(CBSE / Kerala class 10 Malayalam) ലക്ഷ്മണ സാന്ത്വനം, പ്രിയദർശനം, അമ്മത്തൊട്ടിൽ, ഓണമുറ്റത്ത്, കടൽത്തീരത്ത്, യുദ്ധത്തിൻ്റെ പരിണാമം, പണയം എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിൽ അംഗിവാക്യവും അംഗവാക്യവും (Angi Vakyam, Anga vakyam) വരാറുണ്ട്. അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
അംഗി വാക്യം അഥവാ പ്രധാന വാക്യം എന്നാൽ, ഒന്നിനും കീഴടങ്ങാതെ സ്വതന്ത്രമായി നിലകൊള്ളുന്ന വാക്യം. അതിൽ കർത്താവും പൂർണ്ണമായ ക്രിയയും ഉണ്ട്.
അംഗ വാക്യം എന്നാൽ ഒരു അംഗി വാക്യത്തിനു കീഴടങ്ങി വരുന്ന വാക്യം.
ഉദാഹരണം- രാജു വീട്ടിൽ പോകുമെങ്കിൽ രാധ കൂടി പോകണം.
രാധ കൂടി പോകണം - അംഗിവാക്യം, രാജു വീട്ടിൽ പോകുമെങ്കിൽ -അംഗ വാക്യം.
ഇനി പാഠഭാഗത്തിലേക്കു വരാം -
1. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അശ്വഥാമാവും കൃപരും കൃതവർമ്മാവും പാണ്ഡവരുടെ പടകുടീരത്തിൽ പ്രവേശിച്ച് സകലരേയും വെട്ടിയും കുത്തിയും കൊല ചെയ്തു.
അംഗിവാക്യം -സകലരേയും വെട്ടിയും കുത്തിയും കൊല ചെയ്തു.
ബാക്കിയുള്ള ഭാഗം അംഗവാക്യം.
2. വെളളായിയപ്പൻ വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ കൂട്ടനിലവിളി ഉയർന്നിരുന്നു.
അംഗിവാക്യം - കൂട്ട നിലവിളി ഉയർന്നിരുന്നു.
ബാക്കി വരുന്ന ഭാഗം അംഗവാക്യം.
3. കഥാനായകൻ സ്കൂളിൽ നിന്നു വരുമ്പോൾ ഒരു പൂച്ചക്കുട്ടി പിന്നാലെ കൂടി.
അംഗിവാക്യം - ഒരു പൂച്ചക്കുട്ടി പിന്നാലെ കൂടി.
ബാക്കി അംഗവാക്യം.
4. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ദരിദ്രനായ തയ്യൽക്കാരനാണ് ചാക്കുണ്ണി.
അംഗിവാക്യം - ദരിദ്രനായ തയ്യൽക്കാരനാണ് ചാക്കുണ്ണി.
ബാക്കി അംഗവാക്യം.
5. പറമ്പിലെ മഞ്ഞപ്പുല്ലിലൂടെ ആരുടെയൊക്കയോ ദു:ഖ സഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകുന്നു.
അംഗിവാക്യം - ചവിട്ടടിപ്പാത നീണ്ടുപോകുന്നു.
ബാക്കി അംഗവാക്യം.
6. കയ്യിൽ ഘടികാരമില്ലെങ്കിലും ഒരു കർഷകൻ്റെ ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പൻ സമയം അറിഞ്ഞു.
അംഗിവാക്യം - വെള്ളായിയപ്പൻ സമയം അറിഞ്ഞു.
ബാക്കി വരുന്ന ഭാഗം അംഗവാക്യം.
7. പുഴ കടന്ന് അപ്പുറത്തെ മേടു കയറുവോളം വെള്ളായിയപ്പൻ കരഞ്ഞു.
അംഗിവാക്യം - വെളളായിയപ്പൻ കരഞ്ഞു.
ബാക്കിയുള്ളത് അംഗവാക്യം.
8. വണ്ടി നേരത്തേ വരികയാൽ ബെഞ്ചിൽ സമീപത്തിരുന്ന കാരണവർ എഴുന്നേറ്റു പോയി.
അംഗിവാക്യം - കാരണവർ എഴുന്നേറ്റു പോയി.
അംഗവാക്യം ബാക്കി ഭാഗം.
9. തൻ്റെ ചെറുവിരലിൽ പിടിച്ചു കൊണ്ട് അസ്തമയത്തിൻ്റെ പക്ഷികളെ നോക്കി അത്ഭുതപ്പെട്ട മകനെ വെളളായിയപ്പൻ ഓർത്തു.
അംഗി വാക്യം - മകനെ വെള്ളായിയപ്പൻ ഓർത്തു.
മറ്റുള്ള ഭാഗം അംഗവാക്യം.
10. കുരുക്ഷേത്രത്തിൽ വച്ചു നടന്ന ഭാരത യുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാരും തമ്മിൽ ചെയ്ത കരാർ ഇപ്രകാരമായിരുന്നു.
അംഗിവാക്യം - കരാർ ഇപ്രകാരമായിരുന്നു.
അംഗവാക്യം മറ്റുള്ള ഭാഗം.
11. തൊഴുതു കുമ്പിട്ടു നിന്നാലും ഒരുവനേയും അവർ വിടില്ല.
അംഗിവാക്യം - ഒരുവനേയും അവർ വിടില്ല.
പിന്നെയുള്ളത് അംഗവാക്യം.
12. മരിക്കാതെ ശേഷിച്ച ആ മൂന്നു പേർ വിവരമറിഞ്ഞു തേരിൽ പാഞ്ഞു വന്നു ചോരയിലാണ്ടു നിലത്തു കിടന്നുരുളുന്ന ദുര്യോധനനെ കണ്ടു.
അംഗിവാക്യം - ദുര്യോധനനെ കണ്ടു.
അംഗവാക്യം മറ്റുള്ളത്.
13. സ്യമന്ത പഞ്ചകത്തിൽ കിടന്നു മരിക്കുകയാൽ ഞാൻ ശാശ്വത ലോകങ്ങൾ നേടും.
അംഗിവാക്യം - ഞാൻ ശാശ്വത ലോകങ്ങൾ നേടും.
ബാക്കിയാകുന്ന വാചകം -അംഗ വാക്യം.
14. ഭാരതം ആകട്ടെ നടന്ന കഥ മാത്രമല്ല, നടക്കാനിരിക്കുന്ന കഥ കൂടിയാണെന്ന് എവിടെ നോക്കിയാലും കാണുന്നു.
അംഗിവാക്യം - എവിടെ നോക്കിയാലും കാണുന്നു.
ബാക്കി വരുന്ന വാചകം അംഗവാക്യം.
15. എന്തെന്നില്ലാത്ത ഒരു വിസ്മയത്തോടെ അന്ന ദസ്തേവ്സ്കിയെ നോക്കി.
അംഗി വാക്യം - അന്ന ദസ്തേവ്സ്കിയെ നോക്കി.
ബാക്കി വരുന്നത് അംഗവാക്യം.
16. യാഥാർഥ്യത്തിൻ്റെ കടിച്ചുകീറലുകളിൽ നിന്ന് രക്ഷപെടാൻ ഒരു അഭയ കേന്ദ്രം കണ്ടെത്തുന്ന പ്രാർഥനയിലാണ്.
അംഗിവാക്യം - ഒരു അഭയ കേന്ദ്രം കണ്ടെത്തുന്ന പ്രാർഥനയിലാണ്.
അംഗവാക്യമായി മറ്റുള്ള ഭാഗം.
17. പ്രകൃതിയുടെ ആത്മാവിൽ നിന്നുയരുന്ന മൗനത്തിൻ്റെ മൊഴികൾ കേട്ടുകൊണ്ടു നടക്കുമ്പോൾ സെൻ്റ് പിറ്റേഴ്സ് ബർഗ് നഗരം പ്രപഞ്ചമായി വികസിച്ചു.
അംഗി വാക്യം - സെൻ്റ് പീറ്റേഴ്സ് ബർഗ് നഗരം പ്രപഞ്ചമായി വികസിച്ചു.
അംഗവാക്യം ബാക്കിയുള്ളത്.
18. മനസ്സിൻ്റെ മിഥ്യാധാരണകളും ചാപല്യങ്ങളും കൊണ്ട് ജീവിതം അവൾ ദുരിതപൂർണ്ണമാക്കി.
അംഗിവാക്യം - ജീവിതം അവൾ ദുരിതപൂർണ്ണമാക്കി.
ബാക്കിയാവുന്നത് അംഗവാക്യം.
19. ഏകാന്തവും നിശ്ചലവും പ്രകാശപൂർണ്ണവുമായ അനശ്വരതയുടെ സങ്കീർത്തനം ദസ്തയേവ്സ്കി വായിച്ചു.
അംഗിവാക്യം - സങ്കീർത്തനം ദസ്തയേവ്സ്കി വായിച്ചു.
ബാക്കിയാവുന്നത് അംഗവാക്യം.
20. രണ്ടു മാസം ഇടവിട്ട് പുതിയ ബാറ്ററികൾ മാറ്റിയിട്ടു കൊണ്ട് ചാക്കുണ്ണി റേഡിയോയ്ക്ക് കണ്ഠ ശുദ്ധി വരുത്തി.
അംഗിവാക്യം - ചാക്കുണ്ണി റേഡിയോയ്ക്ക് കണ്ഠശുദ്ധി വരുത്തി.
ബാക്കി അംഗവാക്യം.
21. ദ്രവിച്ച റബർ ചെരുപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് അയാൾ തിരിഞ്ഞു നോക്കാതെ നടന്നു.
അംഗി - അയാൾ തിരിഞ്ഞു നോക്കാതെ നടന്നു.
അംഗവാക്യം മിച്ചം വരുന്നത്.
22. മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞു പോയ കണ്ണുകൾ കൊണ്ട് അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു.
അംഗിവാക്യം - മത്തായി ശ്രദ്ധിച്ചു.
മറ്റുള്ളത് അംഗ വാക്യം.
23. പ്രക്ഷേപണം ചെയ്യുന്ന സമയത്ത് കേൾക്കുന്ന പാട്ട് തീരുന്നതു വരേയ്ക്കും അയാളുടെ പിറകേ ചിലരെങ്കിലും നടക്കുമായിരുന്നു.
അംഗിവാക്യം - അയാളുടെ പിറകേ ചിലരെങ്കിലും നടക്കുമായിരുന്നു.
അംഗ വാക്യം ബാക്കിയുള്ളത്.
24. പിൽക്കാലത്ത് തുന്നിക്കൊടുക്കുമ്പോൾ കൊടുത്തു വീട്ടാം എന്ന കരാറിൽ അയാൾ പലരിൽ നിന്നും കടം വാങ്ങി.
അംഗി - അയാൾ പലരിൽ നിന്നും കടം വാങ്ങി.
അംഗവാക്യം - മിച്ചമുള്ള വാക്യം.
25. ചക്രം ചവിട്ടുമ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാതമായ ഒരു പാട്ടിനു വേണ്ടി കാതോർത്തു.
അംഗിവാക്യം - അയാൾ അജ്ഞാതമായ ഒരു പാട്ടിനു വേണ്ടി കാതോർത്തു.
അംഗവാക്യം - മിച്ചമുള്ളത്.
26. പത്രങ്ങളേപ്പറ്റി വാഴ്ത്തി പറഞ്ഞ വാക്കുകൾക്കു ക്ഷാമമില്ല.
അംഗിവാക്യം - വാക്കുകൾക്കു ക്ഷാമമില്ല.
ബാക്കിയുള്ളത് അംഗവാക്യം.
27. ആദ്യകാല സ്വഭാവത്തിൽ നിന്ന് ആ പത്രങ്ങൾ എത്രയോ അകലത്തെത്തി എന്ന് എനിക്കു മനസ്സിലായി.
അംഗിവാക്യം -എനിക്കു മനസ്സിലായി.
28. പത്രങ്ങളേപ്പറ്റി സാധാരണയായി ആളുകൾ നല്ലതേ പറയാറുള്ളൂ.
അംഗി - ആളുകൾ നല്ലത്രേ പറയാറുള്ളൂ.
29. അരാജകമായ ഒരു അവസ്ഥയിൽ പോലും സത്യവും നീതിയും പുലർത്തുന്ന പത്രങ്ങളുടെ സാന്നിധ്യം സമൂഹത്തെ രക്ഷിക്കുന്നു.
അംഗി - പത്രങ്ങളുടെ സാന്നിധ്യം സമൂഹത്തെ രക്ഷിക്കുന്നു.
30. ഈ വിധത്തിൽ പാഠഭാഗത്തിലെ എവിടെ നിന്നു വേണമെങ്കിലും ചോദ്യം വരാം. ചിലപ്പോൾ, അംഗിയും അംഗവും ഏകദേശം ഒരു പോലെ പ്രാധാന്യമെന്നു തോന്നിക്കുന്ന വിധം വരും.
അപ്പോൾ ചില സൂചനകൾ നോക്കണം - പ്രാധാന്യമുള്ളത്, പൂർണ്ണത വരുന്നത്, രണ്ടാമത്, പിന്നീടു വരുന്നത്, മുൻതൂക്കം കിട്ടുന്നത്, അന്തിമഫലം എന്നിങ്ങനെയുള്ളവ അംഗിവാക്യമാകാൻ സാധ്യത കൂടുതലാണ്.
മൊത്തമുള്ള വാക്യത്തിൽ അംഗിവാക്യം നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് എഴുതിക്കഴിഞ്ഞ് മിച്ചമായി വരുന്ന വാക്യം അംഗവാക്യമാകും.
Written by Binoy Thomas, Malayalam eBooks-665-Anga vakyam-PDF-https://drive.google.com/file/d/13c0wAVTTdgFGxc_bb2hUDydTKWutCHZB/view?usp=drivesdk
Comments