(1208) വഴിയിലെ നാണയങ്ങൾ!
പണ്ട്, സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലമായിരുന്നു അത് . ഒരിക്കൽ, ഉറ്റ ചങ്ങാതികളായ ചീരനും സോമുവും കൂടി ചന്തയിലേക്കു പോയ സമയത്ത് ഇലകൾക്കിടയിൽ ഒരു തുണിക്കിഴി വീണു കിടന്നതു ശ്രദ്ധിച്ചത് സോമു ആയിരുന്നു.
അവൻ പെട്ടെന്ന് അതെടുത്തു. പക്ഷേ, ചീരൻ പേടിച്ചു നിന്ന സമയത്ത് സോമു തുറന്നു നോക്കി.
അവൻ പറഞ്ഞു -"ദേ, നോക്കടാ, ഇതിൽ നിറയെ സ്വർണനാണയങ്ങളാണ് "
ഉടൻ, ചീരൻ പറഞ്ഞു -"ഹാവൂ! നമ്മുടെ ദാരിദ്ര്യമെല്ലാം ഇതോടെ തീർന്നു. നേർ പകുതി എനിക്കു തരൂ"
എന്നാൽ, സോമുവിൻ്റെ മറുപടി മറ്റൊരു വിധത്തിലായിരുന്നു - "ഇത് എടുത്തത് ഞാനാണ്. അതിനാൽ ഇത് എൻ്റെ മാത്രം നാണയങ്ങളാണ്. ഒരെണ്ണം പോലും നിനക്കു തരില്ല. വീട്ടിൽ ചെന്ന് അത്യാവശ്യം വേണ്ട പാണ്ടക്കെട്ട് എടുത്ത് ഞാൻ കോസലപുരത്തേക്ക് രക്ഷപെടുകയാണ് "
പിന്നെ, ചീരൻ യാതൊന്നും മിണ്ടിയില്ല. ചീരൻ ചന്തയിലേക്കു നടന്നു. സോമു വേഗത്തിൽ വീട്ടിലേക്കും. വീട്ടിലെത്തിയ സോമു പാണ്ഡക്കെട്ടുമായി കോസലപുരം ലക്ഷ്യമാക്കി നടപ്പുതുടങ്ങിയിരുന്നു.
ഇതേ സമയം, കൊട്ടാരഭടന്മാർ നാണയം തപ്പി നാടെങ്ങും നടക്കുകയായിരുന്നു. കൊട്ടാരത്തിൻ്റെ ചന്തയിലെ പണപ്പിരിവ് ആയിരുന്നു നഷ്ടപ്പെട്ട കിഴിയിൽ ഉണ്ടായിരുന്നത്.
വെപ്രാളത്തോടെ രാത്രിയിൽ നടന്നു പോകുന്ന സോമുവിനെ സംശയിച്ച് ഭടന്മാർ പരിശോധിച്ചപ്പോൾ നാണയക്കിഴി കണ്ടെടുത്തു. അങ്ങനെ സോമുവിനെ കൊട്ടാരത്തിലെ തടവറയിലാക്കുകയും ചെയ്തു.
ഇത് അറിഞ്ഞ ചീരൻ ആശ്വാസത്തോടെ സ്വയം പറഞ്ഞു - "സോമുവിൻ്റെ അത്യാഗ്രഹം എനിക്ക് അനുഗ്രഹമായി!"
ആശയം: നമ്മുടെയെല്ലാം ജീവിതത്തിൽ ചിലരുടെ മോശം പ്രവർത്തനങ്ങളിൽ നാം വിഷമിക്കും. എന്നാൽ, അവയിൽ പലതും ചിലപ്പോൾ നല്ലതിനായിരിക്കും!
Written by Binoy Thomas, Malayalam eBooks-1208-folk tales - 79- PDF-https://drive.google.com/file/d/1rT4FMo35poy9vj3ZSxsdqXa4R6xH464i/view?usp=drivesdk
Comments