(1214) കരടിയും കുറുക്കനും!
പണ്ട്, സിൽബാരിപുരം കാട്ടിൽ മൃഗങ്ങൾ അനേകമായിരുന്നു. അവിടെ, ഒരു കരടിയുടെ ചങ്ങാതിയായി കുറുക്കൻ കൂടെ നടന്നിരുന്ന കാലം.
സാധാരണയായി അവർക്ക് ആഹാരം കിട്ടുമ്പോൾ ചിലത് പങ്കിടാറുണ്ട്. ഒരിക്കൽ, വലിയ മരത്തിൽ തമ്പടിച്ചിരുന്ന പെരുംതേനീച്ചകളെ കണ്ട് കരടി ആ മരത്തിൻ്റെ മുകളിലെത്തി. തേനടകളുമായി താഴെ എത്തിയ കരടിയുടെ പിറകേ കുറുക്കൻ ചെന്നു.
"എനിക്ക് വല്ലാതെ കൊതി തോന്നുന്നു. തേനടയുടെ ഒരു പങ്ക് എനിക്കും വേണം"
യാതൊരു മടിയും കൂടാതെ കരടി കുറുക്കന് തേനട മുറിച്ചു കൊടുത്തു. കുറുക്കൻ സന്തോഷത്തോടെ അതുമായി പോയി.
മറ്റൊരു ദിവസം, കരടിക്ക് യാതൊന്നും കാര്യമായി തിന്നാൻ കിട്ടാതെ തീറ്റി തപ്പി നടക്കുന്ന സമയത്ത് നല്ല മുയലിറച്ചിയുടെ ചോരമണം മൂക്കിൽ തുളച്ചുകയറി.
കരടി മണം പിടിച്ച് കുറച്ചു ദൂരം നടന്നപ്പോൾ ചെന്നു നിന്നത് കുറുക്കൻ്റെ വാസസ്ഥലമായ പാറയിടുക്കിലാണ്.
"ഹാവൂ! രക്ഷപെട്ടു. മുയലിറച്ചിയുടെ പങ്ക് എനിക്ക് കിട്ടുമല്ലോ!"
പക്ഷേ, ഇതിനകം തന്നെ കുറുക്കൻ, കരടി വരുന്നതു കണ്ടതിനാൽ മുയലിറച്ചി അകത്ത് ഒളിച്ചു വച്ചിട്ട് ഒന്നും അറിയാത്ത പോലെ രക്തക്കറയുള്ള മുഖവും കയ്യും മിനുക്കി പാറയിടുക്കിൽ നിന്നും വെളിയിൽ വന്നു.
കരടി പറഞ്ഞു -"എടാ, എനിക്ക് വല്ലാതെ വിശക്കുന്നു. നിനക്കു കിട്ടിയ മുയലിറച്ചി കുറച്ച് എനിക്കും തരണം"
ഉടൻ, കുറുക്കൻ പൊട്ടിച്ചിരിച്ചു - "മുയലിറച്ചിയോ? ഞാൻ ഒരു മുയലിനെ തിന്ന കാലം തന്നെ മറന്നു പോയി. അല്ലെങ്കിലും ഈ കാട്ടിൽ മുയലുകൾ കുറവാണ്. പിന്നെ എങ്ങനെ കിട്ടാനാണ്? മാത്രമല്ല, ഞാൻ രണ്ടു ദിവസമായി പട്ടിണിയിലാണ്"
കരടി നിരാശയോടെ തിരിഞ്ഞു നടക്കുന്നതിനിടയിൽ പിറുപിറുത്തു - "മണം പിടിക്കാൻ ഒരു കരടിക്കുള്ള കഴിവ് അവൻ മറന്നെന്നു തോന്നുന്നു. ഇറച്ചി ഒളിച്ചു വച്ച് എന്നെ പറ്റിച്ച അവനെ ഒരു പാഠം പഠിപ്പിക്കണം"
പിന്നെ, കരടി വലിയ കടന്നൽ കൂട് തപ്പി നടന്നു. ഒടുവിൽ, ഒരു മരപ്പോടിനുള്ളിലെ കൂട് അനക്കം തട്ടാതെ ഇളക്കിയെടുത്ത് തിരികെ കുറുക്കൻ്റെ മാളത്തിലെത്തി.
"പ്രിയ സ്നേഹിതാ, നിൻ്റെ പട്ടിണി മാറ്റാൻ ഒന്നാന്തരം തേൻ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. ആരും കാണാതെ ഗുഹയിൽ ഇരുന്ന് കഴിച്ചോളൂ!"
വലിയ സന്തോഷത്തോടെ ഇരുണ്ട ഗുഹയിലേക്കു കയറി ആർത്തിയോടെ മരപ്പോടിലേക്ക് ശക്തിയായി കയ്യിട്ടു. ഉടൻ, കടന്നലുകൾ കൂട്ടത്തോടെ കുത്തിയപ്പോൾ കുറുക്കൻ അലറിക്കരഞ്ഞ് ദൂരെ ദിക്കിലേക്ക് ഓടിപ്പോയി!
ഇതുകണ്ട്, കരടി അട്ടഹസിച്ചു. ഒരിക്കലും ആ പ്രദേശത്തേക്ക് കുറുക്കൻ പിന്നെ വന്നിട്ടില്ല.
Written by Binoy Thomas, Malayalam eBooks- 1214- folk tales - 83, PDF-https://drive.google.com/file/d/1gFVqVvj3Rb5MbMb7-tnOb3dhC7Ji0ktz/view?usp=drivesdk
Comments