(660) മരത്തിൻ്റെ സ്നേഹം

 പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ ജനവാസം കുറഞ്ഞ മേഖലയായിരുന്നു. പക്ഷിമൃഗാദികൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അവറ്റകൾക്ക് ആഹാരത്തിന് യാതൊരു പഞ്ഞവുമില്ലായിരുന്നു.

ഒരു ദിവസം, ദൂരെ ദിക്കിൽ നിന്നും ഒരു കിളി അങ്ങോട്ടു പറന്നു വന്നു. അവിടെ സ്ഥിര താമസമാക്കാൻ അത് ആഗ്രഹിച്ചു. അതിനായി ലക്ഷണമൊത്ത വലിയ മരം നോക്കി അലഞ്ഞു. ഒടുവിൽ, ഉയരത്തിൽ നിറയെ ശിഖരങ്ങളുള്ള വലിയ മരത്തിനോടു തൻ്റെ ആവശ്യം അറിയിച്ചു.

"ഹേയ്, നീ വേറെ ഏതെങ്കിലും മരം നോക്കുക. ഇത് നിനക്ക് ഉചിതമല്ല"

മരത്തിൻ്റെ ഈ മറുപടിയിൽ കിളിക്കു ദേഷ്യം തോന്നി- "നിനക്ക് വനദേവത ഇത്രയും ശിഖരങ്ങൾ തന്നിരിക്കുന്നത് ഞങ്ങൾക്കു വേണ്ടിക്കൂടിയാണ്"

മരം എന്തോ പറയാൻ തുടങ്ങിയപ്പോൾ അതു കേൾക്കാൻ നിൽക്കാതെ  കിളി പറന്നു. കുറച്ച് കിഴക്കോട്ടു മാറി വേറൊരു മരത്തിൽ കൂടുകൂട്ടി.

ഏതാനും ആഴ്ചകൾ പിന്നിട്ടു. ഭീകരമായ ശബ്ദം കേട്ടാണ് രാവിലെ കിളി ഉറക്കമുണർന്നത്. എന്താണു കാര്യമെന്നറിയാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പറന്നു.

താൻ കൂടു വച്ചോട്ടെ എന്നു ചോദിച്ച മരം കടപുഴകിയിരിക്കുന്നു!

കിളിക്കു വലിയ സന്തോഷത്തോടെ മരത്തിനെ പരിഹസിച്ചു - "ഞാൻ ഒരു കൂടു വയ്ക്കാൻ അനുവാദം ചോദിച്ചപ്പോൾ എന്തായിരുന്നു നിൻ്റെ അഹങ്കാരം? നിനക്ക് ഇതു തന്നെ വേണം!"

ഉടൻ, മരം കിളിയോടു ഞരങ്ങി- "എൻ്റെ വേരുകൾക്കു കേടുപിടിച്ചതിനാൽ വീഴുമെന്ന് നേരത്തേ എനിക്കറിയാമായിരുന്നു. നീ കൂടുവച്ചാൽ നിനക്കും ചിലപ്പോൾ ദുരിതം വരുമായിരുന്നു. അതുകൊണ്ടാണ് ഞാൻ വിലക്കിയത്"

യാഥാർഥ്യം അറിഞ്ഞപ്പോൾ കിളി പൊട്ടിക്കരഞ്ഞു ക്ഷമ യാചിച്ചു.

ഗുണപാഠം - ചിലരുടെ പെരുമാറ്റത്തിൽ നിങ്ങൾക്കു സുഖിക്കാത്ത സമീപനമുണ്ടാകാം. അതിനുള്ളിൽ ചിലപ്പോൾ ഒളിഞ്ഞിരിക്കുന്ന നന്മകളും കരുതലും ഉണ്ടാകാം!

Written by Binoy Thomas, Malayalam eBooks - 660- Nanmakal -32 PDF -https://drive.google.com/file/d/1udVg10qoWh7nx1bWEpeKhHW7vqs9U8R3/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം