Posts

Showing posts from September, 2026

(1264) പാദസുഖം!

പണ്ട്, സിൽബാരിപുരം രാജ്യത്ത് ഒരു വലിയ തറവാട്ടിൽ നടന്ന കാല്പനികമായ ഒരു കഥയാവട്ടെ ഇത്തവണ. ആ മുതലാളിയുടെ വലിയ തറവാട്ടിലേക്ക് ദിവസവും ഒരുപാട് ആളുകൾ വരുന്നതു പതിവായിരുന്നു. സിൽബാരിപ്പുഴയിൽ വന്നടിഞ്ഞ പുഴമണൽ ശേഖരിച്ച് മനോഹരമായ മിനുസമുള്ള ചെറിയ ഉരുളൻകല്ലുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് അവിടത്തെ മുറ്റത്ത് വിരിച്ചിട്ടുണ്ട്. അക്കാലത്ത്, ജന്മിമാരും നാടുവാഴികളും മുതലാളിമാരും അങ്ങനെ ഏതാനും ആളുകൾ മാത്രമേ പാദരക്ഷകൾ ഉപയോഗിച്ചിരുന്നുള്ളൂ. അതായത്, അവിടെ വരുന്നവരെല്ലാം ചെരുപ്പിടാത്തതിനാൽ അവർ ഈ കല്ലുകളിൽ ചവിട്ടുമ്പോൾ പറയും: "ഹൊ! എന്തൊരു പാദസുഖം! എത്ര മനോഹരമായ മുറ്റം!" എന്നാൽ, മുറ്റത്ത് കാളവണ്ടിയിൽ നിന്നും ചരക്ക് ഇറക്കുന്ന സമയത്ത് മുറ്റത്ത് ഒരു കൂർത്ത കരിങ്കൽ കഷണം വീണു. പിന്നീട്, പലപ്പോഴായി ചില ആളുകൾ കരിങ്കല്ലിൽ ചവിട്ടി ദേഷ്യപ്പെടും: "ഇതൊരു ശല്യമായല്ലോ. കാലിനു വേദനയെടുത്തു" അങ്ങനെ, ആളുകൾ കരിങ്കല്ലിനെ ശപിക്കുന്നതു കേട്ട് കരിങ്കല്ല് അടുത്തു കിടന്ന ഉരുളൻ കല്ലിനോടു പറഞ്ഞു: "നീ എത്ര ഭാഗ്യം ചെയ്ത ജന്മമാണ് ? മിനുസമേറിയ മനോഹരമായ നിന്നെ ആളുകൾ എല്ലാവരും ഇഷ്‌ടപ്പെടുന്നു. പക്ഷേ, എന്നെ ശപിക്കുന്നു...

(1263) മഞ്ഞിലെ സഹായം!

ഒരു കാലത്ത്, സിൽബാരിപുരം ദേശമാകെ മഞ്ഞുമലകളും കുന്നുകളും മനോഹരമായ താഴ്‌വാരങ്ങളും കൊണ്ട് അനുഗൃഹീതമായിരുന്നു. ധാരാളം സഞ്ചാരികളും അവിടെ വന്നുപോകാറുണ്ട്. ഒരിക്കൽ, കോസലപുരത്തെ സമ്പന്നരായ ഏതാനും വ്യാപാരികൾ മഞ്ഞുമലയിലൂടെ കാഴ്ചകൾ കണ്ട് നടന്നപ്പോൾ പെട്ടെന്ന് ചെറിയ മഞ്ഞിടിച്ചിൽ ഉണ്ടായി. അവർ രക്ഷപെടാനായി താഴേക്കു ചാടിയെങ്കിലും ഒരു കിടങ്ങിൽ കുടുങ്ങിപ്പോയി! ഉച്ചത്തിൽ അവരെല്ലാം നിലവിളിച്ചെങ്കിലും ആരും അതൊന്നും കേട്ടില്ല. കുറെ മണിക്കൂറുകൾ തണുത്ത് മരവിച്ച് അവർ മരണത്തെ മുഖാമുഖം കണ്ടു! സകല പ്രതീക്ഷകളും അസ്‌തമിച്ച നേരത്ത് അക്കരെയുള്ള ഒരു കുന്നിലൂടെ ചെമ്മരിയാടുകളെ മേയിച്ച് പോകുകയായിരുന്ന ഒരു ബാലന് ഈ കാര്യം ശ്രദ്ധയിൽ പെട്ടു. അവൻ്റെ പേര് ഹോചി എന്നായിരുന്നു. അവൻ കൂവി വിളിച്ച് ആളുകളുമായി അവിടെയെത്തി കയറിൽ കെട്ടിട്ട് സഞ്ചാരികൾക്ക് ഇട്ടുകൊടുത്തു. പിന്നീട് അവരെ ആശുപത്രിയിലെത്തിച്ചു രക്ഷപെടുത്തി. ആ സംഭവത്തിനു ശേഷം, അതേ സഞ്ചാരികൾ വീണ്ടും അവിടെയെത്തി. ഇത്തവണ സ്ഥലം കാണാനായിരുന്നില്ല. ഹോചിയെ കാണാനായിരുന്നു അവർ എത്തിയത്. സമ്പന്നരായ വ്യാപാരികൾ അവനോടു ചോദിച്ചു: "ഞങ്ങൾ തണുത്തു മരവിച്ച് അവിടെ ആരുമറിയാതെ തീരുമെന്നാണു ക...

(1262) വേരിൻ്റെ ബലം!

  സിൽബാരിപുരം ദേശത്തെ ഒരു ആശ്രമം. അവിടെ പഠിച്ചിരുന്ന ശിഷ്യന്മാരിൽ ചിലർക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു. ഗുരുവിനെ കാണാൻ പലരും അവിടെ വരുന്നുണ്ട്. അങ്ങനെ ആളുകൾ വരുമ്പോഴും തിരികെ പോകുമ്പോഴും അവരെ വിശകലനം ചെയ്ത് അറിയാൻ വയ്യാത്ത നിഗമനങ്ങളിൽ എത്തുന്ന രീതിയുണ്ട്. ഈ കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളിൽ ചിപ്പോൾ തർക്കവും വരാറുണ്ട്. ഒരു ദിവസം, വളരെ മെലിഞ്ഞ ഒരു സന്യാസി ദൂരെ ദിക്കിൽ നിന്നും അവിടെയെത്തി. അദ്ദേഹം മടങ്ങിയപ്പോൾ ചില ശിഷ്യന്മാർ പിറുപിറുത്തു: "ഇത്തരം ദരിദ്രരായ ആളുകളും നമ്മുടെ സന്യാസിയുടെ ചങ്ങാതിമാരാണോ? അയാൾ എന്തെങ്കിലും സഹായം ചോദിക്കാൻ വന്നതായിരിക്കും" ഇവർ പറയുന്നത് ഗുരു കേട്ടു. പക്ഷേ, അതേക്കുറിച്ച് യാതൊന്നും ചോദിക്കാതെ അവരോടു പറഞ്ഞു: "നിങ്ങൾ എൻ്റെ കൂടെ പറമ്പിലേക്ക് വരിക" അവിടെ പേരമരത്തിൻ്റെ ചെറിയ തൈ നിൽപ്പുണ്ടായിരുന്നു. അത് കൈകൊണ്ട് വലിച്ച് പിഴുതെടുക്കാൻ ഗുരു പറഞ്ഞു. പക്ഷേ, ചെറുതായതിനാൽ വളരെ എളുപ്പമാണെന്നു കരുതി ശിഷ്യന്മാർ ഓരോ ആളും വലിച്ചെങ്കിലും അത് ശക്തമായി മണ്ണിൽ നിന്നു. പിന്നീട്, അല്പം മാറി കുറച്ചു വണ്ണമുള്ള ഒരു മുരിങ്ങ മരം പിഴുതെടുക്കാൻ പറഞ്ഞപ്പോൾ അവർ പിറുപിറുത്തു: ...

(1261) കാക്ക വെള്ളം കുടിച്ച കഥ!

  ഒരിക്കൽ, സിൽബാരിപുരം ദേശമാകെ കഠിനമായ വരൾച്ച അനുഭവപ്പെട്ടു. ക്രമേണ കൃഷികൾ വെള്ളമില്ലാതെ നശിച്ചു തുടങ്ങി. ആളുകൾ ഒരുപാടു ദൂരം നടന്ന് വെള്ളം പലയിടത്തു നിന്നും കഷ്‌ടപ്പെട്ടു കൊണ്ടു വരാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു കാക്കകൾ വെള്ളം തേടി അലഞ്ഞു. ഒരു വീടിൻ്റെ പിറകിലെ വരാന്തയിൽ ചില്ലുകുപ്പിയിൽ വെള്ളം ഒഴിച്ചു വച്ചിരിക്കുന്നത് ഒന്നാമത്തെ കാക്ക കണ്ടു. അവൻ പറഞ്ഞു: "നമുക്ക് ആ കുപ്പിയിൽ നിന്നും വെള്ളം കുടിക്കാം" അന്നേരം രണ്ടാമൻ പറഞ്ഞു: "നീ എന്തു മണ്ടത്തരമാണു പറയുന്നത്? നമ്മുടെ ചുണ്ട് കുപ്പിയിൽ ഇറങ്ങില്ല. വേണമെങ്കിൽ ചിറകടിച്ച് കുപ്പി താഴെയിടാം. പിന്നെ താഴെ വീഴുന്നത് കുടിക്കാം" ആദ്യത്തെ കാക്ക തുടർന്നു: "അത് അപകടമാണ്. കുപ്പി പൊട്ടുന്ന ഒച്ച കേട്ട് വീട്ടുകാർ ഓടിവരും. മാത്രമല്ല, ചൂടുമണ്ണിലേക്കു വീഴുന്ന വെള്ളം നമ്മൾ കുടിക്കുന്നതിനു മുൻപ് മണ്ണു വലിച്ചെടുക്കും" രണ്ടാമനു ദേഷ്യം വന്നു. അപ്പോൾ ഒന്നാമൻ മുറ്റത്തു കിടന്ന ചെറിയ ഉരുളൻകല്ല് കൊത്തിയെടുത്ത് കുപ്പിയിലിട്ടു : "ഇങ്ങനെ കല്ലു നിറയുമ്പോൾ വെള്ളം പുറത്തേക്ക് വീഴാൻ തുടങ്ങും" രണ്ടാമൻ കോപിച്ചു: "നീ ഒരു മണ്ട...

(1260) നെന്മണി സ്വർണ്ണമായ കഥ!

  സിൽബാരിപുരം ദേശത്തെ ഒരു ദരിദ്ര കുടുംബത്തിൽ സാധുക്കളായ കുമാരനും രമണിയും കഴിയുന്ന കാലം. കുമാരന് അടുത്തുള്ള ജന്മിയുടെ പറമ്പിൽ സ്ഥിരമായ പണികൾ ഉണ്ടാവും. എന്നാൽ, കൂലി വളരെ തുച്ഛമായിരുന്നു. കഷ്ടിച്ച് പട്ടിണി മാറ്റാമെന്നു മാത്രം. എന്നും ഉച്ചസമയത്ത് ഊണുമായി രമണി പറമ്പിലേക്കു പോകും. ഒരു ദിവസം, അവൾ അങ്ങനെ നടന്നു പോകുമ്പോൾ വഴിയരികിലെ മരത്തണലിൽ ഒരു വൃദ്ധ സന്യാസി ഇരിപ്പുണ്ടായിരുന്നു. അയാൾ രമണിയോടു ചോദിച്ചു: "നീ എവിടെ പോകുകയാണ്?" അവൾ പറഞ്ഞു: "എൻ്റെ ഭർത്താവിന് ജന്മിയുടെ പറമ്പിൽ പണികളുണ്ട്. ചേട്ടന് ഊണുമായി പോകുകയാണ്" സന്യാസി ചോദിച്ചു: "അയാൾക്ക് ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഊണു കഴിക്കാൻ വയ്യേ?" അവൾ വിഷമത്തോടെ പറഞ്ഞു: "ഊണു കഴിക്കാൻ വീട്ടിലേക്കു പോയാൽ സമയം പോകുമെന്ന് പറഞ്ഞ് ജന്മി വീട്ടിലേക്കു വിടില്ല" ഉടൻ, സന്യാസി പറഞ്ഞു: "ഓഹോ! കാര്യങ്ങൾ അങ്ങനെയാണ്. പക്ഷേ, ഇപ്പോൾ എൻ്റെ ആവശ്യം ഊണു കഴിക്കണമെന്നാണ്. നിൻ്റെ കയ്യിലുള്ള ഊണ് എനിക്കു തരിക. വല്ലാതെ വിശക്കുന്നു" അന്നേരം, രമണി വല്ലാത്ത വിഷമത്തിലായി. ഇതു കൊടുത്താൽ, രാവിലെ മുതൽ പണിയെടുക്കുന്ന ചേട്ടൻ പട്ടിണിയാകും. പക്ഷേ, ...

(1259) കിളിയുടെ ശാപം!

സിൽബാരിപുരം രാജ്യത്ത് ജീവിച്ചിരുന്ന രംഗൻ എന്ന രാജാവിന് വിചിത്രമായ ചില സ്വഭാവ രീതികൾ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ വിഷമം കാണുമ്പോഴും കേൾക്കുമ്പോഴും ആനന്ദിക്കുന്ന ദുശ്ശീലം അയാൾക്കുണ്ട്.  ഒരിക്കൽ, പരുന്ത് ആക്രമിക്കാൻ വന്ന നേരത്ത്, ഒരു ചെറിയ കിളി രക്ഷപെടാനായി കൊട്ടാരത്തിലെ വലകളും കയറുകളും പണി സാധനങ്ങളുമൊക്കെ സൂക്ഷിച്ചിരുന്ന മുറിയിലേക്ക്  അതിവേഗം പറന്നു കയറി. പക്ഷേ, ആ വലയിൽ കുടുങ്ങി അതിനു ചിറകടിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഈ കാഴ്ച രാജാവ് കണ്ടപ്പോൾ ആ കിളിയെ രക്ഷിക്കാൻ കൂട്ടാക്കിയില്ല. പകരം, അയാൾ കിളിയുടെ ഒരു കാലിൽ കട്ടിയുള്ള ചരടു കെട്ടി. എന്നിട്ട് അത് പറന്നു പോകാൻ ശ്രമിക്കുന്നതും കാലിലെ ചരടു മൂലം പിറകോട്ടു വീഴുന്നതുമൊക്കെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത സന്തോഷം തോന്നി. തൻ്റെ വിശ്രമ മുറിയുടെ ജനാലക്കമ്പിയിൽ ചരട് ബന്ധിച്ചിരുന്നു. അയാൾക്ക് അതൊരു ക്രൂരവിനോദമായി മാറി. വിശ്രമമില്ലാതെ ആ ചെറുകിളി പറന്നുയരാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ, വീഴ്ചയായിരുന്നു ഫലം. അടുത്ത ദിവസം, എവിടെ നിന്നോ വന്ന ഒരു പൂച്ച കൊട്ടാരത്തിൽ കയറി ആഹാരം കട്ടുതിന്നാൻ നടന്നു. അങ്ങനെ, കിളിയുടെ മുറിയിലും കയറി. അന്നേരം, കിളിയുടെ ഈ ദു...

(1258) പവിഴപ്പുറ്റ്!

  പണ്ടുകാലത്ത്, സിൽബാരിപുരം ദേശത്തിൻ്റെ പടിഞ്ഞാറ് സമുദ്രമായിരുന്നു. കരയിൽ നിന്നും നോക്കിയാൽ വളരെ അകലെയായി സമുദ്രത്തിൽ അനേകം ചെറുദ്വീപുകളുമുണ്ട്. എന്നാൽ, ഒരു ദ്വീപിൽ പോലും ജനവാസമില്ല. ഈ ദ്വീപുകളുമായി ബന്ധപ്പെട്ട് അനേകം സംഭവ കഥകളും കെട്ടുകഥകളും പ്രേതകഥകളുമൊക്കെ നാട്ടിൽ പ്രായമേറിയവർ പറയാറുണ്ട്. ഒരിക്കൽ, പുഷ്‌ക്കരൻ എന്നൊരു മുക്കുവൻ മീൻ പിടിക്കാനായി ചെറുതോണിയിൽ കടലിലൂടെ പോകവേ, അപ്രതീക്ഷിതമായി വൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു! അവന് വള്ളം നിയന്ത്രിക്കാനായില്ല. വള്ളത്തിൽ തലയടിച്ച് അവൻ്റെ ബോധവും മറഞ്ഞു! പിന്നീട്, ഒരു ദിവസം കഴിഞ്ഞ് ബോധം വരുമ്പോൾ ഒരു ദ്വീപിൻ്റെ തീരത്തടിഞ്ഞ വള്ളത്തിൽ അവൻ്റെ കാൽ കുരുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, നേരം പുലരാൻ ഏതാനും മണിക്കൂറുകൾ കൂടിയുണ്ട്. എവിടെയും നേരിയ വെളിച്ചം മാത്രം! വളരെ ബുദ്ധിമുട്ടി വിശപ്പിനായി ദ്വീപിലൂടെ അവൻ അലഞ്ഞുതിരിഞ്ഞു. പരിചയമില്ലാത്ത ചില പഴങ്ങൾ തിന്ന് വിശപ്പടക്കി. അതിനിടയിൽ വലിയൊരു പവിഴപ്പുറ്റ് കണ്ടു. അക്കാലത്ത്, ചുവന്ന പവിഴം കിട്ടിയാൽ കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്ന് രാജകല്പനയുണ്ടായിരുന്നു. മാത്രമല്ല, വളരെ ഉയർന്ന വിലയും കിട്ടും. ആ കാര്യം മനസ്സിലോർത്ത് നേര...

(1257) ഭരണിയിലെ അത്ഭുതം!

  പണ്ട്, സിൽബാരിപുരം ഗ്രാമത്തിലെ രാവുണ്ണിയും ദാസനും അയൽക്കാരായിരുന്നു. എങ്കിലും അവർ തമ്മിൽ കാര്യമായ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു. കാരണം, രാവുണ്ണിയുടെ അസൂയയും അത്യാഗ്രഹവുമായി ദാസന് യോജിച്ച് പോകാൻ പറ്റിയിരുന്നില്ല. ഒരു ദിവസം, ദാസൻ വിറക് ശേഖരിക്കാൻ കാട്ടിലൂടെ പോയപ്പോൾ കാട്ടാനയുടെ ചിന്നംവിളി കേട്ട് അയാൾ പേടിച്ച് ദിക്കറിയാതെ ഓടി. അതുവരെ പോകാത്ത ഉൾക്കാട്ടിലേക്കു പോയപ്പോൾ ഇടതൂർന്ന മരങ്ങൾ കാരണം സൂര്യപ്രകാശം ഒട്ടും അവിടെ പതിക്കുന്നില്ലായിരുന്നു. മൃഗങ്ങളെ പേടിച്ച് അയാൾ ഒരു ഗുഹയിൽ കയറി ഒളിച്ചു. പെട്ടെന്ന്, അവൻ്റെ കാൽ തട്ടി  "ണിം"  എന്നൊരു മണിശബ്ദം കേട്ടു. നേരിയ വെളിച്ചത്തിൽ നോക്കിയപ്പോൾ അതൊരു വലിയ ഭരണിയാണെന്നു മനസ്സിലായി. അവൻ ഭാരമേറിയ അതും ചുമന്ന് കുറച്ച് വെട്ടമുള്ള സ്ഥലത്തെത്തി. ദാസൻ നോക്കിയപ്പോൾ ഭരണിക്ക് ശക്തിയായി ഉറപ്പിച്ച ഒരു തടിയുടെ അടപ്പുണ്ടായിരുന്നു. അത് ഏറെ ബലം പ്രയോഗിച്ച് ഇളക്കിമാറ്റി! അന്നേരം, അവിടമാകെ പുക നിറഞ്ഞു. അതിനൊപ്പം ഭീകരമായ ഒരു അട്ടഹാസവും മുഴങ്ങി! "ഏറെ നൂറ്റാണ്ടുകൾക്കു മുൻപ് ഒരു മന്ത്രവാദി എന്നെ അടിമയാക്കി ഈ ഭരണിയിൽ അടച്ചതാണ്. ഇന്ന് നീയാണ് എന്നെ സ്വതന്ത്രമാക്കിയ...

(1256) തത്ത വരുത്തിയ വിന!

