(1211) നാടോടിയുടെ ആട്!

 സിൽബാരിപുരം രാജ്യത്തിൽ ചെറുതും വലുതുമായ പാറക്കെട്ടുകളും കുന്നിൻ ചെരിവുകളുമെല്ലാം ഉണ്ടായിരുന്നു. അവിടെ കുന്നിൻ ചെരിവിലൂടെയും പാറക്കെട്ടുകൾക്കിടയിലെയും തീറ്റികൾ തിന്നാൻ കോലാടുകൾ നടക്കുന്നത് പതിവാണ്.

മാത്രമല്ല, കാട്ടിൽ നിന്നും കുറുക്കന്മാർ താഴ്‌വാരത്തിലൂടെ വരുമ്പോഴും ആടുകൾ അതിവേഗം ഉയരമേറിയ മലമടക്കുകളിലേക്ക് ചാടിക്കയറി രക്ഷപ്പെടും.

ഒരിക്കൽ, ഒരു നാടോടി ആ നാട്ടിലെത്തി. ചെങ്കുത്തായ പാറമേൽ പിടിച്ചു കയറുന്ന കോലാടുകളെ നോക്കി അവൻ പറഞ്ഞു - "ഒരെണ്ണത്തിനെ ഇണക്കി വളർത്താൻ കിട്ടിയിരുന്നെങ്കിൽ?"

അത്തരം കോലാടുകൾക്ക് ഇഷ്ടമുള്ള ഇലകൾ തിന്നാൻ കൊടുത്തപ്പോൾ ഒരു കോലാട് നാടോടിയോടു ഇണക്കം കാട്ടി.

അന്നേരം, മറ്റുള്ള ആടുകൾ ശകാരിച്ചു - "നമുക്ക് തീറ്റി തേടാൻ മനുഷ്യൻ്റെ ആവശ്യമെന്തിനാണ്?"

പക്ഷേ, ആ കോലാട് അത് കേട്ട മട്ടു കാട്ടാതെ പിറുപിറുത്തു - "ഈ മനുഷ്യൻ നല്ലവനാണ്. എനിക്ക് ഒട്ടും അധ്വാനിക്കാതെ നല്ല തീറ്റി കിട്ടുമല്ലോ''

അങ്ങനെ കുറെ മാസങ്ങൾ കടന്നുപോയി. അതിനിടയിൽ കോലാട് തടിയനായി മാറിയിരുന്നു. അത് കുന്നും പാറക്കെട്ടും കയറുന്നതു മറന്നു. എങ്കിലും നാടോടി എപ്പോഴും ആടിൻ്റെ കൂടെ ഉള്ളതിനാൽ കുറുക്കന്മാർ നിരാശരായി.

ഒരിക്കൽ- നാടോടി അടുത്ത നാട്ടിലേക്ക് രണ്ടു ദിവസം നീളുന്ന യാത്ര പോയി. ആ തക്കം നോക്കി കുറുക്കന്മാർ ആടിനെ വളഞ്ഞു.

പണ്ട് ചെയ്തതു പോലെ മലമടക്കിലേക്ക് ഓടിക്കയറാൻ കോലാട് നോക്കിയെങ്കിലും അമിതഭാരം കാരണം താമസം നേരിട്ടു. പക്ഷേ, അതിനിടയിൽ കുറുക്കന്മാർ ആടിനെ കാലിൽ കടിച്ച് താഴെയിട്ടു!

നാടോടി തിരികെ വന്നപ്പോൾ ആടിൻ്റെ ഏതാനും എല്ലിൻ കഷണങ്ങൾ മാത്രം ബാക്കിയായി.

ആശയം: പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും അവരുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ അതിജീവനവും കർമ്മ ശേഷിയും നൽകപ്പെട്ടിരിക്കുന്നു. വളഞ്ഞ വഴിയിൽ സഞ്ചരിച്ച് സുഖം തേടിയാൽ പ്രശ്നങ്ങളാവും ഫലം.

Written by Binoy Thomas, Malayalam eBooks- 1211-folk tales - 80, PDF-https://drive.google.com/file/d/1ZqiLtwTSuY2SY4mBOfG0smte8pUPqZGk/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം