(1252) ശങ്കുവിൻ്റെ കരവിരുത്!

 പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരഭദ്രൻ എന്ന രാജാവായിരുന്നു. അയാൾ ഒരു ദുരാഗ്രഹിയായിരുന്നു. നികുതി വളരെ കൂടുതലാകയാൽ ജനങ്ങൾക്ക് ദുരിതമായി. രാജ്യത്തെ ഗുരുകുലങ്ങളും ആശ്രമങ്ങളും അംഗബലം അനുസരിച്ച് ഖജനാവിലേക്ക് നികുതിപ്പണം കൊടുക്കണം എന്നൊരു നിയമമുണ്ട്.

അതിനാൽ, 100 വെള്ളിനാണയം വിദ്യാർഥികളുടെ പ്രവേശനത്തിനായി വാങ്ങിയിട്ട് ഗുരുക്കന്മാർ അതിൽ നിന്നും നികുതിപ്പണം കൊട്ടാരത്തിൽ ഏൽപ്പിക്കും.

ഒരിക്കൽ, ചിത്രകലയിൽ ഏറെ താല്പര്യമുണ്ടായിരുന്ന ശങ്കു എന്ന വിദ്യാർഥി അവിടെയുള്ള ഒരു ഗുരുവിൻ്റെ അടുക്കലെത്തി. പക്ഷേ, അദ്ദേഹം പറഞ്ഞു: "100 നാണയം തന്നാൽ മാത്രമേ നിന്നെ ഇവിടെ ശിഷ്യനായി സ്വീകരിക്കാൻ പറ്റൂ!"

അവൻ നിരാശനായി തിരികെ വീട്ടിലെത്തി. കയ്യിലെ ഉളികൊണ്ട് അനേകം കല്ലുകളിലും തടികളിലും കൊത്തുപണികൾ പരിശീലിച്ചത് വെറുതെ ആയിരിക്കുന്നു. ഈ രാജ്യത്ത് സാധുക്കൾക്ക് പഠിക്കാൻ പറ്റില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോൾ അയൽരാജ്യമായ കോസലപുരത്തേക്ക് പോകാൻ വീട്ടുകാർ ശങ്കുവിനെ അനുവദിച്ചു.

ഏറെ അകലെയുള്ള അവിടേക്ക് നടന്നു പോകുന്ന ചില പ്രദേശങ്ങൾ കാട്ടിലൂടെയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ ശങ്കുവിന് വല്ലാത്ത നിരാശയും തളർച്ചയും കൂടിയതുപോലെ തോന്നി.

അവൻ തുണിസഞ്ചിയിൽ നിന്നും പൊതിച്ചോറ് എടുത്തു കഴിച്ചു. അപ്പോഴാണ് താൻ ചാരി ഇരിക്കുന്നത് ഏറെ പ്രത്യേകതയുള്ള ഉരുണ്ട പാറമേൽ ആണെന്ന് ശങ്കു ഓർത്തത്.

അന്നേരം, തൻ്റെ ഉളി എടുത്ത് പാറമേൽ ചെറിയൊരു ശില്പം ഉണ്ടാക്കാമെന്ന് വിചാരിച്ച് ഉളി പാറമേൽ വച്ചപ്പോൾ വല്ലാത്ത മുഴുക്കമുള്ള ഒരു ശബ്‌ദം കേട്ടു!

"ഹേയ്! മനുഷ്യാ, നീ ഇവിടെ നിന്നും വേഗം പോകൂ! എൻ്റെ ശക്തിസ്രോതസ്സായ ഈ കല്ലിൽ ദയവായി ഒരു പോറൽ പോലും വീഴ്ത്തരുത്!"

അപ്പോൾ, ശങ്കു ഒട്ടും പേടിക്കാതെ പറഞ്ഞു: "എൻ്റെ രാജ്യത്ത് ശില്പകല പഠിക്കാനുള്ള പണം എനിക്കില്ല. അടുത്ത രാജ്യത്തേക്കു പോകാനുള്ള ത്രാണിയും എനിക്കു നഷ്‌ടപ്പെട്ടു. എന്നിട്ട്, ഈ കാട്ടുകല്ലിൽ പോലും എൻ്റെ കരവിരുത് ചെയ്യാൻ വയ്യേ? ഇത് അനീതിയാണ് "

ഉടൻ, വീണ്ടും ശബ്ദം മുഴങ്ങി: "നിൻ്റെ വിഷമം ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, നിൻ്റെ കയ്യിലെ ഉളി കയ്യിൽ പിടിച്ച് എന്ത് ആഗ്രഹിക്കുന്നുവോ, അത് യഥാർഥമായി അവിടെ പ്രത്യക്ഷപ്പെടും. അങ്ങനെ, ലോകം മുഴുവൻ അത്ഭുത ശില്പിയായി നീ അറിയപ്പെടും"

ശങ്കുവിന് സന്തോഷമായി. അവൻ തിരികെ വീട്ടിലേക്കു നടന്നു. അതിനിടയിൽ, ഉളി കയ്യിൽ പിടിച്ച് ആഹാരം ആഗ്രഹിച്ചപ്പോൾ അത് മുന്നിൽ നിന്നും എടുക്കാനായി.

വീട്ടിൽ ചെന്ന് ആവശ്യമുള്ള വസ്‌ത്രങ്ങളും വീടും ആഹാരവും ആഭരണവുമെല്ലാം അവൻ ഈ വിദ്യ മൂലം സ്വന്തമാക്കി. അതേസമയം, ഈ രഹസ്യം നാട്ടുകാർ അറിഞ്ഞു. അത് ഉടനെ ദുരാഗ്രഹിയായ രാജാവിൻ്റെ ചെവിയിലുമെത്തി.

രാജാവിന് എങ്ങനെയും ശങ്കുവിൻ്റെ അത്‌ഭുത ഉളി സ്വന്തമാക്കി  ലോകം മുഴുവൻ കീഴടക്കാനുള്ള കൊതി അസഹ്യമായി. പിന്നീട് ശങ്കുവിനെ രഹസ്യമായി തടവറയിൽ ഇടാമെന്ന് കുബുദ്ധി തോന്നി. അങ്ങനെ ശങ്കുവിനെ വിളിപ്പിച്ചപ്പോൾ പേടിയോടെ രാജാവിനു മുന്നിലെത്തി.

ഉടൻ, രാജാവ് കല്പിച്ചു: "നീ സന്തോഷത്തോടെ ഉളി എനിക്കു തരിക. ഞാൻ അതൊന്നു പരീക്ഷിച്ചു നോക്കട്ടെ"

എന്നാൽ, ആ നിമിഷത്തിൽ മറ്റൊരു തരത്തിൽ രാജാവ് ചിന്തിച്ചു പിറുപിറുത്തു: "വിലപിടിച്ചത് ഞാൻ ആഗ്രഹിച്ചാൽ അതിൻ്റെ നേർ പകുതി ഇവനു കൊടുക്കണം. അതിനാൽ, പരീക്ഷണത്തിനായി നിസ്സാരമായ എന്തെങ്കിലും മതിയാകും"

രാജാവ് അങ്ങനെ ചിന്തിച്ച് ഉളി ശങ്കുവിൻ്റെ കയ്യിൽ നിന്നും വാങ്ങി കൊട്ടാരത്തിൻ്റെ വരാന്തയിലെത്തി. അന്നേരം, കൊട്ടാര ഉദ്യാനത്തിലൂടെ ഒരു എലി നടക്കുന്നത് കണ്ടു.

അന്നേരം രാജാവ് ഉളി മുറുകെ പിടിച്ച് ഉച്ചത്തിൽ പറഞ്ഞു: "ഒരു പാമ്പ് പ്രത്യക്ഷപ്പെട്ട് ആ എലിയെ തിന്നട്ടെ"

നിമിഷത്തിനുള്ളിൽ ഒരു വിഷപ്പാമ്പ് രാജാവിൻ്റെ കാൽചുവട്ടിൽ പ്രത്യക്ഷപ്പെട്ടു! അതേസമയം, എലിയെ തിന്നാൻ പാമ്പ് വരുന്നതു നോക്കി നിന്ന രാജാവിൻ്റെ കാൽ, താഴെ കിടന്ന പാമ്പിനെ ചവിട്ടി! അത് ആഞ്ഞു കൊത്തി രാജാവ് കൊല്ലപ്പെട്ടു!

ആശയം: ദുരാഗ്രഹങ്ങളുടെ അവസാനം ദുരന്തമായി മാറുന്നത് സാധാരണമാണ്. ആഗ്രഹങ്ങൾ ദുരാഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമായി മാറരുത്.

Written by Binoy Thomas, Malayalam eBooks: 1252: Folk Tales: 96: PDF:https://drive.google.com/file/d/1C7Rbde6S_6EdEujZ3nbg-KKPCBrLOVO4/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം