Story of a statue with it's shadows as main theme in Malayalam.
പണ്ടുപണ്ട്, സിൽബാരിപുരംദേശമാകെ വരണ്ട പ്രദേശമായിരുന്നു. പാതയോരത്ത് തണൽമരങ്ങളും കുറവായിരുന്നു. ഒരിക്കൽ, വിക്രമ രാജാവിന് തന്റെ പിതാവിന്റെ വലിയൊരു പ്രതിമ പണിയണമെന്ന് ആഗ്രഹമുദിച്ചു. ദേശത്തെ മാത്രമല്ല അയൽനാടുകളിലെയും അനേകം ശില്പികൾ രാജാവിനെ മുഖം കാണിക്കാനെത്തി. കനത്ത പ്രതിഫലവും രാജ്യമെങ്ങും പ്രശസ്തിയും കിട്ടുന്ന അവസരം ആരാണു വേണ്ടെന്നു വയ്ക്കുക?
ലോകം ഇതേ വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള പ്രതിമയായിരിക്കണം അതെന്ന് രാജാവിന് നിർബന്ധമുണ്ടായിരുന്നു. എവിടെ സ്ഥാപിക്കണമെന്നായി പിന്നീടുള്ള പ്രശ്നം.
ഭൂരിഭാഗം ശില്പികളും പറഞ്ഞു-
"കുന്നിന്റെ മുകളിൽ പണിതാൽ ഏതു ദേശത്തു നിന്നാലും ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട മഹാരാജാവിനെ കാണാമല്ലോ"
അപ്പോൾ, കടലോരത്തുള്ള ചില ശില്പികൾ പറഞ്ഞു-
"കടൽത്തീരത്ത് ആയാൽ മഹാരാജാവ് ഒരു കാലത്ത് കടൽ കടന്നുള്ള സാമ്രാജ്യം സ്ഥാപിച്ച ആളാണെന്നു വരുംതലമുറകൾ കരുതിക്കോളും"
നദീതീരത്തു താമസിച്ചിരുന്ന വേറെ കുറച്ചു ശില്പികൾ പറഞ്ഞു-
" നദിയുടെ നടുക്ക് പ്രതിമ പണിതാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പതറാതെ നിന്ന രാജാവെന്ന് ആളുകൾ കരുതട്ടെ"
പിന്നെയും ചില ശില്പികൾ കൊട്ടാരത്തിനു സമീപം താമസിച്ചിരുന്നു. അവർ പറഞ്ഞു-
"ഈ കൊട്ടാരത്തിന്റെ ഏറ്റവും മുകളിലായി സ്ഥാപിച്ചാൽ എക്കാലവും പ്രതിമയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതെ രാജപ്രഭയോടെ തിളങ്ങി നിൽക്കാനാവും"
അന്നേരം, കൃഷിക്കാരുടെ മക്കളായ കുറച്ചു ശില്പികൾ അപേക്ഷിച്ചു-
"ഞങ്ങളാണ് ഈ നാടിനെ തീറ്റിപ്പോറ്റുന്ന ധാന്യങ്ങൾ കൃഷി ചെയ്യുന്നത്. അതു കൊണ്ട് കർഷകജനതയോടുള്ള ബഹുമാനാർഥം ഈ ദേശത്തെ ഏറ്റവും വലിയ നെൽവയലിനു നടുവിൽ പ്രതിമ സ്ഥാപിക്കണം"
അപ്പോൾ മതപുരോഹിതർ രംഗത്തു വന്നു-
"മഹാരാജാവിന്റെ പ്രതിസന്ധികളിൽ ആശ്വാസത്തിനായി ഞങ്ങളുടെ ആരാധനാലയത്തിലായിരുന്നു വന്നിരുന്നത്. ആ കടപ്പാടിന്റെ ഓർമ്മയ്ക്ക് ആ മുറ്റത്ത് പ്രതിമ വരട്ടെ''
ഇതെല്ലാം കേട്ടപ്പോൾ എല്ലാത്തരം നിർദേശങ്ങളിലും കാമ്പുണ്ടെന്നു രാജാവിനു തോന്നി. പക്ഷേ, എവിടെയാകണം പ്രതിമ എന്നതിൽ തീരുമാനമാകാതെ അദ്ദേഹം കുഴങ്ങി. രാജാവ്, രാജഗുരുവിനോടു ചോദിച്ചപ്പോൾ കൊട്ടാരമുറ്റത്തു മതിയെന്ന് ഉത്തരം ലഭിച്ചെങ്കിലും അതിലും സംതൃപ്തി തോന്നിയില്ല.
ഒടുവിൽ, രാജാവ് തന്റെ ഗുരുകുലകാലത്തെ സന്യാസിയെ സമീപിച്ചു തൽസ്ഥിതി ബോധിപ്പിച്ചു.
സന്യാസി പറഞ്ഞു-
"ഇങ്ങനെയുള്ള സന്ദർഭത്തിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എങ്ങനെയെന്ന് പണ്ടു ഞാൻ നിങ്ങളെ പഠിപ്പിച്ചു തന്നെയാണ് വിട്ടത്"
രാജാവ് കൈകൾ കൂപ്പി പറഞ്ഞു-
"ഗുരുജീ, ക്ഷമിച്ചാലും. ഞാൻ അക്കാലത്ത് കുറെയേറെ അശ്രദ്ധനായിരുന്നു. ദയവായി ഒരിക്കൽ കൂടി പറയാൻ ദയവുണ്ടാകണം"
ഗുരുജി പ്രതിവചിച്ചു-
"ഉം... ശരി... ആദ്യമായി, നാം ഏതു കാര്യം ചെയ്താലും അതിലൂടെ ദൈവഹിതം നിറവേറുന്നുണ്ടോ എന്നു ചിന്തിക്കുക. ആർക്കെങ്കിലും അതുകൊണ്ട് ദോഷമുണ്ടോ എന്ന് രണ്ടാമതായി ചിന്തിക്കണം. മൂന്നാമത്തെ കാര്യം- ഒരാൾക്കെങ്കിലും ആ കർമ്മം കൊണ്ട് പ്രയോജനപ്പെടാനുള്ള സാധ്യത തിരയണം"
"ഗുരുജീ, ഇതിൽ ദൈവനിയോഗമൊന്നുമില്ല. പക്ഷേ, ആർക്കും ദോഷമില്ല. എന്നാൽ, ശില്പിക്കും മറ്റു പണിക്കാർക്കും എതാനും വർഷത്തേക്കു ജോലിയും കൂലിയും കിട്ടുമല്ലോ. ഇനി ഗുരുജി പറഞ്ഞാൽ പ്രതിമയുടെ പദ്ധതി ഞാൻ ഉപേക്ഷിക്കാനും തയ്യാറാണ്"
സന്യാസി ഓർമ്മിപ്പിച്ചു-
"ഒരു രാജകല്പന തിരികെയെടുക്കുന്നത് ഒരു നല്ല രാജാവിനു ചേർന്നതല്ല. പിന്നെ, രാജാവ് എവിടെ പ്രതിമ പണിതാലും കൊടുക്കുന്ന ഒരേ പ്രതിഫലമാണല്ലോ പണിക്കൂലി"
"ഗുരുജീ, പ്രതിമയുടെ ഏറ്റവും അനുയോജ്യമായ സ്ഥാനം അങ്ങു തന്നെ പറഞ്ഞാലും"
"എന്റെ അഭിപ്രായത്തിൽ പ്രതിമ വേണ്ടത് രാജവീഥിയുടെ തണൽമരങ്ങളില്ലാത്ത എവിടെയെങ്കിലുമാണ്. കാരണം, വലിയ പ്രതിമയുടെ മുന്നിലൂടെ പോകുന്ന വഴിപോക്കരായ പ്രജകൾക്ക് ക്ഷീണിതരാകുമ്പോൾ ഉച്ചവരെ പ്രതിമയുടെ പടിഞ്ഞാറു ഭാഗത്തു വീഴുന്ന തണലിൽ ഇരിക്കാം. ഉച്ചകഴിഞ്ഞ്, കിഴക്കുവശത്തായി വരുന്ന തണലിൽ ഇരിക്കാം"
രാജാവ് വലിയ സന്തോഷത്തോടെ എല്ലാ ശില്പികളെയും അറിയിച്ചു. എന്നാൽ, അവരെല്ലാം ഇതു കേട്ട് രഹസ്യമായി സംഘം ചേർന്നു. അവർ ഒന്നിച്ച് ഒരു തീരുമാനമെടുത്തു-
"നമ്മൾ ആരും വഴിവക്കിലെ പ്രതിമ പണിയാൻ പോകരുത്. കുറച്ചു കഴിയുമ്പോൾ രാജാവ് മുട്ടുമടക്കി നമ്മുടെ ആവശ്യം അംഗീകരിക്കാതെ തരമില്ല. ഈ രാജ്യത്തെ എല്ലാ ശില്പികളും ഇവിടെയുണ്ടല്ലോ"
അന്നേരം, ഒരു ശില്പി പറഞ്ഞു-
"രാജകല്പനയായി നമ്മളിൽ ഏതെങ്കിലുമൊരു ശില്പിയോടു പറഞ്ഞാൽ നാം തോറ്റു പോകും"
കൂട്ടത്തിൽ മുതിർന്ന ഒരാൾ അഭിപ്രായപ്പെട്ടു-
"ഏയ്....രാജാവ് ഒരിക്കലും നിർബന്ധിച്ച് അങ്ങനെ ചെയ്യിക്കില്ല. കാരണം, മഹാരാജാവിന്റെ പ്രതിമനിർമാണത്തിൽ ശില്പിയുടെ സന്തോഷമല്ലാതെ ശാപമൊന്നും വരാൻ ആഗ്രഹിക്കില്ല"
മറ്റൊരാൾ പറഞ്ഞു -
"അതെയതെ. ഒരു ശില്പം എവിടെ എപ്പോൾ പണിയണമെന്നുള്ളത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്"
അങ്ങനെ, ശില്പികൾ ആരും മുന്നോട്ടു വരാത്ത സ്ഥിതിക്ക് രാജാവ് നിരാശനായി സന്യാസിയെ വീണ്ടും സന്ദർശിച്ചു. അപ്പോൾ, സന്യാസി പറഞ്ഞു-
"ശില്പികൾക്ക് ഇത്രയും അഹങ്കാരം നല്ലതല്ല. സുന്ദരമായ കലാസൃഷ്ടി കലാകാരന്റെ മനസ്സിലാണ് ആദ്യം ഉണ്ടാകുന്നത്. അത്, പിന്നീട് എവിടെ പുനർനിർമ്മിക്കാനും ആ മനസ്സിനെ പാകപ്പെടുത്തണം. ഇവിടെ എന്റെ ഒരു ശിഷ്യൻ അറിയപ്പെടാത്ത ശില്പിയാണ്. മഹാരാജാവിന്റെ പ്രതിമ അവൻ നിർമ്മിക്കട്ടെ"
രാജാവിനു വലിയ ആശ്വാസമായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ പാതയോരത്ത് മനോഹരമായ പ്രതിമ ഉയർന്നു. പിന്നീട്, വഴിപോക്കരായ അനേകം മനുഷ്യജീവികൾക്കു മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും തണലായി അത് നിലകൊണ്ടു.
ആശയം - flexible mind is a good thing for our family life.
കടുംപിടിത്തം നടത്തുന്ന ജോലിക്കാരെയും കുടുംബ ജീവിതക്കാരെയും നമ്മുടെ ചുറ്റും കാണാം. മിക്കവരും തങ്ങളുടെ ആർശങ്ങളിലോ മൂല്യങ്ങളിലോ നാട്ടുനടപ്പിലോ തറവാട്ടു മഹിമയിലോ മുറുകിപ്പിടിക്കുന്നതാകാം. സമൂഹത്തിൽ അനേകം നിയമ ലംഘനങ്ങളും നിഷേധങ്ങളും പരദൂഷണങ്ങളും മറ്റും കാണുമ്പോൾ നിങ്ങൾ കണ്ണു ചിമ്മാതെ നട്ടെല്ലു നിവർത്തി നിൽക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾ ഫ്ലക്സിബിൾ അല്ല!
അങ്ങനെയുള്ള നിങ്ങൾ ജീവിതം ആസ്വദിക്കാനേ പോകുന്നില്ല. പ്രതികരണങ്ങൾ ഇല്ലാതെ കണ്ണടച്ചു പോകുന്നവർക്ക് ജീവിച്ചു പോകാം! കാരണം, ജീവിതത്തിൽ ആവശ്യത്തിലേറെ പ്രശ്നങ്ങൾ സ്വാഭാവികമായി എപ്പോൾ വേണമെങ്കിലും കടന്നു വരാം. അതിനിടയിൽ, ഒന്നിനും വഴങ്ങാതെ ജീവിതസമരവും കൂടി തുടങ്ങിയാൽ ഒരാള്‍ക്ക് സ്വസ്ഥമായി ജീവിക്കാമെന്നു കരുതേണ്ട ! 'ഫ്ലക്സിബിൾ' എന്നു പറഞ്ഞാൽ, മെയ് വഴക്കം മാത്രമല്ല. മനസ്സിന്റെ വഴക്കം കൂടി ശീലിക്കുന്നവർക്കു ജീവിതവിജയം എളുപ്പത്തിൽ വഴങ്ങിക്കൊടുക്കും.
Comments