(1236) ഉപ്പിൻ്റെ കഥ!
"ഉപ്പില്ലാത്തതെല്ലാം കുപ്പയ്ക്കു കൊള്ളാം" എന്നുള്ള പഴഞ്ചൊൽ പ്രയോഗം നിങ്ങളിൽ പലരും കേട്ടിരിക്കാൻ ഇടയുണ്ട്. അതായത്, ഉപ്പ് ചേർക്കാത്ത ആഹാരം മാലിന്യത്തിൽ എറിയാം എന്ന് അർത്ഥം. കഥയുടെ ഉറവിടം ഒന്നു വായിച്ചാലോ?
പണ്ട്, സിൽബാരിപുരം രാജ്യം വാണിരുന്നത് വീരവർമ്മൻ ആയിരുന്നു. അയാൾക്ക് അഞ്ച് പുത്രിമാർ ജനിച്ചു. മാസത്തിൽ ഒരിക്കൽ കൊട്ടാരത്തിൽ പണ്ഡിത സദസ്സ് നടത്തുന്ന പതിവുണ്ട്. അവിടെ തൻ്റെ അഞ്ച് പെൺമക്കളെയും പ്രത്യേകം ഇരിപ്പിടങ്ങളിൽ അദ്ദേഹം ഇരുത്തി രാജ്യ കാര്യങ്ങളിൽ താല്പര്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു.
ഒരിക്കൽ, കൊട്ടാര സദസ്സിൽ അങ്ങനെ സമ്മേളനം നടക്കുമ്പോൾ രാജാവിന് മക്കളുടെ കഴിവ് എല്ലാവരെയും അറിയിക്കാൻ എന്തെങ്കിലും ചോദിക്കണമെന്നു തോന്നി.
അദ്ദേഹം മൂത്ത മകളോടു ചോദിച്ചു: "നീ എനിക്ക് ഒരു സമ്മാനം തരികയാണെങ്കിൽ എന്താകും തരിക?"
ഉടൻ അവൾ പറഞ്ഞു: "ഞാൻ അച്‌ഛന് ഏറ്റവും വലിയ രത്നക്കല്ല് തരും"
അന്നേരം എല്ലാവരും ആരവം മുഴക്കിയപ്പോൾ രാജാവിന് അഭിമാനമായി. രണ്ടാമത്തെ മകളോടു ചോദ്യം ആവർത്തിച്ചപ്പോൾ സ്വർണ്ണം എന്നു പറഞ്ഞു. മൂന്നാമത്തെ കുമാരി വെള്ളി എന്നും നാലാമത്തെ കുമാരി കാട്ടുതേൻ എന്നും ഉത്തരം കേട്ട് അദ്ദേഹത്തിന് സന്തോഷമായി.
എന്നാൽ, അഞ്ചാമത്തെ ഇളയ കുട്ടിയോടു ചോദിച്ചപ്പോൾ അവൾ സന്തോഷത്തോടെ പറഞ്ഞു: "ഞാൻ അച്ഛന് ഉപ്പ് സമ്മാനിക്കും"
അതുകേട്ട് സദസ്സിൽ എല്ലാവരും പൊട്ടിച്ചിരിച്ചു. അത് പരിഹാസമെന്നു മനസ്സിലാക്കിയ രാജാവ് കോപിച്ചു: "എന്നെ നാണം കെടുത്തിയ നീ ഒരു നിമിഷം പോലും ഈ രാജ്യത്ത് നിന്നു പോകരുത്!"
ഭടന്മാർ ആ കുട്ടിയെ അയൽരാജ്യമായ കോസലപുരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു! അതേസമയം, അവിടത്തെ കനകരാജാവ് നായാട്ടിനു പോയി തിരികെ കുതിരപ്പുറത്ത് വരികയായിരുന്നു. എങ്ങോട്ടു പോകണമെന്ന് അറിയാതെ കരഞ്ഞുകൊണ്ട് നടന്ന കുട്ടിയെ കണ്ട് അദ്ദേഹം വിവരം തിരക്കി.
ഇവൾ കൊച്ചു രാജകുമാരിയെന്ന് അറിഞ്ഞ രാജാവ് ഞെട്ടി! ഈ അയൽരാജ്യങ്ങൾ തമ്മിൽ പിണങ്ങിയ കാലമായിരുന്നു അത്. എങ്കിലും അവളെ സ്വന്തം കൊട്ടാരത്തിലെത്തിച്ചു. പിന്നീട് മറ്റുള്ള മക്കൾക്കൊപ്പം രാജാവ് വളർത്തി.
മകന് വിവാഹ പ്രായമായപ്പോൾ, കനകരാജാവ് തൻ്റെ മകനുമായി രാജകുമാരിയുടെ വിവാഹം തീരുമാനിച്ചു. അങ്ങനെ വിവാഹ ദിനം വന്നെത്തി. കോസലപുരത്തെ വീരവർമ്മൻ ക്ഷണം സ്വീകരിച്ച് അവിടെ എത്തിച്ചേർന്നു.
വീരവർമ്മന് സദ്യ വിളമ്പിയപ്പോൾ ഒന്നിലും ഉപ്പ് ചേർത്തിരുന്നില്ല. അത് വായിൽ വച്ച ഉടൻ അദ്ദേഹം കോപിച്ചു: "എന്നെ മനപ്പൂർവ്വം വിളിച്ചു വരുത്തി അപമാനിക്കാൻ വേണ്ടിയാണ് രുചിയില്ലാത്ത ഈ ആഹാരം വിളമ്പിയത് "
ഉടൻ, രാജകുമാരി ഒരു ചെറുപാത്രത്തിൽ എല്ലാത്തിലും ഉപ്പു വിതറി. തുടർന്ന്, കഴിച്ചപ്പോൾ രാജാവ് പറഞ്ഞു: "ഹോ! എന്തൊരു സ്വാദ്! നിങ്ങൾ ഉപ്പു ചേർക്കാൻ മറന്നു പോയോ?"
അന്നേരം, രാജകുമാരി പറഞ്ഞു: "അച്ഛാ, നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആഹാരമാണ്. പക്ഷേ, ഉപ്പില്ലാത്തതെല്ലാം കുപ്പയ്ക്കു കൊള്ളാം"
താൻ ഒരിക്കൽ ഉപേക്ഷിച്ച മകളാണ് ഇതെന്ന് അപ്പോഴാണ് വീരവർമ്മരാജാവിനു മനസ്സിലായത്! അന്നേരം, തൻ്റെ പഴയകാല തെറ്റിന് എല്ലാവരോടും മാപ്പു ചോദിച്ച് അയാൾ അവിടെ നിന്നും കുറ്റബോധത്തോടെ തിരികെ യാത്രയായി!
ആശയം: സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്‌ടങ്ങളെ അംഗീകരിക്കുക!
Written by Binoy Thomas, Malayalam eBooks - 1236- Pazhancholkadhakal -13, PDF -https://drive.google.com/file/d/1oT8SzJ9av3ZKx3OcpZSXI3gwBRfoJs-_/view?usp=drivesdk