പഴഞ്ചൊല്‍കഥകള്‍-1

Malayalam eBooks-75-pazhamcholkathakal-1- is a series of old sayings of ancient kerala society as pazhamchollukal, pazhanchollu, pazhamchollu kathakal, pazhamcholkathakal etc,. Author- Binoy Thomas, pdf format book, 7 pages, size-70 kb. Price-FREE. For making any donation/contribution to this website project, visit 'about/contact' pages.

പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്‍കഥകള്‍-1- ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ വായിക്കാം.

ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം? പ്രശസ്തമായ ഈ പഴഞ്ചൊല്ല് നാം പലപ്പോഴും കേൾക്കുന്നതും പ്രയോഗിക്കുന്നതുമല്ലേ? പ്രാധാന്യമുള്ള ഒരു കാര്യത്തിനിടയില്‍ നിസ്സാരമായത് വേണ്ട എന്നാണു പൊതുവേ ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ ആദ്യ പ്രയോഗം എന്നായിരുന്നു? ആർക്കുമറിയില്ല. എന്നാൽ, ഇതു സംബന്ധിച്ച് ഒട്ടേറെ കഥകൾ മലയാളികൾക്കുണ്ട്. അതിലൊന്ന് പറയാം-

പണ്ടുപണ്ട്, വീരു എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന നാട്ടുരാജ്യമുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ പുരോഗമിച്ച നാടായിരുന്നില്ല അത്. കൃഷി മാത്രമായിരുന്നു വരുമാനമാർഗം. ചില വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി കൃഷികൾ നശിക്കുമ്പോൾ കൊട്ടാരത്തിലെ വലിയ പത്തായപ്പുരയിൽ സംഭരിച്ചിരിക്കുന്ന നെല്ലുവിതരണത്തിലൂടെ വീടുകൾക്ക് താൽക്കാലിക ആശ്വാസമാകും.

ഒരിക്കൽ, നല്ല വിളവു കിട്ടിയ ഒരു വർഷം വന്നു ചേർന്നു. രാജാവിനും പ്രജകൾക്കും വലിയ സന്തോഷമായി. പത്തായപ്പുരയിൽ ധാന്യങ്ങൾ ശേഖരിക്കാൻ സ്ഥലം തികഞ്ഞില്ല.

അപ്പോള്‍, രാജാവിനോട് മന്ത്രി ഉണർത്തിച്ചു-

"പ്രഭോ, ഇത്തവണ ധാന്യ വിതരണം വേണ്ടല്ലോ. അതിനാൽ, ഇതെല്ലാം അയൽരാജ്യത്തിനു വിറ്റ് സ്വർണം വാങ്ങാം തിരുമനസ്സേ"

"ശരിയാണു മന്ത്രി പറഞ്ഞത്. ഖജനാവിൽ സ്വർണവും വെള്ളിയും കാര്യമായി നീക്കിയിരുപ്പ് ഇല്ലല്ലോ"

ഒട്ടും വൈകാതെ ധാന്യങ്ങൾ നിറച്ച ചാക്കുകളുമായി കാളവണ്ടികൾ നിരനിരയായി അയൽനാട്ടിലേക്കു പോയി. അതിന്റെ വിലയായി സ്വർണം രാജാവിനു ലഭിക്കുകയും ചെയ്തു. താമസിയാതെ ചിങ്ങമാസം വന്നുചേർന്നു. ഇത്തവണത്തെ ഓണത്തിന് പ്രജകളെയെല്ലാം നേരിൽ കാണണമെന്ന് രാജാവിന് മോഹമുദിച്ചു. അതിനുള്ള രാജ വിളംബരവും പുറപ്പെടുവിച്ചു.

