(1216) അമിത വിശ്വാസം!

 പണ്ടുകാലത്ത്, സിൽബാരിപുരം അയൽരാജ്യമായ കോസലപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശമാകെ കാടായിരുന്നു. അതിനുള്ളിൽ ധാരാളം മൃഗങ്ങളുമുണ്ട്.

ഒരിക്കൽ, കുറുക്കൻ തീറ്റ തേടി നടക്കുമ്പോൾ യാതൊന്നും കിട്ടിയില്ല. നിരാശനായി ഒരിടത്ത് വിശ്രമിക്കുമ്പോൾ അവിടെ ഒരു കഴുത വിശ്രമിക്കുന്നതു കണ്ടു. കടുത്ത വേനൽക്കാലമാകയാൽ കഴുതയും ആഹാരത്തിനായി ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ക്രമേണ കുറുക്കനും കഴുതയും ചങ്ങാതികളായി മാറി. കുറുക്കൻ പറഞ്ഞു -"കടുവയും സിംഹവും പുലിയുമൊക്കെ വേട്ടയാടി മൃഗങ്ങളുടെ എണ്ണം ഇവിടെ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, എനിക്കു ലഭിക്കേണ്ട ചെറു മൃഗങ്ങളെല്ലാം ഒളിവിലാണ്. അതുകൊണ്ട് നാട്ടിലിറങ്ങി മനുഷ്യർ വളർത്തുന്ന കോഴിയെ പിടിക്കാൻ ഞാൻ പോകുകയാണ് "

കഴുത അതിനോടു യോജിച്ചു - "എന്നാൽ, ഞാനും നിൻ്റെ കൂടെ വരുന്നു. അവിടെ മനുഷ്യരുടെ കൃഷിയിടങ്ങൾ ധാരാളമുണ്ട് "

അവർ രണ്ടുപേരും കൂടി നാടിനെ ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നപ്പോൾ കിളികളും കുരങ്ങന്മാരും കുറുക്കനെ പരിഹസിച്ചു - "എടാ, കുറുക്കാ, നീ ബുദ്ധിമാനല്ലേ? മണ്ടനായ ഒരു കഴുതയെ ചങ്ങാതിയാക്കി എന്തിനു നടക്കണം? അവൻ്റെ മണ്ടത്തരം നിന്നെ കുഴപ്പത്തിലാക്കും"

കുറുക്കൻ അത് നിസ്സാരമായി തള്ളി - "അവൻ്റെ മണ്ടത്തരങ്ങളെ മറികടക്കുന്ന ബുദ്ധി എനിക്കുണ്ട്"

അങ്ങനെ അവർ രാത്രിയിൽ നാട്ടിലെത്തി. ആദ്യം കണ്ട പ്രദേശമാകെ പച്ചക്കറി കൃഷികളായിരുന്നു. ഉടൻ, കഴുത പറഞ്ഞു -"ആദ്യം എൻ്റെ തീറ്റി കഴിഞ്ഞിട്ട് നിൻ്റെ കോഴിയെ പിടിക്കാൻ പോകാം"

കഴുത വിളഞ്ഞു പാകമായ പച്ചക്കറികൾ അതിവേഗം തിന്നു തുടങ്ങി. ശ്വാസം വിടാൻ പോലും പറ്റാത്ത വിധത്തിൽ പരമാവധി കഴുത തിന്നു കഴിഞ്ഞിരുന്നു.

സന്തോഷത്തോടെ കഴുത പറഞ്ഞു - "ഇന്ന്, എൻ്റെ സന്തോഷ ദിവസമാണ്. കുറെ വർഷങ്ങൾക്കു ശേഷമാണ് ഇതു പോലത്തെ സദ്യ എനിക്കു കിട്ടുന്നത്. അതു കൊണ്ട് ഞാൻ പാട്ടുപാടി നൃത്തം ചെയ്യാൻ പോകുകയാണ് "

അന്നേരം, കുറുക്കൻ പറഞ്ഞു -"ഇത് നമ്മുടെ കാടല്ല, മനുഷ്യരുടെ നാടാണ്. ഞാൻ കോഴിയെ പിടിച്ചിട്ട് വേണമെങ്കിൽ പാട്ടു പാടിക്കോളൂ"

പക്ഷേ, മണ്ടനായ കഴുത അതൊന്നും വിലവച്ചില്ല. കഴുത സന്തോഷത്തോടെ അമറി ഒച്ചയെടുത്തു കൊണ്ട് തുള്ളി! അതുകേട്ട് നാട്ടുകാർ ഉണർന്നു. അവർ ഓടിയടുത്തപ്പോൾ കുറുക്കൻ ദേഷ്യത്തോടെ ഓടി - "ഹോ! ഈ കഴുതയെ കൂടെ കൂട്ടാൻ പാടില്ലെന്ന് മറ്റുള്ളവർ പറഞ്ഞത് ഞാൻ കേട്ടില്ല"

എന്നാൽ, കഴുത ഓടാൻ തുടങ്ങിയപ്പോൾ വയർ നിറഞ്ഞിരുന്നതിനാൽ ഒട്ടും വേഗം കിട്ടിയില്ല. നാട്ടുകാർ വടിയെറിഞ്ഞ് കഴുതയെ വീഴ്ത്തി. എന്നിട്ട്, നന്നായി തലങ്ങും വിലങ്ങും തല്ലിയപ്പോൾ അതിൻ്റെ ജീവൻ പോയി!

ആശയം: മണ്ടരായ ആളുകളുടെ സാമീപ്യം ചിലപ്പോൾ പ്രശ്നങ്ങളിൽ ചാടിക്കാൻ സാധ്യതയുണ്ട്.

Written by Binoy Thomas, Malayalam eBooks- 1216- നാടോടിക്കഥകൾ - 85, PDF -https://drive.google.com/file/d/1cMMasCjDRIYq2bg4rJvn8mCv3IQ-Li-k/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories