേഗം പൊയ്ക്കോ !"

ഇതുകേട്ടപ്പോള്‍ ശിങ്കൻസിംഹത്തിന്റെ കോപം ഇരട്ടിച്ചു. അവൻ വായുവിൽ കൈകൾ വീശി പൊന്നനെ വെല്ലുവിളിച്ചു -

"ചുണയുണ്ടെങ്കിൽ നേരേ വരിനെടാ....."

പെട്ടെന്ന്, പൊന്നൻതേനീച്ച ശിങ്കന്റെ വിടർന്ന മൂക്കിലേക്ക് കയറി ആഞ്ഞു കുത്തി! ശിങ്കൻ വേദന കൊണ്ട് പുളഞ്ഞു. അവൻ തുമ്മിയിട്ടും തേനീച്ച മൂക്കിനുള്ളിൽ അള്ളിപ്പിടിച്ചിരുന്നു വീണ്ടും കുത്തി. ശിങ്കൻ നിലത്തു കിടന്നുരുണ്ടു നിലവിളിച്ചു -

"അയ്യോ! ഞാൻ എന്റെ മടയിലേക്കു തിരിച്ചു പൊക്കോളാമേ... ഇനി മേലിൽ ഈ പ്രദേശത്തേക്കു വരില്ല. എന്നെ കുത്താതെ മൂക്കീന്നു ഇറങ്ങിപ്പോകാമോ?"

ഉടൻ, പൊന്നൻതേനീച്ച മൂക്കില്‍ നിന്നും ഇറങ്ങി അടുത്ത പൂന്തോട്ടത്തിലേക്കു പറന്നു. അതോടെ, ശിങ്കൻസിംഹത്തിന്റെ അഹങ്കാരത്തിനു ശമനമായി.

ആശയം -

ആരെങ്കിലും വിനയത്തിലും എളിമയിലും ഒരു കാര്യം സംസാരിച്ചാലും ആവശ്യപ്പെട്ടാലും ആളുകൾ അവരെ പുഛത്തോടെ കാണാറുണ്ട്. കാരണം എന്താ? വിനയം, എളിമ, പൊങ്ങച്ചമില്ലായ്മ, ലാളിത്യം എന്നിവയൊക്കെ ഒന്നുമില്ലായ്മയുടെ അളവുകോൽ എന്നു മലയാളികൾ തെറ്റിദ്ധരിച്ചിരിക്കുന്ന കാലമാണിത്. എതിരാളിയുടെ ശക്തി ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഒരാള്‍ വിനയം കാണിച്ചാല്‍  അത് നന്മയല്ല. അതുപോലെ, തീര്‍ത്തും ദുര്‍ബലനായ ഒരാള്‍ വിനയം കാട്ടിയാലും അത് യഥാര്‍ത്ഥമാകണമെന്നില്ല.

ഉയര്‍ന്ന - പദവി, തറവാടിത്തം, അധികാരം, സാമ്പത്തിക ശേഷി എന്നിങ്ങനെ  എന്തെങ്കിലും ഉള്ളയാള്‍ എളിമയും വിനയവും കാണിച്ചാല്‍  ശ്രേഷ്ഠ വ്യക്തിത്വം എന്നു വിളിക്കാം. ശരിയായ നന്മയുടെ പ്രതിരൂപമായ വിനയവും എളിമയും ലാളിത്യവും അപ്പോഴാണ് കടന്നുവരുന്നത് ! ഈ നിമിഷം എല്ലാവരും ആത്മശോധന ചെയ്യുമല്ലോ. 

Comments