(1207) ചാട്ട മൽസരം!
പണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരമായ ഒരു തടാകം ഉണ്ടായിരുന്നു. അവിടെ ഒരു തടാകത്തിനു വേണ്ടിയ സകല ജീവികളും ഉണ്ടായിരുന്നു. മുതലകൾക്ക് ഇഷ്ടം പോലെ മീനുകളും തിന്നാൻ കിട്ടുന്നുണ്ട്.
ഒരു ദിവസം, രണ്ട് തവളകൾ തടാകത്തിൽ ഉന്തിനിൽക്കുന്ന ചെറിയ പാറയിൽ ഇരിക്കുകയായിരുന്നു. അന്നേരം, അവിടെ നീന്തി നടക്കുന്ന ചെറുമീൻ ഒന്നാമത്തെ തവളയെ നോക്കി പറഞ്ഞു - "നീയാണ് ഏറ്റവും നീളത്തിൽ പറന്നു ചാടി വെള്ളത്തിലൂടെ പോകുന്നത്. മറ്റു തവളകൾക്ക് നിൻ്റെ കഴിവില്ല"
ഇതു പറഞ്ഞിട്ട് മീൻ പോയെങ്കിലും രണ്ടാമന് അത് ഇഷ്ടമായില്ല. അവൻ പറഞ്ഞു -"ആ മീൻ പറഞ്ഞത് വെറും വങ്കത്തരമാണ്. എൻ്റെ ചാട്ടം അത് കണ്ടിട്ടില്ല"
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ രണ്ടും വലിയ വഴക്കായി. ഇതെല്ലാം ശ്രദ്ധിച്ച് ഒരു മുതല വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു. മുതല ഈ കാര്യത്തിൽ ഇടപെട്ടു - "നിങ്ങൾ പരസ്പരം വഴക്കിടാതെ മൽസരിച്ച് വിജയി ആരാണെന്ന് തീരുമാനിക്കൂ"
അത് രണ്ട് തവളകൾക്കും സ്വീകാര്യമായി. അവർ ഒരുമിച്ച് പാറപ്പുറത്തു നിന്ന് താഴെ വെള്ളത്തിലേക്ക് ചാടാൻ മുതല പറഞ്ഞു. തവളകൾ പരമാവധി ശക്തിയെടുത്ത് മൽസരബുദ്ധി മാത്രം മനസ്സിൽ ഓർത്ത് ചാടി.
പറന്നു വരുന്ന രണ്ട് തവളകളും വെള്ളത്തിൽ തൊടുന്നതിനു മുൻപ് മുതല വായ മലർക്കെ തുറന്ന് അവരെ സ്വീകരിച്ചു!
അവരെ വിഴുങ്ങിയിട്ട് മുതല പിറുപിറുത്തു -"ഹും! അവന്മാരുടെ ഒരു മൽസരം! ഇനി എൻ്റെ വയറ്റിൽ കിടന്ന് രണ്ടും കൂടി ചാടി മൽസരിക്കട്ടെ!"
ആശയം: പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ഇതു പോലെ മനുഷ്യരും ചാടി മൽസരിക്കാറുണ്ട്. പലപ്പോഴും നാശമാവും ഫലം!
Written by Binoy Thomas, Malayalam eBooks-1207-folk tales - 78, PDF-https://drive.google.com/file/d/1bQPCIyKSE9hviP7rwk3XJxuzlr_qoG_r/view?usp=drivesdk
Comments