(1222) കടിച്ചതുമില്ല! പിടിച്ചതുമില്ല!
പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു നാട്ടിൻപുറത്ത് കുരങ്ങന്മാരുടെ ശല്യമുണ്ട്. അവിടെയുള്ള വീടുകളുടെ പിന്നാമ്പുറത്ത് ചെന്ന് കുരങ്ങന്മാർ ഒളിച്ചിരിക്കും. എന്നിട്ട്, അടുക്കളയിലോ വരാന്തയിലോ ആളുകൾ ഇല്ലാതിരിക്കുന്ന സമയത്ത് കയറി ആഹാരം കട്ടെടുത്ത് സമീപത്തെ കാട്ടിലേക്ക് ഓടിമറയും.
പതിവുപോലെ ഒരു ദിവസം, ഒരു കുരങ്ങൻ വീടിൻ്റെ പിറകിൽ വന്നപ്പോൾ അവിടെ മുറ്റത്ത് രണ്ടു കോഴികൾ തമ്മിൽ പരസ്പരം കൊത്തുകയാണ്. കുരങ്ങൻ കാരണം അന്വേഷിച്ചപ്പോൾ മുറ്റത്ത് കിടക്കുന്ന ഒരു കള്ളപ്പം ആർക്കു വേണം എന്നതിനാണ് തർക്കം.
ഉടൻ, കുരങ്ങൻ പറഞ്ഞു -"ഞാൻ നിങ്ങൾക്കു രണ്ടു പേർക്കും പകുതി വീതം ഒടിച്ചു തരാം. ഇത്രയും ചെറിയ കാര്യത്തിന് എന്തിനാണ് വഴക്കിടുന്നത്?"
കോഴികൾക്ക് അത് സമ്മതമായി. കുരങ്ങൻ കള്ളപ്പം കയ്യിലെടുത്ത് രണ്ടായി മുറിച്ചു. പക്ഷേ, ഇതിനിടയിൽ കുരങ്ങൻ ഒരു ബുദ്ധി പ്രയോഗിച്ചു - നേർ പകുതി ആയിരുന്നില്ല! ഒരെണ്ണം വലുതായിരുന്നു!
അത് കോഴികൾക്ക് നീട്ടിയപ്പോൾ ചെറിയ കഷണം നോക്കി ഒരു കോഴി പറഞ്ഞു -"ഇത് തുല്യമല്ല. ഒരെണ്ണം ചെറുതും മറ്റേത് വലുതുമാണ്!"
പെട്ടെന്ന്, കുരങ്ങൻ പറഞ്ഞു -"ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം"
തുടർന്ന്, കുരങ്ങൻ വലിയ അപ്പക്കഷണം കടിച്ചു തിന്നു. അത് ചെറിയ കഷണത്തേക്കാൾ ചെറുതായിപ്പോയി!
പെട്ടെന്ന്, ഒരു കോഴി പറഞ്ഞു -"നേരത്തേ ഉണ്ടായിരുന്ന അപ്പക്കഷണത്തേക്കാൾ ഇപ്പോൾ മറ്റേത് ചെറുതാണ് "
പിന്നെയും കുരങ്ങൻ ആ കഷണം കുറച്ച് കടിച്ചു തിന്ന് വീണ്ടും അതേ അവസ്ഥ. അപ്പോഴും കോഴികൾക്ക് പരാതിയായിരുന്നു. ഇതിനിടയിൽ അപ്പം ഓരോ തവണയും കുരങ്ങൻ്റെ വയറ്റിൽ പോകുന്നത് അവർ ശ്രദ്ധിച്ചതേയില്ല.
ഒടുവിൽ, തീരെ ചെറിയ കഷണങ്ങളും കുരങ്ങൻ്റെ വയറ്റിലേക്ക് അപ്രത്യക്ഷമായി. അപ്പോൾ മാത്രമാണ് കോഴികൾക്ക് ബോധം വന്നത്!
കോഴികൾ ദേഷ്യത്തോടെ കുരങ്ങനെ പറന്നു കൊത്താൻ വന്നപ്പോൾ അവൻ കാട്ടിലേക്ക് സന്തോഷത്തോടെ ഓടിച്ചാടി മറഞ്ഞു!
ആശയം: ആവശ്യമില്ലാത്ത വാഗ്വാദങ്ങളിലും തർക്കങ്ങളിലും പെട്ട് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലൂടെ അനേകം മനുഷ്യർ ജീവിക്കുന്നുണ്ട്.
Written by Binoy Thomas, Malayalam eBooks-1222-നാടോടിക്കഥകൾ - 90, PDF-https://drive.google.com/file/d/1Zv1kL4lk7OVBlt2ubY1VJ5W_qJix75e_/view?usp=drivesdk
Comments