(1238) അലസതയുടെ ഫലം?

 "അലസതയുള്ള മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ് " എന്നുള്ള പഴഞ്ചൊൽ പ്രയോഗം വളരെ പ്രശസ്‌തമാണ്. അതിനെ സാധൂകരിക്കുന്ന ഒരു കഥയാണിത്.

പണ്ട്, സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്നിരുന്ന കാലം. കാടിൻ്റെ രാജാവായി കരുത്തനായ സിംഹമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ മൃഗങ്ങളാൽ സമ്പന്നമായിരുന്നു അവിടം.

ഒരിക്കൽ, പതിവുപോലെ സിംഹരാജൻ വേട്ടയ്ക്കിറങ്ങി. അന്ന് സിംഹം അതുവരെ പോകാത്ത ഒരു വഴിയിലൂടെ മുന്നോട്ടു പോയി. ഏറെ ദൂരം പിന്നിട്ടപ്പോൾ പുള്ളിമാനുകളുടെ സങ്കേതത്തിൽ ചെന്നു പെട്ടു. അവിടമാകെ നൂറു കണക്കിന് മാനുകൾ ഉണ്ടായിരുന്നു.

ആദ്യമായി സിംഹത്തെ കണ്ട മാനുകൾ ചിതറിയോടി. പക്ഷേ, മാനുകളുടെ സംരക്ഷകനും നേതാവുമായ മാൻ ഓടാതെ നിന്നു. കാരണം, അവൻ്റെ പിറകിൽ ഓടാൻ വയ്യാതെ കിടക്കുന്ന ഏതാനും മാനുകൾ ഉണ്ടായിരുന്നു.

അവൻ സിംഹത്തോടു പറഞ്ഞു: "മൃഗരാജാവേ ഞങ്ങളുടെ സങ്കേതത്തിൽ അനേകം മാനുകളുണ്ട്. ഇവിടെ കിടക്കുന്ന മാനുകൾ രോഗികളാണ്. അതിനാൽ നാളെ മുതൽ ഞങ്ങൾ തെരഞ്ഞെടുത്ത് ഓരോ മാനിനെയും അങ്ങയുടെ ഗുഹയിൽ എത്തിക്കാം "

സിംഹത്തിന് അത് സന്തോഷമായി : "ഞാൻ അതു സമ്മതിച്ചിരിക്കുന്നു. അതിനാൽ ഇവിടെ അടുത്തുള്ള ഗുഹയിലാകും ഇനി ഞാൻ താമസിക്കുന്നത് "

എന്നും ഓരോ മാൻ സിംഹത്തിൻ്റെ ഗുഹയിൽ വരാൻ തുടങ്ങി. സിംഹത്തിന് ഗുഹയുടെ പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യമേ വന്നില്ല. തീറ്റി കഴിഞ്ഞ് അവിടെ ഉറങ്ങും.

എന്നാൽ പണ്ടെല്ലാം പലയിടത്തു നിന്നും വേട്ടയാടി പിടിക്കുന്ന മൃഗങ്ങളെ തിന്നിട്ട് ആ സ്ഥലത്തു തന്നെ മിച്ചം വരുന്നത് ഉപേക്ഷിച്ചു പോരികയാണു പതിവ്. പക്ഷേ, ഇവിടെ മാസങ്ങൾ കഴിഞ്ഞപ്പോൾ മാംസത്തിൻ്റെ അവശിഷ്‌ടങ്ങൾ കിടന്ന് രോഗാണുക്കൾ പെരുകി. അവിടെ നിന്നും മാറാൻ സിംഹത്തിനു തോന്നിയെങ്കിലും അവൻ പിറുപിറുത്തു: "ഈ സങ്കേതത്തിൽ നിന്നു മാറിയാൽ മാനിറച്ചി ഇത്ര എളുപ്പത്തിൽ ഒരിടത്തും കിട്ടില്ല"

ആ മാലിന്യത്തിൽ നിന്നും സിംഹത്തിനു രോഗം പിടിപെട്ടു. മാനിറച്ചി കഴിച്ചിട്ടും ശരീരം വല്ലാതെ മെലിയാൻ തുടങ്ങി. എങ്കിലും, അവിടെ നിന്നും പോയില്ല. ഇതിനിടയിൽ ഒരു ദിവസം രാവിലെ മാൻ എത്തിയില്ല!

സിംഹത്തിനു വിശന്നു. കാര്യം അറിയാൻ അവൻ മാനുകളുടെ സങ്കേതത്തിലേക്കു നടന്നു. രോഗം കാരണം നടക്കാനുള്ള ശക്തി പോലും ചോർന്നു തുടങ്ങിയിരുന്നു. അവിടെ ചെന്നപ്പോൾ മാനുകൾ ഒന്നുമില്ല!

സിംഹം ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി പിറുപിറുത്തു: "ഞാൻ ഇവിടുത്തെ അവസാനത്തെ മാനിനെയാണ് ഇന്നലെ തിന്നത്!"

നിരാശയോടെ മറ്റുള്ള ഏതെങ്കിലും മൃഗത്തെ വേട്ടയാടാൻ സിംഹം തീരുമാനിച്ചു. അന്നേരം ഒരു കുറുക്കനെ കണ്ടപ്പോൾ അതിനു പിറകെ ഓടി. പക്ഷേ, ദുർബലമായ ഓട്ടത്തിൽ അതിനെ കിട്ടിയില്ല. പിന്നെ, കാട്ടുപന്നിയുടെയും കാട്ടുമുയലിൻ്റെയും പിറകെ പോയെങ്കിലും യാതൊന്നും കിട്ടിയില്ല. അന്നു രാത്രിയിൽ സിംഹം കുഴഞ്ഞുവീണു! അടുത്ത ദിവസം, കുറുക്കനും  കഴുതപ്പുലിയും കഴുകനുമെല്ലാം ഊഴം അനുസരിച്ച് സിംഹത്തെ തിന്നു. കഴുകൻ കൊത്തിവലിച്ചു!

ഗുണപാഠം: നിരന്തരം കർമ്മം ചെയ്യുന്നവർ ഒരിക്കലും തുരുമ്പെടുത്ത് നശിക്കില്ല! എന്തും സൗജന്യമായി കിട്ടുമെന്ന് വിചാരിക്കുന്നവർക്ക് താൽക്കാലിക സുഖങ്ങൾ അനുഭവിക്കാൻ പറ്റിയേക്കാം. എന്നാൽ, അവയൊന്നും ശാശ്വതമല്ല!

Written by Binoy Thomas, Malayalam eBooks - 1138- പഴഞ്ചൊൽകഥകൾ - 14, PDF -https://drive.google.com/file/d/1XD-1LY3p2OQsj8cCojlgsjwYKEVoWI4U/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം