Posts

Showing posts from February, 2023

(667) കാളയും കാട്ടാടും

  ഒരു നാട്ടിൽ നിന്ന് അലഞ്ഞു തിരിഞ്ഞു നടന്ന കാള കാട്ടിലേക്കു കയറി. അവന് പരിചയമില്ലാത്തതിനാൽ സിംഹത്തിൻ്റെ മടയുടെ പരിസരത്ത് എത്തിച്ചേർന്നു. കാളയുടെ മണം പിടിച്ച് സിംഹം അലറി! കാള ജീവനും കൊണ്ട് ഓടി ഒരു ഗുഹയിൽ കയറി. എന്നാൽ, ആ ഗുഹയാകട്ടെ, കാട്ടാടുകളുടെ കേന്ദ്രമായിരുന്നു. കാട്ടാടുകൾക്ക് കാളയുടെ വരവ് ഇഷ്ടപ്പെട്ടില്ല. അവർ കാളയെ കുത്താൻ തുടങ്ങി. എന്നാൽ, ആ വേദന സഹിച്ച് കാള അനങ്ങാതെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആടുനേതാവ് കാളയെ പരിഹസിച്ചു - "ഇത്രയും വലിപ്പമുള്ള കാളയായിട്ടും അനങ്ങാതെ നിന്ന് കുത്തു കൊള്ളുന്ന പേടിത്തൊണ്ടനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്" ഉടൻ, കാള ശബ്ദം താഴ്ത്തി പറഞ്ഞു - "നിങ്ങൾ എല്ലാത്തിനെയും എൻ്റെ കൂർത്ത കൊമ്പിൽ കോർത്ത് ദൂരേയ്ക്ക് വലിച്ചെറിയാൻ എളുപ്പമാണ്. പക്ഷേ, നിങ്ങളുടെ നിലവിളി കേട്ട്, ഇപ്പോൾ, പുറത്ത് ഇര തേടുന്ന സിംഹം ഇങ്ങോട്ടു വന്ന് എൻ്റെയും നിങ്ങളുടെയും ജീവന് ഭീഷണിയാകും!" അന്നേരം, കാട്ടാടുകൾക്ക് ബോധമുദിച്ചു. അവർ പിന്നീട് അനങ്ങിയതേയില്ല. ഗുണപാഠം - അതിശക്തനായ ശത്രുവിൻ്റെ ആക്രമണത്തേക്കാൾ ഭേദമാണ് ദുർബലരുടെ ഉപദ്രവങ്ങൾ ക്ഷമയോടെ സഹിക്കുന്നത്. Written by Binoy Thomas, Mala

(666) നായയുടെ വിശ്വസ്തത

യജമാനൻ്റെ വീടിനു മുന്നിൽ രാത്രി സമയത്ത് അല്പം പോലും ഉറങ്ങാതെ ഇരിക്കുകയായിരുന്നു കാവൽനായ. അതിനെ ചങ്ങലയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മതിലിൻ്റെ മേൽ ഒരു കള്ളൻ പിടിച്ചു കയറിയത്. അവൻ്റെ തല കണ്ടപ്പോൾ മുതൽ നായ കുരച്ചു തുടങ്ങി. എന്നാൽ, കള്ളൻ അതുകേട്ടു പേടിച്ചില്ല. അവൻ നായയുടെ അരികിലേക്കു വേഗം നടന്നടത്തു. അയാൾ പറഞ്ഞു - "നീ കുര നിർത്തൂ. ഞാൻ നിൻ്റെ യജമാനൻ്റെ സുഹൃത്താണ് " നായ കുരയ്ക്കുന്നതിനൊപ്പം പറഞ്ഞു- "സുഹൃത്തിനെ കാണാൻ ആരും രാത്രിയിൽ മതിൽ ചാടി വരാറില്ല " കുര നിർത്താത്തതിനാൽ കള്ളൻ വേഗം കയ്യിലുള്ള ഇറച്ചിക്കഷണം നായുടെ മുന്നിലേക്ക് എറിഞ്ഞു. അന്നേരം, നായ കയർത്തു - "എൻ്റെ ജോലിക്ക് യജമാനൻ ഇറച്ചി തരുന്നുണ്ട്. നീയൊരു കള്ളനാണെന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു!" നായയുടെ അതിശക്തമായ കുര കേട്ട് യജമാനൻ വിളക്കുതെളിച്ചു. കള്ളൻ മതിൽ തിരികെ ചാടി വന്ന വഴിയേ ഓടി മറഞ്ഞു. ഗുണപാഠം - വിശ്വസ്തർ യാതൊരു വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും വീഴില്ല. പാറ പോലെ അവർ ഉറച്ചു നിൽക്കും. Written by Binoy Thomas, Malayalam eBooks - 666- Aesop- 82 PDF - https://drive.google.com/file/d/1D8Oz7bV4DTryRePI

(665) അംഗിവാക്യം, അംഗവാക്യം

  ( CBSE / Kerala class 10 Malayalam) ലക്ഷ്മണ സാന്ത്വനം, പ്രിയദർശനം, അമ്മത്തൊട്ടിൽ, ഓണമുറ്റത്ത്, കടൽത്തീരത്ത്, യുദ്ധത്തിൻ്റെ പരിണാമം, പണയം എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിൽ അംഗിവാക്യവും അംഗവാക്യവും (Angi Vakyam, Anga vakyam) വരാറുണ്ട്. അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. അംഗി വാക്യം അഥവാ പ്രധാന വാക്യം എന്നാൽ, ഒന്നിനും കീഴടങ്ങാതെ സ്വതന്ത്രമായി നിലകൊള്ളുന്ന വാക്യം. അതിൽ കർത്താവും പൂർണ്ണമായ ക്രിയയും ഉണ്ട്. അംഗ വാക്യം എന്നാൽ ഒരു അംഗി വാക്യത്തിനു കീഴടങ്ങി വരുന്ന വാക്യം. ഉദാഹരണം- രാജു വീട്ടിൽ പോകുമെങ്കിൽ രാധ കൂടി പോകണം. രാധ കൂടി പോകണം - അംഗിവാക്യം, രാജു വീട്ടിൽ പോകുമെങ്കിൽ -അംഗ വാക്യം. ഇനി പാഠഭാഗത്തിലേക്കു വരാം - 1. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അശ്വഥാമാവും കൃപരും കൃതവർമ്മാവും പാണ്ഡവരുടെ പടകുടീരത്തിൽ പ്രവേശിച്ച് സകലരേയും വെട്ടിയും കുത്തിയും കൊല ചെയ്തു. അംഗിവാക്യം -സകലരേയും വെട്ടിയും കുത്തിയും കൊല ചെയ്തു. ബാക്കിയുള്ള ഭാഗം അംഗവാക്യം. 2. വെളളായിയപ്പൻ വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ കൂട്ടനിലവിളി ഉയർന്നിരുന്നു. അംഗിവാക്യം - കൂട്ട നിലവിളി ഉയർന്നിരുന്നു. ബാക്കി വരുന്ന ഭാഗം അംഗവാക്യ

(664) കല്ലും മുല്ലപ്പൂവും

  പണ്ടു പണ്ട്, ഒരു വീട്ടിലെ പെൺകുട്ടി കല്ലു കളിക്കാനായി കുറച്ചു കല്ലുകൾ പെറുക്കിയെടുത്തു. അതുമായി മുറിയിൽ പോയി അവിടെ വച്ചതിനു ശേഷം കൂട്ടുകാരികളെ വിളിക്കാൻ ഓടി. പക്ഷേ, ഇതിനോടകം അവരെല്ലാം വേറെ ഏതോ വീട്ടിലേക്കു പോയിരുന്നു. ഈ കുട്ടിക്ക് വല്ലാത്ത വിഷമം തോന്നി. കരഞ്ഞുകൊണ്ട് മുറിയിൽ വന്നു കയറിയപ്പോൾ അവിടമാകെ മുല്ലപ്പൂവിൻ്റെ മണം! അന്നേരം, കല്ലുകൾ ഒന്നടങ്കം പറഞ്ഞു- "ഹേയ്! കുട്ടി ഇങ്ങോട്ടു നോക്കൂ. ഞങ്ങൾ കാരണമാണ് മുല്ലപ്പൂവിൻ്റെ മണം വരുന്നത്. അമ്പലത്തിൽ സമർപ്പിക്കാനുള്ള മുല്ലപ്പൂവ് ഒരാൾ കൂട്ടി വച്ചത് ഞങ്ങളുടെ പുറത്തായിരുന്നു. അതിൻ്റെ പൂമ്പൊടി ഇപ്പോഴും ഞങ്ങളുടെ മേലുണ്ട്. എന്നാൽ, ഒരിക്കൽ വഴിയിലൂടെ പോയ മീൻകാരൻ ഞങ്ങളുടെ പുറത്തേയ്ക്കാണ് ചീഞ്ഞ മീൻവെള്ളം ഒഴിച്ചത്. ആ സമയം, ഞങ്ങളെ കൂട്ടുകാർ ഒഴിവാക്കി" ഉടൻ, കുട്ടി തൻ്റെ ഉള്ളം കയ്യ് മണത്തു നോക്കി - "ഹായ്! മുല്ലപ്പൂവിൻ്റെ മണം" അന്നേരം, കല്ലുകൾ തുടർന്നു- "മീൻ വെള്ളത്തിൻ്റെ മണമായിരുന്നെങ്കിൽ കുട്ടി ഞങ്ങളെ വലിച്ചെറിയുമായിരുന്നു" ഗുണപാഠം - നല്ല വാസനയുള്ളവരുമായുള്ള ചങ്ങാത്തം നമ്മെയും സുഗന്ധപൂരിതമാക്കും. ദുഷിച്ചവരുമായിട്ടെങ്കിൽ നമ്മളു

(663) വൈദ്യനായ കുറുക്കൻ

  കാട്ടിലെ വരൾച്ചയുടെ കാലമായിരുന്നു അത്. കുറുക്കൻ ഇര തേടി നടന്നെങ്കിലും യാതൊന്നും കിട്ടിയില്ല. കാരണം, കാട്ടുകോഴികളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു. കുറെ നടന്നു ക്ഷീണിച്ചപ്പോൾ കാടിനോടു ചേർന്നു കിടക്കുന്ന നാട്ടിലേക്കു രാത്രിയിൽ ഇറങ്ങാമെന്ന് അവൻ തീരുമാനിച്ചു. ആ രാത്രിയിൽ പതുങ്ങി ഒരു വീട്ടിലെ കോഴിക്കൂടിൻ്റെ മുന്നിലെത്തി. പക്ഷേ, കാട്ടുമൃഗങ്ങളുടെ ശല്യം കാരണം വീട്ടുകാരൻ കോഴിക്കൂട് ഉയരത്തിലായിരുന്നു വച്ചിരുന്നത്. അതിനുള്ളിലെ വലിയ പിടക്കോഴിയെ കണ്ട് കുറുക്കൻ്റെ വായിൽ വെള്ളമൂറി. അവൻ ഒരു കൗശലം പ്രയോഗിക്കാൻ തീരുമാനിച്ചു. "ഹേയ്! ഞാനൊരു കുറുക്കനാണെങ്കിലും കാട്ടുമൂപ്പൻ എന്നെ വൈദ്യം പഠിപ്പിച്ചു. എന്തിനെന്നോ? കാട്ടിലെ മൃഗങ്ങളെ ചികിൽസിക്കാൻ. ഞാൻ അനേകം മൃഗങ്ങളെ പച്ചമരുന്നുകൊണ്ട് സുഖപ്പെടുത്തിക്കഴിഞ്ഞു. ഇനി എൻ്റെ സേവനം ഈ നാട്ടിലേക്കും വ്യാപിപ്പിക്കാൻ പോകുകയാണ്. നിൻ്റെ മുഖമാകെ വിളറിയിരിക്കുന്നു. താഴെ വരിക. ഞാൻ മരുന്നു തരാം" കുറുക്കൻ്റെ സൂത്രം പിടികിട്ടിയ കോഴി പറഞ്ഞു - "എനിക്ക് താഴേക്കു വരാനുള്ള ശക്തിയില്ല. അഥവാ വന്നാലും നിൻ്റെ മരുന്ന് കഴിക്കുമ്പോൾ ഞാൻ ചത്തുപോകും" കുറുക്കൻ, ചമ്മലോടെ കാട്

(662) കറുത്ത നിറം

  വിക്രമൻ രാജാവ് സിൽബാരിപുരംദേശം വാണിരുന്ന കാലം. രാജാവിന് ഒരു ഉണ്ണി പിറന്നു. ഏകദേശം പത്തു വയസ്സായപ്പോൾ കൊച്ചു രാജകുമാരന് കണ്ണിന് ഒരു ദീനം പിടിപെട്ടു. പ്രകാശം കാണുമ്പോൾ കണ്ണിന് വല്ലാത്ത ബുദ്ധിമുട്ടും തലവേദനയും തുടങ്ങി അവൻ കരയാൻ തുടങ്ങും. ആ രാജ്യത്തെ പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഫലം കണ്ടില്ല. പിന്നീട്, വിദൂര ദേശമായ കോസലപുരം രാജ്യത്തു നിന്നും ഒരു വൈദ്യനെ വിളിച്ചു വരുത്തി. അദ്ദേഹം രാജകുമാരനെ പരിശോധിച്ച ശേഷം ചില മരുന്നുകൾ കൊടുത്തു. അതിനു ശേഷം പറഞ്ഞു - "കുമാരൻ ഇരുണ്ട നിറമോ കറുപ്പു നിറമോ ആയിരിക്കണം കണ്ണിൽ കാണേണ്ടത്. സൂര്യപ്രകാശം നേരിട്ടു കാണാതെ നോക്കണം. ഞാൻ ഒരു വർഷത്തിനു ശേഷം വീണ്ടും വന്നു കൊള്ളാം. മരുന്നും മുടക്കാൻ പാടില്ല" വൈദ്യൻ മടങ്ങിപ്പോയി. അന്നു തന്നെ കൊട്ടാരത്തിലെ തിരശ്ശീലകളും തുണികളും കറുപ്പു നിറമാക്കി. കൊട്ടാരത്തിലെ ആളുകൾ കറുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. ഭിത്തികളിൽ കറുത്ത ചായമടിച്ചു. ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം കറുത്തതാക്കി. ചുരുക്കത്തിൽ, കൊട്ടാരമാകെ പേടിപ്പിക്കുന്ന ഒന്നായി മാറി. കൊട്ടാര വാസികൾക്ക് വല്ലാത്ത വിമ്മിട്ടം അനുഭവപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് വൈദ്യൻ

(661) കുതിരയുടെ മുടന്ത്

  സിൽബാരിപുരംരാജ്യം വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന സമയം. അതൊരു വലിയ രാജ്യമായിരുന്നു. അവിടെയുള്ള പ്രഭുക്കന്മാരുടെയും കച്ചവടക്കാരുടെയും കത്തുകളും ദൂതുകളും കുറിമാനങ്ങളും മറ്റും ദൂരെ ദിക്കിലേക്ക് എത്തിച്ചിരുന്നത് കുതിരപ്പുറത്തായിരുന്നു. സമയ ലാഭത്തിനായി കാടിനുള്ളിലൂടെയുള്ള പാതകളും കുതിരക്കാരെല്ലാം സ്വീകരിക്കുന്നതു പതിവാണ്. അക്കൂട്ടത്തിൽ ഏറ്റവും അധികമായി ജോലി ചെയ്തിരുന്നത് രാമുവിൻ്റെ കുതിരയായിരുന്നു. ഒരിക്കൽ, രാമുവും കുതിരയും കാട്ടുവഴിയിലെ കുഴിയിൽ വീണു. കുതിരയുടെ കാലൊടിഞ്ഞു. അവനും പരിക്കുപറ്റി. പിന്നെ, രാമുവിൻ്റെ ജീവിതം ദുരിതമായി. മുടന്തുള്ള കുതിരയെ ആരും വിളിക്കാതെയായി. വരുമാനം നിലച്ചു പട്ടിണിയായി. പിന്നെയും പല കുതിരകൾ കുഴിയിൽ വീണപ്പോഴാണ് അത് ആളുകളെ അപായപ്പെടുത്താൻ ഏതോ കൊള്ളസംഘം ഉണ്ടാക്കുന്ന കിടങ്ങാണെന്ന് രാജാവിനു മനസ്സിലായത്. രാജാവ് തൻ്റെ സേനയിലെ മികച്ച കുതിരപ്പടയാളികളെ ഒളിസങ്കേതം കണ്ടു പിടിക്കാൻ വിട്ടെങ്കിലും അവയെല്ലാം കുഴിയിൽ വീണു. ഇതറിഞ്ഞ് രാമു തൻ്റെ മുടന്തൻ കുതിരയുമായി കാട്ടിലേക്കു പോയി. അവൻ തിരികെ കൊട്ടാരത്തിലെത്തിയത് കൊള്ളക്കാരുടെ കൊടും കാട്ടിലെ ഒളിസങ്കേതം കണ്ടുപിടിച്ചിട്ടായിരുന്നു

(660) മരത്തിൻ്റെ സ്നേഹം

  പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ ജനവാസം കുറഞ്ഞ മേഖലയായിരുന്നു. പക്ഷിമൃഗാദികൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അവറ്റകൾക്ക് ആഹാരത്തിന് യാതൊരു പഞ്ഞവുമില്ലായിരുന്നു. ഒരു ദിവസം, ദൂരെ ദിക്കിൽ നിന്നും ഒരു കിളി അങ്ങോട്ടു പറന്നു വന്നു. അവിടെ സ്ഥിര താമസമാക്കാൻ അത് ആഗ്രഹിച്ചു. അതിനായി ലക്ഷണമൊത്ത വലിയ മരം നോക്കി അലഞ്ഞു. ഒടുവിൽ, ഉയരത്തിൽ നിറയെ ശിഖരങ്ങളുള്ള വലിയ മരത്തിനോടു തൻ്റെ ആവശ്യം അറിയിച്ചു. "ഹേയ്, നീ വേറെ ഏതെങ്കിലും മരം നോക്കുക. ഇത് നിനക്ക് ഉചിതമല്ല" മരത്തിൻ്റെ ഈ മറുപടിയിൽ കിളിക്കു ദേഷ്യം തോന്നി- "നിനക്ക് വനദേവത ഇത്രയും ശിഖരങ്ങൾ തന്നിരിക്കുന്നത് ഞങ്ങൾക്കു വേണ്ടിക്കൂടിയാണ്" മരം എന്തോ പറയാൻ തുടങ്ങിയപ്പോൾ അതു കേൾക്കാൻ നിൽക്കാതെ  കിളി പറന്നു. കുറച്ച് കിഴക്കോട്ടു മാറി വേറൊരു മരത്തിൽ കൂടുകൂട്ടി. ഏതാനും ആഴ്ചകൾ പിന്നിട്ടു. ഭീകരമായ ശബ്ദം കേട്ടാണ് രാവിലെ കിളി ഉറക്കമുണർന്നത്. എന്താണു കാര്യമെന്നറിയാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പറന്നു. താൻ കൂടു വച്ചോട്ടെ എന്നു ചോദിച്ച മരം കടപുഴകിയിരിക്കുന്നു! കിളിക്കു വലിയ സന്തോഷത്തോടെ മരത്തിനെ പരിഹസിച്ചു - "ഞാൻ ഒരു കൂടു വയ്ക്കാൻ അനുവാദം ചോദിച്ച

(659) പരുന്തും പ്രാവുകളും

  കാട്ടിൽ, ഒരു പറ്റം പ്രാവുകൾ ഒന്നിച്ചു വസിച്ചിരുന്ന അവിടമാകെ പരുന്തിൻ്റയും കഴുകന്മാരുടെയും ശല്യം മിക്കവാറും ഉണ്ടായിരുന്നു. മറ്റു ജീവികളുടെയും ഉപദ്രവങ്ങൾ സാധാരണമാണ്. ഒരു ദിവസം - ചെമ്പൻ പരുന്ത് പ്രാവിനെ റാഞ്ചാൻ ശ്രമിച്ചപ്പോൾ അവരെല്ലാം കൂട്ടത്തോടെ പറന്നു പോയി. പല തവണയും പരുന്ത് ഇങ്ങനെ പരാജയപ്പെട്ടു. ഒടുവിൽ, പരുന്ത് വേറൊരു തന്ത്രം പുറത്തെടുത്തു. "ഹേയ്, പ്രാവുകളെ, നിങ്ങൾ വളരെ പേടിച്ചാണു കഴിയുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. എന്നെ നിങ്ങളുടെ രാജാവായി അംഗീകരിച്ചാൽ എല്ലാ വിധത്തിലുമുള്ള ഭീഷണികളിൽ നിന്നും ഞാൻ രക്ഷിക്കുന്നതാണ് " പ്രാവുകൾക്ക് അത് നല്ലൊരു കാര്യമായി തോന്നി. അവർക്ക് പരുന്ത് ഒരു രക്ഷകനായി തോന്നി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പരുന്ത് പറഞ്ഞു - "നിങ്ങളുടെ സുരക്ഷ നോക്കുന്നതിനാൽ എനിക്ക് ഇരതേടാൻ പോകാൻ പറ്റുന്നില്ല. അതിനാൽ ഒരു ദിവസത്തേക്കുള്ള ആഹാരമായി ഒരു പ്രാവ് എൻ്റെ മുന്നിലേക്കു വരണം" പ്രാവുകൾക്കു സമ്മതിക്കാതെ വേറെ വഴിയില്ലായിരുന്നു. പരുന്തിന് ഒട്ടും അധ്വാനിക്കാതെ എന്നും പ്രാവിൻ്റെ ഇറച്ചി ലഭിച്ചു തുടങ്ങി! ഗുണപാഠം - നല്ലവണ്ണം ആലോചിച്ചതിനു ശേഷം മാത്രമേ കരാർ ഉറപ്പിക്കാൻ പോക

(658) കാക്കയുടെ അതിമോഹം

  ഒരിക്കൽ, വലിയ കഴുകൻ ആകാശത്ത് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. ആട്ടിൻപറ്റത്തിലെ ഒരു കുഞ്ഞാട് കൂട്ടം തെറ്റി മാറിയ സമയത്ത് കഴുകൻ അതിനെ റാഞ്ചിയെടുത്തു. ഇതെല്ലാം നോക്കിക്കൊണ്ട് ഒരു കാക്ക മരക്കൊമ്പിൽ ഇരിപ്പുണ്ടായിരുന്നു. തനിക്കും കൂർത്ത നഖങ്ങൾ ഉണ്ടല്ലോ. എന്നും ഇങ്ങനെ അഴുക്കായ ആഹാരങ്ങൾ കൊത്തിപ്പെറുക്കിയാൽ മതിയോ? ഒരു മാറ്റം അനിവാര്യമാണ്. ഈ വിധത്തിൽ ചിന്തിച്ച് ഒരു ആട്ടിൻ കുഞ്ഞിനെ നോട്ടമിട്ടു. കഴുകൻ കാട്ടിയതുപോലെ വട്ടമിട്ടു പറന്ന് കൂർത്ത നഖങ്ങൾ വച്ച് കൊച്ചു ചെമ്മരിയാടിൻ്റെ പുറത്തേക്കു പറന്നിറങ്ങി. പിന്നെ, കഴുകനെപ്പോലെ ഉയരാൻ ശ്രമിച്ചു. പക്ഷേ, ആടിൻ്റെ രോമത്തിനിടയിൽ കാലിൽ കയർ കെട്ടിയ മാതിരി കാക്ക കുടുങ്ങി. ആടുകൾ ഇതു കണ്ട് കരഞ്ഞപ്പോൾ ആട്ടിടയൻ കാക്കയെ വടി കൊണ്ട് അടിച്ചു കൊന്നു! ഗുണപാഠം - കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ. Written by Binoy Thomas, Malayalam eBooks - 658- Aesop story series - 78 PDF - https://drive.google.com/file/d/19mB4-mrLz10S1sAhQfYv2MP1lChQYlKK/view?usp=drivesdk

(657) കലമാൻ

  ഒരു കാട്ടിലെ കലമാൻ മറ്റു മൃഗങ്ങളെ ഏറെ സ്നേഹിച്ചിരുന്ന കൂട്ടത്തിലായിരുന്നു. തനിക്ക് എന്തു കിട്ടിയാലും മറ്റുള്ളവർക്കു പങ്കിട്ടു കൊടുക്കുന്ന ശീലം അവനുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ അവന് കലശലായ രോഗം പിടിപെട്ടു. അധികം ബുദ്ധിമുട്ടാതെ പുല്ലു തിന്നാൻ കിട്ടുന്ന കുറച്ചു ദൂരം മാറിയുള്ള പുൽമേട്ടിലേക്ക് അവൻ താമസം മാറ്റി. അസുഖമെന്ന് അറിഞ്ഞ് കൂട്ടുകാർ പലരും ആ പുൽമേട്ടിലേക്കു വന്നുകൊണ്ടിരുന്നു. അവരെയെല്ലാം രുചിയേറിയ ഇനം ഇളം പുല്ലു കൊടുത്താണ് അവൻ സ്വീകരിച്ചു കൊണ്ടിരുന്നത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവിടത്തെ പുല്ലു തീർന്നു. കലമാൻ പട്ടിണിയായി. സന്ദർശകർക്കും ഒന്നും കൊടുക്കാൻ ഇല്ലായിരുന്നു. ക്രമേണ, കൂട്ടുകാർ വരാതായി. കുറച്ച് സ്നേഹം ഉണ്ടായിരുന്നവർ അവന് പുല്ലുമായി ഇടയ്ക്ക് വന്നിരുന്നു. പിന്നീട്, കടുത്ത വേനൽക്കാലമായതോടെ കാട്ടിലെങ്ങും പുല്ലു കരിഞ്ഞുണങ്ങി. അന്നേരം, അവൻ്റെ അടുക്കലേക്ക് ആരും വന്നില്ല. അങ്ങനെ, ആതിഥ്യമര്യാദ ഏറിയ കലമാൻ പട്ടിണിമൂലം ജീവൻ വെടിഞ്ഞു. ഗുണപാഠം - ജാഗ്രതയില്ലാത്ത ധർമ്മദാനങ്ങൾ വഴിയായി നമ്മെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. Written by Binoy Thomas, Malayalam eBooks - 657- Aesop - 77 PDF

(656) സിംഹത്തിൻ്റെ ഓഹരി

  ഒരിക്കൽ, സിംഹ രാജാവ് ഒരു കടുവ, പുലി, ചെന്നായ എന്നിവരെ വിളിച്ചുകൂട്ടി. അവരോടു പറഞ്ഞു - "നമുക്ക് ഒരുമിച്ച് ഇന്ന് നായാട്ടിനു പോകാം. അതു വളരെ എളുപ്പത്തിൽ ഇരയെ കിട്ടാൻ സഹായിക്കും" അവർക്കും സമ്മതമായി. സിംഹം മരത്തിൻ്റെ മറവിൽ ഒളിച്ചു. മറ്റുള്ളവരെ, ഓരോ ദിക്കിൽ നിന്നും മൃഗങ്ങളെ ഓടിച്ചു കൊണ്ടുവരാനും ഏർപ്പാടാക്കി. അതിൻപ്രകാരം, പുലിയും കടുവയും ചെന്നായും ഒരു മാൻകൂട്ടത്തെ വളഞ്ഞു. അതിനുള്ളിലെ കൊഴുത്ത മാനിനെ മൂവരും കൂടി ഓടിച്ച് സിംഹത്തിൻ്റെ മുന്നിലെത്തിച്ചു. മരത്തിൻ്റെ മറവിൽ നിന്നും ചാടി വീണ് മാനിൻ്റെ കഥ കഴിച്ചു. പിന്നെ, മാംസം വീതം വയ്ക്കാനുള്ള സമയമായി. മൂവരും അവർക്കു കിട്ടുന്ന ഭാഗത്തേക്കുറിച്ച് ഓർത്തുകൊണ്ട് കൊതിയൂറി സിംഹത്തിനു മുന്നിൽ നിന്നു. അപ്പോൾ സിംഹം പറഞ്ഞു - "ഇത് നാലായി പങ്കു വയ്ക്കുകയാണ്. ഒന്നാമത്തെ ഓഹരി ഈ വേട്ടയുടെ സൂത്രധാരൻ എന്നുള്ള നിലയിൽ എനിക്കാണ്. രണ്ടാമത്തെ ഓഹരി കാടിൻ്റെ രാജാവ് എന്ന നിലയ്ക്ക് എനിക്കാണ്. മൂന്നാമത്തെ ഓഹരി ഈ വേട്ടയിൽ ഞാൻ പങ്കെടുത്തതിനുള്ളതാണ്. ഇനി നാലാമത്തെ ഓഹരി എൻ്റെ മുന്നിൽ നിന്നും ധൈര്യമുള്ളവന് ഇപ്പോൾ എടുക്കാം" ആ മൃഗങ്ങൾ മൂന്നും, പേടിച്ച് ഒന്നും മിണ്

(655) കിടങ്ങിൽ ചാടിയ കഴുത

  ഒരു ദേശത്തെ കച്ചവടക്കാരന് തൻ്റെ ചുമടുകൾ ചന്തയിലേക്കു കൊണ്ടു പോകാനായി നല്ലൊരു കഴുതയുണ്ടായിരുന്നു. യാതൊരു മടിയും കൂടാതെ നല്ലതുപോലെ ഭാരം വലിക്കുകയും അനുസരണം കാട്ടുകയും ചെയ്തു പോന്നു. അതിനാൽത്തന്നെ, യജമാനൻ നല്ല തീറ്റിയും കൊടുത്തിരുന്നു. ഒരിക്കൽ - ചന്തയിലേക്കു പോകവേ, ചാക്കും പുറത്തു വച്ചുള്ള നടത്തത്തിനിടയിൽ, ഏതാനും കഴുതകൾ പാതയോരത്തുള്ള പറമ്പിലൂടെ പുല്ലുമേഞ്ഞു നടക്കുന്നത് ഈ കഴുതയുടെ ശ്രദ്ധയിൽ പെട്ടു - "ഹൊ! ഇവറ്റകളുടെ ഒരു ഭാഗ്യം നോക്കണേ. ഞാൻ എന്നും ഭാരം വലിക്കുന്നു. ഞാൻ കാരണം, യജമാനനാണു സുഖം അനുഭവിക്കുന്നത്!" അത്തരത്തിലുള്ള വിരുദ്ധ ചിന്തകൾ കഴുതയുടെ തലയിൽ പെറ്റുപെരുകി. ഒടുവിൽ, അവൻ്റെ കഴുതബുദ്ധിയിൽ ദൂരെ ദിക്കിലേക്ക് ഓടി രക്ഷപ്പെട്ട് എവിടെയെങ്കിലും സുഖമായി മേഞ്ഞു നടക്കാമെന്നു തീരുമാനമായി. ചന്തയിൽ എത്തിച്ചേർന്നപ്പോൾ, കഴുതപ്പുറത്തു നിന്നും ഭാരമെല്ലാം  ചന്തയിലെ കടക്കാരൻ എടുത്തു താഴെ വച്ചു. പെട്ടെന്ന് - കഴുത ഒറ്റയോട്ടം! യജമാനൻ അവനെ പിടിക്കാനായി പിറകേ പാഞ്ഞു. കുറെ ദൂരം പിന്നിട്ടപ്പോൾ അടുത്ത ദേശത്തിലേക്കു പ്രവേശിക്കുന്ന സ്ഥലമായി. അവിടെ ഏറെ താഴ്ചയുള്ള കിടങ്ങുണ്ട്. കഴുത കിടങ്ങിലേക്കു ചാടാനായ

