(1255) രാജാവിനെ പറ്റിച്ച പ്രജകൾ!
പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ.
പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി.
"മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം"
രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്"
പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു.
എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക്കു കിട്ടാതെയായി. അതോടെ തൻ്റെ ദൗത്യം വിജയിച്ചെന്ന് രാജാവ് അഭിമാനിച്ചു. പക്ഷേ, ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ വീണ്ടും എലികളുമായി ആളുകൾ കൊട്ടാരത്തിലെത്തി. പക്ഷേ, എല്ലാം എലിക്കുഞ്ഞുങ്ങളായിരുന്നു.
രാജാവിന് പിന്നെയും വിഷമം തോന്നി. അതേസമയം, വലിയ എലികളില്ലാതെ എങ്ങനെ ചെറുതു മാത്രം കിട്ടുന്നു എന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമായി. ഒരു ദിവസം, അദ്ദേഹം വേഷം മാറി ഗ്രാമത്തിലൂടെ നടന്നു.
അന്നേരം, പലരും ചാക്കുകളിൽ ഗോതമ്പുമായി പോകുന്നതു കണ്ടു. അരിയാഹാരം നിത്യശീലമായിരിക്കുന്ന നാട്ടിൽ പതിവില്ലാതെ ഗോതമ്പ് എങ്ങനെയാണ് ഇത്രയും പ്രിയപ്പെട്ടതാകുന്നത്?
രാജാവ് ഒരുവനെ പിന്തുടർന്ന് വീടിൻ്റെ പിറകിലെത്തി മുറിയുടെ അകത്തേക്ക് നോക്കിയപ്പോൾ ഞെട്ടി! ആ മുറി നിറയെ തീരെ ചെറിയ എലിക്കുഞ്ഞുങ്ങൾ! അതിനെല്ലാം ഗോതമ്പു തിന്നാനായി തറയിൽ വിതറിയിട്ടുണ്ട്. നാണയം തട്ടിയെടുക്കാനായി ജനങ്ങൾ എന്നെ വഞ്ചിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം കൊട്ടാരത്തിലേക്കു പോയി.
ദേഷ്യത്തോടെ രാജാവ് അടുത്ത കല്പന പുറപ്പെടുവിച്ചു: "എലികളെ ഇനി ആരും കൊട്ടാരത്തിലേക്കു കൊണ്ടുവരേണ്ട. പകരം നിങ്ങൾ ചേരപ്പാമ്പുകളെ വളർത്തിയാൽ എലികളെ നിയന്ത്രിക്കാൻ പറ്റും. ഏതാനും മാസങ്ങൾ കഴിഞ്ഞ് അതിനുള്ള പ്രതിഫലം നിങ്ങൾക്കു കിട്ടുകയും ചെയ്യും"
അന്നേരം, നാട്ടുകാർ ചേരപ്പാമ്പുകളെ വളർത്തിത്തുടങ്ങി. അവർ അഭിപ്രായപ്പെട്ടു: "എലിക്കു പകരം നാണയം തന്നതുപോലെ പാമ്പുകളുടെ എണ്ണത്തിനും നാണയം ഏറെ സമ്പാദിക്കാം"
കുറെ മാസങ്ങൾ പിന്നിട്ടു. എലിക്കു പകരമായി കിട്ടിയ നാണയങ്ങൾ കുടുംബച്ചെലവിനായി എടുത്തിട്ട് അവരിൽ പലരും പണിക്കു പോകാതെ പാമ്പുകളുടെ പിറകെ പോയി. ചിലർ കാട്ടിൽ നിന്നു വരെ പാമ്പിനെ പിടിച്ചു.
പാമ്പുകൾ പെറ്റുപെരുകിയിട്ടും രാജാവ് യാതൊന്നും അറിഞ്ഞ മട്ടു കാട്ടിയില്ല. ഒരു ദിവസം ഒരു സംഘം നാട്ടുകാർ രാജാവിനു മുന്നിലെത്തി : "രാജാവേ, ഞങ്ങൾ പാമ്പുകളെ ഇവിടെ കൊണ്ടുവരട്ടെ? അങ്ങു പറഞ്ഞ പ്രതിഫലവും ഞങ്ങൾക്ക് ഇപ്പോൾ വളരെ അത്യാവശ്യമാണ് "
ഉടൻ, രാജാവ് കോപം കൊണ്ട് അലറി: "ഒരിക്കൽ, നിങ്ങൾ എലിശല്യം പറഞ്ഞ് വന്നപ്പോൾ സഹായിക്കാനായി ഖജനാവിലെ നാണയങ്ങൾ ഏറെ ചെലവിട്ടു. എലി നശീകരണമായിരുന്നു എൻ്റ ലക്ഷ്യം. പക്ഷേ, നിങ്ങൾ അത്യാർത്തിയോടെ വീടുകളിൽ എലിയെ വളർത്തി എൻ്റെ നാണയങ്ങൾ തട്ടിയെടുക്കാൻ തുടങ്ങി. അതുകൊണ്ടാണ് എലിക്കു പകരം പാമ്പിനെ വളർത്താൻ ഞാൻ ഉത്തരവിട്ടത് "
ചതിക്കു പകരമുള്ള ചതിയാണ് രാജാവ് കാണിച്ചതെന്നു മനസ്സിലാക്കിയ നാട്ടുകാർ മറ്റൊരു വ്യവസ്ഥ രാജാവിനെ ഓർമ്മിപ്പിച്ചു: "രാജാവേ, അങ്ങ് പ്രതിഫലം നൽകുമെന്ന് കല്പന ഉണ്ടായിരുന്നല്ലോ?"
രാജാവ് പൊട്ടിച്ചിരിച്ചു കൊണ്ട് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കല്പനയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു: "ശരിയാണ്. ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾ പാമ്പിനെ വളർത്തിയത്. അതിനുള്ള പ്രതിഫലം നിങ്ങൾക്കു കിട്ടുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാൻ തരുമെന്ന് കല്പനയിൽ പറഞ്ഞിട്ടില്ല. ആ പാമ്പുകളെ തുറന്നു വിട്ടാൽ അവറ്റങ്ങൾ എലിയെ പിടിക്കും. അതാണു പ്രതിഫലം!"
നാട്ടുകാർ ദേഷ്യത്തോടെ വീട്ടിലെത്തി പാമ്പുകളെയെല്ലാം പറമ്പിൽ തുറന്നു വിട്ടു. എന്നാൽ, അവറ്റകളുടെ എണ്ണം കൂടുതലാകയാൽ അതെല്ലാം തലങ്ങും വിലങ്ങും പാഞ്ഞു. അടുക്കളയിൽ വരെ കയറി പാമ്പുകൾ ഒളിച്ചിരുന്നു. അതോടെ അവരുടെ ജീവിതം ദുസ്സഹമായി. കുട്ടികൾ കൂടുതൽ പേടിച്ചു വിറച്ചപ്പോൾ മുതിർന്നവരുടെയും ഉറക്കം നഷ്‌ടപ്പെട്ടു.
അതേസമയം, ഇതെല്ലാം രാജാവിനെ സന്തോഷിപ്പിക്കുകയും ചെയ്തു.
ആശയം: നമുക്ക് ഒരാൾ ചെയ്യുന്ന ഇളവുകളും ആനുകൂല്യങ്ങളും നന്മകളുമെല്ലാം അയാളുടെ ദൗർബല്യമാണെന്നു കരുതാൻ പാടില്ല.
Written by Binoy Thomas, Malayalam eBooks: 1255: Folk Tales: 97, PDF:https://drive.google.com/file/d/1wmFcsIFdubG-OQb06wq0YGWe-4Mjie32/view?usp=drivesdk