(1255) രാജാവിനെ പറ്റിച്ച പ്രജകൾ!
പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ. പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി. "മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം" രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്" പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക...