Posts

Showing posts from October, 2025

(1160) അടിമയുടെ അടിമ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു.  ഇഷ്ടമല്ലാത്ത ചെറിയ കാര്യങ്ങൾക്കു പോലും ഉഗ്രകോപം വരുന്ന രീതി രാജാവിന് ഉണ്ടായിരുന്നു.  ദേഷ്യം വന്നാൽ വാളെടുത്ത് വീശുന്നത് പതിവാണ്.  ഒരിക്കൽ, രാജാവ് കുതിരപ്പുറത്ത് ദൂരെ ദേശത്തേക്ക് യാത്ര പോകേണ്ട ആവശ്യമുണ്ടായി. അങ്ങനെ, രാജാവ് കുറെ ദൂരം പിന്നിട്ടപ്പോൾ വല്ലാത്ത വിശപ്പും ദാഹവും തോന്നി. അടുത്ത് എവിടെയെങ്കിലും ഭക്ഷണശാല ഉണ്ടോയെന്ന് ആരോടെങ്കിലും ചോദിക്കാൻ തീരുമാനിച്ചു. എന്നാൽ, രാജാവ് യാത്ര ചെയ്ത വഴിയിൽ ആരെയും കണ്ടില്ല. ഒടുവിൽ, വഴിയരികിലെ മരത്തണലിൽ പരദേശിയായ സന്യാസി ഉറങ്ങുന്നതു കണ്ടു. രാജാവ് ചോദിച്ചു - "ഇവിടെ അടുത്ത് എവിടെങ്കിലും ഭക്ഷണശാലയുണ്ടോ?" അതുകേട്ട് കണ്ണു തുറന്ന സന്യാസി ചോദിച്ചു - "നിങ്ങൾ ആരാണ്?" പെട്ടെന്ന്, രാജാവിന് ദേഷ്യം ഇരച്ചുകയറി - "ഞാൻ രാജാവാണ്. നീ എൻ്റെ രാജ്യത്തിലെ അടിമയും" അതുകേട്ട്, സന്യാസി പുഞ്ചിരിച്ചു. അതുകണ്ട്, രാജാവ് വാൾ വീശി വിറച്ചു! അന്നേരം, സന്യാസി പറഞ്ഞു -"ഇപ്പോഴാണ് താങ്കൾ ആരാണെന്ന് എനിക്കു ശരിക്കും മനസ്സിലായത് " രാജാവ് ഗർജ്ജിച്ചു - "എന്തു മനസ്സിലായി?" സന്യാ...

(1159) പിരിമുറുക്കം കുറയ്ക്കുന്ന വാരിക?

  ബിജേഷ് ജോലി കഴിഞ്ഞ് വീടിന് അടുത്തുള്ള നാൽക്കവലയിൽ ബസ് ഇറങ്ങുമ്പോൾ വീട്ടുസാമാനങ്ങൾ മേടിക്കാനായി കയറുന്ന ഒരു പലചരക്ക് കടയുണ്ട്. അവിടെ സ്ഥിരമായി വരുന്ന കരുണൻചേട്ടൻ്റെ കയ്യിൽ മിക്കവാറും ചുരുട്ടിപ്പിടിച്ച ഒരു വാരിക കാണും. ഇക്കാലത്ത് വാരികയുടെ പ്രചാരം കുറവെങ്കിലും വീക്ക്ലികൾ കടയിൽ വരുന്ന ദിവസം തന്നെ ആ ചേട്ടൻ വാങ്ങി ചുരുട്ടി കക്ഷത്തിൽ വയ്ക്കും. സാധാരണയായി എന്തെങ്കിലും കുശലം ബിജേഷ് അയാളുമായി പറയാറുണ്ട്. ഒരിക്കൽ, ബിജേഷ് ചോദിച്ചു - "ഈ ടീവിയുടെയും ഫോണിൻ്റെയും കാലത്ത് ചേട്ടൻ, വീക്കിലി സ്ഥിരമായി വായിക്കുമോ?'' അയാൾ പറഞ്ഞു -"എനിക്ക് ടിവി കണ്ടാൽ ഉള്ള ടെൻഷൻ കൂടുകയേ ചെയ്യൂ. വൈഫ് സീരിയലു മുഴുവൻ കാണും. പക്ഷേ, ഞാൻ ആ വശത്തേക്കു പോകാറില്ല. പക്ഷേ, പണ്ടു മുതൽക്കേ മാസികയും വാരികയുമൊക്കെ വലിയ ഇഷ്ടമാ " അന്നേരം, ബിജേഷ് ന്യായമായ ഒരു സംശയം ഉന്നയിച്ചു - "ഒരു വീക്കിലി കുറെ മണിക്കൂറിനുള്ളിൽ തീരുമല്ലോ. ബാക്കി ദിവസം എന്തു ചെയ്യും?" കരുണൻ ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു -"അതൊക്കെ ഞാൻ കൈകാര്യം ചെയ്യും. വായിച്ച വീക്കിലി രണ്ടു ദിവസം കഴിയുമ്പോൾ പിന്നെയും വായിക്കും" അതുകേട്ട്, ബിജേഷ് മാത...

(1158) ഫോറസ്റ്റ് ബാത്തിങ്!

  ഇന്ന്, ലോകത്തിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മനസ്സുഖം കുറഞ്ഞ ജീവിതവുമായി മുന്നോട്ടു പോകുന്ന കാര്യം. റഷ്യയിലെ ബയോകെമിസ്റ്റ് Boris P. Tokin 1930 ൽ മരങ്ങളും കുറ്റിച്ചെടികളും Phytoncides എന്നൊരു Antibiotic പുറത്തു വിടുന്നുണ്ടെന്ന്  ഗവേഷണങ്ങൾ വഴി തെളിയിച്ചു. ഇതൊരു organic volatile compound ആയതിനാൽ മരങ്ങൾക്കും ചെടികൾക്കും ദോഷം ചെയ്യാൻ വരുന്ന bacteria, fungus, insects എന്നിവയെ അകറ്റി നിർത്താനാണ് ഇത് ഉൽപാദിപ്പിക്കുന്നത്. നാം ഒരു പ്രദേശത്തിലൂടെ നടക്കുമ്പോൾ മരങ്ങളുടെ മണം മൂക്കിൽ കിട്ടുന്നുവെങ്കിൽ അതിനർഥം ഫൈറ്റോൺസൈഡ് ഉണ്ടെന്നാണ്. മനുഷ്യരിൽ എന്താണ് ഇതിൻ്റെ പ്രയോജനം? ഇത് ശ്വസിക്കുമ്പോൾ പിരിമുറുക്കം കൂട്ടുന്ന Stress hormones - Cortisol , adrenalin എന്നിവയുടെ ഉൽപാദനം തടയുന്നു/ കുറയ്ക്കുന്നു. തൽഫലമായി നമുക്ക് മനസ്സുഖം കിട്ടുന്നു. Immune system ശക്തിപ്പെടുന്നു. Natural Killer cells (NK cells) കൂടുന്നു. അതേ സമയം, ഈ കാര്യം ഏറ്റവും പ്രയോജനപ്പെടുത്തിയ രാജ്യം ജപ്പാനാണ്.  Shin-rin-yoku എന്ന forest bathing വഴിയാണ് മനുഷ്യനു ഗുണം കിട്ടുന്നത്. കൃത്രിമമായി വനം സൃഷ്ടിച്ച് അതിലൂടെ...

(1157) പിഴയിട്ട ശാപം!

  ഹോജയുടെ കയ്യിൽ പണം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഒരിക്കൽ, അയാൾ ഏതോ കാര്യം ആലോചിച്ചു കൊണ്ട് വഴിയിലൂടെ നടന്നു പോകുകയാണ്ട്. അന്നേരം, കാൽപാദം ഒരു കല്ലിൽ തട്ടി. ഹോജയുടെ വിരലിൽ രക്തം പൊടിഞ്ഞു. അയാൾ ദേഷ്യത്തോടെ കല്ലിനെ ശപിച്ച് ദേഷ്യം തീർത്തു. "നീ ഒരായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ" എന്നാൽ, പെട്ടെന്ന് പിറകിൽ നിന്നും ഒരാൾ അലറി വിളിച്ചു - "നീ എന്തിനാണ് എന്നെ ശപിച്ചത്?" ഹോജ ക്ഷമയോടെ പറഞ്ഞു -"ഞാൻ ശപിച്ചത് കല്ലിനെയാണ് " പക്ഷേ, ആ അപരിചിതന് അതു സ്വീകാര്യമായില്ല. അയാൾ ന്യായാധിപൻ്റെ പക്കൽ പരാതിയുമായി സമീപിച്ചു. അതിൻപ്രകാരം ഹോജയെ വിചാരണ ചെയ്യാൻ അവിടേക്ക് വിളിപ്പിച്ചു. സാധാരണയായി ഒരു കല്ലിനെ അത്തരത്തിൽ ആരും ശപിച്ചതു കേട്ടിട്ടില്ലാത്തതിനാൽ ന്യായാധിപന് ഹോജാ തെറ്റുകാരനായി തോന്നി. കോടതി ഹോജയ്ക്ക് 10 വെള്ളിനാണയം പിഴ വിധിച്ചു. എന്നാൽ, ഹോജയ്ക്ക് ദേഷ്യം ഇരച്ചുകയറി. അയാൾ 20 നാണയം ആ മനുഷ്യൻ്റെ കയ്യിലേക്ക് കൊടുത്ത് പറഞ്ഞു -"നീ രണ്ടായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ!" ശാപത്തിൻ്റെ പിഴ ഇരട്ടിച്ചു കൊടുത്ത് ഹോജ തൻ്റെ ശാപവും ഇരട്ടിയാക്കി സ്ഥലം വിട്ടു! Written by Binoy Thomas, Malay...

(1156) ഹോജയുടെ അപൂർവ്വ വസ്തു!

  ഹോജയ്ക്ക് എന്തൊക്കെയോ അപൂർവ്വമായ അറിവുകളും കഴിവുകളും ഉണ്ടെന്ന് ആ നാട്ടുകാർ വിശ്വസിച്ചിരുന്നു. ഒരിക്കൽ, ആ ദേശത്തിലൂടെ നാല് തത്വചിന്തകന്മാരായ ബുദ്ധിജീവികൾ കടന്നു പോകുകയായിരുന്നു. ബൗദ്ധികമായ ചോദ്യോത്തരങ്ങളും ദർശനങ്ങളും വാക്പോരുകളും തർക്കശാസ്ത്രങ്ങളുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു. അതുവഴി പോയപ്പോൾ  അവരോട് ഹോജയെ കാണുന്നത് നല്ലതായിരിക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. അങ്ങനെ, ഹോജയുടെ വീട്ടിൽ നാലുപേരും എത്തി ഹോജയോടു പറഞ്ഞു -"ഞങ്ങൾ സത്യാന്വേഷികളാണ്. അങ്ങയിൽ നിന്നും പരമസത്യങ്ങൾ ഞങ്ങൾക്ക് അറിയണമെന്നുണ്ട് '' ഉടൻ, ഹോജ പറഞ്ഞു -"എനിക്കു സമ്മതമാണ്. പക്ഷേ, നിങ്ങൾ ഓരോ ആളും 50 വെള്ളി നാണയം വീതം എൻ്റെ ഉത്തരത്തിനായി തരണം" അവർ ഞെട്ടലോടെ പറഞ്ഞു -"ഞങ്ങളുടെ ചോദ്യത്തിന് 50 നാണയം വളരെ വലിയ കൂലിയാണ്. എന്താണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്?" ഉടൻ ഹോജ പറഞ്ഞു -"അപൂർവ്വമായ അറിവിന് കനത്ത വിലയാണ്. ഉദാഹരണത്തിന് രാജാവിൻ്റെ കിരീടത്തിലെ വജ്രക്കല്ല് അപൂർവ്വമായതിനാൽ അതിൻ്റെ വില ആയിരം സ്വർണ്ണ നാണയമല്ലേ?" അവർ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു. Written by Binoy Thomas, Mala...

(1155) ഹോജയും നാടുവാഴിയും

  ഹോജ മുല്ല താമസിച്ചിരുന്ന പ്രദേശത്തെ നാടുവാഴിയും ഹോജയും തമ്മിൽ നല്ല സൗഹൃദമായിരുന്നു. ഹോജയുടെ പ്രവൃത്തികളും നർമ്മഭാവനയുമെല്ലാം നാടുവാഴിക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം അവരുടെ സംസാരത്തിനിടയിൽ സ്വർഗ്ഗവും നരകവും എന്ന വിഷയം കടന്നുവന്നു. അന്നേരം, നാടുവാഴി ഹോജയോടു ചോദിച്ചു - "എടോ, എനിക്ക് സ്വർഗ്ഗത്തിലെത്താൻ താൻ ഒരു വഴി പറഞ്ഞു തരാമോ?" ഉടൻ, ഹോജ പറഞ്ഞു -"മുഴുവൻ സമയവും അങ്ങ് കിടന്നുറങ്ങിയാൽ സ്വർഗ്ഗത്തിലെത്താം" ഇതു കേട്ട് നാടുവാഴി അത്ഭുതപ്പെട്ടു. "എടോ, താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്?" ഹോജാ തുടർന്നു - "പ്രഭോ, ദിവസം മുഴുവൻ ദുഷ്കർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രമേ അങ്ങേയ്ക്ക് സ്വർഗ്ഗത്തിലെത്താൻ സാധിക്കൂ. അങ്ങയുടെ കാര്യത്തിൽ അതിനുള്ള എളുപ്പവഴി മുറിക്കു വെളിയിൽ വരാതെ ഉറങ്ങുകയാണ് " ഹോജ പറഞ്ഞതിൻ്റെ പൊരുൾ നാടുവാഴിക്കു പിടികിട്ടി. കാരണം, അയാൾ പകൽ മുഴുവനും പണിക്കാർക്ക് ആവശ്യമായ കൂലി കൊടുക്കാതെ അടിമപ്പണി കൊടുക്കുന്നു. നാട്ടുകാർക്ക് അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നു. ഇത്തരം രീതികൾ ദുഷ്കർമ്മത്തിൽ വരുന്നു! Written by Binoy Thomas, Malayalam eBooks-1155- H...

(1154) ഹോജയുടെ ചങ്ങാതികൾ!

  ഒരു കാലത്ത്, ഹോജയ്ക്ക് ധാരാളം പണം കൈവശമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ചുറ്റിനും സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കാരണം, ഹോജയ്ക്ക് പണം ചെലവാക്കുന്നതിൽ ഒരു മടിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം കണ്ട് ഒരു പ്രായമേറിയ അയൽവാസി ഹോജയെ കണ്ടപ്പോൾ ചോദിച്ചു - "ഹോജാ, താങ്കൾക്ക് അനേകം ചങ്ങാതിമാർ ഉണ്ടല്ലോ. എങ്കിലും ഇപ്പോൾ എത്രയെണ്ണം ഉണ്ടാകും?" ഹോജ യാതൊരു മടിയും കൂടാതെ പറഞ്ഞു - "ഇപ്പോൾ എത്ര കൂട്ടുകാർ ഉണ്ടെന്ന് എനിക്കറിയില്ല. എന്നാൽ, ഞാൻ ദരിദ്രനാകുന്ന ദിവസം കൃത്യമായി എത്ര ചങ്ങാതികൾ ഉണ്ടെന്ന് ഉറപ്പായും താങ്കളോട് പറയാം" ആപത്തു കാലത്താണ് ആരൊക്കെ കൂടെ ഉണ്ടാകും എന്ന സത്യം മനസ്സിലാക്കാൻ പറ്റുന്നത് എന്ന ആശയം അയൽവാസിക്ക് ഈ വിധം ലളിതമായി പറഞ്ഞു കൊടുക്കാൻ ഹോജയ്ക്കു കഴിഞ്ഞു. Written by Binoy Thomas, Malayalam eBooks-1154 - Hoja stories - 90, PDF- https://drive.google.com/file/d/1XfVjfUi3zZpGxBjq_WS-Xu0X9AFp7uKq/view?usp=drivesdk

(1153) ഹോജയുടെ മകൻ!

  ഹോജാകഥകളിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ കടന്നു വരുന്നത് ഭാര്യ ആമിനയുടെ കാര്യം മാത്രമാണ്. മകൻ്റെ പരാമർശം വളരെ ചുരുക്കം കഥകളിൽ മാത്രമേ ഉള്ളൂ. ഹോജയുടെ മകൻ രംഗത്തു വരുന്ന ഒരു കഥ വായിക്കൂ. ഒരു ദിവസം, ഹോജയുടെ മകൻ അടുത്ത വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കൊണ്ടുവരാൻ മൺകുടവും എടുത്തു കൊണ്ടു പോകുകയാണ്. അന്നേരം ഹോജാ പറഞ്ഞു -"എടാ, നീ ഇവിടെ വരൂ!" അവൻ ഹോജയുടെ അടുക്കലെത്തിയപ്പോൾ അയാൾ അവൻ്റെ കാൽ തുടയിൽ കൈവച്ച് വീശിയടിച്ചു! അവൻ കരഞ്ഞു കൊണ്ട് വെള്ളമെടുക്കാനായി ഓടിപ്പോയി. ഇതത്രയും കണ്ടുകൊണ്ട് ഹോജയുടെ സുഹൃത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.  അയാൾ ഹോജയോട് പരിഭവപ്പെട്ടു - "നിങ്ങൾ എന്തൊരു മനുഷ്യനാണ്? ആ കുട്ടി കുടം താഴെയിട്ടില്ലല്ലോ? പിന്നെ എന്തിനാണ് ഇങ്ങനെ യാതൊരു ആവശ്യവും ഇല്ലാതെ തല്ലിയത്?" ഉടൻ, ഹോജ പറഞ്ഞു -"തല്ലിൻ്റെ ആവശ്യം ഇപ്പോഴാണ്. അല്ലാതെ, കുടം താഴെയിട്ടിട്ട് അവനെ തല്ലിയിട്ട് എന്തു പ്രയോജനം? പൊട്ടിയ കുടം വീണ്ടും ഒന്നിക്കുമോ? ഈ അടി കിട്ടിയതിനാൽ നല്ലവണ്ണം ശ്രദ്ധിച്ച് കുടത്തിൽ വെള്ളവുമായി തിരികെ വരട്ടെ" Written by Binoy Thomas, Malayalam eBooks-1153-Hoja stories - 89, PDF- https:...

(1152) ഹോജയുടെ മന്തൻ പള്ളി!

  ഒരു കാലത്ത്, ഹോജയ്ക്ക് ഏതോ ഒരു അത്യാവശ്യ കാര്യസാധ്യം വേണ്ടി വന്നു. ആ സമയത്തൊക്കെ അയാൾക്ക് ദൈവ വിശ്വാസം കൂടുതലായിരിക്കും. അങ്ങനെ അയാൾ കുറച്ച് അകലെയുള്ള വലിയ പള്ളിയിൽ പോകാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും മുടങ്ങാതെ കാര്യം സാധിച്ചു കിട്ടാനായി പ്രാർഥിക്കും. എന്നാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴും യാതൊന്നും നടന്നില്ല. അയാൾ നിരാശനായി. അത് ഹോജാ തൻ്റെ സുഹൃത്തിനോടു പറഞ്ഞു. അന്നേരം, സുഹൃത്ത് പറഞ്ഞു -"ഹോജാ, എനിക്ക് വിശ്വാസമുള്ള ഒരു ചെറിയ പള്ളിയുണ്ട്. അവിടെ പോയി പ്രാർഥിച്ചാൽ കാര്യം നടക്കും" അതിൻപ്രകാരം ഹോജാ അവിടെ ചെന്നു പ്രാർഥിച്ചപ്പോൾ അതിശയമായി. കാര്യം സാധിച്ചു! ഹോജാ ഉടൻ വലിയ പള്ളിയിലേക്കു വേഗത്തിൽ നടന്നു. അവിടെ ചെന്ന് അതിനുള്ളിൽ കയറിയിട്ട് നീരസപ്പെട്ടു - "വലിയ പള്ളിയാണെന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാൻ ഒരു ചെറിയ പള്ളിയിൽ പോയി കാര്യം നടന്നുകിട്ടി. വലിപ്പം മാത്രമേയുള്ളൂ. ഇതൊരു മന്തൻപള്ളിയാണ്'' ഹോജ പിന്നെ ഒരിക്കലും അവിടെ പ്രാർഥിക്കാനായി വന്നിട്ടില്ല. Written by Binoy Thomas, Malayalam eBooks-1152 -Hoja stories -88, PDF- https://drive.google.com/file/d/1whNhCF282CsayRgEYimfRJo1BC...

(1151) ഹോജയുടെ നിലനില്പ്!

  ഏതു സാഹചര്യത്തിലും ഹോജയുടെ നർമ്മഭാവന ഏറെ പ്രശസ്തമാണ്. ചെറിയ ഒരു ദൃഷ്ടാന്ത കഥ വായിക്കൂ. ഹോജ പതിവായി ആരാധനാലയത്തിൽ പോകാറുണ്ട്. പക്ഷേ, അവിടെ ഒരു പ്രശ്നവും ആളുകൾ നേരിടുന്നുണ്ടായിരുന്നു. അതായത്, ചെരിപ്പുകൾ ഊരി നടയിൽ ഇട്ടതിനു ശേഷം ആളുകൾ പ്രാർഥിക്കാൻ ഉള്ളിലേക്ക് പ്രവേശിക്കുന്നു. കുറെ സമയം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ സ്വന്തം ചെരിപ്പ് കിടന്നിടത്ത് ഒരു പൊടി പോലും കാണില്ല! ഈ കാര്യം ഹോജയെയും വല്ലാതെ അലട്ടിയിരുന്നു. അതിനാൽ പഴയ ചെരിപ്പുകൾ കഴിവതും അയാൾ അവിടെ വരാൻ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരിക്കൽ ഹോജ പുതിയ ചെരിപ്പ് വാങ്ങി പ്രാർഥനയ്ക്കു വന്നു. ആ ചെരിപ്പ് മോഷണം പോകാനുള്ള സാധ്യത ഓർത്തപ്പോൾ അയാൾ രണ്ടും കല്പിച്ച് ചെരിപ്പിട്ട് ആദ്യമായി ആരാധനാലയത്തിൽ കയറി! പ്രാർഥന കഴിഞ്ഞ് ഹോജ ഇറങ്ങിയപ്പോൾ ഒരാൾ പറഞ്ഞു -"എടോ! ചെരിപ്പിട്ടുള്ള പ്രാർഥനയ്ക്ക് യാതൊരു നിലനില്പുമില്ലാ" ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാവാം. പക്ഷേ, ഞാൻ ചെരിപ്പില്ലാതെ അകത്തു കയറിയാൽ പുറത്തെ ചെരിപ്പിന് യാതൊരു നിലനില്പുമില്ല" അയാൾ അതുകേട്ട് കണ്ണുമിഴിച്ചു! Written by Binoy Thomas, Malayalam eBooks-1151 - Hoja - 87, PDF- https://drive.google.co...

(1150) ഹോജയുടെ സൂപ്പ്!

  ചില അവസരങ്ങളിൽ ഹോജയുടെ കയ്യിൽ നിന്നും പലരും വിവിധ സാധനങ്ങൾ കബളിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട്. ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഒരു കോഴിയെ ഹോജയ്ക്കു കൊടുത്തു. അതേ സമയം, കോഴിയെ ദാനം ചെയ്ത കാര്യം ആ സുഹൃത്ത് പലരോടും പൊങ്ങച്ചമായി വിളമ്പിയിരുന്നു. അതു കേട്ടപ്പോൾ ചിലർ വിചാരിച്ചു - ഹോജയുടെ പാചകം കൊട്ടാരത്തിൽ വരെ പ്രശസ്തമാണ്, അതിനാൽ ഇന്ന് ഹോജയുടെ വീട് സന്ദർശിച്ചാൽ രുചിയേറിയ കോഴിവിഭവം എന്തെങ്കിലും തരപ്പെടും! ഹോജ കോഴിയെ കൊന്ന് സ്വാദേറിയ കോഴിസൂപ്പ് ഉണ്ടാക്കി. അന്നേരം, വാതിലിൽ ഒരു മുട്ടു കേട്ടു. വാതിൽ തുറന്നപ്പോൾ ഒരാൾ വീടിനകത്തേക്കു കയറി പറഞ്ഞു - "ഇന്ന് ഹോജയ്ക്കു കോഴിയെ സമ്മാനിച്ച ആളിൻ്റെ സഹോദരനാണു ഞാൻ" വന്നതിൻ്റെ ഉദ്ദേശ്യം മനസ്സിലായ ഹോജാ അടുക്കളയിൽ നിന്നും ഒരു കോപ്പയിൽ സൂപ്പ് വിളമ്പി അയാൾക്കു കൊടുത്തു. അവൻ തിരികെ പോയപ്പോൾ സൂപ്പ് കിട്ടിയ കാര്യം ബന്ധുവിനോടു പറഞ്ഞു. അയാൾ പാഞ്ഞ് ഹോജയുടെ വീട്ടിലെത്തി പറഞ്ഞു - "ഇന്ന് കോഴിയെ തന്ന ആളിൻ്റെ ബന്ധുവാണ് ഞാൻ " ഹോജ വിഷമത്തോടെ കോപ്പയുടെ പകുതി സൂപ്പും പകുതി ചൂടുവെള്ളവും നിറച്ച് സൂപ്പ് വിളമ്പി. അവൻ അതു ശാപ്പിട്ടു കഴിഞ്ഞ് വേഗം പോയി അവൻ്റെ ബന്ധുവിനോടു പറ...

(1149) ഫക്കീറിൻ്റെ ചികിൽസ!

  ഒരു കാലത്ത്, ഹോജയ്ക്ക് ഓർമ്മക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ നിസ്സാരമെന്ന് കരുതി തള്ളിയെങ്കിലും പിന്നീട് ചികിൽസ തേടണമെന്ന് തോന്നി. അങ്ങനെ പ്രശസ്ത ചികിൽസകനായ ഒരു ഫക്കീറിൻ്റെ അടുത്ത് ഹോജ ചികിൽസ തേടി. പക്ഷേ, ഫക്കീറിൻ്റെ നിർദ്ദേശ പ്രകാരം അയാളുടെ വീട്ടിൽ താമസിച്ച് ചികിൽസ തേടണമായിരുന്നു. അങ്ങനെ, ആ വീട്ടിൽ നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഫക്കീർ ഹോജയോടു ചോദിച്ചു - "ഹോജ, തനിക്ക് ഇപ്പോൾ രോഗം കുറവുണ്ടോ?" ഹോജ പറഞ്ഞു -"ഉവ്വ്, എനിക്ക് രോഗം കുറവുണ്ട് " ഫക്കീറിന് ഏറെ സന്തോഷം തോന്നി. അദ്ദേഹം ചോദിച്ചു -"എങ്ങനെയാണ് രോഗം കുറഞ്ഞതായി തോന്നിയത്?" ഹോജ പറഞ്ഞു -"ഇപ്പോൾ ഞാൻ എന്തൊക്കയോ മറന്നു പോകുന്നു എന്നുള്ള കാര്യം ഓർമ്മ വരുന്നുണ്ട് " ഇതുകേട്ട്, ഫക്കീർ ഞെട്ടി! ഹോജയെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്തു. Written by Binoy Thomas, Malayalam eBooks-1149- Hoja stories - 85, PDF- https://drive.google.com/file/d/1VGnWf2uxsNHkaU8MuDKgsmoS5WfbkW97/view?usp=drivesdk

(1148) സുഹൃത്തിൻ്റെ പരിഹാസം!

  ഹോജമുല്ലയുടെ ജീവിതത്തിൽ അനേകം പേരുടെ പരിഹാസം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. അതേ പോലെ, അദ്ദേഹവും അനേകം ആളുകളെ കളിയാക്കിയിട്ടുണ്ട്. ഇതിനിടയിൽ സുഹൃത്തുകളിൽ ചിലർക്ക് ഹോജയോട് അസൂയ ഉണ്ടായിരുന്നു. മുഖ്യമായും, ഹോജ കൊട്ടാരത്തിലെത്തി രാജാവുമായി ചങ്ങാത്തം ഉണ്ടായിരുന്നതാണ് ഇതിനു കാരണം. ഒരു ദിവസം, ഒരു നാൽക്കവലയിലൂടെ ഹോജ നടന്നു പോയ സമയം. ആൾത്തിരക്കുള്ള കവലയാണത്. ഒരുവൻ ഹോജയെ വിളിച്ച് ഉച്ചത്തിൽ കൂവി - "ഹോജ, കൊട്ടാരത്തിൽ ഒരു വലിയ വിരുന്ന് നടക്കുന്നുണ്ട്" ആ വിരുന്നിൽ രാജാവ് ഹോജയെ ക്ഷണിച്ചില്ല എന്ന് മറ്റാളുകളെ കേൾപ്പിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം. അതു മനസ്സിലാക്കിയ ഹോജ പെട്ടെന്ന് പറഞ്ഞു -"അതിന് എനിക്കെന്താ?" ഹോജ നിസ്സാരമായി അതു തള്ളിയെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും പരിഹസിക്കാനായി തുടർന്നു - "ഹോജയെ പ്രത്യേകം ക്ഷണിക്കാൻ രാജാവ് ദൂതനെ പറഞ്ഞു വിടുന്നുണ്ട്" അതിനും ചുട്ട മറുപടി ഹോജ കൊടുത്തു - "അതിന് തനിക്കെന്താ?" ചുരുങ്ങിയ രണ്ടു വാക്കുകളിൽ എതിരാളിയെ മലർത്തിയടിച്ച ഹോജയെ ആളുകൾ ആശ്ചര്യത്തോടെ നോക്കി. പിന്നീട്, മറ്റൊന്നും പറയാതെ, എതിരാളി ലജ്ജയോടെ അവിടം വിട്ടു. Written by Bino...

(1147) തൊഴുത്ത് എന്തിന്?

  ഒരിക്കൽ, ഹോജ നടന്നു പോകുമ്പോൾ ഒരു സുഹൃത്ത് നെഞ്ചത്തലച്ച് കരയുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ അയാളുടെ തൊഴുത്ത് തീ പിടിച്ചു നശിച്ചു പോയതാണ് കാരണം. എന്നാൽ കാര്യം അറിഞ്ഞ ഹോജാ അയാളെ ഒന്നും ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. അതു വഴി പോയ മറ്റൊരു അയൽവാസി ഹോജയോടു ചോദിച്ചു - "താങ്കൾ എന്തൊരു മനുഷ്യനാണ്? അയാളുടെ തൊഴുത്ത് കത്തി നശിച്ചിട്ടും, ഇത്രയും കരഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇവിടെ ഇരിക്കുന്നത്?" ഹോജ പറഞ്ഞു -"അയാളുടെ തൊഴുത്തിലെ പശുക്കളും ആടുകളും എല്ലാം തീയിൽ നശിച്ചു. എന്നിട്ടും വളർത്തു മൃഗങ്ങളെ ഓർക്കാതെ അയാളുടെ തൊഴുത്ത് കത്തിപ്പോയെന്നു പറഞ്ഞ് നിലവിളിക്കുകയാണ്. ഇനി തൊഴുത്ത് മാത്രം കത്താതെ കിട്ടിയിട്ട് ഇയാൾക്ക് എന്താണു പ്രയോജനം? " ഹോജയുടെ തലതിരിഞ്ഞ സിദ്ധാന്തം കേട്ട് ഹോജയെ ഒരു വിചിത്ര മനുഷ്യനെ കാണുന്നതു പോലെ അയൽവാസി നോക്കി. Written by Binoy Thomas. Malayalam eBooks - 1147-Hoja stories -83, PDF- https://drive.google.com/file/d/1A6Vm9gkw9f85JuquNe9DGB3O9S3rPSjd/view?usp=drivesdk

(1146) സുഹൃത്തിൻ്റെ നടത്തം!

  ഹോജയുടെ  നർമ്മബോധം വെളിപ്പെടുത്തുന്ന ഒരു കഥ. നാട്ടിൽ ഒരു മരണം നടന്നപ്പോൾ സുഹൃത്ത് അദ്ദേഹത്തെ കാണാൻ വന്നു. എന്തിനും ഏതിനും സംശയം ചോദിക്കുന്ന ഒരു പ്രത്യേകത ആ സുഹൃത്തിനുണ്ടായിരുന്നു. അയാളെ കണ്ട നിമിഷം  ഹോജ പിറുപിറുത്തു -"ഇന്ന് ഇവൻ്റെ സംശയം എന്താണോ ആവോ?" സുഹൃത്ത് വീട്ടിൽ കയറിയ ഉടൻ ഹോജയോടു ചോദിച്ചു- "എൻ്റെ അയൽവാസി മരിച്ചത് ഹോജാ അറിഞ്ഞല്ലോ. എനിക്കൊരു സംശയമുണ്ട് - ശവമഞ്ചവുമായി നടക്കുമ്പോൾ പെട്ടിയുടെ മുന്നിലാണോ പിന്നിലാണോ നടക്കേണ്ടത്?" ഹോജാ പറഞ്ഞു - "മുന്നിലായാലും പിന്നിൽ ആയാലും കുഴപ്പമില്ല" ഉടൻ സുഹൃത്ത് അടുത്ത ചോദ്യമെറിഞ്ഞു -"എങ്കിൽ, പെട്ടി പിടിക്കാൻ എത്രാമതായിട്ട് നിൽക്കണം?" ഹോജ പറഞ്ഞു -"എത്രാമതായാലും കുഴപ്പമില്ല" പിന്നെയും  അയാൾ ചോദിച്ചു - "പെട്ടിയുടെ ഇടതു വശത്താണോ വലതു വശത്താണോ നടക്കേണ്ടത്?" അന്നേരം, ഹോജയ്ക്ക് ദേഷ്യം വന്നു - "എടോ, ഏതു വശത്തായാലും കുഴപ്പമില്ല. പക്ഷേ, പെട്ടിയുടെ അകത്തായാൽ മാത്രമേ കുഴപ്പമുള്ളൂ!" ആ മറുപടിയിൽ അയാൾ പേടിച്ചു പോയതിനാൽ കൂടുതലായി ഒന്നും ചോദിക്കാതെ സുഹൃത്ത് ഇറങ്ങി നടന്നു. Written by Binoy Thomas,...

(1145) ഹോജയുടെ പുതിയ വീട്!

  കുറെ നാളായി ഒരു ദീർഘ ദൂര യാത്ര പോകാനുണ്ടെന്ന് ഹോജ മുല്ല കൂട്ടുകാരോടു പറയുമായിരുന്നു. ഒരു ദിവസം, അദ്ദേഹം രാവിലെ പുറപ്പെട്ടു. എന്നാലോ? കുറെ ദൂരം നടന്നപ്പോൾ വല്ലാത്ത ക്ഷീണം തോന്നി. അതിനാൽ, യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്ന് തോന്നിയതിനാൽ അയാൾ തിരികെ നടന്നു. രാത്രിയായപ്പോൾ വീട്ടിലെത്തി. പക്ഷേ, അവിടെ കണ്ട കാഴ്ച ഹോജയെ അത്ഭുതപ്പെടുത്തി. കാരണം, ഒരു കള്ളൻ ഹോജയുടെ യാത്ര അറിഞ്ഞ് മോഷണത്തിനായി ഇതിനകം അവിടെ എത്തിയിരുന്നു. സർവ്വ സാധനങ്ങളും അടുക്കി കെട്ടിവച്ചിരിക്കുന്നു. കുറെ സാധനങ്ങൾ അയാളുടെ വീട്ടിലേക്ക് കടത്തി. മിച്ചമുള്ളത് തലച്ചുമടായി കൊണ്ടു പോകുന്നത് ഹോജ ഒളിച്ചിരുന്നു നോക്കി. പിന്നെ, ശബ്ദമുണ്ടാക്കാതെ കള്ളൻ്റെ വഴികൾ പിന്തുടർന്ന് അവൻ്റെ വീട്ടിലെത്തി. അവിടെ കട്ടിലിൽ ഹോജ കയറി മലർന്നു കിടന്ന് ഉറക്കമായി. കള്ളൻ അടുക്കളയിൽ ചായ ഉണ്ടാക്കുകയാണ്. കുറെ കഴിഞ്ഞ് അയാൾ മുന്നിലെ മുറിയിലേക്ക് വന്നപ്പോൾ ഞെട്ടി! ഒരാൾ കട്ടിലിൽ ഉറങ്ങുന്നു. കള്ളൻ ദേഷ്യത്തിൽ അലറി - "നീ ഏതാ? നിനക്കെന്താ ഇവിടെ കാര്യം?" ഹോജ കണ്ണു തുറന്ന് കിടന്നുകൊണ്ട് പറഞ്ഞു -"ഞാൻ കുറെ നാളായി വിചാരിക്കുന്നു എൻ്റെ വീട്ടിൽ നിന്നും മാറി താമസിക്ക...

(1144) ഹോജയുടെ വിശ്വാസം!

  ഒരു കാലത്ത്, ഹോജയുടെ കൈവശം പണമുണ്ടായിരുന്ന സമയം. ഒരു ദിവസം ഹോജയെ കാണാനായി വീട്ടിലേക്ക് അയൽവാസി വന്നു. "ഹോജാ, എനിക്ക് 50 ദനാറാ കടമായി വേണം. അടുത്ത ആഴ്ച ഞാൻ തിരിച്ചു തന്നുകൊള്ളാം" ഹോജാ ഉടൻ, അലമാരയിൽ നിന്നും പണം എടുത്ത് അയാൾക്ക് കൊടുത്തു വിട്ടു. അന്നേരം, ഹോജാ പിറുപിറുത്തു -"ഹും! ഇവൻ പണം കടം മേടിച്ചാൽ ആർക്കും തിരിച്ചു കൊടുത്ത ചരിത്രമില്ല. സാരമില്ല, ഇനി മേലിൽ എൻ്റെ പരിസരത്തു പോലും വരില്ല. ഹ..ഹ.." ഒരാഴ്ച കഴിഞ്ഞു. രാവിലെ അയാൾ ഹോജയെ കാണാൻ വാതിലിൽ മുട്ടി. വീടിൻ്റെ അകത്തു നിന്ന് അവനെ കണ്ടപ്പോൾ ഹോജ പിറുപിറുത്തു - "പണം തിരികെ തരാനുള്ള സമയം നീട്ടാൻ വേണ്ടി ആയിരിക്കും" അയാൾ പണക്കിഴി ഹോജയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് നന്ദി പറഞ്ഞു തിരികെ നടന്നു. അന്നേരം ഹോജ വീണ്ടും പിറുപിറുത്തു - "എൻ്റെ വിശ്വാസം അവൻ തെറ്റിച്ചിരിക്കുന്നു. പണം തിരികെ തന്നു" രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. ഒരു ദിവസം രാവിലെ, നേരത്തേ കടം മേടിച്ച അതേ ആൾ ഹോജയെ കാണാൻ എത്തി. "എനിക്ക് പണത്തിൻ്റെ അത്യാവശ്യമുണ്ട്. 100 ദനാറാ കടമായി തരണം. ഞാൻ അടുത്ത മാസം പലിശ ഉൾപ്പെടെ തിരികെ തരാം" ഉടൻ, ഹോജാ ദേഷ്യപ്പെട്ടു...

(1143) ഹോജയുടെ ചോദ്യങ്ങൾ!

  ഒരിക്കൽ, ഹോജയുടെ കൈവശം ഒരു നാണയം പോലും ഇല്ലാത്ത സമയം. എങ്ങനെ കുറച്ചു നാണയങ്ങൾ കിട്ടുമെന്ന് വിചാരിച്ച് അയാൾ വിഷമിച്ചു. പരിചയക്കാരോട് ഇതിനോടകം തന്നെ കടം മേടിച്ചു കഴിഞ്ഞിരിക്കുന്നു. കുറെ ആലോചിച്ചപ്പോൾ ഒരു ബുദ്ധിയുദിച്ചു. അയാൾ ചന്തയിൽ ചെന്നു. കയ്യിലെ ഒരു ബോർഡിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് - "നിങ്ങളുടെ ഏതു രണ്ട് ചോദ്യത്തിനും ഞാൻ വ്യക്തമായ ഉത്തരം തരും! പകരമായി 10 നാണയങ്ങൾ കൂലിയായി തരേണ്ടതാണ് " ഇതുകണ്ട്, ഒരു കച്ചവടക്കാരൻ ഹോജയെ സമീപിച്ചു ചോദിച്ചു - "വെറും രണ്ടു ചോദ്യത്തിന് 10 നാണയം കൂടുതൽ അല്ലേ?" ഹോജ പറഞ്ഞു - "കൂടുതലാണ് " കച്ചവടക്കാരൻ തുടർന്നു - "ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് വലിയ തെറ്റല്ലേ?" ഹോജ സമ്മതിച്ചു - "തെറ്റാണ് " ഉടൻ, കച്ചവടക്കാൻ പ്രതികരിച്ചു - "എങ്കിലും ഞാൻ ഒന്നാമത്തെ ചോദ്യം ചോദിക്കാൻ പോകുകയാണ് " ഹോജ അന്നേരം പറഞ്ഞു -"താങ്കളുടെ രണ്ടു ചോദ്യത്തിനും ഞാൻ മറുപടി തന്നു. പകരം 10 നാണയവും എനിക്കു കിട്ടി. ഇനി താങ്കൾക്കു പോകാം" കച്ചവടക്കാരൻ തർക്കിക്കാതെ അവിടം വിട്ടു പോയി. Written by Binoy Thomas, Malayalam eBooks-1143- Hoja story s...

(1142) ഹോജയുടെ കയ്യക്ഷരം !

  രാജാവുമായി ഹോജയ്ക്കുള്ള ചങ്ങാത്തം കൊട്ടാരവാസികളായ പലർക്കും അത്ര സുഖിച്ചില്ല. അവർ, കൊട്ടാരത്തിൽ ഹോജ വരുന്നതു തടയാൻ വേണ്ടി ഒരു സൂത്രം കണ്ടു പിടിച്ചു. രാജാവിൻ്റെ അടുത്തു ചെന്ന് അവർ പറഞ്ഞു - പ്രഭോ, ഹോജയ്ക്ക് എഴുതാനും വായിക്കാനും പോലും അറിയില്ല. അങ്ങനെയുള്ളവരുമായി ചങ്ങാത്തം കൂടിയാൽ അങ്ങയുടെ ബുദ്ധിയും കഴിവുകളും കുറയും" രാജാവ് പറഞ്ഞു -"എനിക്ക് നിങ്ങൾ പറയുന്നത് വിശ്വാസം വരുന്നില്ല. അയാളെ വിളിച്ച് എൻ്റെ മുന്നിൽ വച്ച് എഴുതിക്കാം" രാജാവിൻ്റെ ആവശ്യപ്രകാരം ഹോജ അവിടെ എത്തി. രാജാവ് പറഞ്ഞു -"താങ്കളുടെ മനോഹരമായ കയ്യക്ഷരം കാണാൻ എനിക്കു കൊതിയാവുന്നു. ഇവിടെയുള്ള കടലാസിൽ ഒരു കത്ത് എഴുതൂ" അവരുടെ ചതി മനസ്സിലാക്കിയ ഹോജ പറഞ്ഞു -"അങ്ങ് എന്നോടു ക്ഷമിച്ചാലും. അഞ്ച് വർഷങ്ങൾക്കു മുൻപ് ഞാനെഴുതിയ കത്ത് മൂലം ഒരു വഴക്കു നടന്നു. ഇനി ഞാൻ യാതൊന്നും എഴുതില്ലെന്ന് പ്രതിജ്ഞയെടുത്തു" കൊട്ടാരവാസികൾ നല്ല തയ്യാറെടുപ്പിലായിരുന്നു. ഉടൻ, ഹോജ പണ്ട് എഴുതിയ ഒരു കത്ത് ഒരാൾ രാജാവിനു കൊടുത്തു. രാജാവ് ഹോജയെ പരിഹസിച്ചു - "കഷ്ടം! ഇതിൽ തെറ്റില്ലാത്ത ഒരു വാക്ക് പോലുമില്ല. താങ്കൾക്ക് ഒട്ടും എഴുതാൻ അറിയ...

(1141) ഹോജയുടെ പാണ്ഡിത്യം!

  ഒരു ദിവസം ഹോജ വഴിയിലൂടെ നടന്ന് കുറെ ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്ന മരച്ചുവട്ടിലെത്തി. അവർ ഹോജയോടു ചോദിച്ചു- "ഹേയ്! മുല്ലാക്കാ, താങ്കൾ മക്കയിൽ പോയെന്ന് പറയുന്നതു കേട്ടു. അത് നേരുതന്നെയോ?" ഹോജ പറഞ്ഞു: "നിങ്ങൾ കേട്ടതു ശരിയാണ്. സൗദി അറേബ്യയിൽ കുറെ ദിവസങ്ങൾ താമസിക്കുകയും ചെയ്തു " അവർക്ക് ചില സംശയങ്ങൾ തോന്നിയതിനാൽ ഒരാൾ ചോദിച്ചു - "അറബിയിൽ ഒട്ടകത്തിൻ്റെ പേരെന്താണ്?" ഹോജ പുച്ഛിച്ചു - "ഇത്രയും വലിയ ജന്തുവിൻ്റെ പേരാണോ നിങ്ങൾക്ക് അറിയേണ്ടത്?" ഉടൻ, മറ്റൊരാൾ ചോദിച്ചു -"എങ്കിൽ, ഉറുമ്പിൻ്റെ അറബി വാക്ക് എന്താ?" ഹോജ പിന്നെയും ചിരിച്ചു - "ഇത്രയും നിസ്സാര ജീവിയുടെ പേരാണോ അറിയേണ്ടത്?" പെട്ടെന്ന്, ഒരാൾ ചോദിച്ചു - "വലുതും ചെറുതും വേണ്ടാ ഇടത്തരം വലിപ്പമുള്ള ആട്ടിൻകുട്ടിയുടെ പേര് എന്താണ്?" ഹോജയുടെ ഞെട്ടൽ പുറമെ കാട്ടാതെ പറഞ്ഞു -"ഇത് നല്ല ചോദ്യമാണ്. ഞാൻ ഒരു വീട്ടിൽ താമസിച്ചപ്പോൾ ആട് പ്രസവിച്ചിരുന്നു. പക്ഷേ, ആട്ടിൻകുട്ടിയുടെ പേര് ഇടുന്നതിനു മുൻപ്, ഞാൻ തിരികെ തുർക്കിയിലേക്കു പോന്നില്ലേ?" എല്ലാവരും ആർത്തുചിരിച്ചു! Written by ...

(1140) ഹോജയുടെ മഴ!

  ഒരു വേനൽക്കാലം പതിവിലും ശക്തമായി ഹോജയുടെ രാജ്യത്തെ ബുദ്ധിമുട്ടിലാക്കി. നാടെങ്ങും വരൾച്ചയായതിനാൽ അനേകം നേർച്ച കാഴ്ചകളും പ്രാർഥനകളുമെല്ലാം നടത്തിയെങ്കിലും യാതൊരു പ്രയോജനവും കിട്ടിയില്ല. രാജ്യത്തെ രാജാവ് ഒരു യോഗം വിളിച്ചു. അന്നേരം ചിലർ രാജാവിനോടു പറഞ്ഞു -"രാജാവേ, നമ്മുടെ നസറുദ്ദീൻ ഹോജ ഒരു ദിവ്യനെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. അതിനാൽ നമുക്ക് അയാളെ വിളിച്ചാലോ?" രാജാവിന് ആ അഭിപ്രായത്തോട് യോജിപ്പായിരുന്നു. രാജാവിൻ്റെ മുൻപാകെ ഹോജ വന്നു. ഹോജ പറഞ്ഞു -"എനിക്ക് ഒരു പാത്രം വെള്ളം വേണം. എൻ്റെ കുപ്പായം കഴുകാനാണ് " ഉടൻ, വെള്ളം കൊണ്ടുവന്നു. ഹോജ നിലത്ത് കുത്തിയിരുന്ന് തൻ്റെ കുപ്പായം അഴിച്ച് വെള്ളത്തിൽ മുക്കി കഴുകിക്കൊണ്ടിരുന്നു. അത് മഴ പെയ്യിക്കാനുള്ള ഏതോ വിദ്യയാണെന്ന് വിചാരിച്ച് കുറെ നേരം രാജാവും ഭൃത്യന്മാരും മിണ്ടാതെ നിന്നു. ക്ഷമ നശിച്ച രാജാവ് ചോദിച്ചു - "ഹോജ, താൻ ഇതെന്തു ചെയ്യുകയാണ്? മഴ പെയ്യുന്ന യാതൊരു ലക്ഷണവും കാണുന്നില്ലല്ലോ" ഉടൻ, ഹോജ പറഞ്ഞു -"ഞാനൊരു വിദ്യ പരീക്ഷിച്ചു നോക്കുകയാണ്. സാധാരണയായി നമ്മൾ തുണി നനച്ച് ഉണങ്ങാൻ വെയിലത്ത് ഇടുമ്പോൾ മഴ പെയ്യുന്നത് പതിവാണല്ലോ...

(1139) ഹോജയുടെ മുടന്തന്യായം!

  ഹോജയുടെ കുറ്റങ്ങളും കുറവുകളും നിവൃത്തികേടുകളും എല്ലാം എങ്ങനെയെങ്കിലും മറികടക്കുന്ന സ്വന്തമായ രീതി അദ്ദേഹത്തിനുണ്ടായിരുന്നു. അഥവാ, അബദ്ധങ്ങളാണെങ്കിലും എന്തെങ്കിലും മറുവാദം പറഞ്ഞ് പിടിച്ചു നിൽക്കും. അത്തരം ഒരു കഥയാവട്ടെ അടുത്തത് - ഒരു ദിവസം ഹോജ മുഖ്യ പാതയിലൂടെ നടന്നു വരുമ്പോൾ ആ പ്രദേശത്തെ ധനികനായ ഒരാൾ ഹോജയോടു പറഞ്ഞു - "എടോ, താൻ എൻ്റെ തറവാട്ടിലേക്ക് ഒരു നായയെ മേടിച്ചു തരണം. നല്ല ശൗര്യവും കരുത്തും ഉള്ളതാവണം" ഹോജ നല്ലൊരു പട്ടിക്കായി പലയിടത്തും തിരക്കി നടന്നെങ്കിലും യാതൊന്നിനെയും കിട്ടിയില്ല. അവസാനം വഴിയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു തെരുവു നായയെ കിട്ടി. അതുമായി ഹോജ ധനികൻ്റെ തറവാട്ടു മുറ്റത്തെത്തി. മുതലാളിക്ക് എല്ലും തോലുമായി മുന്നിൽ നിൽക്കുന്ന പട്ടിയെ കണ്ടിട്ട് കലിയിളകി! " എടോ, ഹോജാ ഞാൻ നിന്നോടു പറഞ്ഞത് ഇതുപോലെ എല്ലും തോലുമായ ഒരെണ്ണമാണോ? എവിടെയാണ് ഇതിൻ്റെ ശൗര്യവും കരുത്തും?" ഉടൻ, ഹോജ പിടിച്ചു നിൽക്കാൻ ഒരു സൂത്രം പ്രയോഗിച്ചു - "ഏതു നായയാണെങ്കിലും അങ്ങയുടെ കരുത്തും ബുദ്ധിയും ശൂരത്വവുമെല്ലാം സഹവാസം കൊണ്ട്  ഈ നായ്ക്കും പകർന്നു കിട്ടും. അതു കൊണ്ട് ഒന്നും പേടിക്കാനില്ല...

(1138) ഹോജയുടെ കയ്യിലെ ഉപ്പ്!

  ഹോജയെ ആരെങ്കിലും കബളിപ്പിക്കാൻ നോക്കിയാൽ വിചിത്രമായ തിരിച്ചടി കൊടുക്കുന്ന ഒരു ശീലം അയാൾക്കുണ്ടായിരുന്നു. ഒരിക്കൽ, ഹോജയും സുഹൃത്തും കൂടി ഒരു യാത്ര പോകുകയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ അവർക്ക് പരവേശം തോന്നി. ഏതെങ്കിലും ഹോട്ടലിൽ നിന്നും ആഹാരം കഴിക്കാമെന്നു പറഞ്ഞ് അവർ ഒരു ഹോട്ടലിൻ്റെ മുന്നിലെത്തി. അന്നേരം, അവർ കയറുന്നതിനു മുൻപ്, കീശയിലെ നാണയം നോക്കി. അന്നേരം, അവർ നിരാശരായി. രണ്ടു പേരുടെയും കയ്യിൽ  ആകെയുള്ള നാണയങ്ങൾ കൂട്ടിയാലും ഒരു ഗ്ലാസ് പാൽ വാങ്ങാം, അത്ര തന്നെ. രണ്ടു പേരും കൂടി ആലോചയിൽ മുഴുകി. ഹോജ പറഞ്ഞു -"നമുക്ക് ഈ നാണയങ്ങൾ കൊണ്ട് പാൽ വാങ്ങാം. എന്നിട്ട് പകുതി വീതി കുടിക്കാം" സുഹൃത്തിനും സമ്മതമായി. അതിൻപ്രകാരം ഹോട്ടലിലെ മേശമേൽ ഒരു ഗ്ലാസ് പാൽ കൊണ്ടുവന്ന് വച്ചു. അന്നേരം, സുഹൃത്ത് പറഞ്ഞു -" ഹോജാ ആദ്യം പകുതി പാൽ കുടിച്ചിട്ട് എനിക്കു തരിക. ഞാൻ എൻ്റെ കയ്യിലുള്ള പഞ്ചസാരയിട്ട് ബാക്കി കുടിച്ചോളാം" അവൻ്റെ സ്വാർഥത കണ്ട് ഹോജ ഞെട്ടി! ഉടൻ, ഹോജ നടന്ന് ഹോട്ടലിൻ്റെ അടുക്കളയിലെത്തി അല്പം ഉപ്പ് വാങ്ങി. എന്നിട്ട്, ഉപ്പ് പാലിൽ ഇട്ടിട്ട് പറഞ്ഞു -"എൻ്റെ ശീലം പാലിൽ ഉപ്പിട്ടു കുടിക്കുന...

(1137) ഹോജയുടെ പശു!

  ഹോജ പല ആളുകളെയും പറ്റിച്ചിട്ടുണ്ട്. അതേ സമയം, മറ്റുള്ളവർ ഹോജയെ മണ്ടനാക്കി ചിത്രീകരിക്കാനും വിവിധ ശ്രമങ്ങളും നടന്നിട്ടുണ്ട്.  ഒരു ദിവസം - ഹോജ വഴിയിലൂടെ നടന്നു വരുമ്പോൾ ഒരു സുഹൃത്ത് എതിരെ വന്നു. അയാൾ ഹോജയോടു ചോദിച്ചു - "ഹോജാ, നിങ്ങളുടെ കാള എൻ്റെ പശുവിനെ കുത്തി എന്നു വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?" ഹോജ പറഞ്ഞു -"മൃഗങ്ങൾ തമ്മിൽ കുത്തുന്നത് സ്വാഭാവികമാണ്. അതിൽ നമ്മൾ മനുഷ്യർ എന്തിന് ഇടപെടണം?" ഉടൻ, അയാൾ പറഞ്ഞു -"ഹോജ ഒരു വിശാല ഹൃദയനാണ് എന്ന് എനിക്കു പണ്ടേ അറിയാം. ഹാവൂ. സമാധാനമായി. ഞാൻ പറഞ്ഞതിൽ അല്പം പിശകു പറ്റി. എൻ്റെ കാളയാണ് ഹോജയുടെ പശുവിനെ കുത്തിക്കൊന്നത് " ഉടൻ, ഹോജ പറഞ്ഞു -"എനിക്കും അല്പം തെറ്റു പറ്റി. എനിക്ക് ഇതിൽ കുഴപ്പമില്ല. പക്ഷേ, നമ്മൾ രാജ്യത്തിൻ്റെ നിയമം അനുസരിക്കണം. നിയമപുസ്തകം നോക്കിയിട്ട് എനിക്കു കിട്ടാനുള്ള നഷ്ടപരിഹാരം എത്രയാണെന്നു പറയാം!" അയാൾ ഇതു കേട്ട് വിളറിപ്പോയി. Written by Binoy Thomas, Malayalam eBooks-1137-Hoja Mullah Stories - 73, PDF- https://drive.google.com/file/d/1wBkDEF4JPxN04u738NSD73xobSn4_wDR/view?usp=driv...

(1136) ഹോജയുടെ ലോകാവസാനം!

  ഹോജയെ പറ്റിക്കുന്ന ചില കൂട്ടുകാർ ആ നാട്ടിൽ ഉണ്ടായിരുന്നു. ഒരു ദിവസം അവർ പറഞ്ഞു -" ഹോജയെ  കാണുമ്പോൾ നാളെ ലോകാവസാനമെന്നു പറഞ്ഞ് അവൻ്റെ നല്ല ആടിനെ കൊന്നു തിന്നണം" അവർ ഓടിക്കിതച്ച് ഹോജയുടെ ചുറ്റിനും കൂടി - "ഹോജാ, നീ അറിഞ്ഞോ? നാളെ ലോകാവസാനമെന്ന് ഒരു ദിവ്യൻ പ്രവചനം നടത്തിയിരിക്കുന്നു" ഹോജയ്ക്ക് ആദ്യം കാര്യമെന്തെന്ന് പിടികിട്ടിയില്ല. അയാൾ ചോദിച്ചു - "അതിന് നമ്മൾ എന്തു ചെയ്യുമെന്നാണ് ?" കൂട്ടുകാർ ഒരുമിച്ച് പറഞ്ഞു -"ഹോജാ, നാളെ എന്തായാലും ലോകാവസാനമാണ്. അതുകൊണ്ട് ഇന്ന് നമുക്ക് ആഘോഷിക്കണം. നിൻ്റെ ആടിനെ കൊന്ന് കറിയാക്കണം" അവരുടെ ചതി അറിഞ്ഞ നിമിഷം തന്നെ അവർ ആടിനെ വളഞ്ഞ് കൊന്നു കഴിഞ്ഞിരുന്നു. ഹോജ പാചകക്കാരനായി ജോലി ചെയ്തിട്ടുള്ളതിനാൽ അവരെല്ലാം ഹോജയെ കറി വയ്ക്കാൻ ഏൽപ്പിച്ചു. ഇതിനിടയിൽ ഹോജ പറഞ്ഞു - "കൂട്ടുകാരെ, എൻ്റെ വീട്ടിൽ വിശിഷ്ടാതിഥികൾ പോലെ നിങ്ങൾ എന്തിനാണ് ഇരിക്കുന്നത്? നാളെ ലോകാവസാനമാണ്. ഇവിടെ ഔപചാരികത ഒന്നുമില്ല. അതിനാൽ, നിങ്ങളുടെ കുപ്പായമെല്ലാം ഈ മുറിയിൽ ഊരിവച്ച് വെളിയിൽ പോയി കാറ്റു കൊള്ളുക" ഹോജാ തങ്ങളുടെ നുണ വിശ്വസിച്ചെന്നു പിറുപിറുത്തുകൊണ്ട്...

(1135) ഹോജയും ചെകുത്താനും!

  ഹോജയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കുറെ ആളുകൾ ആ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ, ചിലർക്ക് ഹോജയെ കാണുമ്പോൾ കളിയാക്കണമെന്ന് നിർബന്ധമാണ്. ഒരിക്കൽ, ഹോജ നടന്നു പോകുന്ന വഴിയിൽ എതിരെ ഒരു പണക്കാരൻ വന്നു. അയാൾ പിശുക്കനാണ്, അഹങ്കാരിയാണ്. അയാൾക്ക് പണമില്ലാത്തവരെ പരിഹസിക്കുന്നത് ഒരു നേരമ്പോക്കായിരുന്നു. ഹോജയെ കണ്ടപ്പോൾ അയാൾ പറഞ്ഞു -"എടോ, ഹോജാ, തൻ്റെ സഹവാസം ചെകുത്താൻ്റെ കൂടെയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ" ഹോജ അതിന് മറുപടി കൊടുക്കാതെ നടക്കാൻ തുടങ്ങി. അന്നേരം, മുതലാളി തുടർന്നു - "എടോ, അവിടെ നിൽക്ക്. നിൻ്റെ കൂടെയുള്ള പിശാചിൻ്റെ രൂപം എങ്ങനെയെന്ന് ഒന്നു പറഞ്ഞിട്ടു പോകടോ!" ഉടൻ ഹോജ പറഞ്ഞു -"ഞാൻ പറഞ്ഞുതന്നാൽ കൃത്യമായി മുതലാളിക്കു മനസ്സിലാകില്ല. വ്യക്തമായി കാണണമെങ്കിൽ വീട്ടിലേക്ക് ചെന്ന് കണ്ണാടിയിൽ നോക്കൂ!" Written by Binoy Thomas, Malayalam eBooks-1135- Hoja stories - 71, PDF- https://drive.google.com/file/d/1HeLw2-Z14cxBGD7Dfdo-UwV3jaOW4Apf/view?usp=drivesdk

(1134) ഹോജ വൈദ്യൻ!

  ഹോജ മുല്ലയ്ക്ക് ചില വൈദ്യന്മാരുടെ കൂടെ പല വീടുകളിലും പോയ പരിചയമുണ്ടായിരുന്നു. മാത്രമല്ല, സ്വന്തം ബുദ്ധിയിൽ തോന്നുന്ന പലതരം പച്ചമരുന്നുകളും പ്രയോഗിക്കാറുണ്ടായിരുന്നു. ചിലത് ഫലിക്കും. മറ്റു ചിലത് പരാജയമാകാം. എങ്കിലും ആളുകൾ ഹോജയ്ക്ക് എന്തൊക്കയോ കുറച്ച് കഴിവുകൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഒരു ദിവസം - ഹോജയെ കാണാൻ വീട്ടിലേക്ക് ഒരു സുഹൃത്ത് കടന്നുവന്നു. വയറു വേദനയ്ക്കു പരിഹാരം തേടിയാണു വന്നത്. ഹോജ ചോദിച്ചു - "താങ്കൾ രാവിലെ എന്താണു കഴിച്ചത്?" "രണ്ടു കോഴിമുട്ടയാണ് കഴിച്ചത്. അത് കുറച്ചു കേടായതാണോ എന്നു സംശയമുണ്ട്" ഉടൻ, ഹോജ അയാളെ ഒരു കസേരമേൽ ചാരിക്കിടത്തി. എന്നിട്ട് ചികിൽസാ മുറിയിലെ അലമാരയിൽ നിന്നും തുള്ളിമരുന്ന് കൊണ്ടുവന്ന് അയാളുടെ കണ്ണിൽ ഇറ്റിച്ചു. സുഹൃത്ത് അമ്പരന്ന് ചോദിച്ചു - "എൻ്റെ കണ്ണിനല്ല വയറിനാണ് വേദന" ഹോജ പറഞ്ഞു -"രാവിലെ കണ്ണു കാണാതെയാണ് താങ്കൾ രണ്ട് ചീമുട്ട എടുത്തു തിന്നത്. ആദ്യം ചികിൽസ വേണ്ടത് കണ്ണിനാണ് !" Written by Binoy Thomas, Malayalam eBooks-1134 - Hoja stories - 70, PDF- https://drive.google.com/file/d/1Tl27y2BzDb3D-C6hF2nIuYOwZ06q23SW...

(1133) കൊട്ടാരത്തിലെ ചുറ്റുമതിൽ!

  തുർക്കിയിലെ രാജാവ് പലപ്പോഴും ഹോജയെ കൊട്ടാരത്തിലേക്ക് വിളിക്കാറുണ്ട്. ഹോജയുടെ പ്രത്യേക വീക്ഷണം രാജാവിന് ഇഷ്ടമാണ്. എങ്കിലും തരം കിട്ടിയാൽ ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽ രാജാവ് ഹോജയെ പരിഹസിക്കാറുമുണ്ട്. ചിലപ്പോൾ ഹോജ തക്കതായ മറുപടി കൊടുക്കും. മറ്റു ചിലപ്പോൾ കൊട്ടാരവാസികൾ ഹോജയെ തോൽപ്പിക്കുകയും ചെയ്യും. ഒരു ദിവസം, ഹോജ പതിവു പോലെ രാജാവിനെ കാണാൻ കൊട്ടാരമുറ്റത്തെത്തിയപ്പോൾ രാജാവും മന്ത്രിമാരും മുറ്റത്തു നിൽപ്പുണ്ടായിരുന്നു. ഹോജ കാരണം തിരക്കിയപ്പോൾ രാജാവ് പറഞ്ഞു -"കൊട്ടാരത്തിൻ്റെ ചുറ്റുമതിൽ ഇനിയും ഉയർത്തി കെട്ടാൻ പോകുകയാണ്" ഹോജ പറഞ്ഞു -"അത് എന്തിനാണ് പ്രഭോ?" ഉടൻ, മന്ത്രിമാർ എല്ലാവരും ആർത്തു ചിരിച്ചു. രാജാവ് കിട്ടിയ സമയത്ത് ഹോജയെ കളിയാക്കി പറഞ്ഞു -"ഇത് കണ്ടിട്ട് കള്ളന്മാർ പുറത്തു നിന്നും അകത്തേക്ക് കയറാതിരിക്കാനാണ് എന്നുള്ള കാര്യം ഹോജയ്ക്ക് മനസ്സിലായില്ലേ? ഏതു മണ്ടനും മനസ്സിലാകുമല്ലോ?" ഉടൻ, ഹോജ മന്ത്രിമാരെ നോക്കി പറഞ്ഞു - "പ്രഭോ, പുറത്തെ കള്ളന്മാർ അകത്തേക്കു വരാതിരിക്കാനെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഞാൻ ആശയക്കുഴപ്പത്തിലായത് മറ്റൊരു കാര്യം ആലോചിച്ചാണ് - അകത്...

(1132) ഹോജയുടെ ചികിൽസ!

  ഒരിക്കൽ, ഹോജയും വൈദ്യനും കൂടി വർത്തമാനം പറഞ്ഞു കൊണ്ട് വഴിയിലൂടെ പോകുകയായിരുന്നു. അന്നേരം, ആ പ്രദേശത്തെ ഒരു വലിയ തറവാട്ടിൽ നിന്നും ഒരാൾ വൈദ്യനെ കാണാൻ ഓടിയെത്തി. "പ്രഭുവിൻ്റെ വീട്ടിലേക്ക് വൈദ്യൻ വേഗം വരണം. അദ്ദേഹത്തിന് കലശലായ വയറു വേദനയാണ് " ഹോജയും വൈദ്യനൊപ്പം ആ വീട്ടിലേക്കു പോയി. അവിടെ മുറിയിൽ ചെന്നപ്പോൾ വൈദ്യൻ പറഞ്ഞു -"നിങ്ങൾ കഴിച്ച പഴമാണ് വയറു വേദന വരുത്തിയത്. ഞാൻ മരുന്നു തരാം" അയാൾ പറഞ്ഞു -"ശരിയാണ്. കുറച്ചു കൂടുതൽ വാഴപ്പഴങ്ങൾ ഞാൻ തിന്നിരുന്നു " വൈദ്യൻ്റെ ജ്ഞാന ദൃഷ്ടിയിൽ എല്ലാവരും അന്തംവിട്ടു. തിരിച്ചു നടക്കുന്നതിനിടയിൽ ഹോജ വൈദ്യനോടു ചോദിച്ചു - "അങ്ങ് എങ്ങനെയാണ് അയാൾ പഴം കഴിച്ചെന്ന് മനസ്സിലാക്കിയത്?" ഉടൻ, വൈദ്യൻ ചിരിച്ചു - "ഹേയ്, അതു വളരെ നിസ്സാരം! അയാളുടെ കട്ടിലിൻ്റെ അടിയിൽ കുറെ പഴത്തൊലികൾ കിടപ്പുണ്ടായിരുന്നു !" പിന്നീട്, ഒരിക്കൽ ഹോജയെ രോഗശമനത്തിനായി ഒരു വീട്ടുകാർ വിളിച്ചു വരുത്തി. അയാൾ ചെന്നപ്പോൾ കുനിഞ്ഞ് കട്ടിലിൻ്റെ അടിയിലേക്ക് നോക്കി. കുറച്ചു വൈയ്ക്കോൽ (കച്ചി) കട്ടിലിൻ്റെ അടിയിൽ കിടപ്പുണ്ടായിരുന്നു. ഹോജ ഉടൻ പറഞ്ഞു -"വൈയ്ക്കോ...

(1131) നല്ല സ്ഥലം?

  ഒരു വലിയ തറവാട്. അവിടെ മുതലാളിയും കാര്യസ്ഥനും മകനും മാത്രമേ താമസിക്കുന്നുള്ളൂ. മകന് 16 വയസ്സ് ഉള്ളപ്പോൾ മുതലാളി രോഗം മൂലം കിടപ്പിലായി. അദ്ദേഹം തൻ്റെ പറമ്പും പുരയിടവും പകുതി വീതം മകനും കാര്യസ്ഥനും കൊടുക്കാൻ തീരുമാനിച്ചു. മകന് 18 വയസ്സ് ആകുമ്പോൾ മകന് പകുതി സ്ഥലം ഏൽപ്പിക്കുന്ന രീതിയിൽ വിൽ പത്രം ഇങ്ങനെ എഴുതി - "കാര്യസ്ഥന് ഇഷ്ടമുള്ള പകുതി സ്ഥലം എൻ്റെ മകനു കൊടുക്കാം. ബാക്കി പകുതി താങ്കൾക്ക് എടുക്കാം" അപ്പൻ മരിച്ചു. മകന് 18 വയസ്സായി. പക്ഷേ, കിട്ടിയ പാതി സ്ഥലം കൃഷിക്ക് കൊള്ളാത്ത കുഴിയും കല്ലും നിറഞ്ഞ സ്ഥലമായിരുന്നു. മകൻ്റെ വിഷമം കണ്ട് ഒരു അപരിചിതൻ കാര്യം തിരക്കി. വിൽപത്രം കാണുകയും ചെയ്തു. പിന്നീട് മകനെയും വിൽപത്രവുമായി കോടതിയിൽ ചെന്നു. ഉടൻ, കോടതി വിധിച്ചത് കാര്യസ്ഥൻ എടുത്ത നല്ല സ്ഥലം മകനു കൊടുക്കാനാണ്. ചോദ്യം: എങ്ങനെയാണ് ഇതു സാധിച്ചത്? ഉത്തരം: വിൽപത്രത്തിൽ എഴുതിയത് കാര്യസ്ഥന് ഇഷ്ടമുള്ള സ്ഥലം അതായത് അയാൾ എടുത്ത നല്ല സ്ഥലം മകനു കൊടുക്കാനാണ്! Written by Binoy Thomas, malayalam eBooks-1131- IQ Test- 67, PDF- https://drive.google.com/file/d/1XJSwioqllV762R8_1h5I8qqeNTPDmk1O/view?usp=dri...

(1130) മണ്ടശിരോമണി!

  ശിരോമണി എന്നാൽ ഏറ്റവും മികച്ചവൻ എന്നാണ് അർത്ഥം. ഇതേ പേരുള്ള ഒരാൾ മുതലാളിയുടെ വേലക്കാരനായി കഴിഞ്ഞു വന്നിരുന്ന കാലം.  എന്നാൽ, സ്വന്തം പേരുമായി ഒട്ടും യോജിക്കാത്ത ആളായിരുന്നു ശിരോമണി. എങ്കിലും, നേരത്തേ ഒരായുസ്സ് മുഴുവനും ഈ തറവാട്ടിൽ വളരെ നന്നായി പണിയെടുത്ത ശേഷം വിരമിച്ച അമ്മിണിയുടെ മകനായിരുന്നതിനാൽ മുതലാളിക്ക് ശിരോമണിയോടു മനസ്സലിവ് ഉണ്ടായിരുന്നു. എങ്കിലും, ബുദ്ധിശക്തിയുടെ കുറവു കാരണം അവനെ വഴക്കു പറയുന്നത് മുതലാളിക്ക് ഒരു ശീലമായി മാറി. ഒരിക്കൽ, ശിരോമണി ചന്തയിൽ നിന്നും വിറകു കെട്ടുമായി വന്ന സമയത്ത് അവൻ മുതലാളിയോടു പറഞ്ഞു -"ഏമാനേ, വിറക് ഒന്നു പിടിച്ചു താഴെയിറക്കാമോ?" മുതലാളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു -"എടാ, മണ്ടാ, വിറക് താഴേക്ക് ഇട്ടാൽ മതി" അടുത്ത ദിവസം ചന്തയിൽ നിന്നും ഒരു കുട്ട നിറയെ മൺകലങ്ങളും ചട്ടികളും തലയിൽ ചുമന്ന് മുറ്റത്ത് വന്നപ്പോൾ മുതലാളി പതിയെ താഴെ വയ്ക്കാൻ സഹായിക്കാനെത്തി. "പ്ധും!" വിറക് താഴെയിട്ട അതേ ശൈലിയിൽ മൺപാത്രങ്ങൾ താഴെ വീണ് പൊട്ടിച്ചിതറി! അന്നേരം, ദേഷ്യത്തോടെ മുതലാളി പറഞ്ഞു -"നമ്മുടെ ഉന്തുവണ്ടിയിൽ കലം വച്ചു വന്നാൽ ഈ നഷ്ടം വരുമായിരുന്...