28/02/21

ഒരു ഒച്ചിന്റെ കഥ

പണ്ടു പണ്ട്, സിൽബാരിപുരംദേശത്ത് വീരപാണി എന്നു പേരായ ഒരു സന്യാസി ജീവിച്ചിരുന്നു.

 ഒരിക്കൽ, അദ്ദേഹം സിൽബാരിപുരംക്ഷേത്രത്തിലേക്ക് പുണ്യയാത്ര പുറപ്പെട്ടു. തോളിൽ ഒരു തുണി സഞ്ചിയും ഉണ്ടായിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ കയ്യ്  തണുത്ത വഴുവഴുപ്പുള്ള എന്തോ ഒന്നിൽ തൊട്ടു. അദ്ദേഹം നോക്കിയപ്പോൾ ഒരു തടിയൻ ഒച്ച് സഞ്ചിയുടെ വള്ളിയിൽ ഇരിക്കുന്നു. സന്യാസി, ഉടൻ അതിനെ കൈ കൊണ്ടു തട്ടി നിലത്തേക്ക് എറിഞ്ഞു.

അദ്ദേഹം, ഒരു മാസത്തെ യാത്രയ്ക്കു ശേഷം തിരികെ ആശ്രമത്തിലെത്തി.

പിന്നെയും നാലു വർഷങ്ങൾ കടന്നുപോയി.

ഒരു ദിവസം-

സന്യാസി മുറിയിൽ ഒരു ഗ്രന്ഥം വായിച്ചു കൊണ്ടിരിക്കുമ്പോൾ കാൽവിരലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. പാമ്പെന്നു കരുതി സന്യാസി പെട്ടെന്നു ഒരു കാൽ മടക്കി കട്ടിലിൽ വച്ചു.

ഉടൻ, ഒരു ഒച്ച് സന്യാസിയോട് അലറി-

"ഓർമ്മയുണ്ടോ, ഈ മുഖം?"

സന്യാസി പറഞ്ഞു -

"നീ കേവലം ഒരു ഒച്ചാണ്. നിന്നെ എന്തിന് ഞാൻ ഓർത്തിരിക്കണം?"

ഒച്ച് പിന്നെയും ശബ്ദമുയർത്തി -

"താൻ തീർച്ചയായും ഓർത്തിരിക്കണം. അഥവാ, താൻ ഓർത്തില്ലെങ്കിലും ഞാൻ എന്റെ ശത്രുവായ താങ്കളെ ഒരിക്കലും മറക്കില്ല. കാരണം, നാലു വർഷങ്ങൾക്കു മുൻപ് തന്റെ സഞ്ചിയിൽ നിന്ന് നിർദ്ദയം കാട്ടിലേക്ക് എന്നെ വലിച്ചെറിഞ്ഞത് ഓർക്കുന്നുണ്ടോ?"

സന്യാസി വിനീതനായി പറഞ്ഞു -

"ഞാൻ ഇപ്പോഴും നിന്നെ ഓർക്കുന്നില്ല. എങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നിന്നോടു മാപ്പു ചോദിക്കുന്നു''

"ഒരു മാപ്പു പറഞ്ഞാൽ തീരാവുന്നതല്ല എനിക്കേറ്റ അഭിമാന ക്ഷതം. നിന്നോടു പ്രതികാരം ചെയ്യാനായി കഴിഞ്ഞ നാലു വർഷം നടന്നിട്ടാണ് ഇവിടെയെത്തിയത്"

സന്യാസി ആശ്ചര്യപ്പെട്ടു-

"ഇത്രയും ചെറിയ കാര്യത്തിന് നീ വെറുതെ നാലു വർഷം പാഴാക്കിയല്ലോ, കഷ്ടം!"

"ഏയ്, എനിക്കു നഷ്ടമായ നാലു വർഷം തന്നെ നീയും ശിക്ഷിക്കപ്പെടണം. അടുത്ത നാലു വർഷം നിന്റെ വലതു ചെവിയിൽ കയറി കേൾവി കളയുംവിധം അടച്ചിരിക്കാനാണ് എന്റെ തീരുമാനം"

സന്യാസി സമ്മതിച്ചു -

"അതാണ് ദൈവഹിതമെങ്കിൽ അങ്ങനെ നടക്കട്ടെ"

അന്നേരം, സന്യാസിയുടെ ശിഷ്യൻ അദ്ദേഹത്തിന് കട്ടൻകാപ്പിയുമായി മുറിയിലേക്കു വന്നു.

"ഛെ! ഈ ഒച്ച് ഗുരുജിയുടെ കാലിൽ കയറുമല്ലോ!"

ആ നിമിഷം തന്നെ ശിഷ്യന്റെ കരിങ്കല്ലു പോലത്തെ തഴമ്പുള്ള കാലുകൊണ്ട് ഒച്ചിനെ ചവിട്ടിയരച്ചു!

സന്യാസി പിറുപിറുത്തു -

"ഇത് ഒച്ചിന്റെ വിധിയാണ്!"

ആശയം -

നിസ്സാര കാര്യങ്ങളെ പ്രതികാര നിലവാരത്തിലേക്ക് ഉയർത്തി ദീർഘകാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ചില മനുഷ്യരെ നമുക്കു ചുറ്റും കാണാവുന്നതാണ്. ആരാണോ, പകയും പ്രതികാരബുദ്ധിയും കൊണ്ടു നടക്കുന്നത് അവർ പ്രതികാരം ചെയ്യുന്നതിനു മുൻപുതന്നെ സ്വന്തം ശരീരകോശങ്ങളോട് പ്രതികാരം ചെയ്തിരിക്കുന്നുവെന്ന് അറിയുന്നില്ല!

27/02/21

അഹങ്കാരിയായ സന്യാസി

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, അഹങ്കാരിയായ ഒരു അത്ഭുത സന്യാസി ഉണ്ടായിരുന്നു. അയാൾ, തന്റെ ജ്ഞാനംകൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുക എന്നൊരു പൊങ്ങച്ചമനോഭാവവും കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു.

ഒരിക്കൽ, ഒരു പ്രഭാതത്തിൽ, അയാൾ പോകുംവഴി ഒരു അണ്ണാൻ ഓരോ മരത്തിൽ നിന്നും മറ്റൊന്നിലേക്കു ചാടിച്ചാടി പോകുന്നതു കണ്ടു.

അയാൾ അണ്ണാനോടു പറഞ്ഞു -

"നിനക്ക് മര്യാദയ്ക്ക് ഒരു മരത്തിൽ നിന്നും വേറൊന്നിലേക്ക് നടന്നു കയറാമല്ലോ, നീ കാട്ടിലെ വലിയ മരംകേറ്റക്കാരനെന്ന് അറിയിക്കാനുള്ള ധിക്കാരമല്ലേ ഇത്? ഇങ്ങനെയാണ് 'അണ്ണാൻ മരം കേറുന്ന പോലെ' എന്നുള്ള മനുഷ്യരുടെ പറച്ചിൽ തന്നെ വന്നത്''

ഇതുകേട്ട് അണ്ണാനും ശരിയാണെന്നു തോന്നി. അവൻ പിന്നെ, മെല്ലെ കയറാനും ഇറങ്ങാനും തുടങ്ങി. അന്നേരം മറ്റു ജീവികൾ അവനെ ഉപദ്രവിച്ചു തുടങ്ങി.

അയാൾ മുന്നോട്ടു പോയപ്പോൾ ഒരു പരുന്ത് എലിയെ തിന്നുകൊണ്ടിരിക്കുകയായിരുന്നു. അയാൾ പറഞ്ഞു -

"ഹേയ്, പരുന്തേ, നീ ചിറകടിക്കാതെ ഒരുപാടു നേരം ആകാശത്തു പറക്കുമെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. നിനക്ക് ചിറകടിച്ചു പറക്കുന്നതിൽ എന്താണു കുഴപ്പം?"

ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു പരുന്തിനു തോന്നി. ആ പക്ഷി പിന്നെ പറന്നപ്പോൾ ആകാശത്തു ചിറകടിച്ചു വട്ടം കറങ്ങി. പക്ഷേ, ശരീരത്തിന്റെ കുലുക്കം മൂലം അതിന്റെ കണ്ണുകൾക്ക് നന്നായി താഴെ ഭൂമിയിലുള്ള ഇരകളെ സൂക്ഷ്മമായി നിർണയിക്കാൻ സാധിച്ചില്ല. താഴെ ഊളിയിട്ട് ചെല്ലുമ്പോൾ ഉന്നം പിഴച്ച് അന്നം മുടങ്ങി പരുന്ത് കഷ്ടത്തിലായി.

പിന്നെ, സന്യാസി മുന്നോട്ടു പോയപ്പോള്‍, ഒരു ചിലന്തി ഭംഗിയുള്ള വലയുടെ നടുവിൽ ഇരിക്കുകയായിരുന്നു. അതു കണ്ട്, സന്യാസി പറഞ്ഞു -

"നീ ബലവും പശയുമുള്ള വല നെയ്യുമെന്ന് ഈ കാട്ടിലും നാട്ടിലും എല്ലാവർക്കും അറിയാം. ഈ സൂത്രം ഉപയോഗിച്ച് ഇരകളെ ചതിയിൽ പെടുത്താതെ ഇര തേടി തിന്നാൻ നോക്ക്"

അതോടെ വല ഉപേക്ഷിച്ച് ചിലന്തി പ്രാണികളുടെ പിറകേ ഓടിത്തുടങ്ങി. എന്നാൽ, അവറ്റകളെ കിട്ടാതെ ചിലന്തി പട്ടിണിയായി.

പിന്നീട്, സന്യാസി നോക്കിയപ്പോള്‍, അട്ട പതിയെ പോകുന്നതു കണ്ടു. അതിനെയും സന്യാസി വെറുതെ വിട്ടില്ല -

"നീ എന്തിനാണ് ഇത്രയും കാലുകൾ ഉപയോഗിച്ചു നടക്കുന്നത്? ഞാൻ നടക്കുന്നതുപോലെ രണ്ടു കാലിൽ നടക്കരുതോ?"

അയാളുടെ വാക്കു കേട്ട് രണ്ടു കാലിൽ നടന്ന് അടിതെറ്റി അട്ട കുഴഞ്ഞു വീണു.

അയാള്‍, കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു പൂവൻകോഴി കഴുത്തുനീട്ടി ഉച്ചത്തിൽ കൂവി -

"കൊക്കരക്കോ.. കോ....."

അവനോടു സന്യാസി പറഞ്ഞു -

"നീ കൂവിയിട്ടല്ല പ്രഭാതം പൊട്ടി വിടരുന്നത്. നിന്റെ അഹങ്കാരം കയ്യിൽ വച്ചാൽ മതി"

പൂവൻകോഴി അടുത്ത ദിവസം രാവിലെ കൂവിയില്ല. പക്ഷേ, അവൻ വല്ലാത്ത മാനസിക വിഷമത്തിലായി. കാരണം, ചെറുപ്പം മുതൽ കൂവാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഇങ്ങനെ മൗനം പാലിക്കുന്നത്!

അടുത്ത ദിവസം, രാവിലെ സന്യാസിയുടെ വീടിനു മുന്നിൽ പൂവൻകോഴിയും അട്ടയും പരുന്തും അണ്ണാനും ചിലന്തിയും അവരുടെ വിഷമം പറയാൻ എത്തിച്ചേർന്നു. അവർ പരസ്പരം ദു:ഖം പങ്കുവച്ചു-

"ഈ ദിവ്യ സന്യാസിയുടെ വാക്കു ധിക്കരിച്ചാൽ ശാപം കിട്ടിയാലോ? എന്തായാലും സന്യാസിയോടു പ്രശ്നം പറയാം"

സന്യാസി ആ സമയത്ത് മുറ്റത്തു കൂടി ഉലാത്തുകയായിരുന്നു. അദ്ദേഹം ഈ ജീവികളെ കണ്ടതായി പോലും ഭാവിച്ചില്ല. ഒരു കുഴലിലൂടെ ആകാശത്തേക്ക് നോക്കി എന്തൊക്കയോ മനസ്സിലായ മട്ടിൽ പിറുപിറുക്കുന്നുണ്ടായിരുന്നു.

അപ്പോൾ പൂവൻകോഴി സംശയം പറഞ്ഞു -

"ഇനി ഈ സന്യാസി ആയിരിക്കുമോ നമ്മുടെ പ്രപഞ്ചം സംവിധാനം ചെയ്തത് ?"

അണ്ണാന്‍ തലകുലുക്കി സമ്മതിച്ചു -

"ശരിയാണ്, കണ്ടില്ലേ? മാനത്തോട്ടു നോക്കി എന്തൊക്കയോ നിർദ്ദേശം കൊടുക്കുന്നത്?"

മറ്റുള്ളവരും അതിനോട് അനുകൂലിച്ചു.

പെട്ടെന്നാണതു സംഭവിച്ചത്! -സന്യാസി മുറ്റത്തിനു താഴത്തെ കുഴിയിലേക്കു വീണു!

ഉടൻ, പരുന്ത് പറഞ്ഞു -

" ഹൊ! അയാള്‍ക്ക് നമ്മളെ എല്ലാവരെയും എന്തു കുറ്റമായിരുന്നു? മുറ്റത്ത്, കാൽചുവട്ടിലെ കുഴി കാണാൻ പറ്റാത്ത മണ്ടനാണ് ആകാശത്തെ കാര്യങ്ങൾ നോക്കുന്നത്!"

അണ്ണാൻ പറഞ്ഞു -

"അതു ശരിയാണ്. നമുക്കു നമ്മുടെ ശൈലിയിൽത്തന്നെ ജീവിക്കാം. ആദ്യം അയാൾ സ്വന്തം കാര്യം നോക്കട്ടെ!"

ചിലന്തി മറുപടിയെല്ലാം ഒറ്റവാക്കിൽ തീർത്തു-

"ത്ഫൂ...."

ആശയം -

കുഴിയിൽ വീണും വീഴിച്ചും എണീറ്റും തെറ്റുകൾ തിരുത്തിയും ശൈലി മാറ്റിയും നല്ലതു സ്വീകരിച്ച് ചീത്തയായവ തള്ളി സ്വന്തം കാര്യം മെച്ചപ്പെടുത്താൻ മാത്രമുള്ള സമയമേ ജീവിതത്തിൽ കിട്ടുന്നുള്ളൂ.

എന്നാൽ, നിരന്തര നവീകരണത്തിനുള്ള സ്വന്തം സമയമാകട്ടെ, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി വെറുതെ കളയാനുള്ളതല്ല. എല്ലാറ്റിലും ഇടപെട്ടാൽ പ്രശ്നങ്ങൾ കൂടാനാണു സാധ്യത. അവിടെ എതിരാളി മാത്രമല്ല, അവരുടെ ശിങ്കിടികളും കൊമ്പുകുലുക്കി ശത്രുത ചൊരിയും. പക്ഷേ, യുക്തമായ സഹായങ്ങളുടെ അഭ്യർഥനയെ മാനിക്കുകയും വേണമല്ലോ.

26/02/21

Guru Nithyachaithanya yathi

ഗുരു നിത്യചൈതന്യയതി 

ഗുരുവിന്റെ യഥാർഥ നാമം ജയചന്ദ്ര പണിക്കർ എന്നായിരുന്നു. ജയചന്ദ്രന് ആറു വയസ്സുള്ളപ്പോൾ അവന്റെ ക്ലാസിൽ ക്രിസ്ത്യാനി മുസ്ലീം ഹിന്ദു കുട്ടികളെല്ലാം കൂട്ടുകാരായി ഉണ്ടായിരുന്നു.

ഒരു ദിവസം ഗോപാലപിള്ളസാർ ക്ലാസ് എടുക്കുന്നതിനിടെ എല്ലാവരോടുമായി ചോദിച്ചു -

"ഈ ക്ലാസിലെ ക്രിസ്ത്യാനികൾ എണീറ്റു നിൽക്ക ''

ഉടൻ, കുറച്ചു കുട്ടികൾ എണീറ്റു. അക്കൂട്ടത്തിൽ അവന്റെ ഉറ്റ ചങ്ങാതിയായ പീറ്ററും ഉണ്ടായിരുന്നു. അങ്ങനെ, ജയചന്ദ്രനും അവന്റെ കൂടെ എണീറ്റു. കാരണം, താൻ ഏതു മതക്കാരനെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു.

ഉടൻ, ഗോപാലപിള്ളസാർ അവനെ തറപ്പിച്ചു നോക്കി പറഞ്ഞു -

"ഇരിക്കടാ, അവിടെ "

അവൻ ഇരുന്നു.

പിന്നെ സാർ പറഞ്ഞു -

"ഇനി മുസ്ലീങ്ങൾ എണീറ്റു നിൽക്കുക"

അപ്പോൾ ജയചന്ദ്രൻ നോക്കിയപ്പോൾ കൂട്ടുകാരായ ബീരാൻകുട്ടിയും മറ്റും എണീറ്റിരിക്കുന്നു. ഉടൻ, അവൻ വീണ്ടും എണീറ്റു. അന്നേരം, സാർ വീണ്ടും കോപത്തോടെ പറഞ്ഞു -

"നീ ഇരിക്ക് "

ജയചന്ദ്രൻ അതോടെ ആശയക്കുഴപ്പത്തിലായി. പിന്നെ, സാർ ആവശ്യപ്പെട്ടത് -

"ഈ ക്ലാസിലെ ഹിന്ദു കുട്ടികൾ എണീക്ക്"

ഇത്തവണ മറ്റു പലരും എണീറ്റെങ്കിലും രണ്ടു തവണ പരാജയം രുചിച്ച ജയചന്ദ്രൻ അനങ്ങിയില്ല!

വീണ്ടും ഗോപാലപിള്ളസാർ കോപിച്ചു -

"എടാ, കഴുതേ, എണീക്ക്. നീ ഹിന്ദുവാണ്"

അപ്പോൾ ജയചന്ദ്രന് ഒരു കാര്യം മനസ്സിലായി- താൻ ഒരേ സമയം കഴുതയും ഹിന്ദുവുമാണ്!

This is a story from the life of Guru Nityachaitanya yati.

25/02/21

നിരീക്ഷണ പാടവം I.Q. Series-4

ഒരു ദിവസം സ്കൂളിൽ ബിജുസാറിന്റെ ക്ലാസ് റൂമിലേക്ക് കുട്ടികൾ എത്തി. തലേ ദിവസം രാത്രി മുഴുവൻ മഴയായതിനാൽ വലിയ ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയായിരുന്നു ആ മുറിയിൽ. അതായത്, മൂന്നാം ക്ലാസിലെ കുട്ടികൾ സ്മാർട് ക്ലാസ് കഴിഞ്ഞ് അവരുടെ സ്വന്തം 3-C ക്ലാസിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അന്നേരം, ഫാൻ കറങ്ങുന്നില്ലായിരുന്നു.

അപ്പോൾ, കുട്ടികൾ തമ്മിൽ ചെറിയൊരു തർക്കം -

"സാറേ, ഞങ്ങൾക്കു ഫാനിടണം"

"വേണ്ട സാറേ, ഞങ്ങൾക്കു തണുപ്പാ"

രണ്ടു കൂട്ടരും ഇങ്ങനെ പറഞ്ഞപ്പോൾ സാർ പറഞ്ഞു -

"ഫാൻ വേണമെന്നുള്ളവർ കൈ ഉയർത്തൂ..."

അപ്പോൾ, 16 കുട്ടികൾ കൈ പൊക്കി. പഠിക്കാൻ മിടുക്കരായ ചില കുട്ടികളും ഒരു ടീച്ചറുടെ മകനും അക്കൂട്ടത്തിലുണ്ട്.

"ഇനി, ഫാൻ വേണ്ടാ എന്നുള്ളവർ കൈ ഉയർത്തുക"

അപ്പോഴും ബാക്കിയുള്ള 16 കുട്ടികൾ കൈ പൊക്കി.

അപ്പോൾ തുല്യം - തുല്യം!

ഇനിയെന്തു ചെയ്യും? അപ്പോൾ, സാർ ചെറിയൊരു കൗശലം പ്രയോഗിച്ചു -

"നിങ്ങൾ രണ്ടു കൂട്ടരും സമനില പാലിക്കുന്നതിനാൽ, ഞാൻ ഇനി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുന്ന ഗ്രൂപ്പിന്റെ ആവശ്യമായിരിക്കും ഞാൻ അംഗീകരിക്കുക"

എല്ലാവരും സമ്മതിച്ചു. സാർ തുടർന്നു -

"ഇപ്പോൾ ഡ്രോ ആയതിനാൽ ഞാനും കൂടി ഏതു ഗ്രൂപ്പിൽ ചേരുന്നുവോ ആ ഗ്രൂപ്പിന്റെ ആവശ്യമാകും ഭൂരിപക്ഷം. എന്നാൽ, എന്റെ ചോദ്യമിതാണ്- ഞാൻ ഏതു പക്ഷമായിരിക്കും?"

അപ്പോൾ ഒരു കുട്ടി മാത്രം ശരിയായ ഉത്തരവും അതിനുള്ള കാരണവും പറഞ്ഞു. എന്തായിരിക്കും ശരിയുത്തരം?

ഉത്തരം -

കുട്ടി പറഞ്ഞത് -

"ഞങ്ങൾ വരുമ്പോൾ സാർ ഫാൻ ഇട്ടിട്ടില്ലായിരുന്നല്ലോ. അപ്പോൾ സാറിന് ഫാൻ വേണ്ടല്ലോ. സാറിന്റെ വോട്ട് വേണ്ടെന്നായിരിക്കും"

സാർ അവനെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു-

"മികച്ച നിരീക്ഷണവും ശ്രദ്ധയും ഒരു നല്ല വിദ്യാർഥിക്ക് ആവശ്യമാണ്. അപ്പോൾ എന്റെ വോട്ട് ശരിയുത്തരം പറഞ്ഞ ഈ മിടുക്കന്‍റെ  ഫാൻ വേണമെന്നുള്ള ഗ്രൂപ്പിന് !''

24/02/21

I.Q.SERIES-3

 1. ഗാന്ധിജിയുടെ കാലത്ത് ഇന്ത്യയിലും സൗത്ത് ആഫ്രിക്കയിലും ഷെവര്‍ലെ, ഫോര്‍ഡ്,  പ്ലിമത്ത്, ഫിയറ്റ്, വിന്റെജ്...എന്നിങ്ങനെ പലതരം കാറുകള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍,  ഗാന്ധിജി ഇന്ത്യയില്‍ ഓടിച്ച കാർ ഏതായിരുന്നു?

2. പൂവന്‍കോഴികളുടെയും പെടക്കോഴികളുടെയും ഒരു കഥ. ഒരു പൂവൻ രണ്ടു പെട, ഒരു പെടയും രണ്ടുപെട. എങ്കില്‍ ആകെയുള്ള പൂവനും പെടയും എത്ര?

3. ഒരു പറമ്പിൽ 2 ആട് നില്‍പ്പുണ്ട്. ഒരെണ്ണം കിഴക്കോട്ട് നോക്കി നിൽക്കുന്നു. മറ്റേത്, പടിഞ്ഞാറോട്ട് നോക്കി നില്‍ക്കുന്നു. എങ്കിൽ തിരിയാതെയും കണ്ണാടി നോക്കാതെയും കുനിയാതെയും വെള്ളത്തിൽ നോക്കാതെയും അവര്‍ക്ക് മുഖം കാണാൻ പറ്റും. എങ്ങനെ?

4. എല്ലാ കലണ്ടറിലും ഒരു പഴത്തിന്റെ കാര്യം ഒരിടത്ത് എഴുതിയിട്ടുണ്ട്. ഏതാണത്? 

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം- ബ്രിട്ടീഷുകാര്‍ 

ഉത്തരം-2 

ഒരു പൂവൻ ഒരു പിട. കാരണം, പൂവനും പിടയും രണ്ടുതവണ പേടിച്ചുവിറച്ചു പിടച്ചില്‍ നടത്തിയല്ലോ.

മൂന്നാമത്തെ ഉത്തരം -

ഒരെണ്ണം കിഴക്കോട്ടും മറ്റേത് എതിരേ പടിഞ്ഞാട്ടു നോക്കി മുഖാമുഖം നോക്കി നില്‍ക്കുന്നു. അപ്പോള്‍, ഒരു മാറ്റവും വരാതെ പരസ്പരം കാണാമല്ലോ.

നാലാമത്തെ ഉത്തരം-

ഡേറ്റ്സ് (ഈന്തപ്പഴം)

23/02/21

I.Q.test-2

ചോദ്യം-1 

ഞാൻ 11 ഇംഗ്ലീഷ് അക്ഷരമുള്ള ഇന്ത്യയിലെ സിറ്റി-

9,8,4 വായിച്ചാല്‍ ഒരു നിറം 

7,8,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു പക്ഷിയുടെ പേര്

6,7,5,3 അക്ഷരം വായിച്ചാൽ മുഖത്ത് ഉള്ള ഒരു സാധനം

1,8,3 അക്ഷരം വായിച്ചാൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഒരു വസ്തു

9,5,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു സോപ്പിന്റെ പേര്

അവസാനത്തെ 6 അക്ഷരം വായിച്ചാൽ ഒരു പഴത്തിന്റെ പേര്

എന്തായിരിക്കും ഉത്തരം?

രണ്ടാമത്തെ ചോദ്യം-

സിൽബാരിപുരത്തെ ഒരു കയറുകട. കേശു എന്നൊരു കള്ളന്‍ 50 രൂപയ്ക്ക് കയർ വാങ്ങി 100 രൂപ ആ കടക്കാരനു കൊടുത്തു. പക്ഷേ, കയറുകടക്കാരന്റെ കയ്യിൽ ചില്ലറ ഇല്ലായിരുന്നതിനാൽ ആ 100 രൂപയ്ക്ക് രണ്ടാമത്തെ കടക്കാരന്റെ കയ്യിൽ നിന്ന് ചില്ലറ വാങ്ങി. എന്നിട്ട്, കയറും ബാക്കി 50 രൂപയും കേശുവിനു കൊടുത്തു വിട്ടു. അതിന്റെ ബാക്കി 50 രൂപ മേശവലിപ്പു തുറന്ന് അതിലിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാമത്തെ കടക്കാരൻ പറഞ്ഞു -

"എടാ, നീ തന്ന 100 രൂപ കള്ളനോട്ടാണ്. രാജാവ് അറിഞ്ഞാൽ തലവെട്ടും"

ഉടൻ, അവർ പെട്ടെന്ന്, കള്ളനോട്ട് കത്തിച്ചുകളഞ്ഞു.

എന്നിട്ട്, രണ്ടാമൻ പറഞ്ഞു-

"എന്റെ നൂറു രൂപ തരൂ"

കയറുകടക്കാരൻ വിഷമത്തോടെ നല്ല നൂറു രൂപ രണ്ടാമനെ ഏൽപ്പിച്ചു.

ചോദ്യം- കയറുകടക്കാരന്റെ നഷ്ടം എത്ര?

ഉത്തരം എന്തായിരിക്കും? കാരണം വ്യക്തമായി പറയണം. 

1. ഉത്തരം- Pondicherry

2. ഉത്തരം-

50 രൂപയും 50 രൂപയുടെ കയറും = 100 രൂപ നഷ്ടം. കാരണം,

ഫലത്തിൽ, കേശു പൂജ്യം രൂപയുടെ കടലാസ് കൊടുത്തതായി കരുതണം. കയറുകടക്കാരൻ കള്ളനോട്ടിനു പകരം, സ്വന്തം രൂപയായ 100 കൊടുത്തു ചില്ലറ വാങ്ങിയതായി ഓർക്കണം.

പിന്നെ, 50 രൂപയും 50 രൂപയുടെ കയറും കൂട്ടിയാൽ 100 നഷ്ടം. മേശയ്ക്കുള്ളിലെ 50 രൂപ സ്വന്തം രൂപ തന്നെ!

22/02/21

ബുദ്ധിപരീക്ഷ (I.Q. Test series)

 1. സില്‍ബാരിപുരംദേശത്ത് 3 കുളങ്ങളും 3 അമ്പലങ്ങളും ഉണ്ട്.

ഇത് നിൽക്കുന്നത് ആദ്യം കുളം പിന്നെ അമ്പലം എന്നിങ്ങനെ ഇടവിട്ടാകുന്നു.

കേശുവിന്റെ കയ്യിൽ കുറച്ചു പൂക്കളുണ്ട്. കുളത്തിൽ മുങ്ങിയ ശേഷമേ അമ്പലത്തിൽ പൂവുകള്‍  അര്‍പ്പിക്കാന്‍ പറ്റൂ. കുളത്തിന്റെ പ്രത്യേകത എന്തെന്നാല്‍, മുങ്ങിയാൽ പൂക്കൾ ഇരട്ടിയാകും. 3 കുളത്തിൽ മുങ്ങുകയും 3 അമ്പലത്തിൽ പൂവു വയ്ക്കുകയും വേണം. 3 അമ്പലത്തിലും തുല്യ പൂക്കളായിരിക്കണം വയ്ക്കേണ്ടത് . അതിനുശേഷം കയ്യിൽ പൂക്കൾ ഒന്നുപോലും ഉണ്ടാവാൻ പാടില്ല.

ചോദ്യം- അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പൂക്കളുടെ എണ്ണമെത്ര? അമ്പലത്തിൽ അര്‍പ്പിക്കുന്ന  പൂക്കളുടെ എണ്ണം എത്ര....?

2. കാര്യമായ വിവരമില്ലാത്ത കേശുവിനെ തേങ്ങ എണ്ണാൻ ഏൽപ്പിച്ചുകഴിഞ്ഞ്  യജമാനന്‍ കോസലപുരത്തു പോയിട്ട് തിരിച്ചു വന്നപ്പോൾ എണ്ണം ചോദിച്ചു.  കേശു  ഇങ്ങനെ ഉത്തരം പറഞ്ഞു-

രണ്ട് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി

മൂന്ന് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി

നാല്‌ വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി

അഞ്ച് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി

ആറ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി

ഏഴ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്നും ബാക്കിയില്ല.

അപ്പോള്‍, ബുദ്ധിമാനായ യജമാനന്‍ തേങ്ങയുടേ എണ്ണം കണ്ടെത്തി.

ചോദ്യം- തേങ്ങയുടെ എണ്ണം? ഉത്തരം അടുത്ത പേജില്‍.

1.ഉത്തരം-

7 പൂവ് ആദ്യം കയ്യിൽ. ആദ്യം മുങ്ങി 14 ആയി.  അതിൽ 8 ആദ്യ അമ്പലത്തിൽ വച്ചു. ബാക്കി - 6

6 പൂവുമായി  മുങ്ങി 12 ആയി. അതിൽ 8  രണ്ടാമത്തെ അമ്പലത്തില്‍ വച്ചു. ബാക്കി 4.

4 പൂവുമായി മുങ്ങി അത് 8. അത് മുഴുവനും മൂന്നാമത്തെ അമ്പലത്തില്‍ വച്ചു പിന്നെ പൂജ്യം!

2. ഉത്തരം-

301

21/02/21

പ്രകൃതിസ്നേഹം ശീലിക്കാം

ഒരിക്കൽ, സിൽബാരിപുരംദേശത്ത് രത്നം എന്നു പേരുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ കാട്ടിലൂടെ നടക്കുമ്പോൾപോലും ഒന്നിനെയും നോവിക്കാതെ തികഞ്ഞ ജാഗ്രത പുലർത്തിയിരുന്നു.

ഒരു ദിവസം, അദ്ദേഹം ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെ നടക്കവേ, തന്റെ കാൽക്കീഴിൽ ഒരു പുഴു കിടക്കുന്നതു കണ്ടു. സന്യാസി അതിനെ ഇലകൊണ്ട് തോണ്ടിയെടുത്ത് അടുത്തു കണ്ട മരത്തിൽ വച്ചു മുന്നോട്ടു നടന്നു.

അപ്പോൾ, പിറകേ വന്നയാൾ ഇതു കണ്ടിട്ട് പറഞ്ഞു-

"സന്യാസീ, ആരെ ബോധിപ്പിക്കാനാണ് താങ്കൾ ഇങ്ങനെ ചെയ്യുന്നത്? ഒരു പുഴുവിന് കൂടി വന്നാൽ ഒരാഴ്ച ആയുസു കാണും. മാത്രമോ? ഈ കാട്ടിലെ പുഴുക്കളെയെല്ലാം രക്ഷിക്കാൻ സന്യാസിക്കു പറ്റുമോ?"

സന്യാസി പുഞ്ചിരിച്ചു -

"ഓരോ ജീവിക്കും അതിന്റെ ജീവിത കാലയളവ് പ്രധാനമാണ്. ഓരോ ദിനവും അമൂല്യമാണ്. കാരണം, അതാണ് അവരുടെ ലോകം. നമ്മുടെ ലോകം പോലെ, ആ ജീവിക്ക് അത് പ്രധാനമാണ്. ആ പുഴുവിന്റെ 7 ദിവസം നമ്മുടെ 70 വർഷത്തെ ആയുസ്സിനു തുല്യമാകാം. അതായത്, നമ്മുടെ പത്തു വർഷത്തെ പ്രാധാന്യമാണ് പുഴുവിന്റെ ഒരു ദിനം !"

അയാൾ സന്യാസിയെ പരിഹസിച്ചു -

"ഇവിടെ മനുഷ്യന് ഒരു വിലയുമില്ലാത്ത കാലമാണ്, അന്നേരമാണ് പുഴുവിന്റെ കാര്യം!"

സന്യാസി മറുപടിയൊന്നും പറയാതെ പതിയെ മുന്നോട്ടു നടന്നു. കുറച്ചു മുന്നിലായി അപരിചിതനും. ആ മനുഷ്യൻ തന്റെ പാതയിൽ കണ്ട ഉറുമ്പുകളെയും പ്രാണികളെയും മനപ്പൂർവ്വമായി ചവിട്ടി പോകുന്നതു കണ്ടപ്പോൾ സന്യാസി ചോദിച്ചു -

"താങ്കൾ ജീവികൾക്ക് ഉപകാരമൊന്നും ചെയ്യേണ്ട. പക്ഷേ, എന്തിനാണ് അവയെ പരമാവധി ഉപദ്രവിക്കാൻ ശ്രമിക്കുന്നത്?"

അയാൾ പറഞ്ഞു -

"ചെറുപ്പം മുതൽക്കുള്ള ശീലമാണ്, ഞാന്‍ ഇവറ്റകളെ വെറുതെ വിടാറില്ല"

സന്യാസി -

" താങ്കളുടെ മനസ്സിലെ ക്രൂരതയുടെ ചെറിയ പ്രതിഫലനമാണിത്"

ആശയം -

നമുക്ക് ഉപദ്രവം ചെയ്യുന്ന പ്രാണികളെയും ജീവികളെയും നശിപ്പിക്കുന്നതു തികച്ചും സ്വാഭാവികം മാത്രം. പക്ഷേ, ചില കുട്ടികൾ വരാന്തയിലും മുറ്റത്തുമൊക്കെ നടക്കുമ്പോൾ ഉറുമ്പുകളെയും ചെറു പ്രാണികളെയും മറ്റും ദേഷ്യത്തോടെ ചവിട്ടിത്തേക്കുന്നതു കാണാം. മുതിര്‍ന്നവര്‍ അതു നോക്കി ചിരിക്കുകയും ചെയ്യും. എന്നാൽ, മനസ്സിനുള്ളിലെ താണ നിലവാരത്തിലുള്ള ചിന്താഗതികൾ, ക്രൂരതകൾ, ദുശ്ശീലങ്ങൾ, തിന്മകൾ എന്നിങ്ങനെ വരാനിരിക്കുന്ന കാര്യങ്ങളിലേക്കുള്ള ബാലപാഠമാകാം അത്! ചിരിച്ചുതള്ളാന്‍ പറ്റുന്ന നിസ്സാരകാര്യമല്ല! ആവശ്യമില്ലാതെ ഇടിച്ചുകയറി ഉപദ്രവിക്കുന്ന രീതി വരുംകാലത്ത് ദോഷമായി വരാം. ആയതിനാല്‍, കൊച്ചുകുട്ടികളെ ചെറുപ്പത്തിലേ പ്രകൃതിസ്നേഹം പഠിപ്പിക്കുക. അവര്‍, ജീവന്റെ വിലയും മഹത്വവും അറിയട്ടെ. 

20/02/21

സൗഹൃദത്തിലെ പങ്കാളികള്‍

This is a sharing and sacrifice mind of friendship.

ഒരിക്കൽ, സിൽബാരിപ്പുഴയുടെ തീരത്ത് കുറച്ചു മനുഷ്യർ എത്തിച്ചേർന്നു. മറുകരയിലുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു അവരുടെ ലക്ഷ്യം.

ഓരോ ആളിന്റെയും പ്രകൃതം അനുസരിച്ച്

ത്യാഗി, പ്രേമൻ, കരുണൻ, ഭക്തൻ, ശക്തി, സമ്പത്ത് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.

വള്ളം അക്കരെ കടക്കാൻ ഇവർ നോക്കിയപ്പോൾ ഒരു വള്ളം മാത്രമേയുള്ളൂ. കടത്തുകാരൻ അവിടെയില്ല! അയാൾ എവിടെ പോയെന്ന് ആർക്കും അറിയില്ല.

ഉടൻ സമ്പത്ത് പറഞ്ഞു -

"എനിക്കു യാത്ര ചെയ്യാനായി ഞാൻ ഈ വള്ളം വാങ്ങാൻ തീരുമാനിച്ചു"

ഉടൻ, അയാൾ തന്റെ പണക്കിഴി തുറന്ന് പത്തു സ്വർണനാണയമെടുത്ത് വള്ളത്തിന്റെ ഉടമസ്ഥനായ അടുത്ത കടയിലെ വ്യാപാരിക്കു നൽകി. അങ്ങനെ വള്ളം സമ്പത്ത് സ്വന്തമാക്കി. പക്ഷേ, ഒരു കുഴപ്പം- നല്ല ഒഴുക്കുള്ള പുഴ വെള്ളത്തിൽ തുഴയാനുള്ള കഴിവ് അയാൾക്കില്ലായിരുന്നു. അന്നേരം, ശക്തി എന്നു പേരുള്ള ഒരാൾ പറഞ്ഞു -

"ഞാൻ തുഴഞ്ഞു കൊള്ളാം. എനിക്ക് അതിനുള്ള ശക്തിയുണ്ട്''

അപ്പോൾ, പ്രേമൻ പറഞ്ഞു-

"ആ വള്ളത്തിൽ ഇരിക്കാൻ കുറച്ചു പേർക്കു കൂടി പറ്റുമല്ലോ"

ഉടൻ, പ്രേമനും ത്യാഗിയും വള്ളത്തിലേക്കു കയറി. അമ്പലത്തിന്റെ പൂജാ കാര്യങ്ങളിൽ അറിവുള്ള ആളായ ഭക്തനെയും അവർ കൂടെ കൂട്ടി. കരുണൻ എന്ന മനുഷ്യൻ വള്ളത്തിലേക്കു ദയനീയമായി നോക്കിയപ്പോൾ ത്യാഗി പറഞ്ഞു-

"ഈ വള്ളത്തില്‍ ഇടയില്ല. എങ്കിലും, എന്റെ മടിയിൽ ഇരിക്കാമെങ്കിൽ പ്രായമായ ആ നിൽക്കുന്ന മനുഷ്യനും പോരട്ടെ"

അപ്പോൾ കരുണൻ എന്നു പേരായ മെലിഞ്ഞ മനുഷ്യനും വളളത്തിൽ കയറി. അങ്ങനെ, ഇവര്‍ എല്ലാവരും കൂടി വള്ളത്തിലൂടെ നീങ്ങവേ, ചെറുതും വലുതുമായ അനേകം മീനുകൾ പുഴയിൽ പുളച്ചു നടക്കുന്നതു കാണാമായിരുന്നു. അപ്പോള്‍, കരുണൻ തന്റെ മടിശ്ശീലയിൽ ഉണ്ടായിരുന്ന ധാന്യമണികൾ മീനുകൾക്ക് എറിഞ്ഞു കൊണ്ടിരുന്നു. അവറ്റകൾ ഒരു സംഘം വള്ളത്തിനു പിറകെയും!

കുറച്ചു കഴിഞ്ഞപ്പോൾ വള്ളം ഒരു ചുഴിയിലകപ്പെട്ടു. വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശക്തിയുടെ കയ്യിൽ നിന്ന് തുഴ തെറിച്ചു വെള്ളത്തിൽ ഒഴുകിപ്പോയി.

ഉടൻ, ത്യാഗി പറഞ്ഞു -

"ഒഴുക്കിനൊത്തു വള്ളം പോയാൽ നമ്മൾ കായലിലായിരിക്കും എത്തിച്ചേരുന്നത്"

പെട്ടെന്ന്, പ്രേമൻ പറഞ്ഞു-

"അയ്യോ! കായലിനു മുൻപ്, ഒരു വെള്ളച്ചാട്ടമുണ്ട്!"

അപ്പോള്‍, ത്യാഗി പറഞ്ഞു-

"എനിക്കു നീന്തൽ അറിയാം. പക്ഷേ, നിങ്ങളെ ഉപേക്ഷിച്ചു ഞാൻ മാത്രമായി രക്ഷപ്പെടുന്നില്ല"

ഉടൻ, ഭക്തൻ ആകാശത്തേക്കു നോക്കി നിലവിളിച്ചു പ്രാർഥിച്ചു -

".....ന്റെ ഭഗവതീ! ഞങ്ങളെ രക്ഷിക്കണേ!"

പൊടുന്നനെ, മീനുകൾക്കിടയിലേക്ക് ഭീമാകാരനായ ഒരു മീൻ വന്നടുത്തു. അത്, വള്ളത്തിന്റെ പിറകിൽ ശക്തിയായി ഇടിച്ചു കൊണ്ടിരുന്നു. വള്ളം മറിയുമെന്ന് അവർ വിചാരിച്ചെങ്കിലും അത്ഭുതകരമായി അക്കരെയെത്തിച്ചിട്ടു മൽസ്യം വെള്ളത്തിനടിയിലേക്കു മറഞ്ഞു!

ഇതിനോടകം, അവർ അഞ്ചു പേരും ക്ഷീണിതരായിരുന്നു.

അതിനാൽ, അടുത്തു കണ്ട ആൽമരത്തിന്റെ ചുവട്ടിൽ അവരെല്ലാം കുറച്ചുനേരം വിശ്രമിച്ചു. പരസ്പരം പരിചയപ്പെട്ടു.

ശക്തി പറഞ്ഞു -

"ഈ വള്ളം വാങ്ങിയ സമ്പത്തിനോടു ഞങ്ങള്‍ നന്ദി പറയട്ടെ"

സമ്പത്ത് മറുപടിയായി പറഞ്ഞത് -

"എനിക്കു തുഴക്കാരനായി വന്ന ശക്തിയോടു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു''

അപ്പോൾ ത്യാഗി ഇടപെട്ടു -

"പ്രേമൻ നമ്മെ സ്നേഹിച്ചതു കൊണ്ടാണ് എനിക്കും മറ്റും വള്ളത്തിൽ കയറാൻ പറ്റിയത്"

അതു കേട്ട് കരുണന്‍ മറ്റൊരു കാര്യം പറഞ്ഞു-

"ത്യാഗിയുടെ മടിയില്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചതിനാലാണ് എനിക്ക് ഈ അമ്പലത്തില്‍ വരാന്‍ പറ്റിയത്"

അന്നേരം,  ഭക്തന്‍ മൊഴിഞ്ഞു-

"കരുണൻ മീനു തീറ്റി കൊടുത്തതു കാരണമാണ് നമ്മുടെ തുഴ പോയപ്പോൾ വലിയൊരു മീൻ വന്ന് പ്രത്യുപകാരമായി വള്ളം ഉന്തി കരയ്ക്കെത്തിച്ചത്"

സമ്പത്ത് മറ്റൊരു കാര്യം ഉന്നയിച്ചു -

"ആ നേരത്ത്, ചെറുമീനുകള്‍ക്ക് വള്ളം ഉന്താന്‍ പറ്റുമായിരുന്നില്ല. ഭക്തൻ പ്രാർഥിച്ച ശേഷമാണ് ആ  വലിയ മീൻ അങ്ങോട്ടു വന്നത്"

ഈ വിധത്തിലുള്ള സംസാരങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ഒരു സന്യാസി അവര്‍ക്കു സമീപം ആല്‍ത്തറയില്‍ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു-

“നിങ്ങള്‍ ഓരോ ആളും പറഞ്ഞതു ശരിതന്നെ. എന്നാലോ? നിങ്ങളുടെ നിസ്വാര്‍ഥമായ ഒത്തൊരുമയാണ് കയത്തില്‍ നിന്നും രക്ഷിച്ചത്.  ആ വള്ളത്തില്‍ ആരെങ്കിലും ഒരാള്‍ കുറവായാലും അല്ലെങ്കില്‍ നിഷ്ക്രിയമായാലും ആപത്തു പിണയുമായിരുന്നു!”   

ആശയം -

നൂറു സ്വർണതൂമ്പയുള്ളവനും ഒരു ഇരുമ്പുതൂമ്പയുടെ ആവശ്യം വരുമെന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ടല്ലോ. പരസ്പരം സഹായിച്ച് സഹവർത്തിത്വത്തോടെ ജീവിക്കേണ്ട സമൂഹജീവിയാകുന്നു മനുഷ്യർ. എന്നാൽ, മറ്റുള്ളവരെ സഹായിക്കാതെയും സഹായം സ്വീകരിക്കുന്നതിൽ മടി കാണിച്ചും സങ്കുചിതമായ ജീവിതശൈലി സ്വീകരിക്കുന്ന അനേകം ആളുകളെ നമുക്കിടയിൽ കാണാം. നിങ്ങൾ അങ്ങനെയോ? ഒരു നിമിഷം ചിന്തിക്കുക.

19/02/21

വ്യക്തിത്വ വികസനം

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് സത്യവ്രതൻ എന്നൊരു യോഗിവര്യൻ ജീവിച്ചിരുന്നു. അക്കാലത്ത്- ആ ദേശത്ത്, അക്രമവും അരാജകത്വവും ദുർന്നടപ്പും അഴിമതിയുമെല്ലാം കൊടികുത്തി വാഴുകയായിരുന്നു. അദ്ദേഹം, യോഗയുടെയും മികച്ച ജീവിത മൂല്യങ്ങളുടെയും സനാതന ധർമ്മത്തിന്റെയും പാഠങ്ങൾ കൊണ്ട്, അന്നാട്ടിലെ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവിൽ, അദ്ദേഹം ദേശത്തിന്റെ കിഴക്കുവശത്തുള്ള വനത്തിനുള്ളിൽ പ്രവേശിച്ചു. ഒരു ഗുഹ കണ്ടെത്തി.

സത്യവ്രതൻ ആരോടെന്നില്ലാതെ പറഞ്ഞു -

"ദേശത്തെ ആളുകളുടെ കഠിന മനസ്സിനെ അല്പം പോലും എനിക്കു മാറ്റാനായില്ല. ഇനി ഈ ജന്മത്തിൽ യോഗലക്ഷ്യമായി ഒന്നും ചെയ്യാനില്ല"

അതിനു ശേഷം, ഗുഹയ്ക്കുള്ളിൽ ധ്യാനത്തിലിരുന്നു. ധ്യാനത്തിലൂടെ പ്രവേശിച്ച് സമാധിയടയാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ധ്യാനം രണ്ടാം ദിനത്തിലേക്കു പ്രവേശിക്കവേ, ഒരു ചാക്കുമായി അന്യദേശത്തെ കള്ളൻ ഗുഹയിൽ ഒളിത്താവളം തേടി അങ്ങോട്ടു പ്രവേശിച്ചു. ശബ്ദം കേട്ട്, സത്യവ്രതൻ കണ്ണു തുറന്നു.

അദ്ദേഹം ചോദിച്ചു -

"നീ ആരാണ്?"

യാതൊരു പേടിയുമില്ലാതെ അവൻ പറഞ്ഞു -

"ഞാനൊരു കള്ളനാണ്. കോസലപുരത്തുനിന്നും വരികയാണ്. കർശന നിയമമുള്ള അവിടെ നിന്നും പിടിയിലാകാതെ ഭാഗ്യത്തിനു രക്ഷപ്പെട്ടു. ഈ ദേശത്ത് മൊത്തം അലമ്പാണെന്നു കേട്ടു"

സത്യവ്രതൻ ചോദിച്ചു -

"നിന്റെ ചാക്കിൽ കള്ള മുതലാണോ?"

"ഏയ്, കുറച്ചു കയറും ഒരു കമ്പിപ്പാരയും പിച്ചാത്തിയും മാത്രമേയുള്ളൂ. ഇന്നു രാത്രി മുതൽ പണിക്കു പോയിത്തുടങ്ങണം"

അടുത്ത പ്രഭാതത്തിൽ സത്യവ്രതൻ ചോദിച്ചു -

"താങ്കൾക്ക് കഴിഞ്ഞ രാത്രി എന്താണു കിട്ടിയത് ?"

കള്ളൻ പറഞ്ഞു -

"ഒന്നും കിട്ടിയില്ല. ഒരു പട്ടി എന്റെ പിന്നാലെ കുരച്ചുകൊണ്ടുവന്നതാണു പ്രശ്നമായത്. നാളെ വേറെ വഴിയിലൂടെ പോകണം"

അടുത്ത ദിനം രാവിലെ സത്യവ്രതൻ ഇതേ കാര്യം തിരക്കി. അപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു -

"പോയ വഴിയിലും ദേശത്തും ഏതോ ഉൽസവം പ്രമാണിച്ച് വഴിവിളക്കുകളും പന്തങ്ങളും കൂടുതലാകയാൽ പകൽപോലത്തെ വെളിച്ചത്തിൽ കവർച്ച നടന്നില്ല, നാളെ മറ്റൊരു പാതയാകട്ടെ"

അടുത്ത ദിവസവും സത്യവ്രതൻ ഇതേ കാര്യം ചോദിച്ചപ്പോൾ കള്ളൻ പറഞ്ഞു -

"ഞാൻ കഴിഞ്ഞ രാത്രിയിൽ പോയ വഴിയരികിൽ അനേകം മാളിക വീടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഒരു കുഴപ്പമുണ്ടായിരുന്നു. അവിടത്തെ വീടുകളുടെ നിർമ്മിതി എന്നെ തളർത്തി. വാതിലുകൾ വളരെ കനമുള്ളതായിരുന്നു. ശക്തമായ മേൽക്കൂരയും. അകത്തു കയറാൻ പറ്റിയില്ല, അടുത്ത ദിവസം പടിഞ്ഞാറുദിക്കിലേക്കു പോകണം"

അടുത്ത രാവിലെയും ചോദിച്ചപ്പോള്‍ അയാൾക്കൊന്നും കിട്ടിയിട്ടില്ല. കാരണം പറഞ്ഞത് -

"ഞാൻ ഒരുപാടു നേരം കൊണ്ട് മേൽക്കൂര പൊളിച്ച് അകത്തു കയറിയപ്പോൾ മുറിയിൽ ശ്വാസംമുട്ടലു കാരണം ചുമച്ചുകുരച്ചുകൊണ്ട് ഒരു തടിയൻ ഉറങ്ങാതിരിക്കുന്നു. ഒന്നും എടുക്കാൻ പറ്റിയില്ല''

അടുത്ത ദിവസം രാവിലെയും മറ്റൊരു ന്യായം പറഞ്ഞു-

"ആ വീടിന്റെ മുറ്റത്തു ചുറ്റിനും നല്ല കട്ടിയിൽ പുഴയിലെ ചെറിയ ഉരുളൻ കല്ലുകൾ നിരത്തിയിരുന്നതിനാൽ കാലെടുത്തു വച്ചപ്പോൾ കാലുകൾ കുഴഞ്ഞ് വലിയ ശബ്ദമുണ്ടായി. ആ പ്രദേശത്തെ മുറ്റങ്ങളൊക്കെ മണൽ വിരിച്ചിരിക്കുന്നു. പിന്നെ, തിരികെപ്പോന്നു"

തുടർച്ചയായി ഇരുപതു രാത്രിയിലും കള്ളന് യാതൊന്നും കിട്ടിയില്ല. ഇരുപത്തിയൊന്നാം ദിവസം രാത്രിയിൽ കള്ളൻ ചാക്കുമായി പോകുന്നതു കണ്ട് സത്യവ്രതൻ അടക്കം പറഞ്ഞു-

"ഈ കള്ളൻ ഒരു കഴിവില്ലാത്തവനാണ്. ഓരോ ഒഴികഴിവു പറയുന്നത് വെറും സാങ്കൽപികമാണെന്നു തോന്നുന്നു. ഇവന് കൂലിപ്പണിക്കു പോകാൻ വയ്യേ?"

അടുത്ത ദിവസം രാവിലെ സത്യവ്രതൻ പതിവു ചോദ്യം ചോദിച്ചില്ല. എന്നാൽ, കള്ളൻ യാത്ര ചോദിക്കാനായി മുന്നിലേക്കു വന്നു-

"ഞാൻ ഇവിടം വിടുകയാണ്. വെളിച്ചം വരാതെ കാട്ടിലൂടെ നടന്ന് പോകാൻ കഴിയില്ല. ദൂരെ ദേശത്ത് എവിടെയെങ്കിലും ഇനിയുള്ള കാലം പ്രഭുവായി ജീവിക്കണം"

ഇതു കേട്ട് സത്യവ്രതനു ചിരി വന്നു -

"തനിക്ക് ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞു നടക്കാതെ വിറകുവെട്ടാനോ, ചന്തയിൽ ചുമട് എടുക്കാനോ വീട്ടുപണിക്കോ പോയിക്കൂടെ? താൻ ഏതു ദേശത്തേയ്ക്കാണു പോകുന്നത്?"

അപ്പോൾ കള്ളൻ പറഞ്ഞു -

"ഒരു കള്ളൻ എവിടേയ്ക്കാണു കൊള്ള മുതലുമായി പോകുന്നതെന്ന് ആരോടും സത്യം പറയാറില്ല"

അയാൾ നിറഞ്ഞ ചാക്കുമായി നടന്നു നീങ്ങവേ, സത്യവ്രതൻ പെട്ടെന്നു ചാക്കിൽ നോക്കി പൊട്ടിച്ചിരിച്ചു. കാരണം, അതിനു മുകളിൽ മഞ്ഞ നിറത്തിൽ മുഴച്ചു നിൽക്കുന്ന അനേകം ചെറുനാരങ്ങകള്‍!

സത്യവ്രതൻ പറഞ്ഞു -

"എടോ, നാരങ്ങയ്ക്കു മഞ്ഞനിറം മാത്രമേയുള്ളൂ. താങ്കള്‍ പ്രഭുവാകാന്‍ വേണ്ടി അത് സ്വർണനാരങ്ങയല്ലല്ലോ!''

"നാരങ്ങായൊക്കെ  ചാക്കിന്റെ മുകളിൽ മാത്രമേയുള്ളൂ. ആളുകളെ പറ്റിക്കാൻ വച്ചതാണ്. പ്രഭുവിന്റെ നിലവറയിലെ മുഴുവൻ സ്വർണ്ണവും ഇതിനടിയിലുണ്ട്"

അയാൾ നാരങ്ങയുടെ അടിയിൽ നിന്ന് സ്വർണ നാണയം ഒരെണ്ണമെടുത്ത് അദ്ദേഹത്തെ കാട്ടി അലറിച്ചിരിച്ചു!

സത്യവ്രതൻ മിണ്ടാമഠത്തിൽ മൗനവ്രതം എടുത്ത പോലെ നിന്നു! കള്ളൻ അപ്പോഴേയ്ക്കും കാടിനുള്ളിലേക്കു പോയി മറഞ്ഞിരുന്നു.

പിന്നെ, സത്യവ്രതൻ ഗുഹയിൽ നിന്നില്ല. തിരികെ ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു. യാതൊരു മടുപ്പും കൂടാതെ സന്മാർഗജീവിതം പ്രചരിപ്പിച്ചു വീടുകൾ കയറിയിറങ്ങി. ഒന്നര വർഷം കഴിഞ്ഞപ്പോൾ നാടുവാഴിയുടെ മകൻ സത്യവ്രതന്റെ ശിഷ്യനായതോടെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. അഞ്ചു വർഷങ്ങൾ പിന്നിട്ടു. ഒട്ടേറെ അനുയായികൾ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടർന്ന് ആ ദേശത്തിന്റെ ദുഷിച്ച രീതികൾക്കു ഗണ്യമായ കുറവു വന്നു.

ഒരിക്കൽ, ആശ്രമത്തിലെ പ്രഭാഷണത്തിനിടയിൽ ഒരാൾ ചോദിച്ചു -

"അങ്ങയുടെ ഗുരു ആരാണ്?"

യാതൊരു മടിയുമില്ലാതെ സത്യവ്രതൻ പറഞ്ഞു -

"ഒരു കള്ളനാണ് എന്റെ ഗുരു!"

ആളുകൾ അതുകേട്ടു ഞെട്ടിത്തരിച്ചു! അനന്തരം ആ കഥ അവർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു.

ആശയം - 

ജീവിതം ഒരു നാടകശാലയെന്ന് പറഞ്ഞു പഴകിയ പരമസത്യമായ പ്രയോഗമാണ്. പലതരം വേഷങ്ങൾ കെട്ടിയാടുന്ന രംഗപടം. ചിലർ നായകനാകുന്നു. നായികയാകുന്നു. സഹനടൻ, സഹനടി, ഹാസ്യ കഥാപാത്രങ്ങൾ, ശിങ്കിടികൾ, കൊള്ളക്കാരൻ, വില്ലൻമാർ, അടിമകൾ.... എന്നിങ്ങനെ ഒരാൾക്കു തന്നെ പല രംഗങ്ങളിലും വിവിധ വേഷങ്ങളിലേക്കു ഭാവപ്പകർച്ചയുണ്ടാവാം.

നിരാശപ്പെടാതെ ഓരോ വേദികൾക്കായി കാത്തിരുന്നേ മതിയാവൂ! ഇവിടെ വായനയിലൂടെ നിങ്ങൾക്കു കിട്ടുന്നത് പല ജീവിതനാടകങ്ങളുടെയും കഥയാണ്. അതായത്, ദുരന്തനാടകങ്ങളിലും ശുഭനാടകങ്ങളിലും നേരിട്ട് അഭിനയിക്കാതെ, അനുഭവമാകാതെ ദൂരെ നിന്ന് നോക്കിക്കാണുന്ന പ്രതീതി. അങ്ങനെ, തുടർച്ചയായ പരിശ്രമം വഴി നിങ്ങളുടെ കരിഞ്ഞുണങ്ങി അവസാനിച്ചെന്നു കരുതിയ ജീവിത വഴിത്താരകളിൽ പച്ചപ്പുല്ലു വീണ്ടും കിളിർത്തു പൊങ്ങട്ടെ!

18/02/21

ഒരു പ്രതിമയുടെ തണല്‍ കഥ

Story of  a statue with it's shadows as main theme in Malayalam.

പണ്ടുപണ്ട്, സിൽബാരിപുരംദേശമാകെ വരണ്ട പ്രദേശമായിരുന്നു. പാതയോരത്ത് തണൽമരങ്ങളും കുറവായിരുന്നു. ഒരിക്കൽ, വിക്രമ രാജാവിന് തന്റെ പിതാവിന്റെ വലിയൊരു പ്രതിമ പണിയണമെന്ന് ആഗ്രഹമുദിച്ചു. ദേശത്തെ മാത്രമല്ല അയൽനാടുകളിലെയും അനേകം ശില്പികൾ രാജാവിനെ മുഖം കാണിക്കാനെത്തി. കനത്ത പ്രതിഫലവും രാജ്യമെങ്ങും പ്രശസ്തിയും കിട്ടുന്ന അവസരം ആരാണു വേണ്ടെന്നു വയ്ക്കുക?

ലോകം ഇതേ വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള പ്രതിമയായിരിക്കണം അതെന്ന് രാജാവിന് നിർബന്ധമുണ്ടായിരുന്നു. എവിടെ സ്ഥാപിക്കണമെന്നായി പിന്നീടുള്ള പ്രശ്നം.

ഭൂരിഭാഗം ശില്പികളും പറഞ്ഞു-

"കുന്നിന്റെ മുകളിൽ പണിതാൽ ഏതു ദേശത്തു നിന്നാലും ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട മഹാരാജാവിനെ കാണാമല്ലോ"

അപ്പോൾ, കടലോരത്തുള്ള ചില ശില്പികൾ പറഞ്ഞു-

"കടൽത്തീരത്ത് ആയാൽ മഹാരാജാവ് ഒരു കാലത്ത് കടൽ കടന്നുള്ള സാമ്രാജ്യം സ്ഥാപിച്ച ആളാണെന്നു വരുംതലമുറകൾ കരുതിക്കോളും"

നദീതീരത്തു താമസിച്ചിരുന്ന വേറെ കുറച്ചു ശില്പികൾ പറഞ്ഞു-

" നദിയുടെ നടുക്ക് പ്രതിമ പണിതാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പതറാതെ നിന്ന രാജാവെന്ന് ആളുകൾ കരുതട്ടെ"

പിന്നെയും ചില ശില്പികൾ കൊട്ടാരത്തിനു സമീപം താമസിച്ചിരുന്നു. അവർ പറഞ്ഞു-

"ഈ കൊട്ടാരത്തിന്റെ ഏറ്റവും മുകളിലായി സ്ഥാപിച്ചാൽ എക്കാലവും പ്രതിമയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതെ രാജപ്രഭയോടെ തിളങ്ങി നിൽക്കാനാവും"

അന്നേരം, കൃഷിക്കാരുടെ മക്കളായ കുറച്ചു ശില്പികൾ അപേക്ഷിച്ചു-

"ഞങ്ങളാണ് ഈ നാടിനെ തീറ്റിപ്പോറ്റുന്ന ധാന്യങ്ങൾ കൃഷി ചെയ്യുന്നത്. അതു കൊണ്ട് കർഷകജനതയോടുള്ള ബഹുമാനാർഥം ഈ ദേശത്തെ ഏറ്റവും വലിയ നെൽവയലിനു നടുവിൽ പ്രതിമ സ്ഥാപിക്കണം"

അപ്പോൾ മതപുരോഹിതർ രംഗത്തു വന്നു-

"മഹാരാജാവിന്റെ പ്രതിസന്ധികളിൽ ആശ്വാസത്തിനായി ഞങ്ങളുടെ ആരാധനാലയത്തിലായിരുന്നു വന്നിരുന്നത്. ആ കടപ്പാടിന്റെ ഓർമ്മയ്ക്ക് ആ മുറ്റത്ത് പ്രതിമ വരട്ടെ''

ഇതെല്ലാം കേട്ടപ്പോൾ എല്ലാത്തരം നിർദേശങ്ങളിലും കാമ്പുണ്ടെന്നു രാജാവിനു തോന്നി. പക്ഷേ, എവിടെയാകണം പ്രതിമ എന്നതിൽ തീരുമാനമാകാതെ അദ്ദേഹം കുഴങ്ങി. രാജാവ്, രാജഗുരുവിനോടു ചോദിച്ചപ്പോൾ കൊട്ടാരമുറ്റത്തു മതിയെന്ന് ഉത്തരം ലഭിച്ചെങ്കിലും അതിലും സംതൃപ്തി തോന്നിയില്ല.

ഒടുവിൽ, രാജാവ് തന്റെ ഗുരുകുലകാലത്തെ സന്യാസിയെ സമീപിച്ചു തൽസ്ഥിതി ബോധിപ്പിച്ചു.

സന്യാസി പറഞ്ഞു-

"ഇങ്ങനെയുള്ള സന്ദർഭത്തിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എങ്ങനെയെന്ന് പണ്ടു ഞാൻ നിങ്ങളെ പഠിപ്പിച്ചു തന്നെയാണ് വിട്ടത്"

രാജാവ് കൈകൾ കൂപ്പി പറഞ്ഞു-

"ഗുരുജീ, ക്ഷമിച്ചാലും. ഞാൻ അക്കാലത്ത് കുറെയേറെ അശ്രദ്ധനായിരുന്നു. ദയവായി ഒരിക്കൽ കൂടി പറയാൻ ദയവുണ്ടാകണം"

ഗുരുജി പ്രതിവചിച്ചു-

"ഉം... ശരി... ആദ്യമായി, നാം ഏതു കാര്യം ചെയ്താലും അതിലൂടെ ദൈവഹിതം നിറവേറുന്നുണ്ടോ എന്നു ചിന്തിക്കുക. ആർക്കെങ്കിലും അതുകൊണ്ട് ദോഷമുണ്ടോ എന്ന് രണ്ടാമതായി ചിന്തിക്കണം. മൂന്നാമത്തെ കാര്യം- ഒരാൾക്കെങ്കിലും ആ കർമ്മം കൊണ്ട് പ്രയോജനപ്പെടാനുള്ള സാധ്യത തിരയണം"

"ഗുരുജീ, ഇതിൽ ദൈവനിയോഗമൊന്നുമില്ല. പക്ഷേ, ആർക്കും ദോഷമില്ല. എന്നാൽ, ശില്പിക്കും മറ്റു പണിക്കാർക്കും എതാനും വർഷത്തേക്കു ജോലിയും കൂലിയും കിട്ടുമല്ലോ. ഇനി ഗുരുജി പറഞ്ഞാൽ പ്രതിമയുടെ പദ്ധതി ഞാൻ ഉപേക്ഷിക്കാനും തയ്യാറാണ്"

സന്യാസി ഓർമ്മിപ്പിച്ചു-

"ഒരു രാജകല്പന തിരികെയെടുക്കുന്നത് ഒരു നല്ല രാജാവിനു ചേർന്നതല്ല. പിന്നെ, രാജാവ് എവിടെ പ്രതിമ പണിതാലും കൊടുക്കുന്ന ഒരേ പ്രതിഫലമാണല്ലോ പണിക്കൂലി"

"ഗുരുജീ, പ്രതിമയുടെ ഏറ്റവും അനുയോജ്യമായ സ്ഥാനം അങ്ങു തന്നെ പറഞ്ഞാലും"

"എന്റെ അഭിപ്രായത്തിൽ പ്രതിമ വേണ്ടത് രാജവീഥിയുടെ തണൽമരങ്ങളില്ലാത്ത എവിടെയെങ്കിലുമാണ്. കാരണം, വലിയ പ്രതിമയുടെ മുന്നിലൂടെ പോകുന്ന വഴിപോക്കരായ പ്രജകൾക്ക് ക്ഷീണിതരാകുമ്പോൾ ഉച്ചവരെ പ്രതിമയുടെ പടിഞ്ഞാറു ഭാഗത്തു വീഴുന്ന തണലിൽ ഇരിക്കാം. ഉച്ചകഴിഞ്ഞ്, കിഴക്കുവശത്തായി വരുന്ന തണലിൽ ഇരിക്കാം"

രാജാവ് വലിയ സന്തോഷത്തോടെ എല്ലാ ശില്പികളെയും അറിയിച്ചു. എന്നാൽ, അവരെല്ലാം ഇതു കേട്ട് രഹസ്യമായി സംഘം ചേർന്നു. അവർ ഒന്നിച്ച് ഒരു തീരുമാനമെടുത്തു-

"നമ്മൾ ആരും വഴിവക്കിലെ പ്രതിമ പണിയാൻ പോകരുത്. കുറച്ചു കഴിയുമ്പോൾ രാജാവ് മുട്ടുമടക്കി നമ്മുടെ ആവശ്യം അംഗീകരിക്കാതെ തരമില്ല. ഈ രാജ്യത്തെ എല്ലാ ശില്പികളും ഇവിടെയുണ്ടല്ലോ"

അന്നേരം, ഒരു ശില്പി പറഞ്ഞു-

"രാജകല്പനയായി നമ്മളിൽ ഏതെങ്കിലുമൊരു ശില്പിയോടു പറഞ്ഞാൽ നാം തോറ്റു പോകും"

കൂട്ടത്തിൽ മുതിർന്ന ഒരാൾ അഭിപ്രായപ്പെട്ടു-

"ഏയ്....രാജാവ് ഒരിക്കലും നിർബന്ധിച്ച് അങ്ങനെ ചെയ്യിക്കില്ല. കാരണം, മഹാരാജാവിന്റെ പ്രതിമനിർമാണത്തിൽ ശില്പിയുടെ സന്തോഷമല്ലാതെ ശാപമൊന്നും വരാൻ ആഗ്രഹിക്കില്ല"

മറ്റൊരാൾ പറഞ്ഞു -

"അതെയതെ. ഒരു ശില്പം എവിടെ എപ്പോൾ പണിയണമെന്നുള്ളത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്"

അങ്ങനെ, ശില്പികൾ ആരും മുന്നോട്ടു വരാത്ത സ്ഥിതിക്ക് രാജാവ് നിരാശനായി സന്യാസിയെ വീണ്ടും സന്ദർശിച്ചു. അപ്പോൾ, സന്യാസി പറഞ്ഞു-

"ശില്പികൾക്ക് ഇത്രയും അഹങ്കാരം നല്ലതല്ല. സുന്ദരമായ കലാസൃഷ്ടി കലാകാരന്റെ മനസ്സിലാണ് ആദ്യം ഉണ്ടാകുന്നത്. അത്, പിന്നീട് എവിടെ പുനർനിർമ്മിക്കാനും ആ മനസ്സിനെ പാകപ്പെടുത്തണം. ഇവിടെ എന്റെ ഒരു ശിഷ്യൻ അറിയപ്പെടാത്ത ശില്പിയാണ്. മഹാരാജാവിന്റെ പ്രതിമ അവൻ നിർമ്മിക്കട്ടെ"

രാജാവിനു വലിയ ആശ്വാസമായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ പാതയോരത്ത് മനോഹരമായ പ്രതിമ ഉയർന്നു. പിന്നീട്, വഴിപോക്കരായ അനേകം മനുഷ്യജീവികൾക്കു മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും തണലായി അത് നിലകൊണ്ടു.

ആശയം - flexible mind is a good thing for our family life. 

കടുംപിടിത്തം നടത്തുന്ന ജോലിക്കാരെയും കുടുംബ ജീവിതക്കാരെയും നമ്മുടെ ചുറ്റും കാണാം. മിക്കവരും തങ്ങളുടെ ആർശങ്ങളിലോ മൂല്യങ്ങളിലോ നാട്ടുനടപ്പിലോ തറവാട്ടു മഹിമയിലോ മുറുകിപ്പിടിക്കുന്നതാകാം. സമൂഹത്തിൽ അനേകം നിയമ ലംഘനങ്ങളും നിഷേധങ്ങളും പരദൂഷണങ്ങളും മറ്റും കാണുമ്പോൾ നിങ്ങൾ കണ്ണു ചിമ്മാതെ നട്ടെല്ലു നിവർത്തി നിൽക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾ ഫ്ലക്സിബിൾ അല്ല!

അങ്ങനെയുള്ള നിങ്ങൾ ജീവിതം ആസ്വദിക്കാനേ പോകുന്നില്ല. പ്രതികരണങ്ങൾ ഇല്ലാതെ കണ്ണടച്ചു പോകുന്നവർക്ക് ജീവിച്ചു പോകാം! കാരണം, ജീവിതത്തിൽ ആവശ്യത്തിലേറെ പ്രശ്നങ്ങൾ സ്വാഭാവികമായി എപ്പോൾ വേണമെങ്കിലും കടന്നു വരാം. അതിനിടയിൽ, ഒന്നിനും വഴങ്ങാതെ ജീവിതസമരവും കൂടി തുടങ്ങിയാൽ ഒരാള്‍ക്ക് സ്വസ്ഥമായി ജീവിക്കാമെന്നു കരുതേണ്ട ! 'ഫ്ലക്സിബിൾ' എന്നു പറഞ്ഞാൽ, മെയ് വഴക്കം മാത്രമല്ല. മനസ്സിന്റെ വഴക്കം കൂടി ശീലിക്കുന്നവർക്കു ജീവിതവിജയം എളുപ്പത്തിൽ വഴങ്ങിക്കൊടുക്കും. 

17/02/21

കരിയര്‍ പരാജയം (Career failure)

This is a small story about career failure of a man. Success is something related to the present day achievements and not on future dreams. 

ഓഫീസിലെ ജോലിയിൽനിന്ന് ഒരാഴ്ചയായി കുമാർ അവധിയിലാണ്. കാരണം അന്വേഷിച്ചപ്പോൾ വീട്ടുമുറ്റത്ത് വീണിട്ട് ദേഹമാകെ കുപ്പിച്ചില്ലു കൊണ്ടെന്നാണ് വിവരം.

പുതിയതായി ജോലിക്കു കയറിയ മനോജിന്റെ അടുത്തിരുന്ന ആള്‍ തമാശയായി പറഞ്ഞു -

"കുമാർസാര്‍ ഗ്ലാസ് ഫാക്ടറിയിലെ ജോലി കൂടി ചെയ്യുന്നുണ്ടോ? ദേഹം മുഴുവനും മുറിയാൻ?"

അപ്പോൾ, സതീഷ് ചിരിച്ചു കൊണ്ടു പറഞ്ഞു -

"ഗ്ലാസും കുപ്പിയും എപ്പോഴും ഉപയോഗിക്കുന്ന ആളാണ്. കുപ്പിയിലെ ചുവന്ന വെള്ളം ഗ്ലാസിൽ ഒഴിച്ചു കുടിച്ചാൽ പിന്നെ ആരാണു വീഴാത്തത്?"

അതുകേട്ട്, മറ്റുള്ളവരും കൂടി ചുണ്ടിൽ ചിരി ഫിറ്റു ചെയ്തു.

മദ്യപനാണ് കുമാർസാറെന്നു മനോജിനു പിടികിട്ടി. മറ്റൊരു ദിവസം മനോജ് വേറൊരു സ്റ്റാഫിനോടു വിവരം തിരക്കി.

അയാൾ പറഞ്ഞു -

"മനോജ്, അയാൾ ചെറുപ്പകാലത്ത് തുടങ്ങിയതല്ല മദ്യപാനം. കോളേജിലും മറ്റും പഠിക്കുന്ന സമയത്ത് കുമാർ എന്തിനും ഏതിനും മിടുമിടുക്കനായിരുന്നു. അങ്ങനെ, ഡിഗ്രി കഴിഞ്ഞ് സിവിൽ സർവീസ് എക്സാം എഴുതാൻ തയ്യാറെടുത്തു. ആദ്യ ചാൻസിൽത്തന്നെ പ്രിലിംസ് കിട്ടി. പിന്നെ, ഫൈനൽ പരീക്ഷയ്ക്ക് നന്നായി തയ്യാറെടുത്തെങ്കിലും അവസാന ഘട്ടമായ ഇന്റർവ്യൂവിൽ എത്താൻ കഴിഞ്ഞില്ല. ഫൈനലിലെ പരാജയം അദ്ദേഹത്തെ പാടേ തകർത്തു കളഞ്ഞു! പിന്നെ, പ്രിലിമിനറി മൂന്നു തവണ കൂടി എഴുതിയെങ്കിലും ഫൈനലിൽ എത്തിയതുമില്ല. ആളു നല്ല ബ്രൈറ്റായതു കൊണ്ട് ആ സമയത്ത് നമ്മുടെ കമ്പനീടെ ടെസ്റ്റ് ഈസിയായി കടന്നു. എന്നാൽ, സിവിൽ സർവീസ് നിരാശയിൽ തുടങ്ങിയതാണ് വെള്ളമടിക്കുന്ന പരിപാടി"

മനോജ് ആശ്ചര്യത്തോടെ ചോദിച്ചു -

"ഇപ്പോൾ, സാറിനു നല്ല ജോലിയാണല്ലോ ഉള്ളത്. പിന്നെയെന്തിനാണ് കുടിക്കുന്നത്?"

"ഓരോ മനുഷ്യന്റെ തലേവര! അല്ലാണ്ടെന്താ?"

ആശയം -

കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറഞ്ഞു സ്വയം ആശ്വസിച്ചു പോയ കുറുക്കന്റെ സാമാന്യബോധം പോലും ചിലപ്പോൾ മനുഷ്യനില്ലെന്നു കാണാം. ഉള്ളതിന്റെ പിറകേ പോകാതെ ഇല്ലാത്തതിന്റെ പിറകേ പോകുകയും അതിന്റെ പേരിൽ നീറുകയും ചെയ്യുന്നത് എറ്റവും കൂടുതലായി കാണപ്പെടുന്നത് കരിയറിലാണ്. നിങ്ങളുടെ നഷ്ടബോധം എന്തു തന്നെയായാലും നിലവിലുള്ള കരിയറിനെ തകർക്കാൻ അനുവദിക്കരുത്. സമയവും കാലചക്രവും പിറകോട്ടു പോകുന്ന വിദ്യ നിലവിൽ ആർക്കും അറിയില്ലല്ലോ. എന്നാലോ?  നഷ്ടപ്പെട്ടതായ കരിയറിനെ മറികടക്കുംവിധം വേറെ വഴിയിലൂടെ വിജയം കൊയ്തു പ്രായശ്ചിത്തം ചെയ്യാന്‍ നമ്മളില്‍ പലര്‍ക്കും കഴിയും! 

16/02/21

നന്ദികെട്ട കുമാരന്‍

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് എവിടെ നോക്കിയാലും കൃഷിയിടങ്ങൾ കാണാമായിരുന്നു. വേനൽക്കാലത്തെ  ഒരു ദിനം -

സ്വദേശിയായ കുമാരൻ എന്നൊരു യുവാവ് പണിക്കു പോയ കൃഷിയിടത്തിന്റെ സമീപമുള്ള വലിയൊരു മാവിൻചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കുന്നതിനായി ഇരുന്നു. 

അപ്പോൾ മാവ് പറഞ്ഞു -

"നിനക്കു തണലേകാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമേയുള്ളൂ. മതിയാവോളം ഇരുന്നുകൊള്ളൂ"

യുവാവിന് സന്തോഷമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ അവിടം വിട്ടു. അടുത്ത ദിവസവും പണികൾ അതേ കൃഷിയിടത്തിലാകയാൽ, ആ മാവിനു ചുവട്ടിൽത്തന്നെ വിശ്രമിക്കാനായി ഇരുന്നു. അപ്പോൾ, തണൽകൊണ്ടുമാത്രം അവനു സംതൃപ്തി തോന്നിയില്ല. വല്ലാത്ത വിശപ്പു തോന്നിയതിനാൽ മാവിനോടു ചോദിച്ചു -

"എനിക്കു വിശക്കുന്നു. നിന്റെ കയ്യിൽ നാലഞ്ച് മാങ്ങാപ്പഴം എടുക്കാൻ കാണുമോ?"

മാവ് സന്തോഷത്തോടെ പറഞ്ഞു -

"മാങ്ങയുടെ സമയം കഴിഞ്ഞിരിക്കുന്നു. എങ്കിലും, എന്റെ ഏറ്റവും മുകളിലുള്ള ശിഖരത്തിൽ ഇതുപോലെ അത്യാവശ്യക്കാർക്കു കൊടുക്കാൻ വേണ്ടി ഏതാനും മാങ്ങകൾ ഞാൻ ഇലകൾക്കിടയിൽ സൂക്ഷിച്ചിട്ടുണ്ട്"

എന്നിട്ട്, കാറ്റ് ഇല്ലാഞ്ഞിട്ടും മാവ് തന്റെ കൊമ്പുകുലുക്കി അഞ്ചു മാങ്ങകൾ താഴെയിട്ടു. കുമാരൻ ആർത്തിയോടെ അതു പെറുക്കി തിന്നുകൊണ്ട് നടന്നു നീങ്ങി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ആ കൃഷിയിടത്തിലെ പണികൾ തീർന്നതുകൊണ്ട് കുമാരൻ അങ്ങോട്ടു വരാതായി. പിന്നെ, അവൻ ഒരു വൈദ്യശാലയിൽ സഹായിയായി നിന്നപ്പോൾ, വൈദ്യൻ പറഞ്ഞു -

"മരുന്നുകൂട്ട് തയ്യാറാക്കാൻവേണ്ടി കുറച്ച് ഇത്തിൾക്കണ്ണി വേണം"

അപ്പോഴാണ് മാമ്പഴവും തണലും തന്ന മാവിൽ നിറയെ ഇത്തിൾക്കണ്ണിയായിരുന്നെന്ന് അവന് ഓർമ്മ വന്നത്.

മാവിനു സമീപമെത്തി. കുമാരനു പറിച്ചെടുക്കാൻ പാകത്തിൽ മാവ് തന്റെ ശിഖരം കുനിച്ചു കൊടുത്തു.

അടുത്ത ദിനം, വൈദ്യൻ ആവശ്യപ്പെട്ടത് തേനായിരുന്നു. പക്ഷേ, തേനീച്ചക്കൂടുകൾ അതുവരെ എവിടെയും കുമാരന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തണലും മാങ്ങയും ഇത്തിൾക്കണ്ണിയും തന്നതിന്റെ ഓർമ്മയിൽ അവൻ മാവിന്റെ അടുക്കലെത്തി. ഇത്തവണയും ശിഖരത്തിൽ തൂങ്ങിക്കിടന്ന തേനീച്ചക്കൂട്ടത്തിന്റെ തേനടകൾ മാവ് കാണിച്ചു കൊടുത്തു.

വൈദ്യൻ പറഞ്ഞതിൻപ്രകാരം, പാദങ്ങൾ വിണ്ടു കീറുന്ന രോഗിയുടെ പാദത്തിൽ തേച്ചുപിടിപ്പിക്കാനായി മാവിൻതൊലിയുടെ പശയുള്ള കറ വേണമായിരുന്നു. മാവിനെ സമീപിച്ചപ്പോൾ അത് പറഞ്ഞു -

"ഒരു കരിങ്കല്ലെടുത്ത് എന്റെ തൊലിയിൽ ഇടിക്കുക. എന്നിട്ട് ആവശ്യമുള്ളത് ഊറ്റിയെടുത്തു കൊള്ളൂ"

കുറച്ചു ദിനങ്ങൾക്കു ശേഷം ആ ദേശത്തെ വിറകുകടക്കാരൻ കുമാരനോടു പറഞ്ഞു -

" ഇനി മഴക്കാലമാണു വരുന്നത്. ഒരു തരി വിറകു പോലും ഇത്തവണ കടയിലില്ല. എന്തായാലും കിട്ടുന്ന വിറകു കൊണ്ടു പോരൂ. നല്ല വില തരാം"

കുമാരൻ ഒരു നിമിഷം ആലോചിച്ചു. എവിടെ നിന്നു വേണം?

പെട്ടെന്ന് മാവിന്റെ കാര്യം ഓർമ്മ വന്നു - തണലും മാമ്പഴവും ഇത്തിൾക്കണ്ണിയും തേനും പശയും നൽകിയ മാവിനുതന്നെ എന്നെ  സഹായിക്കാൻ പറ്റും.

വിറകിനായി മാവിനെ കുമാരൻ സമീപിച്ചു.

മാവ് പറഞ്ഞു -

"എന്റെ കിഴക്കുവശത്തെ ഒരു ശിഖരം മുറിച്ചു കൊള്ളുക"

കുമാരൻ, ആദ്യമേ രണ്ടു ശിഖരങ്ങൾ വെട്ടി താഴെയിട്ടു. അന്നേരം, മാവിനു വല്ലാത്ത ക്ഷീണം തോന്നി. അതിനിടയിൽ പെട്ടെന്ന്, അറിയാത്ത മട്ടിൽ അവൻ മൂന്നാമത്തെ ശിഖരവും വെട്ടി. അതോടെ, മാവിന്റെ കറ ചോർന്നു പോയി ഒന്നു മിണ്ടാൻ പോലും ആയില്ല. പിന്നെ ശേഷിച്ച രണ്ടു ശിഖരങ്ങൾ കൂടി വെട്ടി താഴെയിട്ടു. പിന്നീട്, തായ്ത്തടി മാത്രം അവശേഷിച്ചു.

അപ്പോഴാണ്, കുമാരൻ ഒരു കാര്യം ഓർത്തത് -

"ഈ മാവിന്റെ ശിഖരങ്ങൾ പോയതോടെ അതിനു പ്രതികരിക്കാനുള്ള ശേഷിയൊക്കെ പോയിരിക്കുന്നു. ഇനി തായ്ത്തടി വെട്ടിയാലും മാവ് ഒന്നും അറിയാൻ പോകുന്നില്ല. എനിക്കു കാശു വീശാൻ പറ്റുന്ന പണിയാകുമിത്!"

അവൻ മാവിന്റെ ചുവടെ മഴു വീഴ്ത്തി. ആ നാടു നടുങ്ങുംവിധം വലിയ തടി താഴെ വീണു!

ഒരു മാസം നിറയെ മാവിന്റെ വിറകുപണികൾ ഉണ്ടായിരുന്നു. കുമാരന് അവിടെ കിട്ടിയ കൂലി കൊണ്ട് ചെറിയൊരു ചായക്കട തുടങ്ങാനായി. ഒരു ദിവസം കയ്യിലുണ്ടായിരുന്ന വിറകു തീർന്നു. അന്നേരം, മുൻകാലത്തെ ഓർമ്മകൾ അവനു മുന്നിൽ തെളിഞ്ഞു. ഒരു മാവാണ് എനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം തന്നത്. പഴയ മാവു പോലെ മറ്റൊന്നു കണ്ടുപിടിക്കണം. ചായക്കടയില്‍ വൈകുന്നേരമായിരുന്നു തിരക്ക് കൂടുതല്‍. അവൻ സന്ധ്യ മയങ്ങിയപ്പോൾ കടയടച്ചു കഴിഞ്ഞ് പഴയ മാവു നിന്ന പ്രദേശത്തു കൂടി നടന്നു പോയി. അവിടമാകെ പുല്ലു കയറി കിടക്കുകയായിരുന്നു. കുമാരന്റെ ശ്രദ്ധയാകെ വെട്ടാൻ പറ്റിയ മാവുണ്ടോ എന്നതിലായിരുന്നു. അതിനിടയിൽ പുല്ലുകൊണ്ട് മറഞ്ഞു കിടന്ന പഴയ മാവിന്റെ കുറ്റിയിൽ അവന്റെ കാലു തട്ടി മുഖമടിച്ചു വീണത് കൂർത്ത കല്ലിന്മേലായിരുന്നു!

അടുത്ത ദിവസം -

ആ പറമ്പിൽത്തന്നെ രണ്ടു മരംവെട്ടുകാർ ഒരു ചെറിയ മാവിന്റെ കമ്പുകൾ വെട്ടിയിറക്കി. അന്നേരം, ഒരു വഴിപോക്കൻ അവരോടു ചോദിച്ചു -

''ഇന്ന് ആരുടെ പണിയാണ്? വേലപ്പന്റെ വിറകുപുരയിലേക്കാണോ?"

ഒരുവൻ പറഞ്ഞു -

"ഏയ്, അല്ല... ഈ പറമ്പിലാണ് കുമാരൻ വീണു മരിച്ചത്. അവനെ ദഹിപ്പിക്കാൻ മാവിന്റെ വിറകുതന്നെ വേണം!''

ആശയം - Need of thanking mind, kindness, gratitude.

മനുഷ്യനോളം നന്ദിയില്ലാത്ത ഒരു ജീവിയും ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടില്ല. മനുഷ്യൻ മൃഗങ്ങളേക്കാൾ വില കുറഞ്ഞ ചെയ്തികൾ പുറത്തെടുക്കുന്നത് എപ്പോഴെന്ന് പ്രവചിക്കാൻ സാധ്യമല്ല. ചിലപ്പോൾ നല്ല മനുഷ്യർപോലും നന്ദിയും കടപ്പാടും വിസ്മരിക്കാൻ പാകത്തിൽ കട്ടിയായി രൂപപ്പെടാനുള്ള കാരണം, മറ്റുള്ളവരുടെ അവഗണനയും നന്ദികേടുമായിരിക്കാം. അതിനാൽ, നന്ദിയും കടപ്പാടും ഒരു പകർച്ചവ്യാധിപോലെ ഒരു മനുഷ്യനിൽനിന്ന് മറ്റൊരുവനിലേക്കു പകർന്നു പിടിക്കട്ടെ!

15/02/21

എഴുത്തുകാരനും പ്രസാധകരും

Malayalam writers and publishers. It's a self help series in Malayalam literature,  books printing press, authors and publishing companies of Kerala, royalty etc.

ഒരിക്കല്‍, ബിജുക്കുട്ടന്‍ ചെറുകിട രീതിയില്‍ സ്വന്തം പുസ്തകങ്ങള്‍ മാത്രം അച്ചടിക്കുന്ന ഒരു ബുക്ക് ഷോപ്പും പ്രിന്റിങ്ങ് മെഷീനും സ്ഥാപിക്കാന്‍ ആലോചിച്ചു. സുഹൃത്തായ ഒരു പത്രത്തിലെ പ്രൂഫ്‌ റീഡര്‍- കോശിയെ കണ്ടപ്പോള്‍ അദ്ദേഹത്തോടു അഭിപ്രായം ചോദിച്ചു. അപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു-

“ഏയ്‌...ഒരിക്കലും താന്‍ അങ്ങനെയുള്ള മണ്ടത്തരത്തില്‍ പോയി ചാടരുത്. ഞാന്‍ കുറച്ചു വര്‍ഷം മുന്‍പ്, ഒരു ലക്ഷം രൂപ മുടക്കി പ്രിന്റിങ് മെഷീനും അനുബന്ധ സാധനങ്ങളും വാങ്ങി വീടിനോടു ചേര്‍ന്ന്‍ കട തുടങ്ങി. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. വല്ലപ്പോഴും കുറച്ചു നോട്ടീസുകളും കലണ്ടറും വന്നാലായി. എട്ടുനിലയില്‍ പൊട്ടി. പിന്നെ, നിസ്സാര വിലയ്ക്ക് മെഷീന്‍ കൊടുത്തു"     

പണ്ടൊക്കെ, എഴുത്തുകാര്‍ കയ്യെഴുത്തുപ്രതിയുമായി വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെ, അച്ചടിച്ച സ്വന്തം പുസ്തകവുമായി നടന്നു. ചങ്ങമ്പുഴ തലച്ചുമടായി കൃതികള്‍ വില്‍ക്കാന്‍ നടന്നു. മഹാകവി വള്ളത്തോളും അങ്ങനെ ചെയ്തിട്ടുണ്ട്.  അപൂര്‍വ്വം ചില എഴുത്തുകാര്‍ ഇപ്പോഴും അങ്ങനെ നാടോടികളെപ്പോലെ ജീവിച്ചു മരിക്കുന്നു! ഇപ്പോള്‍, എഴുത്തുകാരന്‍ എത്രത്തോളം വിജയിക്കുന്നുണ്ട്?

സത്യം പറഞ്ഞാല്‍, വികസിത വിദേശരാജ്യങ്ങള്‍ എഴുത്തുകാരെ ബഹുമാനിക്കുന്നത്  നാം നോക്കിക്കണ്ടാല്‍ ഇന്ത്യയിലെ അവസ്ഥ പരിതാപകരമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ പലയിടങ്ങളിലും എഴുത്തുകാരനു സൗജന്യ നിരക്കില്‍ താമസവും സൗകര്യങ്ങളും ഫണ്ടും ഗ്രാന്റും മുന്‍കൂറായി അനുവദിക്കുന്നുണ്ട്. അതിനു നല്ലൊരു ഉദാഹരണമാകുന്നു നോര്‍വേ. ലോകത്തിലെ ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ സമ്മാനിക്കുന്ന അവിടം എഴുത്തുകാരന്റെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കാം. ഏകദേശം നൂറു ശതമാനത്തോളം സാക്ഷരതയും നോര്‍വേ കാത്തുസൂക്ഷിക്കുന്നു.  'ആര്‍ട്ട് കൗണ്‍സില്‍ നോര്‍വേ' എന്നൊരു വകുപ്പും സര്‍ക്കാരിനുണ്ട്. 

ജര്‍മനി, ഓസ്ട്രിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളും എഴുത്തിനെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.   കാരണം, രാഷ്ട്രനിര്‍മ്മിതിയുടെ അവിഭാജ്യഘടകമായി വര്‍ത്തിക്കുന്ന ഒരു സംഘം ആളുകളാണ് എഴുത്തുകാര്‍. അവരുടെ സര്‍ഗാത്മക ചിന്തകള്‍ മൂലം പലതരം ആശയങ്ങള്‍ രാജ്യമാകെ ലഭിക്കുന്നു. ഇത്തരം വായന കൂടുതലുള്ള സ്കാന്റിനേവിയന്‍ രാജ്യങ്ങള്‍ ലോക സന്തോഷസൂചികയിലും ആദ്യ പത്തില്‍ ഇടം പിടിക്കുന്നു.  ഇനി നമുക്ക് കേരളത്തിലെ കാര്യം നോക്കാം-

കേരളത്തിലെ ഏറ്റവും വലിയ രണ്ടു പ്രസാധകർ ഡിസി ബുക്സ്,  മാതൃഭൂമി എന്നിവയാണ്. നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അന്‍പതില്‍പരം പബ്ലിഷിംഗ് പ്രസ്ഥാനങ്ങളും ഇവിടെയുണ്ട്.  അവിടെ SPCS, Green books, Poorna, എസ്‌.പി.സി.എസ്‌, ഗ്രീന്‍ബുക്സ്, പൂര്‍ണ, മനോരമ, H&C, TBS, എച്ച്&സി, ടി.ബി.എസ്‌ എന്നിങ്ങനെയുള്ളവര്‍ മുന്‍നിരയില്‍ വരുന്നു.       

ഒരുകാലത്ത്, കോട്ടയത്തെ എസ്‌.പി.സി.എസ്‌ എന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം കേരളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ റോയല്‍റ്റി കൊടുക്കുന്ന എഴുത്തുകാരുടെ പറുദീസ ആയിരുന്നു. എന്നാല്‍, പ്രസ്തുത സ്ഥാപനത്തില്‍ കെടുകാര്യസ്ഥതയും ഉഴപ്പും വന്നപ്പോള്‍ മേലധികാരിയായിരുന്ന ഡിസി കിഴക്കേമുറി അവിടെ നിന്നും പിരിഞ്ഞ് അര കിലോമീറ്റര്‍ മാറി സ്വന്തം പുസ്തക അച്ചടിശാല തുറന്നു. ഇപ്പോള്‍, മലയാളത്തിലെ മികച്ച എഴുത്തുകാരുടെ ഭൂരിഭാഗം പുസ്തകങ്ങളുടെയും  മാത്രമല്ല, പിറക്കാനിരിക്കുന്ന പുസ്തകങ്ങളുടെയും മുന്‍‌കൂര്‍ കോപിറൈറ്റ്   ഡിസി നേടിയിരിക്കുന്നു.

കേരളത്തിലെ പല എഴുത്തുകാരും ആദ്യം ചെറിയ പുസ്തക പ്രസാധകരെ സമീപിച്ചു നല്ല പുസ്തകം ചെയ്തു നോട്ടപ്പുള്ളിയാകുമ്പോള്‍ പിന്നെ, പണവും പ്രശസ്തിയും നോക്കി വലിയ പ്രസാധകര്‍ക്കു പിന്നെയുള്ളത് കൊടുക്കുന്ന കാഴ്ച  കാണാം.

ഉദാഹരണത്തിന്, ബെന്നി ഡാനിയേല്‍ കുളനട എന്നൊരു ഗള്‍ഫ് മലയാളി ബ്ലോഗ്‌ എഴുത്തുകാരനായിരുന്നു. തന്റെ നോവലുമായി ഡിസി ബുക്സിനെ സമീപിച്ചപ്പോള്‍ അവര്‍ തള്ളി. പിന്നെ, ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍   'ആടുജീവിതം' എന്ന മനോഹരമായ നോവല്‍ ബെന്നിയെ ബെന്യാമിന്‍ എന്ന വിസ്മയമാക്കി. എന്നാല്‍, ഗ്രീന്‍ ബുക്സില്‍ മാത്രം ഒതുങ്ങാതെ പുതിയ പല കൃതികളും ഡിസിയിലും കൊടുക്കുന്നു. 

എം.ടി. വാസുദേവന്‍‌ നായര്‍ കെമിസ്ട്രി ബിരുദത്തിനു കോളേജില്‍ പഠിക്കുമ്പോള്‍ മാതൃഭൂമിയില്‍ ചെറുകഥ വന്നുകൊണ്ട്‌ തുടക്കം കുറിച്ചു. പിന്നീട്, മാതൃഭൂമിയില്‍  ഉദ്യോഗസ്ഥനുമായി. എങ്കിലും, അദ്ദേഹത്തിന്റെ ഒട്ടേറെ കൃതികള്‍ ഡിസി  പ്രസിദ്ധീകരിക്കുന്നുണ്ട്. ഒ.വി.വിജയന്‍റെ 'ഖസാക്കിന്റെ ഇതിഹാസം' മാതൃഭൂമി തള്ളിയപ്പോള്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു പ്രശസ്തമായി.

'ആരാച്ചാര്‍' എന്ന പ്രശസ്ത കൃതിയും അനേകം നോവലുകളും എഴുതിയ മുന്‍മനോരമ  ഉദ്യോഗസ്ഥയായ    കെ.ആര്‍.മീരയുടെ K.R. Meera പുസ്തകങ്ങള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. മുന്‍മനോരമ  ഉദ്യോഗസ്ഥയായ കഥാകാരി കെ.രേഖയുടെ കഥകള്‍ മാതൃഭൂമി Mathrubhumi പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇനി, മറ്റുള്ള പുസ്തകപ്രസാധകരെ പറയുമ്പോള്‍ മള്‍ബറി, റെയിന്‍ബോ, Rainbow, Pen books, Mulberry,  പെന്‍ബുക്സ് എന്നിവ മികച്ച നിലയില്‍നിന്നും കടത്തിലേക്കു കൂപ്പുകുത്തി. മള്‍ബറിയുടെ പതനം കണ്ടപ്പോള്‍ ബോധി ബുക്സ് നടത്തിവന്നിരുന്ന ശ്രീ. ജോയ് മാത്യു ഗള്‍ഫിലേക്കു പോയി. തിരികെയെത്തി സിനിമയില്‍ പ്രശസ്തനായി.

സാധാരണയായി ലൈബ്രറി കൗൺസിൽ Library council book fair മേളകൾ മാത്രമാണ് ചെറുകിട പ്രസാധകർക്കുള്ള ഏക പ്രതീക്ഷ. കാരണം, അവിടെ വലിയ പ്രസാധകരില്‍ നിന്നും മാത്രം പുസ്തകങ്ങള്‍ വാങ്ങാതെ എല്ലാ പബ്ലിഷേഴ്സിനെയും പരിഗണിക്കുന്നു. അറിയപ്പെടാത്ത നല്ല എഴുത്തുകാരും പുസ്തകങ്ങളും കൈവശമുള്ള ചെറുകിട പ്രസാധകര്‍ക്ക് വിതരണത്തിനായി മറ്റു സ്ഥലങ്ങളില്‍ ശാഖകള്‍ കാണാറില്ല. അപ്പോള്‍, വിതരണക്കാരന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍വഴിയായാലും  പുസ്തകവിലയുടെ 50%  കൊടുത്താല്‍ പിന്നെ എന്തു ലാഭവും വളര്‍ച്ചയും കൈവരിക്കാനാണ്? 

വലിയ പ്രസാധകരുടെ വിജയവും അവിടെയാണ്- കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം ബ്രാഞ്ചുകള്‍,  ഇന്ത്യയിലും വിദേശത്തും എയര്‍പോര്‍ട്ടിലും റെയില്‍വേ, ബസ്‌ സ്റ്റേഷന്‍ എന്നിങ്ങനെ...ചുരുക്കത്തില്‍, വലിയ മുതല്‍ മുടക്കുന്നവര്‍ക്കേ ലാഭമുണ്ടാക്കാന്‍ പറ്റൂ. ഒരു പട്ടണത്തിലെ ബ്രാഞ്ച് കൊണ്ടൊന്നും ചെറുകിട പ്രസാധകര്‍ക്കു പിടിച്ചു നില്ക്കാന്‍ പറ്റില്ല.    

  100 പേജുള്ള ഒരു പുസ്തകത്തിന് 100  രൂപയ്ക്ക് വിൽക്കുമെന്നു കരുതുക. അതില്‍ 7 മുതല്‍ 10  ശതമാനം വരെ റോയല്‍റ്റി എഴുത്തുകാരനു കിട്ടും. 40 ശതമാനം പ്രിന്റിംഗ് ചെലവ്. പിന്നെ 50 ശതമാനം കടകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍! പിന്നെ, പുസ്തക പ്രസാധകനു കിട്ടുന്ന ലാഭം-10%. അവിടെ ഈ ലാഭം കൃത്യസമയത്ത് കടയുടമ കൊടുക്കാതെ ഉഴപ്പിയെന്നും വരാം. അപ്പോള്‍, പബ്ലിഷര്‍ നഷ്ടത്തിലാകും.     

ചില എഴുത്തുകാര്‍ സ്വന്തമായി അച്ചടിച്ച്‌ പരിചയക്കാരുടെ സ്ഥാപനങ്ങളില്‍ പോയി കെട്ടിയേല്‍പ്പിക്കുന്ന ദുരിതയാത്രയും നമുക്കു കാണാം. മനസ്സില്ലാമനസ്സോടെ പ്രാകി ചിലര്‍ മേടിക്കും!

ചെറുകിട പ്രസാധകര്‍ക്ക്- കോപിറൈറ്റ് ഇല്ലാത്ത ഈസോപ്, ജാതകകഥകള്‍, തെനാലി, വിക്രമാദിത്യ, ബീര്‍ബല്‍, ഹോജ, ആയിരത്തൊന്നു രാവുകള്‍ നമ്പൂതിരി ഫലിതങ്ങള്‍, രാമായണം, ബൈബിള്‍, മഹാഭാരതം, ഭഗവത്ഗീത, ഇന്ദുലേഖ, ഐതീഹ്യമാല തുടങ്ങി കുറെയേറെ സ്വന്തം നിലയില്‍ അച്ചടിച്ചാല്‍ റോയൽറ്റി കൊടുക്കേണ്ടതില്ല. പിന്നെ, കയ്യില്‍ കാശുള്ള പ്രവാസികളുടെ കൃതികള്‍ ലാഭം തരുന്ന ഏര്‍പ്പാടായിരിക്കും. ഇത്തരം പൊങ്ങച്ച കൃതികളുടെ പ്രസിദ്ധീകരണത്തിന് വാനിറ്റി പബ്ലിഷിംഗ് എന്നു വിളിക്കും.

ചെറുകിട പ്രസാധകര്‍ക്ക് കൂട്ടായ്മ ഉണ്ടാക്കി ഒരൊറ്റ ബ്രാന്‍ഡ്‌ പേരില്‍ പരസ്പരം സഹകരിച്ചാല്‍ വളര്‍ച്ച കൈവരിക്കാം.  ചപ്പുചവറു കൃതികള്‍ തള്ളാനും ശ്രമിക്കണം.

പ്രധാനപ്രസാധകരുടെ കൈയ്യിലില്ലാത്ത ധാരാളം മികച്ച പുസ്തകങ്ങൾ സാധാരണപ്രസാധകരുടെ കൈവശമുണ്ട്. പക്ഷേ, പത്ര-ടി.വി-റേഡിയോ  മാധ്യമങ്ങള്‍ക്കു പരസ്യവും ബന്ധങ്ങളും ശിപാര്‍ശകളും വഴിയായി വലിയ പ്രസാധകര്‍ക്കു മാത്രമേ അവരുടെ പുസ്തകങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ പറ്റുന്നുള്ളൂ. 

പെട്ടെന്ന് ലാഭം കൊയ്യാനായി ആദ്യ എഡിഷന്‍ റോയല്‍റ്റി മാത്രം കൊടുത്തിട്ട് അഞ്ച് എഡിഷനുകള്‍ ഇറക്കി എഴുത്തുകാരനെ പറ്റിക്കുന്ന പരിപാടി ചെറുതും വലുതുമായ പല പ്രസാധകരും കാണിക്കുന്ന വേലയാണ്. എന്നാല്‍, ശബ്ദമുള്ള പ്രശസ്ത എഴുത്തുകാരെ ഇങ്ങനെ പറ്റിക്കാറില്ല.  

കേരളസർക്കാരിന്റെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം' എന്ന പദ്ധതി നല്ലൊരു ആശയമാകുന്നു. 

പുസ്തകത്തിന്‌ അല്പം വിലകൂടിയാല്‍ ആളുകള്‍ തിരിച്ചും മറിച്ചും നോക്കി വേണ്ടെന്നു വയ്ക്കും. എന്നാല്‍, ആണുങ്ങള്‍ മദ്യം കഴിക്കാനായി വില നോക്കാറില്ല. ചെറിയ ഷോപ്പില്‍ കിട്ടുന്ന ആയിരം രൂപയുടെ അതേ സാരി വലിയ ഷോപ്പിങ്ങില്‍ മൂവായിരം കൊടുത്തും ആളുകള്‍ വാങ്ങും! അതായത്, സ്ത്രീകളുടെ വസ്ത്രഭ്രമം മൂലം ഓരോ മാസവും കുടുംബ ബജറ്റില്‍ ദാരിദ്ര്യമാകും. ഓരോ കുടുംബത്തിലെയും വസ്ത്രം/ചെരിപ്പുകള്‍/സൗന്ദര്യവര്‍ധക സാധനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വച്ചാല്‍ത്തന്നെ വായനയും ചെറുകിട പുസ്തകശാലകളും എഴുത്തുകാരനുമൊക്കെ രക്ഷപ്പെടും!

വയലിലെ കിളികള്‍ (folk tale in Malayalam)

This nadodikkatha explains the need of self sufficiency in our day today activities. Why we should depend on others if we are capable to do that? പണ്ടുപണ്ട്, സിൽബാരിപുരംദേശം അനേകം നെൽപാടങ്ങളാൽ സമൃദ്ധമായിരുന്നു. അതിനാൽത്തന്നെ ഇത്തരം കൃഷിയിടങ്ങളെ ആശ്രയിച്ച് കൂട്ടം കൂട്ടമായി പക്ഷികൾ തലങ്ങും വിലങ്ങും പറക്കുന്നതു സ്ഥിരം കാഴ്ചയായിരുന്നു.

ഒരിക്കൽ, ശങ്കുവിന്റെ നെൽപ്പാടത്തിനു സമീപം ചെറിയൊരു മരത്തിൽ ചിന്നൻ പക്ഷിയും കുടുംബവും താമസമാക്കി. നെല്ലു തിന്നാൻ പാകമായി വരാൻ കാത്തിരിക്കുകയായിരുന്നു ആ പക്ഷികൾ.

എല്ലാ ദിവസവും രാവിലെ ചിന്നൻ നെൽക്കതിരിൽ കൊത്തിവലിക്കും. ശേഷം, അവൻ ഇണപക്ഷിയോടും കുഞ്ഞുങ്ങളോടും വിളിച്ചുകൂവും-

"ഒരാഴ്ച കാത്തിരുന്നാൽ നല്ല സ്വാദുള്ള നെല്ലു വയറു നിറയെ തിന്നാം. അതുവരെ നമുക്ക് പാടത്തിലെ പ്രാണികളെ തിന്നാം"

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശങ്കുവും ഭാര്യയും അങ്ങോട്ടു വന്നു. ശങ്കു ഭാര്യയോടു പറഞ്ഞു-

"നാളെ രാവിലെ ഈ പാടം കൊയ്യാൻ തുടങ്ങണം. ഇന്നുതന്നെ പണിക്കാരോടു പറയണം"

ഇതുകേട്ട്, ഇണപ്പക്ഷി ചിന്നനോടു പറഞ്ഞു-

"എത്രയും വേഗം ഇവിടം വിടണം. പൊക്കം കുറഞ്ഞ മരമായതിനാൽ കൊയ്ത്തിനു വരുന്നവർ നമ്മുടെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട്''

ചിന്നൻ ശാന്തനായി പറഞ്ഞു-

"നാളെ പണിക്കാർ വരാൻ സാധ്യത കുറവാണ്. കാരണം, ശങ്കു വ്യക്തമായ തയ്യാറെടുപ്പില്ലാത്ത ഒരുവനാണ്. ഇന്നാട്ടിൽ എല്ലായിടത്തും ഒരേ സമയത്ത്, കൊയ്ത്തു നടക്കുന്നതിനാൽ കുറെ ദിവസം മുന്നേ പണിക്കാരെ ഏർപ്പാടാക്കണമായിരുന്നു"

അടുത്ത ദിവസം രാവിലെ ശങ്കുവും ഭാര്യയും അവിടെയെത്തി-

"എടീ, പണിക്കാരു വരാത്തതിനാൽ നമുക്കു ബന്ധുക്കാരോടു കൊയ്ത്തിനു വരാൻ പറയാം''

അപ്പോഴും തള്ളപ്പക്ഷി കലപില കൂട്ടി-

"നമുക്ക് ഇന്നിവിടം വിടാം"

ചിന്നൻ ധൈര്യസമേതം പറഞ്ഞു-

"എടീ മനുഷ്യരുടെ ബന്ധുക്കളെല്ലാം വാസ്തവത്തിൽ ശത്രുക്കൾതന്നെയാണ്! നമ്മൾ എങ്ങോട്ടും പോകുന്നില്ല"

അടുത്ത ദിവസം രാവിലെ വന്നപ്പോൾ ശങ്കുവും ഭാര്യയും പറഞ്ഞു-

"ബന്ധുക്കളെല്ലാം പറ്റിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കളോടു പറയാം"

അന്നേരം, പെൺപക്ഷി പേടിച്ചു-

"നമുക്ക് ഇവിടുന്ന് പറക്കാനുള്ള സമയമായെന്നു തോന്നുന്നു"

ചിന്നൻ അവളെ ആശ്വസിപ്പിച്ചു-

"അത് വയലുടമയുടെ വെറും തോന്നലാണ്. സുഹൃത്തുക്കളൊന്നും പണിക്കാരല്ല. വെറുതെ വാചകമടിച്ചു നടക്കുന്ന കൂട്ടരാണ്"

അടുത്ത പ്രഭാതത്തിൽ ശങ്കുവും ഭാര്യയും അവിടെയെത്തി ഇപ്രകാരം സംസാരിച്ചു-

"കൂട്ടുകാർ വരാമെന്നു പറഞ്ഞെങ്കിലും ആരും ഇവിടെ എത്തിയിട്ടില്ല. ഒരു കാര്യം ചെയ്യാം, നമ്മുടെ നാലു പുത്രന്മാരോടു പറയാം"

ഇതുകേട്ട് വെപ്രാളപ്പെട്ട പക്ഷിയെ ചിന്നൻപക്ഷി ആശ്വസിപ്പിച്ചു-

"എടീ, അയാളുടെ മക്കൾ നെല്ലു കൊയ്യാനൊന്നും വരില്ല. അങ്ങനെയെങ്കിൽ ആദ്യം അവർ പണിക്കാർക്കു മുൻപു തന്നെ ഇവിടെ കഷ്ടപ്പെടുമായിരുന്നു. അവർ ഇതുവരെയും പാടം ഒന്നു നോക്കാൻപോലും എത്തിയിട്ടില്ല"

അടുത്ത ദിവസം മക്കളുമൊത്ത് പാടത്തേക്ക് വരാനായി അവരോടു കൊയ്ത്തരിവാൾ എടുക്കാൻ പറഞ്ഞപ്പോൾ പുത്രന്മാർ നീരസം പ്രകടിപ്പിച്ചു-

"അച്ഛാ, ഞങ്ങൾക്കു കൊയ്ത്തിനിറങ്ങി പരിചയമില്ല. ഒരു വെയിലു കൊണ്ടാൽ ഉടനെ, തലവേദനയെടുക്കും"

ശങ്കു മക്കളോടു കയർത്തു തുടങ്ങി. ഭാര്യ മക്കളുടെ കൂടെ കൂടി പിന്തുണച്ചു സംസാരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ദേഷ്യപ്പെട്ട് ശങ്കു അടുത്തുള്ള ചായക്കടയിൽ പോയി ഒരു ചായയ്ക്കു പകരം, കുറെ സമയമെടുത്ത്, മൂന്നു ചായ കുടിച്ചു. പിന്നെ, നെൽവയലിനു മുന്നിൽ ചെന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു -

"ഒരു പുല്ലന്റെയും സഹായം എനിക്ക് ആവശ്യമില്ല. നാളെ രാവിലെ ഞാനൊറ്റയ്ക്ക് കൊയ്ത്തു തുടങ്ങും!"

ഇതു കേട്ടപ്പോൾ പേടിച്ചത് ചിന്നൻ പക്ഷിയായിരുന്നു. അവൻ പറഞ്ഞു-

"ഇന്നു പകൽ മുഴുവനും തിന്നാൻ പറ്റുന്നത്രയും നെല്ലു തിന്നിട്ട് തീൻസഞ്ചി നിറയുമ്പോൾ നേരം ഇരുട്ടുന്നതിനു മുൻപായി കുഞ്ഞുങ്ങളേയും കൂട്ടി ഇവിടം വിടണം ''

അപ്പോൾ, പെൺകിളി ചോദിച്ചു -

"അയാൾ ഒരുപാടു പേരെ കൂട്ടിക്കൊണ്ടു വരുമെന്ന് പല തവണ പറഞ്ഞപ്പോഴും ചേട്ടന് യാതൊരു പേടിയുമില്ലായിരുന്നല്ലോ. പിന്നെന്താണ് അയാൾ മാത്രമായി നാളെ വരുമെന്നു പറഞ്ഞപ്പോൾ അതു കാര്യമായി എടുക്കുന്നത്?"

"എടീ, മുൻപൊക്കെ അയാൾ മറ്റാളുകളെ ആശ്രയിക്കുന്ന നിലപാടായിരുന്നു എടുത്തത്. എന്നാൽ, ഇപ്പോൾ ശങ്കുവിന്റെ കണ്ണിൽ നിശ്ചയദാർഢ്യത്തിന്റെ തീക്കനൽ (Will power) ഞാൻ കണ്ടു!"

അന്നു വൈകുന്നേരം, ആ പക്ഷികൾ സന്തോഷത്തോടെ ചിലച്ചു കൊണ്ട് അവിടം വിട്ടു പോയി.

ആശയം - dependent nature of humans, self awareness.

മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന പരാദജീവികൾ സസ്യജന്തുജീവജാലങ്ങളിൽ അനേകമാണ്. എന്നാൽ, ആ രീതി മനുഷ്യർക്ക് ഭൂഷണമല്ല. രോഗികളായ മനുഷ്യർ മറ്റുള്ളവരെ ആശ്രയിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, നഴ്സ് പോലുള്ള ഭാര്യമാർ ഒറ്റയ്ക്ക് വിദേശത്ത് കഷ്ടപ്പെടുമ്പോൾ നാട്ടിൽ ധൂർത്തടിച്ചു ജീവിക്കുന്ന പുരുഷകേസരികൾ ധാരാളമുണ്ട്. ആദ്യം, സ്വന്തം ശേഷിയനുസരിച്ച് ചെയ്യാൻ പറ്റുന്ന കാര്യം ശ്രമിക്കുക. വേറിട്ട വിജയങ്ങൾ നേടിയവരെല്ലാംതന്നെ സ്വയം പാതകൾ വെട്ടിത്തെളിച്ചവരല്ലേ?

14/02/21

കപ്പല്‍ ചങ്ങാതി

ബിജേഷിന്റെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു.

ഒരു ദിവസം, അവനും ഭാര്യയും കുറവിലങ്ങാട് പള്ളിയിൽ പോകാനായി ബസിൽ പള്ളിക്കവലയിൽ ഇറങ്ങി.

അപ്പോൾ, പിറകിൽനിന്ന് ഒരു വിളി കേട്ടു-

"നിങ്ങള് പള്ളീലോട്ടാണോ?"

ജോമി എന്ന പഴഞ്ചൻകൂട്ടുകാരനാണു വിളിച്ചത്.

"ഓ... ജോമി എന്തൊക്കെയുണ്ട് വിശേഷം? എത്ര നാളായി നിന്നെ കണ്ടിട്ട്?"

അതിനു ശേഷം പറയാതെ അവൻ അല്പനേരം എന്തോ ഓർത്തതുപോലെ നിന്നു.

പിന്നെ, കുറച്ചു ചിലമ്പിച്ച ശബ്ദത്തിൽ മുഖത്തേക്കു നോക്കാതെ പറഞ്ഞൊപ്പിച്ചു -

"എടാ, നമ്മളെത്ര കളിച്ചു നടന്നതാ. എന്നാലും, നീയെന്നെ കല്യാണം വിളിച്ചില്ലല്ലോ. എനിക്കു കുറെ ദെണ്ണമുണ്ടടാ"

അന്നേരം, ബിജേഷിന്റെ നാവിറങ്ങിപ്പോയി! ഭാര്യ കൂടി കേട്ടതിനാൽ ബിജേഷ് ചൂളിപ്പോയി. ബിജേഷ് എന്തോ ന്യായം പറയാൻ വാ തുറന്നെങ്കിലും അതു കേൾക്കാൻ നിൽക്കാതെ ജോമി ഒരുതരം നിസംഗതയോടെ നടന്നു നീങ്ങി.

പള്ളിയിലേക്കുള്ള റോഡിലൂടെ നടന്നപ്പോൾ ഭാര്യ ചോദിച്ചു -

"അതെന്താ, ആ ഫ്രണ്ട് അങ്ങനെ പറഞ്ഞത്? പുള്ളിക്കാരന്റെ കണ്ണു നിറഞ്ഞായിരുന്നു. എന്തായാലും അയാളെ വിളിക്കാതിരുന്നത് മോശമായിപ്പോയി"

"എടീ, അവൻ മന:പൂർവ്വം കല്യാണത്തിനു വന്നില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. ഹാ, അതുപോട്ടെ. ഞാൻ പിന്നെ പറയാം. അല്ലെങ്കിൽ പള്ളിയിൽ കയറുമ്പോൾ മൂഡും പോകും, ശ്രദ്ധയും പോകും"

അവർ മറ്റു ചില ബന്ധുവീടുകളിൽ നിരങ്ങിയ ശേഷം, വീട്ടിലെത്തിയതു രാത്രിയായിട്ടാണ്. ബിജേഷ് ലൈറ്റണച്ച് ഉറങ്ങാൻ കിടന്നപ്പോഴും അന്നു വൈകുന്നേരം കേട്ട കൂട്ടുകാരന്റെ വാക്കുകൾ ചെവിയിൽ അലമുറയിട്ടു കൊണ്ടിരുന്നു. അതിനൊപ്പം, പഴയ കാല ഓർമ്മകൾ തലയിൽനിന്ന് വായ വരെ അരിച്ചിറങ്ങാൻ ശ്രമിച്ചു.

പക്ഷേ, ബിജേഷിന്റെ പതിവു രാത്രിസംസാരങ്ങൾ ഇല്ലാതെ വന്നപ്പോൾ അവൾ ചോദിച്ചു -

"എന്താ, ഇയാള് ഇത്ര ഗൗരവത്തിൽ ആലോചിക്കുന്നത്?"

"ഏയ്... ഞാൻ.... നമ്മളിന്നു കണ്ട ഷിപ്പിന്റെ കാര്യം ഓരോന്ന് ആലോചിച്ചു കിടക്കുകയായിരുന്നു"

"ശ്ശെടാ, കിടന്നയുടൻ ഉറക്കപ്പിച്ചു പറയാൻ തുടങ്ങിയോ? നമ്മൾ ഇതുവരെ കൊച്ചിയിലൊന്നും പോയില്ലല്ലോ! വല്ലാര്‍പാടം പള്ളിയില്‍ നമ്മള്‍ പോകുമെന്ന് പറഞ്ഞതല്ലേയുള്ളൂ"

അതിനുള്ള ബിജേഷിന്റെ മറുപടി പൊട്ടിച്ചിരിയായിരുന്നു.

"എടീ, ഇന്ന് കല്യാണം വിളിക്കാഞ്ഞ കാര്യം പറഞ്ഞ കക്ഷിയുടെ പേരാണ് ഷിപ് ലുക്ക്! ചിലപ്പോൾ ഷിപ്പെന്നും വിളിക്കും!"

വിചിത്രമായ പേരുകേട്ട് അവൾ അന്തം വിട്ടു!

"ഓ...അക്കാര്യം പിന്നെപ്പറയാമെന്നു ബിജേഷ് പറഞ്ഞില്ലായിരുന്നോ?"

ബിജേഷ് പഴയ കാല സൗഹൃദത്തിന്റെ പുസ്തകത്താളുകൾ അവൾക്കു മുന്നിൽ മറിച്ചു തുടങ്ങി....

ബിജേഷിന്റെ വീടിന്റെ അര കിലോമീറ്റർ അപ്പുറത്തായിരുന്നു ജോമിയുടെ വീട്. അവന്റെ പേര് കപ്പലോളം വലുതാകാൻ ചില കാര്യമുണ്ട്. ഒന്നാമതായി അവനു ലേശം വിക്കുണ്ട്. പിന്നെ, തല ഒരു വശത്തേയ്ക്കു ചരിച്ചുപിടിച്ചാണ് നടക്കുന്നതും സംസാരിക്കുന്നതുമെല്ലാം.

"എടാ, വടക്കുനോക്കീ...ഷിപ്പേ... ഷിപ് ലുക്കേ...."

 -എന്നിങ്ങനെയുള്ള ചെല്ലപ്പേരുകൾ ആരാണ് ആദ്യം വിളിച്ചതെന്ന് ആർക്കും നിശ്ചയമില്ല.

നാടൻപന്തുകളി, സാറ്റുകളി, ക്രിക്കറ്റ്, കുട്ടീം കോലും, വട്ടുകളി, അക്കുകളി, തലപ്പന്തുകളി എന്നിങ്ങനെ ഒട്ടേറെ കളികളിൽ സജീവ സാന്നിധ്യമായിരുന്നു അവൻ. മടക്കുളത്തിൽ അവന്റെ കൂടെ ബിജേഷ് ചൂണ്ടയിടാൻ പോയതും തിലാപ്പിയ പിടിച്ചതുമൊക്കെ കുട്ടിക്കാലത്തെ നല്ല സൗഹൃദ നിമിഷങ്ങളായിരുന്നു. സ്നേഹമുള്ളവനും നിഷ്കളങ്കനുമായിരുന്നുവെങ്കിലും, ജോമി പഠിക്കാൻ തീരെ പിറകിലായിരുന്നു. അതിനാൽത്തന്നെ, എൽ.പി. സ്കൂളിൽത്തന്നെ തോറ്റിട്ട് പഴയ ക്ലാസിൽത്തന്നെ വീണ്ടും പഠിക്കേണ്ട ഗതികേട് അവനിൽ ദുരഭിമാനമുണ്ടാക്കി. ഒടുവിൽ, ഹൈസ്കൂൾക്ലാസുകൾ ഇറങ്ങിക്കയറി പൂർത്തിയാക്കാതെ അവന്റെ അപ്പന്റെ കൂടെ തടിപ്പണികൾക്കും അമ്മയുടെ കൂടെ പാറമടയിൽ മെറ്റലടിക്കാനും പോയിത്തുടങ്ങി.

ക്രമേണ, ചങ്ങാത്തത്തിന്റെ ഊഷ്മളതയൊക്കെ മങ്ങിത്തുടങ്ങി. അക്കാലത്ത്, പഠിക്കുന്നതിന്റെ പേരിലുള്ള അഹങ്കാരവും പൊങ്ങച്ച ഗീർവാണങ്ങളും ഇത്രമേൽ വന്നിട്ടില്ലായിരുന്നു. എങ്കിലും, മന:പൂർവ്വമല്ലാത്ത ഒരുതരം അകൽച്ച പ്രകടമായിരുന്നുതാനും.

അന്നൊക്കെ, കൂലിപ്പണിക്കാരുടെ വിവാഹമാണ് ആദ്യം നടക്കുക. കാരണം, സ്ത്രീധനം കിട്ടുമ്പോൾ രൂപ കാരണവന്മാരുടെ കയ്യിലേക്കാണു പോകുന്നത്. അങ്ങനെ, കുറച്ചു മാസത്തേക്ക് അവരുടെ ഷാപ്പിലെയും ഇറച്ചിക്കടയിലെയും ഷോപ്പിങ് കുശാലാണ്.

കാലം മുന്നോട്ടു കുതിച്ചപ്പോൾ ജോമിയും കുടുംബവും അതിനൊപ്പം കിതച്ചു. കടങ്ങൾ കരിമ്പടം പുതച്ചപ്പോൾ ആ കുടുംബം അവിടുന്നു വിറ്റിട്ട് അഞ്ചു കിലോമീറ്റർ അപ്പുറത്തേക്കു ദേശാടനം നടത്തി. ജോമിയും ഭാര്യയും നാനാതരം പണികൾക്കു പോയിത്തുടങ്ങി.

ബിജേഷിനും വിവാഹമായി. വധു ഗൾഫിൽനിന്നും കുറച്ചു ദിവസത്തെ അവധിക്കു വന്നതാകയാൽ രൂപതയിലെ കൗൺസലിങ്ങ് കോഴ്സും ആ സമയത്ത്, വന്ന പനിയുമെല്ലാം വിവാഹത്തീയതി നിശ്ചയിക്കാൻ താമസം നേരിട്ടു.

അവസാനം, സമയക്കുറവിന്റെ പിരിമുറക്കത്തിലായി വിവാഹക്ഷണങ്ങൾ.

ജോമിയുടെ വീട് എവിടെയാണെന്ന് ബിജേഷിന് അറിയില്ല. അതിനാൽ, ബിജേഷിന്റെ അപ്പൻ ചിലരോടു ചോദിച്ച് ഒരു ഉൾഗ്രാമത്തിലെ ചെറുവീടിനു മുന്നിലെത്തി. ആ സമയത്ത് വീട്ടിൽ ആരുമില്ലാത്തതിനാൽ കല്യാണക്കുറി വാതിലിന്റെ ഇടയിൽ കയറ്റിവച്ചിട്ട് അദ്ദേഹം പോരികയും ചെയ്തു.

കല്യാണ സമയത്ത്, ബിജേഷ് ടാർജറ്റും ഇൻസന്റീവും ഉള്ള കമ്പനി ജോലിയിൽ ആകയാൽ വർക്ക് ലോഡ് മറുവശത്ത്. മെലിഞ്ഞുണങ്ങിയ ബിജേഷ് കഴിവതും യാത്ര കുറച്ചുവെന്നതും മറ്റൊരു സത്യമായിരുന്നു.

കല്യാണ വിസിഡിയിൽ നോക്കി വന്നയാളുകളുടെ ഹാജർ എടുത്തപ്പോൾ ജോമിയും മറ്റു ചിലരും ഇല്ലെന്നു ബിജേഷിനു മനസ്സിലായി. നേരിട്ടു കണ്ടു വിളിക്കാത്തതിനാല്‍ വന്നില്ലെന്നു കരുതി. പിന്നെ, അവനെ കാണുന്നത് ഇപ്പോഴാണ്.

ബിജേഷ് ഈ വിധം പറഞ്ഞു നിർത്തിയപ്പോൾ ഭാര്യ പറഞ്ഞു -

"ചിലപ്പോൾ വാതിലിനിടയിൽ വച്ച കല്യാണക്കുറി ജോമി കണ്ടുകാണില്ല"

ബിജേഷ് നെടുവീർപ്പിട്ടു -

"മൊബൈൽ ഫോൺ അവനുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിരുന്നേനെ. സത്യം അറിയാതെ, അവനെ കല്യാണം വിളിച്ചില്ലെന്നു കരുതി മനസ്സു വേദനിച്ചാൽ അതും ന്യായം"

"ബിജേഷ്, ആ സുഹൃത്തിനെ അല്പം റിസ്കെടുത്താൽ നേരിട്ടു തന്നെ വിളിക്കാമായിരുന്നു. മനസ്സിൽ പ്രാധാന്യം കൊടുത്തില്ലെന്ന് ഒരു കുറ്റബോധം നല്ലതാ''

"ഉം...ശരിയാ...മനസ്സു വച്ചാൽ നടക്കാത്തതായി എന്താ ഉള്ളത് ?"

ആശയം - friendship misunderstanding.

പല സൗഹൃദങ്ങളിലും കൃത്യമായ നിയമവും ചിട്ടയുമൊക്കെ സന്ദർഭവും സാഹചര്യവുമനുസരിച്ച് മാറുന്ന പ്രതിഭാസമായിരിക്കും. തെറ്റിദ്ധാരണകൾ പലപ്പോഴും കണ്ണിനെയും കാതിനെയും നാവിനെയും പറ്റിച്ച് സൗഹൃദങ്ങളുടെ അന്തകനാകാറുണ്ട്. എന്നിരുന്നാലും, ഒപ്പത്തിനൊപ്പം വരാത്ത സൗഹൃദങ്ങളിൽ കമ്യൂണിക്കേഷൻ ഗ്യാപ് സ്വാഭാവികമായി കടന്നു വരാം. ചിലപ്പോൾ മനസ്സിനുള്ളിലെ സ്നേഹം യഥാസമയം പ്രകടിപ്പിക്കാനായെന്നു വരില്ല.

13/02/21

കുറ്റവും ശിക്ഷയും

 പണ്ടുപണ്ട്..... സിൽബാരിപുരംദേശത്ത്, കിട്ടു എന്നൊരു (thief) കള്ളനുണ്ടായിരുന്നു. ചെറുകിട മോഷണങ്ങളായിരുന്നു(theft) അവന്റെ രീതി. ഓരോ തവണയും ഭടന്മാർ അവനെ പിടിച്ച് ന്യായാധിപന്റെ (judge) പക്കൽ ഹാജരാക്കും. പത്തു ചാട്ടവാറടി കൊടുത്ത് വിട്ടയയ്ക്കും. അവൻ പിന്നെയും മോഷ്ടിക്കും. അങ്ങനെ, വാഴക്കുലയും ചെമ്പു പാത്രങ്ങളും കിണ്ടിയും തേങ്ങയും പാരയും തൂമ്പയും കോടാലിയുമൊക്കെ മോഷണം പോയിക്കൊണ്ടിരുന്നു.

ഒരിക്കൽ, ആ ദേശത്തെ സാധുവായ നിലത്തെഴുത്ത് (Asan) ആശാൻ വൈകുന്നേരം അമ്പലത്തിൽ തൊഴാൻ പോയ സമയം. ആ തക്കം നോക്കി കിട്ടു വീട്ടിൽ കയറി. ആ വീട്ടിൽ വിലപിടിച്ചതായി ഒന്നുമുണ്ടായിരുന്നില്ല. കിട്ടുവിന്റെ കണ്ണിൽപ്പെട്ട മുറം, കഞ്ഞിക്കലം, മൺഭരണി എന്നിവ എടുത്തു കൊണ്ട് അവൻ മുങ്ങി. കിട്ടു പിന്നെ പൊങ്ങിയത്, കോസലപുരത്തെ ചന്തയിലാണ്. അവൻ അതു വിറ്റു കിട്ടിയ പണം കൊണ്ട് കള്ളു കുടിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരികെ സ്വദേശത്തെത്തി.

എന്നാൽ, ഇതിനോടകം തന്നെ, ആശാൻ ഭടന്മാരോട് പരാതിപ്പെട്ടിരുന്നതിനാൽ കിട്ടുവിനെ കയ്യോടെ പൊക്കി ന്യായാധിപന്റെ മുന്നിലെത്തിച്ചു. അദ്ദേഹം പതിവുപോലെ വിധിച്ചു -

"ഹും. പത്തു ചാട്ടവാറടി കൊടുത്തേക്ക്"

എന്നാൽ, ഇത്തവണ ആശാൻ ന്യായാധിപനോട് അപേക്ഷിച്ചു-

"അങ്ങ് എന്നോടു ദയവുണ്ടാകണം. വല്ലപ്പോഴും അക്ഷരമെഴുതി പഠിക്കാൻ വരുന്ന കുഞ്ഞുങ്ങളെ സഹായിച്ചാണ് ഞാൻ ജീവിക്കുന്നത്. കിട്ടുവിന് പത്ത് അടി കിട്ടിയാലും എന്റെ എഴുത്തുമുറവും കഞ്ഞിക്കലവും മൺഭരണിയും തിരികെ കിട്ടില്ലല്ലോ. മുറമില്ലാതെ കുട്ടികളെ എങ്ങനെ കൈപിടിച്ച് ഞാൻ എഴുതിക്കും?"

തന്റെ ന്യായവിധിയെ (judiciary) ചോദ്യം ചെയ്തതായി തോന്നിയ ന്യായാധിപൻ കോപിച്ചു -

"എന്ത്? എന്റെ വിധിയെ (judgement) മറുത്തു പറയാൻ നാടുവാഴി (naduvazhi, chieftain) പോലും ഇതുവരെ വന്നിട്ടില്ല. പിന്നെയാണ് കേവലം ഒരു നിലത്തെഴുത്താശാൻ വന്നിരിക്കുന്നത്!"

ആശാൻ ഒന്നും മിണ്ടാതെ തിരികെ നടന്നു. അടുത്ത ദിവസം കിട്ടു ചെമ്മൺപാതയിലൂടെ പോകുമ്പോൾ ആശാൻ അടുത്തുള്ള കുളത്തിൽ കുളിക്കാൻ പോകുകയായിരുന്നു. ആശാൻ അവനെ അടുത്തേക്കു വിളിച്ചു-

"കിട്ടൂ, നിന്നെ ഇപ്പോൾ എത്ര തവണ ആ ന്യായാധിപൻ ശിക്ഷിച്ചിട്ടുണ്ട്?"

അവൻ അലക്ഷ്യമായി പറഞ്ഞു-

"കൃത്യമായി ഓർമ്മയില്ല. അൻപതു തവണയ്ക്കു മേലായി"

ആശാൻ നിർദ്ദേശിച്ചു -

"നീ ഇത്ര നാളും മോഷണം നടത്തിയിട്ടും എന്തെങ്കിലും പ്രയോജനം കിട്ടിയോ? ചെയ്യുകയാണെങ്കിൽ ആയുഷ്കാലം നിനക്കു സുഖമായി ജീവിക്കാൻ പറ്റുന്ന വലുതൊന്ന് ചെയ്യണം. ഈ ദേശത്ത്, ന്യായാധിപന്റെ വീട്ടിൽ ധാരാളം സ്വർണവും പണവും ഉണ്ട്. അതിനുശേഷം, ഏതെങ്കിലും അന്യനാട്ടിൽ പോയി പ്രഭുവായി ജീവിക്കാൻ നോക്ക്"

കിട്ടു വിറച്ചുകൊണ്ടു പറഞ്ഞു-

"ആശാനേ, എന്നെ പിടിച്ചാൽ ശിക്ഷ ഭയങ്കരമായിരിക്കും!"

ആശാൻ നിസ്സാരമായി പറഞ്ഞു -

"ഓ...ചെറുതായാലും വലുതായാലും പത്തു ചാട്ടവാറടി കിട്ടും!"

ആശാൻ പറഞ്ഞതുപോലെ അവൻ മോഷണം നടത്തി കോസലപുരത്തേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ന്യായാധിപന്റെ ഉത്തരവു പ്രകാരം ഭടന്മാർ കള്ളനെ അരിച്ചുപെറുക്കി അന്വേഷിച്ചു കൊണ്ടിരുന്നു. തൊണ്ടിസഹിതം, കിട്ടുവിനെ പിടികൂടി ന്യായാധിപന്റെ പക്കൽ എത്തിച്ചു.

ന്യായാധിപൻ കോപം കൊണ്ടു വിറച്ചു-

"ഈ ദുഷ്ടനായ കള്ളനെ പത്തു ചാട്ടവാറടി കൊടുത്തു വിട്ടാൽ നാട്ടുകാർക്കെല്ലാം പിന്നെയും ശല്യമാകും. അതിനാൽ, പത്തു വർഷത്തെ കാരാഗൃഹവാസം ഈ കള്ളനു ഞാൻ വിധിച്ചിരിക്കുന്നു!"

ഉടൻ, ആളുകളുടെ ഇടയിൽനിന്ന് ന്യായാധിപന്റെ മുന്നിലൂടെ പൊട്ടിച്ചിരിച്ചു കൊണ്ട് ആശാൻ നടന്നുപോയി. ന്യായാധിപൻ കാര്യം മനസ്സിലാക്കി ലജ്ജിച്ചു തലതാഴ്ത്തി.

ആശയം - 

ഇരട്ടത്താപ്പ് ചില മനുഷ്യരുടെ സഹജവാസനയാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചർച്ചയിലും സാധാരണ സംസാരങ്ങളിലുമൊക്കെ ആദർശവും മൂല്യവും അടങ്ങുന്ന തത്വസംഹിതകൾ തട്ടി മൂളിക്കും. സ്വന്തം കാര്യത്തിൽ നേരെ വിപരീത സ്വഭാവവും കാണിക്കും. പല ലോക രാജ്യങ്ങളിലും കൃത്യമായ ന്യായമായ ശിക്ഷയുടെ അഭാവത്താൽ imprisonment, guilty, crime, കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അതേ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുന്ന ദുരവസ്ഥയിൽ എവിടെയാണ് പിശകു പറ്റുന്നതെന്ന് നിങ്ങൾ ആലോചിക്കുക!

12/02/21

അമിത സമ്പാദനം ഒരു ആസക്തി

സിൽബാരിപുരംദേശത്ത് കള്ളുചെത്തുന്ന പണിയായിരുന്നു സോമുവിന്. തെങ്ങും പനയും ഒരു പോലെ കൈകാര്യം ചെയ്യുന്നയാൾ. ഒരു രൂപ പോലും വെറുതെ കളയാത്ത ശീലമാണ് അയാൾക്കുള്ളത്. പേരെടുത്ത പിശുക്കനാണെന്നു പ്രത്യേകിച്ചു പറയണം. സാധാരണയായി ഷർട്ട് ഇടാറില്ല. ഒരു കൈലിമുണ്ടും തോർത്തും തോളിലിട്ട് എത്ര ദൂരം വേണമെങ്കിലും നടന്നു പോകും.

സാമാന്യമായി ചിന്തിച്ചാൽ പണത്തോടുള്ള ആർത്തിയാകും പിശുക്കിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. വൈകുന്നേരം ചായ കുടിച്ചാലും ചെറുകടി ഒന്നും വീട്ടിൽ ഉണ്ടാക്കില്ല. പക്ഷേ, ആ സമയത്ത് സോമു പറമ്പിലേക്ക് ഒന്നിറങ്ങും. ചിലപ്പോൾ മാങ്ങ, ചക്ക, കൈതച്ചക്ക, സപ്പോട്ട, പപ്പായ, ചാമ്പങ്ങ, കശുമാങ്ങ, ആഞ്ഞിലിപ്പഴം, അത്തിപ്പഴം.... ഇങ്ങനെ ഏതെങ്കിലും സീസണ്‍ അനുസരിച്ച് കയ്യിലാക്കി തിരികെ വീട്ടിലെത്തും. വീടൊക്കെ ഓടിട്ട പഴയ വീട്.

അതിനിടയിൽ അയാൾ വഴിപോലുമില്ലാത്ത അകത്തുള്ള സ്ഥലങ്ങൾ പലയിടത്തായി വാങ്ങിക്കൂട്ടി. സ്ഥലം വാങ്ങിയതൊന്നും ആരും അറിയുക പോലുമില്ല. കാരണം, അതിനൊന്നും അത്ര സുതാര്യതയില്ലതാനും.

അതിനെല്ലാം സോമുവിന്റെ കയ്യിലുള്ള പ്രധാന ആയുധം ശുദ്ധമായ നാടൻകള്ളായിരുന്നു. അക്കാലത്ത്, സ്ഥലത്തിനൊന്നും അത്ര വിലയുണ്ടായിരുന്നില്ല. ചിലർ കള്ള് കടമായി കുടിക്കാൻ രാവിലെതന്നെ തെങ്ങിന്റെയും പനയുടെയും ചുവട്ടിലിരിക്കും. കള്ളിന്റെ ലഹരിയിൽ വസ്തുവിന്റെ കച്ചവടവും നടക്കും. അതിനു ശേഷം രാവിലെ ബോധം വരുമ്പോൾ വിറ്റ പറമ്പിലെ മരത്തിൽ കെട്ടിപ്പിടിച്ചു കരയുകയും ചെയ്യും. അപ്പോഴും അതു കാണുന്ന ആളുകൾ പറയും-

"ഹൊ! ഇവനൊക്കെ രാവിലെ കള്ളു മോന്തിയിട്ട് എന്തെല്ലാം കോപ്രായങ്ങളാണു കാണിച്ചു കൂട്ടുന്നത്?"

ചിലപ്പോൾ ആ കുടിയന്റെ വീട്ടുകാർപോലും അനേകം മാസങ്ങൾ കഴിഞ്ഞായിരിക്കും അറിയുന്നത്. ക്രമേണ, മുറിഞ്ഞസ്ഥലങ്ങൾ കൂടിക്കൂടി വന്നു. റബറിനു നല്ല വിലയുള്ള കാലത്ത് ആ സ്ഥലങ്ങളിലെല്ലാം നല്ലതുപോലെ ചുരത്തുന്ന റബർ മരങ്ങൾ നിറഞ്ഞു. ബാങ്കുകളിൽ അയാളുടെ പണം നിറഞ്ഞു. നാട്ടുകാരെല്ലാം അയാളുടെ കാര്യം പറയുമ്പോൾ 'ബുദ്ധിമാൻ' എന്ന് അടക്കം പറയുകയും ചെയ്തു.

മക്കളുടെ കരിയറിലും അയാളുടെ ബുദ്ധിയുടെ വിളയാട്ടങ്ങൾ തുടങ്ങി. മക്കൾക്കു ഗവൺമെന്റു ജോലി കിട്ടാൻ പണവും കള്ളും വീശിയെറിഞ്ഞു.

ചെമ്മൺപാത ടാർ ചെയ്യാനായി വഴി വീതി കൂട്ടിയപ്പോഴും സ്വന്തം സ്ഥലം ഒട്ടും പോകാതെ കോൺട്രാക്ടറെ കണ്ട് ബുദ്ധി പ്രയോഗിച്ച് ഒരു നിര റബർമരങ്ങളെ രക്ഷിച്ചെടുത്തു. പകരം ആ വീതിയും കൂടി പാതയുടെ എതിർവശത്തെ ആളുടെ എടുക്കുകയും ചെയ്തു.

പ്രായമായിട്ടും മക്കൾക്കു വീതം വച്ചു കൊടുക്കാനും അയാൾ മടി കാട്ടി. കാരണം, മുഴുവൻ സംഭരിച്ചു കൂട്ടുന്ന ശീലമായിരുന്നു അതുവരെ. അവസാനം, വീതം കൊടുക്കുകയും അവർ അതിൽ വലിയ വീടുകൾ പണിയുകയും ചെയ്യുന്നതു കണ്ടപ്പോൾ അതിൽ ശക്തമായി ഇടപെട്ടെങ്കിലും മക്കളും ചെറുമക്കളും പുല്ലുപോലെ തള്ളി. ക്രമേണ, സോമുവിന്റെ മനസ്സിടിയാൻ തുടങ്ങി. അയാളുടെ മനസ്സും പ്രകൃതവും പല തരത്തിൽ മാറിമറിഞ്ഞു. ഒടുവിൽ കടുത്ത മനോരോഗിയായി മാറി. അക്രമാസക്തനായതിനാൽ ആശുപത്രിയിലെ സെല്ലിൽ അടച്ചു. അവിടെ വച്ചു മരണമടയുകയും ചെയ്തു.

ആശയം -

കഠിനാധ്വാനത്തിലൂടെ സമ്പന്നനായി മാതൃകാപരമായി ജീവിക്കുന്നവർ വളരെ കുറവാണ്. സ്വന്തം ബുദ്ധിയെ വളച്ചൊടിച്ച് കുബുദ്ധിയാക്കി പലതും വെട്ടിപ്പിടിക്കാനുള്ള വെപ്രാളവുമായി നടക്കുന്ന മനുഷ്യർ. അത്തരം ആളുകൾക്ക് മരണഭയം കൂടുതലായിരിക്കും. കാരണം, ആർത്തിയോടെ സംഭരിച്ചു കൂട്ടിയത് പരലോകത്തിലേക്ക് കൊണ്ടുപോകാനാവില്ല! ഓർമ്മിക്കുക- അമിതമായ ധനസമ്പാദനവും ഒരുതരം ആസക്തിയുള്ള  മനോരോഗമാണ്!

11/02/21

ശബ്ദതാരാവലി (Shabdatharavali)

This is a great story  and profile of Sreekandeshwaram G. Padmanabha Pillai. He was an eminent author, writer in Malayalam literature. Famous work includes first Malayalam full dictionary- Shabdatharavali. ശബ്ദതാരാവലി എന്ന ആദ്യത്തെ സമ്പൂര്‍ണ്ണ മലയാളം നിഘണ്ടു മിക്കവരുടെയും വീട്ടില്‍ കാണും. പക്ഷേ, അതിന്റെ രചയിതാവിനെ അറിയുമോ?

ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍. എങ്കിലും 'ശ്രീകണ്‌ഠേശ്വരം' എന്നറിയപ്പെട്ടു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി. 

മെട്രിക്കുലേഷന്‍ പരീക്ഷ തോറ്റപ്പോള്‍ അദ്ദേഹം പഠനം നിര്‍ത്തി. പിന്നെ, സ്കൂൾ ഫീസിനുള്ള പണമില്ലാതെ സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണു പത്മനാഭപിള്ള.

കണ്ടെഴുത്ത്‌ വകുപ്പില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. എഴുത്തിനായി വക്കീല്‍ജോലി ഉപേക്ഷിച്ചപ്പോള്‍ മുതല്‍ വല്ലാത്ത ദാരിദ്ര്യം അനുഭവിച്ചു തുടങ്ങി.  അക്കാലത്ത്, പലരും അദ്ദേഹത്തെ പരിഹസിച്ചിട്ടുണ്ട്. പിന്നെ, എഴുത്തു മാത്രമായിരുന്നു വരുമാനം. തിരുവാതിരപ്പാട്ടു മുതൽ കവിതയും നാടകവും ജീവചരിത്രവും വരെ വിവിധ ശ്രേണികളിലായി  ഒട്ടേറെ പുസ്തകങ്ങളെഴുതി. 

കണ്ടത്തിൽ വറുഗീസ് മാപ്പിള Kandathil Varghese Mappillai 1891-ൽ കേരളവർമ വലിയകോയിത്തമ്പുരാന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭാഷാപോഷിണി സഭ Bhashaposhini sabha നിഘണ്ടുനിർമാണ പ്രമേയം പാസാക്കിയതോടെയാണ് മലയാള നിഘണ്ടു സംബന്ധിച്ച ചർച്ചകൾ സജീവമായത് ഭാരിച്ച ആ ദൗത്യം ഏറ്റെടുക്കാൻ ആളില്ലാതിരുന്നതിനെ തുടർന്നാണ് ശ്രീകണ്ഠേശ്വരം ചുമതലയേൽക്കുന്നത്. 

1895-ൽ ആണ് അദ്ദേഹം നിഘണ്ടുനിർമ്മാണത്തിനായി വായന തുടങ്ങിയത്. 1897-ൽ എഴുത്ത് തുടങ്ങി. ദീർഘവർഷങ്ങളുടെ പ്രയത്നഫലമായി 1917-ൽ ശബ്ദതാരാവലിയുടെ കൈയ്യെഴുത്തുപ്രതി പൂർത്തിയായി. അങ്ങനെ, 20 വർഷത്തെ കഠിനപ്രയത്നത്തിനുശേഷം  ശബ്ദതാരാവലി  പിറന്നു.

'പദങ്ങളാകുന്ന നക്ഷത്രങ്ങളുടെ കൂട്ടം' എന്നാകുന്നു ശബ്ദതാരാവലി എന്നതിന്റെ അര്‍ഥം. ഉള്ളടക്കത്തിന്റെ കൂടുതല്‍ മൂലം വലിയൊരു പുസ്തകം അച്ചടിക്കാൻ അക്കാലത്തെ അച്ചടിക്കാര്‍ തയ്യാറായില്ല. അതിനാൽ, ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടർച്ചയായി പ്രസിദ്ധപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. 

ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി J. Keppa ചേർന്ന് 1917 -ല്‍ പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യലക്കം മാസികാരൂപത്തിൽ പുറത്തിറക്കി. തുടർന്നുള്ള വർഷങ്ങളിൽ അത്ര ക്രമമല്ലാതെ ഓരോരോ ലക്കങ്ങളായി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് പുറത്ത് വന്നുകൊണ്ടിരുന്നു. 1923 മാർച്ച് 16 ന് അവസാനത്തേതായ 22-മത് ലക്കം പുറത്തുവന്നതോടെ ഒന്നാം പതിപ്പ് പൂർത്തിയായി. ഈ 22 ലക്കങ്ങളിലും കൂടെ മൊത്തം 1584 താളുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

രണ്ടാം പതിപ്പിനു 2 വാല്യങ്ങൾ ആണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകൾ. അങ്ങനെ 2 വാല്യത്തിലും കൂടെ ഏകദേശം 2250 താളുകൾ1930ൽ പ്രസിദ്ധീകരിച്ചു.

 സംസാരത്തിനിടെ വീണു കിട്ടുന്ന ഓരോ പുതിയ വാക്കും അദ്ദേഹം കുറിച്ചു വയ്ക്കും. കവികളും എഴുത്തുകാരും സാധാരണക്കാരുമൊക്കെയായി വലിയ സുഹൃദ്‌വലയമുണ്ടായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചകളിൽ വീണു കിട്ടുന്ന വാക്കുകൾ നിധി പോലെ സൂക്ഷിക്കും. ഓരോ വാക്കും രൂപപ്പെട്ടതിന്റെ ചരിത്രവും ഉപയോഗിക്കുന്ന മേഖലയുമെല്ലാം കുറിപ്പുകളാക്കിയിരുന്നു.

പുതിയ കാലത്തെ ഓരോ വാക്കും കൂട്ടിച്ചേർത്തു തന്റെ മരണശേഷവും ശബ്ദതാരാവലി പരിഷ്കരിക്കണമെന്നായിരുന്നു പത്മനാഭപിള്ളയുടെ നിർദേശം.  മകനായ ദാമോദരൻനായർ ശബ്ദതാരാവലി പരിഷ്കരിക്കുന്ന ദൗത്യം ഏറ്റെടുത്തത് അങ്ങനെ.

ശ്രീകണ്ഠേശ്വരത്തിന്റെ മൂത്ത മകൻ ചന്ദ്രശേഖരൻനായരുടെ മകളായ സുശീലാദേവിയും മകള്‍ മാലിനിദേവിയും ഭര്‍ത്താവ് ഡോ. രവിയും ‘ശബ്ദതാരാവലി.’ എന്നു വീട്ടുപേരുള്ള ആ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നു. 

ആദ്യം നാഷണല്‍ ബുക്ക് സ്റ്റാള്‍, National Book Stall NBS, DC Books, പിന്നെ ഡിസിയിലും അദ്ദേഹത്തിന്റെ പൂര്‍ണമായ നിഘണ്ടു അച്ചടിച്ചു. എഴുത്തുകാരന്‍ മരിച്ചു കഴിഞ്ഞ് അറുപതു വര്‍ഷം പിന്നിട്ടപ്പോള്‍ മുതല്‍ പകര്‍പ്പകവകാശമില്ലാത്തതിനാല്‍ പലരും അച്ചടിച്ചുവന്നു. ഓരോ വര്‍ഷവും അയ്യായിരം എണ്ണം എങ്കിലും ഇപ്പോഴും വിറ്റുപോകുന്നുണ്ട്. 

ഇന്നത്തെപ്പോലെ കമ്പ്യൂട്ടര്‍, ഫോണ്‍, സാങ്കേതിക വിദ്യ ഒന്നുമില്ലാതിരുന്ന കാലത്ത് എല്ലാം സ്വന്തം കൈപ്പടയില്‍ എഴുതി വെട്ടിത്തിരുത്തി കഠിനാധ്വാനവും പട്ടിണിയും നേരിട്ട് ആ ജീവിതം മലയാളക്കരയില്‍ ഒരു മാതൃകയായി. അദ്ദേഹം, മരണസമയത്ത്- സാഹിത്യാഭരണം, ഇംഗ്ലിഷ് -മലയാളം ഡിക്ഷണറി എന്നിവയുടെ പണിപ്പുരയിലായിരുന്നു.

 ശ്രീമൂലം തിരുനാള്‍ രാജാവ് വീരശൃംഖല അദ്ദേഹത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം, ചെയര്‍, പ്രതിമ, അവാര്‍ഡ്‌, ലൈബ്രറി എന്നിങ്ങനെ യാതൊന്നും  കേരളം ഇനിയും  ഏര്‍പ്പെടുത്തിയിട്ടില്ല. അര്‍ഹിക്കുന്ന അംഗീകാരം ഇപ്പോഴും നല്‍കാതെ നന്ദികേടു കാട്ടിയിരിക്കുന്നു.

രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ എഴുതി- 'സുഖം എന്ന പദത്തിന്റെ അര്‍ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരികിലും പരമാര്‍ഥത്തില്‍ അതെങ്ങനെ ആയിരിക്കുമെന്നു ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതരും അതിനു സാക്ഷികളാകുന്നു'

ഭൂരിപക്ഷം വീടുകളിലും ശബ്ദതാരാവലി ഉണ്ടെങ്കിലും അദ്ദേഹത്തെ അറിയില്ല എന്നുള്ളതാണു സത്യം. പണ്ടൊരിക്കല്‍, ശബ്ദതാരാവലി എന്തെന്ന് മലയാളപരീക്ഷ ചോദ്യമായി വന്നപ്പോള്‍ ഒരു വിരുതനായ വിദ്യാര്‍ഥി ഇങ്ങനെ എഴുതിയത്രേ- 'വടംവലി മത്സരം നടക്കുമ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരിയായ ശബ്ദതാരയോടു വിളിച്ചുകൂവി- ശബ്ദതാരാ....വലി...”

ശ്രീകണ്‌ഠേശ്വരം  ജി. പദ്മനാഭപിള്ള എന്ന മഹാനായ മലയാളഭാഷാ  സ്നേഹിയോടു  മലയാളക്കര മുഴുവന്‍ കടപ്പെട്ടിരിക്കുന്നു! ഇനി നിങ്ങള്‍ മലയാള പദങ്ങളുടെ അര്‍ഥം ശബ്ദതാരാവലിയില്‍ നോക്കുമ്പോള്‍ അദ്ദേഹത്തെ സ്മരിക്കുമല്ലോ.

10/02/21

കല്യാണ ആലോചനകള്‍

This is a Family life self help story in Malayalam that explains the need of marriage proposals from near by place. Otherwise, there may be a chance of cheating.

ഒരു വ്യക്തിയുടെ മൂന്നിലൊരു ഭാഗം ജീവിതം മാത്രമേ സ്വതന്ത്രമായി ജീവിക്കുന്നുള്ളൂ. ഭൂരിഭാഗമുള്ള കാലവും വിവാഹശേഷമുള്ള കുടുംബ ജീവിതമാണ്. അതിനാൽത്തന്നെ, നല്ലൊരു കുടുംബസൃഷ്ടിക്കായി കല്യാണ ആലോചന വരുമ്പോൾ തന്നെ നന്നായി ഒരുങ്ങുകയും പഠിക്കുകയും വിശകലനം ചെയ്യുകയും വേണം.

ഒരു കഥയിലേക്ക്-

സിൽബാരിപുരംദേശത്ത്, രാജശേഖരന്റെ ഒരേ ഒരു മകൾ- കുമാരി. ആ പെൺകുട്ടി എം.ബി.എ. കഴിഞ്ഞ് വലിയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. നല്ല സൗന്ദര്യവും സ്വഭാവവും ശമ്പളവും ഒത്തുചേർന്നപ്പോൾ കല്യാണാലോചനകളുടെ ബഹളമയം. ഏതു വേണമെന്നായി വീട്ടുകാരുടെ വെപ്രാളം. ഒടുവിൽ, ഗൾഫിൽ ജോലിയുള്ള വലിയൊരു തറവാട്ടുകാരെ ബോധിച്ചു. എന്നാൽ, ഏകദേശം നൂറു കിലോമീറ്റർ അകലെയാണു പയ്യന്റെ വീട്. എങ്കിലും, ഒരു വട്ടം ആരോ അന്വേഷിച്ചിട്ടു പയ്യന്റെ (കുമാരൻ എന്നു തൽക്കാലം വിളിക്കാം) വീട്ടുകാരു നല്ലതെന്ന് പച്ചക്കൊടി കാട്ടി. കല്യാണം അത്യാർഭാടമായി നടന്നു.

പത്തു ദിവസത്തെ അവധിയും കഴിഞ്ഞ് ഗൾഫുകാരൻ കുമാരൻ തിരികെപ്പോയി. ഒരു മാസം കഴിഞ്ഞ് അവൻ തന്റെ പെണ്ണിനെ കാണാൻ മടങ്ങി വന്നു. അപ്പോൾ ബന്ധുജനങ്ങൾ പറഞ്ഞു -

"ആ പെണ്ണിന്റെ ഒരു രാജയോഗം നോക്കണേ. മാസം ഒന്നായില്ല. അപ്പഴേക്കും വിമാനത്തിൽ പറന്നിങ്ങു വന്നില്ലേ?"

ഇതുകേട്ട് കുമാരിയുടെ വീട്ടുകാർ പൊങ്ങച്ചത്തിൽ ആറാടി-

"അവന്റെ സ്വന്തം കമ്പനിയാണ്. ഇങ്ങോട്ടു പോരാൻ ആരോടും അനുവാദം മേടിക്കേണ്ട "

അങ്ങനെ ഒന്നും രണ്ടും മാസം കൂടുമ്പോൾ കുമാരൻ രാജകുമാരനെപ്പോലെ വന്നും പോയുമിരുന്നു. അതിനിടയിൽ, കുമാരിക്കു വിശേഷവുമായി.

കുമാരിക്കുള്ള ചെക്കപ്പിനായി പട്ടണത്തിലെ വലിയൊരു ഹോസ്പിറ്റലിലാണു പോകുന്നത്. ഒരു പ്രാവശ്യം അവിടെ പോയപ്പോൾ പരിചയമുള്ള ഒരു സ്റ്റാഫ് പറഞ്ഞു -

"തന്റെ ഹസ്ബന്റ് മെഡിക്കൽ ഫീൽഡിലാണു ജോലിയല്ലേ? ഇന്നലെ ഡോക്ടറെ ക്യാൻവാസ് ചെയ്യാൻ വെയിറ്റു ചെയ്യുന്നതു കണ്ടു. പക്ഷേ, ഗൾഫിൽ കമ്പനിയുണ്ടെന്നാണല്ലോ ഞാൻ കേട്ടത്?"

കുമാരി ചിരിച്ചുകൊണ്ടു പറഞ്ഞു-

"അയ്യോ, ചേച്ചീ, ആളുമാറിപ്പോയതാവും. പുള്ളിക്കാരൻ കഴിഞ്ഞ മാസം വന്നിട്ടു പോയതേയുള്ളൂ"

പക്ഷേ, ആ സ്ത്രീ ഉറച്ചുതന്നെ പറഞ്ഞു-

"ദേ, മോളേ, എന്റെ കണ്ണിനു യാതൊരു കുഴപ്പവുമില്ല. മാരിയേജിന് നിങ്ങൾ രണ്ടു പേരോടും ഞാൻ വർത്തമാനം പറഞ്ഞുകൊണ്ട് നിന്നതൊക്കെ മറന്നു പോയോ?"

"ഓ, അതുപോട്ടെ. ചേച്ചി ഇവിടെ എവിടെ കണ്ടെന്നാ പറഞ്ഞത്?"

"ആ ക്യാൻസർ ബ്ലോക്കിലെ സെക്കന്റ് ഫ്ലോർ ഓ.പി.യിൽ"

കുമാരിക്കു ദേഷ്യം വന്നെങ്കിലും പിന്നെയൊന്നും മിണ്ടിയില്ല. ഇതു കേട്ടിരുന്ന അവളുടെ മമ്മിക്ക് എന്തോ പന്തികേടു തോന്നി.

"മോളേ, നീ അവനെയൊന്നു വിളിച്ചു നോക്ക്. ചിലപ്പോൾ ഒരു മാസം മുൻപ്, അവന്റെ ഫ്രണ്ട്സ്-ഡോക്ടർമാരെ ആരെങ്കിലും കാണാൻ വന്നതാകും"

അവൾക്കു ദേഷ്യം വന്നു -

"മമ്മിക്കു വേറെ പണിയൊന്നുമില്ലേ? ആരെങ്കിലും പൊട്ടത്തരം എഴുന്നെള്ളിച്ചാൽ അതേറ്റു പിടിക്കാൻ ?"

പക്ഷേ, മമ്മി പണ്ടു മുതൽക്കേ ആരും പറയുന്നതു കേൾക്കുന്ന ശീലമില്ല. അടുത്ത നിമിഷംതന്നെ സ്വന്തം ഫോണിൽനിന്ന് കുമാരനുള്ള കോൾ വിട്ടു കഴിഞ്ഞിരുന്നു. റിങ് ചെയ്യുന്ന സമയത്ത് -

"ഓ, പിന്നേ... നിന്റെ സഹായം വേണ്ട എനിക്കവനെ വിളിക്കാൻ''

"ഹലോ, ഇതാരാണ് വിളിച്ചത്?"

"മോനേ, ഇതു ഞാനാ മമ്മി. നീയിപ്പോൾ എവിടെയാണ്?"

ഒരു നിമിഷം കുമാരൻ പതറി.

"മമ്മീ... ഞാൻ... മുംബെയിൽ ഒരു കമ്പനി ക്ലയന്റിനെ കാണാൻ വന്നതാണ്.... ഞാൻ കുറച്ചു ബിസിയാണ്. പിന്നെ വിളിക്കാം"

അവൻ ഫോൺ കട്ട് ചെയ്തു.

കുമാരി ഇതു കേട്ട് ഞെട്ടി.

"ഞാൻ ഇന്നലെ കിടക്കാൻ നേരം വിളിച്ചപ്പോൾ ദുബെയിലാണെന്നാ പറഞ്ഞത്. പിന്നെങ്ങനെയാണ് ഇപ്പോൾ മുംബെയിൽ? ചിലപ്പോൾ അർജന്റായി വന്നതായിരിക്കും"

ഇതു കേട്ട്, മമ്മി പറഞ്ഞു-

"അവനു ചിലപ്പോൾ വേറെ ബിസിനസും കാണുമായിരിക്കും. ഗൾഫിലെ അറബികൾക്ക് ഈ ആശുപത്രിയിൽ ചികിൽസാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടായിരിക്കും"

"എന്താണെന്ന് എനിക്കറിയണം. നമുക്ക് ആ ചേച്ചി പറഞ്ഞിടത്ത് ഒന്നു ചെന്നു നോക്കാം"

അവർ ഓ.പി യിൽ ഇന്നലെ വന്ന കുമാരനെ തിരക്കി. കുമാരന്റെ ഭാര്യയാണെന്നു പറഞ്ഞപ്പോൾ അല്പം വെയിറ്റ് ചെയ്യാൻ പറഞ്ഞ ശേഷം നഴ്സ്, ഡോക്ടറെ കാണാൻ അവരെ അനുവദിച്ചു -

ഡോക്ടർ അവരോടു പറഞ്ഞു -

"നാലു വർഷമായി എന്റെ പേഷ്യന്റാണ് കുമാരൻ. അയാളോട് മാര്യേജ് പാടില്ലെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നതാണ് !"

അത്രയും കേട്ടപ്പോഴേക്കും കുമാരിയുടെ ബോധം പോയി.

യഥാർഥത്തിൽ സംഭവിച്ചത് -

നാലു വർഷം മുൻപു കുമാരന്‍ ക്യാൻസർ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ചെറുപ്പമായതിനാൽ അവനും വീട്ടുകാരും ചികിൽസിക്കാമെന്ന് ആശ്വസിച്ചു. ഇനി ആറുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് അവന്റെ വീട്ടുകാർ മറ്റൊരു പദ്ധതിയിട്ടത്. കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായിട്ടും കുമാരന്റെ ചേട്ടന് കുട്ടികളില്ല. ആ തറവാട്ടിലെ കണക്കറ്റ സ്വത്തുക്കളെല്ലാം അന്യാധീനപ്പെടുമത്രേ! അതിനാൽ, കുമാരനെ വിവാഹം കഴിപ്പിച്ച് അവന്റെ സന്തതിയെ ഇവിടെ വാഴിക്കുക.

അങ്ങനെ, മരിക്കാറായ കുമാരനെ വിവാഹം കഴിപ്പിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അയാൾ മരണമടഞ്ഞു. ഗർഭിണിയായ കുമാരി ഒരു പെൺകുഞ്ഞിനു ജന്മം കൊടുത്തു. അവർ ആ കുഞ്ഞിനെ കുമാരന്റെ വീട്ടിൽ ഏൽപ്പിച്ച് മടങ്ങാമെന്നു കരുതിയെങ്കിലും കഥയിൽ മറ്റൊരു ട്വിസ്റ്റ് വന്നു - കുമാരന്റെ ചേട്ടന് ഒരു ആൺകുട്ടി പിറന്നിരിക്കുന്നു! ആയതിനാൽ, കുമാരിയും കുഞ്ഞും മേലിൽ ഇവിടെ വരാൻ പാടില്ലത്രേ!

ആ ചതിയുടെ കഥ തൽക്കാലം ഇവിടെ നിർത്താം.

ആശയം -

ഒരുപാടു ദൂരെയെങ്കിൽ ഇത്തരം ചതികളിൽ പെടാം. വിവരശേഖരണത്തിൽ പാളിച്ചകൾ വരാം. മറ്റുള്ളവർ തെറ്റിദ്ധരിപ്പിക്കാം. ദൂരദേശ ബന്ധങ്ങളിൽ സ്വാഭാവികമായും അകൽച്ച രൂപപ്പെടാനും സാധ്യതയുണ്ട്. കാരണം, ചടങ്ങുകളിൽ ഭാഗികമായ സഹകരണമായിരിക്കും അകല യാത്രകൾ സമ്മാനിക്കുന്നത്. പിന്നീട്, അത് അവഗണനയായി വ്യാഖ്യാനിക്കപ്പെടും. 

ഓര്‍മിക്കുക- കല്യാണ ആലോചനകൾ വരുമ്പോൾ കഴിവതും സ്വന്തം നാട്ടിൽ നിന്നോ അല്ലെങ്കിൽ അടുത്തുള്ള ദേശങ്ങളോ നോക്കുക. എന്തു പ്രശ്നം വന്നാലും അത്യാവശ്യത്തിന് ഓടിവരാന്‍ അടുത്തുള്ള ബന്ധുബലം ഉപകരിക്കും! പഴമക്കാര്‍ പറയുന്ന ഒരു വാചകമുണ്ട്- “അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തുള്ള ശത്രുവായിരിക്കും ഗുണം ചെയ്യുന്നത്"