(945) നമ്പിടിയുടെ നാടുനീങ്ങൽ!
ഇവിടെ രണ്ടു പഴഞ്ചൊല്ലുകൾക്ക് ആധാരമായ ഒരു കഥ പറയാം. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നമ്പിടി എന്നു പേരായ നമ്പൂതിരി ജീവിച്ചിരുന്നു.
നല്ല പ്രതാപത്തിലിരുന്ന തറവാടായിരുന്നു അയാളുടേത്. എന്നാൽ കാലക്രമേണ തറവാടു ക്ഷയിച്ചു. ചോറുണ്ണാനുള്ള അരി പോലും ഇല്ലാതെ അയാൾ പട്ടിണി കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല.
വൈകാതെ, ഒരു ദിവസം നമ്പിടി മരിച്ച വാർത്ത ആ ദേശത്തു മുഴുവൻ പരന്നു. ഉടൻ, ആളുകൾ കേട്ടറിഞ്ഞ് ദൂരെ നിന്നു പോലും അവിടെ എത്തിച്ചേർന്നു.
ഉടൻ, പൗര പ്രമാണി അവിടെ എത്തിച്ചേർന്നു. അയാൾ, മറ്റുള്ളവരോടായി പറഞ്ഞു - "ഈ നമ്പിടിയ്ക്ക് വായ്ക്കരി ഇടാനായി കുറച്ച് അരി എടുത്തു കൊണ്ടു വരിക"
അന്നേരം , ആ പ്രദേശവാസിയായ ഒരാൾ പിറകിൽ നിന്നും വിളിച്ചു കൂവി - "ഇയാൾ എന്തു മണ്ടത്തരമാണു പറയുന്നത്? വായ്ക്കരിക്കുള്ള അരിയെങ്കിലും ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അയാൾക്കു പട്ടിണിമരണം സംഭവിക്കുമായിരുന്നോ? അതുകൊണ്ടു കഞ്ഞി കുടിക്കില്ലായിരുന്നോ?"
പൗരപ്രമാണി ലജ്ജിച്ചു തലതാഴ്ത്തി!
അന്നു മുതൽക്ക് ഈ വിധത്തിലുള്ള ഒരു പ്രയോഗമുണ്ടായി - "നമ്പിടിക്ക് അരിയുണ്ടെങ്കിൽ നാടുനീങ്ങുമായിരുന്നോ?"
"ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്റെ വിശപ്പ് " എന്ന പഴഞ്ചൊല്ലും ഇതിനൊപ്പം ചേർത്തു വായിക്കുമല്ലോ.
Written by Binoy Thomas, Malayalam eBooks-945 - പഴഞ്ചൊൽ കഥകൾ - 3, PDF -https://drive.google.com/file/d/1FylUmam5k7P4D576_V4sSD8gqulnjQiA/view?usp=drivesdk
Comments