വയലിലെ കിളികള്‍ (folk tale in Malayalam)

This nadodikkatha explains the need of self sufficiency in our day today activities. Why we should depend on others if we are capable to do that? പണ്ടുപണ്ട്, സിൽബാരിപുരംദേശം അനേകം നെൽപാടങ്ങളാൽ സമൃദ്ധമായിരുന്നു. അതിനാൽത്തന്നെ ഇത്തരം കൃഷിയിടങ്ങളെ ആശ്രയിച്ച് കൂട്ടം കൂട്ടമായി പക്ഷികൾ തലങ്ങും വിലങ്ങും പറക്കുന്നതു സ്ഥിരം കാഴ്ചയായിരുന്നു.

ഒരിക്കൽ, ശങ്കുവിന്റെ നെൽപ്പാടത്തിനു സമീപം ചെറിയൊരു മരത്തിൽ ചിന്നൻ പക്ഷിയും കുടുംബവും താമസമാക്കി. നെല്ലു തിന്നാൻ പാകമായി വരാൻ കാത്തിരിക്കുകയായിരുന്നു ആ പക്ഷികൾ.

എല്ലാ ദിവസവും രാവിലെ ചിന്നൻ നെൽക്കതിരിൽ കൊത്തിവലിക്കും. ശേഷം, അവൻ ഇണപക്ഷിയോടും കുഞ്ഞുങ്ങളോടും വിളിച്ചുകൂവും-

"ഒരാഴ്ച കാത്തിരുന്നാൽ നല്ല സ്വാദുള്ള നെല്ലു വയറു നിറയെ തിന്നാം. അതുവരെ നമുക്ക് പാടത്തിലെ പ്രാണികളെ തിന്നാം"

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശങ്കുവും ഭാര്യയും അങ്ങോട്ടു വന്നു. ശങ്കു ഭാര്യയോടു പറഞ്ഞു-

"നാളെ രാവിലെ ഈ പാടം കൊയ്യാൻ തുടങ്ങണം. ഇന്നുതന്നെ പണിക്കാരോടു പറയണം"

ഇതുകേട്ട്, ഇണപ്പക്ഷി ചിന്നനോടു പറഞ്ഞു-

"എത്രയും വേഗം ഇവിടം വിടണം. പൊക്കം കുറഞ്ഞ മരമായതിനാൽ കൊയ്ത്തിനു വരുന്നവർ നമ്മുടെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട്''

ചിന്നൻ ശാന്തനായി പറഞ്ഞു-

"നാളെ പണിക്കാർ വരാൻ സാധ്യത കുറവാണ്. കാരണം, ശങ്കു വ്യക്തമായ തയ്യാറെടുപ്പില്ലാത്ത ഒരുവനാണ്. ഇന്നാട്ടിൽ എല്ലായിടത്തും ഒരേ സമയത്ത്, കൊയ്ത്തു നടക്കുന്നതിനാൽ കുറെ ദിവസം മുന്നേ പണിക്കാരെ ഏർപ്പാടാക്കണമായിരുന്നു"

അടുത്ത ദിവസം രാവിലെ ശങ്കുവും ഭാര്യയും അവിടെയെത്തി-

"എടീ, പണിക്കാരു വരാത്തതിനാൽ നമുക്കു ബന്ധുക്കാരോടു കൊയ്ത്തിനു വരാൻ പറയാം''

അപ്പോഴും തള്ളപ്പക്ഷി കലപില കൂട്ടി-

"നമുക്ക് ഇന്നിവിടം വിടാം"

ചിന്നൻ ധൈര്യസമേതം പറഞ്ഞു-

"എടീ മനുഷ്യരുടെ ബന്ധുക്കളെല്ലാം വാസ്തവത്തിൽ ശത്രുക്കൾതന്നെയാണ്! നമ്മൾ എങ്ങോട്ടും പോകുന്നില്ല"

അടുത്ത ദിവസം രാവിലെ വന്നപ്പോൾ ശങ്കുവും ഭാര്യയും പറഞ്ഞു-

"ബന്ധുക്കളെല്ലാം പറ്റിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കളോടു പറയാം"

അന്നേരം, പെൺപക്ഷി പേടിച്ചു-

"നമുക്ക് ഇവിടുന്ന് പറക്കാനുള്ള സമയമായെന്നു തോന്നുന്നു"

ചിന്നൻ അവളെ ആശ്വസിപ്പിച്ചു-

"അത് വയലുടമയുടെ വെറും തോന്നലാണ്. സുഹൃത്തുക്കളൊന്നും പണിക്കാരല്ല. വെറുതെ വാചകമടിച്ചു നടക്കുന്ന കൂട്ടരാണ്"

അടുത്ത പ്രഭാതത്തിൽ ശങ്കുവും ഭാര്യയും അവിടെയെത്തി ഇപ്രകാരം സംസാരിച്ചു-

"കൂട്ടുകാർ വരാമെന്നു പറഞ്ഞെങ്കിലും ആരും ഇവിടെ എത്തിയിട്ടില്ല. ഒരു കാര്യം ചെയ്യാം, നമ്മുടെ നാലു പുത്രന്മാരോടു പറയാം"

ഇതുകേട്ട് വെപ്രാളപ്പെട്ട പക്ഷിയെ ചിന്നൻപക്ഷി ആശ്വസിപ്പിച്ചു-

"എടീ, അയാളുടെ മക്കൾ നെല്ലു കൊയ്യാനൊന്നും വരില്ല. അങ്ങനെയെങ്കിൽ ആദ്യം അവർ പണിക്കാർക്കു മുൻപു തന്നെ ഇവിടെ കഷ്ടപ്പെടുമായിരുന്നു. അവർ ഇതുവരെയും പാടം ഒന്നു നോക്കാൻപോലും എത്തിയിട്ടില്ല"

അടുത്ത ദിവസം മക്കളുമൊത്ത് പാടത്തേക്ക് വരാനായി അവരോടു കൊയ്ത്തരിവാൾ എടുക്കാൻ പറഞ്ഞപ്പോൾ പുത്രന്മാർ നീരസം പ്രകടിപ്പിച്ചു-

"അച്ഛാ, ഞങ്ങൾക്കു കൊയ്ത്തിനിറങ്ങി പരിചയമില്ല. ഒരു വെയിലു കൊണ്ടാൽ ഉടനെ, തലവേദനയെടുക്കും"

ശങ്കു മക്കളോടു കയർത്തു തുടങ്ങി. ഭാര്യ മക്കളുടെ കൂടെ കൂടി പിന്തുണച്ചു സംസാരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ദേഷ്യപ്പെട്ട് ശങ്കു അടുത്തുള്ള ചായക്കടയിൽ പോയി ഒരു ചായയ്ക്കു പകരം, കുറെ സമയമെടുത്ത്, മൂന്നു ചായ കുടിച്ചു. പിന്നെ, നെൽവയലിനു മുന്നിൽ ചെന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു -

"ഒരു പുല്ലന്റെയും സഹായം എനിക്ക് ആവശ്യമില്ല. നാളെ രാവിലെ ഞാനൊറ്റയ്ക്ക് കൊയ്ത്തു തുടങ്ങും!"

ഇതു കേട്ടപ്പോൾ പേടിച്ചത് ചിന്നൻ പക്ഷിയായിരുന്നു. അവൻ പറഞ്ഞു-

"ഇന്നു പകൽ മുഴുവനും തിന്നാൻ പറ്റുന്നത്രയും നെല്ലു തിന്നിട്ട് തീൻസഞ്ചി നിറയുമ്പോൾ നേരം ഇരുട്ടുന്നതിനു മുൻപായി കുഞ്ഞുങ്ങളേയും കൂട്ടി ഇവിടം വിടണം ''

അപ്പോൾ, പെൺകിളി ചോദിച്ചു -

"അയാൾ ഒരുപാടു പേരെ കൂട്ടിക്കൊണ്ടു വരുമെന്ന് പല തവണ പറഞ്ഞപ്പോഴും ചേട്ടന് യാതൊരു പേടിയുമില്ലായിരുന്നല്ലോ. പിന്നെന്താണ് അയാൾ മാത്രമായി നാളെ വരുമെന്നു പറഞ്ഞപ്പോൾ അതു കാര്യമായി എടുക്കുന്നത്?"

"എടീ, മുൻപൊക്കെ അയാൾ മറ്റാളുകളെ ആശ്രയിക്കുന്ന നിലപാടായിരുന്നു എടുത്തത്. എന്നാൽ, ഇപ്പോൾ ശങ്കുവിന്റെ കണ്ണിൽ നിശ്ചയദാർഢ്യത്തിന്റെ തീക്കനൽ (Will power) ഞാൻ കണ്ടു!"

അന്നു വൈകുന്നേരം, ആ പക്ഷികൾ സന്തോഷത്തോടെ ചിലച്ചു കൊണ്ട് അവിടം വിട്ടു പോയി.

ആശയം - dependent nature of humans, self awareness.

മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന പരാദജീവികൾ സസ്യജന്തുജീവജാലങ്ങളിൽ അനേകമാണ്. എന്നാൽ, ആ രീതി മനുഷ്യർക്ക് ഭൂഷണമല്ല. രോഗികളായ മനുഷ്യർ മറ്റുള്ളവരെ ആശ്രയിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, നഴ്സ് പോലുള്ള ഭാര്യമാർ ഒറ്റയ്ക്ക് വിദേശത്ത് കഷ്ടപ്പെടുമ്പോൾ നാട്ടിൽ ധൂർത്തടിച്ചു ജീവിക്കുന്ന പുരുഷകേസരികൾ ധാരാളമുണ്ട്. ആദ്യം, സ്വന്തം ശേഷിയനുസരിച്ച് ചെയ്യാൻ പറ്റുന്ന കാര്യം ശ്രമിക്കുക. വേറിട്ട വിജയങ്ങൾ നേടിയവരെല്ലാംതന്നെ സ്വയം പാതകൾ വെട്ടിത്തെളിച്ചവരല്ലേ?

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam