31/03/21

ന്യായമായ ലാഭവിഹിതം

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് വ്യവസായവും കൃഷിയുമൊക്കെ ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു.

കച്ചവടക്കാരിലെ പ്രധാനിയായിരുന്നു രങ്കൻ. അയാൾക്ക് അനേകം തുണിമില്ലുകളും ഗോതമ്പുപാടങ്ങളും പലചരക്കുകടകളുമൊക്കെ ഉണ്ടായിരുന്നു. ഈ കച്ചവടക്കാരന്‍, വർഷത്തിൽ ഒരിക്കൽ ധാനധർമ്മം ചെയ്യാറുണ്ട്.

എല്ലാ പ്രാവശ്യവും അടുത്തുള്ള ആശ്രമത്തിലേക്ക് എന്തെങ്കിലും കൊടുക്കുകയാണു പതിവ്.

ഇത്തവണ രങ്കൻ കുതിരവണ്ടിയില്‍ ആശ്രമത്തിൽ എത്തിച്ചേർന്നു. എങ്കിലും, സാധനസാമഗ്രികൾ ഒന്നും ഒപ്പം കരുതിയിരുന്നില്ല.

ഗുരുജി ആ ധനികനെ ആദരപൂർവ്വം സ്വീകരിച്ചു. അപ്പോൾ, അയാൾ ഗുരുജിയുടെ കയ്യിലേക്ക് ഒരു സഞ്ചി നീട്ടി. പക്ഷേ, ഗുരുജി വാങ്ങാൻ മടിച്ചു -

"ഇതിലെന്താണുള്ളത്?"

രങ്കൻ പറഞ്ഞു -

"ആയിരം പണമാണ്. ആശ്രമത്തിലെ കാര്യങ്ങൾക്ക് ഉപകരിക്കുമല്ലോ"

ഗുരുജി നിർദ്ദേശിച്ചു -

"ഇതിനു മുൻപു പലതവണയായി താങ്കൾ വിവിധ സാധനങ്ങൾ തന്നിരുന്നു. അന്നദാനം നടത്തിയപ്പോഴും ഉപ്പ്, പഞ്ചസാര, ശർക്കര, തേന്‍ എന്നിവയൊക്കെയും ഞാന്‍  രുചിച്ചു നോക്കിയ ശേഷം ആശ്രമവാസികൾക്കു കൊടുത്തു. കുന്തുരുക്കവും കര്‍പ്പൂരവും തന്നപ്പോള്‍ ഞാന്‍ മണത്തുനോക്കി ഗുണം മനസ്സിലാക്കി. ഒരിക്കൽ, രങ്കൻ വെളിച്ചെണ്ണ തന്നു. അപ്പോൾ ഞാൻ കയ്യിലൊഴിച്ചു നോക്കി അതു ശുദ്ധമായതിനാൽ യോഗികളുള്ള ഇവിടത്തെ അടുക്കളയിൽ ഉപയോഗിച്ചു. ഒരു പ്രാവശ്യം, താങ്കളുടെ മില്ലിലെ പരുത്തി വസ്ത്രങ്ങൾ തന്നത് ഞാൻ അലക്കിയപ്പോൾ അല്പം പോലും നിറമിളകാത്ത മേൽത്തരം ആകയാൽ അതു ശിഷ്യർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മറ്റൊരിക്കൽ, ആശ്രമത്തിന്റെ അറ്റകുറ്റപ്പണികൾക്കായി തടിയും വെട്ടുകല്ലും തന്നപ്പോഴും മുറിച്ചു നോക്കി അതിന്റെ ഗുണമേന്മയിൽ സന്തോഷം തോന്നി. എന്നാൽ, പണത്തിന്റെ ഗുണം നോക്കാൻ ഒരു വഴിയുമില്ല. രുചിക്കാനോ മണക്കാനോ മുറിക്കാനോ പറ്റില്ലല്ലോ.  അതിനാൽ, ഞാനൊന്നു ചോദിക്കട്ടെ, ഈ പണം ന്യായമായ വഴികളിലൂടെ ഉണ്ടായതാണോ?"

രങ്കൻ പറഞ്ഞു -

"അതെ. ഗുരുജീ, ഇതെന്റെ ലാഭവിഹിതമാണ് "

ഗുരുജി ചോദിച്ചു -

"ലാഭവിഹിതം കിട്ടിയത് ന്യായമായ മാർഗ്ഗത്തിലൂടെയാണോ? താങ്കളുടെ ജോലിക്കാരുടെ ശരാശരി മാസവരുമാനം എത്രയാണ്?"

പൊടുന്നനെ, രങ്കന്റെ മുഖം വിളറി. മടിച്ചുമടിച്ച് കുറഞ്ഞ പണിക്കൂലി അയാൾ വെളിപ്പെടുത്തി.

ഗുരുജി പ്രസ്താവിച്ചു -

"യഥാർഥത്തിൽ ഈ പണക്കിഴി താങ്കളുടെ ജോലിക്കാർക്കു വീതിച്ചു കൊടുക്കുക. ഞാൻ ഇതു വാങ്ങിയാൽ നീതിയല്ല, കാരണം, ന്യായമായ കൂലി കൊടുത്തില്ലെങ്കിൽ അവർ പണിക്കാരല്ല അടിമകളാണ്. അടിമപ്പണം ഞാൻ എങ്ങനെ ഉപയോഗിക്കും? "

പൊടുന്നനെ, ഒരക്ഷരംപോലും മിണ്ടാതെ രങ്കൻ പഴക്കിഴിയുമായി തിരികെ കുതിരവണ്ടിയിൽകയറി യാത്രയായി. പിന്നീട്, അയാൾ ഒരിക്കലും ആശ്രമത്തിന് യാതൊരു ധർമ്മ ദാനവും നൽകിയില്ല!

ആശയം -

തെറ്റായ സ്വന്തം ശൈലിയെ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി സമൂഹം പരിഗണിക്കുന്നു. പണലാഭക്കണക്കുകളുടെ ഉറവിടം ശുദ്ധമായതെന്ന് ഉറപ്പു വരുത്തുമല്ലോ. അതേസമയം, മുതലാളിപണച്ചാക്കുകളെ പേടിച്ച് ആളുകൾ പ്രശ്നങ്ങളും വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാട്ടാതെ ചൂണ്ടാണിവിരലുകൾ മടക്കി വയ്ക്കുന്നു.

30/03/21

ഗുരുത്വം

സിൽബാരിപുരംകൊട്ടാരത്തിൽ പുതിയൊരു കൃഷിമന്ത്രിയെ നിയമിക്കാൻ തീരുമാനമായി. അതിനുള്ള രാജകല്പന വിളംബരം ചെയ്തു.

അതിൻപ്രകാരം കൃഷി വിജ്ഞാനമുള്ള പത്തുപേരെ രാജസഭയിലെ പണ്ഡിതന്മാർ തെരഞ്ഞെടുത്തു. ഈ പത്തുപേരിൽ ഒരാളായിരിക്കും അടുത്ത മന്ത്രിയാവുക.

അന്ന്, ചിങ്ങമാസം ഒന്നാം തീയതിയായിരുന്നു. അവർ പത്തുപേരും അകലെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ അനുഗ്രഹം വാങ്ങി അന്നു തന്നെ സന്ധ്യയ്ക്കു മുൻപ് തിരികെ കൊട്ടാരത്തിലെത്തുന്ന ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. അതിനു ശേഷം രാജാവിന് ഇഷ്ടമുള്ളയാളെ മന്ത്രിയായി വാഴിക്കും.

അങ്ങനെ, അതിരാവിലെ പത്തുപേരും യാത്രയായി. കുറെ ദൂരം പിന്നിട്ടപ്പോൾ അവർക്കൊരു കായൽ കടക്കണമായിരുന്നു. കായലിന്റെ അക്കരെയാണ് ഗുരുജിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ, ആശ്രമംവകയായി ഒരു കടത്തുകാരനും വള്ളവും അവിടെയുണ്ട്. അയാൾ ഇവരെ സ്വാഗതം ചെയ്തു-

"വരൂ ... നമുക്ക് ആശ്രമത്തിലേക്കു തോണിയിൽ പോകാം. എല്ലാവരും നന്നായി പിടിച്ചിരുന്നോണം. വളരെ ആഴമുള്ള കായലാണ്"

ഇതു കേട്ടയുടൻ, ചിന്തു എന്നു പേരായ ഒരുവന് പേടിയായിത്തുടങ്ങി. അവൻ പറഞ്ഞു -

"എനിക്ക് ഈ വെള്ളം കണ്ടിട്ട് പേടിയാകുന്നു. ഞാനിവിടെ നിന്നോളാം. നിങ്ങൾ പോയി വന്നോളൂ''

ഇതുകേട്ട് കൂടെയുണ്ടായിരുന്ന ഒൻപതു പേരും പരിഹസിച്ചു-

"വെള്ളം കണ്ടാൽ പേടിക്കുന്ന നീയൊക്കെ മന്ത്രിയായാൽ കൃഷിക്കാരെല്ലാം പേടിക്കണം"

പക്ഷേ, കടത്തുകാരന് കളിയാക്കൽ അത്ര രസിച്ചില്ല. അയാൾ ചോദിച്ചു -

"താങ്കൾക്ക് നീന്തൽ അറിയില്ലേ?"

"അറിയാം"

"എങ്കിൽ അതൊന്നു കാണട്ടെ "

അതു പറഞ്ഞതിനൊപ്പം കടത്തുകാരൻ ചിന്തുവിനെ തള്ളി വെള്ളത്തിലിട്ടു!

വെള്ളത്തിൽ വീണ് ആദ്യം അവൻ നിലവിളിച്ചു. ആരും രക്ഷിക്കാൻ കൂടെ ചാടാത്തതിനാൽ സ്വയം നീന്തി കരയ്ക്കു കയറി.

അപ്പോൾ, കടത്തുകാരൻ ചോദിച്ചു -

"ഇപ്പോൾ തന്റെ പേടി പോയില്ലേ?"

അവൻ അണച്ചുകൊണ്ടു പറഞ്ഞു -

"ഉവ്വ്. എത്ര ആഴമുണ്ടെങ്കിലും നീന്തൽ ഒരു പോലെയാണ്"

"ഉം... ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ"

പിന്നെ, അവർ എല്ലാവരും ഒന്നിച്ച് അക്കരെയെത്തി. ആശ്രമത്തിലെത്തിയപ്പോൾ അവിടെ ഗുരുജി ഉണ്ടായിരുന്നില്ല. അവർ പത്തുപേരും അങ്കലാപ്പിലായി.

അന്നേരം, ഒരു ശിഷ്യൻ അറിയിച്ചു -

"ഗുരുജി ഇവിടില്ല. ചിലപ്പോൾ നാളെയേ വരികയുള്ളൂ. ഇന്നു വരികയാണെങ്കിലും വൈകിയേക്കാം"

അവർ പരസ്പരം നോക്കി. ഒടുവിൽ ഒരു തീരുമാനമെടുത്തു- സന്ധ്യയാകുന്നതിനു മുൻപ് കൊട്ടാരത്തിൽ എത്തിച്ചേരുക.

ഇവിടെയും ചിന്തു വ്യത്യസ്തനായി -

"ഗുരുവിനെ കാണാതെ തിരികെ ചെന്നാൽ ചടങ്ങ് പൂർത്തിയാകുമോ?”

മറ്റൊരുവൻ പറഞ്ഞു -

"സന്ധ്യയ്ക്കു മുൻപ് കൊട്ടാരത്തിൽ എത്തണമെന്നുള്ളത് രാജകല്പനയാണ്"

ചിന്തു ആശയക്കുഴപ്പത്തിലായി.

അപ്പോൾ മറ്റൊരാൾ പറഞ്ഞു -

"നമ്മൾ ഇന്ന് ഇവിടെത്തുമെന്ന് കൊട്ടാരത്തിൽനിന്ന് അറിയിപ്പു ഗുരുജിക്ക് കൊടുത്തിട്ടുണ്ട്. പിന്നെ, ഗുരുജിയില്ലാത്തത് നമ്മുടെ കുറ്റമല്ല''

അവർ ഒൻപതുപേരും അതിനോടു യോജിച്ചു മടക്കയാത്രയായി. സന്ധ്യക്കു മുന്നേ കൊട്ടാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ചിന്തുവിന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. മന്ത്രിയായില്ലെങ്കിലും സാരമില്ല, അതിനേക്കാൾ വലുതാണ് ഗുരുജിയുടെ അനുഗ്രഹം!

കുറച്ചു കഴിഞ്ഞപ്പോൾ ഗുരുജി ആശ്രമത്തിലെ ഒരു മുറിയിൽ നിന്ന് പുറത്തു വന്ന് ചിന്തുവിനെ ആശ്ലേഷിച്ചു!

ചിന്തുവിന് അത്ഭുതമായി-

"അങ്ങ് എന്താണ് എല്ലാവരെയും കാണാൻ കൂട്ടാക്കാതിരുന്നത്?"

ഗുരുജി അവനെ മുന്നിലിരുത്തി പറഞ്ഞു കൊടുത്തു -

"ഇവിടത്തെ കടത്തുകാരൻ എന്റെ ശിഷ്യനായിരുന്നു. നീ വെള്ളത്തിൽ വീണപ്പോൾ മറ്റുള്ള ഒൻപതുപേരും മനസ്സിൽ വിചാരിച്ചത് മന്ത്രിസ്ഥാനത്തിന് ഒരാളെങ്കിലും കുറയട്ടെ എന്നാകാം. അല്ലെങ്കിൽ, ആപത്തിൽ രക്ഷിക്കാനുള്ള മനസ്സില്ല! അവർ മന്ത്രിയായാൽ കൃഷിക്കാരന്റെ കൃഷിനാശത്തിലും കടത്തിലും മറ്റും എന്തെങ്കിലും സഹായമാകുമോ? പിന്നെ, മറ്റൊന്നുകൂടിയുണ്ട്. ഞാൻ ഇന്നു വരില്ലെന്ന് ആരോടും ഉറപ്പു പറഞ്ഞില്ലല്ലോ. വൈകുന്നേരം കൊട്ടാരത്തിൽ ചെല്ലാൻ പറ്റുന്ന സമയമെങ്കിലും അവർക്കു കാത്തിരിക്കാമായിരുന്നു"

ശേഷം, ചിന്തുവിനെ അനുഗ്രഹിച്ച് ഗുരുജി യാത്രയാക്കി. വൈകുന്നേരത്തിനു മുൻപ്, അവൻ കൊട്ടാരത്തിലെത്തി. ചിന്തു ഗുരുജിയെ കാത്തിരുന്നു മടുത്ത് തിരികെ പോന്നുവെന്നു മറ്റുള്ളവര്‍ വിചാരിക്കുകയും ചെയ്തു. 

രാജസഭയിലേക്ക് പത്തുപേരെയും വിളിച്ചു. രാജാവ് പറഞ്ഞു -

"ഗുരുജി അനുഗ്രഹിച്ച ചിന്തുവാണ് കൃഷിമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന് ഞാൻ മനസ്സിലാക്കുന്നു"

ഉടൻ, മറ്റുള്ളവർ പറഞ്ഞു -

"ഞങ്ങൾ അങ്ങയുടെ രാജകല്പന അതേപടി അനുസരിക്കുകയാണ് ചെയ്തത് "

അപ്പോൾ, രാജാവ് പറഞ്ഞു -

"എന്റെ കല്പനയേക്കാള്‍ മഹത്തായതാണ് ഗുരുവിന്റെ അനുഗ്രഹം. ഞാന്‍ മാത്രമല്ല, അനേകം രാജാക്കന്മാരും മന്ത്രിമാരും പണ്ഡിതരുമെല്ലാം ഗുരുജിയുടെ ശിഷ്യഗണത്തില്‍പ്പെടുന്നു! ഗുരുവിനേക്കാള്‍ വലിയ ശിഷ്യനില്ല!"

അവർ ലജ്ജിച്ചു തലതാഴ്ത്തി.

ആശയം -

ഏതുതരം മനുഷ്യരുടെയും പുന:സൃഷ്ടിക്ക് തക്കതായ ശക്തിയുള്ള സേവനമാണ് ഗുരുക്കന്മാർ ചെയ്യുന്നത്. എങ്കിലും, അധ്യാപക സമൂഹം ഇക്കാലത്ത് വലിയ വെല്ലുവിളി നേരിടുകയാണ്.

പണ്ടത്തെ പിതാGയും, മാതാGയും, ഗുരുGയും തന്നിരുന്ന Guരുത്വം നാം മറന്നു പോയിരിക്കുന്നു!

പിന്നെ, പാർലെ-G, 2G, 3G, 4G, Gൂഗിൾ, ഇമോGകൾ എന്നിങ്ങനെ പലതും വന്നു!

മനുഷ്യന്റെ ഗുണത്തിനും സൗകര്യങ്ങൾക്കുമായി ആധുനിക സഹായങ്ങൾ വന്നെങ്കിലും അതൊക്കെ ദുരുപയോഗം ചെയ്യാനായി മനുഷ്യരുടെ വെപ്രാളം!

വില കൂടിയ ഫോണിന്റെ ഭൂരിഭാഗം കാര്യങ്ങളും വാങ്ങുന്നവർ ഉപയോഗിക്കുന്നില്ല.

ചിലർ, ബുക്ക് ഷെൽഫിൽ വാങ്ങിക്കൂട്ടിയിരിക്കുന്ന പുസ്തകങ്ങൾ തുറന്നു നോക്കുന്നില്ല. പൊങ്ങച്ചമൂല്യം മാത്രം കിട്ടുന്നു.

സ്ത്രീകളുടെ അലമാരയിലെ  വസ്ത്രശേഖരവും വരാനിരിക്കുന്ന ചടങ്ങുകൾക്കുള്ള വെയിറ്റിങ്ങ് ലിസ്റ്റിലാണ്. അപ്പോള്‍, ഫാഷന്‍പോയവ ഒന്നുപോലും ഉപയോഗിക്കാതെ ദൂരെ കളയുന്നു! 

ലക്ഷ്വറികാറുകളുടെ വേഗവും കുതിപ്പുശേഷിയുമൊക്കെ നമ്മുടെ ഗതാഗത അസൗകര്യങ്ങളിൽ വെറും നോക്കുകുത്തിയാവുന്നു!

വീടിന്റെ കാര്യം നോക്കിയാൽ, ആളില്ലാതെ ഉപയോഗിക്കാത്ത മുറികളും സുഖസൗകര്യങ്ങളും പൊടി നിറയുന്ന ദുർഗതിയും കാണാം.

സമ്പത്തു സ്വരൂപിക്കുന്ന ആർത്തി കണ്ടാൽ എല്ലാം അനുഭവിച്ചിട്ടു പോകുമെന്നു തോന്നിയാലും പകുതി പോലും ഉപയോഗിക്കാതെ തലമുറകൾക്കു കൊടുക്കേണ്ടി വരുന്നു അല്ലെങ്കിൽ വഴക്കിട്ട് തട്ടിപ്പറിക്കുന്നു!

ഗുരുത്വം നേടി വളർന്നവരുടെ പാതകളിൽ ഗുരുവിന്റെ അനുഗ്രഹമാർന്ന പാദമുദ്രകൾ കാണാം.

29/03/21

തേനീച്ചകളുടെ ലോകം

നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരംരാജ്യം മനോഹരമായ പ്രകൃതിഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു.

ഒരിക്കൽ, ഒട്ടേറെ അത്ഭുത സിദ്ധികളുണ്ടായിരുന്ന ഒരു സന്യാസി കോസലപുരത്തേക്കു നടന്നു പോകുകയായിരുന്നു. അവിടെയുള്ള ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യം.

ഇടയ്ക്ക്, ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അതിനിടയിൽ, ഒരാൾ അടുത്തുണ്ടായിരുന്ന കയ്യാലയുടെ കല്ലുകൾ മെല്ലെ ഇളക്കിയെടുക്കുന്നത് സന്യാസിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു മൺകലത്തിലേക്ക് ചെറുതേൻ അടകൾ അടർത്തിയിട്ട് അയാൾ സ്ഥലം വിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ സന്യാസി തേനീച്ചക്കൂടിന്റെ അടുത്തെത്തി. അദ്ദേഹം റാണിതേനീച്ചയോടു ചോദിച്ചു -

"ആ മനുഷ്യൻ നിങ്ങളുടെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായ തേൻ മോഷ്ടിച്ചു കൊണ്ടുപോയതിൽ നിനക്കു വിഷമം തോന്നുന്നില്ലേ?"

റാണി പറഞ്ഞു -

"മനുഷ്യന് ഞങ്ങളുടെ തേൻ മോഷ്ടിക്കാനേ പറ്റൂ. തേനുണ്ടാക്കുന്ന കഴിവ് മോഷ്ടിക്കാനാവില്ല"

സന്യാസി- "നിന്റെ കൂട് ഈ കയ്യാലയിൽ വയ്ക്കാതെ ഉയർന്ന മരപ്പൊത്തിലായിരുന്നെങ്കിൽ അയാൾ വരില്ലായിരുന്നു?"

റാണി- "മുകളിലായാലും കരടി വലിഞ്ഞുകയറി തേൻ കൊണ്ടു പോകും. ഇങ്ങനെ ആരു കൊണ്ടു പോയാലും ഞങ്ങൾ പട്ടിണി കിടന്ന് ചാകാറില്ല!"

സന്യാസി- "നിന്റെ ശുഭാപ്തിവിശ്വാസം മനുഷ്യർക്ക് മാതൃകയാണ്"

റാണി - "ഞങ്ങൾ പ്രധാനമായും നൽകുന്ന സന്ദേശം മറ്റൊന്നാണ് - തേനാകുന്ന മധുരം സൃഷ്ടിക്കുന്നത് ഞങ്ങളെല്ലാം ഒരുമിക്കുമ്പോഴാണ്. തമ്മിലടിക്കാതെ, മനുഷ്യരും ഇങ്ങനെയായാൽ ജീവിതം തേൻപോലെ മധുരമായി ആസ്വദിക്കാം"

തുടർന്ന് സന്യാസിയോടു റാണിയീച്ച  നിർദ്ദേശിച്ചു-

"ഈ വലിയ കല്ലിന്റെ മറുവശത്ത് അയാള്‍ കാണാത്ത ഒരു തേനട കൂടിയുണ്ട്. അങ്ങയുടെ ക്ഷീണം മാറ്റാൻ അതു മതിയാകും"

സന്യാസി അതുമെടുത്ത് അവരോടു നന്ദി പ്രകാശിപ്പിച്ച് യാത്രയായി.

തേനീച്ചകളുടെ ലോകം 

    • തേനീച്ചകള്‍ ശരാശരി 585 കിലോമീറ്ററുകൾ ഒരായുസ്സില്‍ പറക്കുന്നു.

    • കൂട്ടിൽനിന്ന് ശരാശരി മുക്കാൽ കിലോമീറ്റർ തേനീച്ചകൾ പറക്കാറുണ്ടെങ്കിലും ഗവേഷകർ പരമാവധി രേഖപ്പെടുത്തിയത് 5.98 കി.മീ!

    • തേനീച്ചകള്‍ മഴ നനഞ്ഞു പറക്കാറില്ല. കനത്ത മഴയത്ത് ചിറകുകൾ ഒടിഞ്ഞു പോകും. ഇവര്‍ പ്രസന്നമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു.

    • ആൽബർട്ട് ഐൻസ്റ്റീൻ പ്രസ്താവിച്ചത്- "തേനീച്ചകളില്ലാതെ നാലു വർഷത്തിൽ കൂടുതൽ മനുഷ്യന് ജീവിക്കാനാവില്ല"

    • ധാന്യങ്ങള്‍ നല്‍കുന്ന ചെടികളുടെ 80% പരാഗണം നടത്തുന്നത് തേനീച്ചകളാണ്. നമ്മുടെ ഭക്ഷണത്തിന്റെ മൂന്നിലൊന്നും ഉൽപാദിപ്പിക്കാൻ സഹായിക്കുന്നത് തേനീച്ചകളാണ്.

    • മനുഷ്യന് നേരിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഭക്ഷണം തരുന്ന ഏക ഷഡ്പദമാകുന്നു തേനീച്ചകൾ!

    • ചെറുതേനീച്ചകളുടെ ചെറുതേൻ ഔഷധ ഗുണം കൂടാൻ കാരണമെന്താണ്?ആയൂർവേദത്തിലും യോഗയിലും ചെറുതേൻ ഉപയോഗിച്ചുള്ള മരുന്നു കൂട്ടുകൾ ഉപയോഗിക്കുന്നു. നാം പഞ്ചസാരലായനിയോ മധുരമുള്ള കൃത്രിമ വസ്തുക്കളോ ഒരു പാത്രത്തിൽ വച്ചാൽ വൻതേനീച്ചകളെത്തി കാലിൽ തോണ്ടി കൊണ്ടു പോകും. എന്നാൽ, ചെറുതേനീച്ചകൾ കൃത്രിമമായി ഒന്നും സ്വീകരിക്കില്ല. പൂക്കളിൽ നിന്നുള്ള പൂമ്പൊടിയും തേനും, ചക്കപ്പഴം പോലുള്ള ഫലങ്ങളുടെ സമീപത്തു നിന്നും അരക്കും പശയും കറയുമൊക്കെ കാലിൽ ഉരുട്ടിയെടുത്ത് കൊണ്ടു പോകും.

    • തേന്‍ പ്രകൃതിയുടെ ആന്റിബയോട്ടിക് ആകുന്നു. പൊള്ളലിനു ഫലപ്രദം, അമിതവണ്ണം പോകുന്നു. സൗന്ദര്യവര്‍ധക സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍  ദീര്‍ഘായുസ് ലഭിക്കുന്നു. വിറ്റമിനുകള്‍, പോഷകങ്ങള്‍, എന്‍സൈമുകള്‍, അമിനോആസിഡുകള്‍, ആന്റിഓക്സിഡന്റ്  എന്നിവ അടങ്ങിയതിനാല്‍ അനേകം രോഗങ്ങളെ തേന്‍ ചെറുക്കുന്നു.    

    • അളവിൽ കൂടുതലായി തേൻ കിട്ടുന്ന തേനീച്ച വർഗ്ഗം വൻതേനീച്ചകളാണ്. ഒരു വർഷം, മൂന്നു മുതൽ അഞ്ചു കിലോ തേൻവരെ ലഭിക്കുന്നു. 

    • ആദിവാസികൾ സംഭരിക്കുന്ന കാട്ടുതേൻ ഭൂരിഭാഗവും വൻതേനാണ്. 

    • വൻതേനീച്ചകളെ കാട്ടു തേനീച്ചയെന്നും പെരുന്തേനീച്ചയെന്നും വിളിക്കാറുണ്ട്.

    • ഇവറ്റകൾ സാധാരണയായി മരങ്ങളുടെ ഉയർന്ന- ശിഖരത്തിലും പാറക്കെട്ടിലും കെട്ടിടത്തിലും കൂടുവയ്ക്കും.

    • തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷിയാണ് പൊന്മാൻ!

    • ലഭ്യത നോക്കി തേനീച്ച കർഷകർക്കും വൻതേനീച്ചകൃഷിയാണു താൽപര്യം. ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാൽ, ശുദ്ധമായ തേൻ വിപണിയിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. ശർക്കരയൊക്കെ ചേർക്കുന്നതു കൊണ്ട് ഗുണം കുറയുന്നതു സഹിക്കാം. എന്നാൽ, ഹാനികരമായ പദാർഥങ്ങളും ചിലയിടങ്ങളിൽ ചേർക്കുന്നുവെന്ന് പറയപ്പെടുന്നു.

    • വൻതേന് കിലോയ്ക്ക് മുന്നൂറിനു മേൽ വിലയുള്ളപ്പോൾ ചെറുതേന് ആയിരം രൂപയ്ക്കു മുകളിലേക്കു പോകുന്നു വില.

    • വൻതേൻ സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യുമ്പോൾ പരിചയക്കുറവും കുട്ടികളുടെ സാമീപ്യവുമൊക്കെ തേനീച്ചയുടെ കുത്ത് കിട്ടാൻ ഇടയാക്കും.

പക്ഷേ, ചെറുതേനീച്ചകൾക്ക് കൊമ്പില്ലാത്തതിനാൽ ഉപദ്രവിക്കില്ല. അവറ്റകളുടെ കാലുകൊണ്ട് ഇറുക്കിയാലും കടിച്ചാലും വേദനിക്കില്ല. ഈച്ചകള്‍ ചെവിയില്‍ പോകാതെ തോര്‍ത്തുകൊണ്ട് കെട്ടാം. 

    • ഒരു കൂട്ടിൽ നിന്ന് ഒരു വർഷം അരക്കിലോ തേനൊക്കെ ചെറുതേനീച്ചകൾ തരും. ഒന്നിലധികം കൂടുണ്ടെങ്കിൽ ദിവസവും കുടുംബത്തിലേക്കുള്ള തേനാകും. 

    • വീടിന്റെ തറയില്‍ സാധാരണയായി കൂടുകള്‍ കാണാം. രണ്ടു കണ്ണന്‍ചിരട്ടകള്‍ പരസ്പരം അടച്ച് ഒരു ദ്വാരം തറയോടു ചേര്‍ത്ത് കൂടിന്റെ പ്രവേശനം അതുവഴിയാക്കണം. മണ്ണു തേച്ചു വശങ്ങള്‍ അടച്ചുവയ്ക്കണം.  അപ്പോള്‍, അവറ്റകള്‍  മുന്നിലുള്ള ചിരട്ടക്കണ്ണിലൂടെ വരികയും പോകുകയും ചെയ്യും. പിന്നെ, ആറുമാസത്തിനുള്ളില്‍ ചിരട്ടയിലേക്ക് താമസം മാറ്റുമ്പോള്‍ ചിരട്ട മറ്റൊരു സ്ഥലത്ത് കലത്തില്‍ കെട്ടിത്തൂക്കാം. തേന്‍ ഇവിടെയും മോഷണം പോകാം എന്നുള്ളത് മധുരിക്കാത്ത കാര്യമാണ്. ശ്രദ്ധിക്കുമല്ലോ. പട്ടിക്കൂടിനു കാണും വിധമോ പിറകുവശത്തെ ഗ്രില്ലിനുള്ളിലോ സ്ഥാപിക്കാം.          

    • ഒരു തേനീച്ച കോളനിയിൽ മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ തേനീച്ചകളുണ്ടാകും.

    • ലോക തേനീച്ചദിനമായി ആഗസ്റ്റ് മൂന്നാംശനി ആചരിക്കുന്നു.

    • ഹിമാലയൻതേനീച്ചകളാണ് ഏറ്റവും വലിപ്പമുള്ള ഇനം.

    • രോഗപ്രതിരോധ ശക്തി കൂടുതലാകയാല്‍ ഇറ്റാലിയന്‍ വന്‍തേനീച്ചകള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരം.

    • ലോകമെങ്ങും ഭക്ഷ്യവിളകളുടെ ഉത്പാദനം കുറയുന്നതിന്റെ പ്രധാന കാരണം കീടനാശിനികളുടെ പ്രയോഗം മൂലം തേനീച്ചകള്‍ക്ക് വംശനാശം വരുന്നതാണ്.

28/03/21

ചെറിയ ദുശ്ശീലം ആദ്യം മാറ്റുക!

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് പുതുവർഷ ആരംഭം വലിയ ആലോഷമായിരുന്നു.

അങ്ങനെ, ചിങ്ങം-ഒന്ന് വന്നെത്തി. അന്നേ ദിവസം, അത്ഭുത സിദ്ധികളുള്ള ഗുരുജിയുടെ ആശ്രമത്തിൽ രാവിലെ മുതൽ വലിയ തിരക്കാണ്. പുതുവർഷത്തിൽ, ഗുരുജിയുടെ അനുഗ്രഹം കിട്ടിയാൽ ആ വർഷം മുഴുവൻ നേട്ടങ്ങൾ ഉണ്ടാകുമത്രെ.

ഓരോ വർഷവും ആളുകൾ കൂടി വരികയാണ്. ഇത്രയും തിരക്ക് ഗുരുജിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. വരാന്തയും മുറ്റവും മുഴുവൻ തിങ്ങിനിറഞ്ഞ ആളുകൾ ആശ്രമത്തിന്റെ സ്വകാര്യതയ്ക്കു ശല്യമായതിനാൽ, ഇത്തവണ ഗുരുജി അനുഗ്രഹത്തിനു മുൻപായി ഒരു നിബന്ധന മുന്നോട്ടുവച്ചു-

"എല്ലാവരും, നിങ്ങളുടെ ഏതെങ്കിലും ഒരു ദു:ശീലം സ്വന്തം ജീവിതത്തിൽ നിന്ന് കളയണം. ഒഴിവാക്കിയ ദു:ശീലം ഏതെന്ന് എന്നോടു പറയുകയും വേണം, അന്നേരം ഞാൻ അനുഗ്രഹിക്കുകയും ചെയ്യും"

ആളുകൾക്ക് അതിനോട് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഓരോരുത്തരായി അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്നു വന്നു.

ഒന്നാമൻ പറഞ്ഞു -

"ഗുരുജീ, ഞാൻ ഉച്ചയുറക്കം നിർത്തി. അതെന്റെ ദു:ശീലമായിരുന്നു. എന്നെ അനുഗ്രഹിച്ചാലും"

ഗുരുജി പറഞ്ഞു - "നിന്റെ ഉറക്കം നിന്റെ മാത്രം കാര്യമാണ്. എന്നാൽ, നിന്റെ പശുക്കളെ മേയാൻ അഴിച്ചുവിട്ടിട്ട് പുഴയിൽ കുളിക്കാൻ പോകുമ്പോൾ ചില സാധുകർഷകരുടെ കൃഷിഫലങ്ങൾ തിന്നു നശിപ്പിക്കുന്നുണ്ട്, അടുത്ത വർഷം വരുമ്പോൾ അതു നിർത്തിയിട്ട് അനുഗ്രഹത്തിനായി വരിക"

അയാൾ അനുഗ്രഹവും കിട്ടി മുന്നോട്ടു നടന്നപ്പോൾ സ്വയം പറഞ്ഞു -

"മേയാൻ വേണ്ടി പശുക്കളെ അഴിച്ചു വിട്ടാലേ വളരുകയുള്ളൂ. കയറിൽ കെട്ടിയ പശുവിന് പാൽ കുറയും"

രണ്ടാമൻ മുറിയിൽ വന്നു -

"ഗുരുവേ, ഞാൻ നഖം കടിക്കുന്ന ദുശ്ശീലം നിർത്തി"

ഗുരുജി അനുഗ്രഹിച്ച വേളയിൽ പറഞ്ഞു -

"അതു നന്നായി. പക്ഷേ, പരദൂഷണം നിർത്തിയിട്ട് അടുത്ത വർഷം വരണം''

അയാൾ പോകുംവഴി പിറുപിറുത്തു-

"യാതൊരു കാര്യവുമില്ലാതെ എന്നേപ്പറ്റി ആളുകൾ പരദൂഷണം പറയുമ്പോൾ എനിക്കും വെറുതെയിരിക്കാൻ പറ്റുമോ?"

മൂന്നാമൻ- "ഗാലിപ്പുകയിലയുടെ ഉപയോഗം ഞാൻ നിർത്തി"

ഗുരുജി - "ഏറെ നന്നായി മകനേ. ഇനി വരുമ്പോൾ കള്ളുകുടി ഉപേക്ഷിക്കണം”

അയാൾ നടക്കുന്ന വേളയിൽ പിറുപിറുത്തു-

"പുകയിലയുടെ ദുശ്ശീലം നിർത്തിയതു തന്നെ വലിയൊരു സംഭവമായിപ്പോയി. കള്ള് ഒഴിവാക്കാനൊന്നും പറ്റുന്ന കാര്യമല്ല"

നാലാമൻ - "ഗുരുജീ, ഞാൻ വട്ടിപ്പലിശയ്ക്കു പണം കടം കൊടുക്കുന്ന പണി നിർത്തി"

ഗുരുജി - "വളരെ നന്നായി മകനേ. അങ്ങനെയെങ്കിൽ, നേരത്തേ പണയത്തിൽ തട്ടിയെടുത്ത കൃഷിയിടങ്ങൾ സാധുക്കൾക്കു വീതിച്ചു കൊടുത്തിട്ട് അടുത്ത വർഷം വരിക"

ആ മുതലാളി പോയവഴി ശാപവാക്കുകൾ ഉരുവിട്ടു-

"കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഞാൻ ചെയ്തു വരുന്ന പണിക്ക് ഇനി ഗുരുജിയുടെ ഉപദേശമെന്തിന്? എനിക്കു വയസായതുകൊണ്ട് പലിശപ്പണി   വേണ്ടെന്നു വച്ചതാണല്ലോ. എന്നു കരുതി ഞാനുണ്ടാക്കിയ സാമ്രാജ്യം ദാനം കൊടുക്കാൻ എനിക്കാവില്ല"

അഞ്ചാമൻ - "ഞാനൊരു ഗുസ്തിക്കാരനാണ്. എനിക്കിഷ്ടമില്ലാത്തതു കണ്ടാൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ദുശ്ശീലം എനിക്കുണ്ടായിരുന്നു. ഞാനിതാ അത് ഉപേക്ഷിച്ചിരിക്കുന്നു"

ഗുരുജി - "എനിക്ക് ഏറെ ഇഷ്ടമായി. നിന്റെ ഉരുക്കു ശരീരം കൊണ്ട് അയലത്തെ വീടുനിർമ്മാണത്തിന് ഉപകാരമാക്കുക"

അയാൾ നടന്നു നീങ്ങവേ, ചുണ്ടനക്കി-

"അങ്ങനത്തെ പണിക്കു പോയാൽ തൊലി നിറം മങ്ങും. പരിക്കു പറ്റിയാൽ ശരീരപ്രദർശനങ്ങൾക്കും മത്സരങ്ങള്‍ക്കും ഭംഗിയുണ്ടാകില്ല''

അതിനു പിറകേ പലരും ഗുരുജിയുടെ മുന്നിൽ വന്നു പോയി. പിന്നീട്, ഒരു വർഷം കഴിഞ്ഞു. അടുത്ത ചിങ്ങമാസം ഒന്നാം തീയതി പ്രഭാതമായി.

അപ്പാൾ ഗുരുജിയോട് ശിഷ്യൻ ചോദിച്ചു-

"ഗുരുജീ ഒരാളുപോലും ഇങ്ങോട്ടു വന്നില്ലല്ലോ. എന്തെങ്കിലും രാജകല്പനയെ ഭയന്നാകുമോ?"

ഗുരുജി പുഞ്ചിരിച്ചു -

" രാജകല്പനയല്ല, അവരുടെ സ്വന്തം മനസ്സിന്റെ കല്പന കാരണം ഇനിയൊരിക്കലും ഇങ്ങോട്ട് വരില്ല. എന്റെ കണ്ണിൽ പൊടിയിടാൻ ചെറിയ ദുശ്ശീലങ്ങൾ മാറ്റാനേ അവർ തയ്യാറുള്ളൂ. വലുതും ദോഷമുള്ളതും പ്രധാനമായതുമായ ദുശ്ശീലങ്ങളെ അത്രമേൽ സ്നേഹിക്കയാൽ അതൊന്നും ആളുകൾക്ക് ഉപേക്ഷിക്കാനാവില്ല"

ആശയം -

പുതുവർഷപ്പുലരി, ജന്മദിനം, ഉൽസവ ദിനം, നേർച്ച ദിനം, വഴിപാടു ദിനം, മാതാപിതാക്കളുടെയോ വിശുദ്ധരുടെയോ ഓർമ്മ ദിനങ്ങൾ, എന്നിങ്ങനെയുള്ള ഏതെങ്കിലും ഒരു ദിവസത്തിൽ വർഷത്തിൽ ഒരു ദുശ്ശീലമെങ്കിലും കളയാൻ ശ്രമിക്കുക. കൂടുതൽ ശ്രമിച്ചാൽ ഓരോ മാസത്തിന്റെയും ആദ്യ ദിനത്തിൽ ഓരോ ദുശ്ശീലങ്ങളെ ഉപേക്ഷിക്കാനാവും!

കൊച്ചുകൊച്ചു ദുശ്ശീലങ്ങളെ ആദ്യം കളയാന്‍ നോക്കുക. വലിയവ തുടച്ചുനീക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും പ്രയാസമായിരിക്കും. ചിലപ്പോള്‍,   ഒരായുസ്സില്‍ അസാധ്യവുമായിരിക്കും! എന്നാല്‍, ഇപ്പോള്‍- ഈ നിമിഷം- വായനക്കാര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുക!  

27/03/21

എറിഞ്ഞാൽ പൂച്ച നാലുകാലിൽ!

പ്രാചീന സിൽബാരിപുരംരാജ്യത്ത് അനേകം അന്ധവിശ്വാസങ്ങളും മന്ത്രവാദികളും മന്ത്രവാദിനികളുമൊക്കെ ഉണ്ടായിരുന്ന കാലമായിരുന്നു അത്.

രുക്കു എന്ന മന്ത്രവാദിനി ഒരു ഗുഹയിലാണു ജീവിച്ചിരുന്നത്. ഒപ്പം, ഒരു കറുമ്പിപ്പൂച്ചയും അവർക്കു കൂട്ടായി ഗുഹയിലുണ്ടായിരുന്നു. ഈ മന്ത്രവാദിനി ഒരു മാന്ത്രിക വടിയിൽ കയറിയിരുന്നാൽ ഉടൻ പറക്കുകയായി. വടിയുടെ പിന്നിൽ കറുമ്പിയും അള്ളിപ്പിടിച്ചു കിടന്നുകൊള്ളും. 

അങ്ങനെ, ഒരു പ്രാവശ്യം ആകാശത്തുകൂടി പറക്കവേ, ശക്തമായ കൊടുങ്കാറ്റ് വീശിത്തുടങ്ങി. പക്ഷേ, ഓർക്കാപ്പുറത്ത്, ആഞ്ഞുവീശിയ കാറ്റിൽ അവർ താഴേക്കു പതിച്ചു!

കൊടുംകാട്ടിൽ വന്നു വീണപ്പോഴേക്കും രുക്കുവിന്റെ ബോധം പോയി. എന്നാൽ, ഭാഗ്യത്തിന് കറുമ്പിപ്പൂച്ചയ്ക്ക് പരിക്കൊന്നും പറ്റിയില്ല.

തന്റെ യജമാനത്തിയെ വിളിച്ചുണർത്താൻ ചെന്ന പൂച്ച ഞെട്ടിവിറച്ചു!

ഒരു വലിയ പെരുമ്പാമ്പ്, മന്ത്രവാദിനിയെ വിഴുങ്ങാൻ വാ പൊളിച്ചു നിൽക്കുന്നു!

പൂച്ച പിന്നെ, ഒരു നിമിഷം പോലും പാഴാക്കിയില്ല. പാമ്പിന്റെ കഴുത്തിലേക്കു പറന്നു വീണ് നഖങ്ങൾ ആഴ്ത്തി അള്ളിപ്പിടിച്ചു. എന്നിട്ട്, പാമ്പിന്റെ കഴുത്ത് കടിച്ചു മുറിക്കാൻ തുടങ്ങി. പാമ്പ് ശക്തമായി പൂച്ചയെ കുടഞ്ഞു കളയാനായി പുളഞ്ഞെങ്കിലും കറുമ്പിപ്പൂച്ച ഒട്ടും പിന്മാറിയില്ല.

ഇതിനിടയിൽ, സീൽക്കാരവും ചീറ്റലും കേട്ട് മന്ത്രവാദിനി എണീറ്റിരുന്നു. താമസിയാതെ, പാമ്പിന്റെ കഴുത്തറ്റു വീണു!

മന്ത്രവാദിനി ഉടൻ തന്നെ കറുമ്പിപ്പൂച്ചയെ എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു -

"എന്റെ ജീവൻ രക്ഷിച്ചതു കൊണ്ട് പകരമായി ഞാൻ നിനക്ക് ഒരു വരം നൽകുന്നു- ഇനിമേൽ എത്ര ഉയരത്തിൽനിന്നു നീയും നിന്റെ വംശവും വീണാലും നാലു കാലിൽ സുരക്ഷിതമായിട്ടായിരിക്കും നിലം തൊടുക!"

അന്നു മുതലാണ്, പൂച്ചകളെ എത്ര ഉയരത്തിൽ നിന്നു വലിച്ചെറിഞ്ഞാലും നിലം തൊടാന്‍ നേരം, വീഴാതെ അവറ്റകള്‍ നാലു കാലിൽ നിൽക്കാൻ തുടങ്ങിയതത്രെ!

26/03/21

പ്രാർത്ഥനയുടെ മനോഭാവം

സിൽബാരിപുരംരാജ്യം പുരോഗതി പ്രാപിച്ചിരുന്ന കാലം.

അന്ന്, പ്രധാന ക്ഷേത്രത്തിലെ ഉൽസവമായിരുന്നു. അതിനിടയിൽ പലതരം ആളുകള്‍ തിങ്ങി നിറഞ്ഞ സദസ്സിൽ പ്രശസ്തനായ സന്യാസി പ്രസംഗിക്കാനെത്തി. സർവമത പ്രാർഥന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു -

"ഇനി നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകൾ മൗനം വെടിയാതെ ഈശ്വരനു സമർപ്പിക്കാനുള്ള സമയമാണ്"

ആ സമയത്ത്, ഓരോ ആളിന്റെ പ്രാർഥനയും സന്യാസിക്ക് വെളിപ്പെട്ടു-

മരം വെട്ടുകാരൻ പ്രസന്നമായ കാലാവസ്ഥ നോക്കി വ്യാകുലപ്പെട്ടു-

"എന്റെ ഭഗവാനേ, നല്ല കാറ്റും മഴയും വരുത്തണമേ. കാട്ടിൽ അങ്ങനെ വന്നാലും എനിക്കു ഗുണമൊന്നുമില്ലല്ലോ. ഈ നാട്ടിലെ വഴിമുടക്കിക്കൊണ്ടു മരങ്ങൾ കടപുഴകണമേ''

വൈദ്യൻ ഇങ്ങനെ പ്രാർഥിച്ചു -

"ഭഗവാനേ, പലതരം രോഗങ്ങൾ പിടിപെട്ട് ജനങ്ങൾ എന്റെ പക്കൽത്തന്നെ ചികിൽസയ്ക്കു വരണമേ''

ശവപ്പെട്ടി കച്ചവടക്കാരൻ - 

"ഭഗവാനേ, ആ വൈദ്യന്റെ ചികിൽസ ഫലിക്കാതെ എനിക്ക് കച്ചവടം കിട്ടണേ"

വർക്ഷോപ്പ് ഉടമ പ്രാർഥിച്ചു-

"ഭഗവാനേ, പുതിയ വണ്ടികൾക്കു വരെ വേഗം തകരാറ് വരണേ"

പല്ലു ചികിൽസകൻ പ്രാർഥിച്ചു -

"ദൈവമേ, മധുരമെല്ലാം തിന്ന് എല്ലാവരുടെയും പല്ലു ദ്രവിക്കണമേ"

വക്കീൽ - 

"ഈശ്വരാ, മനുഷ്യരുടെ വഴക്കുകൾ രമ്യതയിലാകരുതേ. എല്ലാവരെയും എന്റെ അടുക്കലേക്ക് വിടണമേ''

കുടയുണ്ടാക്കുന്നവന്‍-

“ദൈവമേ, ഇത്തവണ കാലവര്‍ഷവും തുലാവര്‍ഷവും അതിശക്തമായിരിയിരിക്കണേ"

ദുര്‍ന്നടപ്പുകാരി- 

"എല്ലാവരുടെയും ദാമ്പത്യ ജീവിതം അടിച്ചു പിരിയണേ"

ചായക്കടക്കാരന്‍-

"എല്ലാ വീട്ടിലും ഭാര്യ വഴക്കിട്ട് ആഹാരമൊന്നും ഉണ്ടാക്കരുതേ"

ജന്മി- 

"കുടിയാന്മാരുടെ കുട്ടികള്‍ ഒരിക്കലും വിദ്യാലയത്തില്‍ പോകാതെ എന്റെ കൃഷിയിടത്തില്‍ പണിക്കു വരണേ"

തെങ്ങുകയറ്റക്കാരൻ- 

"ഭഗവാനേ, ഇന്നാട്ടിലെ തെങ്ങുകൾക്കെല്ലാം ആകാശം മുട്ടുന്ന ഉയരം കൊടുക്കണേ. അല്ലെങ്കിൽ വീട്ടുകാരെല്ലാം തോട്ടി കൊണ്ട് തേങ്ങയിട്ടാൽ എന്റെ കുടുംബം പട്ടിണിയാകുമേ"

വട്ടിപ്പലിശക്കാരൻ - 

"ദൈവമേ, ആളുകൾ ധൂർത്തന്മാരും സുഖലോലുപരുമാകട്ടെ. കയ്യിലെ പണം തീർന്ന് കടം മേടിക്കാൻ എന്റെ പക്കലേക്കു വരട്ടെ"

ട്യൂഷൻ അധ്യാപിക - 

"ഭഗവാനേ, ക്ലാസിൽ കുട്ടികൾക്ക് ഒന്നും മനസ്സിലാകരുതേ. അവർ ഉഴപ്പട്ടെ. വിശദമായി ഞാൻ പറഞ്ഞു കൊടുത്തോളാമേ"

എന്നാൽ, കള്ളൻ ഇങ്ങനെ പ്രാർഥിച്ചു -

"ഭഗവാനേ, എല്ലാവരുടെ വീട്ടിലും പണവും സ്വർണ്ണവും കുന്നുകൂടട്ടെ"

പൂക്കച്ചവടക്കാരി- 

"ഭഗവാനേ, ഇന്നാട്ടിലെ എല്ലാ ചെറുപ്പക്കാരുടെയും കല്യാണം പെട്ടെന്നു നടക്കണേ, പൂക്കച്ചവടം പുരോഗതിയാക്കണേ"

ആശയം -

പ്രാർഥനകളും രണ്ടുതരമാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ളതും സ്വയം ഈശ്വരനെ ഉണർത്തിക്കാനുള്ളതും. അവിടെ സ്വാർഥതയുടെ ലോകവും കടന്നു വരാം. 'തൻകാര്യം പൊൻകാര്യം' എന്ന സ്വാർഥത പ്രാർഥനയിൽ വരുന്നതൊക്കെ  തികച്ചും സ്വാഭാവികം മാത്രം. പക്ഷേ, നിസ്വാര്‍ഥവും ദേശസ്നേഹവും സമര്‍പ്പണവും ത്യാഗവും അടങ്ങുന്ന പലരുടെയും പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ വെറും പ്രദര്‍ശന വസ്തു മാത്രമാകാം!

25/03/21

രണ്ടു കുസൃതി ചോദ്യങ്ങൾ

1. നാലക്ഷരം ഉള്ള ഒരു വാക്ക്.

അതിന്റെ ഒന്നും രണ്ടും മൂന്നും നാലും ചേര്‍ന്നാല്‍ ഒരു സംഖ്യ.

മൂന്നും നാലും കൂടിയാല്‍ വിഷം.

ഒന്നും രണ്ടും ചേര്‍ത്താല്‍ ഭര്‍ത്താവ്.

ഒന്നും നാലും ചേര്‍ന്നാല്‍ ഇടി കിട്ടും.

ഒന്നും മൂന്നും ചേര്‍ന്നാലോ? ഒരു മരം.

അങ്ങനെയെങ്കില്‍ ആ വാക്ക് ഏതായിരിക്കും?

2. ഇനി രണ്ടാമത്തെ ചോദ്യം.

അന്‍പത് രൂപ കൊടുത്ത് രാമു ചന്തയില്‍ നിന്നും പത്ത് മുട്ടകള്‍ വാങ്ങി.

അതില്‍ ആദ്യം, 2 എണ്ണം പൊട്ടിച്ചു.

പിന്നെ, 2 എണ്ണം പൊരിച്ചു.

പിന്നെ, 2 എണ്ണം തിന്നു.

ബാക്കി എത്ര മുട്ടകള്‍ അവിടെ ഉണ്ടാവും?

ഒന്നാമത്തെ ഉത്തരം- പതിനഞ്ച്.

രണ്ടാമത്തെ ഉത്തരം-

രണ്ടു മുട്ട കൊണ്ടാണ് എല്ലാം ചെയ്തത്. അപ്പോള്‍, ഉത്തരം 8.

24/03/21

ബുദ്ധിയും യുക്തിയും

 1.  നിങ്ങൾ ഒരു 1990 മോഡല്‍ ബസ് ഓടിക്കുകയാണ്. ഒന്നാമത്തെ സ്റ്റോപ്പിൽ വച്ച് പത്തു വയസ്സുള്ള ഒരു കുട്ടി കയറി. രണ്ടാമത്തെ സ്റ്റോപ്പിൽ 25 വയസ്സുള്ള ചെറുപ്പക്കാരൻ കയറി. മൂന്നാമത്തെ സ്റ്റോപ്പിൽ മധ്യവയസ്കനായ ബസ് ഡ്രൈവർ കയറി. നാലാമത്തെ സ്റ്റോപ്പിൽ 50 വയസ്സുള്ള പോലീസുകാരൻ കയറി. അഞ്ചാമത്തെ സ്റ്റോപ്പിൽ 55 വയസ്സുള്ള മെക്കാനിക്ക് കയറി. ആറാമത്തെ സ്റ്റോപ്പിൽ 70 വയസ്സുള്ള ആളും കയറി.

എങ്കിൽ ബസ് ഡ്രൈവറുടെ വയസ്സ് എത്ര?

2. അടുത്ത ചോദ്യം-

ഒരു തോട്ടത്തിൽ 20 തേങ്ങയും 10 ഓറഞ്ചും 15 സപ്പോട്ടയും 25 കൈതച്ചക്കയും കുറച്ചു മാങ്ങയും ഉണ്ടായിരുന്നു. അതിൽ, അപ്പൂട്ടൻ കുറച്ചു മാങ്ങാ പറിച്ചു. അവന്റെ ഭാര്യ സാവിത്രി ഏതാനും മാങ്ങാ  തിന്നു. എങ്കിൽ മിച്ചം എത്ര മാങ്ങ അയാളുടെ കയ്യിൽ ഉണ്ടാവും?

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം-

ഉത്തരം പറയുന്ന ആളിന്റെ വയസ് തന്നെ!

ഒരു ബസ് ഡ്രൈവര്‍ ഇടയ്ക്ക് ബസില്‍ കയറിയെങ്കിലും വയസ്സ് നേരിട്ട് തന്നിട്ടില്ല. പിന്നെയുള്ള ബസ് ഡ്രൈവര്‍ താങ്കളാണ്. അതിനാല്‍, സ്വന്തം വയസ്സ് പറയണം.

രണ്ടാമത്തെ ഉത്തരം ഇതാ-

അപ്പു ടെൻ മാങ്ങ പറിച്ചതിൽ സാവി ത്രീ മാങ്ങ തിന്നു. ബാക്കി 7 കാണും.

23/03/21

അർത്ഥമുള്ള സ്ത്രീനാമങ്ങൾ

ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങളിലെല്ലാം സ്ത്രീനാമങ്ങൾ നാം വിളിക്കാറുണ്ട്-

ആപത്തില്‍ മാത്രമല്ല, ഏറ്റവും കൂടുതലായി  ഏതൊരാളും വിളിക്കുന്ന സ്ത്രീനാമം-

"അമ്മേ.."

സമ്പത്തു വേണ്ടവർ പറയും-

"ലക്ഷ്മി ദേവ്യേ.. കടാക്ഷിക്കണേ"

വിദ്യ വേണ്ടവർ പറയും-

"സരസ്വതി ദേവിയേ.. അനുഗ്രഹിക്കണേ"

ഈ ലോകം മുഴുവൻ നന്നാവണമെന്ന് ആഗ്രഹിക്കുന്നവർ പറയും-

"ഭൂമി ദേവീ.. കൃപയുണ്ടാവണേ"

എന്നും പട്ടിണി കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ -

"അന്നപൂർണേശ്വരി കൈവിടല്ലേ "

ഉറക്കം കിട്ടാതെ മറിഞ്ഞും തിരിഞ്ഞും കിടക്കുന്നവർ -

"നിദ്രാദേവീ... കടാക്ഷിക്കണേ"

അങ്ങനെ, നമ്മുടെ നിത്യജീവിതത്തിൽ പ്രപഞ്ച സത്യങ്ങളുടെ രൂപത്തിലും അനുഗ്രഹങ്ങളുടെ രൂപത്തിലുമൊക്കെ സ്ത്രീ നാമങ്ങൾ കടന്നു വരികയാണ്!

സമാധാനം ആഗ്രഹിക്കുന്നവർ – ശാന്തി

പ്രഭാതത്തിന്റെ നന്മ- ഉഷ

പ്രഭാതത്തിൽ സർവചരാചരങ്ങളെയും വണങ്ങണമെന്ന് - വന്ദന

പ്രഭാതത്തിൽ ദൈവവുമായി അടുപ്പിക്കുന്ന സ്ത്രീകള്‍- പ്രാർഥന, കീര്‍ത്തന, ദേവി.  

ഭക്തി കുറച്ചു കൂടി വരുമ്പോൾ - പൂജ കടന്നു വരും.

അപ്പോൾ മന്ത്രം ജപിക്കണമെന്നു തോന്നിപ്പിക്കുന്നത്- ഗായത്രി

മനസ്സിൽ പ്രണയം തോന്നുന്നത് ഒരു കുറ്റമല്ലെന്ന് - പ്രേമ

ലോകത്തിന്റെ നിലനില്പ് സ്നേഹത്തിലെന്ന് - സ്നേഹ പറയുന്നു.

കരുണയില്ലാത്ത ജീവിതത്തിന് എന്നർഥമെന്ന് - കരുണ, കൃപ, മേഴ്സി എന്നിവർ പ്രസ്താവിക്കുന്നു.

ഒരു പെണ്ണ് വലതുകാൽ വച്ച് കയറുമ്പോൾ ആരതി ഉഴിയണമെന്ന്- ആരതിയും ദീപയും  ജ്യോതിയും  പ്രഭയും പറയുന്നു.

പെണ്ണായാൽ പൊന്ന് വേണമെന്ന് - പൊന്നമ്മയും തങ്കവും സ്വർണ്ണമ്മയും കനകവും പൊന്നുവും കാഞ്ചനയും പറഞ്ഞത് നേരാണല്ലോ.

