അന്നും പതിവുദിനം പോലെ വൈകുന്നേരമെത്തി. ബിജുമോൻ റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുകയാണ്. വലത് ഒരം ലേശം പൊക്കി ബാഗ് ഊർന്നു പോകാതെ തോളെല്ലിന്റെ മുഴയിൽ കൊളുത്തി ലാലേട്ടൻ നടക്കും പോലെ സിമന്റ് ബഞ്ച് നോക്കി നടന്നു. നല്ല ബഞ്ചു കിട്ടാൻ പാടാണ്. ഒന്നുകിൽ അതിനെ മേലെ അല്ലെങ്കിൽ കീഴെ തടിയൻ നായ്ക്കൾ വിശ്രമിക്കുന്നുണ്ട്, അല്ലെങ്കിൽ പക്ഷിക്കാഷ്ഠത്തിന്റെയോ മറിഞ്ഞു വീണ ചായയുടെയോ തിരുശേഷിപ്പ് കാണും. ഒടിഞ്ഞു തൂങ്ങിയ കമ്പിയുമായി പൂർണ തകർച്ച കാത്തിരിക്കുന്ന ദുർബല സ്ലാബുകൾ രണ്ടെണ്ണമുണ്ട്. അതിലും രക്ഷയില്ല.
പിന്നെ, മനുഷ്യർ കാണിക്കുന്ന മറ്റൊരു വേലത്തരമുണ്ട് - ബാഗുകൾ മടിയിലോ നിലത്തോ വയ്ക്കാതെ ഇരിപ്പിടത്തിൽത്തന്നെ വയ്ക്കും. അതു കണ്ടാൽ വല്ലപ്പോഴും യാത്ര ചെയ്യുന്നവരൊക്കെ സ്വയം സമർപ്പണത്തിലൂടെ നിന്നുനിന്ന് സ്വന്തം കാലിനെ പീഡിപ്പിക്കുകയും ചെയ്യും- സ്ഥിരം യാത്രക്കാരുടെ മുന്നിൽ ആ കളി അത്ര വിലപ്പോകില്ല.
ബിജുമോൻ ഒരാളുടെ ബാഗ് നോക്കി മൃദുവായി പറഞ്ഞു-
"എക്സ്ക്യൂസ് മി.... ഈ ബാഗ് മാറ്റിയാൽ എനിക്ക് ഇരിക്കാം"
അയാൾ കേട്ട മാത്രയില്‍ അത്ര രസിക്കാത്ത മട്ടിൽ ബാഗ് മടിയിൽ വച്ച് വീണ്ടും ഇരിപ്പുറപ്പിച്ചു. അതേസമയം, ബിജുമോൻ ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്തവരുടെ പണിയായ ഫോൺ അലക്ഷ്യമായി തുറന്നു നോക്കി. മെസേജുകളില്ലാത്തതിനാൽ പെട്ടിക്കടയടച്ചു ജീൻസിനുള്ളിൽ തിരുകി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു സർവ്വസൈന്യാധിപന്റെ ഭാവത്തിൽ ഗൗരവവും അനേകായിരം കുതിരശക്തിയും ചേർന്ന ഹുങ്കാര ശബ്ദത്തിൽ തീവണ്ടി കുതിച്ചെത്തി. ട്രെയിനിൽ സീസൺടിക്കറ്റുകാർക്കുംകൂടി ഇരിക്കാൻ അനുവദിച്ചിരിക്കുന്ന രണ്ടു സ്ലീപ്പർ കോച്ചുകളായ S3, S4 എന്നിവയിൽ S4 യിൽ ബിജുമോൻ കയറി. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ ചാടിക്കുത്തി ആർത്തലച്ച് ബിജുവിന്റെ അടുത്തു വന്നിരുന്നു. അയാൾ വന്നപാടേ ചുറ്റുമുള്ളവരെ ഒന്നു വീക്ഷിച്ചു. ആരും മൈൻഡു ചെയ്യാഞ്ഞതിനാൽ ബിജുവിനോടു പറഞ്ഞു -
"ഒരു ടി.ടിക്ക് ഇത്ര അഹങ്കാരം പാടില്ലല്ലോ. അവന്റെ വിചാരമെന്താ? അവന്റെ വീട്ടുമുറ്റത്തു നിന്ന് എടുത്തു കൊണ്ടുവന്ന ട്രെയിനാണെന്നോ? s10 ൽ ഒന്ന് ഇരുന്നെന്നു കരുതി ചൂടാകാൻ എന്തിരിക്കുന്നു? എനിക്ക് സീസൺ ടിക്കറ്റ് ഉണ്ടല്ലോ"
ഉടൻ ബിജുമോൻ പറഞ്ഞു -
" സീസൺ ടിക്കറ്റ് വച്ച് ട 10 ൽ കയറാൻ പറ്റില്ല. പിടിച്ചാൽ ഫൈനടിക്കും. ഞങ്ങൾ ചിലപ്പോൾ ലേറ്റായി വരുമ്പോൾ S-10ൽ ഓടിച്ചെന്ന് കയറി പെട്ടെന്ന് ഇങ്ങോട്ടു നടക്കും. ധൃതി കാണുമ്പോൾ ടി.ടി ക്ക് കാര്യം മനസ്സിലാകും. ഒന്നും മിണ്ടില്ല"
"ഓ... ഞാൻ എസ് റ്റെന്നിൽ ഇരിക്കുകയായിരുന്നു "
നിയമം തെറ്റിച്ചതും പോരാഞ്ഞ് ടിടിയോടു തർക്കിക്കാനും മുതിർന്ന അമർഷം തിരുത്തിയില്ലെങ്കിൽ അതു ശരിയാകില്ലെന്നു ബിജുമോൻ തീരുമാനിച്ചു. എങ്കിലും ചിരിച്ചു കൊണ്ടു പറഞ്ഞു -
"ഉയർന്ന സ്ലീപ്പർ ടിക്കറ്റെടുത്ത മറ്റുള്ള യാത്രക്കാരെ നമ്മൾ സീസൺകാര് ശല്യം ചെയ്യാതിരിക്കാനാണു S3, S4 മാത്രം നമുക്കു തന്നിരിക്കുന്നത്. നിയമം തെറ്റിച്ചിട്ട് ആ ഉദ്യോഗസ്ഥനോടു തർക്കിച്ചാലോ?"
ആ അപരിചിതന്റെ മുഖം വിളറി. തന്റെ ചെയ്തികൾക്ക് പിന്തുണ ലഭിച്ച് ഉള്ളിലുണ്ടായ അമർഷത്തെ ന്യായീകരിച്ച് ശീതീകരിക്കാനുള്ള ശ്രമം പാഴായി. അയാൾ അഞ്ചു മിനിറ്റ് ഒന്നും മിണ്ടിയില്ല. പിന്നെ, ബിജുവിനോടു ചോദിച്ചു -
"എവിടെയാണു ജോലി ചെയ്യുന്നത്?"
പ്രഫഷൻ അറിഞ്ഞിട്ട് മാത്രം അഭിസംബോധന ചെയ്യാമെന്ന അയാളുടെ അഹംഭാവവും തിരിച്ചടിയുടെ മനസ്സും ബിജുവിനു പിടികിട്ടി.
"ഞാൻ സ്കൂൾഅധ്യാപകനാണ് "
"ഗവൺമെന്റോ പ്രൈവറ്റോ ?"
"പ്രൈവറ്റ് "
അപരിചിതന്റെ ഊർജ്ജ നില കുറച്ചു കൂടി.
"ഏതാണു സബ്ജക്റ്റ്?"
"യോഗ''
അയാൾ കുറച്ചുകൂടി കംഫർട്ട് ആയപോലെ മുഖം വിളിച്ചു പറഞ്ഞു.
"എനിക്കറിയാവുന്ന രണ്ടു കക്ഷികൾ യോഗ പഠിപ്പിക്കുന്നുണ്ട്. സ്കൂളിൽ ഇടയ്ക്കു പോയാൽ മതിയാരിക്കും?"
"അല്ല. ഞാൻ ഫുൾടൈം ടീച്ചറാണ്"
അയാൾ അടിച്ച ആണി വളഞ്ഞു പോയതിൽ ക്ലേശിച്ച് മുഖം അല്പം ചുളിച്ചു കൊണ്ട് പറഞ്ഞു -
"രാവിലെ കുറച്ചു നടന്നാൽ മതി. യോഗയേക്കാളും നടപ്പാണു നല്ലത്"
"അങ്ങനെയല്ല. നടപ്പിന് അതിന്റെ ഗുണവും യോഗയ്ക്ക് അതിന്റെതായ ഗുണവുമുണ്ട് "
ഇതിനോടകം, അപരിചിതന്റെ ക്ഷമ നശിച്ചു കഴിഞ്ഞിരുന്നു. ഒരുതരം പുഞ്ഞഭാവത്തിൽ അയാൾ തട്ടിവിട്ടു -
"ചേട്ടൻ രാവിലെ ഈ സാധനമൊക്കെ ചെയ്യാറുണ്ടോ?"
ഇനിയും പല നിയമങ്ങളും അവൻ ലംഘിക്കുമെന്നതിനാൽ, ഇത്തരം സന്ദർഭങ്ങളിലെ ജീവൻരക്ഷാ മരുന്നായ ഫോൺ, ഞെക്കിത്തെളിച്ച് തോണ്ടിയതിനാൽ അവന്റെ കൂടുതല്‍ തോണ്ടൽ ഇല്ലാതെ രക്ഷപ്പെട്ടു.
ആശയം -
സ്വന്തം കാര്യത്തിന് വഴിവിട്ടായാലും കൂടെ നിൽക്കുന്നവരെ എല്ലാവർക്കും വലിയ ഇഷ്ടമായിരിക്കും. സ്വന്തം നിലപാടുകൾ അറിയിച്ചാൽ പിന്നെ കല്ലുകടി തുടങ്ങുകയായി. ഇക്കാലത്ത്, ഉള്ളിൽ ഒട്ടേറെ അമർഷവും അടിച്ചമർത്തലും അവഗണനയും അടിമപ്പണികളുമൊക്കെ കഴിഞ്ഞു വരുന്ന ആളുകൾ പൊതുവേ, പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ശൈലികൾ കാണിക്കാറുണ്ട്. ദേഷ്യം അണകെട്ടി നിർത്തിയത് നിങ്ങളുടെ മുന്നിൽ ആരും തുറന്നു വിടാതെ നോക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തമാണ്!
Comments