  പണ്ട്, സിൽബാരിപുരം ദേശത്ത് ശങ്കുണ്ണി എന്നു പേരുള്ള ഒരു ജന്മി ജീവിച്ചിരുന്നു. ഏറെ സമ്പത്തുള്ള തറവാട്ടിൽ അനന്തരാവകാശികൾ ആരുമില്ലായിരുന്നു. കുട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഭാര്യ മരണപ്പെട്ടതിനാൽ ബന്ധുക്കളില്ലാതെ അദ്ദേഹം ഒറ്റയ്‌ക്കാണു കഴിഞ്ഞിരുന്നത്. ഒരു വളർത്തു നായയും പൂച്ചയും അയാളുടെ ഉറ്റ ചങ്ങാതിമാരാണ്. വീടിനകത്ത് കാര്യസ്ഥനും ഭൃത്യനും, പുറത്ത് കുറെ പണിക്കാരും മിക്കവാറും അവിടെയുണ്ടാകും. ഒരിക്കൽ, ആ വലിയ തറവാടിൻ്റെ വരാന്തയിൽ അദ്ദേഹം ഒരു കിളിക്കൂട് തൂക്കിയിട്ടു. അതിൽ, മനോഹരമായ ഒരു തത്തയായിരുന്നു ഉണ്ടായിരുന്നത്. അതിനെ സംസാരിക്കാനും ശങ്കുണ്ണി പരിശീലിപ്പിച്ചു. ഒരു ദിവസം ശങ്കുണ്ണി ചന്തയിൽ പോയ സമയത്ത്  തറവാട്ടിലെ കാര്യസ്ഥനെ സ്വാധീനിക്കാനായി ഭൃത്യൻ ശ്രമം നടത്തി. അവസാനം അവൻ പറഞ്ഞു: "ഈ തറവാട്ടിലെ വലിയ സ്വത്തിന് അനന്തരാവകാശികളായി ആരുമില്ല. അതുകൊണ്ട് വിശ്വസ്തനായ അങ്ങ് പറഞ്ഞാൽ യജമാനൻ എവിടെ വേണമെങ്കിലും വരും. അങ്ങനെ കോസലപുരത്തെ അമ്പലത്തിലേക്ക്  പോകുന്ന വഴി കാട്ടിൽ വച്ച് അയാളെ കൊന്നു കളയാൻ പറ്റും" അന്നേരം, കാര്യസ്ഥൻ ഞെട്ടലോടെ പറഞ്ഞു: "ആരെങ്കിലും അറിഞ്ഞാൽ രാജാവ് നമുക്ക് ക്രൂരമായ വധശിക്ഷ വിധി...

(1255) രാജാവിനെ പറ്റിച്ച പ്രജകൾ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ. പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി. "മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം" രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്" പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക...

(1254) രണ്ടു കുടിയന്മാർ!

സിൽബാരിപുരം രാജ്യത്ത് ഒരു ആശ്രമത്തിലെ ഗുരുവിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണു കണ്ടിരുന്നത്. കാരണം, അദ്ദേഹം കോപിച്ച അവസരങ്ങളിൽ ചിലരെ ശപിച്ച കുറെ സംഭവങ്ങൾ നാട്ടുകാർ പേടിയോടെ ഓർക്കാറുണ്ട്. ഒരു ദിവസം, രണ്ടു മദ്യപാനികൾ വഴിയിലൂടെ തെന്നിത്തെറിച്ച് നടക്കുകയായിരുന്നു. അന്നേരം, ഗുരുവും ഏതാനും ശിഷ്യന്മാരും അതുവഴി വന്നു. ഗുരു അവരെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് ശിഷ്യന്മാർ വിചാരിച്ചത് കുടിയന്മാരെ ശപിക്കുമെന്നാണ്. എന്നാൽ, ഗുരു അവരോട് യാതൊന്നും പറയാതെ, പാതയോരത്ത് നിന്ന ഒരു ചെടിയുടെ കമ്പ് ഒടിച്ചെടുത്തു. എന്നിട്ട്, അതിൽ ഒരു കുടിയനെ നല്ലതുപോലെ അടിച്ചു. അവൻ അടികൊണ്ട് നിലവിളിച്ചു! പക്ഷേ, രണ്ടാമനെ അടിച്ചില്ല. അതുകഴിഞ്ഞ് ഗുരുവും ശിഷ്യരും മുന്നോട്ടു പോയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഗുരുവേ, അങ്ങ് എന്തുകൊണ്ടാണ് രണ്ടാമനെ തല്ലാതെ വിട്ടത്?" അന്നേരം ഗുരു പറഞ്ഞു: "ഇവർ രണ്ടു പേരും സ്ഥിരമായി മദ്യം സേവിക്കുന്നവരാണ്. അതിൽ രണ്ടാമൻ സ്വയം നശിക്കുന്നു. മറ്റാരെയും ഉപദ്രവിക്കാറില്ല. എന്നാൽ, ഒന്നാമൻ അങ്ങനെയല്ല. അവൻ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നവനാണ്. എൻ്റെ തല്ല് അവനു കിട്ടിയതിനാൽ ഇനി അവന് വേറ...