(1155) ഹോജയും നാടുവാഴിയും
ഹോജ മുല്ല താമസിച്ചിരുന്ന പ്രദേശത്തെ നാടുവാഴിയും ഹോജയും തമ്മിൽ നല്ല സൗഹൃദമായിരുന്നു. ഹോജയുടെ പ്രവൃത്തികളും നർമ്മഭാവനയുമെല്ലാം നാടുവാഴിക്ക് ഏറെ ഇഷ്ടമായിരുന്നു.
ഒരു ദിവസം അവരുടെ സംസാരത്തിനിടയിൽ സ്വർഗ്ഗവും നരകവും എന്ന വിഷയം കടന്നുവന്നു. അന്നേരം, നാടുവാഴി ഹോജയോടു ചോദിച്ചു - "എടോ, എനിക്ക് സ്വർഗ്ഗത്തിലെത്താൻ താൻ ഒരു വഴി പറഞ്ഞു തരാമോ?"
ഉടൻ, ഹോജ പറഞ്ഞു -"മുഴുവൻ സമയവും അങ്ങ് കിടന്നുറങ്ങിയാൽ സ്വർഗ്ഗത്തിലെത്താം"
ഇതു കേട്ട് നാടുവാഴി അത്ഭുതപ്പെട്ടു. "എടോ, താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്?"
ഹോജാ തുടർന്നു - "പ്രഭോ, ദിവസം മുഴുവൻ ദുഷ്കർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രമേ അങ്ങേയ്ക്ക് സ്വർഗ്ഗത്തിലെത്താൻ സാധിക്കൂ. അങ്ങയുടെ കാര്യത്തിൽ അതിനുള്ള എളുപ്പവഴി മുറിക്കു വെളിയിൽ വരാതെ ഉറങ്ങുകയാണ് "
ഹോജ പറഞ്ഞതിൻ്റെ പൊരുൾ നാടുവാഴിക്കു പിടികിട്ടി. കാരണം, അയാൾ പകൽ മുഴുവനും പണിക്കാർക്ക് ആവശ്യമായ കൂലി കൊടുക്കാതെ അടിമപ്പണി കൊടുക്കുന്നു. നാട്ടുകാർക്ക് അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നു. ഇത്തരം രീതികൾ ദുഷ്കർമ്മത്തിൽ വരുന്നു!
Written by Binoy Thomas, Malayalam eBooks-1155- Hoja stories - 91, PDF-https://drive.google.com/file/d/1iwT9OsZjwFrfJAeoiDJJl7YWgwnmQQdh/view?usp=drivesdk
Comments