(1219) കുറുക്കനു കിട്ടിയ ഓഹരി!
സിൽബാരിപുരമാകെ ഒരിക്കൽ കൊടുംകാടായി കിടന്നിരുന്ന കാലം. ഒരു ദിവസം സിംഹം കാടിൻ്റെ കിഴക്കു ദിക്കിൽ നിന്നും മൃഗങ്ങളെ പിന്തുടർന്ന് പതുങ്ങി വന്നു. എന്നാൽ, അതേ സമയം, ഒരു കടുവ പടിഞ്ഞാറു ദിക്കിൽ നിന്നും കിഴക്കോട്ട് മൃഗങ്ങളെ ഓടിച്ച് കൊണ്ടു വരികയായിരുന്നു.
എന്നാൽ, ഈ രണ്ടു മൃഗങ്ങളെയും പറ്റിച്ച് മൃഗങ്ങൾ മരത്തിൽ കയറുകയും പാറമടക്കിൽ ഒളിക്കുകയും ചെയ്തതിനാൽ അവർക്ക് യാതൊന്നും കിട്ടിയില്ല. അന്നേരം, ഒരു മുയലിൻ്റെ പിടിത്തം വിട്ട് പാറയിൽ നിന്നും താഴേക്കു വീണു!
മുയൽ വീണ ഭാഗത്തേക്ക് സിംഹവും കടുവയും ഓടിയടുത്തു. പരുക്കേറ്റ മുയലിന് ഓടാനും കഴിഞ്ഞില്ല. എന്നാൽ, സിംഹം പറഞ്ഞു -"ഞാനാണ് ഈ മുയൽക്കൂട്ടങ്ങളെ ഓടിച്ചു കൊണ്ടു വന്നത് "
കടുവയും ഗർജ്ജിച്ചു - "അല്ല, എന്നെ പേടിച്ച് വന്ന മൃഗങ്ങളിൽ ഈ മുയലും ഉണ്ടായിരുന്നു"
അവർ ആദ്യം തർക്കം തുടങ്ങി. മുഴുവൻ ഓഹരിയും വേണമെന്ന് വാശി പിടിച്ചു. പിന്നെ ആക്രമണം തുടങ്ങി. ഈ ശബ്ദം കേട്ട് ഓടി വന്ന കുറുക്കൻ മുയലിനെ കടിച്ചെടുത്ത് ഓടിയ കാര്യം ഇവർ അറിഞ്ഞതേയില്ല!
മരക്കൊമ്പിലിരുന്ന കുരങ്ങൻ്റെ അട്ടഹാസം കേട്ടാണ് സിംഹവും കടുവയും മുകളിലേക്കു നോക്കിയത്. ഉടൻ, കുരങ്ങൻ പറഞ്ഞു -"എടാ, മണ്ടന്മാരെ, നിങ്ങൾ എന്തിനു വേണ്ടി കടിപിടി കൂടിയോ അത് ഇനി നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല"
പെട്ടെന്ന്, അവർ മുയലിനെ നോക്കിയെങ്കിലും യാതൊന്നും അവിടെയില്ല.
"മുയൽ എവിടെ?"
രണ്ടു മൃഗങ്ങളും ഒന്നിച്ച് കുരങ്ങനോടു ചോദിച്ചു. അവൻ പറഞ്ഞു -"അത് ഇപ്പോൾ കുറുക്കൻ്റെ വയറ്റിലായിക്കഴിഞ്ഞു!"
സിംഹവും കടുവയും രണ്ടു ദിശയിൽ നിരാശരായി നടന്നു നീങ്ങി.
ആശയം: ചെറിയ കാര്യങ്ങളിൽ തർക്കത്തിനും കോടതി വ്യവഹാരങ്ങൾക്കും പോകുന്നവർ അനേകമാണ്! അവർ ശ്രദ്ധിക്കുക - അതിലും വില പിടിച്ച സമ്പത്തും ആരോഗ്യവും മറുവശത്ത് നഷ്ടപ്പെടാം!
Written by Binoy Thomas, Malayalam eBooks- 1219 - folk tales - 88, PDF-https://drive.google.com/file/d/1hp3bGC-T9cxDs3-WTQVta0VjKPUO3Rfh/view?usp=drivesdk
Comments