(1213) സുഗന്ധലേപനം!
ഒരു കാലത്ത്, സിൽബാരിപുരം രാജ്യത്തിലെ കച്ചവടക്കാരുടെ പ്രിയപ്പെട്ട വസ്തുവായിരുന്നു സുഗന്ധലേപനങ്ങൾ. രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും വീടുകളുടെ പരിസരമാകെയും സുഗന്ധത്തിൽ മുങ്ങിയിരുന്നു. അത്തർ പോലുള്ളത് അയൽരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്ന കാലം.
ഒരിക്കൽ, രാജകൊട്ടാരത്തിലേക്ക് ഇത്തരം ജോലിക്കായി ഒരാളെ നിയമിക്കേണ്ട ആവശ്യം വന്നു. നല്ല ശമ്പളമുള്ള ജോലിയാണ്. അതിനാൽ, കുറെ ഉദ്യോഗാർഥികൾ കൊട്ടാരവളപ്പിൽ തടിച്ചുകൂടിയിരുന്നു.
കൊട്ടാര പണ്ഡിതൻ അവർക്കു മുന്നിൽ ഒരു പരീക്ഷണം മാത്രമായി ഒരുക്കി. അദ്ദേഹം പറഞ്ഞു -"ഓരോ ആളും ഈ കൊട്ടാര മുറിയിലേക്കു കടന്നു വന്നിട്ട് രണ്ടു പൂമാലകൾ തൂക്കിയിട്ടിരിക്കുന്നത് കുറച്ച് അകലെ നിന്നും നിരീക്ഷിച്ച് അതിൽ ഏതാണ് യഥാർഥ പൂമാല എന്നു പറയണം. എന്നിട്ട്, അതിനുള്ള കാരണവും വ്യക്തമാക്കണം"
അവർ ഓരോ ആളും കടന്നു വന്നു. ഭൂരിഭാഗം പേരും മണം പിടിച്ച് അറിയാനാണു ശ്രമിച്ചത്. കാരണം, ജോലി സുഗന്ധവുമായി ബന്ധപ്പെട്ടതാണല്ലോ. മണം വെളിയിൽ നഷ്ടപ്പെടാതിരിക്കാൻ ജനാലകൾ അടച്ചിട്ടുമുണ്ട്.
ഒടുവിൽ, ഒരു ബുദ്ധിമാനായ യുവാവ് മുറിയിൽ കയറി. മുറിയിൽ യഥാർഥ പൂമാലയിലെ പൂക്കളുടെ മണം അവിടമാകെ നിറഞ്ഞിരിക്കുന്നു. അവൻ്റെ ബുദ്ധിയുണർന്നു.
അവൻ കൊട്ടാര ഉദ്യാനത്തിൻ്റെ വശത്തുള്ള ജനാല തുറന്നു. പെട്ടെന്ന് തേനീച്ചകളും വണ്ടുകളും ആ മുറിയിലേക്ക് കയറി യഥാർഥ പൂവുള്ള മാലയിൽ വന്നിരുന്നു. ശരിയായ മാല കണ്ടെത്തിയ ആ യുവാവിന് ജോലി കിട്ടുകയും ചെയ്തു.
ആശയം: അലസമായ മനസ്സ് വെടിഞ്ഞ് ഉണർന്നു പ്രവർത്തിക്കാൻ ഏവരും ശ്രദ്ധിക്കുക. നിങ്ങൾക്കു ലഭിക്കേണ്ട നേട്ടങ്ങൾ പലതും അശ്രദ്ധമായ സമയങ്ങൾ വഴി ചോർന്നു പോകാതെ ജാഗ്രത പുലർത്തുമല്ലോ.
Written by Binoy Thomas, Malayalam eBooks-1213- folk tales - 82, PDF -https://drive.google.com/file/d/1YGoyxR3BmPP4QCv4HWSN6Oe9fYgBnxii/view?usp=drivesdk
Comments