(1217) വിവേക ശൂന്യത!
ഒരു കാലത്ത്, സിൽബാരിപുരം രാജ്യമെങ്ങും കാടായിരുന്നു. അതിനുള്ളിലേക്ക് കോസലപുരത്തുനിന്നും ചില വേട്ടക്കാർ എത്താറുണ്ട്. ഒരിക്കൽ, വാറുണ്ണി എന്നു പേരുള്ള ഒരു വേട്ടക്കാരൻ മൃഗങ്ങളെ പിടിക്കാൻ അരയിൽ കത്തിയും വലയും മറ്റു ചില സാധനങ്ങളുമായി ആ കാട്ടിലെത്തി.
മാനുകളെ വേട്ടയാടാൻ പോയെങ്കിലും അവറ്റകളെ കുടുക്കാൻ പറ്റിയില്ല. കുറെ നടന്ന് ക്ഷീണിച്ചപ്പോൾ ഒരു മരത്തണലിൽ ഇരുന്നു. ക്രമേണ ഉറങ്ങിപ്പോയി. എന്നാൽ, ശക്തമായ കാറ്റടിച്ചപ്പോൾ അയാൾക്കു തണൽ കൊടുത്തിരുന്ന ഉണങ്ങിയ ഇലകൾ പറന്നു പോയി.
അപ്പോൾ അവൻ്റെ മുഖത്ത് വെയിലടിച്ചെങ്കിലും വാറുണ്ണി ഉറക്കത്തിൽ അത് അറിഞ്ഞില്ല. അതേ സമയം, ഒരു വലിയ ചിറകുള്ള പക്ഷി ആ മരത്തിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
ആ പക്ഷി വിചാരിച്ചു - "എൻ്റെ വലിയ ചിറക് ഒന്നു വിരിച്ച് ഇരുന്നാൽ അയാളുടെ മുഖത്ത് വെയിൽ അടിക്കാതെ ഉറക്കത്തിന് തടസ്സമാകില്ല"
അങ്ങനെ, പക്ഷി ചിറക് വിരിച്ച് ശിഖരത്തിൽ ഇരുന്നു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ ഒരു ചെറിയ പക്ഷി അവിടെ മരത്തിൽ വന്നിരുന്ന് പുറമേ മുള്ളുകൾ നിറഞ്ഞ ഒരു പഴത്തിൻ്റെ തൊണ്ട് പൊളിക്കാൻ തുടങ്ങി. താഴെ വീഴുന്ന അതിൽ ഒരെണ്ണം കൃത്യമായി വാറുണ്ണിയുടെ മുഖത്ത് പതിച്ചപ്പോൾ മുള്ള് കുത്തിക്കയറി! അയാൾ അലർച്ചയോടെ ഞെട്ടിയെണീറ്റു!
ആ നിമിഷത്തിൽ പക്ഷി പേടിയോടെ പഴവുമായി എങ്ങോ പറന്നുപോയി. വാറുണ്ണി മുകളിലേക്കു നോക്കിയപ്പോൾ കണ്ടത് ചിറകു വിരിച്ച വലിയ പക്ഷിയെ ആയിരുന്നു.
അയാൾ കയ്യിൽ കിട്ടിയ ഒരു മരക്കൊമ്പ് മുകളിലേക്കു കറക്കി എറിഞ്ഞു! ആ പാവം പക്ഷി ബോധം കെട്ട് താഴെ വീണു! വാറുണ്ണി അതിനെ ആഹാരമാക്കാനായി അതുമായി പോകുകയും ചെയ്തു!
ആശയം: കേവലം, ഒരു പക്ഷി മനുഷ്യന് ഉപകാരം ചെയ്യാൻ ശ്രമിച്ചതുപോലെ ഇടിച്ചുകയറി ഉപകാരം ചെയ്യാൻ പോകരുത്. മാത്രമല്ല, പെട്ടെന്നുള്ള പ്രതികരണം മിക്കവാറും വിവേക ശൂന്യമാകാം!
Written by Binoy Thomas, Malayalam eBooks- 1217-folk tales - 86, PDF -https://drive.google.com/file/d/1HjvewvaHj0qLZqEQ59JXRuNhoA3zgeME/view?usp=drivesdk
Comments