പണ്ടു പണ്ട്, സിൽബാരിപുരംദേശത്ത് വീരപാണി എന്നു പേരായ ഒരു സന്യാസി ജീവിച്ചിരുന്നു.
ഒരിക്കൽ, അദ്ദേഹം സിൽബാരിപുരംക്ഷേത്രത്തിലേക്ക് പുണ്യയാത്ര പുറപ്പെട്ടു. തോളിൽ ഒരു തുണി സഞ്ചിയും ഉണ്ടായിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ കയ്യ് തണുത്ത വഴുവഴുപ്പുള്ള എന്തോ ഒന്നിൽ തൊട്ടു. അദ്ദേഹം നോക്കിയപ്പോൾ ഒരു തടിയൻ ഒച്ച് സഞ്ചിയുടെ വള്ളിയിൽ ഇരിക്കുന്നു. സന്യാസി, ഉടൻ അതിനെ കൈ കൊണ്ടു തട്ടി നിലത്തേക്ക് എറിഞ്ഞു.
അദ്ദേഹം, ഒരു മാസത്തെ യാത്രയ്ക്കു ശേഷം തിരികെ ആശ്രമത്തിലെത്തി.
പിന്നെയും നാലു വർഷങ്ങൾ കടന്നുപോയി.
ഒരു ദിവസം-
സന്യാസി മുറിയിൽ ഒരു ഗ്രന്ഥം വായിച്ചു കൊണ്ടിരിക്കുമ്പോൾ കാൽവിരലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. പാമ്പെന്നു കരുതി സന്യാസി പെട്ടെന്നു ഒരു കാൽ മടക്കി കട്ടിലിൽ വച്ചു.
ഉടൻ, ഒരു ഒച്ച് സന്യാസിയോട് അലറി-
"ഓർമ്മയുണ്ടോ, ഈ മുഖം?"
സന്യാസി പറഞ്ഞു -
"നീ കേവലം ഒരു ഒച്ചാണ്. നിന്നെ എന്തിന് ഞാൻ ഓർത്തിരിക്കണം?"
ഒച്ച് പിന്നെയും ശബ്ദമുയർത്തി -
"താൻ തീർച്ചയായും ഓർത്തിരിക്കണം. അഥവാ, താൻ ഓർത്തില്ലെങ്കിലും ഞാൻ എന്റെ ശത്രുവായ താങ്കളെ ഒരിക്കലും മറക്കില്ല. കാരണം, നാലു വർഷങ്ങൾക്കു മുൻപ് തന്റെ സഞ്ചിയിൽ നിന്ന് നിർദ്ദയം കാട്ടിലേക്ക് എന്നെ വലിച്ചെറിഞ്ഞത് ഓർക്കുന്നുണ്ടോ?"
സന്യാസി വിനീതനായി പറഞ്ഞു -
"ഞാൻ ഇപ്പോഴും നിന്നെ ഓർക്കുന്നില്ല. എങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നിന്നോടു മാപ്പു ചോദിക്കുന്നു''
"ഒരു മാപ്പു പറഞ്ഞാൽ തീരാവുന്നതല്ല എനിക്കേറ്റ അഭിമാന ക്ഷതം. നിന്നോടു പ്രതികാരം ചെയ്യാനായി കഴിഞ്ഞ നാലു വർഷം നടന്നിട്ടാണ് ഇവിടെയെത്തിയത്"
സന്യാസി ആശ്ചര്യപ്പെട്ടു-
"ഇത്രയും ചെറിയ കാര്യത്തിന് നീ വെറുതെ നാലു വർഷം പാഴാക്കിയല്ലോ, കഷ്ടം!"
"ഏയ്, എനിക്കു നഷ്ടമായ നാലു വർഷം തന്നെ നീയും ശിക്ഷിക്കപ്പെടണം. അടുത്ത നാലു വർഷം നിന്റെ വലതു ചെവിയിൽ കയറി കേൾവി കളയുംവിധം അടച്ചിരിക്കാനാണ് എന്റെ തീരുമാനം"
സന്യാസി സമ്മതിച്ചു -
"അതാണ് ദൈവഹിതമെങ്കിൽ അങ്ങനെ നടക്കട്ടെ"
അന്നേരം, സന്യാസിയുടെ ശിഷ്യൻ അദ്ദേഹത്തിന് കട്ടൻകാപ്പിയുമായി മുറിയിലേക്കു വന്നു.
"ഛെ! ഈ ഒച്ച് ഗുരുജിയുടെ കാലിൽ കയറുമല്ലോ!"
ആ നിമിഷം തന്നെ ശിഷ്യന്റെ കരിങ്കല്ലു പോലത്തെ തഴമ്പുള്ള കാലുകൊണ്ട് ഒച്ചിനെ ചവിട്ടിയരച്ചു!
സന്യാസി പിറുപിറുത്തു -
"ഇത് ഒച്ചിന്റെ വിധിയാണ്!"
ആശയം -
നിസ്സാര കാര്യങ്ങളെ പ്രതികാര നിലവാരത്തിലേക്ക് ഉയർത്തി ദീർഘകാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ചില മനുഷ്യരെ നമുക്കു ചുറ്റും കാണാവുന്നതാണ്. ആരാണോ, പകയും പ്രതികാരബുദ്ധിയും കൊണ്ടു നടക്കുന്നത് അവർ പ്രതികാരം ചെയ്യുന്നതിനു മുൻപുതന്നെ സ്വന്തം ശരീരകോശങ്ങളോട് പ്രതികാരം ചെയ്തിരിക്കുന്നുവെന്ന് അറിയുന്നില്ല!
No comments:
Post a Comment