എഴുത്തുകാരനും പ്രസാധകരും

Malayalam writers and publishers- It 's a self help series in Malayalam literature, books printing press, authors and publishing companies of Kerala, royalty etc.

ഒരിക്കല്‍, ബിജുക്കുട്ടന്‍ ചെറുകിട രീതിയില്‍ സ്വന്തം പുസ്തകങ്ങള്‍ മാത്രം അച്ചടിക്കുന്ന ഒരു ബുക്ക് ഷോപ്പും പ്രിന്റിങ്ങ് മെഷീനും സ്ഥാപിക്കാന്‍ ആലോചിച്ചു. സുഹൃത്തായ ഒരു പത്രത്തിലെ പ്രൂഫ്‌ റീഡര്‍- കോശിസാറിനെ കണ്ടപ്പോള്‍ അദ്ദേഹത്തോടു അഭിപ്രായം ചോദിച്ചു.

അപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു- “ഏയ്‌...ഒരിക്കലും താന്‍ അങ്ങനെയുള്ള മണ്ടത്തരത്തില്‍ പോയി ചാടരുത്. ഞാന്‍ കുറച്ചു വര്‍ഷം മുന്‍പ്, ഒരു ലക്ഷം രൂപ മുടക്കി പ്രിന്റിങ് മെഷീനും അനുബന്ധ സാധനങ്ങളും വാങ്ങി വീടിനോടു ചേര്‍ന്നു കട തുടങ്ങി. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. വല്ലപ്പോഴും കുറച്ചു നോട്ടീസുകളും കലണ്ടറും വന്നാലായി. എട്ടുനിലയില്‍ പൊട്ടി. പിന്നെ, നിസ്സാര വിലയ്ക്ക് മെഷീന്‍ കൊടുത്തു"
പണ്ടൊക്കെ, എഴുത്തുകാര്‍ കയ്യെഴുത്തുപ്രതിയുമായി വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെ, അച്ചടിച്ച സ്വന്തം പുസ്തകവുമായി നടന്നു. 

ചങ്ങമ്പുഴ തലച്ചുമടായി കൃതികള്‍ വില്‍ക്കാന്‍ നടന്നു. മഹാകവി വള്ളത്തോളും അങ്ങനെ ചെയ്തിട്ടുണ്ട്. അപൂര്‍വ്വം ചില എഴുത്തുകാര്‍ ഇപ്പോഴും അങ്ങനെ നാടോടികളെപ്പോലെ ജീവിച്ചു മരിക്കുന്നു! ഇപ്പോള്‍, എഴുത്തുകാരന്‍ എത്രത്തോളം വിജയിക്കുന്നുണ്ട്?
സത്യം പറഞ്ഞാല്‍, വികസിത വിദേശരാജ്യങ്ങള്‍ എഴുത്തുകാരെ ബഹുമാനിക്കുന്നത് നാം നോക്കിക്കണ്ടാല്‍ ഇന്ത്യയിലെ അവസ്ഥ പരിതാപകരമാണ്. 

പാശ്ചാത്യരാജ്യങ്ങളില്‍ പലയിടങ്ങളിലും എഴുത്തുകാരനു സൗജന്യ നിരക്കില്‍ താമസവും സൗകര്യങ്ങളും ഫണ്ടും ഗ്രാന്റും മുന്‍കൂറായി അനുവദിക്കുന്നുണ്ട്. അതിനു നല്ലൊരു ഉദാഹരണമാകുന്നു നോര്‍വേ. ലോകത്തിലെ ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ സമ്മാനിക്കുന്ന അവിടം എഴുത്തുകാരന്റെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കാം. 

ഏകദേശം നൂറു ശതമാനത്തോളം സാക്ഷരതയും നോര്‍വേ കാത്തുസൂക്ഷിക്കുന്നു. 'ആര്‍ട്ട് കൗണ്‍സില്‍ നോര്‍വേ' എന്നൊരു വകുപ്പും സര്‍ക്കാരിനുണ്ട്.
ജര്‍മനി, ഓസ്ട്രിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളും എഴുത്തിനെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാരണം, രാഷ്ട്രനിര്‍മ്മിതിയുടെ അവിഭാജ്യഘടകമായി വര്‍ത്തിക്കുന്ന ഒരു സംഘം ആളുകളാണ് എഴുത്തുകാര്‍. അവരുടെ സര്‍ഗാത്മക ചിന്തകള്‍ മൂലം പലതരം ആശയങ്ങള്‍ രാജ്യമാകെ ലഭിക്കുന്നു. 

ഇത്തരം വായന കൂടുതലുള്ള സ്കാന്റിനേവിയന്‍ രാജ്യങ്ങള്‍ ലോക സന്തോഷസൂചികയിലും ആദ്യ പത്തില്‍ ഇടം പിടിക്കുന്നു. ഇനി നമുക്ക് കേരളത്തിലെ കാര്യം നോക്കാം-
കേരളത്തിലെ ഏറ്റവും വലിയ രണ്ടു പ്രസാധകർ ഡിസി ബുക്സ്, മാതൃഭൂമി എന്നിവയാണ്. നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അന്‍പതില്‍പരം പബ്ലിഷിംഗ് പ്രസ്ഥാനങ്ങളും ഇവിടെയുണ്ട്. 

അവിടെ SPCS, Green books, Poorna, എസ്‌.പി.സി.എസ്‌, ഗ്രീന്‍ബുക്സ്, പൂര്‍ണ, മനോരമ, H&C, TBS, എച്ച്&സി, ടി.ബി.എസ്‌ എന്നിങ്ങനെയുള്ളവര്‍ മുന്‍നിരയില്‍ വരുന്നു.
ഒരുകാലത്ത്, കോട്ടയത്തെ എസ്‌.പി.സി.എസ്‌ എന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം കേരളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ റോയല്‍റ്റി കൊടുക്കുന്ന എഴുത്തുകാരുടെ പറുദീസ ആയിരുന്നു. എന്നാല്‍, പ്രസ്തുത സ്ഥാപനത്തില്‍ കെടുകാര്യസ്ഥതയും ഉഴപ്പും വന്നപ്പോള്‍ മേലധികാരിയായിരുന്ന ഡിസി കിഴക്കേമുറി അവിടെ നിന്നും പിരിഞ്ഞ് അര കിലോമീറ്റര്‍ മാറി സ്വന്തം പുസ്തക അച്ചടിശാല തുറന്നു. 

ഇപ്പോള്‍, മലയാളത്തിലെ മികച്ച എഴുത്തുകാരുടെ ഭൂരിഭാഗം പുസ്തകങ്ങളുടെയും മാത്രമല്ല, പിറക്കാനിരിക്കുന്ന പുസ്തകങ്ങളുടെയും മുന്‍‌കൂര്‍ കോപിറൈറ്റ് ഡിസി നേടിയിരിക്കുന്നു.
കേരളത്തിലെ പല എഴുത്തുകാരും ആദ്യം ചെറിയ പുസ്തക പ്രസാധകരെ സമീപിച്ചു നല്ല പുസ്തകം ചെയ്തു നോട്ടപ്പുള്ളിയാകുമ്പോള്‍ പിന്നെ, പണവും പ്രശസ്തിയും നോക്കി വലിയ പ്രസാധകര്‍ക്കു പിന്നെയുള്ളത് കൊടുക്കുന്ന കാഴ്ച കാണാം.
ഉദാഹരണത്തിന്, ബെന്നി ഡാനിയേല്‍ കുളനട എന്നൊരു ഗള്‍ഫ് മലയാളി ബ്ലോഗ്‌ എഴുത്തുകാരനായിരുന്നു. തന്റെ നോവലുമായി ഡിസി ബുക്സിനെ സമീപിച്ചപ്പോള്‍ അവര്‍ തള്ളി. 

പിന്നെ, ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ 'ആടുജീവിതം' എന്ന മനോഹരമായ നോവല്‍, ബെന്നിയെ ബെന്യാമിന്‍ എന്ന വിസ്മയമാക്കി. എന്നാല്‍, ഗ്രീന്‍ ബുക്സില്‍ മാത്രം ഒതുങ്ങാതെ പുതിയ പല കൃതികളും ഡിസിയിലും കൊടുക്കുന്നു.
എം.ടി. വാസുദേവന്‍‌ നായര്‍ കെമിസ്ട്രി ബിരുദത്തിനു കോളേജില്‍ പഠിക്കുമ്പോള്‍ മാതൃഭൂമിയില്‍ ചെറുകഥ വന്നുകൊണ്ട്‌ തുടക്കം കുറിച്ചു. പിന്നീട്, മാതൃഭൂമിയില്‍ ഉദ്യോഗസ്ഥനുമായി. 

എങ്കിലും, അദ്ദേഹത്തിന്റെ ഒട്ടേറെ കൃതികള്‍ ഡിസി പ്രസിദ്ധീകരിക്കുന്നുണ്ട്. ഒ.വി.വിജയന്‍റെ 'ഖസാക്കിന്റെ ഇതിഹാസം' മാതൃഭൂമി തള്ളിയപ്പോള്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു പ്രശസ്തമായി.
'ആരാച്ചാര്‍' എന്ന പ്രശസ്ത കൃതിയും അനേകം നോവലുകളും എഴുതിയ മുന്‍മനോരമ ഉദ്യോഗസ്ഥയായ കെ.ആര്‍.മീരയുടെ K.R. Meera പുസ്തകങ്ങള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. 

മുന്‍മനോരമ ഉദ്യോഗസ്ഥയായ കഥാകാരി കെ.രേഖയുടെ കഥകള്‍ മാതൃഭൂമി Mathrubhumi പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇനി, മറ്റുള്ള പുസ്തകപ്രസാധകരെ പറയുമ്പോള്‍ മള്‍ബറി, റെയിന്‍ബോ, Rainbow, Pen books, Mulberry, പെന്‍ബുക്സ് എന്നിവ മികച്ച നിലയില്‍നിന്നും കടത്തിലേക്കു കൂപ്പുകുത്തി. 

മള്‍ബറിയുടെ പതനം കണ്ടപ്പോള്‍ ബോധി ബുക്സ് നടത്തിവന്നിരുന്ന ശ്രീ. ജോയ് മാത്യു ഗള്‍ഫിലേക്കു പോയി. തിരികെയെത്തി സിനിമയില്‍ പ്രശസ്തനായി.
സാധാരണയായി ലൈബ്രറി കൗൺസിൽ Library council book fair മേളകൾ മാത്രമാണ് ചെറുകിട പ്രസാധകർക്കുള്ള ഏക പ്രതീക്ഷ. കാരണം, അവിടെ വലിയ പ്രസാധകരില്‍ നിന്നും മാത്രം പുസ്തകങ്ങള്‍ വാങ്ങാതെ എല്ലാ പബ്ലിഷേഴ്സിനെയും പരിഗണിക്കുന്നു. 

അറിയപ്പെടാത്ത നല്ല എഴുത്തുകാരും പുസ്തകങ്ങളും കൈവശമുള്ള ചെറുകിട പ്രസാധകര്‍ക്ക് വിതരണത്തിനായി മറ്റു സ്ഥലങ്ങളില്‍ ശാഖകള്‍ കാണാറില്ല. അപ്പോള്‍, വിതരണക്കാരന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍വഴിയായാലും പുസ്തകവിലയുടെ 50% കൊടുത്താല്‍ പിന്നെ എന്തു ലാഭവും വളര്‍ച്ചയും കൈവരിക്കാനാണ്?
വലിയ പ്രസാധകരുടെ വിജയവും അവിടെയാണ്- 

കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം ബ്രാഞ്ചുകള്‍, ഇന്ത്യയിലും വിദേശത്തും എയര്‍പോര്‍ട്ടിലും റെയില്‍വേ, ബസ്‌ സ്റ്റേഷന്‍ എന്നിങ്ങനെ..ചുരുക്കത്തില്‍, വലിയ മുതല്‍ മുടക്കുന്നവര്‍ക്കേ ലാഭമുണ്ടാക്കാന്‍ പറ്റൂ.
ഒരു പട്ടണത്തിലെ ബ്രാഞ്ച് കൊണ്ടൊന്നും ചെറുകിട പ്രസാധകര്‍ക്കു പിടിച്ചു നില്ക്കാന്‍ പറ്റില്ല. 100 പേജുള്ള ഒരു പുസ്തകത്തിന് 100 രൂപയ്ക്ക് വിൽക്കുമെന്നു കരുതുക. അതില്‍ 7 മുതല്‍ 10 ശതമാനം വരെ റോയല്‍റ്റി എഴുത്തുകാരനു കിട്ടും. 40 ശതമാനം പ്രിന്റിംഗ് ചെലവ്. 

പിന്നെ 50 ശതമാനം കടകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍! പിന്നെ, പുസ്തക പ്രസാധകനു കിട്ടുന്ന ലാഭം-10%. അവിടെ ഈ ലാഭം കൃത്യസമയത്ത് കടയുടമ കൊടുക്കാതെ ഉഴപ്പിയെന്നും വരാം. അപ്പോള്‍, പബ്ലിഷര്‍ നഷ്ടത്തിലാകും.
ചില എഴുത്തുകാര്‍ സ്വന്തമായി അച്ചടിച്ച്‌ പരിചയക്കാരുടെ സ്ഥാപനങ്ങളില്‍ പോയി കെട്ടിയേല്‍പ്പിക്കുന്ന ദുരിതയാത്രയും നമുക്കു കാണാം. മനസ്സില്ലാമനസ്സോടെ പ്രാകി ചിലര്‍ മേടിക്കും!
ചെറുകിട പ്രസാധകര്‍ക്ക്- കോപിറൈറ്റ് ഇല്ലാത്ത ഈസോപ്, ജാതകകഥകള്‍, തെനാലി, വിക്രമാദിത്യ, ബീര്‍ബല്‍, ഹോജ, ആയിരത്തൊന്നു രാവുകള്‍ നമ്പൂതിരി ഫലിതങ്ങള്‍, രാമായണം, ബൈബിള്‍, മഹാഭാരതം, ഭഗവത്ഗീത, ഇന്ദുലേഖ, ഐതീഹ്യമാല തുടങ്ങി കുറെയേറെ സ്വന്തം നിലയില്‍ അച്ചടിച്ചാല്‍ റോയൽറ്റി കൊടുക്കേണ്ടതില്ല. പിന്നെ, കയ്യില്‍ കാശുള്ള പ്രവാസികളുടെ കൃതികള്‍ ലാഭം തരുന്ന ഏര്‍പ്പാടായിരിക്കും. 

ഇത്തരം പൊങ്ങച്ച കൃതികളുടെ പ്രസിദ്ധീകരണത്തിന് വാനിറ്റി പബ്ലിഷിംഗ് എന്നു വിളിക്കും.
ചെറുകിട പ്രസാധകര്‍ക്ക് കൂട്ടായ്മ ഉണ്ടാക്കി ഒരൊറ്റ ബ്രാന്‍ഡ്‌ പേരില്‍ പരസ്പരം സഹകരിച്ചാല്‍ വളര്‍ച്ച കൈവരിക്കാം. ചപ്പുചവറു കൃതികള്‍ തള്ളാനും ശ്രമിക്കണം.
പ്രധാനപ്രസാധകരുടെ കൈയ്യിലില്ലാത്ത ധാരാളം മികച്ച പുസ്തകങ്ങൾ സാധാരണപ്രസാധകരുടെ കൈവശമുണ്ട്. പക്ഷേ, പത്ര-ടി.വി-റേഡിയോ മാധ്യമങ്ങള്‍ക്കു പരസ്യവും ബന്ധങ്ങളും ശിപാര്‍ശകളും വഴിയായി വലിയ പ്രസാധകര്‍ക്കു മാത്രമേ അവരുടെ പുസ്തകങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ പറ്റുന്നുള്ളൂ.
പെട്ടെന്ന് ലാഭം കൊയ്യാനായി ആദ്യ എഡിഷന്‍ റോയല്‍റ്റി മാത്രം കൊടുത്തിട്ട് അഞ്ച് എഡിഷനുകള്‍ ഇറക്കി എഴുത്തുകാരനെ പറ്റിക്കുന്ന പരിപാടി ചെറുതും വലുതുമായ പല പ്രസാധകരും കാണിക്കുന്ന വേലയാണ്. എന്നാല്‍, ശബ്ദമുള്ള പ്രശസ്ത എഴുത്തുകാരെ ഇങ്ങനെ പറ്റിക്കാറില്ല. 

കേരളസർക്കാരിന്റെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം' എന്ന പദ്ധതി നല്ലൊരു ആശയമാകുന്നു.
പുസ്തകത്തിന്‌ അല്പം വിലകൂടിയാല്‍ ആളുകള്‍ തിരിച്ചും മറിച്ചും നോക്കി വേണ്ടെന്നു വയ്ക്കും. എന്നാല്‍, ആണുങ്ങള്‍ മദ്യം കഴിക്കാനായി വില നോക്കാറില്ല. ചെറിയ ഷോപ്പില്‍ കിട്ടുന്ന ആയിരം രൂപയുടെ അതേ സാരി വലിയ ഷോപ്പിങ്ങില്‍ മൂവായിരം കൊടുത്തും ആളുകള്‍ വാങ്ങും! അതായത്, സ്ത്രീകളുടെ വസ്ത്രഭ്രമം മൂലം ഓരോ മാസവും കുടുംബ ബജറ്റില്‍ ദാരിദ്ര്യമാകും. ഓരോ കുടുംബത്തിലെയും വസ്ത്രം/ചെരിപ്പുകള്‍/സൗന്ദര്യവര്‍ധക സാധനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വച്ചാല്‍ത്തന്നെ വായനയും ചെറുകിട പുസ്തകശാലകളും എഴുത്തുകാരനുമൊക്കെ രക്ഷപ്പെടും!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam