(1197) മർക്കട മുഷ്ടിയുടെ കഥ!
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ മനുഷ്യവാസമില്ലാത്ത കാലം. ആ കാട്ടിൽ മൃഗഭരണത്തിന് സിംഹവും കടുവയും ആനയും കരടിയും പുലിയും ഇല്ലായിരുന്നു. അതായത്, കാടാകെ, ചെറിയ മൃഗങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.
ഒരിക്കൽ, മൃഗങ്ങളെല്ലാം വലിയൊരു സംഘമായി വലിയ ആൽമരത്തിൻ്റെ ചുറ്റും കൂടി. കാട്ടുപോത്ത് പറഞ്ഞു- "കൂട്ടുകാരെ, എല്ലാ കാടുകളിലും മൃഗരാജാവായി സിംഹമോ ഇല്ലെങ്കിൽ കടുവയോ ഉണ്ടെന്നു കേൾക്കുന്നു. വലിയവർ ഇല്ലെങ്കിലും നമുക്കും ഒരു രാജാവ് വേണം!"
മറ്റു മൃഗങ്ങളെല്ലാം അതിനെ പിന്തുണച്ചു. പക്ഷേ, ആരാണു രാജാവ് ആകേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായില്ല. അന്നേരം, മുയൽ പറഞ്ഞു - "കാട്ടിലെ ഏറ്റവും ബുദ്ധിമാൻ കുറുക്കനാണ്. അതിനാൽ കുറുക്കനെ രാജാവാക്കാം"
ഉടൻ, മുയൽ പറഞ്ഞു -"ഈ കാട്ടിൽ അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ എത്താറുണ്ട്. അവരെ അകലെ നിന്നും തിരിച്ചറിയാൻ ഏറ്റവും വലിയ മരത്തിൽ താമസിക്കുന്ന കുരങ്ങൻ മതിയാകും. അവിടെ നിന്നും നിരീക്ഷിക്കാൻ കഴിവുള്ള കുരങ്ങൻ രാജാവായാൽ നമുക്ക് നല്ല സുരക്ഷ കിട്ടില്ലേ?"
എന്നാൽ, ഏതാനും മൃഗങ്ങൾ കുറുക്കന് അനുകൂലമായി സംസാരിച്ചതിനാൽ എല്ലാവരും വേണ്ട വിധം ആലോചിച്ചതിനു ശേഷം നാളെ രാവിലെ വീണ്ടും ഇവിടെ ഒന്നിച്ചു കൂടാമെന്നു തീരുമാനമായി.
അന്നു രാത്രിയിൽ കുറുക്കൻ ചില ആലോചനകളിൽ മുഴുകി. കുരങ്ങനെ കഴിവുകെട്ടവനായി മറ്റുള്ളവർക്കു മുന്നിൽ കാണിക്കണമെന്ന് അവൻ തീരുമാനിച്ചു.
അടുത്ത പ്രഭാതത്തിൽ, വേട്ടക്കാർ പണ്ടെങ്ങോ ഉപേക്ഷിച്ചു പോയ ഒരു ചെമ്പു കുടം കുറുക്കൻ കണ്ടെത്തി. കുരങ്ങന് ഏറ്റവും ഇഷ്ടപ്പെട്ട അത്തിപ്പഴം ഒരെണ്ണം ചെറുതായി മുറിച്ച് കുടത്തിലിട്ടു.
എന്നിട്ട്, ആ കുരങ്ങൻ ഉറങ്ങുന്ന വലിയ മരത്തിനു കീഴിൽ കുടം വച്ച് കുറുക്കൻ മാറി ആൽമരച്ചുവട്ടിലേക്കു പോയി. കുറെ കഴിഞ്ഞപ്പോൾ അവിടെ മൃഗങ്ങൾ എല്ലാവരും എത്തി. അവർ ഒരുമിച്ച് പറഞ്ഞു -"നമ്മുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാൽ, കുരങ്ങൻ രാജാവാകട്ടെ!"
പക്ഷേ, അവിടെ കുരങ്ങൻ ഇനിയും എത്തിയിട്ടില്ല. "നമ്മുടെ രാജാവ് എവിടെ?" ചില മൃഗങ്ങൾ ആശങ്കപ്പെട്ടു.
അന്നേരം, കുറുക്കൻ പറഞ്ഞു -"കുരങ്ങന്മാർ പൊതുവേ ചപലന്മാർ ആണെന്ന് നിങ്ങൾക്ക് അറിയില്ലേ? എൻ്റെ കൂടെ വരിക. ഞാൻ നിങ്ങളെ കാണിച്ചു തരാം"
അവരെല്ലാം കുരങ്ങൻ്റെ മരച്ചുവട്ടിൽ എത്തിയപ്പോൾ ചെമ്പു കുടത്തിൽ കയ്യിട്ട് ഇരിക്കുന്നതാണു കണ്ടത്.
കുറുക്കൻ കുരങ്ങിനോടു ചോദിച്ചു - "രാജാവേ, അങ്ങ് എന്താണ് അങ്ങോട്ടു വരാതിരുന്നത്? ഈ കുടത്തിൽ എന്തു ചെയ്യുകയാണ്?"
കുരങ്ങൻ പറഞ്ഞു -"എനിക്ക് ഏറെ ഇഷ്ടമുള്ള അത്തിപ്പഴം ഈ കുടത്തിൽ കിടപ്പുണ്ട്. പക്ഷേ, എല്ലാം കൂടി ഒന്നിച്ച് എടുക്കാൻ എനിക്കു പറ്റുന്നില്ല"
കുറുക്കൻ മറ്റുള്ളവരോടു പറഞ്ഞു -"ഇന്നു മുഴുവൻ ഈ കുടവുമായി ഇരിക്കുന്ന മർക്കട മുഷ്ടിക്കാരൻ - ഇവനെയാണോ രാജാവ് ആക്കേണ്ടത്?"
ഉടൻ, മൃഗങ്ങൾ എല്ലാവരും കുറുക്കനെ ആ കാട്ടിലെ മൃഗരാജാവാക്കി.
ആശയം: ചാപല്യം കുരങ്ങിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. മനുഷ്യരിലും വെറും ചപലത - മർക്കടമുഷ്ടി -കാട്ടി ജീവിതം നശിപ്പിക്കുന്നവർ അനേകമാണ്. നിങ്ങൾ ആത്മശോധന ചെയ്യൂ!
Written by Binoy Thomas, Malayalam eBooks-1197 - pazhanchol kathakal - 12, PDF-https://drive.google.com/file/d/1I_5VVdfb3C93YLy3t6SuaeQzeMPIsB4Y/view?usp=drivesdk
Comments