31/12/20

Story of Arjuna

 അർജുനന്റെ ലക്ഷ്യം 

ഒരിക്കൽ, ദ്രോണാചാര്യർ കൗരവരെയും പാണ്ഡവരെയും അസ്ത്രവിദ്യ പഠിപ്പിക്കാൻ തുടങ്ങിയ സമയം. 100 കൗരവരും 5 പാണ്ഡവരും അവിടെയുണ്ടായിരുന്നു. പഠനത്തിന്റെ ഭാഗമായി ഒരു മരത്തിന്റെ മുകളിലത്തെ ശിഖരത്തിൽ കളിത്തത്തയെ ഉണ്ടാക്കി കെട്ടിത്തൂക്കിയിരുന്നു. തത്തയെ അമ്പെയ്തു വീഴ്ത്തുക എന്നതായിരുന്നു അവർക്കുള്ള പരീക്ഷ.

അപ്പോൾ, ദ്രോണാചാര്യർ എല്ലാവരോടുമായി നിർദ്ദേശിച്ചു:

"നിങ്ങളുടെ ശ്രദ്ധ പൂർണമായും തത്തയിലായിരിക്കണം"

ഓരോ ആളും അസ്ത്രം തൊടുത്തുവിടുന്നതിനുമുൻപ്,
ദ്രോണാചാര്യർ ചോദിച്ചു:

"നിങ്ങൾ എന്തു കാണുന്നു?"

അവരെല്ലാവരും അവരുടെ കൺമുന്നിലുള്ള ഉത്തരങ്ങൾ പറഞ്ഞു-

"ഞാൻ തത്തയെ കാണുന്നു "

"മരക്കൊമ്പിലെ തത്തയെ കാണുന്നു "

"എനിക്കെല്ലാം കാണാം. വൃക്ഷവും ശിഖരങ്ങളും അതിലെ തത്തയെയും "

"ആകാശവും മരവും കാണാം "

അത്തരത്തിലുള്ള അനേകം മറുപടികൾക്കു മുന്നിൽ ദ്രോണാചാര്യർ തൃപ്തനായില്ല. അവരുടെ അസ്ത്രങ്ങൾ ലക്ഷ്യത്തിലെത്തിയതുമില്ല. പിന്നീട്, അർജുനന്റെ ഊഴമായി-

"ഞാൻ തത്തയുടെ കണ്ണു മാത്രം കാണുന്നു "

അനന്തരം, അർജുനൻ അമ്പെയ്ത് തത്തയെ വീഴ്ത്തുകയും ചെയ്തു.
ദ്രോണാചാര്യർക്കു സന്തോഷമായി.

അർജുനൻ പിന്നീട് വില്ലാളിവീരനായി അറിയപ്പെട്ടു. ഈ കൃത്യതയും സാമർഥ്യവും ശ്രദ്ധയും കൊണ്ടാവണം ശ്രീകൃഷ്ണൻ, ഭഗവദ്ഗീത ഉപദേശിച്ചുകൊടുത്തത് അർജുനനായിരുന്നല്ലോ!

mahabharatham kathakal, online reading Malayalam eBooks digital reading, Arjun, Mahabharat epic, legend, puranakathakal

30/12/20

Interview sancharam

 ഇന്റര്‍വ്യൂ സഞ്ചാരം- ഒരു ആക്ഷേപഹാസ്യം നിറഞ്ഞ കഥ.

ബിനീഷ് ഇന്റർവ്യൂവിന് പതിവുപോലെ പഠനരേഖകളുടെ ചാക്കുമെടുത്ത് യാത്രയായി. ഇന്റർവ്യൂസമയം പത്തു മണിക്ക്. കുറെ അകലെയായതിനാൽ വളരെ നേരത്തേ ഒൻപതേകാലിനു സ്ഥലത്തെത്തി. കാരണം, പ്രതികൂല യാത്രാ സന്ദർഭങ്ങളെയും മുന്നേ കാണണമല്ലോ.

എന്നാൽ, അടിപൊളി ബിൽഡിങ്ങിൽ റിസപ്ഷനു മുന്നിൽ ഒൻപതേകാലിനു കുത്തിയിരിപ്പു തുടങ്ങി. പല ഉദ്യോഗാർഥികളും ആകാംക്ഷയോടെയും അമ്പരപ്പോടെയും ഇരിപ്പുറയ്ക്കാതെ വിഷമിക്കുന്നുണ്ടായിരുന്നു. കാരണം, പറയാൻ അല്പം ഗമയുള്ള പോസ്റ്റാണ് സബ് എഡിറ്റർ. എന്നാൽ, ബിനീഷിന് ഇതൊന്നും അത്ര പുതുമയുള്ളതായിരുന്നില്ല. കാരണം, കൊക്ക് എത്ര കുളം കണ്ടതാണ്? അവന്റെ മനസ്സും പുറവുമെല്ലാം പലതരം അഭിമുഖം വഴിയായി തഴമ്പിച്ചിരുന്നല്ലോ.

പത്തു മണിക്കൊന്നും അഭിമുഖം തുടങ്ങിയില്ല. സ്ഥാപനത്തിന്റെ എം.ഡി. വേറൊരു സഞ്ചാരത്തിലാണത്രേ. രണ്ടു മണിക്കൂർ വൈകി പന്ത്രണ്ടിനു തുടങ്ങിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഇന്റർവ്യൂ അംഗങ്ങൾ ഊണിനു പോയത്രെ.

ഉദ്യോഗാർഥികളില്‍ ഭക്ഷണം കഴിക്കേണ്ടവർക്കു പോകാമെന്ന് റിസപ്ഷനിലെ സുന്ദരിക്കോത കൃത്രിമച്ചിരിയോടെ പറഞ്ഞു. പിന്നെ, ബിനീഷ് ഹോട്ടലിൽ കയറിയപ്പോള്‍ സപ്ലയര്‍ ഒറ്റ ശ്വാസത്തില്‍ 'അപ്പം...ദോശ... മസാലദോശ...പൊറോട്ട...മുട്ട...കടല...ബീഫ്...ചിക്കന്‍....' ഇത്യാദി പറഞ്ഞതില്‍ നിന്നും പൊറോട്ടയും ലിസ്റ്റില്‍ പറയാത്ത സാമ്പാറും വായിലേക്ക് കോരിയൊഴിച്ചു. എന്നിട്ട്, വായൂ വലിച്ച് തിരികെയെത്തി- അല്ലെങ്കിൽ നല്ല സീറ്റിൽ ഇരിക്കാൻ കിട്ടില്ല, കയ്യില്ലാത്ത അഡീഷണൽ പ്ലാസ്റ്റിക് കസേരകളിൽ വളഞ്ഞുകുത്തി ഇരിക്കേണ്ടി വരും.

ങ്ങനെ, ഇരിക്കാൻ കിട്ടിയതിന്റെ അടുത്ത സീറ്റിൽ മൂടുറപ്പിച്ചത് പ്രൈവറ്റ് സ്കൂളിലെ പ്രായമേറിയ ഒരു അധ്യാപകനായിരുന്നു. അയാളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ ചില വിവരങ്ങൾ ലഭിച്ചു-

ഈ സബ് എഡിറ്റർ ജോലി സ്ഥിരനിയമനമൊന്നുമല്ല. ഓഫീസിൽ ഇരുത്താതെ പീസ് വർക്ക് ആണത്രേ. മാസാമാസം അതിന്റെ കൂലി കൊടുക്കുകയുമില്ല. ലോകബാങ്കിന്റെതു പോലെ വർഷാവസാനമുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണ്. ആദ്യമാസം ചെയ്തതിന്റെ രൂപ അടുത്ത മാസം തരാമെന്നു പറയും. ഒരു രൂപ പോലും കിട്ടാത്തതിനാൽ അടുത്ത മാസം...

'ഒരു ഉദ്യോഗാർഥിയുടെ ആത്മരോദനം' എന്നലറിയാൽ ഒരു രൂപ പോലും കിട്ടാതെ പുറത്തു പോകാം. ക്ഷമയുടെ നെല്ലിപ്പലക കണ്ട് ഒരു വർഷം പിന്നിട്ടാൽ എല്ലാം കൂടി തരും.

അടുത്ത വർഷത്തെ പണികൾ കിട്ടുമോയെന്നറിയാനുള്ള നിസംഗതയായിരുന്നു ആ സാറിന്റെത്. എങ്കിലും അദ്ദേഹം പറഞ്ഞതു മുഴുവൻ ബിനീഷ് വിഴുങ്ങാതെ കയ്യാലപ്പുറത്തെ തേങ്ങ പോലെ വിവരങ്ങൾ ഉരുട്ടിക്കയറ്റിവച്ചു. ഇന്റർവ്യൂ കഴിഞ്ഞാൽ മാത്രമേ ശരിയുടെ, തെറ്റിന്റെ, ഭാഗത്തേക്കു വീഴ്ത്തണമോ എന്നു തീരുമാനിക്കാനാവൂ.

ഏകദേശം മൂന്നു മണിയോടെ ബിനീഷിന്റെ ഊഴമായി. പ്രശസ്തനായ എം.ഡി രാജാവിന്റെ സിംഹാസനം പോലെ തോന്നിക്കുന്ന ചെയറിൽ ഇരിക്കുന്നു. ഒരു മൂലയിൽ നീൽകമൽപ്ലാസ്റ്റിക് കസേരയിൽ വളഞ്ഞുകൂടി പല്ലിളിച്ചുകൊണ്ട് പ്രായമായ മനുഷ്യൻ ഇരിപ്പുണ്ട് -അദ്ദേഹത്തെ കണ്ട മാത്രയിൽ ബിനീഷിന് ആളെ പിടികിട്ടി.

ഇരുന്നയുടൻ, മുതലാളി ചോദിച്ചു -

"ഇദ്ദേഹത്തെ അറിയുമോ?"

ബിനീഷ് ആ പ്രഫസറുടെ പേരു പറഞ്ഞു. പിന്നെ, എം.ഡി.മുതലാളിയുടെ കളിയാക്കൽ തുടങ്ങുകയായി. ലക്ഷ്യം ഒന്നേയുള്ളൂ- സ്വയം കഴിവുകെട്ടവനെന്നു വരുത്തിത്തീർത്ത് കുറഞ്ഞ ശമ്പളത്തിന് ബിനീഷിനെ സംസ്കരിച്ചെടുക്കുക. അയാൾ വല്ലാതെയങ്ങ് ആളായി പെരുമാറിയെങ്കിലും തിരുവായ്ക്ക് എതിർവാ ഇല്ലെന്ന മട്ടിൽ പ്രഫസർ ശവംകണക്കെ വിനീതദാസനായി ഇരിക്കുകയാണ്.

എംഡി പറഞ്ഞു-

"എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഇയാളുടെ കുറച്ചു സാംപിൾ വർക്കു കാണാതെ പറ്റില്ല. താഴെ ഓഫീസിൽ നിന്നും ചെയ്യേണ്ടതു കിട്ടും''

മുൻപു വിവരങ്ങൾ കൈമാറിയ അധ്യാപകനെ മനസ്സാ വണങ്ങി തേങ്ങയുടച്ചു.

11, 12 ക്ലാസുകളുടെ റഫറൻസ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയങ്ങൾ രസകരമായും ബാലിശമായും എഴുതണമെന്ന് കുട്ടികളുടെ എഴുത്തുതോഴനായ പ്രഫസർ അപ്പോൾ നിർദ്ദേശിക്കുകയും ചെയ്തു.
ആ ആഴ്ചയിൽത്തന്നെ രാവും പകലും കഷ്ടപ്പെട്ട് എഴുതി തയ്യാറാക്കി ബിനീഷ് തിരികെ സ്ഥാപനത്തിലെത്തി. അതിന്റെ മേൽനോട്ടം വഹിക്കുന്ന ആളിനെ കാണിച്ചപ്പോൾ അയാള്‍ പറഞ്ഞു -

"ഇങ്ങനെ സിംപിളായി എഴുതിയാൽ കാര്യമില്ല. കണ്ടന്റ് വളരെ ഗൗരവം ഉള്ളതായിരിക്കണം"

"സാർ, പ്രഫസർ ഇങ്ങനെ കുട്ടികൾക്കു രസകരമാക്കണമെന്നു പറഞ്ഞിരുന്നു"

അയാൾ പുഞ്ഞച്ചിരിയോടെ കലിച്ചു-

"ആഴ്ചയിൽ രണ്ടു ദിവസം ഒന്നു തല കാണിച്ചിട്ടു പോകുന്ന അയാളു പറയുന്ന പോലൊന്നും ഇവിടെ കാര്യം നടക്കില്ല. ഈ മാറ്റർ എഡിറ്റ് ചെയ്തു കണ്ടന്റ് സീരിയസ് ആക്കി റീ-സബ്മിറ്റു ചെയ്യ്. ഇയാള് ഇങ്ങോട്ടു വരേണ്ട കാര്യമില്ല. വേഡിലാക്കി മെയിൽ ചെയ്‌താൽ മതി"

വീണ്ടും മൂന്നു ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഇ-മെയിൽ ചെയ്തു. പിന്നെ, യാതൊരു അനക്കവുമില്ല. ഫോൺ ചെയ്തിട്ടും മന:പൂർവ്വമായി അവർ ഒഴിവാക്കുകയും ചെയ്തു.

അപ്പോഴാണ് മറ്റൊരു സൂത്രം മനസ്സിലായത്- ഏകദേശം പത്തു പേരോളം അഭിമുഖത്തിന് ഉണ്ടായിരുന്നവർക്കെല്ലാം ഇങ്ങനെ ഓരോ സാംപിൾ വർക്കു കൊടുത്തിട്ട് ആരെയും എടുത്തില്ലെങ്കിലും തൽക്കാലം അവർക്കു പിടിച്ചു നിൽക്കാം. ഒരു രൂപ പോലും മുടക്കില്ല! പല രൂപത്തിലുള്ള സബ്ജക്റ്റ് മാറ്റര്‍ കയ്യിലായി.

പക്ഷേ, ബിനീഷിന് ഏകദേശം ഏഴു ദിവസത്തെ അധ്വാനവും 500 രൂപയിൽ കൂടുതലും നഷ്ടമായി! ഇതൊക്കെ, ആരറിയുന്നു?

വിമര്‍ശനകഥയിലെ ആശയം - Malayalam satire stories online reading

ഇത്തരം കണ്ണിൽ ചോരയില്ലാത്ത അനേകം ഇന്റർവ്യൂ മാമാങ്കങ്ങൾ എവിടെയെല്ലാം നടന്നിരിക്കുന്നു? ഇനിയെത്ര നടക്കാനിരിക്കുന്നു?

അനേകം അവാർഡുകൾ വാരിക്കൂട്ടിയ എഴുത്തുകാരൻപ്രഫസറെ വെറുതെ ബ്രാൻഡ് ചെയ്ത് മനുഷ്യന്റെ കണ്ണിൽ പൊടിയിടുകയാണ് ആ സ്ഥാപനത്തിൽ ചെയ്യുന്നത്. കനത്ത യു.ജി.സി ശമ്പളവും പിന്നെ, ഇപ്പോള്‍ പെൻഷനും വാങ്ങുന്ന ആ പ്രഫസർ, ഒരു മുതലാളിയുടെ റാൻമൂളിയാകുന്നത് എന്തിന്?

ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളെ ഇന്ത്യയിലെ കൂലിത്തൊഴിലാളികളായി കാണുന്ന മുതലാളിയാകട്ടെ, മോട്ടിവേഷന്‍ സ്പീച്ചാന്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു!

interview lapse, job aspirant, candidate, Kerala, India. 

28/12/20

Interview story with lady professor

 പ്രഫസര്‍ ജോലി

ബിജേഷ് ഒരു പത്രപരസ്യം കണ്ട് നഗരത്തിലെ ഒരു പ്രമുഖ പുസ്തക പ്രസാധകരുടെ സബ് എഡിറ്റർ തസ്തികയുടെ ഇന്റർവ്യൂ നേരിടാനെത്തി.

ആ സ്ഥാപനം അപേക്ഷ അരിച്ചുപെറുക്കി കഴിവുള്ള നാലു പേരെ മാത്രമേ വിളിച്ചിട്ടുള്ളൂ. അതിൽ ഇവർ മൂന്നു പേരും മുപ്പതിൽ താഴെ പ്രായമുള്ളവരാണ്. എന്നാൽ, നാലാമത്തെയാൾ- തല നരച്ച ഒരു മാന്യയായ സ്ത്രീയായിരുന്നു.

പൊടുന്നനെ, ബിജേഷിന്‍റെ മനസ്സിൽ അല്പം ആശങ്ക കടന്നു കൂടി. കാരണം, ഈ ജോലിയെങ്കിലും ഇപ്പോൾ കിട്ടിയില്ലെങ്കിൽ കല്യാണം നീണ്ടു പോകും. പിന്നെ, അതൊക്കെ സ്വപ്നങ്ങളിൽ മാത്രമാകും. സമപ്രായക്കാരെ എങ്ങനെയും തോല്പിക്കാം... പക്ഷേ, ഇവര്‍ ആരാണ്?

അയാൾ എതിരാളിയുടെ ശക്തിദൗർബല്യങ്ങൾ അറിയാമെന്നു കരുതി തിടുക്കത്തിൽ പരിചയപ്പെട്ടു.

ആ സ്ത്രീ നിസ്സാരക്കാരിയല്ല!

ഭാരിച്ച യു.ജി.സി ശമ്പളം വാങ്ങി നഗരത്തിലെ പ്രമുഖ കോളജിൽ നിന്നും ഇപ്പോള്‍ റിട്ടയർ ചെയ്ത ഇംഗ്ലീഷ് പ്രഫസറിന് കനത്ത പെൻഷനും കിട്ടിത്തുടങ്ങിയിരിക്കുന്നു!

ബാക്കിയുള്ളവന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നതിന്റെ കാരണമാണ് വിചിത്രം -

ആ സ്ത്രീക്ക് വീട്ടില്‍ ഇരുന്ന്‍ ബോറടിച്ചിട്ടാണത്രെ!

ഒരായുസ്സ് മുഴുവൻ ഇംഗ്ലീഷ് പഠിപ്പിച്ച പ്രഫസറുടെ മുന്നിൽ താൻ വെറും കൃമികീടമാണെന്ന് ബോധോദയം ഉണ്ടായപ്പോഴേക്കും അന്ന്, അവരെത്തന്നെ ജോലിക്കെടുത്തു കഴിഞ്ഞിരുന്നു.

പിന്നെയും വർഷങ്ങൾ കുറെ കഴിഞ്ഞു. മറ്റൊരു സ്ഥാപനത്തിലെ നല്ല ജോലിയുടെ ബലത്തിൽ വിവാഹവും കഴിഞ്ഞ് ഒരു ബന്ധുവിന്റെ കൂടെ കാറോടിച്ച് യാത്ര പോയപ്പോൾ അദ്ദേഹം പറഞ്ഞു -

"ബിജേഷ്, ഇവിടെ എന്റെ ആന്റിയുടെ വീട്ടിലൊന്നു കയറണം. ഞാൻ നാട്ടിലേക്ക് വന്നിട്ട് നാലു വർഷം കഴിഞ്ഞിരിക്കുന്നു. താൻ ലെഫ്റ്റ് എടുത്ത് രണ്ടാമത്തെ ഗേറ്റിനു മുന്നിൽ നിർത്തിക്കോ"

അയാൾ കാറിൽ നിന്നിറങ്ങി ഗേറ്റ് മലര്‍ക്കെ തുറന്നു. ചൈനീസ് സിനിമയിലെ ചില സീനുകള്‍ കണ്ടമാതിരി ആ ചൈനീസ് മോഡൽ വലിയ വീടിന്റെ ചുറ്റും വൺവേ റോഡിലൂടെ കറങ്ങി കാര്‍ വീടിനു മുന്നിലെത്തി.

ആ ആന്റി വാതിൽ തുറന്നു. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. അപ്പോൾ ബിജേഷിന് ആ സ്ത്രീയെ എങ്ങോ കണ്ടു പരിചയം തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ പിടികിട്ടി.

"ആന്റീ, ....സ്ഥാപനത്തിൽ സബ് എഡിറ്റർ ഇന്റർവ്യുവിന് വന്നിട്ടുണ്ടോ"

ആളതുതന്നെ! ആന്റി സമ്മതിച്ചു-

"ഞാൻ അവിടെയന്ന് ജോയിൻ ചെയ്തു. കുറച്ചു മാസം റഗുലർ ആയി പോയി. പിന്നെ, അവരുടെ ടൈമിങ്ങ്....വര്‍ക്ക് ലോഡ് ഒക്കെ എനിക്കു ബോറിങ്ങായി, ഇപ്പോഴും വീട്ടിലിരുന്ന് വല്ലപ്പോഴുമൊക്കെ എന്തെങ്കിലും എഡിറ്റു ചെയ്യാറുണ്ട്''

ആശയം -

ബിജേഷിനെപ്പോലെ അനേകം യുവാക്കൾ ജോലി തേടി അലയാറുണ്ട്. ഇത് ആണുങ്ങളുടെ മാത്രം കാര്യമല്ല. വിവാഹാലോചനകൾ വരുമ്പോൾ യുവതികൾക്കും ജോലിയുണ്ടെങ്കിൽ വീട്ടുകാർക്ക് സ്ത്രീധനം കുറച്ചു കൊടുത്താൽ മതിയല്ലോ.

എന്നാൽ, ഇക്കൂട്ടർ ജീവിതം നെയ്യാൻ ശ്രമിക്കുമ്പോൾ കനത്ത വരുമാനമുള്ള റിട്ടയർ ചെയ്ത ആളുകൾ ഒരായുസ്സിലെ ഊഴം കഴിഞ്ഞും വിലങ്ങുതടിയാകുന്നത് ശരിയല്ല.

social evil, professor, ugc job, Kerala, Kottayam, Malayalam satire story read online

27/12/20

Train journey satire story Malayalam

 സീസണ്‍ ടിക്കറ്റ്

ബിജുക്കുട്ടൻ ജോലി കഴിഞ്ഞ് ട്രെയിനിൽ മടങ്ങുന്ന സമയം.

യാത്രക്കിടയിൽ സ്ഥിരം കലപില സംസാരിക്കുന്ന ടീച്ചർമാരുടെ ഒരു സംഘമുണ്ട്. ലോകത്തുള്ള സകലമാന വിഷയങ്ങളേക്കുറിച്ചും തലനാരിഴ കീറി വിശദമായി പഠിച്ച് വാദങ്ങൾ ഉന്നയിച്ച് ബുദ്ധിജീവി ചമയുകയാണ് അവരുടെ പ്രധാന മൽസരം. അല്ലെങ്കിലും പത്രമാധ്യമങ്ങളിൽ ഓരോ ദിവസവും വിഷയങ്ങൾക്കു പഞ്ഞം വരാത്ത രീതിയിൽ വിത്തുപാകാൻ രാപകൽ ജോലിക്കാരുണ്ടല്ലോ. ഇവര്‍ ഒരു നിമിഷം പോലും വായടച്ചു വക്കില്ല. അതുകൊണ്ട് കഴിവതും അവരുടെ അടുത്തുനിന്നും മാറി ഇരിക്കാന്‍ അയാള്‍ നോക്കാറുണ്ട്.

ഒരു ദിവസം- വൈകുന്നേരം ട്രെയിനിൽ ഒരു സാമൂഹിക അനീതിയേക്കുറിച്ച് വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിച്ച് അധ്യാപികമാർ മുന്നേറുകയായിരുന്നു. അതിനൊപ്പം എതിർ സീറ്റിലിരുന്ന ബിജുക്കുട്ടൻ ഉൾപ്പെടെ മറ്റുള്ള സഹയാത്രികർക്കു ഈ വക തള്ളുകൾ അസഹ്യമായി അനുഭവപ്പെട്ടു.

അപ്പോഴാണ്, ടി.ടി. വന്നത്-

"ആ ടിക്കറ്റ് ഒന്നു കാണിക്ക്"

എല്ലാവരും പഴ്സും ബാഗും തുറന്ന് ടിക്കറ്റ് കാണിച്ചു തിരികെ വാങ്ങിക്കഴിഞ്ഞു.
ഒരു ടീച്ചർ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരിക്കുന്നുണ്ട്. ആകാശത്ത്, പട്ടാപ്പകൽ കണികാണാന്‍ കിട്ടാത്ത നക്ഷത്രമെണ്ണാൻ ശ്രമിക്കുകയാണ്!

അപ്പോൾ അടുത്തിരുന്ന മറ്റൊരു ടീച്ചർ തോളത്തുതട്ടി പറഞ്ഞു -

"ടീച്ചറേ, ടിക്കറ്റ് "

മനസ്സില്ലാ മനസ്സോടെ ഹാൻഡ് ബാഗിൽ നിന്ന് ടിക്കറ്റ് എടുത്തു കൊടുത്തു.
അപ്പോൾ ടി.ടി. പറഞ്ഞു -

"ഇത് എക്സ്പെയ്ഡ് ആയി രണ്ടാഴ്ച കഴിഞ്ഞല്ലോ''

ടീച്ചർ കൂളായി പറഞ്ഞു -

"ഞാൻ നോക്കാൻ മറന്നു "

".കെ. ശരി, 350 രൂപ അടയ്ക്കണം. ക്യാഷാണോ പേറ്റിഎം ആണോ?''

ടീച്ചർ- "ഞാൻ കഴിഞ്ഞ പത്തു വർഷമായിട്ട് സീസണിൽ പോകുന്നതാണ്. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മനപ്പൂർവ്വമല്ല "

അപ്പോൾ മറ്റൊരു സഹപ്രവർത്തക സഹായിച്ചു പരത്താനെത്തി-

"ടീച്ചറെ, എന്താ സ്റ്റുഡൻസിന്റെ പേപ്പർ വാല്വേഷൻ കഴിഞ്ഞപ്പോ എല്ലാം മറന്നു പോയോ "

അവരുടെ ലക്‌ഷ്യം ഫലിച്ചു.

അപ്പോൾ ടി.ടി. പറഞ്ഞു-

"ആഹാ...ടീച്ചർമാരാണോ ഇങ്ങനെ തുടങ്ങുന്നത്. എന്തായാലും 150 രൂപ ഇപ്പോൾ അടച്ചേക്ക് "

ആ സ്ത്രീ വളരെ പതുക്കെ രൂപ കൊടുത്ത് രസീതു വാങ്ങി.
എന്തായാലും പിന്നെ, ആ യാത്രയിൽ കലപില സംസാരങ്ങളൊന്നും ഉണ്ടായില്ല!

ടീച്ചർ, രൂപ നഷ്ടമായതിനാലും മറ്റുള്ളവരുടെ മുന്നിൽ ചമ്മിയതിനാലും പിന്നീട് മൗനവ്രതത്തിലേക്ക് ഊളിയിട്ടു. അതിനാല്‍, ബിജുക്കുട്ടനു വലിയ ആശ്വാസമായി.

ആശയം - train personal experience satire story, online reading in Malayalam. season ticket, TTE, train ticket examiner, India, Kerala.

സമകാലിക വിഷയങ്ങളേക്കുറിച്ചും സാമൂഹിക വ്യവസ്ഥിതിയേപ്പറ്റിയും വാചകമടിക്കാൻ എല്ലാവർക്കും വലിയ മിടുക്കാണ്. എന്നാൽ, സ്വന്തം മേഖലയിൽ ഒരാൾക്കു ചെയ്യാൻ ആവശ്യമായ ക്രമക്കേടുകളും കൊച്ചു കൊച്ചു തട്ടിപ്പുകളും സ്വയം കണ്ണടച്ചു വിഴുങ്ങിയിട്ട് വലിയ അഴിമതി കാട്ടാൻ ശേഷിയുള്ളവരെ
നാവിനാൽ കടന്നാക്രമിക്കുകയാണ്.

ആദ്യം സ്വന്തം കർമ്മമണ്ഡലത്തിലെ തെറ്റുകുറ്റങ്ങൾ തിരുത്തിത്തുടങ്ങുക. കാരണം, ഈ ലോകത്തെ വലിയ അഴിമതികളും പീഡനങ്ങളും കൊള്ളയും തടയാൻ നമുക്കാവില്ല. എന്നാൽ, തടയാൻ പറ്റുന്നത് സ്വയമങ്ങ് നന്നാവുകയെന്നതായിരിക്കും.