പ്രജകൾക്കും സന്തോഷമായി. കല്പനപ്രകാരം, ഒന്നാം ഓണദിനത്തിൽ ഓരോ കുടുംബവും കൊട്ടാരത്തിലേക്ക് വച്ചുപിടിച്ചു. ഇതേസമയം, നാട്ടിലെ ചായക്കട നടത്തിവന്നിരുന്ന കേശു അയാളുടെ ഭാര്യയോടു പറഞ്ഞു:

"എടീ, എന്തുമാത്രം ആളുകളാണ് കൊട്ടാരത്തിലേക്ക് അതിരാവിലെ ഒഴുകുന്നത്? രാജാവ് ഒരു വെള്ളിനാണയമെങ്കിലും സമ്മാനമായി തരുമായിരിക്കും"

"ശരിയാ, കിട്ടും. നമുക്ക് കടയടച്ചിട്ട് വൈകുന്നേരം പോകാം"

"ഞാനൊരു സംശയം പറയട്ടെ. ഈ ജനങ്ങളെല്ലാം തിരികെയെത്തുമ്പോൾ കഴിക്കാൻ നമ്മുടെ ചായക്കടയിൽ കേറില്ലേ? നല്ല വിശപ്പു കാണും''

"ഉം. അതും ശരിയാ. ദോശയും ചമ്മന്തിയും മതിയോ?"

"പറ്റില്ല. ഏറെ ദൂരം നടന്നു വരുന്നവരുണ്ട്. അതു കൊണ്ട് പുട്ടുതന്നെ ഉണ്ടാക്കണം"

ഇരുവരും അതിവേഗം പരിശ്രമിച്ചപ്പോൾ ചായക്കടയിലെ ചില്ലിട്ട അലമാര നിറയെ പുട്ടുകുറ്റികൾ നിറഞ്ഞു. പിന്നീട്, കേശുവും ഭാര്യയും വഴിയിലേക്ക് നോക്കിയിരിപ്പായി. പക്ഷേ, രാവിലെ പോയ ആളുകൾ പോലും ഉച്ചയായിട്ടും തിരികെ വരുന്നില്ല! അവർക്ക് ആശങ്ക തോന്നി. എന്നാൽ, രണ്ടുമണി കഴിഞ്ഞപ്പോൾ ആളുകൾ വന്നു തുടങ്ങി. അപ്പോൾ കേശു ബഞ്ചും മേശയുമൊക്കെ തുണികൊണ്ട് വൃത്തിയാക്കി തയ്യാറായി നിന്നു. പക്ഷേ, ജനങ്ങൾ ചായക്കടയിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു പോയി!

കേശുവും ഭാര്യയും എന്താണു കാര്യമെന്ന് അറിയാതെ വെപ്രാളപ്പെട്ടു!

അപ്പോൾ കേശു ഉച്ചത്തിൽ വിളിച്ചുകൂവി-

"എല്ലാവരും കടന്നുവരൂ.. നല്ലൊന്നാന്തരം പുട്ടു കഴിച്ചിട്ടുപോകാം"

അതുകേട്ട്, ഒരുവന്‍ കുടവയറില്‍ തടവിക്കൊണ്ട് ദേഷ്യപ്പെട്ടു:

“ഓണത്തിനിടയ്ക്കാണോടാ നിന്റെ പുട്ടുകച്ചവടം?”

അപ്പോഴും കേശുവിനും ഭാര്യക്കും കാര്യം മനസ്സിലായില്ല. അവര്‍ കണ്ണുമിഴിച്ചു നില്‍ക്കുമ്പോള്‍ പിറകേ വന്ന ഒരാള്‍ പറഞ്ഞു:

“ഓണത്തിന് രാജാവ് ഇതുപോലൊരു സദ്യ തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല!"

അങ്ങനെ, കേശുവിന്റെയും ഭാര്യയുടെയും പുട്ടുകച്ചവടം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീണു!

To download this safe google  drive eBook pdf file-75, Click here-

https://drive.google.com/file/d/0Bx95kjma05ciR1VKY3ExeVFrOHM/view?usp=sharing&resourcekey=0-31Og_Ed-kmzx-eHYSqNRGA