(1218) കുറുക്കനും ചന്ദ്രനും!

 സിൽബാരിപുരം കാട്ടിൽ അനേകം മൃഗങ്ങൾ ഉണ്ടായിരുന്ന കാലത്തെ കഥയാണിത്. ഒരിക്കൽ, കുറുക്കൻ പതിവുപോലെ ഇര തേടി നടക്കുന്ന സമയം. കുറെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല.

അങ്ങനെ, സന്ധ്യ മയങ്ങിയപ്പോൾ ക്ഷീണിച്ച് ഒരിടത്ത് കിടന്നുറങ്ങി. രാത്രിയിൽ, വെള്ളം കുടിക്കാനായി അടുത്തുള്ള തടാകക്കരയിലെത്തി. പക്ഷേ, ആ സമയത്ത് ഒരു കടുവ അവനു പിറകേ വെള്ളം കുടിക്കാൻ അവിടെത്തി!

കടുവ പിറുപിറുത്തു -"ഹാവൂ! ഈ കുറുക്കനെ തിന്നിട്ട് വെള്ളവും കൂടി കുടിച്ചിട്ടു പോകാം"

അതൊരു നിലാവുള്ള രാത്രിയായിരുന്നു. വെള്ളം കുടിക്കാൻ കുറുക്കൻ്റെ വായ വെള്ളത്തിൽ മുട്ടിയ നേരത്ത് ചന്ദ്രബിംബം അനങ്ങി. അതിനൊപ്പം, കടുവയുടെ മണം തിരിച്ചറിഞ്ഞ് അവൻ ഞെട്ടി!

പെട്ടെന്ന്, അവൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ടു പിറകിൽ കടുവ ചാടാനായി ഓങ്ങി നിൽക്കുന്നു! കടുവയിൽ നിന്നും രക്ഷപ്പെടാൻ നിമിഷ നേരം കൊണ്ട് ഒരു തന്ത്രം കുറുക്കൻ പുറത്തെടുത്തു.

"അങ്ങ്, എന്നെ തിന്നുന്നതിൽ എനിക്ക് യാതൊരു  വിരോധവുമില്ല. കാരണം,  കുറുക്കന്മാർ കടുവയുടെ ആഹാരമാണ്. അത് ദൈവ നിയോഗമാണ്. പക്ഷേ, അങ്ങ്, തെരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയി"

ഉടൻ, കടുവ ചോദിച്ചു - "എന്താണ് ഈ ദിവസത്തിൻ്റെ കുഴപ്പം?"

കുറുക്കൻ പറഞ്ഞു -"അങ്ങ്, ആകാശത്തെ ചന്ദ്ര ഭഗവാനെ നോക്കുക. ഭഗവാൻ വളരെ സന്തോഷിച്ച് പ്രകാശിച്ചു നിൽക്കയാണ്. എന്നാൽ, ഭൂമിയിൽ ചന്ദ്രൻ കോപിച്ചു നിൽക്കുകയാണ്. ഈ വെള്ളത്തിലേക്ക് നോക്കൂ. കോപം കൊണ്ട് വിറയ്ക്കുന്നതു കാണുക"

കടുവ നോക്കിയപ്പോൾ അതു ശരിയാണെന്നു തോന്നി സ്ഥലം വിട്ടു! കുറുക്കൻ വെള്ളം കുടിച്ച് വേറെ വഴി പോകുകയും ചെയ്തു.

ആശയം: അലസത മൂലം നമ്മുടെ ബുദ്ധി മങ്ങാൻ അനുവദിക്കരുത്. ബുദ്ധിശക്തിയെ പ്രകാശിപ്പിച്ചു നിർത്തുന്നത് ജീവിതത്തിൻ്റെ ഭാഗമാക്കണം.

Written by Binoy Thomas, Malayalam eBooks- 1218-folk tales - 87, PDF-https://drive.google.com/file/d/1vik6JxYbnnZY6o84TVW_2GNdA1t3_q0S/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories