16/02/21

നന്ദികെട്ട കുമാരന്‍

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് എവിടെ നോക്കിയാലും കൃഷിയിടങ്ങൾ കാണാമായിരുന്നു. വേനൽക്കാലത്തെ  ഒരു ദിനം -

സ്വദേശിയായ കുമാരൻ എന്നൊരു യുവാവ് പണിക്കു പോയ കൃഷിയിടത്തിന്റെ സമീപമുള്ള വലിയൊരു മാവിൻചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കുന്നതിനായി ഇരുന്നു. 

അപ്പോൾ മാവ് പറഞ്ഞു -

"നിനക്കു തണലേകാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമേയുള്ളൂ. മതിയാവോളം ഇരുന്നുകൊള്ളൂ"

യുവാവിന് സന്തോഷമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ അവിടം വിട്ടു. അടുത്ത ദിവസവും പണികൾ അതേ കൃഷിയിടത്തിലാകയാൽ, ആ മാവിനു ചുവട്ടിൽത്തന്നെ വിശ്രമിക്കാനായി ഇരുന്നു. അപ്പോൾ, തണൽകൊണ്ടുമാത്രം അവനു സംതൃപ്തി തോന്നിയില്ല. വല്ലാത്ത വിശപ്പു തോന്നിയതിനാൽ മാവിനോടു ചോദിച്ചു -

"എനിക്കു വിശക്കുന്നു. നിന്റെ കയ്യിൽ നാലഞ്ച് മാങ്ങാപ്പഴം എടുക്കാൻ കാണുമോ?"

മാവ് സന്തോഷത്തോടെ പറഞ്ഞു -

"മാങ്ങയുടെ സമയം കഴിഞ്ഞിരിക്കുന്നു. എങ്കിലും, എന്റെ ഏറ്റവും മുകളിലുള്ള ശിഖരത്തിൽ ഇതുപോലെ അത്യാവശ്യക്കാർക്കു കൊടുക്കാൻ വേണ്ടി ഏതാനും മാങ്ങകൾ ഞാൻ ഇലകൾക്കിടയിൽ സൂക്ഷിച്ചിട്ടുണ്ട്"

എന്നിട്ട്, കാറ്റ് ഇല്ലാഞ്ഞിട്ടും മാവ് തന്റെ കൊമ്പുകുലുക്കി അഞ്ചു മാങ്ങകൾ താഴെയിട്ടു. കുമാരൻ ആർത്തിയോടെ അതു പെറുക്കി തിന്നുകൊണ്ട് നടന്നു നീങ്ങി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ആ കൃഷിയിടത്തിലെ പണികൾ തീർന്നതുകൊണ്ട് കുമാരൻ അങ്ങോട്ടു വരാതായി. പിന്നെ, അവൻ ഒരു വൈദ്യശാലയിൽ സഹായിയായി നിന്നപ്പോൾ, വൈദ്യൻ പറഞ്ഞു -

"മരുന്നുകൂട്ട് തയ്യാറാക്കാൻവേണ്ടി കുറച്ച് ഇത്തിൾക്കണ്ണി വേണം"

അപ്പോഴാണ് മാമ്പഴവും തണലും തന്ന മാവിൽ നിറയെ ഇത്തിൾക്കണ്ണിയായിരുന്നെന്ന് അവന് ഓർമ്മ വന്നത്.

മാവിനു സമീപമെത്തി. കുമാരനു പറിച്ചെടുക്കാൻ പാകത്തിൽ മാവ് തന്റെ ശിഖരം കുനിച്ചു കൊടുത്തു.

അടുത്ത ദിനം, വൈദ്യൻ ആവശ്യപ്പെട്ടത് തേനായിരുന്നു. പക്ഷേ, തേനീച്ചക്കൂടുകൾ അതുവരെ എവിടെയും കുമാരന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തണലും മാങ്ങയും ഇത്തിൾക്കണ്ണിയും തന്നതിന്റെ ഓർമ്മയിൽ അവൻ മാവിന്റെ അടുക്കലെത്തി. ഇത്തവണയും ശിഖരത്തിൽ തൂങ്ങിക്കിടന്ന തേനീച്ചക്കൂട്ടത്തിന്റെ തേനടകൾ മാവ് കാണിച്ചു കൊടുത്തു.

വൈദ്യൻ പറഞ്ഞതിൻപ്രകാരം, പാദങ്ങൾ വിണ്ടു കീറുന്ന രോഗിയുടെ പാദത്തിൽ തേച്ചുപിടിപ്പിക്കാനായി മാവിൻതൊലിയുടെ പശയുള്ള കറ വേണമായിരുന്നു. മാവിനെ സമീപിച്ചപ്പോൾ അത് പറഞ്ഞു -

"ഒരു കരിങ്കല്ലെടുത്ത് എന്റെ തൊലിയിൽ ഇടിക്കുക. എന്നിട്ട് ആവശ്യമുള്ളത് ഊറ്റിയെടുത്തു കൊള്ളൂ"

കുറച്ചു ദിനങ്ങൾക്കു ശേഷം ആ ദേശത്തെ വിറകുകടക്കാരൻ കുമാരനോടു പറഞ്ഞു -

" ഇനി മഴക്കാലമാണു വരുന്നത്. ഒരു തരി വിറകു പോലും ഇത്തവണ കടയിലില്ല. എന്തായാലും കിട്ടുന്ന വിറകു കൊണ്ടു പോരൂ. നല്ല വില തരാം"

കുമാരൻ ഒരു നിമിഷം ആലോചിച്ചു. എവിടെ നിന്നു വേണം?

പെട്ടെന്ന് മാവിന്റെ കാര്യം ഓർമ്മ വന്നു - തണലും മാമ്പഴവും ഇത്തിൾക്കണ്ണിയും തേനും പശയും നൽകിയ മാവിനുതന്നെ എന്നെ  സഹായിക്കാൻ പറ്റും.

വിറകിനായി മാവിനെ കുമാരൻ സമീപിച്ചു.

മാവ് പറഞ്ഞു -

"എന്റെ കിഴക്കുവശത്തെ ഒരു ശിഖരം മുറിച്ചു കൊള്ളുക"

കുമാരൻ, ആദ്യമേ രണ്ടു ശിഖരങ്ങൾ വെട്ടി താഴെയിട്ടു. അന്നേരം, മാവിനു വല്ലാത്ത ക്ഷീണം തോന്നി. അതിനിടയിൽ പെട്ടെന്ന്, അറിയാത്ത മട്ടിൽ അവൻ മൂന്നാമത്തെ ശിഖരവും വെട്ടി. അതോടെ, മാവിന്റെ കറ ചോർന്നു പോയി ഒന്നു മിണ്ടാൻ പോലും ആയില്ല. പിന്നെ ശേഷിച്ച രണ്ടു ശിഖരങ്ങൾ കൂടി വെട്ടി താഴെയിട്ടു. പിന്നീട്, തായ്ത്തടി മാത്രം അവശേഷിച്ചു.

അപ്പോഴാണ്, കുമാരൻ ഒരു കാര്യം ഓർത്തത് -

"ഈ മാവിന്റെ ശിഖരങ്ങൾ പോയതോടെ അതിനു പ്രതികരിക്കാനുള്ള ശേഷിയൊക്കെ പോയിരിക്കുന്നു. ഇനി തായ്ത്തടി വെട്ടിയാലും മാവ് ഒന്നും അറിയാൻ പോകുന്നില്ല. എനിക്കു കാശു വീശാൻ പറ്റുന്ന പണിയാകുമിത്!"

അവൻ മാവിന്റെ ചുവടെ മഴു വീഴ്ത്തി. ആ നാടു നടുങ്ങുംവിധം വലിയ തടി താഴെ വീണു!

ഒരു മാസം നിറയെ മാവിന്റെ വിറകുപണികൾ ഉണ്ടായിരുന്നു. കുമാരന് അവിടെ കിട്ടിയ കൂലി കൊണ്ട് ചെറിയൊരു ചായക്കട തുടങ്ങാനായി. ഒരു ദിവസം കയ്യിലുണ്ടായിരുന്ന വിറകു തീർന്നു. അന്നേരം, മുൻകാലത്തെ ഓർമ്മകൾ അവനു മുന്നിൽ തെളിഞ്ഞു. ഒരു മാവാണ് എനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം തന്നത്. പഴയ മാവു പോലെ മറ്റൊന്നു കണ്ടുപിടിക്കണം. ചായക്കടയില്‍ വൈകുന്നേരമായിരുന്നു തിരക്ക് കൂടുതല്‍. അവൻ സന്ധ്യ മയങ്ങിയപ്പോൾ കടയടച്ചു കഴിഞ്ഞ് പഴയ മാവു നിന്ന പ്രദേശത്തു കൂടി നടന്നു പോയി. അവിടമാകെ പുല്ലു കയറി കിടക്കുകയായിരുന്നു. കുമാരന്റെ ശ്രദ്ധയാകെ വെട്ടാൻ പറ്റിയ മാവുണ്ടോ എന്നതിലായിരുന്നു. അതിനിടയിൽ പുല്ലുകൊണ്ട് മറഞ്ഞു കിടന്ന പഴയ മാവിന്റെ കുറ്റിയിൽ അവന്റെ കാലു തട്ടി മുഖമടിച്ചു വീണത് കൂർത്ത കല്ലിന്മേലായിരുന്നു!

അടുത്ത ദിവസം -

ആ പറമ്പിൽത്തന്നെ രണ്ടു മരംവെട്ടുകാർ ഒരു ചെറിയ മാവിന്റെ കമ്പുകൾ വെട്ടിയിറക്കി. അന്നേരം, ഒരു വഴിപോക്കൻ അവരോടു ചോദിച്ചു -

''ഇന്ന് ആരുടെ പണിയാണ്? വേലപ്പന്റെ വിറകുപുരയിലേക്കാണോ?"

ഒരുവൻ പറഞ്ഞു -

"ഏയ്, അല്ല... ഈ പറമ്പിലാണ് കുമാരൻ വീണു മരിച്ചത്. അവനെ ദഹിപ്പിക്കാൻ മാവിന്റെ വിറകുതന്നെ വേണം!''

ആശയം - Need of thanking mind, kindness, gratitude.

മനുഷ്യനോളം നന്ദിയില്ലാത്ത ഒരു ജീവിയും ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടില്ല. മനുഷ്യൻ മൃഗങ്ങളേക്കാൾ വില കുറഞ്ഞ ചെയ്തികൾ പുറത്തെടുക്കുന്നത് എപ്പോഴെന്ന് പ്രവചിക്കാൻ സാധ്യമല്ല. ചിലപ്പോൾ നല്ല മനുഷ്യർപോലും നന്ദിയും കടപ്പാടും വിസ്മരിക്കാൻ പാകത്തിൽ കട്ടിയായി രൂപപ്പെടാനുള്ള കാരണം, മറ്റുള്ളവരുടെ അവഗണനയും നന്ദികേടുമായിരിക്കാം. അതിനാൽ, നന്ദിയും കടപ്പാടും ഒരു പകർച്ചവ്യാധിപോലെ ഒരു മനുഷ്യനിൽനിന്ന് മറ്റൊരുവനിലേക്കു പകർന്നു പിടിക്കട്ടെ!

No comments:

POPULAR POSTS