(1231) മോങ്കുട്ടൻ്റെ ബുദ്ധി!
പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരപാണി രാജാവായിരുന്നു. അദ്ദേഹം ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പല കാര്യങ്ങളും മനസ്സിലാക്കി ഭരണം മെച്ചപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിനായി പ്രഭാതനടത്തത്തിനിടയിൽ ചന്തയിലും കയറുന്ന പതിവുണ്ട്.
ഒരു ദിവസം, രാവിലെ രാജാവ് പ്രധാന ചന്തയിലേക്കു ചെന്നു. അവിടെയുള്ള കച്ചവടക്കാരെയും നാട്ടുകാരെയും വിളിച്ച് സംസാരിക്കുന്നതിനിടയിൽ, ഒരു മിടുക്കനായ ബാലൻ, രാജാവിനെ കാണാനായി എത്തി നോക്കി.
അത് രാജാവ് ശ്രദ്ധിച്ച് അവനെ അടുത്തേക്ക് വിളിച്ചു. ബാലൻ്റെ പേര് മോങ്കുട്ടൻ എന്നു രാജാവ് ചോദിച്ചു മനസ്സിലാക്കി. അന്നേരം, രാജാവിന് ഒരു കൗതുകം തോന്നി.
രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു - "എൻ്റെ ഇടതു കയ്യിൽ ഒരു വെള്ളിനാണയമുണ്ട്. വലതു കയ്യിൽ ഒരു സ്വർണ്ണ നാണയവും. നിനക്ക് ഇഷ്‌ടമുള്ളത് ഒരെണ്ണം മാത്രം എടുത്തോളൂ"
നാട്ടുകാർ എല്ലാവരും നോക്കി നിൽക്കേ, അവൻ ഇടതുകയ്യിലെ വെള്ളി നാണയം എടുത്തു! രാജാവും നാട്ടുകാരും അമ്പരന്നു! പിന്നെ എല്ലാവരും പൊട്ടിച്ചിരിച്ചു. ചിലർ പിറുപിറുത്തു - "ഇവൻ എന്തൊരു മണ്ടനാണ്? സ്വർണ്ണം എടുക്കാതെ വെള്ളിയുമായി പോകുന്നവൻ!"
ഇത് രാജാവ് കേട്ടപ്പോൾ അദ്ദേഹം മനസ്സിൽ തീരുമാനിച്ചു - നാളെയും ഇതേ പരീക്ഷണം ആവർത്തിച്ചാൽ സ്വർണം എടുക്കുന്നത് നാട്ടുകാർക്കു കാണാനാവും.
അടുത്ത ദിവസം, അതേസമയത്ത്, മോങ്കുട്ടൻ പാൽ ചന്തയിൽ കൊടുക്കാനായി വന്നു. രാജാവ് നാണയങ്ങളുമായി വന്നു. പക്ഷേ, അന്നും വെള്ളി നാണയമാണ് അവൻ എടുത്തത്. അതുകണ്ട് നാട്ടുകാർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു!
അതേസമയം, രാജാവ് പിറുപിറുത്തു - "ഇവന് എന്തോ തെറ്റിദ്ധാരണയുണ്ട്. നാട്ടുകാർ മുൻപാകെ ഈ ബാലൻ ജയിക്കുന്നത് എനിക്കു കാണണം"
ഈ കാര്യം ചന്തയിൽ എല്ലാ ദിവസവും അരങ്ങേറി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മോങ്കുട്ടൻ്റെ വീട്ടിലെ പശുവിൻ്റെ കറവ വറ്റി. അങ്ങനെ, അവൻ ചന്തയിൽ ഒരു ദിവസം വന്നില്ല.
രാജാവും നാട്ടുകാരും ചന്തയിൽ പതിവുപോലെ നിന്നെങ്കിലും മോങ്കുട്ടനെ കാണാത്തതിനാൽ രാജാവ് പറഞ്ഞു - "എല്ലാവരും വരിക. ഇന്ന് നമ്മളെല്ലാം അവൻ്റെ വീട്ടിലേക്ക് പോകുന്നു"
അവിടെയെത്തിയപ്പോൾ മോങ്കുട്ടനും മാതാപിതാക്കളും ഓടിവന്ന് രാജാവിനെ താണുവണങ്ങി.
"പ്രഭോ! പശുവിൻ്റെ കറവ വറ്റിയതിനാൽ ചന്തയിൽ കൊടുക്കാനുള്ള പാൽ ഇല്ല. അതാണ് ഇവൻ അവിടെ വരാത്തത്"
അന്നേരം, രാജാവ് ബാലനോടു ചോദിച്ചു - "നീ എന്താണ് ഒരിക്കൽ പോലും സ്വർണനാണയം എടുക്കാഞ്ഞത്?"
ഉടൻ, മോങ്കുട്ടൻ ഓടി അകത്തു നിന്നും ഒരു തുണിസഞ്ചി കൊണ്ടു വന്ന് രാജാവിനെ കാണിച്ചു. അതുനിറയെ വെള്ളി നാണയങ്ങളാണ്!
"രാജാവേ, ഞാൻ സ്വർണനാണയം ആദ്യ ദിവസം എടുത്തിരുന്നെങ്കിൽ അടുത്ത ദിവസം വീണ്ടും നാണയവുമായി അങ്ങ് വരില്ലായിരുന്നു. എനിക്ക് കിട്ടുന്ന സ്വർണ്ണ നാണയം ഒരെണ്ണം മാത്രം. എന്നാൽ 10 വെള്ളി നാണയമെന്നാൽ ഒരു സ്വർണ്ണ നാണയമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ സഞ്ചിയിൽ നിറയെ വെള്ളിനാണയങ്ങളാണ്. അനേകം സ്വർണ്ണ നാണയങ്ങളുടെ വിലയുണ്ട് ഇതിന്!"
രാജാവും നാട്ടുകാരും ഇത്തവണ ചിരിച്ചില്ല. രാജാവ് അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു - "നീ ഞങ്ങൾ എല്ലാവരെയും തോൽപ്പിച്ചിരിക്കുന്നു. നിനക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ കൊട്ടാരത്തിലെത്തി പണ്ഡിതന്മാരുടെ കൂട്ടത്തിൽ ചേരണം!"
ആശയം: തെളിഞ്ഞ ബുദ്ധിശക്തി നേട്ടങ്ങളുടെ താക്കോലാണ്. ചിട്ടയായ ജീവിത പരിശീലനത്തിലൂടെ ബുദ്ധിശക്തി ഉയർത്താനാകും.
Written by Binoy Thomas, Malayalam eBooks-1231 - folk tales- 94, PDF -https://drive.google.com/file/d/1b8W5cLXv3zONJtJxJhFiAKkiPJ4QAGVq/view?usp=drivesdk
Comments