(1254) രണ്ടു കുടിയന്മാർ!
സിൽബാരിപുരം രാജ്യത്ത് ഒരു ആശ്രമത്തിലെ ഗുരുവിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണു കണ്ടിരുന്നത്. കാരണം, അദ്ദേഹം കോപിച്ച അവസരങ്ങളിൽ ചിലരെ ശപിച്ച കുറെ സംഭവങ്ങൾ നാട്ടുകാർ പേടിയോടെ ഓർക്കാറുണ്ട്.
ഒരു ദിവസം, രണ്ടു മദ്യപാനികൾ വഴിയിലൂടെ തെന്നിത്തെറിച്ച് നടക്കുകയായിരുന്നു. അന്നേരം, ഗുരുവും ഏതാനും ശിഷ്യന്മാരും അതുവഴി വന്നു. ഗുരു അവരെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് ശിഷ്യന്മാർ വിചാരിച്ചത് കുടിയന്മാരെ ശപിക്കുമെന്നാണ്.
എന്നാൽ, ഗുരു അവരോട് യാതൊന്നും പറയാതെ, പാതയോരത്ത് നിന്ന ഒരു ചെടിയുടെ കമ്പ് ഒടിച്ചെടുത്തു. എന്നിട്ട്, അതിൽ ഒരു കുടിയനെ നല്ലതുപോലെ അടിച്ചു. അവൻ അടികൊണ്ട് നിലവിളിച്ചു! പക്ഷേ, രണ്ടാമനെ അടിച്ചില്ല.
അതുകഴിഞ്ഞ് ഗുരുവും ശിഷ്യരും മുന്നോട്ടു പോയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഗുരുവേ, അങ്ങ് എന്തുകൊണ്ടാണ് രണ്ടാമനെ തല്ലാതെ വിട്ടത്?"
അന്നേരം ഗുരു പറഞ്ഞു: "ഇവർ രണ്ടു പേരും സ്ഥിരമായി മദ്യം സേവിക്കുന്നവരാണ്. അതിൽ രണ്ടാമൻ സ്വയം നശിക്കുന്നു. മറ്റാരെയും ഉപദ്രവിക്കാറില്ല. എന്നാൽ, ഒന്നാമൻ അങ്ങനെയല്ല. അവൻ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നവനാണ്. എൻ്റെ തല്ല് അവനു കിട്ടിയതിനാൽ ഇനി അവന് വേറെ ആളുകളെ തല്ലാൻ കഴിയില്ല!"
ആശയം: ചിലരുടെ ദുശ്ശീലങ്ങൾ ഒരാളിൽ തുടങ്ങി അവനിൽത്തന്നെ അവസാനിക്കും. അതേസമയം, മറ്റു ചിലരുടേത് ഒരാളിൽ തുടങ്ങി അനേകരിൽ അവസാനിക്കും.
Written by Binoy Thomas, Malayalam eBooks: 1254: Bad habits : 72: PDF :https://drive.google.com/file/d/1bCOjmao-qC9ZcFmebDOH34v5J4Jj9iZP/view?usp=drivesdk