(1228) ഗുരുവിനെ അനുസരിച്ച ശിഷ്യൻ!
പണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അഞ്ചു ശിഷ്യന്മാരും ഗുരുവിനെ അനുസരിച്ചു ജീവിക്കുന്നവരായിരുന്നു.
എങ്കിലും അഞ്ചാമനായിരുന്ന ശങ്കു വളരെ സാധു പ്രകൃതമായിരുന്നു. മറ്റുള്ള നാലു ശിഷ്യന്മാരും നല്ല കാര്യപ്രാപ്തി ഉള്ളവരാണ്. എന്നാൽ, ശങ്കുവിന് ഏതു കാര്യത്തിനും ഗുരുവിൻ്റെ നിർദ്ദേശമോ അഭിപ്രായമോ വേണ്ടിയിരുന്നു.
അതിനാൽ, ഈ രീതിയെ പരിഹസിച്ച് മറ്റുള്ള നാലു പേരും ശങ്കുവിനെ മണ്ടനായി പരിഗണിച്ചു പോന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരുവിന് പ്രായം മൂലം ആശ്രമം നടത്താൻ വയ്യാത്ത നിലയിലായി.
അദ്ദേഹം പറഞ്ഞു - "നിങ്ങൾ അഞ്ചു പേരും തിരിച്ച് നിങ്ങളുടെ വീടുകളിലേക്കു പോകുക. ഞാൻ ഈ ആശ്രമം നിർത്തുകയാണ് "
ഇതുകേട്ട് ഏറ്റവും വിഷമിച്ചത് ശങ്കുവായിരുന്നു. ശങ്കു ഗുരുവിനോടു ചോദിച്ചു- "ഗുരുവേ, ഞാൻ വീട്ടിലെത്തിയാൽ എങ്ങനെയാണ് ഓരോ കാര്യങ്ങൾക്കും സംശയ നിവൃത്തി വരുത്തുന്നത്?"
അന്നേരം, മറ്റുള്ള നാൽവർ സംഘം പൊട്ടിച്ചിരിച്ചു. എന്നാൽ, ഗുരു ശങ്കുവിനോടു പറഞ്ഞു - "അതിനൊരു പരിഹാരമുണ്ട്. പണ്ടത്തെ ഒരു ശിഷ്യൻ ഉണ്ടാക്കിയ എൻ്റെ കളിമൺപ്രതിമ ഇവിടെയുണ്ട്. അത് നീ വീട്ടിലേക്കു കൊണ്ടുപോയി വീടിൻ്റെ വരാന്തയിൽ വയ്ക്കുക. എന്നിട്ട്, എന്തു കാര്യവും എന്നോടു നേരത്തേ ചോദിച്ചതു പോലെ ചോദിച്ചിട്ട് ഉചിതമായ തീരുമാനം എടുക്കുക. എങ്കിലും പ്രതിമ നശിക്കുന്നതിനു മുൻപ് ഗുരുഭക്തിയാൽ അഭിവൃദ്ധി പ്രാപിച്ചിരിക്കും!"
ഈ വിചിത്രമായ രീതി അറിഞ്ഞ് നാലുപേരും ശങ്കുവിനോടു പറഞ്ഞു - "മണ്ടനായ നിന്നെ ഗുരു പറ്റിച്ചതാണ് "
പക്ഷേ, അതൊന്നും കാര്യമാക്കാതെ ശങ്കു അതുമായി വീട്ടിലെത്തി. താമസിയാതെ ശങ്കുവിൻ്റെ കല്യാണം കഴിഞ്ഞു. പിന്നീട്, രണ്ടു കുട്ടികളും പിറന്നു. ഒരിക്കൽ, അയൽരാജ്യമായ കോസലപുരത്തുള്ള പുണ്യപുരാതന ക്ഷേത്ര ദർശനത്തിനായി അവർ ഒരുങ്ങി.
അന്നേരം, ശങ്കു ഭാര്യയോടു പറഞ്ഞു - "പോകുന്ന വഴിയിൽ ഗുരുവിനോടു ചോദിക്കേണ്ടതായ ഒരു ആവശ്യം വന്നാലോ? അതിനാൽ പ്രതിമ ഞാൻ ചുമന്നോളാം"
ഉടൻ, ഭാര്യയും മക്കളും പറഞ്ഞു - "ഏറെ അകലെയുള്ള അവിടം വരെ ഇതുമായി എങ്ങനെ പോയി വരും?"
ശങ്കു ആശങ്കയിലായെങ്കിലും പ്രതിമയെ വണങ്ങി പ്രാർഥിച്ചപ്പോൾ അതുമായി പോകാമെന്നു തീരുമാനിച്ചു.
അവർ കുറെ ദിവസങ്ങൾ താണ്ടി ക്ഷേത്രത്തിൽ ചെന്ന് മടങ്ങി വരുന്ന സമയത്ത് അവരുടെ കയ്യിലെ ആഹാരമെല്ലാം തീർന്നിരുന്നു.
അപ്പോൾ, ശങ്കു പറഞ്ഞു - "ചായക്കടയുള്ള സ്ഥലത്തേക്ക് നേർവഴി പോയാൽ രാത്രിയാകും. അന്നേരം കടയടച്ചു പോകും. അതുകൊണ്ട് നേരത്തേ ചെല്ലാൻ പറ്റുന്ന കാട്ടുവഴിയിലൂടെ പോകുന്നതാണു നല്ലത്"
അങ്ങനെ, അവർ ഒറ്റയടിപ്പാതയിലൂടെ നടപ്പു തുടങ്ങി. അതിനിടയിൽ അവർക്കു വഴി തെറ്റുകയും ചെയ്തു. നേരം സന്ധ്യയായിട്ടും നാടു കാണാനായില്ല. കുട്ടികൾക്കു നന്നായി വിശക്കുന്നുണ്ടായിരുന്നു. എവിടെ നിന്നോ ഒരു വാഴക്കുലയിൽ നാല് പഴുത്ത പഴം കിടക്കുന്നതു കണ്ട് അത് ഇരിഞ്ഞെടുത്തു.
കുട്ടികൾ രണ്ടു പേരും പറഞ്ഞു - "ആ കാണുന്ന പാറപ്പുറത്ത് ഇരുന്ന് തിന്നാം. ഇനി ചായക്കട അടച്ചു പോയാലും സാരമില്ല, വിശ്രമിക്കാതെ ഒട്ടും മുന്നോട്ടു നടക്കാനാകില്ല"
എന്നാൽ, അതേസമയം, പാറയുടെ അടിയിലുള്ള ഗുഹയിൽ നാല് കള്ളന്മാർ ചാക്കിലെ ആഭരണങ്ങൾ വീതം വയ്ക്കുകയായിരുന്നു. കള്ളന്മാർ അവിടം തെരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട് - കാട്ടിലെ ദുർഭൂതങ്ങളും പ്രേതങ്ങളും ഉള്ള സ്ഥലമാകയാൽ മനുഷ്യർ ഇങ്ങോട്ടു വരാറില്ല. മാത്രമല്ല, മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നിടമാണ്. വെളിച്ചവും നന്നേ കുറവായിരിക്കും.
ഇതിനിടയിൽ, എന്തോ ശബ്‌ദം കേട്ട് കള്ളന്മാർ ചെവി വട്ടം പിടിച്ചു. മുകളിലുളള വാഴപ്പഴം രണ്ടെണ്ണം വേണമെന്ന് ഒരു കുട്ടി വാശി പിടിക്കുകയാണ്.
അപ്പോൾ ശങ്കു ദേഷ്യപ്പെട്ടു -"നമുക്ക് നാലു പേർക്കും ഒന്നു വീതം തിന്നാം"
ശങ്കുവിൻ്റെയും ഭാര്യയുടെയും രണ്ട് കുട്ടികളുടെയും വഴക്ക് ഗുഹക്കുള്ളിലെ കള്ളന്മാർ കേട്ടപ്പോൾ ഒരുത്തൻ വിറച്ചു കൊണ്ട് പറഞ്ഞു - "ഒരുപാട് പ്രേതങ്ങൾ ഉണ്ട്. നമ്മൾ നാലുപേരെ തിന്നുന്ന കാര്യമാണ് ഈ കേൾക്കുന്നത് "
ഉടൻ, ഒരു കുട്ടി പഴത്തിനായി പിടിവലി നടത്തിയപ്പോൾ പാറപ്പുറത്ത് വച്ചിരുന്ന ഗുരുവിൻ്റെ കളിമൺപ്രതിമ കൈ തട്ടി ഗുഹാമുഖത്തേക്കു വീണു!
അതു കണ്ടതോടെ നാലു കള്ളന്മാരും കാട്ടിലൂടെ ഓടി മറഞ്ഞു! താഴെ വന്ന അവർക്ക് മുഴുവൻ ആഭരണങ്ങളും കിട്ടി! പ്രതിമ നശിക്കുന്ന സമയത്ത് അഭിവൃദ്ധി നേടുമെന്ന ഗുരുവചനം സത്യമായി!
ആശയം: ഗുരുത്വം ശ്രേഷ്‌ഠമായ കാര്യമാണ്. ഗുരുത്വം വിളമ്പുന്ന ഗുരുവും സ്വീകരിക്കുന്ന ശിഷ്യനും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലമാണിത്!
Written by Binoy Thomas, Malayalam eBooks-1228 - folk tales-93-PDF-https://drive.google.com/file/d/11pYf-1TwS1SKdj4Y0IJskKsuLG5gMLQu/view?usp=drivesdk
Comments