വയസ്സന്‍കുതിരയുടെ വിധി

ഒരിക്കൽ, സിൽബാരിപുരംരാജ്യത്തെ വെറും സാധാരണക്കാരൻ മാത്രമായിരുന്നു സോമു. അയാൾക്ക് സർവ്വ ഐശ്വര്യങ്ങളും വന്നു തുടങ്ങിയത്, ചെമ്പൻകുതിരയെ ചന്തയിൽ നിന്നും വാങ്ങിയതോടെയാണ്. കച്ചവട കാര്യങ്ങൾക്ക് ഇടനിലക്കാരനായി ദൂരദേശത്തേക്കു മിന്നൽവേഗത്തിൽ ചെല്ലുന്നത് ഈ കുതിരപ്പുറത്തായിരുന്നു.

പിന്നെ, ഓരോ കച്ചവടത്തിലും അയാൾ ലാഭം കൊയ്തു തുടങ്ങി. വൈകാതെ അന്നാട്ടിലെ പ്രമാണിയായി മാറുകയും ചെയ്തു. നല്ല ഉശിരുള്ള ചെമ്പൻ കുതിരയുടെ പുറത്താണ് സോമുവിന്റെ സവാരിയെല്ലാം. അയാൾ തന്റെ കുതിരയ്ക്ക് മേൽത്തരം മുതിരയും കടലയും ഗോതമ്പുമൊക്കെ കൊടുക്കാൻ യാതൊരു മടിയും കാട്ടിയിരുന്നില്ല.

വർഷങ്ങൾ പിന്നെയും മുന്നോട്ടു കടന്നു പോയി. അതിനിടയിൽ, ചെമ്പൻകുതിരയുടെ കുതിപ്പുശേഷി കുറഞ്ഞു തുടങ്ങി. അതോടൊപ്പം സോമുവിന്റെ കുതിരയോടുള്ള സമീപനവും മാറിത്തുടങ്ങി. ഭക്ഷണം കുറച്ചു. അയാൾ കുതിരയോടു ദേഷ്യപ്പെട്ടു -

"വലിവു കുറവെങ്കിൽ നിനക്ക് കുറച്ചു തീറ്റിയും മതി"

അവസാനം, സവാരിക്കു കൊള്ളില്ലെന്നായപ്പോർ അയാൾ കുതിരച്ചന്തയിലെത്തി മറ്റൊന്നിനെ വാങ്ങി. കുറച്ചു നാളുകൾ മറ്റാരും കാണാതെ കുതിര ലായത്തിന്റെ പിറകുവശത്ത് ചെമ്പനെ കെട്ടിയിട്ടു.

ഒരു ദിനം, അയാൾ ചെമ്പനു മുന്നിലെത്തി പിറുപിറുത്തു-

"എനിക്ക് യാതൊരു പ്രയോജനവുമില്ലാതെ നിനക്ക് ഇനി പച്ചവെള്ളം ഞാൻ തരില്ല, ഹും... നടക്ക്..."

സോമു ചെമ്പനെ പിടിച്ചുവലിച്ച് നടത്തി ആളില്ലാത്ത ഒരിടത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. തിരികെ വീട്ടിലേക്കു വരാതിരിക്കാനായി കുതിരയുടെ കണ്ണുകെട്ടി അയാൾ തിരികെ നടന്നു. സോമു പോയിക്കഴിഞ്ഞപ്പോൾ, അല്പം പോലും മുന്നോട്ടു പോകാൻ കഴിയാതെ ചെമ്പൻകുതിര കുറെ നേരം ആ നില്പ് തുടർന്നു. പിന്നെ, തളർന്നു വീണു!

അടുത്ത ദിവസം, രാവിലെ അതുവഴി ഒരു സന്യാസി കടന്നു പോയി. അദ്ദേഹം ഇതു കണ്ട് പറഞ്ഞു -

"ഭഗവാനേ, ഈ കുതിരയെ കണ്ണുകെട്ടി ഇവിടെ ഏതോ ദുഷ്ടൻ തള്ളിയിരിക്കുന്നു!"

ശേഷം, സന്യാസി അതിന്റെ കെട്ടഴിച്ച് തന്റെ ഭാണ്ഡത്തിലുണ്ടായിരുന്ന വെള്ളവും ഭക്ഷണവും കൊടുത്തു. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിനു പിന്നെ കഴിക്കാനൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ആ വയസ്സൻകുതിരയുടെ ദയനീയമായ നോട്ടം കണ്ടില്ലെന്നു വച്ച് പോകാൻ സന്യാസിക്കു കഴിഞ്ഞില്ല.

സന്യാസി മെല്ലെ വയസ്സൻകുതിരയുമായി അടുത്തുള്ള വീടുകളിൽ ഭിക്ഷ യാചിച്ചു. ഭൂരിഭാഗം വീട്ടുകാരും ഒന്നും കൊടുത്തില്ല. ഒടുവിൽ, നടന്നു നടന്ന്, സോമുവിന്റെ വീടിനു മുന്നിലെത്തി!

തന്റെ മുന്നിൽ വീണ്ടും കുതിരയെ കണ്ടപ്പോൾ സോമു അലറി-

"എടാ, കള്ളസന്യാസീ... ഞാൻ ഉപേക്ഷിച്ച കുതിരയുമായി എന്റെ മുന്നിലേക്കു വന്ന നിനക്കും ഈ ചാകാറായ കുതിരയ്ക്കും പച്ച വെള്ളം ഇവിടുന്നു കിട്ടില്ല. ഏതായാലും ഈ വയസ്സൻകുതിരയുടെ പുറത്തു കയറി താൻ സവാരി നടത്തിക്കോളൂ"

സോമുവിന്റെ പരിഹാസച്ചിരി മുഴങ്ങിയപ്പോൾ സന്യാസി ശപിച്ചു-

"ഒരു കാലത്ത് നിന്നെ ഏറെ സഹായിച്ച കുതിരയോട് നന്ദിയില്ലാതെ പ്രവർത്തിച്ച നീചനായ മനുഷ്യാ, തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു മരിക്കാനാണ് നിന്റെ വിധി!"

അതു കേട്ട് സോമു അട്ടഹസിച്ചു -

"അത് നിനക്കു സംഭവിക്കുന്ന കാര്യമാണ്. തെരുവിലെ പിച്ചക്കാരന്റെ ശാപം എനിക്കു ഫലിക്കില്ല, കടന്നു പോകൂ.... എന്റെ മുന്നിൽനിന്ന്!"

സന്യാസി കുതിരയുമായി നടന്നു പോയി. കുറെ ദൂരം ചെന്നപ്പോൾ ചെമ്പൻകുതിര പാതയോരത്ത് തളർന്ന് വീണു മരിച്ചു!

അന്നേരം, അതുവഴി കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന ഒരു കണക്കൻ സന്യാസിയോടു വിവരം തിരക്കി. അതിനു മറുപടിയായി സന്യാസി ഒന്നും ഉരിയാടിയില്ല. പകരം, അയാളുടെ കയ്യിലുണ്ടായിരുന്ന ചന്തയിലെ കണക്കു പുസ്തകത്തിൽ മഷി മുക്കി തൂവൽ കൊണ്ട് എഴുതി -

"വീരൂ.. നീ ചെറുപ്പത്തിൽ പഠിച്ച പാഠങ്ങൾ മറന്നു പോയോ? നാം മനുഷ്യനെ മാത്രല്ല, മൃഗങ്ങളെയും നോവിക്കാൻ പാടില്ലെന്ന്? ഈ രാജ്യത്തെ മൃഗങ്ങളെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ട് പ്രായമാകുമ്പോൾ അവറ്റകളെ ഉപേക്ഷിക്കുന്നത് ന്യായമോ? ധനികനായ സോമുവിന്റെ കുതിര തെരുവിൽ കിടന്ന് മരിച്ചിരിക്കുന്നു!"

ചന്തയിൽനിന്ന് കൊട്ടാരത്തിലെത്തിയ കണക്കൻ, സന്യാസിയുടെ കുറിപ്പ് രാജാവിനെ കാണിച്ചു.

രാജാവ് അതു വായിച്ച് ഞെട്ടി!

പണ്ട്, തന്നെ വീരൂ എന്നു വിളിച്ചിരുന്നത് രണ്ടു വർഷം ഗുരുകുലത്തിൽ പഠിപ്പിച്ചിരുന്ന സന്യാസിയാണ്. വസൂരി പടർന്നു പിടിച്ച കാലത്ത് എല്ലാവരും അവിടം വിട്ടു പോയി. പിന്നെ, സന്യാസി കോസലപുരത്തേക്കു പോയെന്നാണ് അറിയാൻ കഴിഞ്ഞത്.

രാജാവ് ഉടൻ ഭടന്മാരോടു കല്പിച്ചു -

"സന്യാസിയെ എവിടെ കണ്ടാലും പല്ലക്കിൽ കയറ്റി കൊട്ടാരത്തിലേക്കു കൊണ്ടു വരിക"

കുറ്റവാളികളെ ശിക്ഷിക്കുന്ന ഭടന്മാരെ രാജാവ് വിളിച്ചിട്ടു പറഞ്ഞു -

"സോമുവിനെ ചിത്തിരപുരത്തേക്കു നാടുകടത്തുക. കയ്യിൽ ഭാണ്ഡം പോലും അനുവദിക്കരുത്, ആ ദുഷ്ടൻ ദുഷ്ടരാജ്യത്തേക്കു പോകട്ടെ"

സന്യാസി കോസലപുരത്തേക്കു പോയതിനാൽ ഭടന്മാർ അരിച്ചുപെറുക്കിയിട്ടും അദ്ദേഹത്തെ കാണാൻ പറ്റിയില്ല. അതേസമയം, സോമുവിനെ സിൽബാരിപുരംരാജ്യത്തിന്റെ അതിർത്തി കടത്തി ചിത്തിരപുരത്തേക്കു കയറ്റി വിട്ടു.

അപ്പോൾ, സോമു പിറുപിറുത്തു-

"എന്റെ സർവ സമ്പാദ്യങ്ങളേക്കാൾ മൂല്യമുള്ളത് മടിശ്ശീലയിലെ രത്നക്കല്ലുകൾക്കാണ്. ഇതു വിറ്റു കിട്ടുന്ന പണം കൊണ്ട് ചിത്തിരപുരത്തെ പ്രഭുവായി ജീവിക്കും. പണമുള്ളവന് ഈ ദുഷ്ടരാജ്യത്ത് എന്തുമാകാം. എന്നെ തോൽപിക്കാൻ ആവില്ല മക്കളേ"

അയാൾ ഊറിച്ചിരിച്ചു. പ്രധാന വീഥി ലക്ഷ്യമാക്കി വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ കൊള്ളസംഘം സോമുവിനെ വളഞ്ഞു-

സോമു ഒട്ടും പേടിയില്ലാതെ പറഞ്ഞു -

"എന്റെ കയ്യിൽ ഒരു ഭാണ്ഡം പോലുമില്ല. ഞാൻ ഉപവാസത്തിലാണ്. എന്റെ കയ്യിൽ കാൽ പണം പോലുമില്ല. കാരണം, ചിത്തിരപുരംക്ഷേത്രത്തിലെ വഴിപാടിനു പോകുകയാണ്"

കൊള്ളത്തലവൻ സോമുവിനെ അടിമുടി നോക്കിയ ശേഷം കലിച്ചു-

"ഇവന്റെ പട്ടുവസ്ത്രം കണ്ടാലറിയാം കാശുകാരനാണെന്ന്. ഉപവസിച്ച ക്ഷീണമൊന്നും ഇയാൾക്കില്ല. ശരിക്ക് തപ്പിയിട്ടു വിട്ടാൽ മതി"

സോമു തന്റെ തുണിയിൽ പിടിക്കാൻ സമ്മതിക്കാതെ കുറച്ചു നേരം അവരെ ചെറുത്തു നിന്നെങ്കിലും അവർ തലങ്ങും വിലങ്ങും മർദ്ദിച്ചു. മടിശ്ശീലയിലെ രത്നക്കല്ലുകൾ സ്വന്തമാക്കിയിട്ട് നിലത്തിട്ടു ചവിട്ടി. അതിനോടകംതന്നെ, തലയ്ക്കടിയേറ്റ് സോമുവിന്റെ ബോധം പോയിരുന്നു. 

പിന്നീട്, എപ്പോഴോ എഴുന്നേറ്റപ്പോൾ സമ്പാദ്യം കൊള്ളയടിച്ചെന്നു മനസ്സിലായി.

അയാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ ഓടി. മനസ്സിന്റെ സമനില തെറ്റി അല്പവസ്ത്രധാരിയായി തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു. ദുഷ്ടന്മാരായ ചിത്തിരപുരംദേശക്കാർ അയാളെ കണ്ടതായി പോലും ഭാവിച്ചില്ല. കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ, ആഹാരം കിട്ടാതെ പാതയോരത്ത് സോമു കുഴഞ്ഞു വീണു മരിച്ചു!

ആശയം -

നന്ദി കാട്ടാൻ നായ വാലാട്ടും. പൂച്ച കാലിൽ ഉരുമ്മി നടക്കും. കോഴിയും മറ്റു വളർത്തു കിളികളും ചെറിയ ശബ്ദങ്ങൾ സ്നേഹ സൂചകങ്ങളാക്കും. പശുവും ആടും കാളയുമൊക്കെ മുറുങ്ങുന്ന ഒച്ചയിടും. ആനയാകട്ടെ, തുമ്പിക്കയ്യ് ഉയർത്തും.

മനുഷ്യവർഗ്ഗത്തിന് നന്നായി അഭിനയിക്കാൻ അറിയാവുന്നതിനാൽ ഉളളിൽ യാതൊരു നന്ദിയും കടപ്പാടുമില്ലാതെ വെറുതെയങ്ങ് പല്ലിളിച്ചുകാട്ടും. ഒരു കാലത്ത്, സഹായിച്ചവരെ കൊഞ്ഞനംകുത്തി കാട്ടുന്ന ട്രെൻഡാണ് ഇപ്പോൾ കണ്ടു വരുന്നത്. സാമ്പത്തിക അധികാര സൗന്ദര്യത്തികവിൽ അനുകൂല സാഹചര്യം വരുമ്പോൾ നമ്മെ ഞെട്ടിക്കുന്ന ധിക്കാരവും ആജ്ഞാശക്തിയും ശല്യവും ഉപദ്രവവും വരെ അവര്‍ പുറത്തെടുത്തേക്കാം. 

എന്നാല്‍, ഇതിനു ദൂരവ്യാപകമായ ഒരു അനന്തര ഫലമുണ്ട്- കുട്ടികള്‍ കണ്ടുകേട്ടു വളരുന്നത്‌ ഇതൊക്കെയാണല്ലോ! 

നന്ദികേടും തള്ളിപ്പറച്ചിലും കാട്ടുന്ന കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക്, ഈ കഥയിലെ വയസ്സന്‍കുതിരയുടെ അനുഭവമാകും വരാന്‍ പോകുന്നത്!

ഒറ്റപ്പെടലിന്റെ-നരകയാതനയുടെ കുതിരലായമാകുന്ന വൃദ്ധസദനങ്ങളിലും ആശുപത്രിവരാന്തകളിലും അനാഥമന്ദിരങ്ങളിലും വഴിയോരത്തുമൊക്കെ അവസാനിച്ചേക്കാവുന്ന ജീവിതം! അല്ലെങ്കില്‍ പടുകൂറ്റന്‍വീടുകളില്‍ കാവല്‍നായയുടെ റോള്‍! 

Comments