(1215) അവിശ്വാസികൾ!

 പണ്ട്, സിൽബാരിപുരം ദേശത്ത് ചങ്ങാതികളായ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. ഒരിക്കൽ, കാട്ടിൽ നിന്നും തേനെടുക്കാനായി അവർ മൂന്നു പേരും കൂടി അങ്ങോട്ടു നടന്നു. കുറെ ദൂരം നടന്നപ്പോൾ കുറച്ച് ഉയരത്തിലായി മരക്കൊമ്പിൻ്റെ പോടിൽ ചെറുതേനീച്ചയുടെ വലിയ കൂട് കണ്ടു.

അവർ പറഞ്ഞു -"തേൻ കുറച്ചു മാത്രമേ ഉള്ളൂവെങ്കിലും ചെറുതേൻ രുചി അപാരമാണ് "

പക്ഷേ, ഒരു കുഴപ്പം- ആ മരത്തിൽ നിറയെ കാട്ടുവള്ളികൾ ചുറ്റിയിരിക്കുകയാണ്. അതാകട്ടെ, ദേഹം മുഴുവൻ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന കാട്ടുചൊറികിണ്ണത്തിൻ്റെ വള്ളികൾ ആയിരുന്നു.

അന്നേരം, ഒരാൾ പറഞ്ഞു -"ചൊറികിണ്ണം കാരണം നമുക്ക് മരത്തിൽ കയറി തേനെടുക്കാൻ പറ്റില്ല. പക്ഷേ, ഒരാളുടെ തോളിൽ ഒരാൾ കയറി പിന്നെ മറ്റൊരാൾ... അങ്ങനെ തേനടകൾ എത്തിപ്പിടിക്കാൻ പറ്റും"

ആ രീതി അവർക്ക് എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെ ഓരോ ആളും തോളിൽ കയറാൻ തുടങ്ങി. വീഴാതെ പരമാവധി കൈകളിൽ നീട്ടിപ്പിടിച്ച് മൂന്നാമൻ തേനടകൾ എടുക്കാൻ തുടങ്ങി. 

എന്നാൽ, തേനീച്ചക്കൂട്ടിൽ നിറയെ മുട്ടകൾ ഉള്ളതിനാൽ വളരെ പതിയെ ഓരോ അടയും അടർത്തിയെങ്കിലും തേനറകൾ പൊട്ടി തേൻ ഒലിച്ച് മുകളിൽ നിന്നും ഏറ്റവും താഴെ നിൽക്കുന്നവൻ്റെ തോളിൽ വീണു.

പെട്ടെന്ന്, അവൻ പിറുപിറുത്തു - "ഞങ്ങൾ രണ്ടു പേരെയും പറ്റിച്ച് അവൻ തേൻ കുടിക്കുകയാണോ?"

അങ്ങനെ പറഞ്ഞു കൊണ്ട് മുകളിലേക്ക് നോക്കിയെങ്കിലും രണ്ടാമൻ തോളിൽ നിൽക്കുന്നതിനാൽ മുകളിലേക്കുള്ള നോട്ടം കിട്ടിയില്ല. അവൻ ശരീരം കുറച്ചു വളച്ച് നോക്കിയപ്പോൾ രണ്ടാമൻ തോളിൽ നിന്നും തെന്നി! മൂന്നാമൻ പിടിവിട്ട് ആദ്യം താഴെ വീണു! തേനടകൾ മണ്ണിൽ പടർന്നു!

രണ്ടാമനും വീണു! ഉടൻ, മൂന്നാമൻ അലറി - "നിങ്ങൾ രണ്ടു പേരും കൂടി എന്നെ വീഴ്ത്തിയതാണ്"

ഒന്നാമൻ വിട്ടുകൊടുത്തില്ല - "ആകെയുള്ള കുറച്ചു തേൻ നീ കുടിച്ചതിൻ്റെ തെളിവ് എൻ്റെ തോളിലാണ് വീണത് "

രണ്ടാമൻ ആക്രോശിച്ചു - "നിങ്ങൾ രണ്ടും തോന്നിയതു പോലെ കളിച്ച് എന്നെയും വീഴ്ത്തി"

അവർ മൂവരും പരസ്പരം തല്ലാൻ തുടങ്ങി. കുറെ നേരം കഴിഞ്ഞ് അവശതയോടെ വേച്ചു വേച്ച് ആ ചങ്ങാതികൾ തല്ലിപ്പിരിഞ്ഞു!

ആശയം: പരസ്പരം വിശ്വാസമില്ലാത്ത ഇടങ്ങളിൽ എല്ലാം അവസാനം നാശത്തിലാവും കലാശിക്കുന്നത്!

Written by Binoy Thomas, Malayalam eBooks- 1215-folk tales - 84, PDF-https://drive.google.com/file/d/1WsaJFKtdGeTOR2X5YbolJdlb3UQM8L9h/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം