(1212) മന്ത്രിപദം!
പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചു വന്നിരുന്നത് വിക്രമൻരാജാവായിരുന്നു. ഖജനാവ് കൈകാര്യം ചെയ്തു വന്നിരുന്ന മന്ത്രിയെ ധൂർത്ത് കാരണം രാജാവ് പിരിച്ചു വിട്ടു.
അതിനു പകരമായി ഒരു എഴുത്തു പരീക്ഷയിലൂടെ മികച്ച അഞ്ച് ആളുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. എങ്കിലും, ഇവരിൽ മിടുക്കനായ ഒരാളെ തെരഞ്ഞെടുക്കുന്നത് രാജാവിന് വലിയ വെല്ലുവിളിയായി തോന്നി.
അറിവിൻ്റെ കാര്യത്തിൽ ഏകദേശം ഒരുപോലെ തോന്നിയതിനാൽ വേറെ ഏതെങ്കിലും സൂത്രം പ്രയോഗിച്ചാൽ മാത്രമേ ഇവരെ തരം തിരിക്കാൻ പറ്റൂ എന്ന് രാജാവിന് അറിയാമായിരുന്നു.
അദ്ദേഹം അതിനൊരു വഴി കണ്ടെത്തി. അവർ അഞ്ചു പേരെ വിളിച്ച് അഞ്ച് മുറികളിൽ ഒരു ദിവസം താമസിക്കാൻ രാജാവ് ക്ഷണിച്ചു.
എന്നിട്ട് രാജാവ് പറഞ്ഞു -"നിങ്ങൾ ഇപ്പോൾ താമസിക്കുന്ന കൊട്ടാരമുറി മന്ത്രിയായാൽ നിങ്ങളുടെ മന്ത്രിമുറി ആയിരിക്കും. അതിനാൽ, ഇനിയുള്ള ഏതാനും മണിക്കൂറുകൾ പ്രൗഢിക്കു ചേർന്ന വിധത്തിൽ മുറികൾ സജ്ജീകരിക്കാവുന്നതാണ്. ഇഷ്ടമുള്ളത് കൊട്ടാരത്തിലെ സാധനങ്ങൾ സൂക്ഷിക്കുന്ന പണിശാലയിൽ നിന്നും എടുക്കാം"
അവർ പലരും പിറുപിറുത്തു - "എൻ്റെ കലാവാസന തെളിയിക്കണം"
"ഞാൻ ഈ മുറിയെ സംഗീതാത്മകമാക്കും"
"എൻ്റെ സർഗ്ഗവാസന കണ്ട് രാജാവ് ഞെട്ടണം"
"ഇവിടെ മനോഹരമായ ചിത്രങ്ങൾ നിറയ്ക്കണം'
അങ്ങനെ ഓരോന്ന് ചിന്തിച്ച് അവർ സാധനങ്ങൾ മുറിയിൽ ക്രമീകരിക്കുന്ന തിരക്കിലായി പിന്നീട്.
അതിനു ശേഷം രാജാവ് ഓരോ മുറിയിലും സന്ദർശിച്ചു. ഒടുവിൽ, അഞ്ചാമൻ്റെ മുറിയിൽ കയറിയപ്പോൾ അവിടെ പുതിയതായി ഒന്നും കണ്ടില്ല!
രാജാവ് കോപിച്ചു- "നിനക്ക് ഞാൻ അവസരം തന്നിട്ടും നീ എന്താണ് യാതൊന്നും കൊട്ടാര ശാലയിൽ നിന്നും എടുക്കാത്തത്?"
അവൻ വിനയത്തോടെ പറഞ്ഞു -"രാജാവേ, എൻ്റെ ശൈലിയിൽ ചെലവുകൾ വളരെ കുറവാണ്. ധൂർത്ത് ഒട്ടുമില്ല. ഈ മുറിയിൽ ഒരു മന്ത്രിക്കു വേണ്ടതെല്ലാം ഇപ്പോൾത്തന്നെ ഇവിടെ യുണ്ട് "
രാജാവ് ഉടൻ കൽപ്പിച്ചു - "ധൂർത്ത് ഒട്ടും ഇല്ലാത്ത ഒരാളെ ഖജനാവ് ഏൽപ്പിച്ചാൽ മാത്രമേ രാജ്യത്തിന് ഗുണമാകൂ. നീ നാളെ ഖജനാവ് കാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക!"
ആശയം: ചെലവു ചുരുക്കി ആവശ്യമായ സൗകര്യങ്ങളോടെ ജീവിക്കുന്നത് ഒരു ജീവിത കലയാണ്. അത് അറിയാത്തവർ ധൂർത്തിലൂടെയും അത്യാഢംബരത്തിലൂടെയും കടക്കെണിയിലാകാം!
Written By Binoy Thomas, Malayalam eBooks-1212- folk tales-81, PDF-https://drive.google.com/file/d/1uPxLQ2Ka-D5qHeMkasNFcmUtRAU4HqEF/view?usp=drivesdk