(654) മുക്കുവനും മീനും

  ഒരു ദിവസം, മുക്കുവൻ നദിക്കരയിലെത്തി. ഉച്ചവരെ ശ്രമിച്ചിട്ടും തൻ്റെ ചൂണ്ടയിൽ മീനൊന്നും കുടുങ്ങിയില്ല. കാരണം, വല വീശി മീനുകളെയെല്ലാം മറ്റു ചിലർ നേരത്തേ കൊണ്ടു പോയിരുന്നു. അയാൾ വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച സമയത്ത്, ഒരു ചെറിയ മീൻ ചൂണ്ടയിൽ കൊളുത്തി. "ചെറുതെങ്കിൽ ചെറുത്, അത്രയുമായി!"  ചൂണ്ടയിൽ നിന്നും രക്ഷപ്പെടാനായി മീൻ പരമാവധി പിടച്ചു.  എന്നിട്ടും അതിനു വെളളത്തിലേക്കു ചാടാൻ കഴിഞ്ഞില്ല. അന്നേരം, മൽസ്യം ഒരു കൗശലം പ്രയോഗിച്ചു - "ഹേയ്, അങ്ങ് ഞാൻ പറയുന്നതു ദയവായി ശ്രദ്ധിച്ചാലും. ഞാനൊരു ചെറിയ മീനാണ്. എന്നാൽ, ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഏറെ വലിപ്പം വയ്ക്കുന്ന മീനാണു ഞാൻ. അന്നേരം, എന്നെ വന്നു പിടിച്ചോളൂ. മുഴുത്ത മീനെ അങ്ങേയ്ക്ക് കിട്ടും. മാത്രമല്ല, അതുവരെ എനിക്ക് ജീവിതം നീട്ടി കിട്ടുകയും ചെയ്യുമല്ലോ" ഉടൻ, മുക്കുവൻ ചിരിച്ചു കൊണ്ടു പറഞ്ഞു - "എന്നിട്ടു വേണം, ഞാൻ പിടിക്കാൻ വരുമ്പോൾ അന്നു നീ പറയും- 'ഹായ്.. പറ്റിച്ചേ.. നിനക്കു ചുണയുണ്ടെങ്കിൽ എന്നെയൊന്നു പിടിക്കാൻ നോക്ക്' അങ്ങനെ, മീൻ്റെ സൂത്രം മുക്കുവൻ്റെ അടുത്തു നടന്നില്ല. മീൻ കുട്ടയിൽ കിടന്നു പിടച്ചു. Written by Binoy T

(653) മുയലും നായയും

 ഒരു കാട്ടുമുയൽ ക്യാരറ്റ് തിന്നാൻ വേണ്ടി കാടിറങ്ങി നാട്ടിലെ കൃഷിയിടത്തിലേക്ക് ഇറങ്ങി. അന്നേരം, ദൂരെ നിന്നും തെരുവുനായുടെ കണ്ണിൽ തടിച്ചുകൊഴുത്ത മുയൽ മിന്നി. അവൻ പതുങ്ങി വന്ന് ചാടിയെങ്കിലും തലനാരിഴയ്ക്ക് ചാട്ടം പിഴച്ചു. മുയൽ അതിവേഗം, എങ്ങനെയും തിരികെ കാടുപിടിക്കാനായി പാഞ്ഞു. നായ പിറകെയും. എന്നാൽ, മുയൽ, നേരെ ഓടാതെ വെട്ടിച്ച് ഓടിയതിനാൽ നായ അണച്ചു. അങ്ങനെ, മുയൽ കാടിനുള്ളിലേക്ക് കയറി ഒളിച്ചു. അവൻ തിരികെ ക്ഷീണിതനായി മടങ്ങവേ, ഈ കാഴ്ച കണ്ടുകൊണ്ട് വലിയ മരച്ചുവട്ടിൽ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. അയാൾ നായെ പരിഹസിച്ചു - "വെറും നിസ്സാരക്കാരനായ മുയലിനു മുന്നിൽ വീരശൂരപരാക്രമിയായ നീ പരാജയപ്പെട്ടിരിക്കുന്നു!" നായ ഒട്ടും മടിക്കാതെ പറഞ്ഞു - "ഞാൻ ഓടിയത് ഒരു നേരത്തേ ആഹാരത്തിനാണ്. പക്ഷേ, മുയൽ ഓടിയത് അതിൻ്റെ ജീവൻ രക്ഷിക്കാനാണ്. ആഹാരം നഷ്ടമായാൽ പിന്നെയും എനിക്കു കിട്ടും. എന്നാലോ? മുയലിന് സ്വന്തം ജീവൻ പോയാൽ ഒരിക്കലും തിരിച്ചു കിട്ടില്ല. അതുകൊണ്ടാണ് എനിക്ക് മുയലിനെ തോൽപ്പിക്കാൻ പറ്റാഞ്ഞത്" നായുടെ ആ ഉത്തരത്തിൽ വൃദ്ധൻ തൃപ്തനായതിനാൽ അയാൾ ചിരി നിർത്തി പിന്നൊന്നും മിണ്ടിയില്ല. ഗുണപാഠം - സ്വന്തം

(652) ചെന്നായും വളർത്തുനായും

  കാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു അത്. അതിനാൽ വന്യ മൃഗങ്ങളുടെ ശല്യം കൃഷിയിടങ്ങളിൽ പതിവായിരുന്നു. അതു കൊണ്ട്, തോട്ടത്തിൻ്റെ ഉടമ ഒരു കാവൽമാടം ഉണ്ടാക്കി അതിനുള്ളിൽ തൻ്റെ വളർത്തുനായയെ അടച്ചിടും. രാത്രിയിൽ മൃഗങ്ങൾ വന്നാൽ അവൻ ശക്തിയായി കുരയ്ക്കും. അതുകേട്ട്, മൃഗങ്ങൾ സാധാരണയായി അവിടം വിടും. അഥവാ, പോയില്ലെങ്കിൽ യജമാനൻ തോക്കുമായി വന്ന് വെടി പൊട്ടിക്കുമ്പോൾ അവറ്റകൾ ഒഴിഞ്ഞു പോകും. പക്ഷേ, ഒരു രാത്രിയിൽ- നായ മുകളിൽ നിന്നും താഴേക്കു ചാടി പറമ്പിലൂടെ നടന്ന് ക്ഷീണിച്ചപ്പോൾ കാവൽമാടത്തിനു താഴെ കിടന്നുറങ്ങി. അന്നേരം ഒരു ചെന്നായ അവൻ്റെ തൊട്ടു മുന്നിലെത്തി. അത്, അവനെ കടിച്ചു തിന്നാനായി ഒരുങ്ങിയപ്പാൾ വളർത്തുനായ പറഞ്ഞു - "ഞാൻ ഇപ്പോൾ മെലിഞ്ഞ് ക്ഷീണിതനാണ്. അടുത്ത ഒരു മാസം നീണ്ടു നിൽക്കുന്ന കല്യാണം എൻ്റെ യജമാനൻ്റെ വീട്ടിൽ നടക്കുകയാണ്. അന്നേരം, ഞാൻ തടിച്ചുകൊഴുക്കും. നിനക്ക് അതൊരു നല്ല ശാപ്പാടാകും. മാത്രമല്ല, എനിക്ക് കൊതി തീരുവോളം ഇറച്ചി തിന്നിട്ട് ചാകാമല്ലോ '' നായുടെ നിർദ്ദേശം നല്ലതാണെന്നു ചെന്നായ്ക്കു തോന്നിയതിനാൽ അതു മടങ്ങി. പിന്നെ, ഒരു മാസം കഴിഞ്ഞ് ചെന്നായ വന്നപ്പോൾ അടച്ചിട്ട കാവൽമാടത

(651) രാജാവും ശകുനവും

സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന സമയം. ആ ദേശത്ത്, ശകുനി എന്നു നാട്ടുകാരെല്ലാം കളിയാക്കി വിളിച്ചിരുന്ന സാധുവായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളെ കണ്ടാൽ അന്നത്തെ ദിവസം തുലഞ്ഞു എന്നാണു പലരും ധരിച്ചിരുന്നത്. ചിലർ കൊട്ടാരത്തിൽ വന്നു പറഞ്ഞു - "ഇയാൾ നമ്മുടെ രാജ്യത്തെ നശിപ്പിക്കും. രാജാവ് അയാളെ നാടുകടത്തട്ടെ"  മാത്രമല്ല, കൊട്ടാരനിവാസികളും ഇതേപ്പറ്റി മോശമായി പറയുന്നതു കേട്ടപ്പോൾ രാജാവിന് അയാളെ കാണണമെന്ന് കൗതുകമുണ്ടായി.  അയാൾ രാജാവിനെ മുഖം കാണിച്ചു. പക്ഷേ, രാജാവിന് പ്രത്യേകിച്ച് യാതൊരു നടപടിയും ആ മനുഷ്യനെതിരെ എടുക്കാൻ തോന്നിയില്ല. അതിനാൽത്തന്നെ, ശകുനിയെ വിട്ടയച്ചു. പക്ഷേ, അന്നേ ദിവസം കൊട്ടാരത്തിൻ്റെ ഗോവണിപ്പടികൾ അശ്രദ്ധമായി ഇറങ്ങവേ, രാജാവിൻ്റെ വലതുകാൽപാദം ഉളുക്കി. അപ്പോഴാണ്, നാട്ടുകാർ പറയുന്നതിൽ ഗൗരവമുള്ള കാര്യമുണ്ടെന്നു രാജാവിനു മനസ്സിലായത്. "ആരവിടെ! അപകടകാരിയായ ആ മനുഷ്യനെ ഇന്നുതന്നെ വധിച്ചു കളയുക!" അന്നേരം, അതു ശ്രദ്ധിച്ച രാജപണ്ഡിതൻ പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ മനുഷ്യൻ ഇന്ന് അതിരാവിലെ രാജാവിനെയാണു കണി കണ്ടത്. അതിൻ്റെ ഫലം കാലുളുക്കിയതിനേക്കാൾ ഭീകരമാണ്- വധശി

(650) വൃദ്ധയുടെ അത്യാർത്തി

  പണ്ടുപണ്ട്, ഒരു നാട്ടിലെ വൃദ്ധ ചന്തയിൽ നിന്നും കുറെ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. നല്ലൊരു കോഴിക്കൂടും പണിത് അവറ്റകളെ നന്നായി പരിപാലിച്ചു പോന്നു. കോഴികൾ വലുതായി. അതിൽ, ഒരു പിടക്കോഴി മാത്രം മുട്ടയിടാൻ തുടങ്ങി. എന്നാൽ, മറ്റു പിടക്കോഴികളൊന്നും മുട്ടയിടുന്നില്ല. അതിനിടയിൽ, ഏതാനും പൂവൻകോഴികൾ നീട്ടി കൂവുന്നതു കണ്ടപ്പോൾ വൃദ്ധ ചിന്തിച്ചു - തനിക്കു മുട്ട തരാൻ ശേഷിയില്ലാത്ത ഇതിനെയൊക്കെ എന്തിനു തീറ്റിപ്പോറ്റണം? ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓരോ പൂവൻകോഴിയെയും കൊന്നു തിന്നുകൊണ്ടിരുന്നു. പിന്നെ, മുട്ടയിടാത്ത പിടക്കോഴികളെ വൃദ്ധ ശപിച്ചു കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് പിടക്കോഴികളെയും ഓരോന്നായി കറിവച്ചു. അങ്ങനെ, വൃദ്ധയ്ക്ക് ഇപ്പോൾ ഒരു പിടക്കോഴി മാത്രമായി. എല്ലാ ദിവസവും ഓരോ മുട്ട ആ സ്ത്രീക്കു കിട്ടിക്കൊണ്ടിരുന്നു. പിന്നെയും വൃദ്ധയുടെ അത്യാർത്തി അടങ്ങാതെ പിറുപിറുത്തു - "ഈ കോഴിക്ക് തീറ്റി കൂടുതൽ കൊടുത്താൽ ദിവസം രണ്ടു മുട്ട കിട്ടാനിടയുണ്ട്" ഏതു നേരവും ആ കോഴിക്ക് തീറ്റി കൊടുക്കുന്നതിലായി പിന്നെ ശ്രദ്ധ. ക്രമേണ, കോഴി തടിച്ചു കൊടുത്തു. മുട്ട രണ്ടെണ്ണം കിട്ടുന്നതിനു പകരം, ദിവസവും ഒന്നു പോലും കിട്ടാതായി. പോഷകസമൃദ്ധ

(649) യജമാനൻ്റെ വളർത്തുമൃഗങ്ങൾ

  ഒരു ദേശത്ത്, മികച്ച രീതിയിൽ കച്ചവടം ചെയ്തു വന്നിരുന്ന മനുഷ്യനുണ്ടായിരുന്നു. ഒരു ദിനം, കച്ചവടത്തിൽ വലിയ നഷ്ടമുണ്ടായി. അയാൾ അന്നു വീട്ടിലേക്കു മടങ്ങിയെത്തിയത് വല്ലാത്ത ദേഷ്യത്തിലാണ്. അയാൾ തൻ്റെ പോത്തിനെ കൊന്നു കറിവച്ചു. അന്നേരം,  മറ്റു വളർത്തു മൃഗങ്ങൾക്കു പേടിയൊന്നും തോന്നിയില്ല. അടുത്ത ദിനം ആടിനെ കറിവച്ചു. അന്നേരം, മറ്റുള്ള വളർത്തുമൃഗങ്ങൾ കരഞ്ഞു തുടങ്ങി. കോഴികളും മുയലുകളും ഒക്കെ കൂട്ടിൽ കിടന്ന് വെപ്രാളം പിടിച്ചു. പക്ഷേ, കൂട്ടിലായതിനാൽ അവറ്റകൾക്ക് രക്ഷപെടാനുള്ള യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നാൽ, യജമാനന് രണ്ടു വളർത്തു നായ്ക്കൾ ഉണ്ടായിരുന്നു. അവർ പരസ്പരം പറഞ്ഞു - "യജമാനൻ്റെ കോപം ശമിക്കുന്നതിനു മുൻപ്, നമ്മൾ ഉൾപ്പെടെ എല്ലാ വളർത്തുമൃഗങ്ങളും കൊല്ലപ്പെടുമെന്നു തോന്നുന്നു" ഉടൻതന്നെ, രണ്ടു നായ്ക്കളും ഒരുമിച്ച് ദൂരെ ദിക്കിലേക്ക് പാഞ്ഞു പോയി. അതിൻ്റെ അടുത്ത ദിനം - നായ്ക്കൾ ഇല്ലെന്നറിഞ്ഞ് മോഷ്ടാക്കൾ രാത്രിയിൽ ആ വീട് കൊള്ളയടിച്ച്, വിലപിടിച്ചതെല്ലാം കൊണ്ടുപോയി! ഗുണപാഠം - സ്വന്തം തോൽവികൾക്കു പകരമായി മറ്റുള്ളവരെ ബലിയാടാക്കരുത്. Written by Binoy Thomas, Malayalam eBooks - 649- Aesop -70-

(648) കോഴിപ്പോര്

  ഒരു വീട്ടുകാരൻ തൻ്റെ കോഴിക്കൂട്ടിൽ കുറെ മുട്ടക്കോഴികളെ വളർത്തിയിരുന്നു. അതുകൂടാതെ, ഒരു വെളുത്ത പൂവൻകോഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ, അവൻ നേതാവായി വിലസുന്ന കാലം. ഒരു ദിവസം, ആ പറമ്പിലേക്ക് ചെമ്പൻ നിറമുള്ള പൂവൻകോഴി രംഗപ്രവേശം ചെയ്തു. രണ്ടു പേരും പോർവിളി മുഴക്കി. വെള്ളക്കോഴി ചെമ്പനെ ഓടിച്ച് അടുത്ത പറമ്പിലേക്കു കടന്നു. പിന്നെ, പൊരിഞ്ഞ പോരാട്ടം നടന്നപ്പോൾ കുറെ നേരം കോഴികൾ രണ്ടും തുല്യ ശക്തികളായി നിന്നു. അന്നേരം, ഇരുവർക്കും തലയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. ചെമ്പൻ ഏന്തി വലിഞ്ഞ് ഒരു പാറയിടുക്കിലേക്കു കയറി തളർന്നു വീണു. ഉടൻതന്നെ, വെള്ളക്കോഴി പാറയുടെ ഏറ്റവും ഉയർന്ന ഭാഗത്തു കയറി വിജയം ഉറപ്പിച്ചു കൊണ്ട് നീട്ടിക്കൂവി - "കൊക്കരക്കോ!" അടുത്ത നിമിഷത്തിൽ, ഒരു കഴുകൻ ഈ പൂവൻകോഴിയെ റാഞ്ചി! ഗുണപാഠം - വിജയങ്ങളിൽ അഹങ്കരിക്കുന്നത് നല്ല പ്രവണതയല്ല! Written by Binoy Thomas, Malayalam eBooks-648- Aesop - 69 PDF - https://drive.google.com/file/d/1ePfgyb_kQdrvN9KLrtpsnXhfq6uhF4II/view?usp=drivesdk

(647) പാമ്പിൻ്റെ നന്ദിപ്രകടനം

 ആ മനുഷ്യന് ഒന്നിനെയും പേടിയില്ലായിരുന്നു. അതിനാൽ, വന്യമൃഗങ്ങളുടെ വിഹാരമായിരുന്ന വനത്തിൽ പോയി വിറകു ശേഖരിക്കാൻ എന്നും അയാൾ പോകും. ഒരു ദിവസം - മരം കോച്ചുന്ന തണുപ്പും മഞ്ഞും ഉണ്ടായിരുന്നതിനാൽ കമ്പിളി വസ്ത്രമായിരുന്നു അവൻ ധരിച്ചിരുന്നത്. തിരികെ വരുന്ന വഴിയിൽ ഒരു പാമ്പിൻകുഞ്ഞ് മരവിച്ച് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടപ്പോൾ അലിവു തോന്നി. തൻ്റെ കമ്പിളിയുടെ തുമ്പിൽ അതിനെ പൊതിഞ്ഞു. കുറെ ദൂരം കഴിഞ്ഞപ്പോൾ പാമ്പിന് അനക്കം വച്ചു. അയാൾ കൈ കൊണ്ട് നിലത്തു വച്ചതും പാമ്പ് ആഞ്ഞു കൊത്തി! എന്നിട്ട്, കരിയിലക്കിടയിൽ മറഞ്ഞു. അയാളുടെ കണ്ണിൽ ഇരുട്ടു കയറി. ഗുണപാഠം - ഉഗ്രവിഷമുള്ളവരെ ആപത്തിൽപ്പോലും സഹായിക്കരുത്. Written by Binoy Thomas, Malayalam eBooks - 647- Aesop Story Series - 68 PDF file - https://drive.google.com/file/d/13QALaam-Vrt0luc1Y5xsN996JoNE4-xh/view?usp=drivesdk

(646) പാമ്പിനു പറ്റിയ അമളി

ഒരു മഴക്കാലത്ത്, പാമ്പിൻ്റെ മാളത്തിൽ വെള്ളം കയറി. അതു കൊണ്ട്, വാസസ്ഥലം തേടി ഇഴഞ്ഞ് ഒരു മരപ്പണിശാലയിൽ എത്തി. ഒരു മൂലയിലെ തടിക്കിടയിൽ ഒളിച്ചിരിക്കാമെന്നു വിചാരിച്ച് നീങ്ങിയപ്പോൾ അവിടെ വച്ചിരുന്ന ആശാരിയുടെ ഉളിയുടെ മൂർച്ചയേറിയ അറ്റത്ത് അതിൻ്റെ വാലു തട്ടി മുറിഞ്ഞു. പാമ്പുകൾ, സാധാരണയായി ദേഷ്യം വരുമ്പോൾ ചെയ്യുന്ന പോലെ ആ നിമിഷംതന്നെ ഉളിയുടെ അറ്റത്ത് ആഞ്ഞു കൊത്തി. മുഖത്ത്, ചോര പടർന്നപ്പോൾ പാമ്പ് വിചാരിച്ചത് - ശത്രുവിൻ്റെ ചോരയാണെന്ന്! പിന്നെയും ദേഷ്യത്തിൽ ആഞ്ഞു കൊത്തിയപ്പോൾ വിഷപ്പല്ല് അടർന്നു പോയി. ശത്രു ഭയങ്കരനാണെന്നു പേടിച്ച് മഴയത്ത് ഇറങ്ങി പാമ്പ് ദൂരേയ്ക്ക് വേഗം ഇഴഞ്ഞു പോയി. ഗുണപാഠം - കോപിക്കുമ്പോൾ സ്വയമായും മറ്റുള്ളവർക്കും മുറിവേല്പിക്കപ്പെടുന്നു. Written by Binoy Thomas, Malayalam eBooks -646-Aesop fables-67 PDF file - https://drive.google.com/file/d/13G3bt046S717th8s8bIymdGd_PyQ00mT/view?usp=drivesdk

(645) കഴുതയുടെ വാൽസല്യം

  ഒരു യജമാനൻ തൻ്റെ വീട്ടിലേക്കുള്ള ചുമടുകൾ കൊണ്ടുവരാനായി കഴുതയെ വളർത്തിയിരുന്നു. അയാൾ വളരെ നന്നായി കഴുതയ്ക്കു തീറ്റിയും കൊടുത്തിരുന്നു. അങ്ങനെയിരിക്കെ, യജമാനൻ ഒരു നായയെ വീട്ടിൽ വളർത്താൻ തുടങ്ങി. ആ നായ യജമാനനോടു സ്നേഹം പ്രകടിപ്പിക്കുന്നതും വീടിനുള്ളിലൂടെ നടന്ന് കട്ടിലിൽ കുത്തിമറിയുന്നതും യജമാനൻ്റെ വാൽസല്യവും കഴുത അസൂയയോടെ നോക്കി നിന്നു. കഴുത ചിന്തിച്ചു - ഇത്രയും വർഷം, താൻ യജമാനനു വേണ്ടി എല്ലുമുറിയെ പണിയെടുത്തിട്ടും അദ്ദേഹം എന്നോട് ഒരിക്കലും ഇത്രയും വാൽസല്യം കാട്ടിയിട്ടില്ലല്ലോ. അടുത്ത ദിവസം യജമാനൻ്റെ വീടിനുള്ളിലേക്ക് കഴുത ആദ്യമായി പ്രവേശിച്ചു. അവിടെ നായ കാണിച്ച പോലെ കട്ടിലിൽ ചാടിക്കയറി. യജമാനൻ ദേഷ്യത്തോടെ ഓടി വന്നപ്പോൾ നായയുടെ വാൽസല്യ പ്രകടനങ്ങൾ പോലെ തുടങ്ങി. കൈകൾ കൊണ്ട് അയാളുടെ ദേഹത്തു ചാടിക്കയറാൻ ശ്രമിച്ചു. ഉടൻ, അയാൾ ഒരു വടിയെടുത്ത് കഴുതയെ പൊതിരെ തല്ലി. അതോടെ, കഴുത ആ മോഹം ഉപേക്ഷിച്ചു. ഗുണപാഠം - സ്വയം തിരിച്ചറിവ് എത്ര നേരത്തേ ആകുന്നുവോ അത്രയും നന്ന്. Written by Binoy Thomas, Malayalam eBooks- 645- Aesop story series-66 PDF file - https://drive.google.com/file/d/1ZGcBbplMnGdinFmKwz9j6jF

(644) കുറുക്കനും കാക്കയും

  ഒരു ദേശത്ത്, കുട്ടികൾ നെയ്യപ്പം തിന്നു കൊണ്ട് വീട്ടുമുറ്റത്തെ മരച്ചുവട്ടിലിരിക്കുകയായിരുന്നു. ഇത് കൊതിയൻകാക്ക കാണാനിടയായി. അവൻ പാത്തും പതുങ്ങിയും കുറച്ചു നേരം മരത്തിലിരുന്നു. കുട്ടികളുടെ ശ്രദ്ധ കുറഞ്ഞ സമയത്ത്, ഒരു കുട്ടിയുടെ നെയ്യപ്പം, കാക്ക കൊത്തിയെടുത്ത് കുറെ ദൂരത്തേക്കു പറന്നു പോയി. അവൻ, പക്ഷിശല്യമില്ലാത്ത മരക്കൊമ്പിൽ ചെന്നിരുന്നു. കാലുകൊണ്ട് നെയ്യപ്പം ചവിട്ടിപ്പിടിച്ച്, കൊത്തിത്തിന്നാൻ തുടങ്ങിയപ്പോൾ താഴെ നടന്നു വന്ന കുറുക്കൻ അതു കണ്ട്, വായിൽ വെള്ളമൂറി. സൂത്രക്കാരനായ കുറുക്കൻ പറഞ്ഞു - "ഹോ! നിങ്ങൾ കാക്കകളുടെ നൃത്തം വലിയ കേമമാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, എനിക്ക് ഇതുവരെ കാണാൻ പറ്റിയിട്ടില്ല" ആ മുഖസ്തുതിയിൽ കാക്ക അഹങ്കരിച്ച് നൃത്തം ചവിട്ടിത്തുടങ്ങി. പക്ഷേ, നെയ്യപ്പം താഴെ വീഴുമെന്നു കരുതിയ കുറുക്കനു തെറ്റി. കാക്ക നെയ്യപ്പം വായിൽ കടിച്ചു പിടിച്ചിട്ടുണ്ടായിരുന്നു. അന്നേരം, കുറുക്കൻ മറ്റൊരു സൂത്രം പ്രയോഗിച്ചു. "ഹൊ! നിൻ്റെ നൃത്തം അപാരം തന്നെ! ഇതിനൊപ്പം നിൻ്റെ പാട്ടുകൂടി കേൾക്കാൻ എനിക്കു കൊതിയാവുന്നു!" കാക്കയ്ക്ക് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും ഇരച്ചു കയറിയപ്പോൾ പ

(643) ചെന്നായും ആട്ടിൻകുട്ടിയും

  ഒരിക്കൽ, ആട്ടിൻപറ്റത്തിൽ ഒരു കുഞ്ഞാട് അല്പം വികൃതിയായിരുന്നു. അത്, കൂട്ടം തെറ്റി തുള്ളിക്കളിച്ചു നടന്നപ്പോൾ ഒരു നദിക്കരയിലെത്തി. അതു വഴി വന്ന ചെന്നായ ആട്ടിൻകുട്ടിയെ കണ്ട മാത്രയിൽ കൊന്നു തിന്നാമെന്നു മനസ്സിൽ കണ്ടു. എന്നാൽ, തിന്നുന്നതിനു മുൻപ്, അതിനെ എന്തെങ്കിലും ന്യായം ബോധിപ്പിച്ചു കളയാമെന്നു ചെന്നായ വിചാരിച്ചു. ചെന്നായയെ കണ്ട മാത്രയിൽ ആട്ടിൻകുഞ്ഞു പേടിച്ചു വിറച്ചു. "ഞാൻ കുടിക്കുന്ന ഈ നദിയിലെ വെള്ളം നീ കലക്കിയത് ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല" ഉടൻ, ആട്ടിൻകുട്ടി പറഞ്ഞു - "ഞാൻ വെള്ളം കുടിക്കുന്നത് ഈ നദിയുടെ താഴ്‌വരയിൽ നിന്നാണ്. അങ്ങു കുടിച്ചു കഴിഞ്ഞു താഴോട്ടു വരുന്ന വെള്ളമാണത്" പിന്നെ, ചെന്നായ അടവു മാറ്റി - "ഞാൻ മേഞ്ഞു നടക്കുന്ന പുൽമേട് ആണിത്. ഇവിടെ നിന്നും നീ പുല്ലു തിന്നുന്നത് എനിക്ക് അംഗീകരിക്കാനാവില്ല'' ആട്ടിൻകുട്ടി: "അയ്യോ! ഞാൻ അമ്മയുടെ പാലു മാത്രം കുടിക്കുന്ന ഇളംപ്രായത്തിലാണ്. പച്ചവെള്ളം കുടിക്കാൻ ഇനിയും തുടങ്ങിയിട്ടില്ല" ചെന്നായ മറ്റൊരു വാദം ഉന്നയിച്ചു - "കഴിഞ്ഞ വർഷം നീ അകലത്തു നിന്നു കൊണ്ട് കളിയാക്കിയതിനുള്ള ശിക്ഷ ഒഴിവാക്കാൻ പറ്റില്ല

(642) കീരിയും വവ്വാലും

  ഒരു വേടൻ വവ്വാലിനെ കെണിയിൽ കുടുക്കാൻ ശ്രമിച്ചപ്പോൾ പരിക്കോടെ അതു രക്ഷപെട്ടു. പക്ഷേ, പലപ്പോഴും മരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ഉറങ്ങുമ്പോൾ താഴെ വീഴുന്നതു പതിവായി. ഒരു ദിനം - വവ്വാൽ താഴെ വീണപ്പോൾ കീരി അതിനെ പിടിച്ചു. ജീവിക്കാൻ അനുവദിക്കണമെന്ന് നിലവിളിച്ചപ്പോൾ കീരി പറഞ്ഞു - "നിങ്ങൾ പക്ഷി വർഗ്ഗം ഞങ്ങളുടെ ശത്രുക്കളാണ് !" ഉടനെ, വവ്വാൽ പറഞ്ഞു - "ഞാൻ പക്ഷിയല്ലാ, എലിവർഗ്ഗമാണ് " അതു ശരിയെന്നു തോന്നിയതിനാൽ കീരി വിട്ടയച്ചു. വവ്വാൽ ദൂരെ ദിക്കിലേക്കു പറന്നു. മറ്റൊരു ദിവസം അവിടെയുള്ള മരത്തിൽ നിന്നു താഴെ വീണപ്പോൾ ഒരു വലിയ കീരിയുടെ പിടിയിലായി. അപ്പോഴും വവ്വാൽ തന്നെ വിട്ടയയ്ക്കണമെന്നു നിലവിളിച്ചു. അന്നേരം, കീരി ദേഷ്യപ്പെട്ടു - "നിങ്ങൾ എലിക്കൂട്ടങ്ങൾ ഞങ്ങളുടെ ശത്രുക്കളാണ്'' പെട്ടെന്ന്, വവ്വാൽ ബോധിപ്പിച്ചു - "അയ്യോ! ഞാൻ പക്ഷി വർഗ്ഗത്തിലെ അംഗമാണ്'' അതു നേരാണെന്നു തോന്നിയ കീരി പിടിവിട്ടു. വീണ്ടും വവ്വാൽ ദൂരെ ദേശത്തേക്കു പറന്നു. ഗുണപാഠം - ഏതു തരത്തിലുമുള്ള പ്രതികൂല അവസ്ഥകളെയും അവസരത്തിനൊപ്പിച്ചു നേരിടുന്നവൻ വിജയിക്കും. Written by Binoy Thomas. Malayalam eBooks

(641) പുൽച്ചാടികളും കഴുതയും

  കാട്ടിലൂടെ, കഴുത പുല്ലുതിന്നു നടക്കുന്ന സമയം. അന്നേരം, ഒരു പറ്റം പുൽച്ചാടികൾ മധുരമായ സ്വരം പുറപ്പെടുവിക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. കഴുത അവരോടു ചോദിച്ചു - "നിങ്ങൾക്ക്  ഇത്രയും നല്ല ശബ്ദമാധുര്യം കിട്ടാൻ വേണ്ടി എന്താണു കഴിക്കുന്നത്?" അവർ പറഞ്ഞു - "ഞങ്ങൾ പ്രഭാത മഞ്ഞിൻ കണങ്ങൾ കഴിക്കും" കഴുതയ്ക്കു വലിയ ഉൽസാഹം തോന്നി. നല്ല ശബ്ദം വരുന്നതുവരെ അവൻ മഞ്ഞു തുള്ളികൾ മാത്രം കഴിക്കാമെന്നു തീരുമാനിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഴുത കുഴഞ്ഞു വീണു. ഗുണപാഠം - ഒരുവനു ചേരുന്നതു മാത്രം സ്വീകരിക്കാൻ പഠിക്കുക. Written by Binoy Thomas. Malayalam eBooks-641- Aesop Stories - 62 PDF file - https://drive.google.com/file/d/1DQ5n48SL4uFnksCvg_4YUVNUGM5xaeYp/view?usp=drivesdk

(640) എലിയുടെ പ്രത്യുപകാരം

  ഗുഹയിൽ ഉറങ്ങുകയായിരുന്ന സിംഹത്തിൻ്റെ മേൽ ഒരു എലി അബദ്ധത്തിൽ വന്നു വീണു. സിംഹത്തിനു കലശലായ ദേഷ്യം വന്നു. എലിയുടെ വാലിൽ സിംഹത്തിനു പിടിത്തം കിട്ടി. എലിയെ അടിച്ചു കൊല്ലുമെന്ന് പേടിച്ച് അവൻ നിലവിളിച്ചു - "മൃഗരാജൻ, ഗുഹയുടെ മുകളിലൂടെ പാഞ്ഞു പോയപ്പോൾ പിടിവിട്ട് അബദ്ധത്തിൽ അങ്ങയുടെ ദേഹത്ത് വീണുപോയതാണ്, എന്നോടു മാപ്പാക്കണം!" എലിയുടെ മേൽ സിംഹത്തിന് അലിവു തോന്നി പിടി വിട്ടു. അപ്പോൾ, എലി പറഞ്ഞു - "എൻ്റെ ജീവൻ രക്ഷിച്ചതിനു പകരമായി അങ്ങേയ്ക്കും ഇതുപോലെ പ്രത്യുപകാരം ഞാൻ ചെയ്തു കൊള്ളാം" സിംഹം അതു കേട്ട് പൊട്ടിച്ചിരിച്ചു - "എന്ത്? ഇത്തിരിക്കുഞ്ഞനായ നീ എന്നെ രക്ഷിക്കുമെന്നോ?" എലി പിന്നെയൊന്നും മിണ്ടാതെ അവിടന്നു പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വേടൻ വിരിച്ച വലയിൽ സിംഹം കുടുങ്ങി. സിംഹം പിടഞ്ഞപ്പോൾ വല കൂടുതൽ മുറുകി. അന്നേരം, എലി അതുവഴി ഓടിയെത്തി കുറെ നേരമെടുത്ത് വലകൾ ഓരോന്നായി കടിച്ചു മുറിച്ച് സിംഹത്തെ രക്ഷപ്പെടുത്തി. സിംഹം അത്ഭുതത്തോടെയും നന്ദിയോടെയും നിൽക്കുമ്പോൾ അവൻ പറഞ്ഞു - "അങ്ങയെ രക്ഷിക്കുമെന്ന് ഞാൻ അന്നേ പറഞ്ഞതാണല്ലോ!" ഗുണപാഠം - ഉപകാരം ചെയ്യാനുള്ള മനസ്സി

(639) കൊല്ലനും അലക്കുകാരനും

  ഒരു ദേശത്ത്, ആല സ്വന്തമായി നടത്തുന്ന കൊല്ലൻ ഉണ്ടായിരുന്നു. അതേ ദേശത്തു തന്നെ ഉള്ള അലക്കുകാരൻ അയാളുടെ സുഹൃത്തായിരുന്നു. ഒരു ദിവസം, കൊല്ലൻ അലക്കുകാരനോടു പറഞ്ഞു - "നീ ഇപ്പോൾ താമസിക്കുന്ന വീടിന് വലിയ വാടകയാണല്ലോ. എൻ്റെ കൂടെ താമസിച്ചാൽ നിനക്കു ലാഭമാകും!" ഉടൻ, അലക്കുകാരൻ അതു നിരസിച്ചു - "ഞാൻ വെളളത്തുണികൾ അലക്കി വിരിക്കുമ്പോൾ നിൻ്റെ ആലയിലെ കൽക്കരി കത്തുന്ന പുക എൻ്റെ തുണികളെ കറപിടിപ്പിക്കും'' ഗുണപാഠം- സമാനമായ മനോഭാവമുള്ളവർക്കേ ഒന്നിച്ചു നീങ്ങാനാകൂ. Written by Binoy Thomas. Malayalam eBooks-639-Aesop Stories-60 PDF file - https://drive.google.com/file/d/1n96HDtV_synsLKZVI1xh-rtJj9_E8hwb/view?usp=drivesdk

(638) വിറകുവെട്ടുകാരൻ്റെ മക്കൾ

  വനത്തിനോടു ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു അത്. അവിടെ, ജീവിച്ചിരുന്ന വിറകുവെട്ടുകാരന് നാലു മക്കളുണ്ട്. പക്ഷേ, നാലുപേരും പരസ്പരം എപ്പോഴും വഴക്കു കൂടുന്നത് സാധാരണയായി. വിറകുവെട്ടുകാരൻ വല്ലാതെ വ്യസനിച്ചു. പല രീതിയിൽ ശാസിച്ചും ഉപദേശിച്ചും ഒക്കെ നോക്കിയിട്ടും യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ, മറ്റൊരു രീതിയിൽ ഈ സംഗതിയെ സമീപിച്ചു - അവർ നാലുപേരോടും വലിയ ഒരു കെട്ട് വിറക് ഒന്നായി കെട്ടി കൊണ്ടുവരാൻ അയാൾ ആവശ്യപ്പെട്ടു. നാലു മക്കളും വനത്തിലേക്കു പോയി. ഏതാനും മണിക്കൂർ സമയം കഴിഞ്ഞപ്പോൾ അവർ വലിയ കെട്ടുവിറക് വീട്ടുമുറ്റത്ത് എത്തിച്ചു. അന്നേരം, അപ്പൻ മക്കളെ ഓരോ ആളിനോടും പറഞ്ഞു - "ഈ വിറകുകെട്ടിൽ നിന്ന് കയർ അഴിക്കാതെ ഒരു വിറകു കഷണം വലിച്ച് ഊരിയെടുക്കുക" നാലു മക്കളും ഓരോ പ്രാവശ്യവും വലിച്ചിട്ടും വിറക് വിട്ടു പോന്നില്ല. കാരണം, കയർ നന്നായി വലിച്ചുകെട്ടിയിരുന്നു. അന്നേരം, അയാൾ പറഞ്ഞു - "ഇനി, കയർ അഴിച്ചിട്ട് ഓരോ വിറകും ഓരോ ആളും എടുത്തോളൂ'' അവർ പെട്ടെന്ന് വിറക് കയ്യിലെടുത്തു. അപ്പോൾ അപ്പൻ തുടർന്നു - "മക്കളെ,  വിറകു കൂട്ടം ഒന്നിച്ച് ബലമായിരുന്നപ്പോൾ നിങ്ങൾ പരാജയപ്പെട്ടു. എന്നാൽ, കെ

(637) ബാലനും തേളും

 ആ ബാലൻ ജീവിച്ചു വന്നിരുന്നത് ഒരു കാട്ടുപ്രദേശത്തായിരുന്നു. വെട്ടുക്കിളികളെ (Locust) പിടിച്ചു വറുത്തു തിന്നുന്നത് അവിടെയുള്ളവരുടെ പ്രധാന ആഹാരമായിരുന്നു. പതിവുപോലെ ബാലൻ വെട്ടുക്കിളികളെ പിടിച്ചു കൂടയിൽ ഇടുകയായിരുന്നു. അവറ്റകൾ ധാരാളം ഉണ്ടായിരുന്നതിനാൽ അവൻ വളരെ വേഗത്തിൽ അതിനെയെല്ലാം പിടിച്ചു കൊണ്ടിരുന്നു. അതിനിടയിൽ, അവൻ വെട്ടുക്കിളിയെന്നു കരുതി കൈ നീട്ടിയതും - പെട്ടെന്ന് കൈ വലിച്ചു! അതൊരു തേളായിരുന്നു! തേൾ വിഷം നിറച്ച കൊമ്പു നീട്ടി അവനു താക്കീതു നൽകി - "എന്നെ തൊട്ടാൽ നിന്നെ കുത്താതെ പോകാൻ എനിക്കു പറ്റില്ല. അങ്ങനെ വന്നാൽ, നിനക്ക് എന്നെയും നീ പിടിച്ച വെട്ടുക്കിളികളേയും നഷ്ടപ്പെടുമായിരുന്നു!" ഗുണപാഠം - വേണ്ടത്ര ആലോചനയില്ലാതെ വേഗത്തിൽ തീരുമാനമെടുക്കുന്നത് നന്നല്ല. Malayalam eBooks - 637-Aesop-58 written by Binoy Thomas, PDF file - https://drive.google.com/file/d/1JRzzB5OvEnFJL_KyUzJYvdpR5RqZu1ry/view?usp=drivesdk

(636) കോഴിയും വജ്രവും

  ഒരിക്കൽ, പൂവൻകോഴി തീറ്റി തേടി മണ്ണു ചിക്കിച്ചികയുകയായിരുന്നു. അതിനിടയിൽ, കൂർത്ത നഖമുള്ള കാലിൽ തിളക്കമുള്ള എന്തോ ഒന്നു തട്ടി. അവൻ ശക്തിയായി ചികഞ്ഞപ്പോൾ അത് മണ്ണിൽ നിന്നും പൊങ്ങി വന്നു. വലിയ ഒരു വജ്രക്കല്ല്! അന്നേരം, പൂവൻകോഴി വജ്രത്തെ നോക്കി പറഞ്ഞു - "എൻ്റെ യജമാനൻ നിന്നെ കണ്ടിരുന്നെങ്കിൽ വലിയ നേട്ടമായി ആഹ്ലാദിച്ച് തുള്ളിച്ചാടുമായിരുന്നു. എന്നാൽ, നീ എത്രമാത്രം വിലപിടിച്ചതാണെങ്കിലും എനിക്ക് യാതൊരു പ്രയോജനവുമില്ല. കേവലം, ഒരു നെന്മണിയാണ് നിന്നേക്കാൾ എനിക്കു വലുത്!" ഗുണപാഠം - ഒരു കാര്യം അമൂല്യമാണെന്ന് മനസ്സിലാക്കണമെങ്കിൽ അത് അർഹിക്കുന്നവർക്കു ലഭിക്കണം. Malayalam eBooks - 636- Aesop stories - 57- PDF file Written by Binoy Thomas - https://drive.google.com/file/d/1fVwwDl96GvGHpY_9SY_p5s2iih2ip_kd/view?usp=drivesdk

(635) സിംഹത്തിൻ്റെ സമ്മേളനം

  ഒരു ദിവസം, കാട്ടിലെ രാജാവായ സിംഹത്തിന് ഗുഹയിൽ വച്ച് ചില ആലോചനകൾ മനസ്സിലേക്കു വന്നു. ഈ കാട്ടിൽ എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിയേണ്ടതല്ലേ? സമാധാനത്തിൻ്റെ അന്തരീക്ഷവും വേണ്ടതാണ്. അന്നേരംതന്നെ, ഗുഹയുടെ മുകളിൽ നിന്ന് സർവ്വ മൃഗസമ്മേളനത്തിനുള്ള സിംഹഗർജ്ജനം മുഴങ്ങി. ഉടൻ, മൃഗങ്ങളെല്ലാം അങ്ങോട്ടു പാഞ്ഞെത്തി. മൃഗരാജൻ്റെ പുതിയ തീരുമാനത്തിൽ എല്ലാവരും സന്തോഷിച്ചു. പക്ഷികൾ സംഗീതം ആലപിച്ചു. മയിലുകൾ പീലി വിരിച്ചു. കുരങ്ങന്മാർ മരച്ചില്ലകളിൽ തൂങ്ങിയാടി. എല്ലാ മൃഗങ്ങളും വർഗ്ഗം നോക്കാതെ ഒന്നിച്ചു നൃത്തമാടി. അതിനിടയിൽ, മുയൽ തൻ്റെ അടുത്തു നൃത്തമാടുന്ന ചെന്നായയെ നോക്കിയപ്പോൾ അവൻ വിശന്നിട്ട് കോട്ടുവായ കാട്ടുന്നുണ്ട്! പെട്ടെന്ന്, മുയൽ വിളിച്ചുകൂവി - "വർഗമോ വലിപ്പമോ സ്ഥാനമോ നോക്കാതെ, എല്ലാവരും ഒത്തൊരുമിക്കുന്ന ഈ ദിനത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു!" ഇതു പറഞ്ഞിട്ട്, മുയൽ ജീവനും കൊണ്ട് ദൂരെ ദിക്കിലേക്കു പാഞ്ഞു! ഗുണപാഠം - നടപ്പാക്കാൻ പറ്റാത്ത ആശയങ്ങൾ എഴുന്നെള്ളിച്ച് ഉന്നത സ്ഥാനത്തുള്ളവർ വെറുതെ കയ്യടിയും പ്രശംസയും വാങ്ങുന്നു. Malayalam eBooks- 635-Aesop-56 PDF file written by Binoy Thomas - ht

(634) കൊക്കും കുറുക്കനും

  ഒരിക്കൽ, കുറുക്കൻ ആർത്തിയോടെ മാംസം കടിച്ചു വലിക്കുകയായിരുന്നു. അതിനിടയിൽ എല്ലിൻ കഷണം അവൻ്റെ തൊണ്ടയിൽ കുരുങ്ങി. തനിക്ക് അറിയാവുന്ന വിദ്യകൾ എല്ലാം പയറ്റി നോക്കിയിട്ടും എല്ല് അവിടത്തന്നെ കോർത്തിരുന്ന് അനങ്ങിയില്ല. ഒടുവിൽ, സഹായത്തിനായി കൊക്കിനെ സമീപിച്ചു. "എൻ്റെ തൊണ്ടയിലെ എല്ലുകഷണം നിൻ്റെ നീണ്ട കൊക്കു കൊണ്ട്, ദയവായി എടുത്തു തരണം" അന്നേരം, കൊക്ക് പേടിച്ച് ഒഴിഞ്ഞുമാറി. കാരണം, ഒരു കുറുക്കൻ്റെ വായിൽ കൊക്കിട്ടാൽ അത് അപകടകരമാണ്. അതിൻ്റെ പേടി കണ്ടപ്പോൾ കുറുക്കൻ ഒരു വാഗ്ദാനം മുന്നോട്ടുവച്ചു - "നീ ഇത് എടുത്തുതന്നാൽ നിനക്ക് ആരും ഇതേ വരെ തന്നിട്ടില്ലാത്ത അമൂല്യമായ പ്രതിഫലം ഞാൻ തരുന്നതാണ്!" സ്വപ്നതുല്യമായ പാരിതോഷികം എന്നു കേട്ടപ്പോൾ ആ പക്ഷി തൻ്റെ നീണ്ട കൊക്ക് കുറുക്കൻ്റെ തൊണ്ടയിൽ കടത്തി എല്ല് എടുത്തു പുറത്തു കളഞ്ഞു. തുടർന്ന്, കൊക്ക് പ്രതിഫലം ആവശ്യപ്പെട്ടു. ഉടൻ, കുറുക്കൻ പരിഹസിച്ചു - "ഒരു കുറുക്കൻ്റെ വായിൽ കൊക്കു കടത്തിയ ഒരു പക്ഷിയെ ഒന്നും ചെയ്യാതെ വെറുതെ വിട്ടതാണ് നിനക്കു തരാവുന്ന ഏറ്റവും വലിയ പാരിതോഷികം!" ഗുണപാഠം - ദുഷ്ടന്മാരെ സഹായിക്കാൻ നിൽക്കരുത്. കാര്യം കണ്ടുകഴിഞ്ഞ്

(633) മുക്കുവനും ഓടക്കുഴലും

  ഒരു മുക്കുവൻ മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഓടക്കുഴൽ ഒഴുകി വരുന്നതു ശ്രദ്ധയിൽ പെട്ടു. അവൻ കുറെ നാൾ അതുമായി പരിശീലനം നടത്തിയപ്പോൾ മനോഹരമായി പാട്ടു പാടാനായി. ഒരു ദിനം - തൻ്റെ ഓടക്കുഴൽ വായിച്ചാൽ മീനുകൾ വെള്ളത്തിനു മുകളിൽ നൃത്തം വയ്ക്കുമെന്ന് അയാൾക്കു തോന്നി. അതിനായി കായൽത്തീരത്ത് വലവിരിച്ച ശേഷം അടുത്തുള്ള പാറ മുകളിൽ ഇരുന്നു കൊണ്ട് ഉച്ചത്തിൽ സംഗീതം ആലപിച്ചു. എന്നാൽ, അവൻ ക്ഷീണിതനായതല്ലാതെ ഒരു മീൻ പോലും കിട്ടിയില്ല. ഉടൻ, ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി കായലിൽ പോയി വല വീശിയപ്പോൾ നിറയെ മൽസ്യങ്ങൾ വലയ്ക്കുള്ളിൽ പിടച്ചു. അന്നേരം, അവൻ പറഞ്ഞു - "ഞാൻ സുന്ദരമായി ഓടക്കുഴൽ വായിച്ചപ്പോൾ ഒരെണ്ണം പോലും നൃത്തം വച്ചില്ല. എന്നാൽ, ഇപ്പോൾ എല്ലാവരും ഒരുമിച്ചു നൃത്തം വയ്ക്കുന്നു!" ഗുണപാഠം - എല്ലാത്തിലും കഴിവുണ്ടെന്നു വിശ്വസിച്ച് മണ്ടൻ പരീക്ഷണങ്ങൾക്കു പിറകേ പോകരുത്. Malayalam eBooks-633-Aesop-54 PDF written by Binoy Thomas - https://drive.google.com/file/d/1VvW5ud-mzNw9i7hYPcQC6of3Slqk9L3r/view?usp=drivesdk

(632) ദേവതയും കുതിരവണ്ടിയും

  ഒരു കച്ചവടക്കാരൻ ചന്തയിൽ പോയിട്ടു മടങ്ങി വരികയായിരുന്നു. അവൻ്റെ കുതിരവണ്ടിയിൽ നിറയെ ചാക്കുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയിട്ടുണ്ട്. മൺപാതയിലൂടെ വന്ന വഴിയിൽ ഒരിടത്ത്, ചെളി നിറഞ്ഞ് കുഴഞ്ഞു കിടക്കുകയായിരുന്നു. അവിടെ കുതിരവണ്ടിയുടെ ചക്രങ്ങൾ ചെളിയിൽ പൂണ്ടു. കുതിര പരമാവധി ശ്രമിച്ചിട്ടും വണ്ടി അനങ്ങിയില്ല. ഉടൻ, അയാൾക്കു ദേഷ്യം വന്നു. കയ്യിലുള്ള ചാട്ടവാറെടുത്ത് കുതിരയെ അടിച്ചെങ്കിലും അതിനു ചെളിയിൽ നിന്നും കയറാൻ പറ്റിയില്ല. പിന്നെ, വണ്ടിയിൽനിന്നും ഇറങ്ങിയിട്ടും മുന്നോട്ടു നീങ്ങിയില്ല. രക്ഷയില്ലെന്നു മനസ്സിലാക്കിയ അയാൾ ശക്തമായി പ്രാർഥിച്ചപ്പോൾ വനദേവത അവിടെ പ്രത്യക്ഷപ്പെട്ടു! "ഏയ്! മടിയനായ മനുഷ്യനായി വെറുതെ പ്രാർഥിച്ചുനിൽക്കാതെ, നീ നിൻ്റെ ശക്തിയെടുത്ത് വണ്ടിയെ ഉന്തിത്തള്ളി കുതിരയെ സഹായിക്കൂ!" ഗുണപാഠം - സ്വയം സഹായിക്കാത്തവനെ ഒരു ദൈവവും രക്ഷിക്കില്ല. Malayalam eBooks - 632-Aesop stories -53 PDF file- https://drive.google.com/file/d/1qbkPBqznhwIfdvN8jR7aqY8fAyCODudq/view?usp=drivesdk

(631) ഉറുമ്പും പുൽച്ചാടിയും

  അതൊരു വേനൽക്കാലമായിരുന്നു. ഒരു പുൽച്ചാടിയ്ക്ക് ധാരാളമായി ആഹാരം ലഭിക്കുന്ന സമയമായിരുന്നു അത്. അവൻ, വയറു നിറയെ ആഹാരവും കഴിച്ച് ഉല്ലാസവാനായി പാട്ടും പാടി തുള്ളിക്കളിച്ചു നടന്നപ്പോഴാണ് സുഹൃത്തായ ഉറുമ്പിനെ കണ്ടത്. അന്നേരം, ഉറുമ്പ് വളരെ കഷ്ടപ്പെട്ടു ധാന്യമണി ഒരെണ്ണം വലിച്ചുകൊണ്ടു പോകുകയായിരുന്നു. അതു കണ്ടിട്ട് പുൽച്ചാടി ചോദിച്ചു - "നീ എന്തിനാണ് ധാരാളം ആഹാരമുള്ള ഈ സമയത്ത് വെറുതെ ഇങ്ങനെ കഷ്ടപ്പെടുന്നത്? എൻ്റെ കൂടെ കളിക്കാൻ വരാമല്ലോ" ഉറുമ്പ് പറഞ്ഞു - " ഇനി മഞ്ഞുകാലം വരുമ്പോൾ കൂടിനു വെളിയിൽ ഇറങ്ങാൻ പറ്റാതാവും. ഞങ്ങളും കുഞ്ഞുങ്ങളും ആഹാരം കിട്ടാതെ ചാകും. നിനക്കും ഇങ്ങനെ ഭക്ഷണം സംഭരിച്ചു വയ്ക്കാമല്ലോ?" അപ്പോൾ പുൽച്ചാടി ഉദാസീനമായി പറഞ്ഞു - "എനിക്ക് ഭക്ഷണത്തിന് യാതൊരു പഞ്ഞവുമില്ല. പിന്നെ, ഞാൻ എന്തിനു ബുദ്ധിമുട്ടണം?" അവൻ കളികൾ തുടർന്നപ്പോൾ ഉറുമ്പ് ധാന്യമണികൾ കൂട്ടിലേക്കു വലിച്ചു കൂട്ടി. അടുത്ത മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും പുല്ലിന്മേൽ മഞ്ഞു മൂടിയതിനാലും പുൽച്ചാടിക്കു തീറ്റി ഒന്നും കിട്ടിയില്ല. അവൻ പട്ടിണി കൊണ്ടു ചാകാറായി. അന്നേരം, ഉറുമ്പുകൂട്ടങ്ങൾ സംഭരിച്ചിരുന്ന ധാന്