(1238) അലസതയുടെ ഫലം?
"അലസതയുള്ള മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ് " എന്നുള്ള പഴഞ്ചൊൽ പ്രയോഗം വളരെ പ്രശസ്‌തമാണ്. അതിനെ സാധൂകരിക്കുന്ന ഒരു കഥയാണിത്. പണ്ട്, സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്നിരുന്ന കാലം. കാടിൻ്റെ രാജാവായി കരുത്തനായ സിംഹമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ മൃഗങ്ങളാൽ സമ്പന്നമായിരുന്നു അവിടം. ഒരിക്കൽ, പതിവുപോലെ സിംഹരാജൻ വേട്ടയ്ക്കിറങ്ങി. അന്ന് സിംഹം അതുവരെ പോകാത്ത ഒരു വഴിയിലൂടെ മുന്നോട്ടു പോയി. ഏറെ ദൂരം പിന്നിട്ടപ്പോൾ പുള്ളിമാനുകളുടെ സങ്കേതത്തിൽ ചെന്നു പെട്ടു. അവിടമാകെ നൂറു കണക്കിന് മാനുകൾ ഉണ്ടായിരുന്നു. ആദ്യമായി സിംഹത്തെ കണ്ട മാനുകൾ ചിതറിയോടി. പക്ഷേ, മാനുകളുടെ സംരക്ഷകനും നേതാവുമായ മാൻ ഓടാതെ നിന്നു. കാരണം, അവൻ്റെ പിറകിൽ ഓടാൻ വയ്യാതെ കിടക്കുന്ന ഏതാനും മാനുകൾ ഉണ്ടായിരുന്നു. അവൻ സിംഹത്തോടു പറഞ്ഞു: "മൃഗരാജാവേ ഞങ്ങളുടെ സങ്കേതത്തിൽ അനേകം മാനുകളുണ്ട്. ഇവിടെ കിടക്കുന്ന മാനുകൾ രോഗികളാണ്. അതിനാൽ നാളെ മുതൽ ഞങ്ങൾ തെരഞ്ഞെടുത്ത് ഓരോ മാനിനെയും അങ്ങയുടെ ഗുഹയിൽ എത്തിക്കാം " സിംഹത്തിന് അത് സന്തോഷമായി : "ഞാൻ അതു സമ്മതിച്ചിരിക്കുന്നു. അതിനാൽ ഇവിടെ അടുത്തുള്ള ഗുഹയിലാകും ഇനി ഞാൻ താമസിക്കുന്...