(1241) നാടോടിയുടെ വരം!

പണ്ട്, സിൽബാരിപുരം ദേശത്തേക്ക് ഒരു നാടോടി കടന്നുവന്നു. അയാളുടെ യഥാർഥ ദേശം കോസലപുരമായിരുന്നു. പലതരം തൊഴിലുകൾ  ചെയ്യാനുള്ള കഴിവ് അവനുണ്ടെങ്കിലും കൂടുതൽ കാലവും അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു. 

അങ്ങനെ, നാടോടി അയാൾക്കു പറ്റിയ തൊഴിൽ ചെയ്ത്, ശേഷിക്കുന്ന കാലം സിൽബാരിപുരത്ത് ജീവിക്കാമെന്നു തീരുമാനിച്ചു. ഒരു ദിവസം രാവിലെ നടന്നു പോയ പ്രദേശത്ത്, നല്ല പശയുള്ള മണ്ണ് ഉള്ളതായി കണ്ടു.

അയാൾ മൺചട്ടികളും കുടങ്ങളും കൂജയുമൊക്കെ ഉണ്ടാക്കാൻ തുടങ്ങി. എന്നാൽ, വിൽപന കാര്യമായി നടക്കുന്നില്ലായിരുന്നു. കാരണം, അവിടത്തെ ചന്തയിൽ കുറെ കുശവന്മാർ ഉണ്ടായിരുന്നു. എങ്കിലും അയാൾ കൂടുതൽ പാത്രങ്ങൾ ഉണ്ടാക്കി. 

നിരാശനായ നാടോടി കിഴക്കു ദിക്കിലേക്കു നടന്ന് കാട്ടിലെത്തി. കാടിനുള്ളിൽ ദേവീസാന്നിദ്ധ്യം ഉള്ള ഒരു കാവ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അയാൾ ആ കാവിൽ കുറെ ദിവസം തപസ്സു ചെയ്തപ്പോൾ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടു:

"പ്രിയ ഭക്താ, നിൻ്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലും ഭക്തിയിലും ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ എന്തു വരമാണ് നിനക്ക് തരേണ്ടത്?"

നാടോടി പറഞ്ഞു: "ഞാൻ അനേകം മൺപാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും വിറ്റു പോകുന്നില്ല. അതിനാൽ, ഒരിക്കലും പൊട്ടാത്ത മൺപാത്രങ്ങളായി അവയെല്ലാം മാറിയാൽ ആളുകൾക്ക് എൻ്റെ പാത്രങ്ങളിൽ വിശ്വാസമായി കൂടുതൽ കച്ചവടം കിട്ടും"

ദേവി പുഞ്ചിരിയോടെ ചോദിച്ചു: "നീ ചോദിക്കുന്ന ഈ വരം നിനക്ക് നല്ലതായിരിക്കും എന്ന് ഉറപ്പുണ്ടോ?"

നാടോടി ആശങ്കയില്ലാതെ പറഞ്ഞു: "ദേവീ, ഒരിക്കലും പൊട്ടാത്ത മൺപാത്രങ്ങൾ എൻ്റെ കച്ചവടം കൂട്ടും എന്ന് എനിക്ക് ഉറപ്പാണ് "

വരം കൊടുത്ത ശേഷം ദേവി മറഞ്ഞു. അവൻ തിരികെ സന്തോഷത്തോടെ നടന്ന് പാത്രങ്ങളുടെ അടുക്കലെത്തി വിളിച്ചു കൂവി:

"ഒരിക്കലും പൊട്ടാത്ത മൺപാത്രങ്ങളാണ് ഇതെല്ലാം. വാങ്ങി ഉപയോഗിച്ചു നോക്കൂ"

ആദ്യം ഏതാനും ആളുകൾ വാങ്ങി. അവർ മറ്റുള്ളവരോടു പറഞ്ഞു: "അയാൾ ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്നറിയില്ല. പക്ഷേ, അയാൾ പറഞ്ഞത് ശരിയാണ്. താഴെ വീണാലും പൊട്ടാത്ത പാത്രങ്ങളാണ് "

പെട്ടെന്ന്, ചന്തയിലെ കച്ചവടം തകർന്നു. അതെല്ലാം നാടോടിക്കു കിട്ടി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ പാത്രങ്ങൾക്കു വിലപന വീണ്ടും കുറഞ്ഞു വന്നു. ഒടുവിൽ പാത്രങ്ങൾ ആർക്കും വേണ്ടാതായി. അയാൾക്ക് ഒരു സംശയം തോന്നി പിറുപിറുത്തു: "ദേവിയുടെ അനുഗ്രഹത്തിൻ്റെ ശക്തി ക്ഷയിച്ചോ? പാത്രങ്ങൾ പൊട്ടാൻ തുടങ്ങിയിരിക്കും"

നാടോടി പാത്രങ്ങൾ വിൽക്കാനായി തലച്ചുമടായി ഒരു വീട്ടിലെത്തി. അന്നേരം, ആ വീട്ടമ്മ പറഞ്ഞു: "നിൻ്റെ കയ്യിൽ നിന്നും വാങ്ങിയ പാത്രങ്ങൾ ഒന്നും ഇതുവരെ പൊട്ടിയില്ല. പിന്നെ ഞാൻ എന്തിന് ഇനിയും വാങ്ങണം?"

നാടോടി അതുകേട്ട് ഞെട്ടി. അയാൾ പല വീടുകളിലും കയറിയെങ്കിലും അവർക്കും അതേ അഭിപ്രായമായിരുന്നു. അപ്പോഴാണ് ഈ വരം നല്ലതാണോ എന്ന് ദേവി ചോദിച്ചത് അവന് ഓർമ്മ വന്നത്!

ഗുണപാഠം: പ്രാർഥനകളിലും യുക്തി ഉണ്ടായിരിക്കണം. സ്വയം ദോഷമാകുന്ന കാര്യങ്ങൾക്കായി പ്രാർഥിക്കരുത്.

Written by Binoy Thomas, Malayalam eBooks - 1241, Folk tales- 95, PDF -https://drive.google.com/file/d/1ipmH_Pbet7L4VxJ0dGb8BjIcZNYbxmQk/view?usp=drivesdk