സിൽബാരിപുരംദേശത്ത് കള്ളുചെത്തുന്ന പണിയായിരുന്നു സോമുവിന്. തെങ്ങും പനയും ഒരു പോലെ കൈകാര്യം ചെയ്യുന്നയാൾ. ഒരു രൂപ പോലും വെറുതെ കളയാത്ത ശീലമാണ് അയാൾക്കുള്ളത്. പേരെടുത്ത പിശുക്കനാണെന്നു പ്രത്യേകിച്ചു പറയണം. സാധാരണയായി ഷർട്ട് ഇടാറില്ല. ഒരു കൈലിമുണ്ടും തോർത്തും തോളിലിട്ട് എത്ര ദൂരം വേണമെങ്കിലും നടന്നു പോകും.
സാമാന്യമായി ചിന്തിച്ചാൽ പണത്തോടുള്ള ആർത്തിയാകും പിശുക്കിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. വൈകുന്നേരം ചായ കുടിച്ചാലും ചെറുകടി ഒന്നും വീട്ടിൽ ഉണ്ടാക്കില്ല. പക്ഷേ, ആ സമയത്ത് സോമു പറമ്പിലേക്ക് ഒന്നിറങ്ങും. ചിലപ്പോൾ മാങ്ങ, ചക്ക, കൈതച്ചക്ക, സപ്പോട്ട, പപ്പായ, ചാമ്പങ്ങ, കശുമാങ്ങ, ആഞ്ഞിലിപ്പഴം, അത്തിപ്പഴം.... ഇങ്ങനെ ഏതെങ്കിലും സീസണ്‍ അനുസരിച്ച് കയ്യിലാക്കി തിരികെ വീട്ടിലെത്തും. വീടൊക്കെ ഓടിട്ട പഴയ വീട്.
അതിനിടയിൽ അയാൾ വഴിപോലുമില്ലാത്ത അകത്തുള്ള സ്ഥലങ്ങൾ പലയിടത്തായി വാങ്ങിക്കൂട്ടി. സ്ഥലം വാങ്ങിയതൊന്നും ആരും അറിയുക പോലുമില്ല. കാരണം, അതിനൊന്നും അത്ര സുതാര്യതയില്ലതാനും.
അതിനെല്ലാം സോമുവിന്റെ കയ്യിലുള്ള പ്രധാന ആയുധം ശുദ്ധമായ നാടൻകള്ളായിരുന്നു. അക്കാലത്ത്, സ്ഥലത്തിനൊന്നും അത്ര വിലയുണ്ടായിരുന്നില്ല. ചിലർ കള്ള് കടമായി കുടിക്കാൻ രാവിലെതന്നെ തെങ്ങിന്റെയും പനയുടെയും ചുവട്ടിലിരിക്കും. കള്ളിന്റെ ലഹരിയിൽ വസ്തുവിന്റെ കച്ചവടവും നടക്കും. അതിനു ശേഷം രാവിലെ ബോധം വരുമ്പോൾ വിറ്റ പറമ്പിലെ മരത്തിൽ കെട്ടിപ്പിടിച്ചു കരയുകയും ചെയ്യും. അപ്പോഴും അതു കാണുന്ന ആളുകൾ പറയും-
"ഹൊ! ഇവനൊക്കെ രാവിലെ കള്ളു മോന്തിയിട്ട് എന്തെല്ലാം കോപ്രായങ്ങളാണു കാണിച്ചു കൂട്ടുന്നത്?"
ചിലപ്പോൾ ആ കുടിയന്റെ വീട്ടുകാർപോലും അനേകം മാസങ്ങൾ കഴിഞ്ഞായിരിക്കും അറിയുന്നത്. ക്രമേണ, മുറിഞ്ഞസ്ഥലങ്ങൾ കൂടിക്കൂടി വന്നു. റബറിനു നല്ല വിലയുള്ള കാലത്ത് ആ സ്ഥലങ്ങളിലെല്ലാം നല്ലതുപോലെ ചുരത്തുന്ന റബർ മരങ്ങൾ നിറഞ്ഞു. ബാങ്കുകളിൽ അയാളുടെ പണം നിറഞ്ഞു. നാട്ടുകാരെല്ലാം അയാളുടെ കാര്യം പറയുമ്പോൾ 'ബുദ്ധിമാൻ' എന്ന് അടക്കം പറയുകയും ചെയ്തു.
മക്കളുടെ കരിയറിലും അയാളുടെ ബുദ്ധിയുടെ വിളയാട്ടങ്ങൾ തുടങ്ങി. മക്കൾക്കു ഗവൺമെന്റു ജോലി കിട്ടാൻ പണവും കള്ളും വീശിയെറിഞ്ഞു.
ചെമ്മൺപാത ടാർ ചെയ്യാനായി വഴി വീതി കൂട്ടിയപ്പോഴും സ്വന്തം സ്ഥലം ഒട്ടും പോകാതെ കോൺട്രാക്ടറെ കണ്ട് ബുദ്ധി പ്രയോഗിച്ച് ഒരു നിര റബർമരങ്ങളെ രക്ഷിച്ചെടുത്തു. പകരം ആ വീതിയും കൂടി പാതയുടെ എതിർവശത്തെ ആളുടെ എടുക്കുകയും ചെയ്തു.
പ്രായമായിട്ടും മക്കൾക്കു വീതം വച്ചു കൊടുക്കാനും അയാൾ മടി കാട്ടി. കാരണം, മുഴുവൻ സംഭരിച്ചു കൂട്ടുന്ന ശീലമായിരുന്നു അതുവരെ. അവസാനം, വീതം കൊടുക്കുകയും അവർ അതിൽ വലിയ വീടുകൾ പണിയുകയും ചെയ്യുന്നതു കണ്ടപ്പോൾ അതിൽ ശക്തമായി ഇടപെട്ടെങ്കിലും മക്കളും ചെറുമക്കളും പുല്ലുപോലെ തള്ളി. ക്രമേണ, സോമുവിന്റെ മനസ്സിടിയാൻ തുടങ്ങി. അയാളുടെ മനസ്സും പ്രകൃതവും പല തരത്തിൽ മാറിമറിഞ്ഞു. ഒടുവിൽ കടുത്ത മനോരോഗിയായി മാറി. അക്രമാസക്തനായതിനാൽ ആശുപത്രിയിലെ സെല്ലിൽ അടച്ചു. അവിടെ വച്ചു മരണമടയുകയും ചെയ്തു.
ആശയം -
കഠിനാധ്വാനത്തിലൂടെ സമ്പന്നനായി മാതൃകാപരമായി ജീവിക്കുന്നവർ വളരെ കുറവാണ്. സ്വന്തം ബുദ്ധിയെ വളച്ചൊടിച്ച് കുബുദ്ധിയാക്കി പലതും വെട്ടിപ്പിടിക്കാനുള്ള വെപ്രാളവുമായി നടക്കുന്ന മനുഷ്യർ. അത്തരം ആളുകൾക്ക് മരണഭയം കൂടുതലായിരിക്കും. കാരണം, ആർത്തിയോടെ സംഭരിച്ചു കൂട്ടിയത് പരലോകത്തിലേക്ക് കൊണ്ടുപോകാനാവില്ല! ഓർമ്മിക്കുക- അമിതമായ ധനസമ്പാദനവും ഒരുതരം ആസക്തിയുള്ള മനോരോഗമാണ്!
Comments