കിടമത്സരം

Read this motivational story in Malayalam, your competition must be a crystal clear one. useless running before any unwanted item or idea may be waste for you.

സിൽബാരിപുരം ദേശത്തെ ഒരു തറവാട്. അതിന്റെ നടയിൽ വെണ്ണക്കല്ല് (മാര്‍ബിള്‍) പാകിയിട്ടുണ്ട്. ആ കൽപാളികൾക്കിടയിൽ ഒരു നുള്ളു മണ്ണ് കിടന്നിരുന്നു. അതിൽ പറ്റിപ്പിടിച്ച് ഒരു ആഞ്ഞിലിക്കുരുവിൽനിന്നും വിത്തു മുള പൊട്ടി. അത് കല്ലിന് ഇഷ്ടമായില്ല. അത് പറഞ്ഞു -

"കരുത്തരായ കല്ലുകൾക്കിടയിൽ വളരാൻ നോക്കുന്ന നീ എന്തു മണ്ടനാണ്? യജമാനൻ കണ്ടാൽ നിന്റെ ആയുസ്സ് അതോടെ തീരും"

വിത്ത്- "എനിക്കു കല്ലെന്നോ കോൺക്രീറ്റെന്നോ യാതൊന്നിനെയും പേടിയില്ല. എന്റെ വേരുകൾ മണ്ണിനെ കണ്ടെത്തുമെന്നും സൂര്യപ്രകാശം കിട്ടുമെന്നും ഉറപ്പുണ്ട് "

കല്ല്- "നിനക്കു വേറെ എത്ര സ്ഥലങ്ങളുണ്ട്? വീടിനു മുന്നിൽത്തന്നെ വേണമെന്നുണ്ടോ?"

വിത്ത്- "ഞാൻ മനപൂർവ്വമായി ഇവിടെ വന്നതല്ല. ഈ വീട്ടിലേക്കു വന്ന യജമാനന്റെ ചെരിപ്പനിടയിൽ അറിയാതെ പെട്ടു പോയ വിത്താണ്"

കല്ല്- " ദുർബലരുമായുള്ള ചങ്ങാത്തം എനിക്ക് ഇഷ്ടമല്ല. മുറ്റത്തെങ്ങാനും പോയി വളരൂ "

വിത്ത്- "എനിക്കും ദുർബലരുമായുള്ള ചങ്ങാത്തം വേണ്ട"

കല്ല്- " എന്ത്? കേവലം ഒരു പുൽനാമ്പിന് ഇത്രയും ധിക്കാരമോ? കടക്ക്, പുറത്ത്!"

വിത്ത്- "കേവലം വൈകുന്നേരമുള്ള വെയിൽ ഏറ്റിട്ടു പോലും നിന്റെ നിറം മങ്ങിപ്പോയിരിക്കുന്നു. എന്നെ ഇവിടെ വളരാൻ അനുവദിച്ചാൽ ഞാനൊരു മരമായി എന്റെ ബലിഷ്ഠമായ വേരുകൾക്കിടയിൽ നീ വിണ്ടുകീറി അകന്നു പോകും"

കല്ല് - " ഹാ.. ഹാ... ഒരിക്കലും നടക്കാത്ത എന്തു നല്ല മനോഹരമായ സ്വപ്നം"

വിത്ത്- "മിസ്റ്റർ കല്ലുമണ്ടൻ, നിന്റെ കണ്ണു തുറന്ന് പാതയ്ക്കപ്പുറത്തുള്ള ആ കൂറ്റൻ മതിലിലേക്കു നോക്കൂ. മതിൽ ഇടിയാൻ തുടങ്ങിയിരിക്കുന്നു. ആ വലിയ വീട്ടിലെ യജമാനനും കുടുംബവും രണ്ടു വർഷം കഴിഞ്ഞ് വരുമ്പോൾ വേരു തഴച്ച് മതിൽ മരിച്ചിരിക്കും "

അതു കേട്ടപ്പോൾ കല്ലിനു പേടിയായി -
"അയ്യോ! നീ അത്രയും വലുതാകുന്ന മരമാണോ?"

ഇതുകേട്ട് വിത്ത് ആർത്തു ചിരിച്ചു.
"ഹാ! എന്റെ പേര് ആഞ്ഞിലിയെന്നാണ്. മതിലിനെ പിളർത്തിയതും അതു തന്നെ. വെളുത്ത നിറമുള്ള പല്ലിമുട്ട പോലിരിക്കുന്ന ഞാൻ വലുതായി നിന്റെ കൽപാളി മാത്രമല്ല, വേരുകൾ തറവാടിന്റെ തറയിൽ ഇറങ്ങി അതും കശക്കിയെറിയും!"

ഇതു കേട്ട് വെണ്ണക്കല്ലിന് പേടിയും ദേഷ്യവും ഒന്നിച്ചു വന്നു -
"നീ ചെറുതായിരിക്കുന്ന സമയത്തുതന്നെ ഞാൻ നിന്നെ നിലം തൊടാൻ അനുവദിക്കില്ല"

വിത്ത്- "നീ കാത്തിരുന്ന് എന്റെ ശക്തി കാണുക!"

അന്നേരം, എവിടെയോ യാത്ര കഴിഞ്ഞ് തറവാട്ടിലെ കാരണവർ തിരികെയെത്തി നടയിൽ ചെരുപ്പിട്ട് വരാന്തയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ -
"ആഹാ, വന്നുവന്ന് ആഞ്ഞിലിക്കുരു നടയിലും എത്തിയല്ലോ!"

ആ നിമിഷം, അയാൾ അതു പിഴുതെടുത്ത് മുറ്റത്തേക്ക് എറിഞ്ഞു. ചുട്ടുപഴുത്തു കിടന്നിരുന്ന തറയോടിൽ കിടന്ന് അത് അന്ത്യശ്വാസം വലിച്ചു!

ഇതെല്ലാം നോക്കി വെണ്ണക്കല്ല് പറഞ്ഞു -
"ഹൊ! എന്തെല്ലാം വീരവാദങ്ങളായിരുന്നു? കല്ല്....മതിൽ.... തറവാട്.... എല്ലാം പൊളിക്കുന്നവൻ! ത്ഫൂ !''

എന്നാൽ, വെണ്ണക്കല്ലിന്റെ ധിക്കാരവും അധികം നീണ്ടില്ല.
കാരണവരുടെ മകൻ നീളമുള്ള പുതിയ വാഹനം വാങ്ങുന്നതിനാൽ വെണ്ണക്കല്ലു പാകിയ നട പൊളിച്ചു നീക്കി വലിയ കാര്‍പോര്‍ച്ച് പണിതു!

ആശയം - (competitions are not good in our life)
മനുഷ്യർ ഭൂരിഭാഗവും പരസ്പരം കൊമ്പുകോർക്കുകയാണ്. അധികാരമോ, പണക്കൊഴുപ്പോ, ആസ്തിയോ, പ്രശസ്തിയോ കാട്ടി മറ്റുള്ളവർക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ വെപ്രാളപ്പെടുന്നു. ഓരോ പദ്ധതിയുടെയും പൂര്‍ണതയ്ക്കു പ്രപഞ്ച സ്രഷ്ടാവിന്റെ കൃപാകടാക്ഷവും കൂടി വേണമെന്ന് അത്തരക്കാരെല്ലാം ഓർക്കുമല്ലോ!
Malayalam free online stories as eBooks

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1