പ്രകൃതിസ്നേഹം ശീലിക്കാം

ഒരിക്കൽ, സിൽബാരിപുരംദേശത്ത് രത്നം എന്നു പേരുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ കാട്ടിലൂടെ നടക്കുമ്പോൾപോലും ഒന്നിനെയും നോവിക്കാതെ തികഞ്ഞ ജാഗ്രത പുലർത്തിയിരുന്നു.

ഒരു ദിവസം, അദ്ദേഹം ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെ നടക്കവേ, തന്റെ കാൽക്കീഴിൽ ഒരു പുഴു കിടക്കുന്നതു കണ്ടു. സന്യാസി അതിനെ ഇലകൊണ്ട് തോണ്ടിയെടുത്ത് അടുത്തു കണ്ട മരത്തിൽ വച്ചു മുന്നോട്ടു നടന്നു.

അപ്പോൾ, പിറകേ വന്നയാൾ ഇതു കണ്ടിട്ട് പറഞ്ഞു-

"സന്യാസീ, ആരെ ബോധിപ്പിക്കാനാണ് താങ്കൾ ഇങ്ങനെ ചെയ്യുന്നത്? ഒരു പുഴുവിന് കൂടി വന്നാൽ ഒരാഴ്ച ആയുസു കാണും. മാത്രമോ? ഈ കാട്ടിലെ പുഴുക്കളെയെല്ലാം രക്ഷിക്കാൻ സന്യാസിക്കു പറ്റുമോ?"

സന്യാസി പുഞ്ചിരിച്ചു -

"ഓരോ ജീവിക്കും അതിന്റെ ജീവിത കാലയളവ് പ്രധാനമാണ്. ഓരോ ദിനവും അമൂല്യമാണ്. കാരണം, അതാണ് അവരുടെ ലോകം. നമ്മുടെ ലോകം പോലെ, ആ ജീവിക്ക് അത് പ്രധാനമാണ്. ആ പുഴുവിന്റെ 7 ദിവസം നമ്മുടെ 70 വർഷത്തെ ആയുസ്സിനു തുല്യമാകാം. അതായത്, നമ്മുടെ പത്തു വർഷത്തെ പ്രാധാന്യമാണ് പുഴുവിന്റെ ഒരു ദിനം !"

അയാൾ സന്യാസിയെ പരിഹസിച്ചു -

"ഇവിടെ മനുഷ്യന് ഒരു വിലയുമില്ലാത്ത കാലമാണ്, അന്നേരമാണ് പുഴുവിന്റെ കാര്യം!"

സന്യാസി മറുപടിയൊന്നും പറയാതെ പതിയെ മുന്നോട്ടു നടന്നു. കുറച്ചു മുന്നിലായി അപരിചിതനും. ആ മനുഷ്യൻ തന്റെ പാതയിൽ കണ്ട ഉറുമ്പുകളെയും പ്രാണികളെയും മനപ്പൂർവ്വമായി ചവിട്ടി പോകുന്നതു കണ്ടപ്പോൾ സന്യാസി ചോദിച്ചു -

"താങ്കൾ ജീവികൾക്ക് ഉപകാരമൊന്നും ചെയ്യേണ്ട. പക്ഷേ, എന്തിനാണ് അവയെ പരമാവധി ഉപദ്രവിക്കാൻ ശ്രമിക്കുന്നത്?"

അയാൾ പറഞ്ഞു -

"ചെറുപ്പം മുതൽക്കുള്ള ശീലമാണ്, ഞാന്‍ ഇവറ്റകളെ വെറുതെ വിടാറില്ല"

സന്യാസി -

" താങ്കളുടെ മനസ്സിലെ ക്രൂരതയുടെ ചെറിയ പ്രതിഫലനമാണിത്"

ആശയം -

നമുക്ക് ഉപദ്രവം ചെയ്യുന്ന പ്രാണികളെയും ജീവികളെയും നശിപ്പിക്കുന്നതു തികച്ചും സ്വാഭാവികം മാത്രം. പക്ഷേ, ചില കുട്ടികൾ വരാന്തയിലും മുറ്റത്തുമൊക്കെ നടക്കുമ്പോൾ ഉറുമ്പുകളെയും ചെറു പ്രാണികളെയും മറ്റും ദേഷ്യത്തോടെ ചവിട്ടിത്തേക്കുന്നതു കാണാം. മുതിര്‍ന്നവര്‍ അതു നോക്കി ചിരിക്കുകയും ചെയ്യും. എന്നാൽ, മനസ്സിനുള്ളിലെ താണ നിലവാരത്തിലുള്ള ചിന്താഗതികൾ, ക്രൂരതകൾ, ദുശ്ശീലങ്ങൾ, തിന്മകൾ എന്നിങ്ങനെ വരാനിരിക്കുന്ന കാര്യങ്ങളിലേക്കുള്ള ബാലപാഠമാകാം അത്! ചിരിച്ചുതള്ളാന്‍ പറ്റുന്ന നിസ്സാരകാര്യമല്ല! ആവശ്യമില്ലാതെ ഇടിച്ചുകയറി ഉപദ്രവിക്കുന്ന രീതി വരുംകാലത്ത് ദോഷമായി വരാം. ആയതിനാല്‍, കൊച്ചുകുട്ടികളെ ചെറുപ്പത്തിലേ പ്രകൃതിസ്നേഹം പഠിപ്പിക്കുക. അവര്‍, ജീവന്റെ വിലയും മഹത്വവും അറിയട്ടെ. 

Comments