വൈകുന്നേരം വീണ്ടും പ്രാർഥിക്കാനുള്ള സമയമായെന്ന് - സന്ധ്യ ഓർമ്മിപ്പിക്കും

പുണ്യ ഗ്രന്ഥങ്ങൾ വായിക്കണമെന്ന് - ഗീത പഠിപ്പിക്കും.

അറിവ് സർവ്വധനാൽ പ്രധാനമെന്ന് -വിദ്യ

രാത്രിയുടെ പര്യായമായ നിശയെന്നാൽ – നിഷ

എത് ഇരുട്ടിലും പ്രകാശമാകണം നമ്മുടെ ജീവിതമെന്ന് - ജ്യോതിയും ദീപ്തിയും ശോഭയും ശോഭനയും അഭിപ്രായപ്പെട്ടു.

രാത്രിയിൽ നല്ല കിനാവു കണ്ട് ഉറക്കുന്നത്- സ്വപ്ന

ജീവിതത്തിൽ നല്ല ജാഗ്രത വേണമെന്ന് - ശ്രദ്ധ പറഞ്ഞു.

നാം ജീവിത വിജയം നേടണമെന്ന് - ജയ

വെറും ജയം പോരാ, ശ്രീത്വം ഉള്ളതു വേണം - ജയശ്രീ

സമഭാവനയും ജീവിത മമതയും അത്യാവശ്യമെന്ന് - മമതയും ഭാവനയും.

നിങ്ങളുടെ ജീവിതം ഐശ്വരമാകട്ടെയെന്ന് - ഐശ്വര്യ

ആരെയും വശീകരിക്കുന്നത് ഞങ്ങളുടെ പണിയല്ലെന്ന്- ഉര്‍വശി, രംഭ, തിലോത്തമ, മന്ദാകിനി, ഷക്കീല.

ജീവിതം സുഗന്ധപൂരിതമാകണം - സുഗന്ധി

വിവാഹത്തിന്റെ പ്രാധാന്യം നന്നായി അറിയാവുന്നവൾ – കല്യാണി

വിവാഹത്തിൽ താലിമാലയുടെ പ്രാധാന്യം പറഞ്ഞത് - മാല

പൂക്കളുടെ മണവും നിറവും വ്യക്തമാക്കിയവൾ- പുഷ്പ, റോസ്, മുല്ല. 

നല്ല രാഗവും ലയവും ഉള്ള  സംഗീത മാധുര്യം നല്ലൊരു വിനോദമെന്ന് - രാഗിണിയും ലയയും സംഗീതയും മാധുരിയും വിനോദിനിയും വ്യക്തമാക്കി.

ജീവിതം നിശബ്ദമായി ഒഴുകുന്ന നദി പോലെയാകണമെന്ന് - ഗംഗയും യമുനയും കാവേരിയും ഭവാനിയും കബനിയും പറയുന്നു.

വെറുതെ ജീവിച്ചാൽ പോരാ, പ്രശസ്തി വേണം - കീർത്തി

അങ്ങനെയങ്ങനെ, അനേകം രൂപങ്ങളിലും ഭാവങ്ങളിലും സ്ത്രീ നാമങ്ങൾ സമസ്ത മേഖലയും നിറഞ്ഞു നിൽക്കുന്നു.

വെറുതെ അവരോടു പോരാടുന്നത് നല്ലതിനല്ലെന്ന് - ദുർഗയും നീലിയും പൂതനയും കാളിയും ജോളിയും പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കുക.

എല്ലാ സ്ത്രീജന്മവും - ബാലിക, കുമാരി, പെങ്ങൾ, ചേച്ചി, മകൾ, അനുജത്തി, ഭാര്യ, അമ്മ, അമ്മായിയമ്മ, മുത്തശ്ശി, വേലക്കാരി, ജോലിക്കാരി.. എന്നിങ്ങനെ പല രൂപത്തിൽ ആണുങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

അവരെ ബഹുമാനിക്കാനും സ്നേഹിക്കാനും തുല്യരായി കാണാനും ഓരോ ആണായി പിറന്നവനും കഴിയട്ടെ!

22/03/21

കരിയർ നയം വ്യക്തമാക്കുക

പതിനെട്ട് വയസ്സിനുള്ളിൽ കണ്ടെത്തിയ ഒരൊറ്റ ലക്ഷ്യബോധത്തിൽതന്നെ നിരന്തരം പരിശ്രമിക്കുന്നവർക്ക് കരിയർ വിജയം ഏതാണ്ട് ഉറപ്പെന്നു പറയാം. ലക്ഷ്യം കണ്ടെത്താൻ സ്വന്തം ഇഷ്ടവും കഴിവും കർമ്മശേഷിയും ഏതിലെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതിനാൽ, അഭിരുചി പരീക്ഷകൾ ഓൺലൈനിൽ സൗജന്യമായി ലഭ്യമാണ്. 

ഇങ്ങനത്തെ ആപ്റ്റിട്യൂഡ് ടെസ്റ്റുകൾ സത്യസന്ധമാകാൻ നാലെണ്ണമെങ്കിലും പങ്കെടുക്കുക- ഓരോന്നിന്റെയും വ്യത്യസ്ത ജോലികൾക്കുള്ള മാർക്ക് കിട്ടിയത് പേപ്പറിൽ കുറിച്ചു വച്ച് താരതമ്യപ്പെടുത്തുക. അതിനു ശേഷം ഒരാൾക്ക് ഏതു മേഖലയിലാണ് മിടുക്കെന്നും എവിടെ തിളങ്ങാമെന്നും ജീവിത വിജയം കിട്ടുമെന്നുമൊക്കെ ശാസ്ത്രീയമായി അപഗ്രഥിക്കാം.

പ്രമേഹരോഗികൾ അല്ലാത്തവർക്ക് ദിവസവും ഒരു സ്പൂൺ ചെറുതേൻ കുടിക്കുന്നത് ബുദ്ധിശക്തിയെ ഉണർത്തും. അല്പം ശ്രമിച്ചാൽ വീടിന്റെ തറയിൽ നിന്നും ചിരട്ട വഴി മൺകലത്തിലേക്ക് തേനീച്ച കോളനി സ്ഥാപിച്ച് ശുദ്ധമായ തേൻ കിട്ടും. അതിനു മടിയുള്ളവർക്ക് റെഡിമേഡ് തേനീച്ചയടക്കമുള്ള തേനീച്ചപ്പെട്ടികൾ വാങ്ങാൻ കിട്ടും. കുട്ടികളില്‍ മാത്രമല്ല, ഏതു പ്രായക്കാരിലും തേൻ ബുദ്ധിശക്തി ഉണർത്തും. തെളിഞ്ഞ ബുദ്ധിശക്തിയിലാണ് നല്ല കരിയര്‍ കടന്നുവരിക.

സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാകുക, ആശിക്കാൻ എന്തെങ്കിലും കാണുക, പ്രവർത്തിക്കാൻ വേണ്ടിയുള്ള ലക്ഷ്യം എന്നിവ യഥാസമയം കണ്ടെത്തിയവർക്ക് ജീവിതം ധന്യമാകുമെന്ന് ഏറക്കുറെ ഉറപ്പിക്കാം. 

എങ്കിലും, വിധിയെന്നു വിളിക്കാവുന്ന ദൈവ നിയോഗം വില്ലൻറോളിൽ അപകടങ്ങളുടെ രൂപത്തിലോ രോഗങ്ങളുടെ രൂപത്തിലോ വന്നേക്കാം. പക്ഷേ, എന്നു കരുതി ചെറിയ പ്രശ്നങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുപാടു ജന്മങ്ങളെ വഴി നീളെ കാണാം.

പാണ്ഡിത്യവും മനുഷ്യത്വവും ഒരു പോലെ ഒരാളിൽ ചേരണം. സാധാരണയായി സംഭവിക്കുന്നത് എന്തെന്നാൽ, ശരിയായ മനുഷ്യത്വം അറിയാനാണ് പാണ്ഡിത്യം എങ്കിലും പണ്ഡിതർ മനുഷ്യത്വമില്ലാത്ത അഹങ്കാരികളായി മാറുന്നു. കാരണം, ജോലികൾക്കും അധികാരങ്ങൾക്കും പാണ്ഡിത്യം അളവുകോലാണല്ലോ.

പഴയ കാലത്തെ വിദ്യാർഥി ലക്ഷണം എന്തായിരുന്നു?

-ജീർണ വസ്ത്രം, അല്പ ഭക്ഷണം, കാക ദൃഷ്ടി, ബക ധ്യാനം, ശ്വാനനിദ്ര എന്നിവ.

അതായത്, പഴയ വസ്ത്രമെങ്കിൽ നാം ആരെയും ആകർഷിക്കുന്നില്ല, നമ്മെ ആരും ആകർഷിക്കാനും വരില്ല!

വയറു നിറയെ ആഹരിക്കുന്ന വിദ്യാർഥിക്ക് ദഹനത്തിനായി അധിക ഊർജം ചെലവിടുമ്പോൾ തലച്ചോറ് അലസമായി മയക്കം വരും.

കാക്കയുടെ ദൃഷ്ടി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ പക്ഷി കാട്ടുന്ന സദാ ജാഗ്രത വിദ്യാർഥിക്കും വേണം. ഏതാണ് തള്ളേണ്ടത്, ഏതാണ് കൊള്ളേണ്ടത് എന്നറിയണം.  

ബക ധ്യാനം എന്നാൽ, ഒറ്റക്കാലിൽ തപസ് ചെയ്യുന്ന കൊക്കിന്റെ ദീർഘക്ഷമയും ശ്രദ്ധയും. അവറ്റകൾ മീൻ പിടിക്കാനായി രണ്ടു കാൽ പോലും വെള്ളത്തിൽ വച്ച് മീനുകൾക്ക് സൂചന കൊടുക്കുന്നില്ല. വിദ്യാർഥിയും പഠനം എന്ന ഒരു ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ വച്ചു നീങ്ങണം. ലഹരി, പ്രണയം, ഗോസിപ്പുകള്‍, ട്രെന്‍ഡുകള്‍, സോഷ്യൽ മീഡിയ എന്നിവയൊക്കെ അലക്ഷ്യസൂചനയല്ലേ?

ശ്വാനനിദ്ര എന്നാൽ നായയുടെ ഉറക്കം പോലെ വേണ്ടതായ ഉറക്കം മാത്രം. ഇപ്പോൾ കുട്ടികൾ അവധി ദിനമെങ്കിൽ എട്ടും പത്തും മണിക്കൂറുകൾ ഉറങ്ങി സമയം പാഴാക്കുന്നു. പ്രായപൂർത്തിയായ ആൾക്ക് ഏഴു മണിക്കൂർ ഉറക്കം മതി.

ആഗ്രഹവും ലക്ഷ്യബോധവും രണ്ടാണെന്ന് ഒരു വിദ്യാര്‍ഥി തിരിച്ചറിയണം. ഒന്നാമത്തേത് സ്വപ്നം കാണാൻ നല്ലതാണ്. രണ്ടാമത്തേത് പ്രാവർത്തികമാക്കുന്ന ശാസ്ത്രീയ പദ്ധതിയാണ്. wish, dream എന്നിവ മിക്കവാറും പരാജയപ്പെടും. will power വിജയം നേടും. നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണം ശ്രദ്ധിക്കുക-

ഏബ്രഹാം ലിങ്കൺ കെന്റക്കി തെരുവിലൂടെ ഒരിക്കൽ നടന്നു പോയപ്പോൾ അടിമക്കച്ചവടം നടത്തുന്നതു കണ്ടു. അടിമയുടെ മേൽ അടിച്ച് സഹിക്കാന്‍ ശക്തിയുള്ള അടിമയെ വില്ക്കുന്ന യജമാനന്  പണം കൂടുതൽ ലഭിക്കും. ക്രൂര മർദ്ദനങ്ങൾ സഹിക്കുന്ന അടിമകളെ നോക്കി നിന്ന ലിങ്കൺ തന്റെ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു-

"ഞാൻ ഒരു ദിവസം ഈ അടിമക്കച്ചവടം നിർത്തലാക്കും"

അതത്ര എളുപ്പമായിരുന്നില്ല, ലിങ്കൺ ഒട്ടേറെ തോൽവിക്കു ശേഷവും പിന്നെയും ശ്രമിച്ച് അമേരിക്കൻ പ്രസിഡന്റായി. പിന്നീട്, അമേരിക്കയില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കി!

ബാബു പോൾ (ഐ.എ.എസ്) മരിക്കുന്നതിനു മുന്നേ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്-

"കിടന്നു മരിക്കാനല്ല മരിച്ചു കിടക്കാനാണ് ആഗഹം"

എന്നുവച്ചാല്‍, കര്‍മനിരതമായ ജീവിതം മരണം വരെ തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

"മക്കൾ ഡ്രൈവ് ചെയ്തു പോകുമ്പോള്‍ അപ്പന്‍റെ കാര്‍ പിറകെ  വരുന്നുണ്ടോയെന്ന് റിയർവ്യൂ മിറർ വഴി നോക്കിയാൽ മതിയാകും"

സ്വന്തമായി ഒരുപാടു ചെയ്യാനുള്ള പിതാവിനു മക്കളുടെ അമിത ശ്രദ്ധയും കരുതലും വേണ്ടല്ലോ, പകരം ന്യായമായ സ്നേഹവും നോട്ടവും മതിയല്ലോ.

21/03/21

ബുദ്ധിയും നര്‍മ്മവും

1. രാമു ഒരു കൊതിയനാണ്. സ്കൂളിൽ പോകുന്ന വഴി നല്ലൊരു മാന്തോപ്പുണ്ട്. കിളികൾ ഒന്നുപോലും കൊണ്ടു പോകാതെ മുഴുവനും തിന്നണമെന്ന ആശയാൽ അവൻ എന്നും എണ്ണാറുണ്ടായിരുന്നു. ഒരു ദിവസം അവൻ നോക്കിയപ്പോൾ അതിൽ 10 എണ്ണം കിളി കൊണ്ടുപോയി. എങ്കിൽ, ബാക്കി എത്ര മാങ്ങ മാവിൽ ഉണ്ടാകും?

2. അടുത്ത കുസൃതി ചോദ്യം-

ആണിനും പെണ്ണിനും പൊതുവായുള്ളത് എന്ത്?

3. മഹാത്മാഗാന്ധി പ്രകൃതിജീവനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു. അഹിംസ എന്ന തത്വത്തെ ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്ത അദ്ദേഹത്തിന് ചിട്ടയായ ജീവിത ശൈലി ഉണ്ടായിരുന്നു.

അദ്ദേഹം കുളിക്കുമ്പോൾ ഈ വലതു കയ്യ് നനയാറില്ലായിരുന്നു. (വലതു കയ്യ് ഉയർത്തി വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുക).

എന്താണു അതിനു പിന്നിലെ രഹസ്യം?

ഉത്തരങ്ങള്‍

1. ഒന്നാമത്തെ ഉത്തരം-

38 മാങ്ങ കാണും. കാരണം, എണ്ണാറുണ്ടായിരുന്നല്ലോ. 8 x 6 = 48.

2. രണ്ടാമത്തെ ഉത്തരം-

'ണ'

3. മൂന്നാമത്തെ ഉത്തരം-

ഗാന്ധിജി കുളിക്കുമ്പോൾ നിങ്ങളുടെ വലതു കയ്യ് എങ്ങനെയാണു നനയുക?

20/03/21

ബുദ്ധിയുണ്ടോ?

1. ഒരിക്കൽ താമരശ്ശേരി ചുരം ഇറങ്ങി വരികയായിരുന്നു പപ്പു എന്ന ഡ്രൈവറുടെ ലോറി. അതിൽ നിറയെ സവാളച്ചാക്കുകളായിരുന്നു. സമയം പോയതിനാൽ പപ്പു നല്ല വേഗത്തിലായിരുന്നു ലോറി ഓടിച്ചിരുന്നത്.

പെട്ടെന്നാണ് അതു സംഭവിച്ചത്!

ഒരു ഗര്‍ഭിണിയായ പശു ലോറിയുടെ കുറുകെ ചാടി!

ആ നിമിഷം ലോറി ഡ്രൈവർ പപ്പുവിന്റെ കണ്ണ് എവിടെയായിരിക്കും?

2.  ഒരിക്കൽ രാമു തന്റെ വെളുത്ത നിറമുള്ള കാറുമായി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. സമയം ഏകദേശം അഞ്ചു മണി കഴിഞ്ഞിരുന്നു. പോകും വഴി വലിയൊരു മരത്തിന്റെ നിഴൽ വഴിക്കു കുറുകെ വീണു കിടന്നിരുന്നു. അതിനു മുന്നിലെത്തിയപ്പോൾ രാമുവിന് ഒരു കൗതുകം തോന്നി. അവൻ വാഹനം നിർത്തി ഒരു കാര്യം ആലോചിച്ചു - എങ്ങനെയാണ് ആ നിഴലിന്മേൽ കാർ കയറാതെ മുന്നോട്ടു പോകാൻ കഴിയുക?

കാർ പിറകിലേക്കു പോകാനും പാടില്ല. മറ്റു വഴിയേ പോകാനും പറ്റില്ല. സൂര്യന്റെ നിഴൽ മായും വരെ കാത്തിരിക്കാനും പാടില്ല. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവന് ഒരു ബുദ്ധിയുദിച്ചു. അവൻ അതിൽ വിജയിച്ച് കാർ മുന്നോട്ടു പോയി. 

എങ്ങനെ?

ഉത്തരം-

1. ഉത്തരം-

പപ്പുവിന്റെ കണ്ണ് അയാളുടെ മുഖത്തു തന്നെ.

2. ഉത്തരം-

എത്ര വലിയ നിഴലാണെങ്കിലും കുറുകെ കടക്കുമ്പോൾ കാറിന്റെ അടിയിൽ നിഴൽ വരില്ല. മുകളിലേ പതിക്കൂ!

19/03/21

ഉത്തരം പറയാമോ?

രണ്ടു ചോദ്യങ്ങള്‍ 

1. ര എന്ന അക്ഷരത്തിൽ തുടങ്ങി ര എന്ന അക്ഷരത്തിൽ തീരുന്ന അർഥമുള്ള ഒരു വാക്ക് പറയാമോ?

2. സിൽബാരിപുരംരാജ്യത്ത് ഇരുപത് വർഷങ്ങൾക്കിടയിൽ രണ്ടു മഹാ യുദ്ധങ്ങൾ നടന്നു. പിന്നീട് ഭരിച്ച രാജാവായ വിക്രമരാജൻ തികഞ്ഞ രാജ്യസ്നേഹിയായിരുന്നു.

ഒരിക്കൽ, അദ്ദേഹം ഒരു രാജകല്പന ഇറക്കി -

"ഒന്നാം സിൽബാരിപുരം കഴിഞ്ഞ് പത്തു വർഷത്തിനുളളിൽ യുദ്ധത്തിന്റെ സ്മാരകമായി സ്വന്തം പുരയിടത്തിൽ സ്വയം സ്ഥാപിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ആയിരം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി ലഭിക്കും"

കല്പന ഇറങ്ങിക്കഴിഞ്ഞ് സ്ഥാപിച്ചിട്ടു കാര്യവുമില്ലല്ലോ. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ഗ്രാമവാസി കൊട്ടാരത്തിലെത്തി-

"അടിയൻ, കല്ലിൽ ഫലകം പണ്ടേ സ്ഥാപിച്ചിരുന്നു. ദയവായി വന്നു നോക്കിയാലും"

വർദ്ധിച്ച ഉൽസാഹത്തോടെ രാജാവും മന്ത്രിയും അയാളുടെ പുരയിടത്തിലെത്തി മുറ്റത്തു സ്ഥാപിച്ചിരുന്ന രണ്ടു കൽഫലകങ്ങൾ വായിച്ചു-

ഒന്നാമത്തെ കല്ലിൽ ഇങ്ങനെ -

"ഒന്നാം സിൽബാരിപുരംയുദ്ധത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക് പ്രണാമം''

രണ്ടാമത്തെ കല്ലില്‍-

“രണ്ടാം സില്‍ബാരിപുരം യുദ്ധത്തില്‍ രാജ്യത്തെ നയിച്ച രാജാവ് നീണാള്‍ വാഴട്ടെ”

അവന്റെ ദേശസ്നേഹത്തിൽ സന്തോഷിച്ച്, രാജാവ് അവനെ കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തി. സ്വർണനാണയക്കിഴി സമ്മാനിക്കാനായി കൈകൾ നീട്ടിയതും -

"അരുത്, മഹാരാജൻ, അയാൾ അതിന് അർഹനല്ല"

അയാളുടെ അയൽവാസിയായിരുന്നു അത്!

ഉടൻ രാജാവ് അവനോടു ചോദിച്ചു-

"ഹും.. എങ്കിൽ അതിന്റെ കാരണം നമുക്കു മുൻപാകെ ബോധിപ്പിക്കുക"

അയൽവാസിയുടെ ഉത്തരം കേട്ടതിനു ശേഷം, രാജാവ്, സമ്മാനം വാങ്ങാൻ വന്നവനെ ഇരുട്ടുതടവറയിലേക്ക് അയച്ചു!

എന്താണു കാര്യം?

ഉത്തരങ്ങള്‍ 

1. ഒന്നാമത്തെ ഉത്തരം-

രണ്ടര

2. രണ്ടാമത്തെ ഉത്തരം-

ഫലകത്തിൽ, 'ഒന്നാം സിൽബാരിപുരം യുദ്ധത്തിൽ, എന്ന് എഴുതിയിരുന്നല്ലോ. രണ്ടാം യുദ്ധം നടക്കുമെന്ന് അയാൾ 10 വർഷം മുന്നേ എങ്ങനെയറിഞ്ഞു? അതായത്, രണ്ടാം യുദ്ധവും കഴിഞ്ഞ് എപ്പോഴോ ഉണ്ടാക്കിയതാണ് ഈ രണ്ടു ഫലകങ്ങളും!

18/03/21

കുസൃതിചോദ്യങ്ങള്‍

ചോദ്യങ്ങള്‍ 

1. ഒരു കിലോ ഇരുമ്പിനാണോ ഒരു കിലോ പഞ്ഞിക്കാണോ തൂക്കം കൂടുതൽ?

2. ഇനി അടുത്ത  ചോദ്യം.

ഇവിടെ എത്ര ആറ്  എഴുതിയിട്ടുണ്ട്?

6666666666666666666666666

3. ഒരു അഭ്യാസി ഒരേ സമയം ഒരു ആല്‍മരത്തിന്റെ പല ശാഖകളിൽ ഒൻപത് തത്തകൾ ഇരിക്കുന്നതു കണ്ടു. അയാൾ ഒരെണ്ണം വെടിവച്ചിട്ടു. ബാക്കി മരത്തിൽ എത്രയുണ്ടാകും?

ഉത്തരങ്ങള്‍

1. ഒന്നാമത്തെ ഉത്തരം-

തുല്യം. കാരണം, രണ്ടും ഒരു കിലോ വീതം എടുത്തു.

2. രണ്ടാമത്തെ ഉത്തരം-

ചോദ്യത്തിലെ ആറും ചേര്‍ക്കണം. അപ്പോള്‍ 26 ! 

3. മൂന്നാമത്തെ ഉത്തരം-

പക്ഷികള്‍ ഇനി മരത്തില്‍ ഒന്നുമില്ല. കാരണം, വെടിയൊച്ച കേട്ടതേ മറ്റുള്ളവ പറന്നു പോയി.


17/03/21

വയസ്സന്‍കുതിരയുടെ വിധി

ഒരിക്കൽ, സിൽബാരിപുരംരാജ്യത്തെ വെറും സാധാരണക്കാരൻ മാത്രമായിരുന്നു സോമു. അയാൾക്ക് സർവ്വ ഐശ്വര്യങ്ങളും വന്നു തുടങ്ങിയത്, ചെമ്പൻകുതിരയെ ചന്തയിൽ നിന്നും വാങ്ങിയതോടെയാണ്. കച്ചവട കാര്യങ്ങൾക്ക് ഇടനിലക്കാരനായി ദൂരദേശത്തേക്കു മിന്നൽവേഗത്തിൽ ചെല്ലുന്നത് ഈ കുതിരപ്പുറത്തായിരുന്നു.

പിന്നെ, ഓരോ കച്ചവടത്തിലും അയാൾ ലാഭം കൊയ്തു തുടങ്ങി. വൈകാതെ അന്നാട്ടിലെ പ്രമാണിയായി മാറുകയും ചെയ്തു. നല്ല ഉശിരുള്ള ചെമ്പൻ കുതിരയുടെ പുറത്താണ് സോമുവിന്റെ സവാരിയെല്ലാം. അയാൾ തന്റെ കുതിരയ്ക്ക് മേൽത്തരം മുതിരയും കടലയും ഗോതമ്പുമൊക്കെ കൊടുക്കാൻ യാതൊരു മടിയും കാട്ടിയിരുന്നില്ല.

വർഷങ്ങൾ പിന്നെയും മുന്നോട്ടു കടന്നു പോയി. അതിനിടയിൽ, ചെമ്പൻകുതിരയുടെ കുതിപ്പുശേഷി കുറഞ്ഞു തുടങ്ങി. അതോടൊപ്പം സോമുവിന്റെ കുതിരയോടുള്ള സമീപനവും മാറിത്തുടങ്ങി. ഭക്ഷണം കുറച്ചു. അയാൾ കുതിരയോടു ദേഷ്യപ്പെട്ടു -

"വലിവു കുറവെങ്കിൽ നിനക്ക് കുറച്ചു തീറ്റിയും മതി"

അവസാനം, സവാരിക്കു കൊള്ളില്ലെന്നായപ്പോർ അയാൾ കുതിരച്ചന്തയിലെത്തി മറ്റൊന്നിനെ വാങ്ങി. കുറച്ചു നാളുകൾ മറ്റാരും കാണാതെ കുതിര ലായത്തിന്റെ പിറകുവശത്ത് ചെമ്പനെ കെട്ടിയിട്ടു.

ഒരു ദിനം, അയാൾ ചെമ്പനു മുന്നിലെത്തി പിറുപിറുത്തു-

"എനിക്ക് യാതൊരു പ്രയോജനവുമില്ലാതെ നിനക്ക് ഇനി പച്ചവെള്ളം ഞാൻ തരില്ല, ഹും... നടക്ക്..."

സോമു ചെമ്പനെ പിടിച്ചുവലിച്ച് നടത്തി ആളില്ലാത്ത ഒരിടത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. തിരികെ വീട്ടിലേക്കു വരാതിരിക്കാനായി കുതിരയുടെ കണ്ണുകെട്ടി അയാൾ തിരികെ നടന്നു. സോമു പോയിക്കഴിഞ്ഞപ്പോൾ, അല്പം പോലും മുന്നോട്ടു പോകാൻ കഴിയാതെ ചെമ്പൻകുതിര കുറെ നേരം ആ നില്പ് തുടർന്നു. പിന്നെ, തളർന്നു വീണു!

അടുത്ത ദിവസം, രാവിലെ അതുവഴി ഒരു സന്യാസി കടന്നു പോയി. അദ്ദേഹം ഇതു കണ്ട് പറഞ്ഞു -

"ഭഗവാനേ, ഈ കുതിരയെ കണ്ണുകെട്ടി ഇവിടെ ഏതോ ദുഷ്ടൻ തള്ളിയിരിക്കുന്നു!"

ശേഷം, സന്യാസി അതിന്റെ കെട്ടഴിച്ച് തന്റെ ഭാണ്ഡത്തിലുണ്ടായിരുന്ന വെള്ളവും ഭക്ഷണവും കൊടുത്തു. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിനു പിന്നെ കഴിക്കാനൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ആ വയസ്സൻകുതിരയുടെ ദയനീയമായ നോട്ടം കണ്ടില്ലെന്നു വച്ച് പോകാൻ സന്യാസിക്കു കഴിഞ്ഞില്ല.

സന്യാസി മെല്ലെ വയസ്സൻകുതിരയുമായി അടുത്തുള്ള വീടുകളിൽ ഭിക്ഷ യാചിച്ചു. ഭൂരിഭാഗം വീട്ടുകാരും ഒന്നും കൊടുത്തില്ല. ഒടുവിൽ, നടന്നു നടന്ന്, സോമുവിന്റെ വീടിനു മുന്നിലെത്തി!

തന്റെ മുന്നിൽ വീണ്ടും കുതിരയെ കണ്ടപ്പോൾ സോമു അലറി-

"എടാ, കള്ളസന്യാസീ... ഞാൻ ഉപേക്ഷിച്ച കുതിരയുമായി എന്റെ മുന്നിലേക്കു വന്ന നിനക്കും ഈ ചാകാറായ കുതിരയ്ക്കും പച്ച വെള്ളം ഇവിടുന്നു കിട്ടില്ല. ഏതായാലും ഈ വയസ്സൻകുതിരയുടെ പുറത്തു കയറി താൻ സവാരി നടത്തിക്കോളൂ"

സോമുവിന്റെ പരിഹാസച്ചിരി മുഴങ്ങിയപ്പോൾ സന്യാസി ശപിച്ചു-

"ഒരു കാലത്ത് നിന്നെ ഏറെ സഹായിച്ച കുതിരയോട് നന്ദിയില്ലാതെ പ്രവർത്തിച്ച നീചനായ മനുഷ്യാ, തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു മരിക്കാനാണ് നിന്റെ വിധി!"

അതു കേട്ട് സോമു അട്ടഹസിച്ചു -

"അത് നിനക്കു സംഭവിക്കുന്ന കാര്യമാണ്. തെരുവിലെ പിച്ചക്കാരന്റെ ശാപം എനിക്കു ഫലിക്കില്ല, കടന്നു പോകൂ.... എന്റെ മുന്നിൽനിന്ന്!"

സന്യാസി കുതിരയുമായി നടന്നു പോയി. കുറെ ദൂരം ചെന്നപ്പോൾ ചെമ്പൻകുതിര പാതയോരത്ത് തളർന്ന് വീണു മരിച്ചു!

അന്നേരം, അതുവഴി കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന ഒരു കണക്കൻ സന്യാസിയോടു വിവരം തിരക്കി. അതിനു മറുപടിയായി സന്യാസി ഒന്നും ഉരിയാടിയില്ല. പകരം, അയാളുടെ കയ്യിലുണ്ടായിരുന്ന ചന്തയിലെ കണക്കു പുസ്തകത്തിൽ മഷി മുക്കി തൂവൽ കൊണ്ട് എഴുതി -

"വീരൂ.. നീ ചെറുപ്പത്തിൽ പഠിച്ച പാഠങ്ങൾ മറന്നു പോയോ? നാം മനുഷ്യനെ മാത്രല്ല, മൃഗങ്ങളെയും നോവിക്കാൻ പാടില്ലെന്ന്? ഈ രാജ്യത്തെ മൃഗങ്ങളെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ട് പ്രായമാകുമ്പോൾ അവറ്റകളെ ഉപേക്ഷിക്കുന്നത് ന്യായമോ? ധനികനായ സോമുവിന്റെ കുതിര തെരുവിൽ കിടന്ന് മരിച്ചിരിക്കുന്നു!"

ചന്തയിൽനിന്ന് കൊട്ടാരത്തിലെത്തിയ കണക്കൻ, സന്യാസിയുടെ കുറിപ്പ് രാജാവിനെ കാണിച്ചു.

രാജാവ് അതു വായിച്ച് ഞെട്ടി!

പണ്ട്, തന്നെ വീരൂ എന്നു വിളിച്ചിരുന്നത് രണ്ടു വർഷം ഗുരുകുലത്തിൽ പഠിപ്പിച്ചിരുന്ന സന്യാസിയാണ്. വസൂരി പടർന്നു പിടിച്ച കാലത്ത് എല്ലാവരും അവിടം വിട്ടു പോയി. പിന്നെ, സന്യാസി കോസലപുരത്തേക്കു പോയെന്നാണ് അറിയാൻ കഴിഞ്ഞത്.

രാജാവ് ഉടൻ ഭടന്മാരോടു കല്പിച്ചു -

"സന്യാസിയെ എവിടെ കണ്ടാലും പല്ലക്കിൽ കയറ്റി കൊട്ടാരത്തിലേക്കു കൊണ്ടു വരിക"

കുറ്റവാളികളെ ശിക്ഷിക്കുന്ന ഭടന്മാരെ രാജാവ് വിളിച്ചിട്ടു പറഞ്ഞു -

"സോമുവിനെ ചിത്തിരപുരത്തേക്കു നാടുകടത്തുക. കയ്യിൽ ഭാണ്ഡം പോലും അനുവദിക്കരുത്, ആ ദുഷ്ടൻ ദുഷ്ടരാജ്യത്തേക്കു പോകട്ടെ"

സന്യാസി കോസലപുരത്തേക്കു പോയതിനാൽ ഭടന്മാർ അരിച്ചുപെറുക്കിയിട്ടും അദ്ദേഹത്തെ കാണാൻ പറ്റിയില്ല. അതേസമയം, സോമുവിനെ സിൽബാരിപുരംരാജ്യത്തിന്റെ അതിർത്തി കടത്തി ചിത്തിരപുരത്തേക്കു കയറ്റി വിട്ടു.

അപ്പോൾ, സോമു പിറുപിറുത്തു-

"എന്റെ സർവ സമ്പാദ്യങ്ങളേക്കാൾ മൂല്യമുള്ളത് മടിശ്ശീലയിലെ രത്നക്കല്ലുകൾക്കാണ്. ഇതു വിറ്റു കിട്ടുന്ന പണം കൊണ്ട് ചിത്തിരപുരത്തെ പ്രഭുവായി ജീവിക്കും. പണമുള്ളവന് ഈ ദുഷ്ടരാജ്യത്ത് എന്തുമാകാം. എന്നെ തോൽപിക്കാൻ ആവില്ല മക്കളേ"

അയാൾ ഊറിച്ചിരിച്ചു. പ്രധാന വീഥി ലക്ഷ്യമാക്കി വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ കൊള്ളസംഘം സോമുവിനെ വളഞ്ഞു-

സോമു ഒട്ടും പേടിയില്ലാതെ പറഞ്ഞു -

"എന്റെ കയ്യിൽ ഒരു ഭാണ്ഡം പോലുമില്ല. ഞാൻ ഉപവാസത്തിലാണ്. എന്റെ കയ്യിൽ കാൽ പണം പോലുമില്ല. കാരണം, ചിത്തിരപുരംക്ഷേത്രത്തിലെ വഴിപാടിനു പോകുകയാണ്"

കൊള്ളത്തലവൻ സോമുവിനെ അടിമുടി നോക്കിയ ശേഷം കലിച്ചു-

"ഇവന്റെ പട്ടുവസ്ത്രം കണ്ടാലറിയാം കാശുകാരനാണെന്ന്. ഉപവസിച്ച ക്ഷീണമൊന്നും ഇയാൾക്കില്ല. ശരിക്ക് തപ്പിയിട്ടു വിട്ടാൽ മതി"

സോമു തന്റെ തുണിയിൽ പിടിക്കാൻ സമ്മതിക്കാതെ കുറച്ചു നേരം അവരെ ചെറുത്തു നിന്നെങ്കിലും അവർ തലങ്ങും വിലങ്ങും മർദ്ദിച്ചു. മടിശ്ശീലയിലെ രത്നക്കല്ലുകൾ സ്വന്തമാക്കിയിട്ട് നിലത്തിട്ടു ചവിട്ടി. അതിനോടകംതന്നെ, തലയ്ക്കടിയേറ്റ് സോമുവിന്റെ ബോധം പോയിരുന്നു. 

പിന്നീട്, എപ്പോഴോ എഴുന്നേറ്റപ്പോൾ സമ്പാദ്യം കൊള്ളയടിച്ചെന്നു മനസ്സിലായി.

അയാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ ഓടി. മനസ്സിന്റെ സമനില തെറ്റി അല്പവസ്ത്രധാരിയായി തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു. ദുഷ്ടന്മാരായ ചിത്തിരപുരംദേശക്കാർ അയാളെ കണ്ടതായി പോലും ഭാവിച്ചില്ല. കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ, ആഹാരം കിട്ടാതെ പാതയോരത്ത് സോമു കുഴഞ്ഞു വീണു മരിച്ചു!

ആശയം -

നന്ദി കാട്ടാൻ നായ വാലാട്ടും. പൂച്ച കാലിൽ ഉരുമ്മി നടക്കും. കോഴിയും മറ്റു വളർത്തു കിളികളും ചെറിയ ശബ്ദങ്ങൾ സ്നേഹ സൂചകങ്ങളാക്കും. പശുവും ആടും കാളയുമൊക്കെ മുറുങ്ങുന്ന ഒച്ചയിടും. ആനയാകട്ടെ, തുമ്പിക്കയ്യ് ഉയർത്തും.

മനുഷ്യവർഗ്ഗത്തിന് നന്നായി അഭിനയിക്കാൻ അറിയാവുന്നതിനാൽ ഉളളിൽ യാതൊരു നന്ദിയും കടപ്പാടുമില്ലാതെ വെറുതെയങ്ങ് പല്ലിളിച്ചുകാട്ടും. ഒരു കാലത്ത്, സഹായിച്ചവരെ കൊഞ്ഞനംകുത്തി കാട്ടുന്ന ട്രെൻഡാണ് ഇപ്പോൾ കണ്ടു വരുന്നത്. സാമ്പത്തിക അധികാര സൗന്ദര്യത്തികവിൽ അനുകൂല സാഹചര്യം വരുമ്പോൾ നമ്മെ ഞെട്ടിക്കുന്ന ധിക്കാരവും ആജ്ഞാശക്തിയും ശല്യവും ഉപദ്രവവും വരെ അവര്‍ പുറത്തെടുത്തേക്കാം. 

എന്നാല്‍, ഇതിനു ദൂരവ്യാപകമായ ഒരു അനന്തര ഫലമുണ്ട്- കുട്ടികള്‍ കണ്ടുകേട്ടു വളരുന്നത്‌ ഇതൊക്കെയാണല്ലോ! 

നന്ദികേടും തള്ളിപ്പറച്ചിലും കാട്ടുന്ന കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക്, ഈ കഥയിലെ വയസ്സന്‍കുതിരയുടെ അനുഭവമാകും വരാന്‍ പോകുന്നത്!

ഒറ്റപ്പെടലിന്റെ-നരകയാതനയുടെ കുതിരലായമാകുന്ന വൃദ്ധസദനങ്ങളിലും ആശുപത്രിവരാന്തകളിലും അനാഥമന്ദിരങ്ങളിലും വഴിയോരത്തുമൊക്കെ അവസാനിച്ചേക്കാവുന്ന ജീവിതം! അല്ലെങ്കില്‍ പടുകൂറ്റന്‍വീടുകളില്‍ കാവല്‍നായയുടെ റോള്‍! 

16/03/21

ഞാനോ നീയോ വലുത്?

ഒരിക്കൽ, സിൽബാരിപുരംരാജ്യത്ത് കടുത്ത വേനൽക്കാലം അനുഭവപ്പെട്ടു. വെള്ളം കുടിക്കാൻ കാട്ടിലെ മൃഗങ്ങൾക്കെല്ലാം എക ആശ്രയം സിൽബാരിപ്പുഴയായിരുന്നു.

അവിടെ വെള്ളം കുടിക്കാൻ മൃഗങ്ങൾ വരുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പലതിന്റെയും കഥ കഴിയും. സാധാരണയായി സിംഹം വരുമ്പോൾ മറ്റുള്ള മൃഗങ്ങൾ മാറി മരത്തിന്റെ മറവിൽ ഒളിച്ചു നിൽക്കും. ശിങ്കൻസിംഹത്തിന്റെ കണ്ണിൽപ്പെട്ടാൽ പിന്നെ തീർന്നു!

ശക്തിയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുലിയും ആനയും മാനും പോത്തും കരടിയും പന്നിയും പക്ഷികളുമെല്ലാം ഈ വിധം പരസ്പരം സുരക്ഷ നോക്കിയിരുന്നു.

അങ്ങനെയിരിക്കെ, ഒരു ദിവസം- സിംഹം വെള്ളം കുടിക്കാൻ വന്ന അതേ സമയത്തുതന്നെ ശൂരൻകടുവയും നദിക്കരയിലെത്തി. രണ്ടു പേരും പരസ്പരം നോക്കി ഗർജിച്ചു. 

ശിങ്കൻസിംഹം പറഞ്ഞു -

"ഞാൻ കാട്ടിലെ രാജാവാണ്. ഈ നദിയുടെയും അധിപൻ ഞാനാണ്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോളൂ"

കടുവ മുരണ്ടു -

"ഈ രാജ്യത്തെ സിംഹമില്ലാത്ത കാടുകളിലെല്ലൊം ഞങ്ങൾ കടുവകളാണ് രാജാവ്. നിനക്കു മുൻപ് നൂറ്റാണ്ടുകളായി കടുവകളായിരുന്നു ഈ കാടിന്റെ രാജാക്കന്മാർ! ഏറെ പാരമ്പര്യമുള്ള രാജവംശമാ എന്റേത്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോ അല്ലെങ്കിൽ നമുക്ക് ഒരുമിച്ചു കുടിക്കാം"

അതു കേട്ട്, സിംഹം പോർവിളി നടത്തി.

"ഗ...ഗ...ർ...ർ...! നീ എന്തുതന്നെ പറഞ്ഞാലും കടുവ എപ്പോഴും കടുവയും സിംഹം എന്നാൽ സാക്ഷാൽ സിംഹവും ആണ് "

രണ്ടു പേർക്കും ദേഷ്യം ഇരച്ചുകയറി. പൊരിഞ്ഞ യുദ്ധം നടക്കുമെന്ന് ഉറപ്പായി. ഉടൻ, അതു കാണാൻ മരച്ചില്ലകളിൽ കിളികളും അണ്ണാനും കുരങ്ങുകളുമെല്ലാം തടിച്ചു കൂടി.

കടുവ പിറുപിറുത്തു - 

"ഇവനെ തോൽപ്പിച്ചാൽ പുഴവെള്ളമല്ല, ഈ കാടിന്റെ രാജപദവിയാണ് എന്നെ കാത്തിരിക്കുന്നത്"

അന്നേരം സിംഹം മുറുമുറുത്തു -

"വനദേവതേ, ഈ തടിയൻകടുവയോടു തോറ്റാൽ വേറെ കാട്ടിലേക്ക് ഒളിച്ചോടേണ്ടി വരും, എന്നെ കാത്തോളണേ"

രണ്ടു പേരും നേർക്കുനേർ നിന്നു. ആക്രമിക്കാൻ യുദ്ധ തന്ത്രങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു. അപ്പോഴാണ് ഒരു കഴുകൻ അവിടെ താഴ്ന്ന് വട്ടമിടുന്ന നിഴൽ അവരുടെ ഇടയിൽ പതിഞ്ഞത്. രണ്ടു പേരും മുകളിലേക്കു നോക്കി ഞെട്ടി!

അപ്പോൾ സിംഹം പറഞ്ഞു -

"സാധാരണയായി കരുത്തരായ മൃഗങ്ങൾ പോരാടി ഒരെണ്ണം ചത്തിട്ട് വിജയിച്ച മൃഗം അവിടം വിട്ട ശേഷമേ കഴുകൻ വരാറുള്ളൂ. ഇപ്പോൾ നേരത്തേ വന്നതിന്റെ അർഥമെന്താണ്? തുല്യ ശക്തിയുള്ള നാം രണ്ടു പേരും പെട്ടെന്ന് കൊല്ലപ്പെടുമെന്നാണ്. അതു കൊണ്ട് നാം പോരാടിയാൽ നേട്ടം കഴുകനായിരിക്കും "

അന്നേരം, ശൂരൻ കടുവ ശൗര്യം കുറച്ചു -

"അതു ശരിയാണ്. ഇരയ്ക്കു വേണ്ടി കടിപിടി കൂടിയാൽ അതിൽ കാര്യമുണ്ട്. ചുമ്മാ ഒഴുകിപ്പോകുന്ന വെള്ളത്തിന് യാതൊരു വിലയുമില്ല. നമ്മള്‍ എന്തിന് ഇത്രയും നിസ്സാര കാര്യത്തിനു വഴക്കിടണം?"

രണ്ടു പേർക്കും സന്തോഷമായി. ഒരുമിച്ച് വെള്ളം കുടിച്ച് ദാഹശമനം വരുത്തി അവർ സ്ഥലം വിട്ടു. മരങ്ങളിലെ ജീവികളും ആകാശത്തെ കഴുകനും നിരാശരായി കാട്ടിൽ മറഞ്ഞു.

ആശയം-

കുടുംബ ജീവിതത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. വെറും നിസ്സാര കാര്യങ്ങള്‍ക്ക് ഞാനോ വലുത്? നീയോ വലുത്? എന്നു ദമ്പതികള്‍ പോര്‍വിളി നടത്തി ജീവിതം ദുസ്സഹമാക്കുന്ന കാഴ്ച. കൂടാതെ, മാതാപിതാക്കളും മുതിര്‍ന്ന മക്കളും ഇത്തരത്തില്‍ പരസ്പരം പെരുമാറുന്നുണ്ട്. ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നു പഴമക്കാര്‍ പറയുന്നത് ഇവിടെ പ്രാവര്‍ത്തികമാക്കണം.  കലഹം ഒന്നിനും പരിഹാരമല്ല!

15/03/21

കൊക്കും കുറുക്കനും

ഒരിക്കൽ, ഒരു കുറുക്കൻ സിൽബാരിപുരംകാട്ടിലൂടെ നടന്നപ്പോൾ, മനോഹരമായ വെള്ളച്ചിറകുകൾ വിരിച്ച് പറന്നു നടക്കുന്ന കൊക്കിനെ കണ്ടു. ഇതു കണ്ട്, കുറുക്കന് അസൂയ മൂത്തു -

"ഹൊ! ഇവന്റെ ഒരു യോഗം. എങ്ങോട്ടു വേണമെങ്കിലും തോന്നുംപടി പറക്കാമല്ലോ. എനിക്ക് എപ്പോഴും നിലത്തു കൂടെ നടക്കാനാണു ദുർവിധി"

അപ്പോൾ ഒരു കുരുട്ടുബുദ്ധി അവന്റെ മനസ്സിൽ ചിറകടിച്ചു -

"ഹേയ്, കൊക്കമ്മാവാ, കുറച്ചു നാളായി നിനക്കൊരു സദ്യ തരണമെന്നു വിചാരിക്കുന്നു. നാളെ ആകട്ടെ?"

കൊക്ക്  പറഞ്ഞു -

"ശരി. അങ്ങനെയാവട്ടെ. എനിക്കു സന്തോഷമേയുള്ളൂ"

പറഞ്ഞ പ്രകാരം, അടുത്ത ദിവസം കൊക്ക് കുറുക്കന്റെ അടുത്തെത്തി. സദ്യയായി കുടിക്കാൻ പരന്ന പാത്രത്തിൽ കൊടുത്തു. കൊക്കിന് കുടിക്കാനായില്ല. സൂത്രക്കാരൻ കുറുക്കൻ തന്നെ പറ്റിക്കുകയായിരുന്നെന്ന് കൊക്കിനു മനസ്സിലായി. പക്ഷേ, കുറുക്കൻ പറഞ്ഞു -

"സുഹൃത്തേ, ഇതു ഞാൻ ഉപയോഗിക്കുന്ന പരന്ന പാത്രമാണ്. നിനക്കു വേണ്ടി കുഴിവുള്ള പാത്രം ഉണ്ടാക്കാൻ എനിക്കറിയില്ലല്ലോ''

"ചങ്ങാതീ, എന്നെ വിളിച്ചതിനു നന്ദി. നാളെ ഉച്ചയ്ക്ക് സദ്യ എന്റെ കൂടെയാവട്ടെ. കുറുക്കച്ചൻ വരണം"

കുറുക്കൻ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.

പിറ്റേന്ന്, കുറുക്കൻ ഏറെ പ്രതീക്ഷയോടെ അവിടെത്തി. അപ്പോൾ, സദ്യ വിളമ്പിയ പാത്രമാകട്ടെ, വാവട്ടം കുറഞ്ഞ ഒരു കൽഭരണിയിലായിരുന്നു.

അതിനകത്ത്, കോഴിയിറച്ചി കിടക്കുന്നതു കണ്ട് കുറുക്കന്റെ വായിൽ വെള്ളമൂറി. പക്ഷേ, കുഴൽപോലത്തെ കൽഭരണി! പണ്ട്, കാട്ടുവാസികൾ ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു അത്. കുറുക്കൻ തലയിട്ടെങ്കിലും ഉടൽ കടക്കാത്തതിനാൽ ഇറച്ചിയെടുക്കാൻ എത്തില്ലായിരുന്നു.

അപ്പോൾ, കൊക്ക് പറഞ്ഞു-

"ഇതു ഞാൻ ഉപയോഗിക്കുന്ന കൽഭരണിയാണ്. നിനക്കായി പരന്ന പാത്രം നോക്കിയെങ്കിലും കിട്ടിയില്ല. എനിക്ക് അത് ഉണ്ടാക്കാനും കഴിവില്ലല്ലോ"

അന്നേരം, കുറുക്കൻ പറഞ്ഞു -

"ഈ സംഭവം ദയവായി നീ ആരോടും പറയരുത്. ഞങ്ങൾ കുറുക്കന്മാരുടെ സൂത്രശാലിയെന്നും കൗശലക്കാരനെന്നുമുള്ള സൽപ്പേര് പോകും!"

സൂത്രനെന്ന് കാട്ടിൽ പേരുകേട്ട കുറുക്കൻ നാണം കെട്ട് അവിടം വിട്ടു. എന്നാൽ, കുറുക്കൻ പറഞ്ഞതൊന്നും കൊക്ക് കേൾക്കാതെ കാടാകെ പറന്നു നടന്ന് പറഞ്ഞു പരത്തി. അങ്ങനെ, ഈ  കഥ നമ്മുടെ ചെവിയിലും എത്തി!

ആശയം -

ചില മനുഷ്യരും ഏതാണ്ട് ഇതുപോലെയാണ്. തങ്ങളുടെ സൂത്രവിദ്യകൾ ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതും. ഓർക്കുക- നമ്മേക്കാൾ ബുദ്ധിയുള്ളവർ ഈ ലോകത്തില്ലെന്ന രീതിയിൽ പെരുമാറരുത്. മറ്റുള്ളവർ നമ്മുടെ തെറ്റുതിരുത്താതെ കടന്നുപോയത് അവർക്കു വസ്തുത മനസ്സിലാകാതെയെന്നു വിചാരിക്കരുത്!

14/03/21

തളരാത്ത പരിശ്രമം

സിൽബാരിപുരത്തെ വലിയ തറവാടായിരുന്നു ശങ്കുണ്ണിയുടേത്. 

ഒരു ദിവസം, രാവിലെ അയാളുടെ ഭാര്യ അടുക്കള വരാന്തയിൽ ഒരു ഭരണി കൊണ്ടുവന്നു വച്ചു. തൈരു കടയാനായി കടകോൽ എടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ ശങ്കുണ്ണിയുടെ വിളി വന്നു -

"എടീ, നമ്മളൊരു കാര്യം മറന്നു. അപ്പുണ്ണീടെ കൊച്ചിന്റെ നൂലുകെട്ടിന് പോകണ്ടേ?"

ഭാര്യ തലയില്‍ കൈ വച്ചു പറഞ്ഞു-

"ശ്ശൊ! ഞാനതു മറന്നു. ദാ, ഞാൻ മുഷിഞ്ഞതു മാറ്റി വരാം"

ഉടന്‍തന്നെ, ആ സ്ത്രീ വസ്ത്രം വാരിച്ചുറ്റി ഓടിവന്നു. പിന്നെ, അവർ രണ്ടു പേരും വീടു പൂട്ടി അപ്പുണ്ണിയുടെ വീട്ടിലേക്കു പോയി. 

ആ സമയത്ത് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മുറ്റത്തു കളിച്ചു കൊണ്ട് രണ്ടു തവളക്കുഞ്ഞുങ്ങൾ എങ്ങോട്ടെന്നില്ലാതെ ചാടിക്കൊണ്ടിരുന്നു. അവ രണ്ടും ചാടി അടുക്കള വരാന്തയിൽ കയറി. പിന്നെ, ഒന്നാമത്തെ തവളക്കുഞ്ഞൻ ഒറ്റച്ചാട്ടത്തിന് തൈരു ഭരണിയിലേക്ക് വീണു. രണ്ടാമനും അവനു പിറകെ ചാടി. അപ്പോൾ മാത്രമാണ് തങ്ങൾ അപകടത്തിലായെന്ന് അവർക്കു മനസ്സിലായത്. 

ഒന്നാമൻ നിലവിളിച്ചു കൊണ്ട് അല്പനേരം തുഴയാൻ നോക്കി. രക്ഷയില്ലെന്നു മനസ്സിലാക്കി അവന്‍ രണ്ടാമനോട് പറഞ്ഞു-

"എടാ, മരമണ്ടാ, നമുക്ക് ഇത്രയും ആയുസ്സേ ഭഗവാന്‍ വിധിച്ചിട്ടുള്ളൂ. നീയെന്തിന് ഇനിയും പരാക്രമം കാട്ടണം?”

അവന്‍ അതു പറഞ്ഞശേഷം, തോൽവി സമ്മതിച്ച് തൈരിന്റെ ആഴങ്ങളിലേക്കു പോയി ഭരണിയുടെ അടിയിൽചെന്ന് ചത്തുമലച്ചു.

അതേസമയം, രണ്ടാമൻ അവശത വകവയ്ക്കാതെ സർവ ശക്തിയുമെടുത്ത് തുഴഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ തൈര് കടഞ്ഞ പോലെ വെണ്ണ കട്ടപിടിച്ചു. അതിൽ ചവിട്ടി രണ്ടാമൻ ഭരണിക്കു വെളിയിലേക്കു ചാടി രക്ഷപ്പെട്ടു!

ആശയം -

തുടർച്ചയായി പരിശ്രമിക്കുന്നവർക്കു മാത്രമാണ് വിജയത്തിനുള്ള പകർപ്പവകാശം ലഭിക്കുക. ഉന്നത കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷകളിലും, മികച്ച ജോലികള്‍ക്കുള്ള പരീക്ഷകളിലും താല്‍ക്കാലിക പരാജയങ്ങള്‍ വന്നേക്കാം. കാണികള്‍ പലരും തങ്ങളുടെ മനസ്സിലെ പുളിച്ചുചീറിയ അസൂയകൊണ്ടു വളിച്ച ഉപദേശങ്ങള്‍ നിരത്തി നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചേക്കാം. എങ്കിലും, പാതിവഴിയില്‍ പരിശ്രമം ഉപേക്ഷിക്കരുത്! ധൈര്യമായി മുന്നോട്ടു പോകുക...!

13/03/21

കുടുംബലാഭം

പണ്ട്, സിൽബാരിപുരംരാജ്യത്ത് ഹിമാലയസാനുക്കളിലൂടെയുള്ള കൈലാസ യാത്രയും കഴിഞ്ഞ് ഒരു സന്യാസി എത്തിച്ചേർന്നു. പല തരം ദിവ്യശക്തികൾ അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരുപാടു കാലത്തെ ധ്യാനത്തിനു ശേഷം കാട്ടിലെ ജീവജാലങ്ങളോട് വിശേഷം തിരക്കി അദ്ദേഹം നടക്കാൻ തുടങ്ങി. കുറെ നടന്നു ക്ഷീണിച്ചപ്പോൾ വലിയൊരു മരച്ചുവട്ടിൽ അദ്ദേഹം ഇരുന്നു. കൂടെ, ഒരു പ്രാവും അയാളുടെ മടിയില്‍ വന്നിരുന്നു. അപ്പോൾ അടുത്ത മരത്തിൽ ഒരു അണ്ണാൻ മരത്തിലെ പഴം തിന്നുകൊണ്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

പെട്ടെന്ന്, അണ്ണാനെ തിന്നാൻ വലിയൊരു പക്ഷി പറന്നടുത്തു. അണ്ണാൻ പഴവും താഴെയിട്ട് അടുത്ത മരത്തിലേക്കു ചാടി. അതിനൊപ്പം പക്ഷിയും ഓരോ ശിഖരങ്ങളിലേക്കു പറന്ന് ഇരിക്കാനും തുടങ്ങി. ക്രമേണ രണ്ടു പേർക്കും വേഗം കൂടി. ചുറ്റുപാടുമുള്ള മരച്ചില്ലകളിലൂടെ മിന്നൽപ്പിണർ പോലെ അണ്ണാനും, പിറകെ പക്ഷിയും പറഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടു പേരും ക്ഷീണിതരായി.

ഒടുവിൽ, പക്ഷി പറന്ന്, അണ്ണാന്റെ തൊട്ടടുത്തെത്തിയതും -

അണ്ണാൻ ഒരു മരപ്പൊത്തിൽ കയറി രക്ഷപ്പെട്ടു!

പക്ഷി ദേഷ്യത്തോടെ മരപ്പൊത്തിൽ കുറച്ചു കൊത്തിയ ശേഷം, നിരാശനായി സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞ്, അണ്ണാൻ മരപ്പൊത്തിന്റെ വെളിയിലേക്കു തലയിട്ടു നാലുപാടും നോക്കി. അപ്പോൾ, സന്യാസിക്കു ചിരി വന്നു.

അന്നേരം, സന്യാസിയോട് പ്രാവ് ചോദിച്ചു -

"അണ്ണാനെങ്ങനെയാണ് ഇത്രയും നേരം ഓടിച്ചാടി നടന്ന് ആ കരുത്തനായ പക്ഷിയെ തോൽപ്പിക്കാനായത് ?"

അദ്ദേഹം  പറഞ്ഞു -

"ആ പക്ഷിക്ക് ഒരുനേരത്തേ ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ഓട്ടമായിരുന്നു. എന്നാൽ, അണ്ണാന് അതൊരു ജീവൻ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു!

ചിന്തിക്കുക..

മനുഷ്യജീവിതവും ചില നേരങ്ങളില്‍ ജീവന്മരണ പോരാട്ടംതന്നെയാണ്.  വരുമാനം കുറഞ്ഞ ജോലി കൊണ്ട് വല്ലാതെ കഷ്ടപ്പെടുന്ന അനേകം മലയാളി ജീവിതങ്ങള്‍. ഇതിന്റെ പ്രതിഫലനം കുടുംബത്തിലും ദോഷമായി ബാധിച്ചേക്കാം.

മലയാളിയെ ഒഴിവാക്കിയശേഷം ശമ്പളക്കുറവില്‍ അന്യഭാഷക്കാരെ ജോലിക്ക് നിര്‍ത്തുന്ന മലയാളിമുതലാളികള്‍ക്കും ഒടുവില്‍ ലാഭമല്ല, നഷ്ടമായിരിക്കും വരിക. ചിലപ്പോള്‍ പണനഷ്ടം, മാനഹാനി, ജീവഹാനി..ചുരുക്കത്തില്‍, അവരുടെ സ്വന്തം കുടുംബവും സങ്കീര്‍ണമാകാം.   അടിമപ്പണി, കുടുംബരഹസ്യങ്ങള്‍ ആരും അറിയില്ല, ആയിരം രൂപയെങ്കിലും മാസലാഭം...എന്നിങ്ങനെ വ്യാമോഹിച്ച്  വീടിനുള്ളില്‍പോലും  നാടോടികള്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ അവര്‍ ഒരു ദിവസം അപ്രത്യക്ഷരാകും. അപ്പോള്‍, നഷ്ടത്തിന്റെ ആഘാതം വളരെ വലുതാകാമെന്നു പത്രവാര്‍ത്തകള്‍ ഞെട്ടിക്കുന്ന മുന്നറിയിപ്പ് നല്‍കുന്നു!

12/03/21

താന്‍പാതി ദൈവം പാതി

ഒരിക്കൽ, സിൽബാരിപുരംആശ്രമത്തിലെ ഗുരുവും ശിഷ്യനായ രാജകുമാരനും കൂടി വഴിയിലൂടെ നടക്കവേ, രങ്കന്‍ എന്നു പേരായ ഒരു സാധുമനുഷ്യൻ ഭിക്ഷയെടുക്കുന്നതു കണ്ടു.

രാജകുമാരന് ദയ തോന്നി തന്റെ വിരലിലെ രത്നമോതിരം അയാൾക്കു കൊടുത്തു. അതുമായി വലിയ സന്തോഷത്തോടെ സ്വപ്നം കണ്ട് അയാൾ സ്വന്തം വിരലില്‍ അണിഞ്ഞു വീട്ടിലേക്കു മടങ്ങി. പക്ഷേ, വഴിയിൽ മുഖംമൂടിയണിഞ്ഞ ഒരു കള്ളൻ അയാളെ പിന്തുടർന്നു -

"നിൽക്കടാ, അവിടെ!"

കള്ളൻ നോക്കിയപ്പോള്‍ ഒരു പിച്ചപ്പാത്രമല്ലാതെ യാതൊന്നും കണ്ടില്ല. എന്നാല്‍, ആ ഒറ്റയടിപ്പാതയില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞതിനാല്‍ സൂര്യപ്രകാശം ഒട്ടുമേ താഴെ പതിക്കുന്നില്ലായിരുന്നു. ഇരുണ്ട വഴിയില്‍ രത്നമോതിരം തിളങ്ങുന്നതു കണ്ട് രത്നമെന്നു മനസ്സിലാക്കിയ കള്ളന്‍ മോതിരം കൊള്ളയടിച്ചു. മല്ലനായ കള്ളനെ അനുസരിക്കാനേ അയാൾക്കു കഴിഞ്ഞുള്ളൂ.

അടുത്ത ദിവസം, രാവിലെ പതിവുപോലെ അമ്പലത്തിലേക്കു ഗുരുവും ശിഷ്യനും നടന്നപ്പോൾ വീണ്ടും രങ്കന്‍ അവരുടെ മുന്നിലൂടെ പിച്ചപ്പാത്രവുമായി പോകുന്നതു കണ്ടു.

ശിഷ്യൻ ചോദിച്ചു-

"താങ്കൾ എന്തിനാണ് ഇനിയും പിച്ചയെടുക്കുന്നത്. പ്രഭുവായി ജീവിക്കാനുള്ള പണം ഇന്നലത്തെ രത്നമോതിരം വിറ്റാൽ കിട്ടുമല്ലോ?"

അപ്പോൾ, കൊള്ളയടിച്ചു പോയ കാര്യം അയാൾ സങ്കടത്തോടെ പറഞ്ഞു.

അപ്പോള്‍, വീണ്ടും അലിവു തോന്നിയ രാജകുമാരൻ തന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഊരി അയാൾക്കു കൊടുത്തു.

"ഇത്തവണ ഒരു കാര്യം ചെയ്യൂ. സ്വർണമാല ഈ തടിച്ചെപ്പിൽ അടച്ചു സൂക്ഷിച്ചു കൊണ്ടു പൊയ്ക്കോ. അമ്പലത്തിലെ സിന്ദൂരം വയ്ക്കുന്ന ഇത് കള്ളന്മാർ കൊണ്ടു പോകില്ല"

രങ്കന്‍ വീണ്ടും തുള്ളിച്ചാടി അവിടുന്നു പോയി. കള്ളന്മാര്‍ ആരും അവനെ ശ്രദ്ധിച്ചില്ല. ഇത്തവണ അയാൾ അടുക്കളയിൽ ഉപയോഗമില്ലാതെ കിടന്ന ചെമ്പുകുടത്തിൽ ചെപ്പു സൂക്ഷിച്ചു വച്ചു. കാരണം, കള്ളമാരുടെ ശല്യം തീരുന്ന മഴക്കാലത്ത്, അതു വിൽക്കാമെന്നു കരുതി.

പിന്നീട്, ഒരു ദിവസം, അയാളുടെ ഭാര്യ സ്ഥിരമായി അലക്കാനുള്ള വെള്ളമെടുക്കാൻ കൊണ്ടുപോയിരുന്ന മൺകുടം വഴിയിൽ വച്ചു താഴെ വീണു പൊട്ടി. പിന്നെ, ആ സ്ത്രീ അടുത്ത ദിവസം തുണികളെല്ലാം എടുത്ത കൂട്ടത്തിൽ അടുക്കളയിലെ ഈ കുടവും കൊണ്ടുപോയി. പിന്നെ, പുഴയില്‍ അവൾ വെള്ളം മുക്കിയെടുത്തപ്പോൾ തടിച്ചെപ്പ് വെള്ളത്തിൽ ഒഴുകിപ്പോയി. ഉപയോഗമില്ലാത്ത ചെറിയ തടിക്കഷണമെന്ന് കരുതി അതെന്താണെന്ന് അവൾ നോക്കിയതുമില്ല.

പിന്നീട്, രങ്കൻ നോക്കിയപ്പോൾ ഭാര്യ അലക്കാൻ പോയപ്പോൾ തന്റെ കുടവുമായി നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ ചെപ്പു നഷ്ടമായ കാര്യം രങ്കനോടു പറയുകയും ചെയ്തു.

അയാൾ വീണ്ടും നിരാശനായി. അടുത്ത ദിവസം രാവിലെ വീണ്ടും പിച്ചപ്പാത്രവുമായി പോകവേ, ഗുരുവും രാജകുമാരനും രങ്കനെ കണ്ട് ആശ്ചര്യപ്പെട്ടു.

അപ്പോൾ, രങ്കൻ നടന്ന സംഭവം വിവരിച്ചു.

ഇത്തവണ ശിഷ്യൻരാജകുമാരൻ ഗുരുവിനെ നോക്കി ചോദിച്ചു-

"ഗുരുജീ, എന്തുകൊണ്ടാണ് അയാൾക്ക് ആ സമ്പത്ത് അനുഭവിക്കാൻ യോഗമില്ലാത്തത് ?"

ഗുരുജി മറുപടി പറയാതെ, അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരു വെള്ളിക്കാശ് രങ്കനു നൽകി.

അപ്പോൾ, രങ്കനും ശിഷ്യനും മനസ്സിലോർത്തു -

"വെറും നിസ്സാരമായ ഒരു കാശിന് എന്തു കിട്ടാനാണ് ?"

തുടർന്ന്, ഗുരുജി പറഞ്ഞു -

"ഇനി എന്താണു സംഭവിക്കുന്നതെന്ന് ഞാൻ കാട്ടിത്തരാം''

അവർ രങ്കനെ രഹസ്യമായി അനുഗമിച്ചു.

രങ്കൻ അതുമായി പോകും വഴി ഒരു മീൻ വിൽപനക്കാരനെ കണ്ടു. അക്കാലത്ത്, പുഴമീൻ എത്ര വലുതാണെങ്കിലും നിസ്സാര വിലയേ ഉണ്ടായിരുന്നുള്ളൂ. വെള്ളമില്ലാതെ ഒരു മീൻ പിടയ്ക്കുന്നതു കണ്ട് രങ്കന്റെ മനസ്സലിഞ്ഞു.

"ഇതിനെ എന്റെ കുളത്തിൽ വളർത്താം"

കയ്യിലുള്ള ഒരു വെള്ളിക്കാശ് കൊടുത്ത് സാമാന്യം മുഴുത്ത മീനുമായി വീട്ടിലേക്കു നടന്നു. പ്രധാന പാതയിലൂടെ വീടിനടുത്തെത്തി. പിച്ചപ്പാത്രത്തിൽ വെള്ളം പിടിച്ച് അതിൽ മീന്റെ തല മുക്കി. അപ്പോഴാണ് മീനിന്റെ വായിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നത് രങ്കന്റെ ശ്രദ്ധയിൽ പെട്ടത്. അയാൾ വഴിയിൽ കിടന്ന ഒരു കമ്പു കൊണ്ടു കിള്ളി പുറത്തെടുത്തപ്പോൾ പുഴയിൽ നഷ്ടപ്പെട്ട തടിച്ചെപ്പ്!

അയാൾ സന്തോഷത്തോടെ അലറിക്കൂവി -

"അവനെ കിട്ടിപ്പോയി! പിടികിട്ടിപ്പോയി നാട്ടാരേ!"

ഇതേ സമയത്ത്, യഥാർഥ സംഭവം അറിയാതെ കോസലപുരംരാജ്യത്തേക്ക് ആഭരണ വ്യാപാരിയുടെ കപട വേഷമിട്ടു പോകുകയായിരുന്നു പഴയ രത്നക്കള്ളൻ!

അയാൾ ഓടിയടുത്തു -

"നിർത്ത്! എന്നെ പിടിച്ചു കൊടുക്കരുത്. ഇതാ നിന്റെ രത്നം. ഞാൻ ഇവിടം വിട്ടു പൊയ്ക്കോളാം"

അയാൾ തുണിയിൽ പൊതിഞ്ഞ രത്നം കൊടുത്തിട്ട് ശീഘ്രം സ്ഥലം വിട്ടു!

ഇതെല്ലാം മരത്തിന്റെ മറവിൽ നിന്നു വീക്ഷിച്ച ശിഷ്യൻ ഗുരുവിനോടു ചോദിച്ചു -

"ഞാൻ നേരിട്ടു രത്നവും മാലയും കൊടുത്തിട്ട് അയാൾക്ക് പ്രയോജനമുണ്ടായില്ല. പക്ഷേ, ഒരു വെള്ളിക്കാശു കൊടുത്തത് എല്ലാ സൗഭാഗ്യത്തിനും കാരണമായി. അതെന്താണ്?"

ഗുരുജി പ്രതിവചിച്ചു -

"രത്നവും മാലയും സ്വന്തം സുഖത്തിനായി ഉപയോഗിക്കാൻ അയാൾ ആശിച്ചു. എന്നാൽ, ഞാൻ കൊടുത്ത വെള്ളിക്കാശു കൊണ്ട് ഒരു മീനിന്റെ ജീവൻ രക്ഷിക്കാനുള്ള ദയ അയാൾ കാട്ടിയപ്പോൾ, നേരത്തെ നഷ്ടപ്പെട്ട രത്നവും സ്വർണമാലയും ഭഗവാന്‍ തിരികെ കൊടുത്തു!"

ആശയം-

സത്കര്‍മ്മങ്ങളും നന്മകളും ഭഗവാന്‍ ശ്രദ്ധിക്കുന്ന വിഷയങ്ങളാണ്. പ്രവൃത്തികള്‍ ഇല്ലാത്ത നിര്‍ജീവമായ പ്രാര്‍ത്ഥനകള്‍ വെറും സമയം കളയാനുള്ള ഒരു വിദ്യയായി മാറിയിരിക്കുന്നു. നമ്മുടെ പരിധിയില്‍ വരുന്നതായ സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ആദ്യം ചെയ്യുക. പിന്നെ, നാം അതിനപ്പുറമുള്ള കാര്യങ്ങള്‍ക്കായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക.

11/03/21

വെള്ളത്തിലായ രത്നക്കല്ല്

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, മാമച്ചൻ എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നു.  വലിയ ദൈവഭക്തനായിരുന്ന അയാൾ സദാസമയവും പ്രാർഥിക്കുന്ന ഒരു കാര്യമുണ്ട്-

"ഭഗവാനേ, എന്നെ ഒരു പണക്കാരനാക്കണേ!"

എന്നാൽ, ഭഗവാൻ ഒട്ടും കനിഞ്ഞില്ല. പക്ഷേ, അയാൾ പ്രാർഥനയ്ക്ക് ഒട്ടും മുടക്കം വരുത്തിയില്ല.

ഒരു ദിവസം, കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരം സിൽബാരിപ്പുഴയിൽ കുളിക്കാൻ വന്നതാണ് മാമച്ചൻ. കുളി കഴിഞ്ഞു കരയ്ക്കു കയറി അല്പനേരം, മരച്ചുവട്ടിലിരുന്ന് തന്റെ പ്രയാസങ്ങളൊക്കെ ഓർക്കുകയായിരുന്നു അയാൾ. അതിനിടയിൽ പതിവുപോലെ തന്റെ പ്രാർഥനയും തുടങ്ങി -

"ഭഗവാനേ, എന്നെ ഒരു കാശുകാരനാക്കണേ"

അതേസമയം, ആ വലിയ മരത്തിന്റെ മറവിൽ ഒരു സന്യാസി ഇരിപ്പുണ്ടായിരുന്നു.

മാമച്ചന്റെ പ്രാർഥന കേട്ട് അയാൾ പൊട്ടിച്ചിരിച്ചു.

അപ്പോൾ, മാമച്ചൻ അമർഷത്തോടെ പറഞ്ഞു -

"രണ്ടു ദിനം കൊണ്ട് തോളിൽ മാറാപ്പു കയറ്റാനും മാളികപ്പുറത്തേറ്റാനും ഭഗവാന് ഒരുപോലെ നിസ്സാര കാര്യമാണെന്ന് സന്യാസിക്ക് അറിയില്ലേ? എന്റെ പ്രാർഥന ന്യായമല്ലേ?"

സന്യാസി അല്പനേരം കണ്ണടച്ച് മിണ്ടാതിരുന്നു. പിന്നീട്, പറഞ്ഞു -

"ഈ പ്രാർഥന നീ വർഷങ്ങളായി പ്രാർഥിക്കുന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, ഞാൻ നിന്നെ സഹായിക്കാം. ദാ.., അവിടെ കഴിഞ്ഞ പ്രളയത്തിൽ പുഴമണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. അതിലെ ഓരോ ചരൽക്കല്ലും പെറുക്കി പുഴയിലേക്ക് എറിയുക. ഓരോന്നും എറിയും നേരത്ത് എണ്ണുകയും വേണം. അങ്ങനെ നീ ഓരോ കല്ലും എറിഞ്ഞ് ഒഴിവാക്കുമ്പോൾ അതിനുള്ളിലെ ഒരു രത്നക്കല്ലും നിന്റെ കയ്യിൽ വരും. അതു വിറ്റ് പ്രഭുവായി ജീവിക്കാമല്ലോ"

അതു കേട്ടപ്പോൾ മാമച്ചന് ഏറെ സന്തോഷം തോന്നി.

"അവസാനം, ഭഗവാൻ എന്റെ പ്രാർഥന കേട്ടിരിക്കുന്നു!"

അയാൾ, വേഗം ചരൽക്കൂനയുടെ അടുത്തെത്തി. ഓരോ കല്ലും തിരിച്ചും മറിച്ചും നോക്കി പുഴയിലേക്ക് എറിയാൻ തുടങ്ങി. കൃത്യമായി എണ്ണുകയും ചെയ്തു. ആദ്യം ഓരോ കല്ലും നന്നായി ശ്രദ്ധിച്ചെങ്കിലും പിന്നെ നൂറു കഴിഞ്ഞപ്പോള്‍ എണ്ണവും എറിയലും ശക്തി കുറഞ്ഞ ഒന്നായി മാറി. ഇരുന്നൂറു കഴിഞ്ഞപ്പോള്‍ വെറും യാന്ത്രികമായി മാറി. പിന്നെ, മുന്നൂറ് അടുത്തപ്പോള്‍ വെറും അലക്ഷ്യമായി എറിയാന്‍ തുടങ്ങി. നാനൂറു കഴിഞ്ഞപ്പോൾ മാമച്ചൻ സംശയത്തോടെ ചിന്തിച്ചു തുടങ്ങി -

"ഈ സന്യാസി വെറുതെ പരീക്ഷിക്കാന്‍ എന്നോടു പറഞ്ഞതാകുമോ?"

അയാൾ സന്യാസിയെ നോക്കിയപ്പോൾ അദ്ദേഹം മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുകയാണ്! അവനു ദേഷ്യമായി.

"ഹേ...സന്യാസി, കല്ലെറിഞ്ഞ് എന്റെ കൈ മടുത്തിരിക്കുന്നു. താങ്കൾ എന്നെ പറ്റിക്കുകയായിരുന്നോ?"

സന്യാസി എണീറ്റ് അവനോടു പറഞ്ഞു -

"നീ എറിഞ്ഞ മുന്നൂറ്റി മൂന്നാമത്തെ കല്ല് വില പിടിച്ച രത്നക്കല്ലായിരുന്നു! നിന്റെ അശ്രദ്ധ മൂലം കയ്യിൽ വന്ന സൗഭാഗ്യം പുഴയുടെ ആഴത്തിലെവിടെയോ ചെളിയിൽ പുതഞ്ഞിരിക്കുന്നു"

മാമച്ചന് നിരാശയും കോപവും ഒന്നിച്ചു വന്നു!

"എടോ, പരട്ട സന്യാസീ, എങ്കിൽപ്പിന്നെ തനിക്കിത് നേരത്തേ എഴുന്നെള്ളിക്കാൻ മേലായിരുന്നോ? ഞാൻ മുന്നൂറ് എണ്ണിയപ്പോൾ പോലും ഇതെല്ലാം അറിഞ്ഞു കൊണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ കിടന്നുറങ്ങിയിരിക്കുന്നു!"

സന്യാസി പുഞ്ചിരിയോടെ പറഞ്ഞു -

"നീ ഈ ആയുസ്സിൽ പണക്കാരനാകാൻ ഭഗവാൻ സമ്മതിക്കില്ല. കാരണം, ഓരോ കല്ലും നോക്കി ആത്മാർഥതയോടെ ഇത്രയും ഗൗരവമുള്ള കർമ്മം പൂർത്തിയാക്കാൻപോലും നിനക്കു കഴിവില്ല. മാത്രമല്ല, രത്നക്കല്ലു കിട്ടാഞ്ഞിട്ട് ഒരു ഗുരുവിനെ ചീത്ത വിളിക്കുന്ന  ഇത്രയും നികൃഷ്ടനെങ്കിൽ രത്നം കിട്ടിയാൽ നീയൊരു വലിയ ദുഷ്ടനായി മാറും!"

അതു കേട്ട്, മാമച്ചന് യാതൊരു കുലുക്കവും ഉണ്ടായില്ല. അയാള്‍ അന്നേരം  കോപംപൂണ്ടു വിറച്ചുകൊണ്ട് ചരല്‍കൂനയില്‍ ചെന്ന് ആഞ്ഞുതൊഴിച്ച് ആട്ടിത്തുപ്പി-

"ത്ഫൂ....”  

പിന്നീടൊരിക്കലും അയാൾ ഭഗവാനോടു പ്രാർഥിച്ചതേയില്ല!

ആശയം -

ഈശ്വരനു മുന്നിൽ പരാതികളുടെ പ്രളയമാണ്. എന്നാല്‍, പ്രാര്‍ത്ഥന കേള്‍ക്കാത്ത ഒരു കാര്യം- സ്വന്തം മനസ്സിലെ അഹങ്കാരം മൂലമാകാം. ഒന്നുമില്ലാത്ത സാധുവായ ആള്‍ക്ക് എല്ലാം കിട്ടിക്കഴിഞ്ഞ അവസ്ഥ സങ്കല്പിക്കുക. ഭൂരിഭാഗം ആളുകളും മറ്റൊരു മനുഷ്യരൂപമായി മാറാനായിരിക്കും സാധ്യത. പിന്നെ, അഹങ്കാരവും പൊങ്ങച്ചവും അധികാര ദുര്‍വിനിയോഗവും മറ്റും കുമിഞ്ഞുകൂടി നേര്‍കാഴ്ച പോയി സ്വയം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുമെങ്കിലും, ദൈവത്തിനു മുന്നോട്ടുള്ള പദ്ധതികള്‍ കാണാനും കഴിയും. അങ്ങനെ, ചില നേട്ടങ്ങള്‍ സ്വന്തം വ്യക്തിത്വത്തിനും മറ്റുള്ളവര്‍ക്കും ദോഷമെങ്കില്‍ ഈശ്വരന്‍ അതു നിരസിക്കും. അതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല. 'താണ നിലത്തേ നീരോടൂ' എന്ന പഴമക്കാരുടെ വാക്കുകള്‍.... എന്താ, ശരിയല്ലേ? 

10/03/21

പൂവന്‍കോഴി

ഒരുകാലത്ത്, സില്‍ബാരിപുരംരാജ്യമാകെ കാടായിരുന്നു.  മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ നട്ടുച്ചയ്ക്ക് മാത്രമേ കാടിനുള്ളില്‍ നല്ല വെളിച്ചം വരികയുള്ളൂ. എന്നാല്‍, നേരം പുലര്‍ന്നെന്ന് എല്ലാ മൃഗങ്ങളെയും അറിയിക്കുന്ന പണി എന്നും കൃത്യമായി പാലിച്ചു പോന്നിരുന്നത് ചിന്നന്‍കോഴിയായിരുന്നു. അവന്‍ ലക്ഷണമൊത്ത കാട്ടുപൂവന്‍കോഴിയാണ്.

അന്നു രാവിലെയും അവന്‍ തക്കും മുക്കും നോക്കി ആരും അടുത്തില്ലെന്ന് ഉറപ്പാക്കി വെളുപ്പിന് നീട്ടിക്കൂവി-

“കൊക്കരക്കോ..കോ..”

തന്റെ ശബ്ദത്തില്‍ അഭിമാനം പൂണ്ടു നില്‍ക്കവേ രണ്ടു കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നതു കണ്ട് ചിന്നന്‍ ഞെട്ടി- ചെമ്പന്‍കുറുക്കന്‍!

ഉടന്‍, ചിന്നന്‍കോഴി ജീവനുംകൊണ്ട് പാഞ്ഞു. പിറകേ ചെമ്പനും. അവന്‍ അലറി-

“നില്‍ക്കടാ, അവിടെ..നിന്നെയിന്ന് ഞാന്‍ ശരിയാക്കും"

കുറെ ദൂരം പിന്നിട്ടപ്പോള്‍ ചെമ്പന് വഴിതെറ്റി. എന്നാല്‍, ഇതറിയാതെ ചിന്നന്‍  വെപ്രാളം പിടിച്ച് ഓടിവന്ന വഴിയില്‍ ആശ്രമത്തിലെ സന്യാസിയും ഒരു പ്രാവും ഇരിപ്പുണ്ടായിരുന്നു.

അപ്പോള്‍ പ്രാവ് ചോദിച്ചു-

“ഹേയ്..കരിങ്കോഴീ, നീ ഇത്ര ധൃതിയില്‍ എങ്ങോട്ടാ?”

അവന്‍ അണച്ചുകൊണ്ടു പറഞ്ഞു-

“കുറുക്കന്‍ എന്റെ പിറകെയുണ്ട്..”

അവന്‍ പാഞ്ഞുപോയപ്പോള്‍ സന്യാസി പ്രാവിനോട് പറഞ്ഞു-

“ഈ കൊടുംകാട്ടില്‍ നട്ടുച്ചയ്ക്കു പോലും ഇരുട്ടാണ്‌. അവന്‍ രാവിലെ നീട്ടി കൂവിയാണ് പുലര്‍ച്ചയായെന്നു സകല മൃഗങ്ങളെയും അറിയിക്കുന്നത്. വാസ്തവത്തില്‍ അതൊരു ഉണര്‍ത്തുപാട്ടാണ്. എന്നാല്‍, പിന്നെ സംഭവിക്കുന്ന കാര്യങ്ങള്‍ നേരെ മറിച്ചാണ്.  'കൊക്കരക്കോ' എന്ന അവന്റെ ശബ്ദം കേട്ട സ്ഥലത്തേക്ക് കുറുക്കന്മാരും ചെന്നായ്ക്കളും കോഴിയിറച്ചിയുടെ കൊതിപിടിച്ചുകൊണ്ട്  ഓടിവരികയായി. അങ്ങനെ, ജീവനും കൊണ്ട് കാട്ടുകോഴി ഓടുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടത്! എന്നാലും, അവന്‍ നാളെയും ഇത് ആവര്‍ത്തിക്കും. കൂവിയിട്ടു പിന്നെ, ഓടുകയും ചെയ്യും” 

ആശയം-

ഇത് കാട്ടില്‍  മാത്രം നടക്കുന്ന സംഭവമല്ല. സമൂഹത്തില്‍ ഒരു ഉണര്‍ത്തുപാട്ടായി നല്ല മാറ്റങ്ങള്‍ക്കായി ശബ്ദിക്കുന്ന ആളുകള്‍ക്ക് ഒരുപാടു പ്രതിസന്ധികള്‍ വരും. അവരെ മറ്റുള്ളവര്‍ ഓടിക്കും, ചിലപ്പോള്‍ ജീവഹാനി വരെ വന്നേക്കാം! എത്രയോ നല്ല കുടുംബബന്ധങ്ങളില്‍ ഇത്തരത്തില്‍ പോറലുകള്‍ വീണിരിക്കുന്നു?

ഓരോ കുടുംബവും- മുഖസ്തുതികള്‍ക്കും സുഖിപ്പിക്കലുകള്‍ക്കും സോപ്പിടലിനും ആത്മപ്രശംസയ്ക്കും ചെവി കൊടുക്കുമ്പോള്‍ വേറിട്ട ശബ്ദങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു! അവ ചിലപ്പോള്‍ ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍ എന്നിവരെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, അപകടസൂചനകള്‍, ദുശ്ശീലങ്ങള്‍, ദുര്‍ന്നടപ്പുകള്‍....ആകാം. 

കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നേരെ വിളിച്ചുപറയുന്ന ആളുകളെ ദോഷൈകദൃക്കായും  നെഗറ്റീവ് ആയും മണ്ടനായും മുദ്രകുത്തി മേനി നടിക്കുന്നവര്‍ ഓര്‍ക്കുക- അവര്‍ സമൂഹത്തിലെ ഉണര്‍ത്തുപാട്ടുകാരാണ്!  

09/03/21

സോപ്പുവെള്ളം

ബിജോഷിന്റെ പറമ്പില്‍ മാനംമുട്ടുന്ന തരത്തിലുള്ള കുറെ നാടന്‍തെങ്ങുകള്‍ നില്‍പ്പുണ്ട്. അക്കൂട്ടത്തില്‍, കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി നിന്ന നല്ല കായ്ഫലമുള്ള തെങ്ങ് സ്ഥിതി ചെയ്യുന്നത് വെറും നാലു വർഷം മാത്രം പ്രായമായ അലക്കുകല്ലിന്റെ അടുത്താണ്.

സ്ഥിരമായി തേങ്ങയിടാന്‍ ഷര്‍ട്ട്‌ ഇല്ലാതെ വരുന്ന ചേട്ടന് വയറിന്മേല്‍ സിക്സ് പായ്ക്ക് മസില്‍ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ ഋതിക് റോഷന്‍ എന്നാണു  വീട്ടില്‍ എല്ലാവരും പരപ്സരം പറയുക. അയാള്‍ നല്ലൊരു മനുഷ്യനാണ്. അലക്കുകല്ലും തെങ്ങും അടുത്തു നിൽക്കുന്നതു കണ്ടപ്പോൾ ഒരു ദിവസം തെങ്ങുകയറാൻ വന്ന ആ ചേട്ടൻ പറഞ്ഞു -

"ഈ അലക്കു കല്ല് തെങ്ങിൻ മൂട്ടില് വേണ്ടാരുന്നു. വേരു പോകും"

അപ്പോൾ പപ്പാ പറഞ്ഞു -

"ഒരു ഒതുക്കത്തിൽ സൗകര്യമുള്ള സ്ഥലം അവിടെയേ കിട്ടിയുള്ളൂ"

പിന്നെ, മമ്മി ന്യായീകരിച്ചു - 

"ഇവിടെ പറമ്പിൽ വേറൊരു കല്ലു കൂടിയുണ്ട്. മോള് മാത്രമേ അവിടെ നനയ്ക്കാറുള്ളൂ"

ഋതിക് ഒന്നും ശേഷം പറഞ്ഞില്ല. മറ്റുള്ളവർക്ക് കാര്യഗൗരവം മനസ്സിലായതുമില്ല.

ഒരു ദിവസം, കരുത്തനായ തെങ്ങ്, നിറയെ തേങ്ങകളോടെ കിണറിന്റെ മോട്ടോറും പൈപ്പുകളും അടുത്തുള്ള മാവും തകർത്തു കൊണ്ട് ആർത്തലച്ചു വീണു. എല്ലാവരും ഓടിവന്നു നോക്കിയപ്പോള്‍ തെങ്ങിനു മുകളില്‍ ഒരു കേടുമില്ല. പക്ഷേ, സോപ്പുവെള്ളം വീണ് അതിന്റെ വേരു മാത്രം ദ്രവിച്ച് പോയിരുന്നു!

ചിന്തിക്കുക -

വെറും നാലുവയസ്സുള്ള അലക്കുകല്ല്, തെങ്ങ് എന്ന നാല്പതു വയസ്സുകാരനെ  വീഴ്ത്തിയത് എത്ര പെട്ടെന്നാണ്. എത്ര പഴകിയ ശക്തനായ ആളിനെയും വീഴ്ത്താൻ പുതിയ സൗഹൃദങ്ങൾക്കാകും. ദുഷിച്ച സൗഹൃദങ്ങൾ നിലനിർത്താൻ പലരും വരട്ടുന്യായങ്ങൾ പരട്ടത്തലയിൽനിന്ന് പൊട്ടത്തരമായി പറഞ്ഞു കൊണ്ടേയിരിക്കും. കുടുംബ ബന്ധങ്ങളുടെ വേരറുക്കാൻ ആരെയും അനുവദിക്കരുത്!

വൈകിയ പ്രായത്തിലും അവിവാഹിതർ, വിവാഹമോചിതർ, വിധവ/ൻമാർ, പിണങ്ങി നിൽക്കുന്ന ദമ്പതികൾ, സ്നേഹവും ശ്രദ്ധയും പരിഗണനയും കിട്ടാത്തവർ, ആത്മീയ ആചാര്യന്മാരുടെ പിറകെ പോകുന്നവർ, എപ്പോഴും പ്രാര്‍ത്ഥനയും ധ്യാനവും എന്നു പറഞ്ഞു നടക്കുന്നവര്‍, വിദേശത്തു ജോലി ചെയ്യുന്നവരുടെ നാട്ടിലെ ജീവിതപങ്കാളികൾ എന്നിവരൊക്കെ റിസ്ക് കാറ്റഗറിയിലാണ്. ആടിനെ പ്ലാവില കാട്ടി പിറകെ നടത്തുന്ന പോലെ വിഢികളാക്കുന്നവരെയും കാണാം.

അവിടെ യെല്ലോ-ഓറഞ്ച്-റെഡ് അലർട്ടുകൾ ഈ നിമിഷം തന്നെ അങ്ങനെയുള്ള ഓരോ വ്യക്തിയും സ്വയം പ്രഖ്യാപിക്കട്ടെ!

റെഡ് അലർട്ട് പിന്നിട്ടവർക്ക് പിന്നെ ബ്ലാക്ക് (തമസ്സ്) മാത്രം!

അതായത്, ജീവിതം ദീപമണച്ച് ഇരുട്ടിലാകും!

08/03/21

ഉത്തരം പറയാമോ?

ചോദ്യം-1 

സിൽബാരിപുരം രാജ്യത്തിൽ വിക്രമ രാജാവ് ഭരിച്ചിരുന്ന കാലം. കോസലപുരത്തു നിന്നും ഒരു രാജഗുരു തന്റെ കൊട്ടാരസദസ് സന്ദർശിക്കുന്ന വിവരമറിഞ്ഞപ്പോൾ അദ്ദേഹം രാജഗുരുവിന് ഒരു സമ്മാനം നൽകാൻ തീരുമാനിച്ചു.

ഏതു ദിവസമാണ് കൊട്ടാരം സന്ദർശിക്കുന്നത് ആ തീയതിക്കു തുല്യമായ ഗ്രാം സ്വർണ മോതിരമായി പണിതു നൽകും. അതായത്, ഒന്നാം തീയതി മുതൽ മുപ്പത്തൊന്നു വരെ 1 ഗ്രാം മുതൽ 31 ഗ്രാം വരെ ഉണ്ടാക്കണമെന്നു ചുരുക്കം. അതിനാൽ, രാജാവ് സ്വർണപണിക്കാരനെ വിളിച്ച് 31 മോതിരത്തിന് ഉത്തരവു കൊടുത്തു. 

എന്നാൽ, 5 മോതിരങ്ങൾ മാത്രമാണ് തട്ടാൻ ഉണ്ടാക്കിയത്!

അതായത്, 5 മോതിരം കൊണ്ട് ഏതു ദിവസം വന്നാലും തുല്യമായ ഗ്രാം കൊടുക്കാൻ പറ്റുമായിരുന്നു.

ചോദ്യമിതാണ്- ആ 5 മോതിരങ്ങൾ എത്ര ഗ്രാം വീതം ഉണ്ടായിരുന്നു?

ചോദ്യം-2 

രാമച്ചന്റെ അച്ഛന് ആറു മക്കൾ. ഒന്നാമൻ Raju, രണ്ടാമൻ Saju, മൂന്നാമൻ Taju നാലാമൻ Uju, അഞ്ചാമൻ Vaju എങ്കിൽ, ആറാമന്റെ പേര് എന്തായിരിക്കും?

ചോദ്യം-3

കോശിമുതലാളി ഒരു പുതിയ മോഡൽ വീട് പണിത് അവിടെ താമസമാക്കി. അതിനുള്ളിൽ, ആകെ വൃത്താകൃതിയിലുള്ള നാലു മുറികൾ മാത്രം. ഒരിക്കൽ, അയാള്‍ കടയിൽ പോയ ശേഷം തിരികെ വന്നപ്പോൾ മുറിയിൽ വച്ചിരുന്ന ആയിരം രൂപ കാണുന്നില്ല. അപ്പോൾ, തന്റെ കീഴിൽ ജോലി ചെയ്തിരുന്ന നാലു പണിക്കാരെയും ചോദ്യം ചെയ്തു.

ഒന്നാമൻ പാചകക്കാരന്‍-

"മുതലാളീ, ഞാൻ ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു''

രണ്ടാമൻ- "ഞാൻ ആ സമയത്ത് പഴയ പത്രങ്ങള്‍ വില്‍ക്കാന്‍ വേണ്ടി അടുക്കിവച്ചു"

മൂന്നാമൻ- "ഞാൻ മുറിക്കുള്ളിൽ പെയിൻറടിക്കുകയായിരുന്നു"

നാലാമൻ- "ഞാൻ കര്‍ട്ടന്‍ കഴുകാനായി അഴിച്ചെടുക്കുകയായിരുന്നു"

അഞ്ചാമൻ- "ഞാൻ മുറിയുടെ മൂലയിൽ അടിച്ചുവാരുകയായിരുന്നു”

ആറാമൻ- "ഞാൻ തുണി കഴുകുകയായിരുന്നു"

എന്നാൽ ഇതിൽ ഒരാൾ കള്ളനാണെന്നു മുതലാളിക്ക് മനസ്സിലായി. ആരാണു കള്ളൻ? എങ്ങനെ മനസ്സിലായി?

ചോദ്യം- 4 

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒഴുകിയിരുന്ന സിൽബാരിപ്പുഴയിലെ പുഴമണലിൽ സ്വർണത്തരികൾ ഉണ്ടായിരുന്നു. അതിനാൽ അന്യരാജ്യങ്ങളിലേക്കുള്ള സ്വർണമണൽ കള്ളക്കടത്തു തടയാൻ അതിർത്തിയിൽ കാവൽ ഭടന്മാരെ നിർത്തിയിട്ടുണ്ടായിരുന്നു. ഒരു ദിവസം രാമു എന്ന യുവാവ് ഒരു സൈക്കിളിൽ പുഴ മണലും കയറ്റി വന്നപ്പോൾ ഭടന്മാർ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. പക്ഷേ, അതു കോസലപ്പുഴയിലെ സാധാരണ മണലായിരുന്നു. അടുത്ത ദിവസവും ഇതുപോലെ അവൻ വന്നപ്പോൾ ഭടന്മാർ പരസ്പരം പറഞ്ഞു -

"ഇന്നലെ പരിശോധിച്ചിട്ട് വിട്ടതുകൊണ്ട് നമ്മൾ ഇന്ന് കാര്യമായി നോക്കില്ലെന്ന് അവൻ വിചാരിച്ചു കാണും"

അവർ വീണ്ടും നല്ലതുപോലെ നോക്കിയിട്ടും അതും സാധാരണ മണൽ തന്നെയായിരുന്നു. മാസങ്ങൾ പിന്നിട്ടു. രാമുവും ഭടന്മാരും തോൽക്കാൻ ഭാവിച്ചില്ല. ഒരു ദിവസം അയാൾ വന്നില്ല. അവർ അന്വേഷിച്ചപ്പോൾ രാമു വലിയ കച്ചവടക്കാരനായി മാറിയിരിക്കുന്നു.

ചോദ്യം ഇതാണ്- രാമുവിന്റെ ഈ പ്രവൃത്തി എന്തിനായിരുന്നു?

1. ഉത്തരം -

1, 2, 4, 8, 16 ഗ്രാം ഉള്ള 5 മോതിരങ്ങള്‍!

2. ഉത്തരം - 

രാമച്ചൻ. മറ്റുള്ള അഞ്ചു പേരും സഹോദരങ്ങൾ.

3. ഉത്തരം -

അഞ്ചാമനാണ് കള്ളൻ. ആ സമയത്ത് മുറിയുടെ മൂല അടിച്ചു വാരിയിട്ടില്ല. കാരണം, വൃത്താകൃതിയിലുള്ള മുറിക്ക് മൂലയില്ല. 

4. ഉത്തരം -

രാമു കള്ളക്കടത്തു നടത്തിയത് സ്വർണമണൽ അല്ലായിരുന്നു. ഓരോ പുതിയ സൈക്കിൾ ആയിരുന്നു.