അഹങ്കാരിയായ സന്യാസി

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, അഹങ്കാരിയായ ഒരു അത്ഭുത സന്യാസി ഉണ്ടായിരുന്നു. അയാൾ, തന്റെ ജ്ഞാനംകൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുക എന്നൊരു പൊങ്ങച്ചമനോഭാവവും കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു.

ഒരിക്കൽ, ഒരു പ്രഭാതത്തിൽ, അയാൾ പോകുംവഴി ഒരു അണ്ണാൻ ഓരോ മരത്തിൽ നിന്നും മറ്റൊന്നിലേക്കു ചാടിച്ചാടി പോകുന്നതു കണ്ടു.

അയാൾ അണ്ണാനോടു പറഞ്ഞു -

"നിനക്ക് മര്യാദയ്ക്ക് ഒരു മരത്തിൽ നിന്നും വേറൊന്നിലേക്ക് നടന്നു കയറാമല്ലോ, നീ കാട്ടിലെ വലിയ മരംകേറ്റക്കാരനെന്ന് അറിയിക്കാനുള്ള ധിക്കാരമല്ലേ ഇത്? ഇങ്ങനെയാണ് 'അണ്ണാൻ മരം കേറുന്ന പോലെ' എന്നുള്ള മനുഷ്യരുടെ പറച്ചിൽ തന്നെ വന്നത്''

ഇതുകേട്ട് അണ്ണാനും ശരിയാണെന്നു തോന്നി. അവൻ പിന്നെ, മെല്ലെ കയറാനും ഇറങ്ങാനും തുടങ്ങി. അന്നേരം മറ്റു ജീവികൾ അവനെ ഉപദ്രവിച്ചു തുടങ്ങി.

അയാൾ മുന്നോട്ടു പോയപ്പോൾ ഒരു പരുന്ത് എലിയെ തിന്നുകൊണ്ടിരിക്കുകയായിരുന്നു. അയാൾ പറഞ്ഞു -

"ഹേയ്, പരുന്തേ, നീ ചിറകടിക്കാതെ ഒരുപാടു നേരം ആകാശത്തു പറക്കുമെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. നിനക്ക് ചിറകടിച്ചു പറക്കുന്നതിൽ എന്താണു കുഴപ്പം?"

ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു പരുന്തിനു തോന്നി. ആ പക്ഷി പിന്നെ പറന്നപ്പോൾ ആകാശത്തു ചിറകടിച്ചു വട്ടം കറങ്ങി. പക്ഷേ, ശരീരത്തിന്റെ കുലുക്കം മൂലം അതിന്റെ കണ്ണുകൾക്ക് നന്നായി താഴെ ഭൂമിയിലുള്ള ഇരകളെ സൂക്ഷ്മമായി നിർണയിക്കാൻ സാധിച്ചില്ല. താഴെ ഊളിയിട്ട് ചെല്ലുമ്പോൾ ഉന്നം പിഴച്ച് അന്നം മുടങ്ങി പരുന്ത് കഷ്ടത്തിലായി.

പിന്നെ, സന്യാസി മുന്നോട്ടു പോയപ്പോള്‍, ഒരു ചിലന്തി ഭംഗിയുള്ള വലയുടെ നടുവിൽ ഇരിക്കുകയായിരുന്നു. അതു കണ്ട്, സന്യാസി പറഞ്ഞു -

"നീ ബലവും പശയുമുള്ള വല നെയ്യുമെന്ന് ഈ കാട്ടിലും നാട്ടിലും എല്ലാവർക്കും അറിയാം. ഈ സൂത്രം ഉപയോഗിച്ച് ഇരകളെ ചതിയിൽ പെടുത്താതെ ഇര തേടി തിന്നാൻ നോക്ക്"

അതോടെ വല ഉപേക്ഷിച്ച് ചിലന്തി പ്രാണികളുടെ പിറകേ ഓടിത്തുടങ്ങി. എന്നാൽ, അവറ്റകളെ കിട്ടാതെ ചിലന്തി പട്ടിണിയായി.

പിന്നീട്, സന്യാസി നോക്കിയപ്പോള്‍, അട്ട പതിയെ പോകുന്നതു കണ്ടു. അതിനെയും സന്യാസി വെറുതെ വിട്ടില്ല -

"നീ എന്തിനാണ് ഇത്രയും കാലുകൾ ഉപയോഗിച്ചു നടക്കുന്നത്? ഞാൻ നടക്കുന്നതുപോലെ രണ്ടു കാലിൽ നടക്കരുതോ?"

അയാളുടെ വാക്കു കേട്ട് രണ്ടു കാലിൽ നടന്ന് അടിതെറ്റി അട്ട കുഴഞ്ഞു വീണു.

അയാള്‍, കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു പൂവൻകോഴി കഴുത്തുനീട്ടി ഉച്ചത്തിൽ കൂവി -

"കൊക്കരക്കോ.. കോ....."

അവനോടു സന്യാസി പറഞ്ഞു -

"നീ കൂവിയിട്ടല്ല പ്രഭാതം പൊട്ടി വിടരുന്നത്. നിന്റെ അഹങ്കാരം കയ്യിൽ വച്ചാൽ മതി"

പൂവൻകോഴി അടുത്ത ദിവസം രാവിലെ കൂവിയില്ല. പക്ഷേ, അവൻ വല്ലാത്ത മാനസിക വിഷമത്തിലായി. കാരണം, ചെറുപ്പം മുതൽ കൂവാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഇങ്ങനെ മൗനം പാലിക്കുന്നത്!

അടുത്ത ദിവസം, രാവിലെ സന്യാസിയുടെ വീടിനു മുന്നിൽ പൂവൻകോഴിയും അട്ടയും പരുന്തും അണ്ണാനും ചിലന്തിയും അവരുടെ വിഷമം പറയാൻ എത്തിച്ചേർന്നു. അവർ പരസ്പരം ദു:ഖം പങ്കുവച്ചു-

"ഈ ദിവ്യ സന്യാസിയുടെ വാക്കു ധിക്കരിച്ചാൽ ശാപം കിട്ടിയാലോ? എന്തായാലും സന്യാസിയോടു പ്രശ്നം പറയാം"

സന്യാസി ആ സമയത്ത് മുറ്റത്തു കൂടി ഉലാത്തുകയായിരുന്നു. അദ്ദേഹം ഈ ജീവികളെ കണ്ടതായി പോലും ഭാവിച്ചില്ല. ഒരു കുഴലിലൂടെ ആകാശത്തേക്ക് നോക്കി എന്തൊക്കയോ മനസ്സിലായ മട്ടിൽ പിറുപിറുക്കുന്നുണ്ടായിരുന്നു.

അപ്പോൾ പൂവൻകോഴി സംശയം പറഞ്ഞു -

"ഇനി ഈ സന്യാസി ആയിരിക്കുമോ നമ്മുടെ പ്രപഞ്ചം സംവിധാനം ചെയ്തത് ?"

അണ്ണാന്‍ തലകുലുക്കി സമ്മതിച്ചു -

"ശരിയാണ്, കണ്ടില്ലേ? മാനത്തോട്ടു നോക്കി എന്തൊക്കയോ നിർദ്ദേശം കൊടുക്കുന്നത്?"

മറ്റുള്ളവരും അതിനോട് അനുകൂലിച്ചു.

പെട്ടെന്നാണതു സംഭവിച്ചത്! -സന്യാസി മുറ്റത്തിനു താഴത്തെ കുഴിയിലേക്കു വീണു!

ഉടൻ, പരുന്ത് പറഞ്ഞു -

" ഹൊ! അയാള്‍ക്ക് നമ്മളെ എല്ലാവരെയും എന്തു കുറ്റമായിരുന്നു? മുറ്റത്ത്, കാൽചുവട്ടിലെ കുഴി കാണാൻ പറ്റാത്ത മണ്ടനാണ് ആകാശത്തെ കാര്യങ്ങൾ നോക്കുന്നത്!"

അണ്ണാൻ പറഞ്ഞു -

"അതു ശരിയാണ്. നമുക്കു നമ്മുടെ ശൈലിയിൽത്തന്നെ ജീവിക്കാം. ആദ്യം അയാൾ സ്വന്തം കാര്യം നോക്കട്ടെ!"

ചിലന്തി മറുപടിയെല്ലാം ഒറ്റവാക്കിൽ തീർത്തു-

"ത്ഫൂ...."

ആശയം -

കുഴിയിൽ വീണും വീഴിച്ചും എണീറ്റും തെറ്റുകൾ തിരുത്തിയും ശൈലി മാറ്റിയും നല്ലതു സ്വീകരിച്ച് ചീത്തയായവ തള്ളി സ്വന്തം കാര്യം മെച്ചപ്പെടുത്താൻ മാത്രമുള്ള സമയമേ ജീവിതത്തിൽ കിട്ടുന്നുള്ളൂ.

എന്നാൽ, നിരന്തര നവീകരണത്തിനുള്ള സ്വന്തം സമയമാകട്ടെ, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി വെറുതെ കളയാനുള്ളതല്ല. എല്ലാറ്റിലും ഇടപെട്ടാൽ പ്രശ്നങ്ങൾ കൂടാനാണു സാധ്യത. അവിടെ എതിരാളി മാത്രമല്ല, അവരുടെ ശിങ്കിടികളും കൊമ്പുകുലുക്കി ശത്രുത ചൊരിയും. പക്ഷേ, യുക്തമായ സഹായങ്ങളുടെ അഭ്യർഥനയെ മാനിക്കുകയും വേണമല്ലോ.

Comments